ഇക്കണോമിക് നോട്ട്‌ബുക്ക്‐5
“ഉൽപ്പന്നങ്ങൾക്ക് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കുന്നു. അതിന് എല്ലായിടത്തും കൂട് കെട്ടണം, എല്ലായിടത്തും പാർപ്പുറപ്പിക്കണം ,എല്ലായിടത്തും ബന്ധങ്ങൾ സ്ഥാപിക്കണം.
“അമേരിക്കൻ വൻകര കണ്ടുപിടിച്ചതും ആഫ്രിക്കൻമുനമ്പ് ചുറ്റാൻ കഴിഞ്ഞതും ഉയർന്നുവരുന്ന ബൂർഷ്വാസിയ്ക്ക് പുതിയ തുറകൾ തുറന്നുകൊടുത്തു. ഇന്ത്യയിലെയും ചൈനയിലെയും കമ്പോളങ്ങൾ, അമേരിക്കയിലേക്കുള്ള കുടിയേറ്റം, കോളണികളുമായുള്ള കച്ചവടം, വിനിമയോപാധികളിലും വില്പനച്ചരക്കുകളിലും പൊതുവേയുണ്ടായ വർദ്ധന -ഇതെല്ലാം വ്യാപാരത്തിനും കപ്പൽ ഗതാഗതത്തിനും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം പ്രചോദനം നൽകി. അത് ആടിയുലയുന്ന ഫ്യൂഡൽ സമൂഹത്തിനകത്തുള്ള വിപ്ലവശക്തികളുടെ സത്വര വികാസത്തിന് കാരണമായിത്തീർന്നു’’.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കനാലുകളും റോഡുകളും റെയിൽവേ ലൈനുകളുമാണ് വ്യാ വസായിക മുതലാളിത്തത്തിന് ഏറ്റവും ആവശ്യമായി വേണ്ടതെന്ന് ഒരുപക്ഷേ ആദ്യമായി രേഖപ്പെടുത്തിയ ആൾ മാർക്സ് ആയിരിക്കും.
ഗ്രുൻഡ്രിസ്സെയിൽ മാർക്സ് ഇങ്ങിനെ എഴുതുന്നു . “ചരക്കുകളുടെ കൈമാറ്റത്തെ അടിസ്ഥാനമാക്കിയ ഉല്പാദന സമ്പ്രദായത്തിന് ഏറ്റവും ആവശ്യം വേണ്ടത് ചരക്കുകൾ കൈമാറ്റം ചെയ്യാനുള്ള ഭൗതിക ഉപാധികളാണ് – വാർത്താവിനിമയത്തിനും ഗതാഗതത്തിനുമുള്ള – സംവിധാനങ്ങൾ. ദൂരത്തെ സമയം കൊണ്ട് വെട്ടിക്കുറയ്ക്കുന്ന ഈ ഉപാധികൾ, ഭൗതികമായ കൈമാറ്റത്തിന് ഏറ്റവും അനിവാര്യമാണ്. “ഇന്ന് ആഗോളവത്കൃത ലോകത്തെക്കുറിച്ച് നടക്കുന്ന വായ്ത്താരികൾ പലതും ഒന്നര നൂറ്റാണ്ടിനു മുൻപുള്ള മാർക്സിന്റെ വരികളിൽ ദർശിക്കാം.
മൂലധനം ആദ്യമായി പ്രസിദ്ധപ്പെടുത്തിയ 1867ൽ തന്നെയാണ് മെഡിറ്ററേനിയൻ സമുദ്രത്തെ ചെങ്കടലുമായി ബന്ധിപ്പിക്കുക വഴി യൂറോപ്പും ഏഷ്യയുമായുള്ള രാജ്യാന്തര കപ്പൽ ഗതാഗതത്തിൽ 8900 കിലോമീറ്റർ ലാഭിക്കുന്ന സൂയസ് കനാൽ നിർമ്മിക്കപ്പെടുന്നത്. പുതിയ കമ്പോളങ്ങൾ കണ്ടുപിടിക്കാനും ചരക്കുകൾക്ക് അതിവേഗം അവിടങ്ങളിലെത്തിച്ചേരാനുമുള്ള മൂലധനത്തിന്റെ അടിസ്ഥാന ചോദനയെ വരച്ചു കാട്ടുന്ന ഏറ്റവും നല്ല ഉദാഹരണമാണ് സൂയസ് കനാലിന്റെ നിർമാണം. മാർക്സിന്റെ ഭാഷയിൽ “മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് എന്തെല്ലാം നേടാനാവുമെന്ന് ആദ്യമായി കാണിച്ചത് ബൂർഷ്വാസിയാണ് .ഈജിപ്തുകാരുടെ പിരമിഡുകളെയും റോമാക്കാരുടെ ജലസംഭരണ-വിതരണ പദ്ധതികളെയും അതിശയിപ്പിക്കുന്ന മഹാത്ഭുതങ്ങൾ അത് സാധിച്ചിട്ടുണ്ട്. പണ്ടത്തെ കുരിശൂയുദ്ധങ്ങളെയും ദേശീയ ജനതയുടെ കൂട്ടപ്പലായനങ്ങളെയും നിഷ്പ്രഭമാക്കുന്ന സാഹസിക സംരംഭങ്ങൾ അത് നടത്തിയിട്ടുണ്ട്’’.
