Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിമണിപ്പൂർ 
തുടക്കംമാത്രമോ?

മണിപ്പൂർ 
തുടക്കംമാത്രമോ?

കെ ജെ ജേക്കബ്

ണിപ്പൂരിലെ നിയമപാലന സംവിധാനം പരിപൂർണ്ണമായി തകർന്നിരിക്കുകയാണ്’.
സുപ്രീം കോടതി,
ഓഗസ്റ്റ് 1, 2023

“അതൊരു റിപ്പോർട്ട് മാത്രമാണ്, അല്ലാതെ യഥാർത്ഥത്തിൽ നടന്ന ഒരു കുറ്റകൃത്യമല്ല’.
സുപ്രീം കോടതി,
സെപ്തംബർ 12, 2023

ജനാധിപത്യത്തിൽ നടക്കേണ്ടതൊന്നുമല്ല മണിപ്പൂരിൽ നടക്കുന്നത് എന്ന് മനസ്സിലാകണമെങ്കിൽ ഒന്നര മാസത്തെ വ്യത്യാസത്തിൽ സുപ്രീം കോടതി നടത്തിയ ഈ രണ്ടു പരാമർശങ്ങൾ നോക്കിയാൽ മതി. ഗോത്രവർഗ്ഗക്കാരും അല്ലാത്തവരുമായ ജനങ്ങൾ സംഘടിച്ചു പരസ്പരം ആക്രമണം നടത്തുകയും കൊല്ലുകയും വീടുകളും സ്‌ഥാപനങ്ങളും കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ആ സംസ്‌ഥാനത്തിപ്പോൾ. കഴിഞ്ഞ നാലുമാസമായി ഇത് തുടരുന്നു, ഏറിയും കുറഞ്ഞും.

ഇക്കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ പറ്റിയില്ലെന്നു മാത്രമല്ല, അക്രമവും കൊള്ളയും നടക്കുമ്പോൾ ഫലപ്രദമായ ഇടപെടൽ നടത്താൻ പോലും അവിടത്തെ സർക്കാർ തയ്യാറായില്ല. എന്നുമാത്രമല്ല, അവിടത്തെ ഭൂരിപക്ഷ സമുദായമായ മെയ്തികൾക്കൊപ്പമാണ് സർക്കാർ നിലകൊണ്ടത് എന്ന ഗുരുതരമായ ആരോപണവും ബി ജെ പിക്കാരനായ ബീരേൻ സിംഗ് നയിക്കുന്ന സർക്കാരിനെതിരെയുണ്ട്. ഒപ്പം അവിടത്തെ മാധ്യമങ്ങളും ഒരു വിഭാഗത്തിനനുകൂലമായി തികച്ചും പക്ഷപാതപരമായ റിപ്പോർട്ടിങ്ങാണ് നടത്തിയത് എന്നും ആരോപണമുയർന്നു.

പക്ഷപാതപരമായ മാധ്യമ ഇടപെടലിനെക്കുറിച്ചുള്ള പരാതിയെത്തുടർന്നാണ് മാധ്യമങ്ങളുടെ എഡിറ്റർമാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സീമ ഗുഹ, ഭരത് ഭൂഷൺ, സഞ്ജയ് കപൂർ എന്നിവരടങ്ങിയ ഒരു മൂന്നംഗ വസ്തുതാന്വേഷണ സംഘത്തെ മണിപ്പൂരിലേക്കയക്കുന്നത്. സംഘം ആഗസ്ത് ഏഴു മുതൽ പത്തു വരെ സംസ്‌ഥാനം സന്ദർശിച്ചിരുന്നു.

അക്രമസംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പരിശോധിക്കുക, അവ പലരും പരാതിപ്പെട്ടതുപോലെ പക്ഷപാതപരവും വിഭജനമനോഭാവം സൃഷ്ടിക്കുന്നവയുമായിരുന്നോ എന്ന് അന്വേഷിക്കുക, സംഭവങ്ങളുടെ കവറേജ് സമൂഹത്തിലെ ഛിദ്രം വർധിപ്പിക്കുന്നതായിരുന്നോ , ഇന്റർനെറ്റ് വിച്ഛേദനം മാധ്യമങ്ങളുടെ പ്രവർത്തനത്തെ എങ്ങനെ ബാധിച്ചു എന്നീ കാര്യങ്ങൾ അന്വേഷിച്ചു രേഖപ്പെടുത്തുക എന്നിവയായിരുന്നു സംഘത്തിനുള്ള ഉത്തരവാദിത്തങ്ങൾ.

