Friday, November 22, 2024

ad

Homeനിരീക്ഷണംയുദ്ധത്തിനും ശാസ്ത്രത്തിനുമിടയില്‍

യുദ്ധത്തിനും ശാസ്ത്രത്തിനുമിടയില്‍

ജി പി രാമചന്ദ്രന്‍

ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കന്‍ ഭരണകൂടം അണുബോംബ് വര്‍ഷിച്ചതും മുപ്പത് ലക്ഷം മനുഷ്യര്‍ മരിച്ചതും കോടിക്കണക്കിന് ആളുകള്‍ അംഗവൈകല്യം ബാധിച്ചും റേഡിയേഷന് കീഴ്‌പ്പെട്ടും ദുരിതജീവിതം നയിച്ചതും ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പെന്‍ ഹയ്മര്‍ എന്ന ഹോളിവുഡ് സിനിമയില്‍ കാണിക്കുന്നതേയില്ല. അതു മാത്രമല്ല, ഈ സിനിമ ലോകത്താകെ പ്രദര്‍ശിപ്പിക്കുമ്പോഴും ജപ്പാനില്‍ റിലീസ് ചെയ്തതുമില്ല. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ യുദ്ധക്കുറ്റകൃത്യത്തെ അദൃശ്യമാക്കി വെച്ചുകൊണ്ട് ബോംബ് കണ്ടു പിടിച്ച ശാസ്ത്രജ്ഞനെ മഹത്വവത്കരിക്കാനും കുറ്റവിമുക്തനാക്കാനുമുള്ള വിദഗ്-ധമായ പരിശ്രമമാണ് സംവിധായകന്‍ നടത്തുന്നത്. ഓപ്പെന്‍ ഹയ്മര്‍ ഒരിക്കല്‍ പോലും ഹിരോഷിമ, നാഗസാക്കി അണുബോംബ് വര്‍ഷത്തില്‍ പരസ്യമായി ക്ഷമാപണം നടത്തിയിട്ടില്ല. എന്നാലദ്ദേഹത്തിന് തന്റെ പ്രവൃത്തിയില്‍ കുറ്റബോധമുണ്ടായിരുന്നു എന്നാണ് സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ക്ക് കിട്ടുന്ന അടിസ്ഥാന ബോധ്യം. നായകത്വത്തിന്റെ ഈ സവിശേഷാനുകൂല്യം പൊലിപ്പിക്കുന്നതിനു വേണ്ടിയുമായിരിക്കണം, ഹിരോഷിമ, നാഗസാക്കി അണുബോംബ് വര്‍ഷത്തിന്റെ മാനുഷിക ജൈവ ദുരന്തത്തെ അദൃശ്യമാക്കി നിര്‍ത്തിയത്.

ഓപ്പെന്‍ ഹയ്മര്‍ അമേരിക്കക്കാരനാണെങ്കിലും ജര്‍മന്‍ വേരുകളുള്ള ജൂതവംശജന്‍ ആണെന്നതും കമ്യൂണിസ്റ്റ് ആശയത്തോട് ഭാഗികമായ ആഭിമുഖ്യം കാണിച്ചുവെന്നതും അടക്കം ശാസ്ത്രവും ചരിത്രവും രാഷ്ട്രീയവും വംശീയതയുമെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ടാണ്, സങ്കീര്‍ണമായ ഇതിവൃത്തത്തില്‍ നിന്ന് അതിവിദഗ്ധമായ തിരക്കഥ നോളന്‍ തയ്യാറാക്കിയിരിക്കുന്നത്. ചരിത്രത്തോടും ഭൗമരാഷ്ട്രീയത്തോടും ഒരു വ്യക്തി(ശാസ്ത്രജ്ഞന്‍) എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതാണ് ഓപ്പെന്‍ ഹയ്മര്‍ എന്ന സിനിമയുടെ പ്രാഥമികമായ രചന എന്ന് തിരക്കഥയെ ക്രിസ്റ്റഫര്‍ നോളന്‍ നിര്‍വചിച്ചു.റോബര്‍ട്ട് ഓപ്പെന്‍ ഹയ്മര്‍ പഠിച്ച എത്തിക്കല്‍ കള്‍ച്ചര്‍ ഹൈസ്‌കൂളിന്റെ മേധാവിയായിരുന്ന ആഡ്‌ലര്‍, അവിടത്തെ വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക ഭാവന വികസിപ്പിക്കാന്‍ ശ്രമിച്ചു. വസ്തുതകളെ കാണേണ്ടത് അവ എപ്രകാരമാണ് എന്ന നിലയ്ക്കല്ല, മറിച്ച് എങ്ങനെയാണായിരിക്കേണ്ടത് എന്ന നിലയ്ക്കാണെന്നതാണ് ധാര്‍മിക ഭാവന എന്നതുകൊണ്ട് ആഡ്‌ലര്‍ ഉദ്ദേശിച്ചത്.

