2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പ്. ചില ദേശീയ മാധ്യമങ്ങളിലടക്കം വന്ന ബിജെപിയുടെ പ്രചാരണ പോസ്റ്ററിനെ ശ്രദ്ധേയമാക്കിയത് അത് നൽകുന്ന സന്ദേശമായിരുന്നു. കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്ന ബുൾഡോസറിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന യോഗി ആദിത്യനാഥിന്റെ ചിത്രമായിരുന്നു ആ പോസ്റ്ററിൽ ഉണ്ടായിരുന്നത്. ‘‘ബുൾഡോസർ നീതി’’ നടപ്പാക്കുന്ന ‘‘ബുൾഡോസർ ബാബ’’ എന്ന പ്രതിച്ഛായയാണ്, അതായത്, പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും കയറിയിറങ്ങാതെ കയ്യോടെ ‘‘നീതി’’ നടപ്പാക്കുന്ന ‘‘കരുത്തുറ്റ നേതാവ്’’ (The strong man) എന്ന പ്രതിച്ഛായ.
ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ യോഗി പറഞ്ഞ വാക്കുകൾ അതിലും ശ്രദ്ധേയം– ‘‘സ്ത്രീകൾക്കെതിരെയോ ദുർബല വിഭാഗങ്ങൾക്കെതിരെയോ ഏതെങ്കിലും കുറ്റകൃത്യം നടത്തുന്നതിനെക്കുറിച്ച് ‘ചിന്തിക്കാൻ’ തയ്യാറാകുന്നവന്റെ പോലും വീടുകൾ ബുൾഡോസർ കൊണ്ട് എന്റെ സർക്കാർ ഇടിച്ചുനിരത്തും’’ എന്നാണയാൾ അട്ടഹസിച്ചത്. മോദിയുടെ, യോഗിയുടെ, ശിവരാജ് സിങ് ചൗഹാന്റെയെല്ലാം വാഴ്ചയിൽ, ആർഎസ്എസ് ചുക്കാൻ പിടിക്കുന്ന ഭരണം നിലവിലുള്ള ഇടങ്ങളിലെല്ലാം ‘നീതി’ നടപ്പാക്കുന്നത് നിയമവാഴ്ച നിലനിൽക്കുന്ന ഒരു സമൂഹത്തിനും അംഗീകരിക്കാനാവാത്ത വിധത്തിലാണ് എന്നർഥം.
യോഗിയുടെ ക്രിമിനൽ മനസ്സിൽനിന്നുയർന്ന വാക്കുകളായി ഇതിനെ തള്ളിക്കളയാനാവില്ല. 2022 ഏപ്രിൽ മാസത്തിൽ രാമനവമിയോടനുബന്ധിച്ച് ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന വർഗീയ സംഘർഷങ്ങളെ തുടർന്ന് ഡൽഹി സംസ്ഥാന ബിജെപി അധ്യക്ഷൻ അദേഷ് ഗുപ്ത ബിജെപി ഭരണത്തിലായിരുന്ന ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിനോട് (എൻഡിഎംസി) ആ പ്രദേശത്ത് ‘‘നിയമവിരുദ്ധ’’മായി പണിത വീടുകൾ ഇടിച്ചുനിരത്താൻ ഉത്തരവ് നൽകി. മുനിസിപ്പൽ അധികൃതർ കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള ഡൽഹി പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, സിആർപിഎഫ് എന്നിവയിൽനിന്നുള്ള ആയിരത്തിലേറെ പൊലീസുകാരെയും ഡസൻ കണക്കിന് ബുൾഡോസറുകളും അണിനിരത്തി ബിജെപി അധ്യക്ഷന്റെ ആജ്ഞ ശിരസ്സാവഹിച്ചു. ഇടിച്ചുനിരത്തൽ നിർത്തിവയ്ക്കാനുള്ള സുപ്രീംകോടതി ഉത്തരവിനുപോലും ചെവികൊടുക്കാതെ മണിക്കൂറുകൾക്കുള്ളിൽ ആ പ്രദേശം കരിങ്കൽ കൂനകളായി മാറ്റപ്പെട്ടു. ബിജെപി അധ്യക്ഷന്റെ ഉത്തരവ് സുപ്രീംകോടതി ഉത്തരവിനേക്കാൾ മീതെയാണല്ലോ. ജഹാംഗീർപുരിയിൽ പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം നിർമിച്ച കെട്ടിടങ്ങളിൽ ഒന്നിൽപോലും ബുൾഡോസർ സ്പർശിച്ചില്ല. കാരണം, അവയിലെ താമസക്കാർ മുസ്ലീങ്ങളായിരുന്നില്ല എന്നതുതന്നെ. 2022 ഏപ്രിൽ മാസത്തിൽ നടന്ന, സംഘപരിവാറിന്റെ മുസ്ലീംവിരുദ്ധ ആക്രമണത്തെ ചെറുത്തവരുടെ വീടുകളാണ് തകർക്കപ്പെട്ടത്.
ഈ വർഷം (2023) രാമ നവമി മാർച്ച് 31നും ഹനുമാൻ ജയന്തി ഏപ്രിൽ 6നുമായിരുന്നു. ഈ വർഷവും ഇതേകാലത്ത് യുപിയിലും ഗുജറാത്തിലും ഡൽഹിയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കർണാടകത്തിലും ഹരിയാനയിലുമെല്ലാം വർഗീയ കലാപങ്ങൾ നടന്നു. 2022ൽ ഉത്തരേന്ത്യയിലാകെ പടർന്നുപിടിച്ച, ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന വർഗീയ കലാപങ്ങളുടെ തനിയാവർത്തനം. 2022ൽ ഉണ്ടായതുപോലെ ആൾനാശം ഉണ്ടായില്ലെന്നുമാത്രം. ഈ വർഷം മാർച്ച് 18നാണ് ‘സിറ്റിസൺസ് & ലായേഴ്സ് ഇനിഷേ-്യറ്റീവ്’ എന്ന സംഘടന “Routes of Wrath: Weaponising Religious Processions” is Communal violence during the Ram Navami and Hanuman Jayanti April 2022. ക്രോധത്തിന്റെ പാതകൾ. മതഘോഷ യാത്രകളെ ആയുധമാക്കൽ. 2022 ഏപ്രിൽ മാസത്തിലെ രാമനവമി–ഹനുമാൻ ജയന്തിക്കാലത്ത് നടന്ന വർഗീയ കലാപം) എന്ന പഠനം പ്രസിദ്ധീകരിച്ചത്. സുപ്രീംകോടതി അഭിഭാഷകനായ ചന്ദർ ഉദയ്സിങ് എഡിറ്റ് ചെയ്ത് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർഎഫ് നരിമാന്റെ ആമുഖത്തോടെ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് സംഘപരിവാർ ഇൗ രാജ്യത്തെ കലാപഭൂമിയാക്കാനും വർഗീയമായി ധ്രുവീകരിക്കാനും നടത്തുന്ന നീക്കങ്ങളുടെ സമഗ്രമായ ചിത്രമാണ് രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. 2002ൽ നടന്ന ഗുജറാത്ത് വംശഹത്യയിലേക്കും മോദി പ്രധാനമന്ത്രിയായശേഷം രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന പശുവിന്റെ പേരിലുള്ള ആൾക്കൂട്ടക്കൊലകളിലേക്കും ഡൽഹി വർഗീയകലാപത്തിലേക്കും വെളിച്ചം വീശുന്ന ബിബിസിയുടെ ഡോക്യുമെന്ററിപോലെ വസ്തുനിഷ്ഠമായ അവതരണമാണ് അഭിഭാഷകസംഘത്തിന്റെ പഠനറിപ്പോർട്ടും നടത്തുന്നത്.
‘‘സ്വാതന്ത്ര്യം നേടി 75 വർഷത്തിനുശേഷം നമ്മുടെ നാടിന്റെ അവസ്ഥ എന്താണ്?’’ എന്ന വലിയ ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ജസ്റ്റിസ് ആർഎഫ് നരിമാൻ ഈ റിപ്പോർട്ട് വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അദ്ദേഹം തുടരുന്നു– ‘‘ഇൗ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിൽ 2022 ഏപ്രിൽ മാസത്തിൽ, രാമനവമി, ഹനുമാൻ ജയന്തി ഉത്സവാഘോഷങ്ങളോടനുബന്ധിച്ച്, വ്യാപകമായി അരങ്ങേറപ്പെട്ടത് അക്രമപ്പേക്കൂത്തുകളുടെ പരമ്പരയായിരുന്നുവെന്ന് ഈ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ഗുജറാത്ത്, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നീ (ബിജെപി ഭരണത്തിലായിരുന്ന) സംസ്ഥാനങ്ങളിൽ മാത്രം ന്യൂനപക്ഷ സമുദായാംഗങ്ങളായ 100 പേർക്കെങ്കിലും പരിക്കേൽക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയുമുണ്ടായി. എന്നാൽ ഈ റിപ്പോർട്ട് അവസാനിപ്പിക്കുന്നത് നമുക്ക് പ്രതീക്ഷ നൽകുന്ന അനുഭവം പങ്കുവച്ചു കൊണ്ടാണ്; തെലങ്കാനയിൽ മതന്യൂനപക്ഷങ്ങളുടെ ആരുടെയും സെെ-്വരജീവിതത്തിനു ഭംഗം വരുത്താതെ ഹിന്ദുക്കൾക്ക് തങ്ങളുടെ ഉത്സവാഘോഷങ്ങൾ സമാധാനപരമായി നടത്താനുള്ള ഭരണഘടനാ ദത്തമായ അവകാശം ഉറപ്പുവരുത്താൻ തെലങ്കാനയിലെ പൊലീസ് മേധാവിയും ഹെെക്കോടതിയും ജാഗ്രത പാലിച്ചുവെന്നതാണ് മതനിരപേക്ഷ സമൂഹത്തിന് പ്രതീക്ഷ നൽകുന്ന അനുഭവം.’’ എന്നാൽ കേരളത്തിലും തമിഴ്നാട്ടിലും ഈ വർഗീയ ദുർഭൂതത്തിന്റെ പിണിയാളുകൾക്ക് ഉറഞ്ഞുതുള്ളാനെന്നല്ല തലനീട്ടാൻപോലും അവസരം ലഭിച്ചില്ലയെന്നതും ഈ റിപ്പോർട്ടാകെ വായിക്കുമ്പോൾ നമുക്ക് തിരിച്ചറിയാനാകുന്നു.