സെപ്റ്റംബർ രണ്ടിന് സംഘം അതിന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നു; തൊട്ടടുത്ത ദിവസം, മൂന്നാം തിയതി, സംഘാംഗങ്ങൾക്കും എഡിറ്റേഴ്സ് ഗിൽഡ് അധ്യക്ഷ സീമ മുസ്തഫയ്ക്കുമെതിരെ മണിപ്പൂർ സർക്കാർ കേസെടുക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ മാനനഷ്ടം, വിവിധ വിഭാഗം ആളുകൾക്കിടയിൽ സ്പർധയുണ്ടാക്കൽ എന്നിവയ്ക്കെതിരെയുള്ള പല വകുപ്പുകൾ ചേർത്താണ് നടപടി. സംഘം കൂടുതൽ അക്രമമുണ്ടാക്കാൻ കാരണമാകുന്ന തരത്തിലാണ് പ്രവർത്തിച്ചത് എന്ന് പിറ്റേന്ന് മുഖ്യമന്ത്രി അഭിപ്രായവും പറഞ്ഞു.

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു പത്രാധിപ സംഘം നൽകിയ കേസിൽ സുപ്രീം കോടതി നടത്തിയ പരാമർശമാണ് മുകളിൽ രണ്ടാമതായി കൊടുത്തിരിക്കുന്നത്.

***

ദൂതനെ കൊല്ലരുത് (Don’t shoot the messenger) എന്നൊരു ഇംഗ്ലീഷ് പ്രയോഗമുണ്ട്. ഒരു വാർത്ത അറിയിക്കാനായി വരുന്ന ആളെ വാർത്തയുടെ പേരിൽ ഉപദ്രവിക്കരുത് എന്നാണ് അതിന്റെ അർഥം. ആരോ ഒരാൾ കൊടുത്തുവിടുന്ന വിവരം അയാൾ നിങ്ങൾക്ക് തരുന്നു എന്നേയുള്ളൂ; ആ വാർത്തയ്ക്കാധാരമായ സംഭവത്തിനുമേൽ അയാൾക്ക്‌ ഉടമസ്‌ഥതയോ ഉത്തരവാദിത്വമോ ഇല്ല. അത് നിങ്ങൾക്ക് അഹിതകരമാണ് എങ്കിൽത്തന്നെ അയാളെ കൊന്നതുകൊണ്ട് ആ പ്രശ്നം തീരില്ല താനും. അതവിടെയുണ്ട്. നിങ്ങൾ അതിനെ നേരിടണം.

മണിപ്പൂരിലെ സാധാരണ താമസക്കാരായ മെയ്തികൾക്കു പട്ടികവർഗ്ഗ പദവി നൽകാൻ മന്ത്രിസഭ ശുപാർശ ചെയ്യണം എന്ന ഈ വർഷം മാർച്ച് 27 ന്റെ ഹൈക്കോടതി ഉത്തരവും അതിനെതിരെ അപ്പീൽ നൽകാൻ സംസ്‌ഥാന സർക്കാർ തയാറാകാതിരുന്നതുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂലകാരണം. വിവരമറിഞ്ഞ ഗോത്രവർഗക്കാരായ കുക്കികൾ അടുത്ത ദിവസം ഒരു പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തു. വനം കൈയേറിയ ആളുകളെ കണ്ടെത്താൻ നടത്താനിരുന്ന ഒരു സർവ്വേയും കുക്കികളിൽ അസ്വസ്‌ഥതയുളവാക്കി; ആ നീക്കം തങ്ങളെ സ്വന്തം താമസസ്‌ഥലങ്ങളിൽനിന്നു കുടിയിറക്കാനാണെന്ന് അവർ ഭയപ്പെട്ടു. എപ്രിൽ 28 ന് നടന്ന ഹർത്താലിൽ പലയിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. ഇതിനെത്തുടർന്നാണ് വ്യാപകമായി കുക്കികൾക്കു നേരെ അക്രമമുണ്ടായത്.
വ്യാജവാർത്തകൾ മണിപ്പൂർ ആക്രമണത്തിന് ഇന്ധനം നൽകിയെന്ന് ഇപ്പോൾ സ്പഷ്ടമാണ്. രണ്ടു സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത, മനുഷ്യരെയാകെ നടുക്കിയ സംഭവം തന്നെ മറുവിഭാഗത്തെ സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു എന്ന വ്യാജവാർത്തയുടെ പ്രതികരണമായിരുന്നു എന്നാണ് ഇപ്പോൾ മനസിലാകുന്നത്.

