Thursday, September 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെആസാമിൽ ഗവൺമെന്റ് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക്

ആസാമിൽ ഗവൺമെന്റ് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക്

നിരഞ്ജന ദാസ്

ദേശീയ പെൻഷൻ പദ്ധതി (എൻ പി എസ്) റദ്ദാക്കണമെന്നും പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ അസം ഗവൺമെന്റ് എൻപിഎസ് എംപ്ലോയീസ് അസോസിയേഷൻ (എഎജിഎൻപിഎസ്ഇഎ) ആഗസ്റ്റ് 22, 23 തീയതികളിൽ പണിമുടക്കിന് ആഹ്വാനം നൽകി. അധ്യാപകരും ജീവനക്കാരുമടക്കം 55 സംഘടനകൾ ജൂലൈ 9നു ചേർന്ന സംയുക്തയോഗത്തിലാണ് ദ്വിദിനപണിമുടക്ക് നടത്താൻ തീരുമാനിച്ചത്. എൻ പി എസ് പ്രവർത്തിക്കുന്നതെന്നും സർവീസിൽനിന്നു വിരമിച്ചശേഷം തങ്ങൾക്ക് സുരക്ഷിതമായ വിശ്രമജീവിതം നയിക്കാൻ ഒപിഎസ് പുനഃസ്ഥാപിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. വിരമിച്ച ജീവനക്കാർക്ക് ഇപ്പോൾ നാമമാത്രമായ പ്രതിമാസ പെൻഷനാണ് ലഭിക്കുന്നത്. ഈ തുച്ഛമായ തുക ഉപജീവനം അസാധ്യമാക്കുന്നു. അതുകൊണ്ട് പഴയ പെഷൻ സ്കീം പുനഃസ്ഥാപിക്കണം എന്നാണ്‌ ജീവനക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്‌. രാജസ്താൻ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഒപിഎസ് പുനഃസ്ഥാപിച്ചിരുന്നു.

2002 നവംബർ 8ന് ഗുവാഹത്തിയിൽ 20,000ത്തിലധികം സർക്കാർ ജീവനക്കാരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളി ഫെഡറേഷനുകളും പങ്കെടുത്ത കാൽനടജാഥ സംഘടിപ്പിച്ചിരുന്നു. ഡിസംബറിൽ സംസ്ഥാന തലസ്ഥാനത്ത് കുത്തിയിരുപ്പു സമരവും നടത്തി. എന്നാൽ ആവർത്തിച്ചുള്ള സമരങ്ങളും അതേതുടർന്നുള്ള സർക്കാരിന്റെ ഉറപ്പും തുടർക്കഥയാവുകയാണ്. സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ സമരം ഇനിയും ശക്തമാക്കുമെന്ന് തൊഴിലാളികൾ പറയുന്നു. അസമിൽ അഞ്ച് ലക്ഷത്തോളം സർക്കാർ ജീവനക്കാരാണുള്ളത്. ഇതിൽ 2.4 ലക്ഷം പേർ പുതിയ പെൻഷൻ സ്കീമിനു കീഴിലാണ്. ഇവരുടെ ആവശ്യത്തിന് അടിയന്തരപരിഹാരം കാണണം. ഈ ആവശ്യത്തിൽനിന്നും ഒരടി പിന്മാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കമ്മീഷണറുടെ ഓഫീസ് മുഖാന്തരവും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിയ്ക്കും മെമ്മോറാണ്ടം സമർപ്പിക്കുമെന്ന് എൻപിഎസ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

പണിമുടക്കിനെ വിവിധ സംഘടനകൾ പിന്തുണച്ചു. ഡിപ്പാർട്ട്മെന്റ് മിനിസ്റ്റീരിയൽ ഓഫീസേഴ്സ് അസോസിയേഷൻ, ഓൾ അസം ജില്ലാ അഡ്മിനിസ്ട്രേഷൻ എംപ്ലോയീസ് അസോസിയേഷൻ, ഓൾ അസം ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ തുടങ്ങീ സംഘടനകളും പണിമുടക്കിൽ പങ്കെടുത്തു.
ഒപിഎസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം രാജ്യത്ത് വർധിച്ചുവരികയാണ്. അതിന് കൂടുതൽ ശക്തി പകരുന്നതാണ് അസമിലെ സർക്കാർ ജീവനക്കാരുടെ പണിമുടക്ക്. തൊഴിലാളിവിരുദ്ധ മോദി സർക്കാരിനെതിരായ ശക്തമായ താക്കീതുകൂടിയാണ് ഈ പണിമുടക്ക്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 3 =

Most Popular