സെപ്തംബർ 12ന്റെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നു പരിശോധിക്കേണ്ടതുതന്നെ. അതിനെക്കാൾ ഗംഭീരമാണ് 10–ാം തീയതി മുതലുള്ള മുഖ്യധാരാ ചാനലുകളിലെ വാർത്തകളും അന്തിച്ചർച്ചകളും. എല്ലാം ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഉമ്മൻചാണ്ടിയെ ചുറ്റിപ്പറ്റി ഉയർന്നുവന്ന ലെെംഗികാരോപണത്തിൽനിന്ന് അദ്ദേഹത്തെ വിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ റിപ്പോർട്ട്. ഉമ്മൻചാണ്ടിക്കെതിരായ ലെെംഗികാരോപണം ആദ്യമായി ബ്രേക്കിങ് ന്യൂസായി കൊടുത്ത ഏഷ്യാനെറ്റുകാരൻപോലും ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ മലക്കംമറിയുകയാണ്. 12ന്റെ മനോരമയുടെ മനോഗതം ശ്രദ്ധിച്ചശേഷം നമുക്ക് അതിലേക്കെല്ലാം തിരിയാം.
എന്തായാലും 12ന്റെ മനോരമയുടെ ഒന്നാം പേജുമുതൽ എഡിറ്റ് പേജും നേർക്കാഴ്ച പേജും വരെയുള്ള സാധനങ്ങൾ ഒരുഗ്രൻ പീസുതന്നെയാണ്. മാധ്യമങ്ങൾ നിലനിൽക്കുവോളം സൂക്ഷിച്ചുവയ്ക്കേണ്ടത്ര പ്രാധാന്യമുള്ള കിടിലൻ സാധനം. ഗൗരീന്റെ അയൽവാസികളായ പങ്കലാക്ഷിയക്കനും നാണിയക്കനും പറഞ്ഞപോലെ നാല് കുരുടർ ആനയെ കണ്ടപോലെ ഒരുസാധനമെന്നു പറയാം. എന്താത്? ഒരാൾക്ക് ആന മുറം പോലെയെങ്കിൽ അപരന് തൂണുപോലെ, ഇനിയുമൊരാൾക്ക് ചുവരുപോലെയെങ്കിൽ മറ്റൊരാൾക്ക് തൂണുപോലെയും. അങ്ങനെയെല്ലാമാണ് സിബിഐ റിപ്പോർട്ടിനെ മനോരമ അവതരിപ്പിക്കുന്നത്.
ഒന്നാം പേജിലെ ലീഡ് ഐറ്റം ഇങ്ങനെ: ‘‘സോളർ ഗൂഢാലോചന: സിബിഐ ദല്ലാളിന്റെ മൊഴി. പിന്നിൽ സിപിഎം.’’ എന്നാൽ ഏഷ്യാനെറ്റ് ചാനലിൽ നിന്ന് പണം വാങ്ങിയാണ് പരാതിക്കാരിയുടെ മൊഴി വാങ്ങി ചാനലിന് കെെമാറിയത് എന്ന സിബിഐ റിപ്പോർട്ടിൽ ഉള്ളതായി പറയപ്പെടുന്ന ഭാഗം ഈ പത്രം കാണുന്നതേയില്ല. മാത്രമോ? സിപിഐ എമ്മിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിഗമനം സിബിഐ റിപ്പോർട്ടിൽ ഉള്ളതായി മനോരമ ഉൾപ്പെടെ ഒരു മാധ്യമവും പറയുന്നതുമില്ല. മാത്രമല്ല, 11–ാം തീയതി നിയമസഭയിൽ ഈ വിഷയം അടിയന്തരപ്രമേയമായി കോൺഗ്രസ് കൊണ്ടുവരികയും ഉരുളയ്ക്കുപ്പേരിപോലെ മുഖ്യമന്ത്രി അതിനു മറുപടി നൽകുകയും ചെയ്തതാണ്. മറ്റു മാധ്യമങ്ങളുടെയെല്ലാം മുഖ്യവാർത്ത അതായിരിക്കെ മനോരമ അതിനെ ഒരു വശത്തൊതുക്കിയാണ് ദല്ലാളിനെ ഹെെലെെറ്റാക്കിയത്. എന്താ അങ്ങനെ? കോൺഗ്രസുകാർ വടികൊടുത്ത് അടിവാങ്ങുകയായിരുന്നുവെന്ന് മനോരമയ്ക്കു പട്ടാങ്ങായി മനസ്സിലായതുതന്നെ കാര്യം. അതുകൊണ്ട് സിപിഐ എമ്മിനെതിരെ ചാമ്പാൻ ദല്ലാളിനെ പൊക്കിയെടുത്ത് മുകളിലിടുകയാണ് മനോരമ.
