Sunday, September 8, 2024

ad

Homeകവര്‍സ്റ്റോറിജ്ഞാന്‍വാപി: 
ആദ്യം കോടതി, 
ഒടുവില്‍ ‘പ്ലാന്‍ ബി’?

ജ്ഞാന്‍വാപി: 
ആദ്യം കോടതി, 
ഒടുവില്‍ ‘പ്ലാന്‍ ബി’?

എ എം ഷിനാസ്

ര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജ്ഞാന്‍വാപി പള്ളിയില്‍ പരിശോധന ആരംഭിക്കുകയും അവിടെ വിശ്വാസികള്‍ വുളു (ആചാരപരമായ ശുദ്ധീകരണം) നടത്തുന്ന ജലസംഭരണിയില്‍നിന്ന് മിന്നല്‍വേഗത്തില്‍ ‘ശിവലിംഗം’ കണ്ടെത്തുകയും ചെയ്തപ്പോള്‍ പ്രശസ്ത ചരിത്രകാരനായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് ഒരു ഇംഗ്ലീഷ് ചാനലിന് അഭിമുഖം കൊടുത്തിരുന്നു. അത് ശിവലിംഗം അല്ലെന്നും ജലസംഭരണിക്കുള്ളിലെ ഫൗണ്ടന്‍ ആണെന്നുമാണ് പള്ളി അധികൃതര്‍ പറയുന്നത്. ഇര്‍ഫാന്‍ ഹബീബ് പറഞ്ഞ പ്രസക്തമായ വസ്തുതകള്‍ ഇങ്ങനെ സംക്ഷേപിക്കാം:

‘‘ഔറംഗസേബ് ചില ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട് എന്നത് ശരിയാണ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതും രേഖകളില്‍ ഉള്ളതുമാണ്. ഏതാണ്ട് മൂന്നര നൂറ്റാണ്ട് മുമ്പ് നടന്ന അത്തരം സംഭവങ്ങളെ മുന്‍നിര്‍ത്തി ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് അതേ കൃത്യനിര്‍വഹണത്തിനാണോ ? ഹിന്ദുത്വവാദികള്‍ ഇപ്പോള്‍ അവകാശപ്പെടുന്നതുപോലെ ജ്ഞാന്‍വാപി കെട്ടിടം ഒരിക്കലും ശിവജിയുടെ ക്ഷേത്രമായിരുന്നില്ല. തങ്ങള്‍ക്ക് എല്ലാ ദിവസവും പള്ളിവളപ്പിനുള്ളില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ചു ഹിന്ദുസ്ത്രീകളാണ് ഹർജി സമര്‍പ്പിച്ചത്. ഈ ഹർജിക്കാര്‍ അവകാശപ്പെട്ടത്, അവിടെ ശൈവ–വൈഷ്ണവ വിഭാഗങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്നാണ്. അങ്ങനെയൊരു കാര്യം സംഭവ്യമല്ല. അവരുടെ പെറ്റീഷനില്‍ ശിവലിംഗത്തെപ്പറ്റി ഒരു പരാമര്‍ശവുമില്ല. ശിവലിംഗത്തിന്റെ ‘കണ്ടുപിടുത്ത’ത്തിനു ശേഷമാണ് ശിവജിയുടെ ക്ഷേത്രമാണെന്ന അവകാശവാദം ഉയര്‍ന്നുവന്നത്.’’