കമ്യൂണിസ്റ്റ് വേട്ട രാക്ഷസാകാരം പൂണ്ട ഒരു കാലം, അമേരിക്കയിലുണ്ടായിരുന്നു. മക്കാര്‍ത്തിയന്‍ കാലം എന്ന് വിളിക്കപ്പെട്ട ഈ കാലത്ത് ചുവപ്പെന്നു സംശയമുളളവരൊക്കെയും വേട്ടയാടപ്പെട്ടു, നാടുകടത്തപ്പെട്ടു, കൊല്ലപ്പെട്ടു. അക്കൂട്ടത്തില്‍ ഓപ്പെന്‍ ഹയ്മറും വിചാരണ ചെയ്യപ്പെട്ടു. പ്രത്യേക അന്വേഷണ സമിതിയ്ക്കു മുമ്പില്‍ അദ്ദേഹത്തിന്റെ ചെയ്തികളും കണ്ടെത്തലുകളും ബന്ധങ്ങളും വിശ്വാസങ്ങളും ലൈംഗിക ജീവിതവും വരെ കീറിമുറിച്ച് പരിശോധിക്കപ്പെട്ടു. വീട്ടിലെയും ഓഫീസിലെയും ഫോണുകള്‍ എഫ്ബിഐ ചോര്‍ത്തി. പത്ര മാധ്യമങ്ങളാകെ ഓപ്പെന്‍ ഹയ്മറുടെ രാഷ്ട്രീയ ഭൂതകാലത്തെക്കുറിച്ചും പദ്ധതി നിര്‍ദ്ദേശങ്ങളെ സംബന്ധിച്ചും അവഹേളനപരമായ വാര്‍ത്തകളും കഥകളും നിറഞ്ഞു. അമേരിക്കയ്ക്ക് വിശ്വസിക്കാന്‍ കൊള്ളാത്ത ഒരാളാണ് ഓപ്പെന്‍ ഹയ്മര്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള കൂട്ട പരിശ്രമമാണ് നടന്നത്. മക്കാര്‍ത്തിയന്‍ കാലത്ത് അത് ഒറ്റപ്പെട്ട ഒരു കാര്യമായിരുന്നില്ല. എന്നാല്‍ ആറ്റംബോംബിന്റെ പിതാവ് എന്നും അമേരിക്കന്‍ പ്രൊമിത്യൂസ് എന്നും കൊണ്ടാടപ്പെട്ട ആളാണ് ഇവിടെ വേട്ടയാടപ്പെട്ടത്. ഇത് അമേരിക്കന്‍ ഭരണകൂടത്തിന്റെയും സാമാന്യബോധത്തിന്റെയും ഇരട്ടത്താപ്പുകള്‍ വെളിവാക്കുന്നു. അമേരിക്കയുടെ യുദ്ധാഭിമാനവും ദേശീയവികാരവും ഉത്തേജിപ്പിച്ച ആളാണെങ്കിലും കമ്യൂണിസ്റ്റ് ബന്ധം തൊട്ടുതെറിച്ചിട്ടുണ്ടെങ്കില്‍, അയാളെ തള്ളിപ്പറയാന്‍ ഈ സാമാന്യ(വരേണ്യ)ബോധത്തിന് യാതൊരു സങ്കോചവുമില്ല. അതോടൊപ്പം, യുദ്ധക്കുറ്റത്തിന്റെയും ബോംബ് വര്‍ഷത്തിലൂടെ മാനവരാശിയോട് ചെയ്ത കൊടും ക്രൂരകൃത്യത്തിന്റെയും ഉത്തരവാദിത്വം അയാളില്‍ കെട്ടിവെച്ച്, ഭരണകൂടത്തിന് കൈ കഴുകാനും തങ്ങളുടെ ലിബറല്‍ ആധുനിക സ്വതന്ത്ര ജനാധിപത്യ മുഖം പരിരക്ഷിക്കാനും സാധിക്കുന്നു.ഭരണകൂടത്തിന്റെയും പൊതുബോധത്തിന്റെയും ഈ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട്, ഓപ്പെന്‍ ഹയ്മറിന് നിരപരാധിപ്പട്ടം കൊടുക്കാനുള്ള പരിശ്രമമാണ് ക്രിസ്റ്റഫര്‍ നോളന്‍ നടത്തുന്നത്.

