ഈയടുത്തയിടെ പ്രമുഖ ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടും ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസവും ചേർന്ന് നടത്തിയ Digital News Report 2023 എന്ന പഠനം മുന്നോട്ടുവയ്ക്കുന്ന ചില ആശയാവലികളാണ് മാധ്യമ പ്രവർത്തനത്തിന്റെ വിശ്വാസ്യതയേയും ഭാവിയേയും പറ്റി ആശങ്കകൾ ഉയർത്തുന്നത്.
വിശ്വാസ്യതയിൽ ഇടിവുണ്ടാകുന്നു
രാജ്യത്ത് മാധ്യമ വാർത്തകളുടെ വിശ്വാസ്യതയിൽ മുൻവർഷത്തെ അപേക്ഷിച്ച് മൂന്നുശതമാനം ഇടിവുണ്ടായതായാണ് പഠനത്തിൽ പറയുന്നത്. മാധ്യമ വിശ്വാസ്യതയുടെ റാങ്കിങ്ങിൽ ലോക രാജ്യങ്ങളുടെ 46 അംഗപട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 24 ആണെന്നും പഠനം പറയുന്നു. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്നത് സ്കാൻഡിനേവിയൻ രാജ്യമായ -ഫിൻലാൻഡ് ആണ്. ഏറ്റവും പിന്നിൽ നിൽക്കുന്നതാകട്ടെ ഗ്രീസും. മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനവും ഫിൻലൻഡിന്റെ പേരിലാണ്. സ്കാൻഡിനേവിയൻ രാജ്യങ്ങളായ നോർവെ, സ്വീഡൻ, ഡെന്മാർക്ക് തുടങ്ങിയവ തന്നെയാണ് ഇവിടെയും ആദ്യ സ്ഥാനങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ പത്തുവർഷമായി ലോക സന്തോഷ സൂചികയിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും ഫിൻലാൻഡ് ആണെന്ന സവിശേഷതയുമുണ്ട്. 146 രാജ്യങ്ങളുടെ കണക്കിലാണ് ഫിൻലാൻഡ് ഒരു ദശകക്കാലമായി ഒന്നാം സ്ഥാനത്തുനിൽക്കുന്നതെന്ന കാര്യവും ഓർക്കണം. ഈ വക കാര്യങ്ങളിലെല്ലാം നമ്മുടെ മഹത്തായ രാജ്യം അടിക്കടി പിന്നോട്ടുപോയ്ക്കൊണ്ടിരിക്കുകയാണെന്ന വസ്തുതയും നാം മനസ്സിലാക്കേണ്ടതാണ്. ലോക മാധ്യമ സ്വാതന്ത്ര്യ പട്ടികയിലെ 180 രാജ്യങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ റാങ്ക് 161 ആണ്. 2022ൽ 150–ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഏറ്റവും ഒടുവിലത്തെ കണക്കിലാണ് 11പോയിന്റ് കൂടി പിന്നോട്ടുപോയിരിക്കുന്നത്. ലോക സന്തോഷ സൂചികയിൽ 146 രാജ്യങ്ങളുടെ ലിസ്റ്റിൽ നമ്മുടെ രാജ്യം എത്തിനിൽക്കുന്നത് 136–ാമതാണ്. എല്ലായ്-പ്പോഴും അസ്ഥിരതയുടെയും സംഘർഷങ്ങളുടെയും കലഹങ്ങളുടെയും നടുവിൽ കഴിയുന്ന ശ്രീലങ്ക, മ്യാൻമർ, കെനിയ, പാകിസ്താൻ, ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ് എന്നറിയുമ്പോഴാണ് നമ്മുടെ രാജ്യത്തിന്റെ ദയനീയമായ സാമൂഹ്യ – രാഷ്ട്രീയ സ്ഥിതി ബോധ്യമാകുന്നത്. സാമൂഹ്യ – രാഷ്ട്രീയ ചുറ്റുപാടുകളിലെ മാനവിക മുഖം, സാംസ്കാരിക വെെവിധ്യത്തിന്റെ ചാരുത, സംവാദാത്മക സാഹചര്യങ്ങളുടെ സാന്നിധ്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വിവിധ ഏജൻസികൾ ഇത്തരം സൂചികകൾ തയ്യാറാക്കുന്നത്. ഇതെല്ലാം നമ്മെ തുറിച്ചുനോക്കുകയും, അമ്പരപ്പിക്കുകയും ചെയ്യുന്ന വസ്തുനിഷഠ സാഹചര്യങ്ങളായി നിലനിൽക്കുമ്പോഴാണ്, അവയെയെല്ലാം പാടേ വിസ്മരിക്കുകയോ മറച്ചു വയ്ക്കുകയോ ചെയ്ത് അവിശ്വസനീയമായ കാര്യങ്ങൾകൊണ്ട് ചാനൽ അവതാരകരും, വാർത്താ പ്രക്ഷേപകരും ‘സമ്മതി ഉൽപാദന’ത്തിന് ജനങ്ങളെ വിധേയരാക്കുന്നത്. എന്നാൽ ഇത്തരം സമ്മതി ഉൽപാദനം അത്ര സുഖകരമായി നടത്താൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്നാണ് നേരത്തെ ചൂണ്ടിക്കാണിച്ച പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
സ്വകാര്യ ടെലിവിഷൻ ചാനലുകൾ, പത്രങ്ങൾ, ഓൺലെെൻ മാധ്യമങ്ങൾ എന്നിവയെ വേണ്ടത്ര വിശ്വാസത്തിലെടുക്കാൻ വായനക്കാരും പ്രേക്ഷകരും പഴയതുപോലെ തയ്യാറാകുന്നില്ലെന്നു പഠനം പറയുന്നു. പൊതു വാർത്താ പ്രക്ഷേപകർ എന്ന നിലയിൽ ദൂരദർശൻ ഇന്ത്യ, ആകാശവാണി, ബിബിസി ന്യൂസ് എന്നിവ താരതമേ-്യന ഉയർന്ന വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതായും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഈ പഠന റിപ്പോർട്ട് വന്നതിനു തൊട്ടുപിന്നാലെയാണ് നമ്മുടെ രാജ്യത്ത് ‘പ്രസാർ ഭാരതി’യുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയർത്തിവിട്ട മാറ്റം സംഭവിച്ചത്.
സംഘപരിവാർ
രാഷ്ട്രീയത്തിന്റെ
നുഴഞ്ഞുകയറ്റം
ദേശീയ -– പ്രാദേശിക മാധ്യമങ്ങളിലേറെയേയും കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽത്തന്നെ സംഘപരിവാർ രാഷ്ട്രീയത്തിന് അനുകൂലമായി മാറ്റിയെടുക്കാൻ മോദി ഭരണത്തിനു കഴിഞ്ഞിട്ടുണ്ട്. ഇവയിൽ ഭൂരിപക്ഷവും അംബാനി – അദാനിമാരുടെ കുടക്കീഴിൽ സുഖവാസം നടത്തിക്കൊണ്ടിരിക്കുകയുമാണ്. സ്വകാര്യ മാധ്യമങ്ങളെ വരുതിയിലാക്കിയതിനു തൊട്ടുപിന്നാലെയാണ് ഔദ്യോഗിക മാധ്യമങ്ങളെ കൂടി ഈ വഴിയിൽ നടത്തിക്കാൻ മോദി ഭരണം ആസൂത്രിത നടപടികൾ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായിരുന്നു വാർത്തകൾ ലഭിക്കുന്നതിന് ഔദ്യോഗിക ഏജൻസിയായ പ്രസാർഭാരതി ‘ഹിന്ദുസ്ഥാൻ സമാചാർ’ എന്ന വാർത്താ ഏജൻസിയുമായി ഉണ്ടാക്കിയ കരാർ.
