ഇരുപത്തിനാലുവർഷം മുമ്പ് 1999ൽ ആണ്, 1997–98ലെ സാമ്പത്തികപ്രതിസന്ധിയെ തുടർന്നാണ് ജി 20 രൂപീകരിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലുതും വളർന്നുവരുന്നതുമായ 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് അധികൃതരുടെയും കൂട്ടായ്മയായാണ് അത് അന്നു സംഘടിപ്പിക്കപ്പെട്ടത്. 2008ലും 09ലും കൂടുതൽ രൂക്ഷമായ ആഗോള സാമ്പത്തികപ്രതിസന്ധി ഉണ്ടായി. അവയെ തുടർന്നു ഈ പ്രശ്നം ധനമന്ത്രിമാർ മാത്രം ശ്രമിച്ചാൽ പരിഹരിക്കപ്പെടുന്നതല്ല എന്നും അതിനാൽ പ്രസിഡന്റോ പ്രധാനമന്ത്രിയോ പോലുള്ള ഭരണത്തലവന്മാർതന്നെ പങ്കെടുക്കണമെന്നും തീരുമാനിക്കപ്പെട്ടു. അത്തരത്തിൽ ജി 20 രാഷ്ട്രത്തലവന്മാരുടെ യോഗം ചേരാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തിലേറെയായി.
ജി 20 യോഗത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ആസ്ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ, ഇന്തോനേഷ്യ, ചെെന, ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, റഷ്യ, ഇറ്റലി, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, കനഡ, അമേരിക്ക, മെക്സിക്കോ, അർജന്റീന, ബ്രസീൽ, യൂറോപ്യൻ യൂണിയൻ എന്നിവയാണ്. ഇവയ്ക്കുപുറമെ ബംഗ്ലാദേശ്, ആഫ്രിക്കൻ യൂണിയൻ അധ്യക്ഷത വഹിക്കുന്ന കോമൊറോസ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലൻഡ്സ്, നെെജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യുഎഇ എന്നീ പത്തുരാജ്യങ്ങൾ പ്രത്യേകം ക്ഷണിക്കപ്പെട്ടവരായി പങ്കെടുത്തു. ഇവയ്ക്കുപുറമെ എഡിബി, ഐഎൽഒ, ഐഎംഎഫ്, ഒഇസിഡി, യുഎൻ, ലോകബാങ്ക്, ഡബ്ല്യുഎച്ച്ഒ, ഡബ്ല്യുടിഒ എന്നിങ്ങനെ പതിനൊന്നു അന്താരാഷ്ട്ര സംഘടനകളും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
യോഗം നടന്നത് സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിൽ വച്ചായിരുന്നു. ഇത് ജി 20ന്റെ പതിനെട്ടാമത്തെ യോഗമാണ്. ഇന്ത്യയിൽ ചേരുന്നത് ഇതാദ്യമാണ്. അത് മോദി സർക്കാരിന്റെ കേമത്തം കൊണ്ടൊന്നുമല്ല. ഓരോരോ രാജ്യങ്ങളിലായി ആ യോഗം ചേരുമ്പോൾ ഇന്ത്യയുടെ നറുക്ക് വീണത് ഇപ്പോൾ മാത്രമായതുകൊണ്ടാണ്. പ്രധാനമന്ത്രിയുടെ വ്യക്തി മാഹാത്മ്യം കൊണ്ടോ അന്തർദേശീയതലത്തിൽ അദ്ദേഹത്തിനുള്ള അംഗീകാരം കൊണ്ടോ ആണ് ജി 20 ഇത്തവണ ഇവിടെ നടക്കുന്നത് എന്ന തരത്തിലുള്ള വ്യാഖ്യാനം ചില മാധ്യമങ്ങളും സംഘപരിവാർ കേന്ദ്രങ്ങളും നൽകിക്കാണുന്നതുകൊണ്ടാണ് ഇക്കാര്യം ഇവിടെ എടുത്തുപറയുന്നത്.
ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന കടലിലൂടെയും കരയിലൂടെയുമുള്ള പാത തുറക്കാൻ തീരുമാനമായതും ആഗോള ജെെവ ഇന്ധന സഖ്യം രൂപീകരിച്ചതുമാണ് രണ്ടു പ്രധാന തീരുമാനങ്ങൾ. ചെെന ഏതാനും വർഷം മുമ്പ് യൂറോപ്പിലേക്ക് കരമാർഗം പുതിയ പാത തുറന്ന ബെൽട്ട് ആൻഡ് റോഡ് സംരംഭത്തിനു ബദലായിട്ടാണ് ഇന്ത്യ–പശ്ചിമേഷ്യ–യൂറോപ്പ് പാത അമേരിക്കയുടെയും മറ്റും പ്രേരണയിൽ നിർദേശിക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമാണ്. ബെൽട്ട് ആൻഡ് റോഡ് പാത വഴി ചെെന വ്യവസായ–വ്യാപാരരംഗത്ത് ആർജിച്ചിരിക്കുന്ന മുൻ കെെയോ ബദലോ ആയാണ് ഈ നിർദേശം എന്നു വ്യക്തമാണ്. ചെെന കരയിലൂടെ തീവണ്ടിയും മോട്ടോർ വാഹനങ്ങളും ഉപയോഗിച്ചാണ് ഏഷ്യയുടെ കിഴക്കേ അറ്റത്തുനിന്ന് യൂറോപ്പിന്റെ പിടിഞ്ഞാറെ അറ്റത്തേക്ക് പാതപണിയുന്നത്. ജി 20ന്റെ ബദൽ അറബിക്കടൽ, പശ്ചിമേഷ്യയിലെ ചില രാജ്യങ്ങൾ മെഡിറ്ററേനിയൻ കടൽ, യൂറോപ്പിലെ രാജ്യങ്ങൾ എന്നിങ്ങനെയാണ്. ഇത് എത്ര ഏഷ്യൻ –ആഫ്രിക്കൻ രാജ്യങ്ങൾക്ക് പ്രയോജനപ്പെടുമെന്നത് പരിഗണിക്കേണ്ട വിഷയമാണ്.
ചെെനയുമായി അന്താരാഷ്ട്ര വ്യാപാരരംഗത്തും മറ്റും മത്സരിക്കാനാണ് ജി 20ന്റെ ഇന്ത്യയെ ഉപയോഗിച്ചുള്ള നീക്കം. പക്ഷേ, മധേ-്യഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും രാജ്യങ്ങളിലെ ആളുകൾക്കും ഉൽപ്പന്നങ്ങൾക്കും പശ്ചിമയൂറോപ്പിലും തിരിച്ചും എത്തിപ്പെടാൻ പുതിയതും എളുപ്പവുമായ ഒരു മാർഗം സൃഷ്ടിക്കുകയാണ് ചെെന ബെൽറ്റ് ആൻഡ് റോഡ് മുൻകെെ വഴി ചെയ്തത്. അത് ആ പ്രദേശങ്ങളുടെ വാണിജ്യ വ്യാപാരം ഉൾപ്പെടെ ബഹുമുഖ വികസനത്തിനു വഴിയൊരുക്കും. അങ്ങനെയൊന്നു ജി 20ന്റെ നിർദേശം ചെയ്യുമോ ഇപ്പോൾ ഉള്ളതിൽനിന്ന് കൂടുതലായി എന്ന ചോദ്യമുണ്ട്.
ഇത്തവണ ജി 20 യോഗം ആരംഭിച്ച് മണിക്കൂറുകൾക്കകം അതിന്റെ സംയുക്ത പ്രസ്താവന പുറത്തുവന്നു. സാധാരണ യോഗത്തിന്റെ അവസാനമാണ് പ്രസ്താവന പ്രസിദ്ധപ്പെടുത്തുക. ജി 20 സെക്രട്ടറിയറ്റ് നേരത്തെ ചേർന്നു കൂടിയാലോചിച്ചതിന്റെ ഫലമായിരുന്നു അത്. ജി 20 രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ ദിവസങ്ങളോളം മുൻകൂറായി പ്രവർത്തിച്ചതിന്റെ ഫലമായാണ് ജി 20 സമ്മേളനത്തിന്റെ ഒന്നാം ദിവസം തന്നെ സംയുക്തപ്രസ്താവന തയ്യാറായതും അത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും. മറ്റൊരു പ്രധാന സംഭവ വികാസം– ജി 20ലെ മറ്റു രാജ്യങ്ങൾ ഉക്രയ്നും റഷ്യയും തമ്മിൽ നടക്കുന്ന യുദ്ധം സംബന്ധിച്ച് റഷ്യക്കെതിരെ കടുത്ത ഭാഷ ഒഴിവാക്കാൻ പാശ്ചാത്യനാടുകൾ തയ്യാറായതാണ്. അതിൽ ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളുടെ പങ്ക് വലുതാണ്. ജി 20ന്റെ പ്രഖ്യാപനം റഷ്യ– ഉക്രയ്ൻ യുദ്ധത്തെ ശക്തിയായി അപലപിച്ചിട്ടുണ്ട്. റഷ്യ നിരുപാധികം പിന്മാറണമെന്നു ആവശ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അതിനു ഉപയോഗിച്ചിരിക്കുന്ന ഭാഷ അത്ര കടുത്തതല്ലാതാക്കി. പക്ഷേ, ഇതുകൊണ്ടൊന്നും റഷ്യൻ നിലപാടിൽ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല.