ഈ റിപ്പോർട്ടിന്റെ ‘‘നാന്ദി’’ എന്ന നിലയിൽ ഇതിന്റെ എഡിറ്റർ ചന്ദർ ഉദയ്സിങ് സ്വാതന്ത്ര്യാനന്തര കാലത്ത്, രാമനവമി –ഹനുമാൻ ജയന്തി ഉത്സവങ്ങളോടനുബന്ധിച്ച് നടന്ന ഭീകരമായ, വലിയ തോതിൽ ആൾനാശവും മറ്റു നാശനഷ്ടങ്ങളുമുണ്ടായ വർഗീയ കലാപങ്ങളെക്കുറിച്ച് പരാമർശിക്കുന്നു. ചരിത്രപരമായ പരിശോധനയിലൂടെ അദ്ദേഹം നമുക്കുമുന്നിൽ അവതരിപ്പിക്കുന്ന വസ്തുത ഹിന്ദുമതാഘോഷങ്ങൾ വർഗീയ കലാപത്തിനുള്ള ആയുധമാക്കപ്പെട്ടത് 1925 മുതൽ മഹാരാഷ്ട്രയിലാണെന്നതാണ്. 1925ൽ മഹാരാഷ്ട്രയിലെ നാഗ്പ്പൂരിലാണ് ആർഎസ്എസ് എന്ന വർഗീയ ഭീകരസംഘടന രൂപംകൊണ്ടത് എന്ന ചരിത്രവും ഇതിനോട് നാം കൂട്ടിവായിക്കേണ്ടതാണ്. മാത്രമല്ല, ഇന്ത്യയിലെ വർഗീയ കലാപങ്ങളുടെ ചരിത്രമനേ-്വഷിക്കുന്ന ഏതൊരാൾക്കും കാണാൻ കഴിയുന്നത് ആർഎസ്എസ് രൂപംകൊണ്ട കാലത്തും പിന്നീട് ഇന്ത്യാ വിഭജന വേളയിലും നടന്ന വർഗീയ കലാപങ്ങൾക്കുശേഷം, സ്വാതന്ത്ര്യാനന്തരം 1960കൾക്കുശേഷം മാത്രമാണ് വർഗീയകലാപങ്ങൾ നിരന്തരം പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയത് എന്ന വസ്തുതയാണ്.
എന്തുകൊണ്ട് ഒരു ദശകത്തിലേറെക്കാലത്തെ ഇടവേള ഉണ്ടായി? 1948 ൽ ഗാന്ധിജി കൊല്ലപ്പെട്ട ശേഷം ആർഎസ്എസ് എന്ന വർഗീയ വിഷ സർപ്പത്തിന് വിലക്കേർപ്പെടുത്തുകയും പിന്നീട് നിരോധനം നീക്കം ചെയ്തപ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ പട്ടേൽ തന്നെ ആയുധപരിശീലനവും പൊതുവേദികളിലെ കവാത്തും ഉണ്ടാകില്ലെന്ന വ്യവസ്ഥ ആർഎസ്എസ് നേതാക്കളിൽനിന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു. അത്തരമൊരവസ്ഥയിൽ, പ്രത്യേകിച്ചും ഗാന്ധിവധത്തിന്റെ കരിനിഴലിലായിരിക്കെ ആ ഭീകര സംഘത്തിന് തങ്ങളുടെ വർഗീയ അജൻഡ പുറത്തെടുക്കാനോ മാളത്തിൽനിന്ന് പുറത്തിറങ്ങാനോ കഴിയുമായിരുന്നില്ല. എന്നാൽ 1962ൽ ഇന്ത്യ–ചെെന അതിർത്തി യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഗുൽസരിലാൽ നന്ദ (പ്രത്യക്ഷത്തിൽ തന്നെ ഇദ്ദേഹത്തിന് ഹിന്ദുത്വചായവുണ്ടായിരുന്നുവെന്നു കാണണം) ഡൽഹിയിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നൽകിയതിനെതുടർന്നാണ് ഈ ഭീകരസത്വം മാളം വിട്ട് പുറത്തുചാടിയത്. അതാണ് 1967ൽ മഹാരാഷ്ട്രയിലെ ഷോളാപ്പൂരിലും 1970ൽ മഹാരാഷ്ട്രയിൽ തന്നെ ഭിവാണ്ടിയിലും ജൽഗാവിലും മഹദിലും ഭീകരമായ വർഗീയ കലാപങ്ങൾക്ക് രാമനവമി ഉത്സവത്തോടനുബന്ധിച്ച് അരങ്ങൊരുക്കപ്പെട്ടതിനുകാരണമായത്. അന്ന് ഭിവാണ്ടിയിൽ 78 പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ 59 പേരും മുസ്ലീങ്ങളാണെന്നും 17 പേർ ഹിന്ദുക്കളും രണ്ടുപേർ ഏതു വിഭാഗക്കാരാണെന്ന് തിരിച്ചറിയപ്പെട്ടില്ലെന്നതും ചരിത്രം. തൊട്ടടുത്ത ദിവസം ജൽഗാവിൽ നടന്ന കലാപത്തിൽ 43 പേർ കൊല്ലപ്പെട്ടതിൽ 42 പേരും മുസ്ലിങ്ങളാണ്. മഹദിൽ അക്രമങ്ങൾ അരങ്ങേറിയെങ്കിലും ഒരാളും കൊല്ലപ്പെട്ടില്ല.