പുതിയ അമേരിക്കന്‍ സിനിമയിലെ പ്രമുഖ സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചലച്ചിത്രകാരന്‍ എന്നെല്ലാം വിളിക്കപ്പെടുന്ന, എല്ലാ അര്‍ത്ഥത്തിലും വന്‍ വിലമതിപ്പുള്ള കലാകാരനാണ്. കഠിനങ്ങളായ പ്രമേയങ്ങളും സങ്കീര്‍ണങ്ങളായ ആഖ്യാനങ്ങളും കൊണ്ട് ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ സിനിമകള്‍. നിരവധി ഓസ്‌കാര്‍ അവാര്‍ഡുകളും മറ്റും ലഭിച്ചിട്ടുള്ള ക്രിസ്റ്റഫര്‍ നോളന്റെ സിനിമകള്‍; കലയും കച്ചവടവും സാങ്കേതിക മുന്നേറ്റവും സയന്‍സ് ഫിക്ഷനും ബഹിരാകാശവും കോമിക്ക് കഥകളും ഭാവിലോകങ്ങളും രാഷ്ട്രീയവും എല്ലാം കൂടിച്ചേരുന്നതാണ്.

ഫോളോവിംഗ് (1998), മെമെന്റോ (2000) എന്നീ സ്വതന്ത്ര സംരംഭങ്ങള്‍ക്കു ശേഷം ക്രിസ്റ്റഫര്‍ നോളന്‍ ഹോളിവുഡ് സ്റ്റുഡിയോ വ്യവസ്ഥയുടെ അവിഭാജ്യഭാഗമായി മാറി. ഇന്‍സോംനിയ, ബാറ്റ്മാന്‍ ത്രയം, ഇന്‍സെപ്ഷന്‍, മാന്‍ ഓഫ് സ്റ്റീല്‍ എന്നിവയ്‌ക്കെല്ലാം ശേഷമെടുത്ത ഇന്റര്‍സ്റ്റെല്ലര്‍ (2014) വിസ്മയകരമായ ഒരു സിനിമയാണ്.

നക്ഷത്രങ്ങളുടെയിടയില്‍ എന്നര്‍ത്ഥം വരുന്ന ഇന്റര്‍സ്‌റ്റെല്ലറില്‍ സയന്‍സ് ഫിക്ഷനും ബഹിരാകാശ ജീവിതവും സമയയാത്രയും സമ്മേളിക്കുന്ന അപൂര്‍വ്വമായ ഒരു കഥയാണ് പറയുന്നത്. അല്‍ഫോന്‍സോ കുറോണ്‍ സംവിധാനം ചെയ്ത ഗ്രാവിറ്റി (2013) പോലെ ലോക സിനിമാ പ്രേക്ഷകരില്‍ അത്ഭുതവും ആദരവും ജനിപ്പിച്ച സിനിമയാണ് ഇന്റര്‍സ്റ്റെല്ലറും. മെട്രോപോളീസ് (1927) മുതല്‍ 2001 എ സ്‌പെയ്‌സ് ഒഡീസി (1968), സ്റ്റാര്‍ വാര്‍സ്(1982), ഏലിയന്‍ (1977) എന്നീ സിനിമകളുടെയും തര്‍ക്കോവ്‌സ്‌കിയുടെ മിററി(1975)ന്റെയും സ്വാധീനത്തെക്കുറിച്ച് സൂചിപ്പിക്കുന്ന നോളന്‍ ഗ്രാവിറ്റിയെക്കുറിച്ച് എന്നാല്‍ എവിടെയും പരാമര്‍ശിക്കുന്നതേയില്ല.

