Saturday, November 23, 2024

ad

Homeസംസ്ഥാനങ്ങളിലൂടെമധ്യപ്രദേശങ്ങളിൽ വനവകാശത്തിനായി ആദിവാസികളുടെ സമരം

മധ്യപ്രദേശങ്ങളിൽ വനവകാശത്തിനായി ആദിവാസികളുടെ സമരം

കെ ആർ മായ

ദിവാസികൾക്കെതിരായ അതിക്രമങ്ങളുടെ നീണ്ടചരിത്രമാണ് മധ്യപ്രദേശിലെ ബുർഹാൻപൂരിനുള്ളത്. വനവാസികളായ, വനത്തിന്റെ യഥാർഥ അവകാശികളായ ആദിവാസികളെ, ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് പിടികൂടി അനധികൃത തടങ്കലിൽ വെക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് തുടർക്കഥയാവുകയാണ്.
ബുർഹാർപൂരിൽ 1,90,00 ഹെക്ടർ ആയിരുന്ന വനമേഖലയിലെ 55,000 ഹെക്ടറും അനധികൃത കയ്യേറ്റവും മരംമുറിക്കലുംമൂലം ഇല്ലാതായിരിക്കുകയാണ്. പട്ടയം സംബന്ധിച്ച് ആദിവാസികൾ അവകാശവാദമുന്നയിച്ച തർക്കത്തിൽ കിടക്കുന്ന വനഭൂമിയിൽ നിന്ന് അനധികൃതമായി വനം മുറിക്കുന്നതിനെതിരെയും അവിടെ നിന്നും തങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെയും ആദിവാസികൾ കൂട്ടായി പ്രതിഷേധിച്ചതാണ് അവർക്കെതിരെ ഇപ്പോഴുണ്ടായ പൊലീസ് നടനടപികൾക്കു കാരണമായത്. ഇരുപതോളം ആദിവാസികളെ പൊലീസ് അറസ്റ്റുചെയ്തു. യഥാർഥത്തിൽ വനംവകുപ്പ് അവരെ കള്ളക്കേസിൽ കുടുക്കുകയാണുണ്ടായത്.

2022 ഡിസംബറിനും 2023 ഏപ്രിലിനുമിടയ്ക്കു നേപ്പാനഗർ മേഖലയിൽ വലിയതോതിൽ വനംവെട്ടി നശിപ്പിക്കൽ നടന്നു. അത് തുടർപ്രക്രിയയായപ്പോൾ അതിനെതിരെ ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രാദേശികമായി പ്രവർത്തിക്കുന്ന ജാഗ്രിത് ആദിവാസി ദളിത് സംഗതൻ (ജെ എഡി എസ്) എന്ന സംഘടനയുടെ നേതാക്കളെയും സമരം ചെയ്ത ആദിവാസികളെയും അറസ്റ്റു ചെയ്തു. അനധികൃത വനനശീകരണം തടയുന്നതിൽ പരാജയപ്പെട്ട വനം വകുപ്പ് ജില്ലാഭരണകൂടത്തിന്റെ സഹായം തേടിയിരുന്നു. പുറമേനിന്നുള്ളവർ വനം വെട്ടുന്നതിനെതിരെ ആദിവാസികൾ സംഘടിച്ച് വനത്തിൽ കുടിൽകെട്ടി. അധികാരികൾ ബുൾഡോസർ ഉപയോഗിച്ച് അവനശിപ്പിച്ചു. കുടിൽ കെട്ടാനായി അനധികൃതമായി മരംമുറിച്ചു എന്നാരോപിച്ച് ഇരുപതിലധികം ആദിവാസികളെ അറസ്റ്റു ചെയ്യുകയും കുടിൽകെട്ടിയ ഭൂമി പിടിച്ചെടുക്കുകയും ചെയ്തു. ഇങ്ങനെ വനം നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ, അതിനെതിരെ നിരന്തരം ശബ്ദമുയർത്തവരെയാണ് വനംനശിപ്പിച്ചു എന്ന പേരിൽ അറസ്റ്റു ചെയ്ത് നിശ്ശബ്ദരാക്കിയത്. കസ്റ്റഡിയിലുള്ളവരെ അന്വേഷിച്ച് ഗ്രാമവാസികൾ ബുർഹാൻപൂർ വനംവകുപ്പ് ഓഫീസിൽ എത്തിയപ്പോൾ അവരെ അറസ്റ്റ്‌ ചെയ്യപ്പെട്ട ആദിവാസികളെ അവിടെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അവരെ മോചിപ്പിക്കാൻ ഗ്രാമവാസികൾക്ക് വനപാലകരുമായി ഏറ്റുമുട്ടേണ്ടിവന്നു. സ്ത്രീകളടക്കം നാൽപതോളം ആദിവാസികളെ പൊലീസ് അറസ്റ്റു ചെയ്തു. തൊട്ടടുത്ത ജില്ലയായ ബർവാനിയിലും ഈ കേസുമായി ബന്ധപ്പെട്ട് ആദിവാസികളെ അറസ്റ്റു ചെയ്തു. ഇവിടെ തൊഴിലുറപ്പുവേതനം നൽകാത്തതിനെതിരെയും കുടിയേറ്റക്കാരായ ആദിവാസി സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെയും ആദിവാസി ഊരുകളിലെ അനധികൃത മദ്യവിൽപ്പന തടയണമെന്നാവശ്യപ്പെട്ടും നിരവധി സമരങ്ങളും പ്രതിഷേധമാർച്ചുകളും നടന്നു. ഒരുവശത്ത് വനത്തിന്മേലുള്ള തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെടുമ്പോൾ മറുവശത്ത് വനംവകുപ്പ് ആദിവാസികൾ വനഭൂമി കയ്യേറുന്നതായി ആരോപിച്ച് അവരെ വേട്ടയാടുകയാണ്. 2019 ൽ ഭൂമിയുടെ പട്ടയത്തിനായി അവകാശമുന്നയിച്ചതിൽ 61 ശതമാനവും തള്ളപ്പെട്ടു. 2022 ഡിസംബറിൽ രാജ്യസഭയിൽ ഗോത്രവർഗ കാര്യാലയം അവതരിപ്പിച്ച ഡാറ്റ പ്രകാരം 2022 ജൂൺ വരെ, വനവകാശനിയമപ്രകാരം സമർപ്പിച്ച മൊത്തം ക്ലെയിമുകളിൽ 55 ശതമാനവും നിരസിക്കപ്പെട്ടു.

ഇപ്പോൾ തദ്ദേശിയരായ ആദിവാസികളെയും കുടിയേറ്റക്കാരായ ആദിവാസികളെയും തമ്മിലടിപ്പിക്കാനാണ് ബി ജെ പി ഭരണകൂടം ശ്രമിക്കുന്നത്. പ്രദേശത്തെ വലിയ വോട്ടുവിഭാഗമാണ് ആദിവാസികൾ. മണിപ്പൂരിൽ ബി ജെ പി ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്ന വിഘടന അജൻഡയുടെ മറ്റൊരു രൂപമാണ് ഇപ്പോൾ ബുർഹാൻപൂരിൽ കാണുന്നത്. എന്തായാലും ഒരുകാര്യം തീർച്ചയാണ്; ഇവിടത്തെ ആദിവാസി ജനത ബി ജെ പിയുടെ ഗൂഢതന്ത്രം തിരിച്ചറിഞ്ഞ് തങ്ങളുടെ ഭൂമിയും കിടപ്പാടവും സംരക്ഷിക്കുവാനായി പോരാട്ടം തുടരുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − thirteen =

Most Popular