എന്നാൽ ഇതെഴുതുന്ന സമയം മനോരമ പറയുന്ന ഈ ദല്ലാൾ പത്രസമ്മേളനം നടത്തി മാളോരോട് പറയുന്നത് കോൺഗ്രസുകാരായ രണ്ട് ആഭ്യന്തരമന്ത്രിമാർ– ചെന്നിത്തലയും തിരുവഞ്ചൂരും ആണ് അതിനു പിന്നിലുണ്ടായിരുന്നതെന്നാണ്. കാരണം ഉമ്മൻചാണ്ടിയെ തട്ടി അദ്ദേഹത്തിന്റെ കസേരയിൽ കയറാൻ ഇരുവരും അണിയറയിൽ കരുനീക്കുകയായിരുന്നുവെന്നും ദല്ലാൾ ഉവാച: അക്കാലത്തുതന്നെ ഇങ്ങനെ ചില വാർത്തകൾ (തിരുവഞ്ചൂരിന്റെ കെെയിലുള്ളതായി പറഞ്ഞിരുന്ന പെൻഡ്രൈവിലെ ചൂടൻ ദൃശ്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഓർക്കുക) ഉണ്ടായിരുന്നതാണെങ്കിലും അതിനു സ്ഥിരീകരണം ലഭിക്കുന്ന ഒരു പരസ്യപ്രസ്താവന ലഭിക്കുമ്പോൾ അതാകണമല്ലോ 14–ാം തീയതി വ്യാഴാഴ്ച മനോരമയുടെ ലീഡ് വാർത്തയാകേണ്ടത്– ഉമ്മൻചാണ്ടിയെ വേട്ടയാടിയതാര് എന്ന ചോദ്യമാണ് പ്രസക്ത വിഷയമെങ്കിൽ. എന്നാൽ മനോരമയിൽനിന്ന് അങ്ങനെയൊന്നുണ്ടാകുമെന്ന് കരുതുക വയ്യ. കാരണം മനോരമയ്ക്ക് വേണ്ടതും അറിയേണ്ടതും സത്യമല്ല, സിപിഐ എമ്മിനെതിരായ ആയുധങ്ങളാണ്. അതൊടിഞ്ഞുപോയി ദല്ലാളിന്റെ വാർത്താസമ്മേളനത്തിലൂടെ.
ഇനി നിയമസഭയിലെ കോൺഗ്രസിന്റെ അടിയന്തരപ്രമേയത്തെ മനോരമയ്ക്കുപോലും ഇങ്ങനെയേ സെെഡിലെങ്കിലും അവതരിപ്പിക്കാനായുള്ളൂ. എങ്ങനെ? ‘‘സോളർ ഗൂഢാലോചന ആവശ്യപ്പെട്ടാൽ അനേ-്വഷണം: മുഖ്യമന്ത്രി.’’ അന്നത്തെ മാതൃഭൂമിയുടെ ലീഡ് ഐറ്റവും ഇങ്ങനെ തന്നെ. ‘‘സോളർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന. സിബിഐ റിപ്പോർട്ടിൽ അനേ-്വഷണമാകാം– മുഖ്യമന്ത്രി.’’ പ്രതിപക്ഷത്തിന്റെ ആഞ്ഞടിക്കൽ ഈ ഐറ്റത്തിനൊപ്പം ഒരു പെട്ടിയിൽ തൊടുത്തിട്ടിട്ടുമുണ്ട്. ജമാ അത്ത് പത്രം അതിങ്ങനെ ഒന്നാം പേജിൽ ചാമ്പുന്നു: ‘‘സോളാറിൽ ഉമ്മൻചാണ്ടിയെ കുരുക്കിയതിനെ ചൊല്ലി സഭയിൽ പോര്. പാപിയെ തിരഞ്ഞ്’’. ജമാ അത്തുകാർക്ക് സിപിഐ എമ്മിനെ അടിക്കാൻ ബലമുള്ള വടികിട്ടാത്തതിലുള്ള മോഹഭംഗം പ്രതിഫലിപ്പിക്കുന്ന തലവാചകം. തലേദിവസം (11ന്) ‘‘സോളാർ തിരഞ്ഞ് കുത്തുന്നു’’വെന്ന് കിടു ടെെറ്റിൽ കാച്ചിയ കേരള കൗമുദി എന്തായാലും 12ന് ഈ വിഷയത്തെ ഉള്ളിലൊതുക്കി തലവലിച്ചു.