‘‘പള്ളിവളപ്പില്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട കൊത്തുപണികളും പ്രതിപാദ്യവുമുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. എനിക്ക് അതേപ്പറ്റി അറിയില്ല. ശരിയോ തെറ്റോ ആയിരിക്കാം. പക്ഷേ, ഒരു കാര്യം നാം ഓര്‍ക്കണം. എപ്പോഴൊക്കെ ഒരു ഹിന്ദുക്ഷേത്രമോ പള്ളിയോ പൊളിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്താല്‍ നമുക്കവിടെ ബുദ്ധവിഹാരങ്ങളുടെ ശേഷിപ്പുകളും അവശിഷ്ടവും ലഭിക്കും എന്ന പരമാര്‍ഥമാണത്. ഏത് മതവിഭാഗത്തിന്റെയും ആരാധനാലയം പുതുക്കിപ്പണിയുകയോ പുതുതായൊന്ന് നിര്‍മിക്കുകയോ ചെയ്യുമ്പോള്‍ സ്ഥലത്ത് ലഭ്യമായതും പ്രവര്‍ത്തനം നിലച്ചതുമായ കെട്ടിടങ്ങളുടെ കല്ലുകളും മറ്റും ഉപയോഗിക്കുക സ്വാഭാവികമാണ്. അത്തരം ആരാധനാലയങ്ങള്‍ തങ്ങളുടെതാണെന്ന അവകാശവാദം ഉന്നയിച്ച് ബുദ്ധമതക്കാര്‍ക്ക് രംഗത്തുവരാം. ഇത്തരം കണ്ടെത്തല്‍ ആധാരമാക്കി നിലവിലുള്ള ക്ഷേത്രമോ പള്ളിയോ പൊളിച്ചുകളയുന്നത് പരിഹാസ്യവും വങ്കത്തവുമാണ്. 1991 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആരാധനാലയ നിയമത്തിന്റെ ലംഘനമാണത്.’’ (1947 ആഗസ്ത് 15 ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിര്‍ത്തുന്നതിനും ഏതെങ്കിലും ആരാധനാലയത്തിന്റെ മതസ്വഭാവവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മാറ്റുന്നത് നിരോധിക്കുന്നതിനുമുള്ള നിയമം).

ഇര്‍ഫാന്‍ ഹബീബ് തുടരുന്നു : ‘‘സുപ്രീംകോടതി അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലമുള്‍പ്പെടെ ഹിന്ദുത്വവാദികള്‍ക്ക് വിട്ടുകൊടുത്തു. കോടതി ബാബ്റി മസ്ജിദ് കേസില്‍ വിധിന്യായം പുറപ്പെടുവിച്ചപ്പോള്‍ ഒരു പുതിയ പരിപ്രേക്ഷ്യം സൃഷ്ടിക്കുകയായിരുന്നു. മുസ്ലിങ്ങളുടെ വീക്ഷണകോണ്‍ കണക്കിലെടുത്തതേയില്ല. ബാബ്റി മസ്ജിദ് കേസില്‍ സംഭവിച്ചതുപോലെ കാര്യങ്ങള്‍ ചുരുളഴിയാനുള്ള സാധ്യതയാണ് കാണുന്നത്.’’

‘‘രാജസ്താനിലെ ചിറ്റോര്‍ കോട്ടയുടെ പരിസരത്ത് റാണ കുംഭ പണികഴിപ്പിച്ച വിജയസ്തംഭമെന്നറിയപ്പെടുന്ന ഒമ്പത് നിലയുള്ള ഒരു വലിയ ഗോപുരമുണ്ട്. അതിന്റെ ഏറ്റവും മുകളില്‍ അറബി ഭാഷയില്‍ ‘അള്ളാഹ്’ എന്ന വാക്ക് രണ്ടു പ്രാവശ്യം ഒരു കല്ലില്‍ ആലേഖനം ചെയ്തതു കാണാം. സ്തംഭത്തിന്റെ കീഴ്ഭാഗത്ത് ഹൈന്ദവദൈവങ്ങളുടെ ശില്പങ്ങളും കാണാം. അള്ളാഹ് എന്ന പദം ഈ ഗോപുരത്തിലുള്ളതുകൊണ്ട് മുസ്ലിങ്ങള്‍ അത് തങ്ങളുടെതാണെന്ന് അവകാശപ്പെടുന്നതും വിഡ്ഢിത്തമാണ്.’’