ഭിവാണ്ടി കലാപത്തെക്കുറിച്ച് അനേ-്വഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഡി പി മദൻ കമ്മിഷന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. 1963 മുതലാണ് ഭിവാണ്ടിയിൽ ഹിന്ദു ഉത്സവാഘോഷങ്ങേളാടനുബന്ധിച്ചുള്ള ഘോഷയാത്രകൾ മുസ്ലീം പള്ളികൾക്കു സമീപത്തുകൂടി കടന്നുപോകുമ്പോൾ അതിനുമുന്നിൽനിന്ന് വാദ്യഘോഷങ്ങൾ നടത്താനും ഉച്ചത്തിൽ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കാനും തുടങ്ങിയത്. 1964ൽ ആദ്യമായാണ് ഭിവാണ്ടിയിലെ ശിവജയന്തിഘോഷയാത്രയുടെ മാർഗമധേ-്യയുള്ള മുസ്ലീം പള്ളികൾക്കുമുന്നിൽനിന്ന് മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാനാരംഭിച്ചത് എന്നും ജസ്റ്റിസ് മദൻ കമ്മീഷൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. ആർഎസ്-എസ് പരസ്യമായി, പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാൻ അവസരം ലഭിച്ചതിനെതുടർന്നുണ്ടായ നീക്കങ്ങളാണിത്. ബിജെപിയുടെ പൂർവരൂപമായ ജനസംഘത്തിന്റെ ഭിവാണ്ടി ശാഖ രൂപീകരിക്കപ്പെട്ടതും 1964ലാണ് എന്നും ജസ്റ്റിസ് മദൻ ചൂണ്ടിക്കാണിക്കുന്നു. 1969 വരെ ശിവ ജയന്തി ഉത്സവം നടത്തിയിരുന്നത് മതത്തിനും വിശ്വാസത്തിനും ഉപരിയായ ഒരു ഉത്സവകമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു. 1969ൽ ഈ ഉത്സവകമ്മിറ്റിയിൽനിന്ന് 15 ജനസംഘക്കാരും ഒരു ശിവസേനാ അംഗവും മൂന്ന് ‘‘സ്വതന്ത്ര’’ അംഗങ്ങളും ഏകപക്ഷീയമായി പുറത്തുപോവുകയും രാഷ്ട്രീയ ഉത്സവമണ്ഡലിന് രൂപം നൽകുകയും ചെയ്തു. അങ്ങനെയാണ് 1970ൽ ഭിവാണ്ടി വർഗീയകലാപത്തിന്റെ അരങ്ങൊരുക്കം നടന്നത്.
ഇനി നമുക്ക് ജസ്റ്റിസ് മദൻ ചൂണ്ടിക്കാണിക്കുന്നതുനോക്കാം: ‘‘ഭി വാണ്ടി കലാപത്തിനിടയാക്കിയ പെട്ടെന്നുള്ള പ്രകോപനം ശിവജയന്തി ഘോഷയാത്രയിൽ പങ്കെടുത്തവർ ബോധപൂർവം വൃത്തികെട്ട രീതിയിൽ പെരുമാറിയതാണ്; 1970 മെയ് ഏഴിന് നടന്ന ആഘോഷയാത്രയുടെ ലക്ഷ്യംതന്നെ മുസ്ലീങ്ങളെ പ്രകോപിപ്പിക്കലായിരുന്നു. രാഷ്ട്രീയ ഉത്സവ് മണ്ഡലിന്റെ നിർദേശവും പ്രേരണയും പ്രകാരം ഘോഷയാത്രക്കാർ, പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ നിന്നുവന്നവർ, ഭഗവദ് ധ്വജപതാകകളും ബാനറുകളും കെെകളിൽ ഏന്തിയിരുന്നു; ലാത്തികളിലായിരുന്നു ബാനറുകളും പതാകകളും കെട്ടിയിരുന്നത്. 1951ലെ ബോംബെ പൊലീസ് ആക്ടിലെ 37(1) വകുപ്പു പ്രകാരം ആയുധങ്ങളുമായി ഘോഷയാത്രകളിൽ എത്തുന്നത് നിരോധിച്ചിരുന്നു; ഈ നിരോധനം മറികടക്കാനുള്ള കുറുക്കുവഴിയായിരുന്നു ലാത്തിയിൽ കൊടികെട്ടിവരുന്നത്; മുസ്ലീങ്ങൾ സ്വമേധയാ എന്തെങ്കിലും കുഴപ്പമുണ്ടാക്കുകയോ ഇല്ലെങ്കിൽ ഘോഷയാത്രക്കാർ ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് കുഴപ്പമുണ്ടാക്കിക്കുകയോ ചെയ്താൽ അവരെ ആക്രമിക്കാൻ മുൻകൂട്ടി തയ്യാറായാണ് ലാത്തിയിൽ കൊടികെട്ടി ഘോഷയാത്രയിൽ വരുന്നത്.’’ ജസ്റ്റിസ് ഡി പി മദൻ കമ്മിഷൻ സംശയാതീതമായി വ്യക്തമാക്കുന്നത് വർഗീയകലാപങ്ങൾ ആർഎസ‍്എസ് ബോധപൂർവം കുത്തിപ്പൊക്കുന്നുവെന്നാണ്.