ഷാഫി പറമ്പിലിന്റെ അടിയന്തരത്തിനു മറുപടിയില്ലാതെ സർക്കാർ അനുമതി നിഷേധിക്കുമെന്നും അതാഘോഷമാക്കാമെന്നും കരുതിയ പ്രതിപക്ഷവും അവർക്ക് ശിങ്കിയടിക്കുകയോ അവരെ കെെപിടിച്ച് നടത്തുകയോ ചെയ്യുന്ന മുഖ്യധാരക്കാരും ശരിക്കും വെട്ടിലാകുകയായിരുന്നു അടിയന്തരത്തിനു അവതരണാനുമതി നൽകിയതിലൂടെ. മാത്രമോ സിബിഐ റിപ്പോർട്ടിന്റെ ചുവടുപിടിച്ച് ഉമ്മൻചാണ്ടി വിരുദ്ധ ഗൂഢാലോചനയെക്കുറിച്ച് അനേ-്വഷണത്തിന് സർക്കാർ തയ്യാറെന്ന മുഖ്യമന്ത്രിയുടെ മറുപടിയോടെ മഹാഭാരത കഥയിലെ ഉത്തരനെപോലെ പ്രതിപക്ഷവും മാധ്യമശിങ്കങ്ങളും ഓടിയൊളിച്ചിരിക്കുകയാണ്. എന്താന്നല്ലേ? നോക്കൂ. നിയമസഭയിൽ ഇക്കാര്യത്തിൽ സിബിഐ അനേ-്വഷണം വേണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചപ്പോൾ അടുത്ത ദിവസം കെപിസിസി ചേർന്ന് സ്വതന്ത്ര ഏജൻസിയുടെ അനേ-്വഷണം (ഏതാണാവോ ആ സ്വതന്ത്രൻ?) ആവശ്യപ്പെട്ട് കെ സുധാകരൻ പ്രസ്താവിക്കുന്നു. അതുക്കുംശേഷം ചേർന്ന യുഡിഎഫിൽ ഒരനേ-്വഷണവും വേണ്ടയെന്ന് ചുവടുമാറ്റുന്നു. കാരണം കോൺഗ്രസുകാർക്കറിയാം അനേ-്വഷണം വന്നാൽ കുടുങ്ങുക പല കോൺഗ്രസ് ശിങ്കങ്ങളുമാണെന്ന്.
12ന്റെ മനോരമയുടെ മുഖപ്രസംഗം ഇതിനെക്കാളെല്ലാം കിടു ഐറ്റം തന്നെ. ‘‘വേട്ടയാടിയവർ മറുപടി പറയണം. തിരിഞ്ഞു കൊത്തുന്ന സോളാർ പീഡനക്കേസ്.’’ ശരിയാണ് തിരിഞ്ഞു കൊത്തുകയാണ് ഇപ്പോൾ. പക്ഷെ അത് പീഡനക്കേസല്ല, മറിച്ച് മനോരമാദികൾ ഉൗതിവീർപ്പിച്ചു വന്ന സോളാർ ഗൂഢാലോചന സിദ്ധാന്തമാണ്. 2013 ലാണല്ലോ സോളാർ കേസ് പൊതുമണ്ഡലത്തിൽ ചർച്ചയാകുന്നത്. അന്ന് ചാനൽ മുറികളിലെ വിശിഷ്ടാതിഥിയും താരവും പി സി ജോർജായിരുന്നല്ലോ. ആരാ ഈ പി സി? അന്ന് യുഡിഎഫിന്റെ കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ്. ഉമ്മൻചാണ്ടി സർക്കാരിന്റെ രഥമുരുളാൻ സ്വന്തം വിരൽ ആണിക്കുപകരം രഥചക്രത്തിൽ വച്ച് സഹായിച്ച കെെകേയി റാണിക്കു സമാനനാണ് ഈ വിദ്വാൻ. അതിയാൻ എന്താ അക്കാലത്ത് പറഞ്ഞത്? താൻ പലപ്പോഴും ഉമ്മൻചാണ്ടീടെ ഓഫീസിൽ കാണാൻ പാടില്ലാത്ത പലതും കണ്ടുവെന്നും വയസ്സാം കാലത്ത് അതിയാനെ പീഡനക്കേസിൽ കുടുക്കണ്ടന്നു കരുതിയാണ് അതേക്കുറിച്ചു