അമേരിക്കയും അതിന്റെ പശ്ചിമയൂറോപ്യൻ സഖികളും നിലപാടിൽ മാറ്റം വരുത്തിയതായി കാണുന്നില്ല. സംയുക്ത പ്രസ്താവനയിലെ ഭാഷ അധ്യക്ഷനായ ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടേതായാണ് പരിഗണിക്കപ്പെടുന്നത്. വൻശക്തികൾ ജി 20 പോലുള്ള യോഗങ്ങളുടെ തീരുമാനങ്ങളെയും അവ ഉപയോഗിച്ചുവന്ന ഭാഷയെയും ഇത്തവണ ഏറെ മിതപ്പെടുത്തിയിട്ടുണ്ട്. പുതിയ പ്രദേശങ്ങൾ കയ്യടക്കാനും പ്രശ്നതർക്കങ്ങൾ പരിഹരിക്കുന്നതിനും ബലപ്രയോഗം നടത്തരുത് എന്നും പ്രസ്താവന പറയുന്നു. ആണവായുധങ്ങളുടെ പ്രയോഗം അനുവദിക്കാനാവില്ല എന്നും. ഇവയൊക്കെ മൂന്നാം ലോകരാജ്യ സമീപനമായാണ് കരുതപ്പെടുന്നത്.
കരിങ്കടലിലൂടെ ഭക്ഷ്യധാന്യങ്ങൾ കയറ്റി അയക്കുന്നതിനു ഉക്രയ്നെ അനുവദിക്കുന്നത് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടു മാത്രമേ സംയുക്ത പ്രസ്താവനയിൽ റഷ്യയെക്കുറിച്ച് പരാമർശമുള്ളൂ. ഉക്രയ്നിന്റെ ധാന്യക്കയറ്റുമതി പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രസ്താവനയിലെ മൃദുഭാഷ സഹായിക്കുന്നപക്ഷം ലോകത്തിലെ നാനാഭാഗങ്ങളിലുള്ള രാജ്യങ്ങൾക്ക് അത് ആശ്വാസപ്രദമാകും. കാരണം ഉക്രയ്നിലെ ധാന്യമാണ് ലോകത്തിലെ നിരവധി രാജ്യങ്ങളിലെ വിശപ്പ് അകറ്റുന്നത്. അതുകൊണ്ടാണ് ഉക്രയ്നെ ലോകത്തിന്റെ ധാന്യപ്പുര എന്നു വിശേഷിപ്പിക്കുന്നത്.
മോട്ടോർ വാഹനങ്ങൾക്കും മറ്റുമുള്ള ഇന്ധനമായി പെട്രോളിയം ഉൽപ്പന്നങ്ങൾക്കുപകരം ജെെവ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ചാണ് വേറൊരു നിർദേശം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‍സെെഡിന്റെ അംശം കുറയ്ക്കുന്നതിനാണ് അത്. അന്തരീക്ഷ താപനില വർധിക്കുന്നത് പരമാവധി 1.5–2 ഡിഗ്രി സെന്റി ഗ്രേഡായി കുറയ്ക്കുകയാണ് ലക്ഷ്യം. അതിനുവേണ്ടി ഈ മാറ്റം വരുത്തുന്നത് ഒരു ഭാഗത്ത് എണ്ണ ഉൽപ്പാദക രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. മറുഭാഗത്ത് അത്രയും ജെെവ ഇന്ധനം നിർമിക്കേണ്ടതുണ്ട്. അല്ലെങ്കിൽ സൗരോർജം പോലെ ശുദ്ധ ഊർജം ഉൽപ്പാദിപ്പിക്കണം. രണ്ടിനായാലും വലിയചെലമുണ്ട്. പുതിയ സാങ്കേതികവിദ്യയും വേണം. ഇതെല്ലാം സംബന്ധിച്ച് ലോക ജനതയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ ബദൽ ഊർജ സ്രോതസ്സുകൾ ആവശ്യാനുസരണം ലഭ്യമാക്കണം. ഇങ്ങനെ ചെയ്യുമ്പോൾ വിവിധ ലോകരാജ്യങ്ങളെയും അവയിലെ ജനങ്ങളെയും അവയുടെയെല്ലാം നാനാതരത്തിലുള്ള പ്രവർത്തനങ്ങളെയും സാരമായി