നിർമാണം കഴിഞ്ഞിട്ട് ഒന്നര നൂറ്റാണ്ടു കഴിയുമ്പോഴും രാജ്യാന്തര ചരക്കു ഗതാഗതത്തിൽ സൂയസ് കനാലിന്റെ പ്രാധാന്യം കൂടിയിട്ടേയുള്ളു. ഒരു വ്യത്യാസം മാത്രം. പണ്ട് യൂറോപ്യന്മാർ തങ്ങളുടെ നിർമിത വസ്തുക്കൾ ഏഷ്യയിലെ കോളനി രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് സൂയസ് കനാലിൽ കൂടിയുള്ള പാത മുഖ്യമായും ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നത്തെ കാലത്ത് ചൈനയിൽ നിന്നുമുള്ള നിർമിത വസ്തുക്കൾ ലോക കമ്പോളം തേടി യാത്ര നടത്തുന്നതിനായി ഇതേവഴിതന്നെ ഉപയോഗിക്കുന്നു. ആകെയുള്ള ചരക്കു ഗതാഗതത്തിൽ 90 ശതമാനവും കടൽ മാർഗ്ഗത്തിലൂടെയാണ് ഇന്നും നടക്കുന്നത് എന്നിരിക്കെ സൂയസ് കനാലിന്റെ പ്രസക്തി ഇന്നും കൂടി വരികയാണ് .ഈ ഇടുങ്ങിയ കപ്പൽ പാതയിൽ ഒരു കപ്പൽ കുടുങ്ങിയ സമീപകാലത്ത് 92 കോടി ഡോളറിന്റെ ചരക്കുഗതാഗതമാണ് ഒരു ദിവസം നിശ്ചലമായത്. ഇതുവഴിയുള്ള ചരക്കുഗതാഗതം സുഗമമായി നടന്നില്ലായെങ്കിൽ ആഗോള സമ്പദ്‌വ്യവസ്ഥ നാമാവശേഷമാകും എന്ന് പറയുന്നത് അതിശയോക്തിയാവില്ല, പ്രത്യേകിച്ചും 2050 ആകുമ്പോഴേയ്ക്കും കടൽ മാർഗേണയുള്ള ചരക്കുകടത്ത് മൂന്ന് മടങ്ങു വർധിക്കുന്ന സാഹചര്യത്തിൽ.
19‐ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നടന്ന സൂയസ് കനാൽ് നിർമാണം ആ കാലത്തെ ജിയോപൊളിറ്റിക്സുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ബ്രിട്ടനും ഫ്രാൻസും തമ്മിൽ നിലനിന്നിരുന്ന കൊളോണിയൽ സംഘർഷങ്ങൾക്ക് ഇതിൽ ഏറെ പങ്കുണ്ട്. ആഫ്രിക്കൻ മുനമ്പ് ചുറ്റിയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കടൽ ഗതാഗതം അന്ന് ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. ഫ്രാൻസിന്റെ കൊളോണിയൽ വാണിജ്യതാല്പര്യങ്ങൾക്ക് ഇത് ഏറെ തടസ്സമായിരുന്നു. അങ്ങിനെയാണ് ഫ്രഞ്ച് ഡിപ്ലോമാറ്റായിരുന്ന ഫെർഡിനന്റ് ദേ ലെസ്സിപ്സിന്റെ നേതൃത്വത്തിൽ സൂയസ് കനാൽ കമ്പനി രൂപം കൊള്ളുന്നത്ത്. യൂറോപിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന 193 കിലോമീറ്റർ നീളം വരുന്ന ഈജിപ്തിലൂടെയുള്ള ദൈർഘമേറിയ ഈ കനാൽ പദ്ധതിയ്ക്ക് ബ്രിട്ടൻ അന്ന് താല്പര്യമെടുത്തില്ല. 1859ൽ തുടങ്ങിയ കനാൽ നിർമാണം ഒരു ദശകം കൊണ്ട് പൂർത്തിയായി. 1869 നവംബർ 17ന് കനാൽ തുറന്നു കൊടുക്കപ്പെട്ടു. അതോടെ അറ്റ്ലാന്റിക് മഹാസമുദ്രത്തിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മെഡിറ്ററേനിയൻ കടലും ചെങ്കടലും വഴി കപ്പലുകൾക്ക് നേരിട്ട് പ്രവേശിക്കാൻ വഴിയൊരുങ്ങി. ഇന്ന് പ്രതിദിനം 56 കപ്പലുകൾ ഇതിലൂടെ കടന്നുപോകുന്നു. 2021ൽ മാത്രം 20600 കപ്പലുകളാണ് സൂയസ് കനാലിലൂടെ സഞ്ചരിച്ചത്.
