അരങ്ങ് കറുത്തു കിടക്കുന്നു. ആ ഇരുളിൽ വെളിച്ചപ്പൊട്ടുകൾ പോലെ പ്രേക്ഷകർക്ക് നേരെ നീണ്ടു വരുന്ന ചൂണ്ടുവിരലുകൾ. അനന്തരം ഇരുളിൽ മറഞ്ഞു നില്ക്കുന്ന തോക്കുകൾ ചൂണ്ടുവിരലുകൾക്ക് നേരെ വെടിയുതിർക്കുന്നു.
വെടിയേറ്റ് മുറിഞ്ഞു വീഴുന്ന വിരലുകൾ.
മുഴക്കം സൃഷ്ടിക്കുന്ന ഒരു ശബ്ദം:
“നേര് കാണുന്ന കണ്ണുകൾ ചൂഴ്ന്നെടുക്കും.
നേരു കേൾക്കുന്ന ചെവികൾ മുറിച്ചുമാറ്റും.
നേരു പറയുന്ന നാവുകൾ അരിഞ്ഞെറിയും
ചൂണ്ടപ്പെടുന്ന വിരലുകൾ തോക്കുകൾക്കിരയാകും.
ഇത് സനാതന മത രാജ്യം.’
അരങ്ങിൽ ആയുധങ്ങളും പന്തങ്ങളുമായി മാർച്ചു ചെയ്തു വരുന്ന കാവിപ്പട.
അപകട സൈറനുകളുടെ മുഴക്കം.
കാവിത്തലപ്പാവു ധരിച്ച ഒരു സേനാനായകൻ കടന്നു വന്ന് പ്രേക്ഷകരോടായി പറയുന്നു:
“സനാതന മതവിശ്വാസികളേ……. വരുവിൻ നമ്മുടെ രാജ്യം വരികയായ് …’
ആയുധങ്ങളുടെ അലർച്ചകളും വെടിയൊച്ചകളും. അരങ്ങാകെ നിറയുന്ന അസ്വസ്ഥതയുടെ പുക മേഘങ്ങൾ.
ശക്തമായ ഇടിയും മിന്നലും.
മിന്നൽ വെളിച്ചത്തിൽ ഇടിമുഴക്കത്തോടെ തെളിയുന്ന ചെറു ദൃശ്യങ്ങൾ:
* ഒരു ദളിത് യുവാവിനെ തലകീഴായി കെട്ടിത്തൂക്കി അടിയിൽ തീയിട്ടു പുകയ്ക്കുന്ന ദൃശ്യം.
* മനുഷ്യ രക്തത്തിനായി കൊതി പെരുകി ഉഗ്രമൂർച്ചയുള്ള വിഷപ്പല്ലുകൾ പുറത്തുകാട്ടി ചിരിക്കുന്ന ജാതിക്കോലങ്ങളുടെ ഭീകരമുഖങ്ങൾ.
* ഒരു കാവിവേഷധാരി ദളിത് യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യം.
* മനുഷ്യരെ പച്ചക്കറി വെട്ടുന്നതുപോലെ അരിഞ്ഞുതള്ളുന്ന ഭീകരദൃശ്യ ചിത്രങ്ങൾ.
* തിരശ്ശീലയാകെ ചിതറിപ്പടരുന്ന മനുഷ്യ രക്തം.
അല്പനേരത്തെ ഇരുൾ മാത്രം.
ഇരുളിൽ ഒരു വെളിച്ചം അടുത്തേക്കടുക്കുന്നു. ഒപ്പം ഗുരു ശബ്ദം:
“ഒരു ജാതി ഒരു മതം ഒരു ദൈവം’ പശ്ചാത്തലത്തിൽ സ്‌നേഹ സംഗീതം. ഈ സംഗീതവും ഗുരുമന്ത്രവും ഇരുളിനെ അകറ്റുന്നു. രംഗഭൂമിയാകെ വെളിച്ചം നിറയുന്നു. ♦