ജ്ഞാന്‍വാപി പള്ളി സര്‍വേയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് അവകാശവാദങ്ങളുടെ പെരുമഴതന്നെ സൃഷ്ടിക്കാം; അത്തരം പരാതികള്‍ കീഴ്-ക്കോടതികളും മേല്‍ക്കോടതികളും ഭാവിഭവിഷ്യത്തുകളെ ഒട്ടുമേ പരിഗണിക്കാതെയും നിലവിലുള്ള ആരാധനാലയനിയമത്തിനുനേരെ കണ്ണടച്ചും സ്വീകരിക്കുകയാണെങ്കില്‍. മുന്‍കാലത്ത് വൈഷ്ണവരുടെ ആരാധനാലയധ്വംസനം നടത്തിയ ശൈവ സെക്റ്റുകളുണ്ട്. ബൗദ്ധരുടെ ചൈത്യഗൃഹങ്ങളും വിഹാരങ്ങളും വൈരനിര്യാതനബുദ്ധിയോടെ ഇടിച്ചുനിരത്തിയ ബ്രാഹ്മണിക ഹിന്ദുയിസത്തിന്റെ പ്രയോക്താക്കളും പ്രണേതാക്കളുമുണ്ട്. ഇന്ത്യാ വിഭജനകാലത്ത് പല മുസ്ലിം പള്ളികളും ക്ഷേത്രങ്ങളോ ഗുരുദ്വാരകളോ ആക്കി മാറ്റിയിട്ടുണ്ട്. ഇവരിലാരെങ്കിലും പഴയ അവസ്ഥ പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് കോടതികളെ സമീപിച്ചാല്‍ എന്താവും സമീപനം ? വിഭജനകാലത്ത് ഹരിയാനയിലെ സോനിപത്തിലെ ജുമാമസ്ജിദ് ദുര്‍ഗാക്ഷേത്രമായി പരിവര്‍ത്തിപ്പിച്ചു. ഈ ക്ഷേത്രത്തില്‍ ഇപ്പോഴും ക്ലാസ്സിക്കല്‍ ഇന്തോ–മുസ്ലിം കുംഭഗോപുരങ്ങളും മിനാരങ്ങളും കാണാം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ഈ ക്ഷേത്രത്തിന്റെ മുന്‍ മതസ്വഭാവം മനസ്സിലാക്കാന്‍ ആരാധനാലയ മാപനമോ ഉല്‍ഖനനമോ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറിന്റെ നൂതന സാങ്കേതികവിദ്യയോ വേണ്ട. വെറുതെ ഒന്നു കണ്ണു തുറന്നു നോക്കിയാല്‍ മതി. ഹരിയാനയിലെ ഫാറൂഖ് നഗറില്‍ 1732 ല്‍ നിര്‍മിച്ച ജുമാമസ്ജിദ് പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥിപ്രവാഹത്തിനിടെ ക്ഷേത്രവും ഗുരുദ്വാരയുമാക്കി മാറ്റി. ഔറംഗബാദില്‍ ഖില്‍ജി ഭരണകാലത്ത് ഉണ്ടാക്കിയ ജുമാമസ്ജിദ് ഭാരത്- മാതാ ക്ഷേത്രവും ഹിസാറിലെ ദാന ഷിയാപള്ളി ഭഗവാന്‍ ദാനേശ്വര്‍ ക്ഷേത്രവുമാണ് ഇപ്പോള്‍.

ഇന്ത്യാ ചരിത്ര പുസ്തകങ്ങളില്‍ കൊളോണിയല്‍ കാലം മുതല്‍ രൂഢമാക്കപ്പെട്ട ഒരു സാമാന്യബോധം, ഇന്തോþമുസ്ലിം രാജഭരണ കാലത്തു മാത്രമാണ് ക്ഷേത്രധ്വംസനവും ക്ഷേത്രക്കവര്‍ച്ചയും നടന്നതെന്നാണ്. ‘ഹിന്ദു’ രാജാക്കന്‍മാര്‍ പരസ്പരം നടത്തിയ ക്ഷേത്രക്കൊള്ളകളുടെയും വിഗ്രഹക്കവര്‍ച്ചകളുടെയും ഘോഷയാത്ര ഏഴാം നൂറ്റാണ്ടു മുതല്‍, വടക്കെ ഇന്ത്യയില്‍ മുസ്ലിം രാജവംശങ്ങള്‍ സുസ്ഥാപിതമാകുന്നതിനു മുമ്പുതന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മധ്യകാലരാഷ്ട്രീയാധികാരത്തിന്റെയും മേല്‍ക്കോയ്മാസമര്‍ഥനത്തിന്റെയും അവിച്ഛിന്ന സ്വഭാവമായിരുന്നു അവ. ഉദാഹരണത്തിന്, പ്രതിഹരന്‍മാരുടെ രാജക്ഷേത്രത്തില്‍ നിന്ന് ചണ്ടേല രാജാവായ യശോവര്‍മന്‍ 10 –ാം നൂറ്റാണ്ടില്‍ കൊള്ളയടിച്ച വിഷ്ണുവിന്റെ സ്വര്‍ണവിഗ്രഹം പ്രതിഷ്ഠിക്കാന്‍ മാത്രമായാണ് ഖജുരാഹോവില്‍ ഈ രാജാവ് ലക്ഷ്മണക്ഷേത്രം നിര്‍മിച്ചത്. ഈ വിഗ്രഹ പുനഃസ്ഥാപനം പഴയ ഭരണാധികാരിയുടെ പരാജയവും പുതിയ രാഷ്ട്രീയ യജമാനന്റെ കോയ്മയും വിളംബരം ചെയ്യുന്ന രാജാധികാര പ്രസ്താവമായിരുന്നു.