1990ൽ രൂപംനൽകിയ പ്രസാർഭാരതിയുടെ പ്രധാന ദൗത്യമായി നിർവചിക്കപ്പെട്ടിട്ടുള്ളത്, ‘‘ജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനും അവരെ പഠിപ്പിക്കുന്നതിനും സഹായകമായ രീതിയിൽ പൊതുപ്രക്ഷേപണം സംഘടിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക’’ എന്നതാണ്. റേഡിയോ വഴിയും ടെലിവിഷൻ വഴിയും സന്തുലിതമായ പ്രക്ഷേപണമാണ് നടത്തേണ്ടതെന്നും പ്രസാർ ഭാരതിക്കു രൂപംനൽകിയ ‘‘ദ പ്രസാർ ഭാരതി ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആക്ടി’’ൽ അടിവരയിടുന്നുണ്ട്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക, പൗരർക്ക് സ്വതന്ത്രവും സത്യസന്ധവും വസ്തുനിഷ്ഠവുമായ വിവരങ്ങൾ നൽകുക, വിദ്യാഭ്യാസത്തിനു സവിശേഷ പ്രാധാന്യം നൽകുക, സാക്ഷരത, കൃഷി, ഗ്രാമ വികസനം, പരിസ്ഥിതി, ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര – സാങ്കേതിക പുരോഗതി എന്നിവയ്ക്കു പ്രത്യേക ശ്രദ്ധ നൽകുക, രാജ്യത്തിന്റെ വെെവിധ്യമാർന്ന ഭാഷകൾക്കും സംസ്കാരങ്ങൾക്കും ന്യായമായ പ്രചാരം നൽകുക, കായികരംഗത്ത് ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുക, യുവജനക്ഷേമം ലാക്കാക്കിയുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യുക, സ്ത്രീ മുന്നേറ്റത്തിന് ശക്തി പകരുക, അസമത്വം ഇല്ലാതാക്കി സാമൂഹ്യനീതി ഉറപ്പാക്കുന്നതിനു സഹായകമായ പരിപാടികൾ പ്രക്ഷേപണം ചെയ്യുക തുടങ്ങിയ പതിനാറിന ശുപാർശകളും ഈ നിയമത്തിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ – ഭരണഘടനാ മൂല്യങ്ങളും, മതനിരപേക്ഷതയും, ബഹുസ്വരതയുമൊക്കെ സംരക്ഷിക്കുന്നതിനുതകുന്ന പരിപാടികളായിരിക്കണം പ്രസാർ ഭാരതിയുടെ ചുമതലയിലുള്ള ആകാശവാണിയും ദൂരദർശനും വഴി നടപ്പാക്കേണ്ടത് എന്നാണ് ഈ നിയമനിബന്ധനകളുടെ സാരസർവസ്വം. 1997 സെപ്തംബർ 15ന് പ്രസാർ ഭാരതി നിയമം (1990) നടപ്പാക്കിക്കൊണ്ടുള്ള നടപടികൾ ആരംഭിച്ച ഘട്ടം മുതൽ ഏറെക്കുറെ ഈ നിബന്ധനകൾ പാലിച്ചുകൊണ്ടാണ് ആകാശവാണിയും ദൂരദർശനും പ്രവർത്തിച്ചുപോന്നത്. ഇതിനാകട്ടെ, പ്രസാർ ഭാരതി ഇക്കാലമത്രയും കരാറിൽ ഏർപ്പെട്ടിരുന്നതും, അതിന്റെ ഫലമായുള്ള വാർത്തകൾ സ്വീകരിച്ചുവന്നതും, രാജ്യത്തെ ഏറ്റവും വലുതും വിശ്വാസ്യതയുള്ളതുമായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) എന്ന ദേശീയ വാർത്താ ഏജൻസിയെയാണ്. ഇപ്പോൾ പിടിഐയുമായുള്ള കരാർ അവസാനിപ്പിച്ച്, പ്രസാർ ഭാരതി ആർഎസ്എസ് നിയന്ത്രണത്തിലുള്ള ‘ഹിന്ദുസ്ഥാൻ സമാചാർ’ എന്ന വാർത്താ ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. എം എസ് ഗോൾവാൾക്കർക്കൊപ്പം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സ്ഥാപിക്കാൻ നേതൃത്വം നൽകുകയും