വാർത്തകളുടെ സത്യസ്‌ഥിതി അറിയുക എന്നത് ഈ പശ്ചാത്തലത്തിൽ ഏറ്റവും അത്യാവശ്യമുള്ള കാര്യമായി മാറുന്നത് അങ്ങനെയാണ്; എഡിറ്റേഴ്സ് ഗിൽഡിന്റെ അന്വേഷണത്തിന്റെ സാധുതയും അതുതന്നെ.

എന്തായിരുന്നു സംഘത്തിന്റെ കണ്ടെത്തലുകൾ?
പ്രാഥമികമായ കണ്ടെത്തൽ ഇരുവിഭാഗത്തിലും പെട്ട മാധ്യമപ്രവർത്തകർ അതാതു ഭാഗത്തെ ന്യായീകരിക്കാനുള്ള വാർത്തകൾ കൊടുക്കാനുള്ള സമ്മർദ്ദത്തിലായിരുന്നു. ‘‘ഫോണും ഇന്റർനെറ്റും നിഷേധിക്കപ്പെട്ടതോടെ വിവരശേഖരണം അങ്ങേയറ്റം ബുദ്ധിമുട്ടായി. വാർത്തകൾ സ്‌ഥിരീകരിക്കാനോ ക്രോസ്സ് ചെക്ക് ചെയ്യാനോ ഒരു സാധ്യതയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഊഹാപോഹങ്ങൾ സമൂഹത്തിൽ പ്രചരിപ്പിച്ചു’’, ഒരു സീനിയർ എഡിറ്റർ സംഘത്തോട് പറഞ്ഞു. ചുരാചന്ദ്പൂറിലെ മെഡിക്കൽ കോളേജിൽ മെയ്തി വിഭാഗത്തിൽപ്പെട്ട ഡോക്ടർമാരും വിദ്യാർത്ഥികളും ബലാൽസംഗം ചെയ്യപ്പെട്ടു എന്ന വ്യാജവാർത്തയാണ് വലിയ തോതിൽ അതിക്രമത്തിന് വഴിവെച്ചത് എന്ന് റിപ്പോർട്ട് പറയുന്നു. അവിടെ മെയ്തികളുടെ വീടുകൾ ആക്രമിക്കപ്പെട്ടു എന്നത് ശരിയാണ് പക്ഷേ ലൈംഗികാതിക്രമങ്ങൾ നടന്നില്ല എന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. മെയ്തി വിഭാഗത്തിൽപ്പെട്ട പത്രപ്രവർത്തകർ കുക്കി സ്ത്രീകൾക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ചിരുന്നു. അത് തങ്ങൾക്കു നാണക്കേടുണ്ടാക്കി എന്നും അവർ നിലപാടെടുത്തു.

എന്നാൽ മാധ്യമങ്ങളുടെ ആകെ കവറേജ് നോക്കുമ്പോൾ തലസ്‌ഥാനമായ ഇംഫാലിലെ മാധ്യമങ്ങൾ മെയ്തി മാധ്യമങ്ങളായി മാറി എന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. അതിനു പല കാരണങ്ങളുണ്ട്. കുക്കികൾ താമസിക്കുന്ന മലമ്പ്രദേശങ്ങളിലെ റിപ്പോർട്ടർമാർ പലരും കുക്കികളായിരിക്കും. അവർക്ക് ഇന്റർനെറ്റ് ലഭ്യമല്ലാതെ വന്നപ്പോൾ റിപ്പോർട്ടുകൾ പലതും ഓഫീസിലെത്താതായി. “‘എത്തിയവയിൽ പലതും ഒന്നുകിൽ ഉപേക്ഷിക്കപ്പെടുകയോ അല്ലെങ്കിൽ ചെറുതാക്കപ്പെടുകയോ ചെയ്‌തു’’, എന്ന് ഒരു കുക്കി ലേഖകൻ സംഘത്തോട് പറഞ്ഞു.

