Tuesday, May 7, 2024

ad

Homeസമകാലികംപുതുപ്പള്ളിയിലെ സഹതാപ തരംഗവും യുഡിഎഫിന്റെ പാരവെപ്പും

പുതുപ്പള്ളിയിലെ സഹതാപ തരംഗവും യുഡിഎഫിന്റെ പാരവെപ്പും

എം വി ഗോവിന്ദന്‍

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാരും, കേരളത്തിലെ യു.ഡി.എഫും, വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് ശക്തമായ പ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരം പ്രചരണത്തിലൂടെ സര്‍ക്കാര്‍ നേടിയ നേട്ടങ്ങള്‍ മറച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളും സജീവമായി വരികയാണ്. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്കു പകരം ഇല്ലാത്ത കഥകളുണ്ടാക്കി മുന്നോട്ടുപോകാനാണ് അവർ ശ്രമിക്കുന്നത്. അതില്‍ പ്രധാനമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെത്തന്നെ ഉപയോഗപ്പെടുത്തുകയാണ്. അവിടെയുണ്ടായ പരാജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിശിഷ്യ സി.പി.ഐ എമ്മിന്റെ തകര്‍ച്ചയുടെ ഭാഗമാണെന്നും വിലയിരുത്താനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. എന്നാല്‍ വസ്തുത പരിശോധിച്ചാല്‍ ഈ പ്രചരണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്നും കാണാം.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലം 53 വര്‍ഷമായി യു.ഡി.എഫ് നേതാവ് ഉമ്മന്‍ ചാണ്ടി വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ്. ആ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വിജയത്തിന്റെ അടിസ്ഥാനത്തില്‍ വലിയ പ്രചാര വേലകള്‍ നടക്കുകയാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 42,425 വോട്ടാണ് ലഭിച്ചത്. ഈ വോട്ട് ആ മണ്ഡലത്തിലെ എല്‍.ഡി.എഫിന് ലഭിച്ച ഏറ്റവും കുറഞ്ഞ വോട്ടല്ല. 2011 ലെ ലോക്-സഭാ തിരഞ്ഞെടുപ്പില്‍ 36,667 വോട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. അതുമായി താരതമ്യം ചെയ്താല്‍ 6,000ത്തോളം വോട്ടുകള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. 2016 ലെ തെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിന് ലഭിച്ച വോട്ട് 44,505 ആണ്. ഇതെല്ലാം കാണിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറയില്‍ വിള്ളലുകളുണ്ടായില്ല എന്നതാണ്. അതിനര്‍ത്ഥം ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ എല്‍.ഡി.എഫ് ദുര്‍ബലമായി എന്ന പ്രചരണം അസ്ഥാനത്താണ് എന്നാണ്.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഓരോ തിരഞ്ഞെടുപ്പിലും ഒരു മുന്നണി ജയിച്ചാല്‍ അടുത്ത ഘട്ടത്തില്‍ മറ്റൊരു മുന്നണി ജയിക്കുകയെന്ന രീതിയായിരുന്നു നിലനിന്നത്. അതില്‍ നിന്നും വ്യത്യസ്തമായ രീതി അടുത്തകാലത്ത് കേരളത്തില്‍ ഉണ്ടായത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. എല്‍.ഡി.എഫ് തുടര്‍ഭരണം നേടി എന്നത് മാത്രമല്ല അതിനു മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ഈ വിജയമുണ്ടായത് എന്നതാണ്. കേന്ദ്ര ഏജന്‍സികളെ ഉള്‍പ്പെടെ രംഗത്തിറക്കിക്കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളും അതിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മാധ്യമങ്ങളുള്‍പ്പെടെ നടത്തിയ പ്രചരണങ്ങളെ അതിജീവിച്ചുകൊണ്ടുമാണ് ഈ വിജയം സാധ്യമാക്കിയത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടന്നത് പ്രധാനമായും ഉയര്‍ന്നുവന്നത് ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന്റെ ഭാഗമായി ഉണ്ടായ സഹതാപ തരംഗത്തിന്റെ പശ്ചാത്തലത്തിലാണ്. ഉമ്മന്‍ചാണ്ടി മരണപ്പെട്ട് ആഴ്ചകള്‍ക്കകമാണ് തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് ആ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ചത് സഹതാപ തരംഗത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു. തിരഞ്ഞെടുപ്പില്‍ സാധാരണ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും, വികസന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് താല്‍പര്യം കാണിച്ചില്ല. വലതുപക്ഷ മാധ്യമങ്ങളും ഇത്തരത്തിലുള്ള അന്തരീക്ഷം തന്നെയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യം യു.ഡി.എഫിന്റെ വിജയത്തിന് അടിസ്ഥാനമായിത്തീര്‍ന്നു.