642 സി.ഇ യില്‍ പല്ലവ രാജാവ് നരസിംഹവര്‍മന്‍ ഒന്നാമന്‍ ചാലൂക്യ തലസ്ഥാനമായ വാതാപി ആക്രമിച്ചപ്പോഴും ഇതേ ചാലൂക്യന്‍മാര്‍ അര നൂറ്റാണ്ടു കഴിഞ്ഞ് ഉത്തരേന്ത്യയില്‍ പട നയിച്ചപ്പോഴും 8 –ാം നൂറ്റാണ്ടില്‍ ബംഗാള്‍ സൈന്യം ലളിതാദിത്യന്‍ ഭരിച്ചിരുന്ന കാശ്മീര്‍ പ്രദേശത്തെ രാജ്യത്തിലെ രാഷ്ട്രദേവനായിരുന്ന വിഷ്ണുവൈകുണ്ഠ വിഗ്രഹം തകര്‍ത്തപ്പോഴും ഏതാണ്ട് അതേകാലത്ത്പാണ്ഡ്യരാജാവായ ശ്രീമാര ശ്രീവല്ലഭന്‍ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചപ്പോഴും 10 –ാം നൂറ്റാണ്ടില്‍ പ്രതിഹര രാജാവ് ഹിരാംബപാലന്‍ കാംഗ്രയിലെ സാഹി രാജാവിനെ കീഴ്പ്പെടുത്തിയപ്പോഴും 11 –ാം നൂറ്റാണ്ടില്‍ ചോഴരാജാവായ രാജേന്ദ്രന്‍ ഒന്നാമന്‍ തന്റെ രാജ്യത്തിനരികിലും അകലെയുമുള്ള ‘ഹിന്ദു’ രാജ്യങ്ങളെ ആക്രമിച്ചപ്പോഴും ചോഴരാജാവായ രാജാധിരാജ കല്യാണിയിലെ ചാലൂക്യരെ ആക്രമിച്ചപ്പോഴുമെല്ലാം ക്ഷേത്രക്കവര്‍ച്ചയും വിഗ്രഹാപഹരണവും നടന്നിരുന്നു. 11 –ാം നൂറ്റാണ്ടില്‍ കാശ്മീര്‍ ഭരിച്ചിരുന്ന ഹര്‍ഷന്‍ ക്ഷേത്രക്കവര്‍ച്ച വ്യവസ്ഥാപിതമായി നടത്താന്‍ ഉദ്യോഗസ്ഥവൃന്ദത്തെ ത്തന്നെ നിയോഗിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ധാരാളമുണ്ട്.