1979ൽ ബിഹാറിലെ ജംഷഡ് പൂരിൽ നടന്ന രാമനവമി ആഘോഷങ്ങളാണ് 79 മുസ്ലീങ്ങളുടെയും 25 ഹിന്ദുക്കളുടെയും മരണത്തിൽ കലാശിച്ച ഭീകരമായ വർഗീയകലാപത്തിനു വഴിയൊരുക്കിയത് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയിരുന്ന ബിജെപി എംഎൽഎ എ ദീനാനാഥ് പാണ്ഡെ മാർഗമധേ-്യ ഉണ്ടായിരുന്ന മസ്ജിദിനുമുന്നിൽ ഘോഷയാത്ര നിൽക്കണമെന്ന് വാശിപിടിക്കുകയും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതിനെ തുടർന്നാണ് കലാപത്തിന് തിരികൊളുത്തപ്പെട്ടത്. പാട്ന ഹെെക്കോടതിയിലെ റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് ജിതേന്ദ്ര നാരായൺ കമ്മീഷൻ ഈ കലാപത്തിനു പിന്നിലെ ആർഎസ്എസിന്റെയും ബിജെപിയുടെയും പങ്കിനെയും അജൻഡയെയും തുറന്നുകാണിച്ചിട്ടുണ്ട്.
1989ൽ രാജസ്താനിലെ കോട്ടയിൽ നടന്ന വർഗീയ കലാപത്തിനും ഇടയാക്കിയത് ഗണേശോത്സവത്തെ മുസ്ലീങ്ങളെ ആക്രമിക്കാനും അവിടെ നിലനിന്നിരുന്ന സൗഹൃദാന്തരീക്ഷം തകർക്കാനും ലക്ഷ്യമിട്ട് ആർഎസ്എസ് നടത്തിയ ഇടപെടലാണെന്ന് രാജസ്താൻ ഹെെക്കോടതി ജഡ്ജി (പിന്നീട് അദ്ദേഹം സിക്കിം ഹെെക്കോടതി ചീഫ് ജസ്റ്റിസായി) ജസ്റ്റിസ് എസ് എൻ ദാർഗയുടെ അനേ-്വഷണ കമ്മിഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
1989 ഒക്ടോബറിൽ ബിഹാറിലെ ഭഗൽപുരിൽ രാമശില ഘോഷയാത്ര പൊലീസിൽനിന്ന് അനുമതി വാങ്ങിച്ചിരുന്ന വഴിയിൽനിന്ന് മാറി മുസ്ലീങ്ങൾ തിങ്ങിപ്പാർത്തിരുന്ന വഴിയിലൂടെ നീങ്ങുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങളും അട്ടഹാസങ്ങളും മുഴക്കിയതുമാണ് ഭീകരമായ വർഗീയ കലാപത്തിനിടയാക്കിയത് എന്നും ഘോഷയാത്ര വഴിമാറി നീങ്ങിയപ്പോൾ അത് തടയാതെ പൊലീസ് മൗനം പാലിച്ചിരുന്നുവെന്നും ജസ്റ്റിസുമാരായ രാം നന്ദൻ പ്രസാദും രാം ചന്ദ്രപ്രസാദ് സിൻഹയും എസ് ഷംസുൽ ഹസനും അടങ്ങുന്ന അനേ-്വഷണ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മാസത്തോളം നീണ്ടുനിന്ന കലാപത്തിൽ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടതിൽ തൊള്ളായിരത്തിലധികവും മുസ്ലീങ്ങളായിരുന്നു.