കപ്പൽ സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങളും സൂയസ് കനാലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. 18‐ാം നൂറ്റാണ്ട് വരെയുള്ള കപ്പൽ യാത്രകൾ കാറ്റിനെ ആശ്രയിച്ചുകൊണ്ടുള്ളവയായിരുന്നു. അന്നത്തെ പായ്കപ്പലുകൾക്ക് ശക്തമായ കാറ്റ് അനിവാര്യമായിരുന്നു. ആവിയന്ത്രങ്ങളാൽ ചലിക്കുന്നവ ആയിരുന്നില്ല അവ. ആവിശക്തികൊണ്ട് ചലിക്കുന്ന കപ്പൽ ആദ്യമായി ഉണ്ടാകുന്നത് 1783 ലാണ്. മഹാസമുദ്രങ്ങളിലെ കാറ്റിന്റെ ഗതിയെ മാത്രം അവലംബിച്ചാണ് അതുവരെയും സമുദ്ര യാനങ്ങൾ പ്രവർത്തിച്ചിരുന്നത്. കാറ്റിന്റെ സഹായം ലഭിക്കാത്ത സൂയസ് കനാൽ പോലെയുള്ള ഇടുങ്ങിയ പാതകളിൽ കൂടിയുള്ള യാത്ര സ്വപ്നം കാണണമെങ്കിൽ ബദൽ ഊർജ സംവിധാനങ്ങൾ വേണ്ടിയിരുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് സാമൂഹിക സാമ്പത്തിക വളർച്ചയുമായുള്ള ബന്ധം വളരെ പ്രകടമായി കാട്ടിത്തരുന്ന ഒന്നാണിത്.
ഈജിപ്ഷ്യൻ ഭരണാധികാരിയായിരുന്ന സെയ്‌ദ് പാഷയുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തിയാണ് 99 വർഷത്തെ ലീസോടു കൂടി ലെസ്സിപ്പേ കനാൽ നിർമാണ അനുമതി നേടിയെടുക്കുന്നത്. ഏഴു രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധർ ഇതിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. തുടക്കം മുതൽക്കേ ബ്രിട്ടീഷ് ഭരണകൂടം സൂയസ് കനാൽ നിർമാണത്തിന് അനുകൂലമായ നിലപാടല്ല എടുത്തിരുന്നത്. ഇന്ത്യയിലേക്കും മറ്റ് കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും കടൽ വഴിയും കരമാർഗ്ഗേനയുമുള്ള യാത്രകൾ അതുവരെയും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. സൂയസ് കനാലിൽ കൂടിയുള്ള ഗതാഗതം നിലവിൽ വന്നാൽ അന്താരാഷ്ട്ര വ്യാപാരത്തിൽ തങ്ങൾക്കുള്ള കുത്തക പങ്കു വെയ്ക്കപ്പെടേണ്ടി വരുമെന്ന് ബ്രിട്ടൻ സ്വാഭാവികമായും ഭയപ്പെട്ടു. ഇത് തങ്ങളുടെ കോളോണിയൽ അധിനിവേശത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്നും അവർ കരുതി. അതിന് തടസ്സം സൃഷ്ടിക്കാൻ സകല മാർഗങ്ങളും അവർ സ്വീകരിച്ചു. കനാൽ നിർമാണത്തിന് ജനാധിപത്യ വിരുദ്ധമായ മാർഗങ്ങളും നിർബന്ധിത കൂലിവേലയും ഉപയോഗിക്കുന്നു എന്നായിരുന്നു ഒരു വാദം. ലോകം മുഴുവൻ കോളനികൾ സ്ഥാപിച്ച് അവിടങ്ങളിലെ തോട്ടങ്ങളിൽ അടിമ വേല നടത്തികൊണ്ടിരുന്നവർ ആണ് ഇത് പറയുന്നതെന്നോർക്കണം. പക്ഷേ മൂലധനത്തിന്റെ ലാഭേച്ഛയെ തടഞ്ഞു നിർത്താൻ, അതിന്റെ നിരന്തര വ്യാപനസ്വപ്ങ്ങൾക്ക് തടസ്സം നിർമിക്കുവാൻ ഒരു ശക്തിക്കും കഴിയുമായിരുന്നില്ല. അങ്ങനെ സൂയസ് കനാൽ നിർമാണ പദ്ധതി മുന്നോട്ട് പോയി.