ഈയൊരു ‘മധ്യകാല മാതൃക’യാണ് പിന്നീടുവന്ന മുസ്ലിം ഭരണാധികാരികളും ഏറിയോ കുറഞ്ഞോ പിന്തുടര്‍ന്നത്. കീഴടക്കിയ രാജ്യങ്ങളിലെ രാജരക്ഷാകര്‍തൃത്വത്തിലോ പരാജയപ്പെടുത്തിയ രാജാക്കന്‍മാരുടെ പ്രബല സഹകാരികളുടെ രക്ഷാധികാരത്തിലുള്ളതോ രാജാധികാരത്തിന് വഴങ്ങാതിരിക്കുന്നവരുടെ സംരക്ഷണത്തിലുള്ളതോ ചെറുത്തുനില്‍പ്പ് നേരിട്ട സൈന്യത്തിന്റെ പ്രതിയോഗിയുടെ അതിര്‍ത്തിപ്രദേശത്തിലുള്ളതോ ആയ ആരാധനാലയങ്ങളാണ് സാമാന്യേന ‘ഹിന്ദു’ രാജാക്കന്‍മാരും ഇന്തോþമുസ്ലിം ഭരണാധികാരികളും ഒരുപോലെ ‘കൈകാര്യം’ ചെയ്തത്. ഇത്തരത്തില്‍ പെടാത്ത മഹാഭൂരിപക്ഷം ആരാധനാലയങ്ങളെയും ഇരുകൂട്ടരും തൊട്ടിട്ടില്ല. മധ്യകാല ഇന്ത്യയിലെ ഇത്തരം ആരാധനാലയങ്ങള്‍ രാഷ്ട്രീയവും സാമൂഹ്യവുമായ സ്വഭാവമുള്ളവയും അതത് രാജ്യത്തിനും രാജാക്കന്‍മാര്‍ക്കും ധാര്‍മിക പരിപാവനത്വം നല്‍കുന്നവയും രാഷ്ട്രീയവും മതവും പരസ്പരം കവിഞ്ഞുകിടന്നിരുന്ന ഇടങ്ങളുമായിരുന്നു. മധ്യകാലത്ത് നടന്നുകൊണ്ടിരുന്ന രാഷ്ട്രീയþസാമൂഹ്യ പരിവര്‍ത്തനപ്രക്രിയയുടെ പശ്ചാത്തലത്തില്‍ വേണം ഇത്തരം സംഭവങ്ങളെ വിശകലനവിധേയമാക്കേണ്ടത്.

ഇപ്പോള്‍ ഹിന്ദുത്വവാദികള്‍ വാരാണസിയിലെ ജ്ഞാന്‍വാപി പള്ളിയുടെയും മഥുരയിലെ ഷാഹി ഇദ്þഗാഹ് പള്ളിയുടെയും കാര്യത്തില്‍ നടത്തുന്നത് കോടതികളെ ഉപയോഗിച്ചുള്ള സൃഗാലതന്ത്രമാണ്. ആദ്യം ഏതാനും വിശ്വാസികളെ മുന്നില്‍ നിര്‍ത്തി കീഴ്-കോടതികളെ സമീപിക്കും. ഉദ്ദിഷ്ടകാര്യം നടക്കുന്നില്ലെങ്കില്‍ മേല്‍കോടതിയെ ആശ്രയിക്കും. ഒടുവില്‍ പരമോന്നത നീതിപീഠത്തെയും. ബാബ്റി മസ്ജിദ് കേസില്‍ സൃഷ്ടിക്കപ്പെട്ട ‘പുതിയ അധ്യായം’ ഇത്തരക്കാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, കോടതികളാകട്ടെ 1991 ലെ ആരാധനാലയ നിയമത്തെ അഗണ്യകോടിയില്‍ തള്ളി കുല്‍സിതലക്ഷ്യം മാത്രമുള്ള ഇത്തരം ഹർജികള്‍ സ്വീകരിക്കുകയും മുന്‍പിന്‍ വിചാരമില്ലാതെ സര്‍വേയ്ക്ക് അനുമതി നല്‍കുകയും ചെയ്യുന്നു. അപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അമ്പരപ്പിക്കുന്ന ചടുലതയോടെ പ്രവര്‍ത്തനനിരതമാകുന്നു. ഫൗണ്ടന്റെ ആകൃതിയിലുള്ള ഘടന രായ്ക്കുരാമാനം ശിവലിംഗമാകുന്നു. വുളു എടുക്കുന്ന ജലസംഭരണി തല്‍ക്ഷണം സീല്‍ ചെയ്ത് കൊട്ടിയടയ്ക്കുന്നു. ഉദ്ദേശിച്ച ചതുരുപായം നടക്കുന്നില്ലെങ്കില്‍ ‘പ്ലാന്‍ ബി’ ഇല്ലാതിരിക്കില്ലല്ലോ. രഥയാത്രയും തുടര്‍ന്നുള്ള മസ്ജിദ് ധ്വംസനവും തന്നെ രണോല്‍സുകമായ ആ പ്ലാന്‍ ബി. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 − 3 =

Most Popular