2022ൽ 8 സംസ്ഥാനങ്ങളിൽ നടന്ന രാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രയെ തുടർന്നുള്ള വർഗീയ ആക്രമണങ്ങളെ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്ന ഏകഘടകം കലാപത്തെ തുടർന്ന് സംസ്ഥാന സർക്കാരുകൾ ബുൾഡോസറുമായി എത്തി മുസ്ലീങ്ങളുടെ വീടുകളും കടകളും മറ്റു മുസ്ലീം സ്ഥാപനങ്ങളും ഇടിച്ചുനിരത്തി ‘‘ഇൻസ്റ്റന്റ് ജസ്റ്റിസ്’’ നടപ്പാക്കുന്നരീതിയാണ്. 1970കളിലും 1980കളിലും പിന്നീടുമെല്ലാം നടന്ന നിരവധി വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിട്ടത് ഉത്സവാഘോഷങ്ങളെ തങ്ങളുടെ വർഗീയ അജൻഡ നടപ്പാക്കാനുള്ള അവസരമാക്കി ആർഎസ്എസും പരിവാർ സംഘടനകളും മാറ്റുന്നതാണ്. എന്നാൽ കേന്ദ്ര ഭരണം ബിജെപിയുടെ നിയന്ത്രണത്തിൽ വന്നതോടെയാണ്, പ്രത്യേകിച്ചും 2019ൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചതോടെയാണ് ഭരണകൂടം തന്നെ നേരിട്ട് മുസ്ലീം വംശഹത്യയിലേക്ക് ബുൾഡോസറുകളുമായി ഇറങ്ങുന്നത്. അതാണ് 2022ൽ രാമനവമി–ഹനുമാൻ ജയന്തി ആഘോഷങ്ങളെ തുടർന്ന് എട്ടിലേറെ സംസ്ഥാനങ്ങളിൽ നടന്ന വർഗീയ കലാപങ്ങളിൽ നമുക്ക് കാണാൻ കഴിഞ്ഞത്. 2023ലും അതിന്റെ ആവർത്തനമാണുണ്ടായത്.
സിറ്റിസൺസ് ആൻഡ് ലോയേഴ്സ് ഇനിഷേ-്യറ്റീവ് ഗുജറാത്തിലും ഝാർഖണ്ഡിലും മധ്യപ്രദേശിലും ഡൽഹിയിലും ഉത്തരാഖണ്ഡിലും രാജസ്താനിലും മഹാരാഷ്ട്രയിലും ഗോവയിലും പശ്ചിമബംഗാളിലും കർണാടകത്തിലും ബിഹാറിലും ആന്ധ്രാപ്രദേശിലും നടന്ന കലാപങ്ങളിലേക്ക് വെളിച്ചം വീശുന്നതിനൊപ്പം തെലങ്കാനയിൽ രാമനവമി –ഹനുമാൻ ജയന്തിഘോഷയാത്രകൾ സംഘട്ടനങ്ങളും സംഘർഷങ്ങളുമില്ലാതെ നടന്നതെങ്ങനെയെന്നും വെളിപ്പെടുത്തുന്നു. 2022ൽ ഗുജറാത്തിൽ ഹിമ്മത് നഗറിലും ഖാം ഭട്ടിലുമാണ് കലാപങ്ങൾ നടന്നത്.
അഭിഭാഷകരും പ്രമുഖ പൗരരും ഉൾപ്പെടുന്ന വസ്തുതാനേ-്വഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നതു നോക്കാം: ‘‘2022 മാർച്ചിൽ ഭരണകക്ഷി അംഗങ്ങളുടെ (ബിജെപി) ഒത്താശയോടെ ന്യൂനപക്ഷങ്ങൾക്കെതിരെ നഗ്നമായ ബലപ്രയോഗവും മുസ്ലീംവിരുദ്ധ വിദേ-്വഷ പ്രസംഗങ്ങളും വ്യാപകമായി നടക്കുന്നതിന് ഹിമ്മത് നഗർ സാക്ഷ്യം വഹിച്ചു. വിവിധ റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് ഹിമ്മത് നഗറിലെ സ്വാമി നാരായൺ ക്ഷേത്രത്തിൽ ത്രിശൂൽ ദീക്ഷ എന്നൊരുപരിപാടി അന്താരാഷ്ട്ര ഹിന്ദുപരിഷത്തും ബജ്റംഗ് ദൾ ഉത്തര ഗുജറാത്ത് ഘടകവും ചേർന്ന് സംഘടിപ്പിച്ചതായാണ്; ഈ പരിപാടിയിൽ അയ്യായിരത്തിലേറെ വാളുകളും ത്രിശൂലങ്ങളും വിതരണം ചെയ്യപ്പെട്ടു. ഇത് സംഘടിപ്പിച്ചത് പ്രവീൺ തൊഗാഡിയയും അയാളുടെ വിശ്വസ്തനായ രാഷ്ട്രീയ ബജ‍്റംഗ്-ദൾ ദേശീയ പ്രസിഡന്റ് മനോജ് കുമാറും ചേർന്നായിരുന്നു; ബിജെപിക്കാരനായ സ്ഥലം എംപി ദീപ്സിൻ റാത്തോഡും എംഎൽഎ രാജുചൗവ്ഡയും ഉൾപ്പെടെ നിരവധി സംഘപരിവാർകാരുടെ സജീവമായ സാന്നിധ്യവും ഇടപെടലും ഉണ്ടായിരുന്നു. ത്രിശൂലങ്ങളും വാളും വിതരണം ചെയ്തതിനു പുറമെ മുസ്ലീം വിരുദ്ധ വിദേ-്വഷ പ്രസംഗവും അവർ നടത്തിയിരുന്നു; മനോജ്കുമാർ നടത്തിയ വിദേ-്വഷപ്രസംഗത്തിൽ മുസ്ലീം സ്ത്രീകൾക്കെതിരായ പരാമർശം ഇങ്ങനെ –‘‘ഈ കത്വാകളോട് (മുസ്ലിം പുരുഷന്മാർക്കെതിരായ അശ്ലീലപരാമർശം) പറയാനുള്ളത് നിന്റെയൊക്കെ വീട്ടിലിരിക്കുന്ന സൽമമാർ (മുസ്ലീം സ്ത്രീകളെക്കുറിച്ചുള്ള പരാമർശം) ബജ്റംഗികളെ (ഹിന്ദു പുരുഷന്മാർ) കാത്തിരിക്കുകയാണെന്നാണ്. അവളുമാർക്ക് മുസ്ലീം പുരുഷന്മാരെക്കൊണ്ട് ഒന്നുമാവില്ല: ബുർഖ നീക്കം ചെയ്യാനും ലവ–കുശന്മാരെ പ്രസവിക്കാനും അവളുമാർ ആഗ്രഹിക്കുകയാണ്.’’ ……ഇത്തരം ഹീനമായ വിദേ-്വഷ പ്രസംഗങ്ങൾക്കു ശേഷം 5100 ആയുധങ്ങൾ കെെമാറപ്പെട്ടു.