മനുഷ്യരാശി അനിവാര്യമായ ഒരു സമ്പൂര്‍ണവിനാശത്തിലേയ്ക്കു പോകുകയാണെന്നതാണ് ഈ സിനിമയുടെ മുന്നുപാധി. അതിനുള്ള പ്രതിവിധിയായി മനുഷ്യന്‍ എന്ന ജീവിവര്‍ഗത്തെ ബഹിരാകാശത്ത് മറ്റൊരു ജൈവ ലോകമുണ്ടാക്കി അവിടെ ജനിപ്പിച്ച് വളര്‍ത്തിയെടുക്കാനുമുള്ള പരിശ്രമമാണ് ഈ സിനിമയിലുള്ളത്. കേള്‍ക്കുമ്പോള്‍ അസംബന്ധമെന്നു തോന്നുമെങ്കിലും ക്രിസ്റ്റഫര്‍ നോളന്റെ അസാമാന്യമായ പരിചരണം കൊണ്ട് ത്രസിപ്പിക്കുന്ന ഒരു ചലച്ചിത്രാനുഭവമാക്കി മാറാന്‍ ഇന്റര്‍സ്റ്റെല്ലറിന് സാധിക്കുന്നുണ്ട്. തിയററ്റിക്കല്‍ ഫിസിസിസ്റ്റായ നോബല്‍ ജേതാവ് കിപ് തോണ്‍ ഇന്റര്‍സ്‌റ്റെല്ലറിന്റെ ശാസ്ത്ര ഉപദേശകനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. മനുഷ്യരാശിയുടെ മുഴുവന്‍ സംരക്ഷണവും അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന ഹോളിവുഡ് മഹാഖ്യാനം തന്നെയാണ് ഇന്റര്‍സ്‌റ്റെല്ലറിലുമുള്ളത്.

മനുഷ്യരാശിയുടെ വംശനാശമാണ് ഇന്റര്‍സ്‌റ്റെല്ലറിന്റെ പ്രമേയമെങ്കിലും മറ്റൊരു വംശനാശത്തെ അത് തല്ക്കാലത്തേയ്ക്ക് പിടിച്ചുനിര്‍ത്തി. ഡിജിറ്റല്‍ വിപ്ലവത്തെത്തുടര്‍ന്ന് ഏതാണ്ട് ഇല്ലാതായ ഫിലിംസ്റ്റോക്കിലാണ് ഇന്റര്‍സ്‌റ്റെല്ലര്‍ ചിത്രീകരിച്ചത്. അതും എഴുപത് എംഎം ഐമാക്‌സില്‍. ഈ ഫോര്‍മാറ്റിലും അത് ലഭ്യമല്ലാത്തിടത്ത് മുപ്പത്തഞ്ച് എം എം ഫിലിമിലും ഐമാക്‌സ് ഡിജിറ്റലിലും എല്ലാം പ്രദര്‍ശിപ്പിച്ച ഇന്റര്‍സ്റ്റെല്ലര്‍ സാധാരണ ഡിജിറ്റല്‍ പതിപ്പായും പിന്നീട് നെറ്റ്ഫ്‌ളിക്‌സ് വഴി ഒടിടിയിലും വ്യാപകമായി പ്രദര്‍ശിപ്പിച്ചു. മുടക്കുമുതലിന്റെ ഏതാണ്ട് അഞ്ചിരട്ടി പണം തിരിച്ചെടുക്കുകയും ചെയ്തു. ഇന്ത്യയിലെ നെറ്റ്ഫ്‌ളിക്‌സ് ചാനലില്‍ നിന്ന് ഇക്കഴിഞ്ഞ ദിവസം ഇന്റര്‍സ്റ്റെല്ലര്‍ പിന്‍വലിച്ചിരുന്നു. ബിറ്റ് ടോറന്റ് വഴി ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ ഡൗണ്‍ലോഡിങ് നടത്തപ്പെട്ട സിനിമകളിലൊന്നുമാണ് ഇന്റര്‍സ്റ്റെല്ലര്‍.