പറയാത്തത് എന്നും മറ്റുമല്ലേ? ആഭ്യന്തര വകുപ്പ് കെെയാളിയിരുന്ന തിരുവഞ്ചൂരാന് പല അണിയറക്കഥകളും പിസിയിലൂടെ മാധ്യമങ്ങൾക്ക് എത്തിച്ചതിൽ പങ്കില്ലെന്ന് പറയാനാവുമോ? ഇനി ഇപ്പോൾ എംപിയായ അന്നത്തെ ഒരു കോൺഗ്രസ് എംഎൽഎ, മുൻ കെപിസിസി അധ്യക്ഷൻ അക്കാലത്ത് ചോദിച്ചതെന്താ? പഞ്ചാം പാതിരയ്ക്ക് പരാതിക്കാരിയുമായി മണിക്കൂറുകളോളം മൊബെെലിൽ സംസാരിച്ചത് കോൺഗ്രസിന്റെ ഭരണഘടനയെക്കുറിച്ച് പഠിപ്പിക്കാനായിരുന്നോ എന്നല്ലേ. ഇനി അന്നത്തെ യുഡിഎഫിന്റെ അവിഭാജ്യ ഭാഗമായിരുന്ന കേരള കോൺഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയല്ലേ പരാതിക്കാരിയുടെ കത്ത് (ശരിക്കും മൊഴി പകർപ്പ്‍) ആദ്യം കണ്ടത്. ഗണേഷ് -കുമാർ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അംഗമായിരുന്നല്ലോ ഈ പുകിലെല്ലാം നടക്കുമ്പോൾ. കോൺഗ്രസുകാരനായ, കെപിസിസി അംഗമായിരുന്ന മല്ലേലി ശ്രീധരൻനായരായിരുന്നല്ലോ ഉമ്മൻചാണ്ടിക്കെതിരെ പരാതി കൊടുത്തവരിലൊരാൾ. മറ്റൊരാൾ കരുണാകരന്റെ പാവം പയ്യനായിരുന്നല്ലോ! ഇനിയുമൊരാൾ ഉമ്മൻചാണ്ടിയുടെ തന്നെ കുടുംബ സുഹൃത്തും ഒരേ പള്ളിയിൽ ഞായറാഴ്ചകളിൽ ഒരുമിച്ച് സകുടുംബം പോകാറുണ്ടായിരുന്ന മാത്യുവെന്ന ബിസിനസ്സുകാരനായിരുന്നല്ലോ. ഗൂഢാലോചനയിൽ പങ്കാളിയെന്ന് സിബിഐ പറയുന്ന ശരണ്യാ മനോജ് അന്നും ഇന്നും കോൺഗ്രസാണല്ലോ. അപ്പോൾ ഉമ്മൻചാണ്ടിയെ കുടുക്കിയതും കുരുക്കിയതും വേട്ടയാടിയതുമെല്ലാം സിപിഐ എം ആണെന്ന് എങ്ങനെ പറയാനാകും.?
പരാതിക്കാരിയുടെ കത്തു തന്നെ ഉണ്ടായിരുന്നില്ല, എല്ലാം വ്യാജ നിർമിതിയാണെന്നാണ് ഇപ്പോൾ മനോരമയുടെ ഭാഷ്യം. അങ്ങനെയാണെങ്കിൽ പത്തനംതിട്ട ജയിലിൽപോയി ദല്ലാൾ പണം കൊടുത്ത് പരാതിക്കാരിയിൽനിന്ന് കത്ത് വാങ്ങുകയും അത് ഏഷ്യാനെറ്റിന് 50 ലക്ഷത്തിനു വിൽക്കുകയും ചെയ്തത് അങ്ങനെയൊരു കത്ത് അവരെഴുതിയതുകൊണ്ടാണല്ലോ. ഉമ്മൻചാണ്ടിക്കെതിരെ ഇപ്പറയുന്ന ആരോപണങ്ങളെല്ലാം ഉള്ള കത്താണല്ലോ പരാതിക്കാരി നേരിട്ട് ശിവരാജൻ കമ്മിഷന് കെെമാറിയതും അത് കമ്മിഷൻ റിപ്പോർട്ടിൽ ചേർത്തതും. അതിന്മേൽ കൂടുതൽ അനേ-്വഷണം നടത്തണമെന്ന് നിർദേശിച്ചത് ആ ജുഡീഷ്യൽ കമ്മിഷനാണല്ലോ.