രാമനവമിയോടനുബന്ധിച്ച് നടന്നതെന്തെന്ന് റിപ്പോർട്ടിൽ പറയുന്നതുകൂടി നോക്കാം: ‘‘2022 ഏപ്രിൽ 10ന് ഹിമ്മത് നഗറിൽ രണ്ട് രാമനവമി ഘോഷയാത്രകൾ നടന്നു; രണ്ടും കലാശിച്ചത് മുസ്ലീം വിരുദ്ധ അക്രമങ്ങളിലാണ്. ഇതിൽ ഒന്നു സംഘടിപ്പിച്ചത് വിശ്വഹിന്ദു പരിഷത്തും മറ്റൊന്ന് പ്രവീൺ തൊഗാഡിയയുടെ അന്താരാഷ്ട്ര ഹിന്ദുപരിഷത്തുമാണ്. ഏപ്രിൽ 10ന് ഉച്ചയോടുകൂടി 500–600 ആളുകൾ പങ്കെടുത്ത ആദ്യത്തെ ഘോഷയാത്ര (അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് സംഘടിപ്പിച്ചത്) ആരംഭിച്ചു. ഇത് ഉച്ചയ്ക്കുശേഷം രണ്ടുമണിയോടുകൂടി മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്നതും ഹിന്ദു ഭൂരിപക്ഷമുള്ള ശക്തിനഗറിനും മഹാവീർ നഗറിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നതുമായ അഷറ-ഫ് നഗറിൽ കടന്നു. കാവിക്കൊടിയുംവീശി വാളുകൾ ഉയർത്തിപ്പിടിച്ച് ഉച്ചത്തിൽ പ്രകോപനപരമായ ഗാനാലാപനത്തോടെയും ഭാവപ്രകടനങ്ങളോടെയുമാണ് ഘോഷയാത്ര നീങ്ങിയത്. ആ പ്രദേശത്ത് എത്തിയപ്പോൾ അവിടെയുള്ള മുസ്ലീം പള്ളിക്കുമുന്നിൽ ഘോഷയാത്രക്കാർ നിന്നു; കയ്യിലുള്ള വാളുകൾ വീശി, പ്രകോപനപരമായ പാട്ടുകൾ പാടി ആടുകയായിരുന്നു അവർ. മുസ്ലീം സ്ത്രീകൾ തങ്ങളുടെ വീടുകളുടെ ടെറസ്സിൽ നിൽപ്പുണ്ടായിരുന്നു; ഘോഷയാത്രക്കാർ അസഭ്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ സ്ത്രീകൾ എതിർത്തു; തുടർന്ന് പള്ളിയിലുണ്ടായിരുന്ന മുസ്ലിം പുരുഷന്മാർ പുറത്തുവരികയും ഘോഷയാത്രക്കാരോട് മുന്നോട്ട് പോകാൻ അഭ്യർഥിക്കുകയും ചെയ്തു. അപ്പോൾ ഘോഷയാത്രക്കാർ അക്രമാസക്തരായി…. ഈ സമയത്ത് അഷ്റഫ് ഖാൻ എന്നയാൾ വീട്ടിനുമുന്നിൽ നിൽക്കുകയായിരുന്ന കൗമാരക്കാരായ മൂന്ന് പെൺകുട്ടികളോട് വീടിനുള്ളിലേക്ക് പോകാൻ ആംഗ്യം കാണിച്ചു; ഘോഷയാത്രക്കാർ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് തങ്ങൾക്കെതിരെ ആളെക്കൂട്ടുകയാണെന്ന് കരുതി. പെട്ടെന്ന് ഘോഷയാത്രക്കാർ അയാളെ വളഞ്ഞ് ആക്രമിക്കാൻ തുടങ്ങി. അയാൾ മാപ്പപേക്ഷിച്ചിട്ടുപോലും ഘോഷയാത്രയിലുണ്ടായിരുന്നവർ അടങ്ങിയില്ല.’’