ബാധിക്കാത്തരീതിയിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ജി 20 യോഗം എല്ലാ വർഷംവും നടന്നുവരുന്ന പ്രക്രിയയാണ്. അതിലാണ് അതത് കാലത്ത് പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനം കെെക്കൊള്ളുക. ചിലതിൽ വേഗം തീരുമാനമാകും. ചിലവ അംഗരാജ്യങ്ങളിൽ ചിലതിന്റെ നിർബന്ധത്തിനു വഴങ്ങി മാറ്റിവയ്ക്കേണ്ടിവരും. അമേരിക്കയെയോ റഷ്യയെയോ ചെെനയേയോ സംബന്ധിക്കുന്ന ചില കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ അവ എതിർക്കും. അത് പ്രശ്നം സൃഷ്ടിക്കും. ഉക്രയ്ൻ സംബന്ധിച്ച് അത്തരം ഒരു സ്ഥിതി ഇപ്പോഴുണ്ട്. അത് കൂടിയാലോചനയിലൂടെ പരിഹരിക്കേണ്ടിവരും. അല്ലെങ്കിൽ അത് സങ്കീർണ പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഇത്തവണത്തെ ജി 20 യോഗത്തിന്റെ പ്രത്യേകത ഇന്ത്യ അതിന്റെ അധ്യക്ഷ പദം വഹിക്കുമ്പോൾ ഡൽഹിയിൽ വച്ചു നടക്കുന്നു എന്നതാണ്. അമേരിക്ക, റഷ്യ, ചെെന എന്നീ രാജ്യങ്ങളുടെ നിലപാടുകൾ നേരത്തെ അറിവുള്ളതാണ്. അവയുമായി യോജിച്ചു പോകുന്ന തീരുമാനങ്ങൾ മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ. അത് ജി 20 ലായാലും ഐക്യരാഷ്ട്ര സഭയിലായാലും ശരി. ഇത്തവണത്തെ ജി 20 യോഗത്തിന്റെ പ്രത്യേകത അത് ഇന്ത്യയിൽ നടക്കുന്നു എന്നു മാത്രമല്ല. അതിന്റെ അധ്യക്ഷപദം വഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടമായി അമേരിക്കയുടെ പക്ഷം പിടിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെയാണ് റഷ്യയിൽനിന്നും വിദേശകാര്യ മന്ത്രിയെയും ചെെനയിൽനിന്ന് പ്രസിഡന്റിനുപകരം പ്രധാനമന്ത്രിയെയും ജി 20 യോഗത്തിൽ പങ്കെടുക്കാൻ നിയോഗിച്ചത്. അതേസമയം മോദിക്ക് ജി 20 അധ്യക്ഷപദവിയിൽ ഇരുന്നുകൊണ്ട് തീർത്തും അമേരിക്ക അനുകൂല നിലപാടെടുക്കാനും കഴിഞ്ഞില്ല.
സ്വാതന്ത്ര്യം ലഭിച്ചകാലം മുതൽ ഇതേവരെ ഇന്ത്യ ഏതെങ്കിലും വൻശക്തിയുടെ പക്ഷം പ്രകടമായി പിടിക്കാത്ത നിലപാടായിരുന്നു കെെക്കൊണ്ടിരുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ഇന്ത്യ അമേരിക്കയുടെ പക്ഷം പട്ടാങ്ങായി പിടിച്ചിരിക്കുകയാണ്. ഇന്ത്യക്ക് ലോക രാഷ്ട്രങ്ങൾക്കിടയിൽ മുമ്പ് ലഭിച്ചിരുന്ന അംഗീകാരം, പരിഗണന ലഭിക്കുന്നതിനു ഇത് തടസ്സം സൃഷ്ടിക്കുന്നു. ജി 20 യോഗം നന്നായി നടന്നു എങ്കിലും, അതിന്റെ തീരുമാനങ്ങളിൽ അവ രാജ്യത്തിനു ഉണ്ടാക്കുന്ന സൽപേരിൽ മോദിയുടെ ഈ അമേരിക്കൻ ആശ്രിതത്വം കളങ്കം ചാർത്തിയിരിക്കുകയാണ്. ♦