പുതുപ്പള്ളിയില്‍ കണ്ട മറ്റൊരു പ്രവണത കേരളത്തില്‍ പലപ്പോഴും സംഭവിക്കുന്നതുപോലെ ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് ലഭിച്ചുവെന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 11,694 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ 6,486 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇതിനര്‍ത്ഥം 5,000ത്തിലേറെ വോട്ടുകള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പുതുപ്പള്ളിയില്‍ ബിജെപിക്ക് കുറഞ്ഞു എന്നതാണ്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തില്‍ എല്‍.ഡി.എഫിനെതിരെ യു.ഡി.എഫും, ബി.ജെ.പിയും ഒന്നിച്ച് നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ശബ്ദിക്കാറില്ല. പാര്‍ലമെന്റിലെ യുഡിഎഫ് അംഗങ്ങള്‍ കേരളത്തിന്റെ വികസനത്തിനായി ഒരു കാര്യവും മുന്നോട്ടുവെക്കാറില്ല. മാത്രമല്ല കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തുരങ്കംവെക്കുന്ന നയമാണ് എല്ലാ കാര്യങ്ങളിലും സ്വീകരിച്ചുവരുന്നതും. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം, കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയ്ക്കൊന്നുമെതിരായി ശബ്ദിക്കാന്‍ പോലും യു.ഡി.എഫ് തയ്യാറാവാറില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ രണ്ടു കൂട്ടരും രംഗത്തുവരുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബി.ജെ.പി വോട്ടുകള്‍ കാണാതായതിനു പിന്നില്‍ വലിയ ഗവേഷണങ്ങളൊന്നും നടത്തേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സഹതാപ വോട്ടുകളും ബി.ജെ.പി വോട്ടുകളും വിജയത്തിന് സുപ്രധാന കാരണമായി എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതല്ലാത്ത ഘടകങ്ങള്‍ എന്തെങ്കിലും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും തീര്‍ച്ചയായും സിപിഐ എമ്മും എൽഡിഎഫും പരിശോധിച്ച് തിരുത്തുന്നതാണ്. അതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തലത്തിലും, മുന്നണി തലത്തിലും ചര്‍ച്ച ചെയ്യുന്നതുമാണ്. രാജ്യത്തിനാകമാനം ബദലായിത്തീരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്താകമാനം ചര്‍ച്ച ചെയ്യുന്നതാണ്. വമ്പിച്ച നേട്ടങ്ങള്‍ ഇക്കാര്യത്തില്‍ നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തെ കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ളതാണ്. അതുകൊണ്ടുതന്നെയാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ പ്രചരണവുമായി രംഗത്തുവന്നിട്ടുള്ളത്.

ഓണക്കാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലയെന്ന പ്രചരണവും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പരിശ്രമിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ മുലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടന്നുകൊണ്ട് ഇടപെടാൻ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് വിപണി ഇടപെടലിനും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി 18,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. നെല്ല് സംഭരണത്തിന്റെ കാര്യത്തില്‍ നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന 250 കോടി രൂപ ഓണത്തിനുമുമ്പ് തന്നെ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കേന്ദ്രം ഈ ഇനങ്ങളില്‍ തരേണ്ട 637 കോടി രൂപ നല്‍കാന്‍ ഇതുവരെ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ തമസ്കരിക്കുകയും, കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്നുകാട്ടുവാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുകയെന്നതാണ് യു.ഡി.എഫ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നയം. ഇത്തരം നയങ്ങളെ തുറന്നുകാട്ടിക്കൊണ്ട് ജനങ്ങളെ അണിനിരത്തി ശക്തമായി മുന്നോട്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് നടത്തും.