പെട്ടെന്നുതന്നെ ഒരു ജീപ്പിൽ ആറേഴുപേർ ആയുധങ്ങളുമായി എത്തുകയും സ്ഥലവാസികളായ മുസ്ലീങ്ങൾക്കുനേരെ ആക്രമണമാരംഭിക്കുകയും ചെയ്തു. മുസ്ലീങ്ങളും പെട്ടെന്നുതന്നെ ഒത്തുകൂടി. ഘോഷയാത്രയ‍്ക്കൊപ്പം സഞ്ചരിച്ചിരുന്ന പൊലീസുകാർ അക്രമം തടയാൻ ഒന്നും ചെയ്തില്ല.
ആദ്യസംഭവം കഴിഞ്ഞ് ഏതാനും മണിക്കൂർ പിന്നിട്ടപ്പോൾ രണ്ടാമത്തെ ഘോഷയാത്ര ആരംഭിച്ചു. ഇത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ളതായിരുന്നു. ഇവർ വീണ്ടും ആക്രമണം നടത്തുകയാണുണ്ടായത്. ഒരു മണിക്കൂറിലേറെ നീണ്ട ആക്രമണത്തിൽ നിരവധി വീടുകളും കടകളും തകർക്കപ്പെട്ടു; ഘോഷയാത്രക്കാർ മണ്ണെണ്ണയും ഡീസലും മറ്റും കരുതിയാണെത്തിയത്. വഴിയരികിലുണ്ടായിരുന്ന വാഹനങ്ങളും മറ്റു വസ്തുവകകളുമെല്ലാം അഗ്നിക്കിരയാക്കി. വീടുകൾക്കുനേരെ പെട്രോളും മറ്റുമൊഴിച്ച് തീയിടുകയായിരുന്നു. ഈ അക്രമങ്ങളെയൊന്നും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞില്ല.
ഈ അക്രമസംഭവങ്ങളെല്ലാം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം, ഏപ്രിൽ 26ന് മുസ്ലീങ്ങൾ പാർത്തിരുന്നത് സർക്കാർ ഭൂമി കെെയേറി പാർപ്പിടം നിർമിച്ചാണെന്ന ആരോപണമുന്നയിച്ച് പൊലീസും മുനിസിപ്പൽ അധികാരികളും ബുൾഡോസറുകളുമായെത്തി. നാല് കടകൾ പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടവും ചില വീടുകളും കിയോസ്-ക്കുകളുമെല്ലാം ഇടിച്ചുനിരത്തി. ഒരു മുന്നറിയിപ്പും നൽകാതെയായിരുന്നു ഈ കുടിയൊഴിപ്പിക്കൽ. മുസ്ലീങ്ങൾ മാത്രമാണ് ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ടത്.
സമാനമായ വിധത്തിൽ തന്നെയാണ് ഗുജറാത്തിലെ ഖംഭാത്തിലും വർഗീയ സംഘർഷം സൃഷ്ടിക്കപ്പെട്ടത്. ‘‘സമാധാന പൂർണമായ ഗുജറാത്ത്: സത്യമോ മിഥ്യയോ?’’ എന്ന ബുനിയാദ് എന്ന സിവിൽ സൊസെെറ്റി സംഘടനയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ് അഭിഭാഷക സംഘടന കാര്യങ്ങൾ വിശദീകരിച്ചത്. ഡൽഹിയിലും മധ്യപ്രദേശിലും രാജസ്താനിലും ഹരിയാനയിലും ഛത്തീസ്ഗഢിലുമെല്ലാം ഗുജറാത്തിൽ നടന്നതിന്റെ തനിയാവർത്തനം തന്നെയായിരുന്നു. സംഘപരിവാർ ആസൂത്രണം ചെയ്ത കലാപം സൃഷ്ടിക്കുകയും പിന്നാലെ മുസ്ലീങ്ങളുടെ പാർപ്പിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്യുകയെന്ന ഒരേ തരത്തിലുള്ള പരിപാടി.
ഹിന്ദുമതാചാരങ്ങളെയും മതവിശ്വാസങ്ങളെയും ഉത്സവങ്ങളെയും വർഗീയ ധ്രുവീകരണത്തിനും മുസ്ലീം വംശഹത്യക്കുമുള്ള ആയുധമാക്കുകയാണ് സംഘപരിവാർ. കെെയിൽ വന്ന അധികാരം അവർ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ജനവിഭാഗത്തിന്റെ സംരക്ഷണത്തിനും ക്ഷേമത്തിനുമായല്ല, മറിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്ത് സേ-്വച്ഛാധിപത്യവാഴ്ചയും കോർപ്പറേറ്റ് താൽപ്പര്യങ്ങളും നടപ്പാക്കലാണ് അവരുടെ ലക്ഷ്യം. ♦