മെയ് മൂന്നിന് നടന്ന സംഭവങ്ങൾ ഉത്തരവാദിത്വത്തോടെയാണ് ഇംഫാലിലെ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തത് എന്ന് സംഘം കണ്ടെത്തി. എന്നാൽ ആക്രമണങ്ങളെപ്പറ്റിയുള്ള ചെറു വിഡിയോകൾ വാട്സ്ആപ്പിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും വന്നു തുടങ്ങിയതോടെ ഈ സ്‌ഥിതി പെട്ടെന്ന് മാറി.

മാധ്യമങ്ങൾ എങ്ങനെ ഏകപക്ഷീയമായി മെയ്തികളെ അനുകൂലിച്ചു റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു എന്നതിന് നിരവധി ഉദാഹരണങ്ങൾ നിരത്തിയ സംഘം എത്തിച്ചേർന്ന നിഗമനങ്ങൾ ഇവയാണ്:

ഒന്ന്: അക്രമങ്ങൾ നടക്കുമ്പോൾ മാധ്യമങ്ങളിൽ ഒരു വിഭാഗത്തിനനുകൂലമായ റിപ്പോർട്ടുകൾ നൽകി. എഡിറ്റർമാരുടെയും ബ്യുറോ ചീഫുമാരുടെയും മേൽനോട്ടം ഉണ്ടാകേണ്ടതാണ്; അതുണ്ടായില്ല.

രണ്ട്: ഫോണും ഇന്റർനെറ്റും ഇല്ലാതിരുന്നതിനാൽ റിപ്പോർട്ടർമാർക്ക് അവരുടെ എഡിറ്റർമാരോടോ മറ്റു മേധാവികളോടോ സുരക്ഷാ ഏജൻസികളോടോ അവരുടെ വാർത്താ സോഴ്‌സുകളോടോ സാധാരണ ബന്ധം പുലർത്താനായില്ല.

മൂന്ന്: ഇംഫാലിലെ മീഡിയ മിക്കവാറും മെയ്തി മീഡിയയാണ്; അവരുടെ എഡിറ്റർമാർ ഒത്തുചേർന്നു പരസ്പരം അംഗീകരിച്ച ഒരു ആഖ്യാനം വാർത്തകളായി പ്രചരിപ്പിക്കുന്ന സ്‌ഥിതിയുണ്ട്. തീവ്രവാദികളുടെ ആക്രമണ കാലത്തു തുടങ്ങിയ ഒരു സംവിധാനമാണിത്; ഇത് പക്ഷേ പത്രപ്രവർത്തനത്തിന്റെ അന്തഃസത്തയ്‌ക്കെതിരാണ്; രണ്ട് വിഭാഗം ജനങ്ങൾ ഏറ്റുമുട്ടുമ്പോൾ ഇത് വാർത്തകളെ ബാധിക്കും. ഇത് ഇക്കുറി ഇവിടെ സംഭവിച്ചു.

നാല്: ഇന്റർനെറ്റും ഫോണുമൊന്നും ലഭ്യമല്ലാതായതോടെ മാധ്യമങ്ങൾക്കു സർക്കാർ ഏജൻസികളെ മാത്രമായി ആശ്രയിക്കേണ്ടതായി വന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഇത് മെയ്തികൾക്കനുകൂലമായി വാർത്തകളെ സ്വാധീനിക്കാൻ ഉപയോഗിച്ചു.

അഞ്ച്: ആസാം റൈഫിൾസ് പോലുള്ള സുരക്ഷാ വിഭാഗത്തെക്കുറിച്ച് അനാവശ്യമായ കാര്യങ്ങൾ മെയ്തി മാധ്യമങ്ങൾ പ്രചരിപ്പിച്ചു.

ആറ്: സംസ്‌ഥാന ഭരണ നേതൃത്വം കൃത്യമായും ഒരു വിഭാഗത്തിനനുകൂലമായി പ്രവർത്തിച്ചു എന്നതിന് തെളിവുകളുണ്ട്.

ഏഴ്: അതുകൊണ്ടുതന്നെ ഭരണകൂടവും നിക്ഷ്പക്ഷത വിട്ട് ഒരു വിഭാഗത്തിനനുകൂലമായി പ്രവർത്തിച്ചു.

എട്ട്: ഇന്റർനെറ്റ് നിരോധിച്ചത് തെറ്റായ കാര്യമായിരുന്നു.

ഒൻപത്: ഇനി ഇന്റർനെറ്റ് നിരോധിക്കുമ്പോൾ സർക്കാർ കരുതൽ എടുക്കേണ്ടതുണ്ട്.