രാജ്യത്ത് ഒരു സംസ്ഥാനത്തും ഉണ്ടാവാത്ത നേട്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ നേട്ടങ്ങളെ തമസ്കരിച്ച് നിര്‍ത്തുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനമാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിന് എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യും.

പതുപ്പള്ളി തിരഞ്ഞെടുപ്പിനു ശേഷം ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമായി. നിയമസഭയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ദിവസം തന്നെ സോളാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തര പ്രമേയവുമായി യു.ഡി.എഫ് മുന്നോട്ടുവന്നു. എല്‍.ഡി.എഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒന്നും മറച്ചുവെക്കാനില്ല എന്നതുകൊണ്ട് അടിയന്തര പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് നിയമസഭയില്‍ തയ്യാറാവുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ ആരാണ് ഗൂഢാലോചന നടത്തിയത് എന്ന വസ്തുത പകല്‍പോലെ പുറത്തുവരികയും ചെയ്തു.

കേരളത്തിന്റെ വൈദ്യുതി വികസനത്തിന് ഏറെ സഹായകമായിത്തീരേണ്ട ഒന്നാണ് സോളാര്‍ ഊര്‍ജ്ജം. അതിനെ തട്ടിപ്പിന് ഉപാധിയാക്കിയെന്നതായിരുന്നു പ്രധാന പ്രശ്നം. 2011ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ തട്ടിപ്പു വലിയ ചര്‍ച്ചകള്‍ കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ചെടുത്ത് നിക്ഷേപം സ്വീകരിച്ച് മുന്നോട്ടുപോയ സംരംഭം തട്ടിപ്പാണെന്ന് പലര്‍ക്കും ബോധ്യം വന്നു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനുമുന്നില്‍ പരാതികള്‍ പലതും വന്നു.

പരാതിക്കാരില്‍ പ്രമുഖന്‍ കെ.പി.സി.സി അംഗമായിരുന്ന മല്ലേലില്‍ ശ്രീധരന്‍ നായരായിരുന്നു. മുഖ്യമന്ത്രിയും, അദ്ദേഹത്തിന്റെ ഓഫീസുമായും തട്ടിപ്പ് നടത്തിയ സംരംഭകര്‍ക്ക് അടുത്ത് ബന്ധമുണ്ടെന്ന കാര്യം തനിക്ക് നേരില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു. ഈ ബന്ധം ബോധ്യപ്പെട്ടതുകൊണ്ടാണ് പണം നല്‍കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി അംഗമായിരുന്ന ആള്‍ തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചതോടെ സ്വാഭാവികമായും കേരളത്തില്‍ അത് സജീവ പ്രശ്നമായി. അത് കേരളത്തില്‍ വലിയ ജനവികാരമായി ഉയര്‍ന്നുവരികയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരടക്കമുള്ളവര്‍ പിടിയിലാവുന്ന സ്ഥിതിയുമുണ്ടായി. ആഭ്യന്തര വകുപ്പ് അന്നത്തെ മുഖ്യമന്ത്രി അറിയാതെയാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ആളുകളെ അറസ്റ്റ് ചെയ്തത് എന്ന കാര്യം മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ പ്രസ്താവനയോടെ പുറത്തുവന്നിരിക്കുന്നത്. അന്നത്തെ അഭ്യന്തര വകുപ്പ് ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ നീക്കങ്ങളാണ് ഇതിന്റെ പിന്നിലെന്നും വ്യക്തമായിരിക്കുകയാണ്. അതായത് മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ പ്രശ്നവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത് യുഡിഎഫ് ഭരണത്തിൻകീഴിലെ നിന്ന പൊലീസാണ്. സ്വാഭാവികമായും ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രിക്ക് തന്നെ ബന്ധമുണ്ടെന്ന് കെ.പി.സി.സി അംഗം പറഞ്ഞ പശ്ചാത്തലത്തില്‍ എൽഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് വളയല്‍ സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങൾ എൽഡിഎഫ് ഇക്കാര്യത്തില്‍ നടത്തി. ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതിച്ചതോടെ സമരം അവസാനിപ്പിക്കുകയാണുണ്ടായത്.