ഓപ്പെന്‍ ഹയ്മര്‍ മുഖ്യമായും ഐമാക്‌സ് ഫിലിം ക്യാമറയിലാണ് ചിത്രീകരിക്കപ്പെത്. എഴുപത് എം എം ഫിലിമിലും കുറേ ഭാഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സിനിമ ഐമാക്‌സ് സിനിമാ തിയേറ്ററില്‍ കാണുന്നതും സവിശേഷമായ ഒരനുഭവമാണ്. കേരളത്തില്‍ തിരുവനന്തപുരത്തുള്ള ലുലുമാളില്‍ മാത്രമാണ് ഐമാക്‌സ് സംവിധാനമുള്ളത്. എറണാകുളത്തും കോഴിക്കോട്ടും വൈകാതെ ഐമാക്‌സ് തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചേക്കും. കോയമ്പത്തൂരില്‍ അടുത്തിടെ തുറന്ന ബ്രോഡ് വേ എന്ന മെഗാപ്ലക്‌സിലെ ഐ മാക്‌സ് സ്‌ക്രീനിലാണ് ഞാന്‍ ഓപ്പെന്‍ ഹയ്മര്‍ കണ്ടത്. മികച്ച ദൃശ്യ-ശബ്ദ അനുഭവമായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

ഓപ്പെന്‍ ഹയ്മര്‍ ഒരു പ്രഹേളികയാണ് എന്ന് അദ്ദേഹത്തെക്കുറിച്ചുള്ള പ്രസിദ്ധമായ ജീവചരിത്രം- ‘അമേരിക്കന്‍ പ്രൊമിത്യൂസ്-’ എഴുതിയ കൈ ബേര്‍ഡും മാര്‍ട്ടിന്‍ ജെ ഷെര്‍വിനും പറയുന്നു. ആകര്‍ഷകമായ നേതൃഗുണങ്ങളുള്ള സൈദ്ധാന്തിക ഫിസിസിസ്റ്റും, സന്ദിഗ്ധതകളിലൂടെ കടന്നുപോയ സൗന്ദര്യാരാധകനുമായിരുന്നു എന്നും അവര്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ഈ പുസ്തകത്തെ ആസ്പദമാക്കിയാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ സിനിമയെടുത്തിരിക്കുന്നത്.

ഓപ്പെന്‍ ഹയ്മറുടെ അടുത്ത സുഹൃത്തും സഹപാഠിയുമായിരുന്ന ഫെര്‍ഗൂസണ്‍, 1926 ഫെബ്രുവരിയിലുണ്ടായ ഒരസാധാരണ സംഭവം, ഓപ്പെന്‍ ഹയ്മറുടെ മരണശേഷം വെളിപ്പെടുത്തുകയുണ്ടായി. യൂറോപ്പില്‍ തീവണ്ടിയില്‍ യാത്ര ചെയ്യവേ, ഒരു മൂന്നാം ക്ലാസ് ബോഗിയ്ക്കകത്ത് രണ്ടു കമിതാക്കള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഓപ്പെന്‍ ഹയ്മര്‍ നേരിട്ടു കണ്ടു. ഫെര്‍ഗൂസന്റെ നിഗമനപ്രകാരം ഇരുപത്തി രണ്ട് വയസ്സുണ്ടായിരുന്ന ഓപ്പെന്‍ ഹയ്മറിന് അതുവരെയും ലൈംഗികാനുഭവം ഒന്നുമുണ്ടായിട്ടില്ല. തെര്‍മോഡൈനാമിക്‌സ് വായിക്കുകയായിരുന്ന ഓപ്പെന്‍ ഹയ്മറിന് ശ്രദ്ധ കൈവിടുകയും പുരുഷന്‍ പോയപ്പോള്‍ സ്ത്രീയെ കടന്നു പിടിച്ച് ചുംബിക്കുകയും ചെയ്തു. അവള്‍ക്ക് വലിയ സംഭ്രാന്തിയൊന്നുമുണ്ടായില്ല. അതേ സമയം, തന്റെ തെറ്റ് മനസ്സിലാക്കിയ ഓപ്പെന്‍ഹയ്മര്‍ അവളോട് മുട്ടുകുത്തി ക്ഷമാപണം യാചിച്ചു. തന്റെ ലഗ്ഗേജുകളെടുത്ത് ആ ബോഗിയില്‍ നിന്ന് പോകുകയും ചെയ്തു. എന്നാല്‍, അടുത്ത സ്‌റ്റേഷനിലിറങ്ങിയ ഓപ്പെന്‍ ഹയ്മര്‍ ഗോവണിയില്‍ നിന്ന് നോക്കുമ്പോള്‍ താന്‍ ബലമായി ചുംബിച്ച ആ സ്ത്രീ താഴെക്കൂടി നടന്നു പോകുന്നതു കണ്ടു. അപ്പോള്‍ തന്റെ സ്യൂട്ട്കേസ് അവള്‍ക്കു മേല്‍ ഇടാനുള്ള തോന്നലദ്ദേഹത്തിനുണ്ടാവുകയും അപ്രകാരം ചെയ്യുകയും ചെയ്തു. ഭാഗ്യത്തിന് അത് അവളുടെ ദേഹത്ത് വീണില്ല. റോബര്‍ട്ട് (ഓപ്പെന്‍ ഹയ്മര്‍) ആകെ മതിഭ്രമത്തിലായിരുന്നു എന്നു വ്യക്തം. സത്യത്തില്‍ അയാള്‍ അവളെ ചുംബിച്ചിട്ടുണ്ടോ? റോബര്‍ട്ടിന് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി എന്ന് ഇതോടെ വ്യക്തമായി. അതേസമയം, മുകളില്‍ നിന്ന് ബോംബിടുമ്പോള്‍ താഴെ മനുഷ്യരാണ് മരിച്ചു വീഴുക അല്ലെങ്കില്‍ അപായപ്പെടുക എന്ന തോന്നല്‍ ബോംബു വിക്ഷേപിക്കുന്നയാള്‍ എങ്ങനെയാണ് അനുഭവിക്കുക എന്നതിന്റെ ഒരു മുന്‍കൂര്‍ ന്യായമായിരുന്നോ ഇത്?