പത്ത്: നിരോധനാജ്ഞ പുറപ്പെടുവിക്കുമ്പോൾ ശരിയായ വാർത്തകൾ മാധ്യമങ്ങൾക്കു ലഭിക്കുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തണം.

ഒരു ജനാധിപത്യ സർക്കാർ എടുക്കുന്ന നടപടികൾ എങ്ങനെ തെറ്റാകുന്നു; അവ എങ്ങനെ മാധ്യമങ്ങളെ സ്വാധീനിക്കുന്നു, അവ എങ്ങനെ സാമൂഹ്യക്രമത്തെയും സ്വൈര്യ ജീവിതത്തെയും അപകടപ്പെടുത്തുന്നു, അവ എങ്ങനെ ഒഴിവാക്കണം എന്നിങ്ങനെ സമൂഹത്തിനും സർക്കാരിനും ഉപകാരപ്രദമായ കാര്യങ്ങൾ മാത്രമടങ്ങിയ ഒരു റിപ്പോർട്ടിനുനേരെയാണ് ഇപ്പോൾ മണിപ്പൂർ സർക്കാർ തിരിഞ്ഞിരിക്കുന്നത്.

ശരിയാണ്, മണിപ്പൂർ സർക്കാർ കാണിച്ച നീതി നിഷേധത്തെപ്പറ്റി, പക്ഷപാതിത്വത്തെപ്പറ്റിയൊക്കെ റിപ്പോർട്ടിൽ അക്കമിട്ടു പറഞ്ഞിട്ടുണ്ട്. ഒന്നുകിൽ സർക്കാർ അവയെ വസ്തുതാപരമായി നിഷേധിക്കണം; അല്ലെങ്കിൽ അവ അംഗീകരിച്ചു തിരുത്തൽ പ്രക്രിയ തുടങ്ങണം. അതാണ് ജനാധിപത്യ മര്യാദ. എന്നാൽ പരിപൂർണമായും നിയമസമാധാന നില തകർന്നു എന്ന് സുപ്രീം കോടതി സാക്ഷ്യപ്പെടുത്തിയ ഒരു സർക്കാർ ഒരിക്കലും അങ്ങനെ ചെയ്യും എന്ന് നമുക്ക് പ്രതീക്ഷിക്കുക വയ്യ.

ഭരണഘടനാപരമായി ഭരണം നടത്താൻ പറ്റാത്ത സംസ്‌ഥാന സർക്കാരുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഭരണഘടനതന്നെ അനുശാസിക്കുന്നുണ്ട്. അനുച്ഛേദം 355 അനുസരിച്ച് ക്രമസമാധാനനില ഫലത്തിൽ കേന്ദ്രത്തിന് ഏറ്റെടുക്കാം; അനുച്ഛേദം 356 അനുസരിച്ച് സംസ്‌ഥാന സർക്കാരിനെ പിരിച്ചുവിടാം.

1959-ൽ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടതുമുതൽ ആവശ്യത്തിനും അനാവശ്യത്തിനും ഈ ഭരണഘടനാ വ്യവസ്‌ഥകൾ കേന്ദ്രം ഈ കാലത്തിനിടയിൽ പല പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്; എന്നാൽ നാലുമാസമായി കൊള്ളയും കൊലയും തീവയ്പും നടക്കുന്ന സംസ്‌ഥാനത്ത്‌– ഇതുവരെ 160 പേരോളം കൊല്ലപ്പെട്ടു എന്നാണ് കണക്ക്, ആയിരക്കണക്കിന് ആളുകൾ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു–. സമാധാനം പുനഃസ്‌ഥാപിക്കണം എന്ന് ഇതേവരെ കേന്ദ്ര സർക്കാരിന് ബോധ്യപ്പെട്ടിട്ടില്ല.

അതിനർത്ഥം സംസ്‌ഥാന സർക്കാർ ചെയ്യുന്ന എല്ലാ നടപടികൾക്കും കേന്ദ്രം പിന്തുണ നൽകുന്നു എന്നാണ്; ഒപ്പം തങ്ങളുടെതന്നെ ഒരു സംസ്‌ഥാന സർക്കാരിന് ആഭ്യന്തര സമാധാനം ഉറപ്പുവരുത്താൻ കഴിയുന്നില്ല എന്ന അപമാനവും അവർ മുന്നിൽ കാണുന്നു. രാഷ്ട്രീയമായ കരണങ്ങളാൽ ജനങ്ങളുടെ സ്വൈര്യ ജീവിതം താറുമാറാകുകയും പലരുടെയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടും കൂസലില്ലാതെയാണ് സംസ്‌ഥാന സർക്കാർ പെരുമാറുന്നത്.