ജസ്റ്റിസ് ശിവരാജനെ കമ്മിഷനായി നിയമിച്ചത് ഉമ്മൻചാണ്ടി സർക്കാരാണല്ലോ. അത് സിപിഐ എം നിർദ്ദേശിച്ച പേരല്ലല്ലോ. ജസ്റ്റിസിന് അന്നത്തെ മന്ത്രിസഭയിൽ ആരുമായിട്ടെല്ലാം അടുപ്പമുണ്ടായിരുന്നുവെന്നനേ-്വഷിച്ചാൽ മതി ഗൂഢാലോചനയുടെയും വേട്ടയാടലിന്റെയും ചുരുളഴിയാൻ. അതായത് മന്ത്രിസഭയിലെ കോൺഗ്രസ് അംഗങ്ങളിൽ ഒരാൾക്കോ ഒന്നിലേറെപ്പേർക്കോ ഉമ്മൻചാണ്ടിയെ പുകച്ചുപുറത്തു ചാടിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടാകുമെന്നുറപ്പാണ്. കോൺഗ്രസിലെ മുഖ്യമന്ത്രിക്കസേര നോട്ടമിട്ട ഭെെമീകാമുകന്മാരെയല്ലേ തേടേണ്ടത് മനോരമേ?അനേ-്വഷണമുണ്ടായാൽ അതൊക്കെ പുറത്തുചാടുമെന്നുള്ളതുകൊണ്ടാണല്ലോ യുഡിഎഫ‍് കൺവീനർ എം എം ഹസൻ ഇൗ വിഷയത്തിൽ ഇനി ഒരനേ-്വഷണവും വേണ്ടെന്ന് നിലവിളിക്കുന്നത്.
ഇനിയൊരു കാര്യം. അപ്പോൾ സോളാർ എപ്പിസോഡു തന്നെ വ്യാജനിർമിതിയാണെന്നാണോ മനോരമാദികളും കോൺഗ്രസും പറഞ്ഞുവരുന്നത്? തട്ടിപ്പു നടത്തിയ രണ്ടു കഥാപാത്രങ്ങൾ പ്രതികളായി വിവിധ കോടതികളിൽ നിലവിലുള്ളതോ തീർപ്പായതോ ആയ കേസുകൾ മാത്രമേ ഉള്ളൂവെന്നാണോ? ഉമ്മൻചാണ്ടിക്കതുമായി ബന്ധപ്പെട്ട് ഒരിടപാടും ഉണ്ടായിട്ടില്ല എന്നാണോ? എങ്കിൽ എന്തിന് തമ്പാനൂർ രവിയും ബെന്നി ബെഹനാനും തട്ടിപ്പുകേസിലെ സരിതയെന്ന പ്രതിയെ നിരന്തരം വിളിച്ച് ‘‘അയ്യോ സരിതേ പോകരുതേ, കമ്മിഷനു മുന്നിൽ പോകരുതേ, പോയാലൊന്നും മിണ്ടരുതേ, പാലു തരാം തേനു തരാം പിന്നെന്തും തരാ’’മെന്ന് പറഞ്ഞത്. എന്തായാലും ഇതിന് തെളിവ് ഇവർ ഇരുവരുടേയും ശബ്ദത്തിൽ തന്നെ പൊതുമണ്ഡലത്തിലുണ്ടല്ലോ.