വിഎച്ച്പിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത ശിവറാം ശങ്കർ ആപ്തെ 1948ൽ സ്ഥാപിച്ചതാണ് ‘ഹിന്ദുസ്ഥാൻ സമാചാർ’. അടിമുടി കാവിയണിഞ്ഞു നിൽക്കുന്ന ഹിന്ദുസ്ഥാൻ സമാചാർ നൽകുന്ന വാർത്തകൾ ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത് ഏതു വിധമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു സംസ്കാരം, ഒരു തിരഞ്ഞെടുപ്പ്’ എന്നീ മുദ്രാവാക്യങ്ങൾ സാക്ഷാത്കരിക്കാൻ ബിജെപിയും ആർഎസ്എസും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുമ്പോൾ, അതിൽനിന്നും വ്യത്യസ്തമായി ‘ജനാധിപത്യ–ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ബഹുസ്വരത ഉൗട്ടിയുറപ്പിക്കുക തുടങ്ങിയ പ്രസാർ ഭാരതിയുടെ ലക്ഷ്യ വാചകങ്ങൾക്ക് എന്തു പ്രസക്തിയാവും ഉണ്ടാവുക എന്ന ചോദ്യമാണ് ഉയരുന്നത്.
നേരത്തെ ചൂണ്ടിക്കാണിച്ച പഠന സർവേയിൽ വാർത്തകൾക്കായി ഭൂരിപക്ഷം പേരും (56%) ആശ്രയിക്കുന്നത് യൂട്യൂബ് എന്ന സാമൂഹ്യമാധ്യമത്തെയാണ്. വാട്ട്സ് ആപ്പ് (47%), ഫെയ്സ് ബുക്ക് (39%) എന്നിവയാണ് കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന മറ്റു രണ്ട് മാധ്യമങ്ങൾ. ആഗോളതലത്തിലാണെങ്കിൽ ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, യ-ൂട്യൂബ് എന്നിവ വഴി പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകളെയാണ് ഏറെപ്പേരും ആശ്രയിക്കുന്നത്. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലാണ് ഇതിന് ഏറെ പ്രിയം. ഫേസ്ബുക്കിന്റെ പ്രചാരം ഗണ്യമായി കുറഞ്ഞുവരുന്നതായും പഠനം പറയുന്നു. 2016ൽ 42% പേർ ഫെയ്സ്ബുക്കിനെ ആശ്രയിച്ചിരുന്നെങ്കിൽ 2023 ആയപ്പോൾ അത് 28% ആയി കുറഞ്ഞു. 18–24 പ്രായപരിധിയിലുള്ളവർ ഏറെയും (44%) ടിക് ടോക്കിനെയാണ് ആശ്രയിക്കുന്നത്. ഇതിൽ 20% പേരും വാർത്തകളറിയാൻ ടിക് ടോക്ക് ഉപയോഗിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ കണ്ടെത്തിയ കൗതുകകരമായ ഒരു കാര്യം ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് എന്നിവ ഉപയോഗിക്കുന്ന യുവാക്കൾ സെലിബ്രിറ്റികളെ സംബന്ധിച്ച വിവരങ്ങൾ അറിയാനാണ് ഇവ പരതുന്നത് എന്നതാണ്. മാധ്യമങ്ങളെയോ മാധ്യമപ്രവർത്തകരിലെ തന്നെ സെലിബ്രിറ്റികൾ എന്നു പറയപ്പെടുന്നവരോ അറിയാനായി ഈ സാമൂഹ്യമാധ്യമങ്ങൾ ഏറെയൊന്നും ഉപയോഗിക്കപ്പെടുന്നുമില്ല. വാർത്താ സെെറ്റുകൾ നോക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. 2018ൽ 32% പേർ വാർത്താ സെെറ്റുകൾ നോക്കിയിരുന്നുവെങ്കിൽ, 2023 ആയപ്പോൾ അത് 22% ആയി ഇടിഞ്ഞു. അതേസമയം സാമൂഹ്യമാധ്യമങ്ങൾ വാർത്തകൾക്കായി ആശ്രയിക്കുന്നവരുടെ എണ്ണം 23%ത്തിൽ നിന്ന് 130%ആയി വർധിക്കുകയും ചെയ്തിട്ടുണ്ട്.