അതിന്റെ ബാക്കിയാണ് ഇപ്പോൾ പത്രാധിപ സംഘത്തിനുനേരെയുള്ള നിയമ നടപടി. ഒരു വേള മാധ്യമസംഘത്തിന്റെ റിപ്പോർട്ടിനെ ശരിവയ്ക്കുന്നതാണ് ഈ നിലപാട്. സംസ്‌ഥാനത്തിന്‌ പുറത്തുനിന്നെത്തിയ മുതിർന്ന പത്രാധിപ സംഘം വസ്തുതകൾ റിപ്പോർട്ടുചെയ്യുമ്പോൾ കേസും നിയമ നടപടികളും കൊണ്ടാണ് സർക്കാർ അവരെ നേരിടുന്നതെങ്കിൽ സംസ്‌ഥാനത്ത്‌ പ്രവർത്തിക്കുന്ന ചെറു പത്രങ്ങളെ സർക്കാർ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക എന്നതിനു മറ്റു തെളിവുകൾ ആവശ്യമില്ല.

ഇത് മണിപ്പൂരിന്റെ മാത്രം പ്രശ്നമല്ല. ഇപ്പോൾ കേന്ദ്ര സർക്കാർ നേരിട്ടാണ് പല കാര്യങ്ങളും അവിടെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു നടപടി കേന്ദ്രത്തിന്റെ അനുമതിയോടെയാണെന്നു മാത്രമേ കണക്കാക്കാൻ പറ്റൂ. തങ്ങൾക്ക് അഹിതമായ കാര്യങ്ങൾ ചെയ്യുന്നവരെയും പ്രതിപക്ഷത്തെയും കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനത്തെയും നിയമവ്യവസ്‌ഥയെയും എൻജിൻ ദുരുപയോഗിക്കാം എന്ന കാര്യത്തിൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാരിനെ വെല്ലുന്ന മറ്റൊരു ഭരണകൂടം ജനാധിപത്യ രാജ്യങ്ങളിൽ ഉണ്ടാകാൻ ഇടയില്ല. അതുകൊണ്ടു മണിപ്പൂരിലെ നടപടി ഒരു യാദൃച്ഛികമല്ല.

മാധ്യമസംഘത്തിനു നേരെയുള്ള നടപടികൾ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്ന് നേരിടണം. ഒരാളുടെ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുമ്പോൾ എല്ലാവരുടെയും സ്വാതന്ത്ര്യം അത്രകണ്ട് കുറയുന്നു എന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ പ്രസിദ്ധമായ വാചകം ഓർത്തിരിക്കാവുന്നതാണ്. ഇന്നത് മണിപ്പൂരിൽ ആകാമെങ്കിൽ നാളെ അത് എവിടെ വേണമെങ്കിലും ആകാം.

ഓർക്കുക; ഇന്റർനെറ്റ് നിരോധിച്ചതാണ് ഒരു പ്രധാന പ്രശ്നമായി സംഘം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ എവിടെയും സംഭവിക്കാവുന്ന കാര്യമാണ്; ഇന്ത്യയിൽ മുഴുവനും വേണമെങ്കിൽ സംഭവിക്കാം. ആ നടപടിക്ക് ശേഷം തങ്ങൾക്കാവശ്യമായ വിധത്തിൽ വാർത്തകൾ ചമയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബന്ധപ്പെട്ടവർക്ക് സാധിക്കും. ഒരു രാജ്യത്തെ സമ്പൂർണ ജനാധിപത്യ നിഷേധത്തിലേക്കു നയിക്കാൻ അവർക്കു കഴിയും.

അങ്ങനെ നോക്കിയാൽ മണിപ്പൂർ ഒരു അവസാനമല്ല, തുടക്കമാണ് എന്ന് നമ്മൾ ഭയപ്പെടണം.

എഡിറ്റേഴ്സ് ഗിൽഡിന്റെ റിപ്പോർട്ട് പൂർണമായി https://editorsguild.in/wp––content/uploads/2023/09/EGI-–report-–on-–Manipur.pdf എന്നതിൽ ലഭ്യമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + fourteen =

Most Popular