തന്റെ അധ്യാപകനായിരുന്ന പാട്രിക്ക് ബ്ലാക്കെറ്റുമായി റോബര്‍ട്ടിനുണ്ടായിരുന്ന വിചിത്രമായ ബന്ധവും ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. പരീക്ഷണാത്മക ഫിസിസിസ്റ്റായിരുന്ന പാട്രിക്ക് ബ്ലാക്കെറ്റ്, റോബര്‍ട്ടിന്റെ പരീക്ഷണശാലാ പരാജയങ്ങളെ കണക്കില്‍ കൂടുതല്‍ കുറ്റപ്പെടുത്തിയിരുന്നു. ഒരധ്യാപകന്‍ എന്ന നിലയില്‍ അതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ റോബര്‍ട്ടിന്റെ കലുഷിതമായ മാനസികാവസ്ഥയില്‍ ഇത് വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. 1925 ശരത്കാലത്ത് ഏറ്റവും മോശമായ ഒരു പ്രവൃത്തി ചെയ്യുന്നതിലേയ്ക്കാണ് കാര്യങ്ങള്‍ റോബർട്ടിനെ കൊണ്ടു ചെന്നെത്തിച്ചത്. ബ്ലാക്കെറ്റിന്റെ മേശമേലിരുന്ന ഒരാപ്പിളില്‍, ലാബില്‍ നിന്ന് എടുത്ത ചില വിഷരാസലായനികള്‍ അയാള്‍ കുത്തിവെച്ചു. ഇത് യഥാര്‍ത്ഥത്തിലുള്ള ഒരാപ്പിളായാലും ശരി ഭാവനയിലുള്ള ആപ്പിളായാലും ശരി, അസൂയയാണ് ഈ ദുഷ്‌കൃത്യത്തിലേയ്ക്ക് അയാളെ നയിച്ചത് എന്നാണ് ജെഫ്രിസ് വൈമാന്‍ നിരീക്ഷിച്ചത്. ബ്ലാക്കെറ്റ് ഏതായാലും ആ ആപ്പിള്‍ ഭക്ഷിച്ചില്ല. ക്രിസ്റ്റഫര്‍ നോളന്റെ സിനിമയില്‍; സാധാരണ ഇത്തരം രംഗങ്ങളില്‍ കാണാറുള്ളതു പോലെ മനസ്താപം ഉണ്ടായ റോബര്‍ട്ട് തന്നെ അവിടേക്ക് ഓടിയെത്തി ബ്ലാക്കെറ്റ് ആപ്പിള്‍ കടിക്കാനോങ്ങവേ ബലമായി പിടിച്ചുവാങ്ങി കളയുകയാണ് ചെയ്യുന്നത്. ഏതായാലും സര്‍വകലാശാല അധികൃതര്‍ ഇക്കാര്യം അറിയുകയും റോബര്‍ട്ടിന്റെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. റോബര്‍ട്ടിന്റെ പിതാവ് ജൂലിയസ് ഓപ്പെന്‍ ഹയ്മര്‍ അധികൃതരോട് കെഞ്ചിപ്പറഞ്ഞതിനെ തുടര്‍ന്ന് ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്ന് റോബര്‍ട്ട് ഒഴിവാക്കപ്പെട്ടു. അതേസമയം റോബര്‍ട് ഓപ്പെന്‍ ഹയ്മറിന് മനശ്ശാസ്ത്ര ചികിത്സ അനിവാര്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുകയും അതനുസരിച്ചുള്ള ചികിത്സ ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ ചികിത്സയോടും അനുഭാവപൂര്‍ണമായല്ല റോബര്‍ട്ട് പ്രതികരിച്ചത്. രണ്ടോ മൂന്നോ ചികിത്സകരെ മാറ്റിമാറ്റി പരീക്ഷിച്ച റോബര്‍ട്ട് ഇതിനിടയില്‍ മനശ്ശാസ്ത്രവിശകലനം (സൈക്കോ അനാലിസിസ്) സ്വയം സൂക്ഷ്മമായി പഠിക്കാനും ആരംഭിച്ചു. റോബര്‍ട്ട് ഓപ്പെന്‍ ഹയ്മറെ ചികിത്സിച്ചു പരാജയപ്പെട്ട സൈക്ക്യാട്രിസ്റ്റുകളെക്കുറിച്ച് ഹെര്‍ബേര്‍ട്ട് സ്മിത്ത് പറയുന്നത്, ആരെയാണോ പരിശോധിക്കുന്നത് അല്ലെങ്കില്‍ വിശകലനം ചെയ്യുന്നത് അയാളെക്കാള്‍ കഴിവു കൂടിയയാളായിരിക്കണമല്ലോ ചികിത്സകന്‍. അങ്ങനെ ഒരാളില്ലെന്നാണ് തോന്നുന്നത്. റോബര്‍ട്ട് ഓപ്പെന്‍ ഹയ്മറുടെ ബുദ്ധിശക്തിയെയും വിശകലനപാടവത്തെയും കുറിച്ച് ഇതിലും നല്ല ഒരു നിരീക്ഷണം പറയേണ്ടതില്ല.

