2023 സെപ്റ്റംബർ 9, 10 തീയതികളിൽ ബെൽജിയത്തിലെ ഓസ്റ്റൻഡ് നഗരത്തിൽ നടന്ന ഐക്യദാർഢ്യത്തിന്റെ മഹോത്സവമായ മാനിഫെസ്റ്റയിൽ 15,000ത്തോളം പേരാണ് പങ്കെടുത്തത്. ബെൽജിയത്തിലെ ഇടതുപക്ഷ ശക്തികൾ യഥാർത്ഥത്തിൽ ഒരു പുതിയ രാഷ്ട്രീയ വർഷത്തിന് തുടക്കംകുറിക്കുകയായിരുന്നു. 2010 ൽ ആദ്യമായി മാനിഫെസ്റ്റ നടത്തിയതുമുതലിങ്ങോട്ട് ഇക്കാലയളവിനിടയിലെ ഏറ്റവും വലിയ പങ്കാളിത്തമായിരുന്നു ഇത്തവണത്തേത്. ആരോഗ്യപ്രവർത്തകരുടെ തൊഴിലിടങ്ങളിലെ അവകാശങ്ങളും കാലാവസ്ഥ പ്രതിസന്ധിയും ആയിരുന്നു പരിപാടിയിലെ മുഖ്യ വിഷയങ്ങളെങ്കിലും ഫെമിനിസം, സാമ്രാജ്യത്വവിരുദ്ധത, സമാധാനം, പലസ്തീൻ ജനതയുടെ പോരാട്ടത്തോടും ക്യൂബൻ വിപ്ലവത്തോടും ഐക്യദാർഢ്യം തുടങ്ങിയ അനവധി വിഷയങ്ങൾക്ക് മാനിഫെസ്റ്റ പ്രാമുഖ്യം നൽകുകയും ചർച്ചചെയ്യുകയും ചെയ്തു.
മെഡിക്‌സ് ഫോർ ദി പീപ്പിൾ, യുവജന കൂട്ടായ്മയായ റെഡ് ഫോക്സ്, വർക്കേഴ്സ് പാർട്ടി ഓഫ് ബെൽജിയത്തിന്റെ മുഖപ്രസിദ്ധീകരണമായ സോളിഡയർ അടക്കമുള്ള നിരവധി ഇടതുപക്ഷ സംഘടനകളുടെ പിന്തുണയോടുകൂടിയാണ് ഈ ഐക്യദാർഢ്യ മഹോത്സവം സംഘടിപ്പിച്ചത്. എന്തുതന്നെയായാലും ഉത്സവത്തിന്റെ തയ്യാറെടുപ്പുകളുടെ വിവിധ ഘട്ടങ്ങളിൽ അതിനുവേണ്ടി അഹോരാത്രം പണിയെടുത്ത ആയിരക്കണക്കിന് വോളണ്ടിയർമാരുടെ സന്നദ്ധസേവനം ഇല്ലായിരുന്നുവെങ്കിൽ മഹോത്സവം നടത്തുവാൻ സാധിക്കുകയില്ലായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലത്തോളം മാനിഫെസ്റ്റ നടപ്പാക്കുന്നതിനു വേണ്ടി 300 ഓളം ആളുകൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
യൂറോപ്പിലെ സാർവദേശീയ ഐക്യദാർഢ്യത്തിന്റെ അടയാളമായി മാനിഫെസ്റ്റ നിലകൊള്ളുന്നു. വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, പാർപ്പിടസൗകര്യം തുടങ്ങിയ തൊഴിലാളിവർഗ്ഗ ഡിമാൻഡുകളോടെല്ലാം യൂറോപ്യൻ യൂണിയൻ നിഷ്ക്രിയമായി നിലകൊള്ളുകയും അതേസമയം ആയുധങ്ങളിലും കോർപ്പറേറ്റ് താൽപര്യങ്ങളിലും ഊന്നുകയും ചെയ്യുന്ന ഘട്ടത്തിൽ ഓസ്റ്റൻഡിൽ നടന്ന മാനിഫെസ്റ്റ യൂറോപ്പിലെ തൊഴിലാളിവർഗ്ഗ ഐക്യത്തിന്റെ പുതിയ മുഖമാകും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വർക്കേഴ്സ് പാർട്ടി ഓഫ് ബെൽജിയത്തിന്റെ മുഖപ്രസിദ്ധീകരണമായ സോളിഡയറിനു നൽകിയ അഭിമുഖത്തിൽ പലസ്തീൻ ആക്ടിവിസ്റ്റായ സലാഹ് ഹമൗറി പറഞ്ഞത് പോരാട്ടത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സുപ്രധാന സംഭവങ്ങളെക്കുറിച്ച് സംവദിക്കുന്നതിന് ജനങ്ങൾക്ക് അവസരമൊരുക്കുന്ന ആവേശഭരിതവും സന്തോഷജനകവുമായ ഇടമാണ് മാനിഫെസ്റ്റ ഉത്സവം എന്നാണ്. കുടുംബങ്ങളും തൊഴിലാളികളും ആക്ടിവിസ്റ്റുകളും എല്ലാവരും അടങ്ങിയ മാനിഫെസ്റ്റയുടെ കൂടാരങ്ങൾ രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ സമ്മിശ്ര വേദികളായി മാറി. കുട്ടികൾക്കായി ഒരുക്കിയ PioFiesta, രക്ഷിതാക്കളെ കുഞ്ഞുങ്ങളെ ഒപ്പം കൊണ്ടുവരുവാൻ പ്രോത്സാഹിപ്പിച്ചു. ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവായ ജെറമി കോർബിൻ ഈ മഹോത്സവത്തിൽ പങ്കെടുക്കുകയും തൊഴിലാളികളെക്കുറിച്ചും കാലാവസ്ഥ പോരാട്ടങ്ങളെകുറിച്ചും സംസാരിക്കുകയും വിവിധ ഭാഷകളിൽ ഇന്റർനാഷണൽ ഗാനമാലപിക്കുകയും ചെയ്തു.
മീയിറ്ററും എക്സലെ റെഡ് ഉം സംഘടിപ്പിച്ച സംഗീത സദസ്സുകൾ സായാഹ്നങ്ങളെ ജനനിബിഡവും ആവേശഭരിതവുമാക്കിതീർത്തു. വ്യത്യസ്തമായ ഒരു സമൂഹം നിർമ്മിക്കുന്നതിനു വേണ്ടി ഒന്നിച്ചണിനിരക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത ഹെഡബൗ (Hedebouw) അത്തരം ഒരു സമൂഹം സാധ്യമല്ലെന്ന് പറയുന്നവരുടെ വിഡ്ഢിത്തങ്ങളെ പാടെ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. സമത്വസുന്ദരമായ നാളെയുടെ പുതിയൊരു ലോകം സ്വപ്നം കാണുന്ന ജനങ്ങളെ ഒന്നിച്ചണിനിരത്തിക്കൊണ്ട് ഐക്യദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും ആവേശം അവരിൽ ഉണർത്താൻ മാനിഫെസ്റ്റ 2023 ന് കഴിഞ്ഞു എന്നതിൽ തർക്കമില്ല. തീർച്ചയായും ബെൽജിയത്തിന്റെതന്നെ രാഷ്ട്രീയ അന്തരീക്ഷങ്ങളിൽ ഈ മഹോത്സവം സൃഷ്ടിക്കുന്ന സ്വാധീനം വളരെ വലുതായിരിക്കുമെന്ന് ഇടതുപക്ഷ രാഷ്ട്രീയ നേതാക്കൾ പറയുന്നു. ♦