സിബിഐ ഇപ്പോൾ പീഡനത്തിനു തെളിവില്ലെന്നു കണ്ടെത്തിയെന്നാണെങ്കിൽ, ഏഴെട്ടു വർഷത്തിനുശേഷം പീഡന തെളിവനേ-്വഷിച്ചാൽ എങ്ങനെയാണത് കിട്ടുന്നത്? പരാതിക്കാരിയോ കുറ്റാരോപിതരോ സംഭവ സമയത്ത് ധരിച്ച വസ്ത്രങ്ങൾ സൂക്ഷിച്ചിരിക്കാൻ ഇടയില്ലല്ലോ! സംഭവ സ്ഥലങ്ങളിൽനിന്നും ഇവരുടെ ദേഹപരിശോധനയിൽനിന്നും വർഷങ്ങൾ കഴിഞ്ഞ് തെളിവുണ്ടാവൂലല്ലോ? പിന്നീടുള്ളത് സാക്ഷിമൊഴികളെ അടിസ്ഥാനപ്പെടുത്തിയ സാഹചര്യ തെളിവുകളാണ്. ഒന്നാമത് ഇത്തരം കേസുകളിൽ ദൃക്-സാക്ഷി ഉണ്ടാവില്ല. പിന്നെയുള്ളത് സംഭവസ്ഥലത്തും സമയത്തും ബന്ധപ്പെട്ടവരുണ്ടായിരുന്നുവെന്നതിന്റെ സാക്ഷിമൊഴികളാണ്. ചൊളയെറിഞ്ഞാൽ ഇത്തരം സാക്ഷിമൊഴികൾ മാറ്റാൻ നിഷ്-പ്രയാസം കഴിയുമെന്നതിലും സംശയം വേണ്ട. അപ്പോൾ സോളാർ പീഡനക്കേസിലെ കുറ്റാരോപിതർക്ക് വിശുദ്ധ പട്ടമല്ല ലഭിക്കുന്നത്, മറിച്ച് സംശയത്തിന്റെ ആനുകൂല്യമാണ്.
കേസനേ-്വഷണം നടത്താനോ അതുപോരാ സിബിഐ അനേ-്വഷിക്കണം എന്ന ആവശ്യം വന്നപ്പോൾ അതിനോ സർക്കാർ തയ്യാറാകാതിരുന്നെങ്കിൽ അപ്പോൾ കേൾക്കാമായിരുന്നു ഇതേ ആളുകളിൽനിന്ന് ഒത്തുകളിയാരോപണം. അവസാനമായി ഒരു കാര്യം. പിണറായി സർക്കാർ കേസ് സിബിഐക്ക് വിട്ട് ഉമ്മൻചാണ്ടിയെ വേട്ടയാടി എന്നാണല്ലോ ആരോപണം. ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയ കേസാണിത് എന്നും ആരോപിക്കപ്പെടുന്നു. ഇവിടെയും വക്രീകരണമുണ്ട്. ക്രൈംബ്രാഞ്ച് അനേ-്വഷണം എവിടെയുമെത്താതെ നീണ്ടുപോകുന്നുവെന്നും തനിക്ക് സംസ്ഥാന പൊലീസിൽനിന്നും നീതി കിട്ടില്ലെന്നും അതുകൊണ്ട് സിബിഐ അനേ-്വഷണം വേണമെന്നും പരാതിക്കാരി പറഞ്ഞാൽ അതനുവദിക്കുകയെന്നത് സാമാന്യ മര്യാദ മാത്രമാണ്. വാളയാർ കേസിൽ കോടതി വിധി വന്നതിനുശേഷം സിബിഐക്കൊണ്ട് പുനരനേ-്വഷണം വേണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതും മറക്കണ്ട. സ്വാഭാവിക നീതിയാണ് ഈ കേസിലും നടന്നത്. പിണറായി അധികാരത്തിൽ വന്ന് മൂന്നാം നാൾ ഈ കേസ് സിബിഐക്കു വിട്ടുവെന്നും മറ്റും മാറിയും തിരിഞ്ഞും ആരോപിക്കുന്നവർ സിബിഐ റിപ്പോർട്ടിൽ മൂന്നു മാസത്തിനുശേഷമെന്നാണ് പറയുന്നത് എന്ന കാര്യം മറക്കുന്നു.
50 ലക്ഷം രൂപ കൊടുത്ത് കത്തു വാങ്ങി എക്സ്ക്ലൂസിവായി സംപ്രേഷണം ചെയ്യുകയും ഉമ്മൻചാണ്ടിയെ മാത്രമല്ല മകനെയും കൂടി ഇതിൽ ബന്ധപ്പെടുത്തി ആരോപണമുന്നയിക്കുകയും ചെയ്ത ഏഷ്യാനെറ്റുകാരനും ഇപ്പോൾ സിപിഐ എമ്മിനും പിണറായിക്കും നേരെ ആഞ്ഞടിക്കുന്നതു കാണാൻ എന്തു രസമാണെന്നു നോക്കണേ? അമ്പമ്പോ എന്തോരം തൊലിക്കട്ടി ഇവറ്റോൾക്ക്! ♦