1926ല്‍ തന്റെ ഒരു തീസിസ് റോബര്‍ട്ട് ഓപ്പെന്‍ ഹയ്മര്‍ അന്ന് പഠിച്ചിരുന്ന ഗോട്ടിങ്കന്‍ സര്‍വകലാശാല(ജര്‍മ്മനി/പ്രഷ്യ)യില്‍ സമര്‍പ്പിച്ചു. ഡിസ്റ്റിങ‍്ഷന്‍ കൊടുക്കാവുന്ന മികവതിനുണ്ടായിരുന്നു, എന്നാല്‍ വളരെ സങ്കീര്‍ണമായ പേപ്പറാണത് എന്നാണ് ഫിസിക്‌സ് വിഭാഗത്തിന്റെ തലവന്‍ മാക്‌സ ബോണ്‍ തന്റെ കുറിപ്പായെഴുതിയത്. 1924ല്‍ ക്വാണ്ടം മെക്കാനിക്‌സ് എന്ന ശാസ്ത്രശീര്‍ഷകം രൂപപ്പെടുത്തിയത് ബോണ്‍ ആയിരുന്നു. ഐന്‍സ്‌റ്റീന്‍സ് തിയറി ഓഫ് റിലേറ്റിവിറ്റി എന്ന ബോണിന്റെ പുസ്തകം പ്രസിദ്ധമാണ്. 1954ല്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചു. ഡോക്ടറേറ്റ് നേടിയതിനു ശേഷം സര്‍വകലാശാല വിട്ടു പോകുമ്പോള്‍, ബോണിന് ലാ ഗാരെഞ്ചയുടെ മെക്കാനിക്ക് അനലിറ്റിക്ക എന്ന ക്ലാസിക്ക് ടെക്‌സ്റ്റ് സമ്മാനിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ബോണ്‍ ഓപ്പെന്‍ ഹയ്മറിനയച്ച കത്തിൽ ഇപ്രകാരം എഴുതി: എല്ലാ കോളിളക്കങ്ങളെയും അതിജീവിച്ച പുസ്തകമാണിത്. വിപ്ലവം, യുദ്ധം, അഭയാര്‍ത്ഥിത്വം, തിരിച്ചുവരവുകള്‍ എല്ലാത്തിനെയും. എന്റെ ഗ്രന്ഥശാലയില്‍ ഈ പുസ്തകവുമുണ്ടെന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു. എന്തെന്നാല്‍, ശാസ്ത്രത്തോടുള്ള താങ്കളുടെ മനോഭാവത്തിന്റെ പ്രതിനിധാനമാണത്. മനുഷ്യചരിത്രത്തില്‍ സാമാന്യ ബൗദ്ധിക വികാസമെന്നത് എത്ര പ്രധാനമാണെന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകമാണത്.