പഠന റിപ്പോർട്ട് സംഗ്രഹിച്ചുകൊണ്ട് റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റാസ്-മസ് ക്ലെയ്സ് നീൽസെൺ പറഞ്ഞത് പുതുതലമുറയ്ക്ക് പരമ്പരാഗത വാർത്തകളോടു വലിയ ആഭിമുഖ്യമില്ലെന്നാണ്. പലപ്പോഴും 53% പേരും വാർത്തകൾ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും സങ്കീർണമായ വാർത്തകൾ 32%പേർ പൂർണമായും ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും റിപ്പോർട്ട് അടിവരയിടുന്നുണ്ട്.
കഴിഞ്ഞ നാലഞ്ചുവർഷങ്ങളായി തുടരുന്ന ഈ പ്രവണത ഇനിയും വർധിക്കാനാണ് സാധ്യത എന്നാണ് മാധ്യമരംഗത്തെ വിദഗ്ധർ തന്നെ വിലയിരുത്തുന്നത്. വാർത്തകൾ കേവലമായി ‘ബ്രേക്ക്’ ചെയ്യാനും, അതുവഴി വിപണിപിടിക്കാനും, അധികാര കേന്ദ്രങ്ങളെ ആനന്ദതുന്ദിലമാക്കാനുമുള്ള തത്രപ്പാടിൽ കോർപറേറ്റ് മൂലധനത്തിന്റെ പിൻപിറ്റി പായുന്ന മാധ്യമങ്ങൾ ഇനിയും വിശ്വാസ്യതയിൽ വെള്ളംചേർക്കുമെന്നതിൽ സംശയമില്ല. കുപ്രസിദ്ധമായ ‘ഗീബൽസിയൻ തന്ത്രങ്ങൾ’ വരെ മാധ്യമങ്ങൾ ആവർത്തിച്ചു പ്രയോഗിക്കുന്നതിനും നാം സാക്ഷികളായിക്കൊണ്ടിരിക്കുകയാണല്ലോ. പല അരിപ്പകളിലൂടെ കടന്ന് ജനങ്ങളിലെത്തുന്ന പരമ്പരാഗത മാധ്യമങ്ങളുടെ വാർത്തകളിലാണ് ഇത്തരത്തിൽ വിശ്വാസത്തകർച്ച ഉണ്ടായിട്ടുള്ളത്. അങ്ങനെയെങ്കിൽ, ഇത്തരത്തിലുള്ള ഒരു പരിശോധന പോലുമില്ലാതെ ഒാൺലെെനിലും, സാമൂഹ്യമാധ്യമങ്ങളിലും വരുന്ന വാർത്തകളെ ജനങ്ങൾ എങ്ങനെ വിശ്വാസത്തിലെടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്. ഇവിടെയാണ് പണ്ട് മാർക്ക് ടെെ-്വൻ പറഞ്ഞ വാക്കുകൾ പ്രസക്തമാകുന്നത്. ‘‘നിങ്ങൾ പത്രം വായിക്കാതിരുന്നാൽ, വിവരങ്ങളൊന്നും അറിയുകയില്ല. എന്നാൽ പത്രങ്ങൾ വായിച്ചാലോ? നിങ്ങൾ തെറ്റായി കാര്യങ്ങൾ ഗ്രഹിക്കും.’’ ♦