ഈ കേസിന്റെ അനുബന്ധമായാണ് നിരവധി പേര്‍ സോളാര്‍ സംരംഭവുമായി മുന്നോട്ടുവന്ന സംരംഭകയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന പരാതി ഉയര്‍ന്നുവന്നത്. സംരംഭകയായ സ്ത്രീയെ വഞ്ചിച്ച് ചൂഷണം ചെയ്തുവെന്ന പ്രശ്നം അന്വേഷണ ഉദ്യോഗസ്ഥരിലും, കോടതിയിലും അവര്‍ വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇവരെക്കൊണ്ട് മൊഴി മാറ്റിച്ചു, പുതിയ കത്തെഴുതിച്ചു തുടങ്ങിയആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. കോണ്‍ഗ്രസിന്റെ പല നേതാക്കളുടേയും ടെലിഫോണ്‍ രേഖകളും മറ്റും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. ഈ ഘട്ടത്തിലാണ് അന്നത്തെ മുഖ്യമന്ത്രിക്കെതിരേയും ആരോപണം ഉയര്‍ന്നത്. ഇതിന് സാക്ഷിയാണെന്ന് പി.സി ജോര്‍ജും പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയ കത്ത് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റാണ്.

ഇപ്പോള്‍ ഈ പ്രശ്നം ഉമ്മന്‍ചാണ്ടിക്കെതിരായുള്ള ഗൂഢാലോചനയാണെന്ന് കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സജീവമായി. നിയമസഭയില്‍ ഈ ചര്‍ച്ചകള്‍ പുറത്തുവന്നപ്പോള്‍ ഈ പ്രശ്നങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസുകാരാണ് എന്നുതന്നെയുള്ള വസ്തുതകള്‍ പുറത്തുവന്നു. എല്‍ഡിഎഫ് അധികാരമേറ്റതിന്റെ മൂന്നാം നാള്‍ പരാതി എഴുതിവാങ്ങി തുടങ്ങിയ ആരോപണങ്ങളെല്ലാം നിയമസഭയില്‍ തുറന്നുകാട്ടപ്പെട്ടു. ദല്ലാള്‍ മുഖാന്തരം പ്രതിയുടെ കത്ത് പണം കൊടുത്തുവാങ്ങിയ ചാനലിന്റെ മുഖവും തുറന്നുകാട്ടപ്പെട്ടു. ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസുകാര്‍ക്ക് തന്നെയാണെന്ന യാഥാര്‍ത്ഥ്യം കേരളീയ സമൂഹം മനസ്സിലാക്കിയിട്ടുണ്ട്.

പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ സഹതാപ തരംഗമുണ്ടാക്കുന്നതിന് പ്രവര്‍ത്തിച്ച ആളുകള്‍ തന്നെയാണ് സോളാര്‍ തട്ടിപ്പും, അതുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതികളും മുന്നോട്ടുകൊണ്ടുവന്നത് എന്ന് വ്യക്തമാണ്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ അത് നിയമസഭയില്‍ വന്നത് ആ വിജയം ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നവരെ തുറന്നുകാട്ടുന്നതാണ്; അവരുടെ മുഖത്തേറ്റ അടിതന്നെയാണ്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം ചര്‍ച്ചയ്ക്കെടുത്തപ്പോഴും പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ തകരുന്നതും നിയമസഭയില്‍ നാം കണ്ടതാണ്. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെപ്പോലും എതിര്‍ക്കാന്‍ തയ്യാറാവാത്ത യു.ഡി.എഫ് നയവും ഈ നിയമസഭയില്‍ തുറന്നുകാട്ടപ്പെട്ടു. കേരള ജനതയെ വിഡ്ഢികളാക്കാന്‍ പരിശ്രമിച്ചവര്‍ക്ക് തിരിച്ചടിയായി അത് മാറി. ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ ഇവര്‍ നാളെ വരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണാന്‍ കേരളം കാത്തിരിക്കുകയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − nineteen =

Most Popular