ബര്‍ക്കിലിയില്‍ അധ്യാപകനായിരിക്കെ, സിദ്ധാന്ത ഭൗതിക(തിയററ്റിക്കല്‍ ഫിസിക്‌സ്)ത്തിന്റെ പൈഡ് പൈപ്പര്‍ ആയി ഓപ്പെന്‍ ഹയ്മര്‍ മാറി എന്ന് അമേരിക്കന്‍ പ്രൊമിത്യൂസിന്റെ ഗ്രന്ഥകര്‍ത്താക്കളായ കൈ ബേര്‍ഡും മാര്‍ട്ടിന്‍ ജെ ഷെര്‍വിനും പറയുന്നു. ‘ഞാന്‍ വിദ്യാര്‍ത്ഥികളെ തേടി നടന്നില്ല; പകരം, ഞാനിഷ്ടപ്പെട്ട സിദ്ധാന്തത്തിന്റെ പ്രചാരകനായി മാറുകയാണ് ചെയ്തത്. എല്ലാവര്‍ക്കും ആ സിദ്ധാന്തം വേണ്ടത്ര മനസ്സിലായിരുന്നില്ല, എന്നാല്‍ അത് വളരെ ഉള്‍ക്കാമ്പുള്ളതായിരുന്നു’ എന്നാണ് ഇക്കാലത്തെക്കുറിച്ച് ഓപ്പെന്‍ ഹയ്മര്‍ പറഞ്ഞത്.

നോബല്‍ സമ്മാനം ലഭിക്കേണ്ട അത്രയും പ്രധാനപ്പെട്ട കണ്ടെത്തലാണ് ഓപ്പെന്‍ ഹയ്മര്‍ നടത്തിയതെങ്കിലും അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചില്ലെന്നു മാത്രമല്ല, സ്വന്തം ഭരണകൂടത്താലും പൊതുബോധത്താലും വേട്ടയാടപ്പെടുകയാണ് ഉണ്ടായത്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ കൂട്ടമരണം സംഭവിച്ചതിനല്ല പക്ഷേ, അദ്ദേഹം വിചാരണ ചെയ്യപ്പെട്ടത്; മറിച്ച് കമ്യൂണിസ്റ്റ് അനുഭാവം ഉണ്ടായിരുന്നു എന്ന ആരോപണത്തിന്മേലാണ്. അതായത്, യുദ്ധവിനാശകരമായ അണുബോംബാണ് അദ്ദേഹം കണ്ടുപിടിച്ചത് എന്നതിനാലല്ല അദ്ദേഹത്തിന് നോബല്‍ ലഭിക്കാതെ പോയത് എന്നും കമ്യൂണിസ്റ്റനുഭാവി ആയതിനാലാണെന്നുമാണ് സിനിമയിലൂടെ സംവിധായകന്‍ വിലപിക്കുന്നത്. ഈ വിലാപം അമേരിക്കന്‍ പൊതുബോധവും ലോകപൊതുബോധവുമാക്കി സംക്രമിപ്പിക്കാനുള്ള വിദഗ്ദ്ധമായ ചേരുവയാണ് ഓപ്പെന്‍ ഹയ്മര്‍ എന്ന സിനിമ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × five =

Most Popular