സൂയസ് കനാൽ പദ്ധതി വിജയിക്കുമോ എന്ന കാര്യത്തിൽ വലിയ സംശയം മുതലാളിത്ത ലോകത്ത് തന്നെ നില നിന്നിരുന്നു. അതിനാൽ സൂയസ് കനാൽ നിർമാണ കമ്പനി പുറത്തിറക്കിയ ബോണ്ടുകൾ ആദ്യഘട്ടത്തിൽ വേണ്ടത്ര വിറ്റഴിക്കപ്പെട്ടില്ല. നിർമാണത്തിനാവശ്യമായ 90ക്ഷോടി യുഎസ് ഡോളർ കണ്ടെത്തുക അന്ന് വലിയൊരു വെല്ലുവിളി ആയിരുന്നു. ഇത്തരത്തിലുള്ള വൻ സംരംഭങ്ങൾക്കാവശ്യമായ തുക കണ്ടെത്തുവാനാണ് ജോയിന്റ് സ്റ്റോക്ക് കമ്പനി എന്ന ആശയം മുതലാളിത്ത ലോകത്ത് രൂപം കൊള്ളുന്നത് തന്നെ. നാളിതുവരെ ലോകം കാണാത്തത്ര മനുഷ്യാധ്വാനമാണ് കനാൽ നിർമാണത്തിനായി വിനിയോഗിക്കപ്പെട്ടത്. നിർമാണ കാലഘട്ടത്തിൽ എപ്പോഴും ശരാശരി 30000 പേർ ഒരേ സമയം പണിയെടുത്തിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷം തൊഴിലാളികൾ ഈ നിർമാണത്തിൽ പങ്കാളികളായി. പതിനായിരക്കണക്കിന് തൊഴിലാളികൾ കോളറയും മറ്റ് മഹാമാരികൾക്കും അടിപ്പെട്ട് നിർമാണ കാലയളവിൽ മരണപ്പെട്ടു. 1956ൽ സൂയസ് കനൽ ദേശസാൽക്കരിച്ചുകൊണ്ട് ഈജിപ്ഷ്യൻ പ്രസിഡണ്ടായിരുന്ന നാസർ പറഞ്ഞത് 1. 2 ലക്ഷം പേർ സൂയസ് കനാൽ നിർമ്മാണത്തിനിടയിൽ മരണപ്പെട്ടു എന്നാണ്. മുതലാളിത്തം നിർമിച്ച ആശ്ചര്യങ്ങളുടെ ലോകം പടുത്തുയർത്താൻ ജീവിതം ഹോമിക്കപ്പെട്ട തൊഴിലാളികളുടെ കഥകൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ പരതിയാൽ മാത്രമേ കാണൂ. 1869 നവംബറിൽ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള കനാൽ ലോക വ്യാപാരത്തിനായി തുറന്നു കൊടുക്കപ്പെട്ടു.
ലോക വ്യാപാരത്തിൽ നാടകീയമായ മാറ്റങ്ങളാണ് സൂയസ് കനാൽ വരുത്തിയത്. ഗൾഫ് മേഖലയിൽ നിന്നും ആഫ്രിക്ക ചുറ്റിയുള്ള 24000 കിലോമീറ്റർ ദൈർഘ്യമേറിയ കപ്പൽ യാത്രയ്ക്ക് മുൻപ് 24 ദിവസമെങ്കിലും എടുക്കുമായിരുന്നത് നേർപകുതിയായി കുറഞ്ഞു. യൂറോപ്യന്മാരുടെ കൊളോണിയൽ അധിനിവേശങ്ങൾക്ക് ഇത് അധിക ഊർജം നൽകി. ആഫ്രിക്കൻ രാജ്യങ്ങളുടെ കോളനിവൽക്കരണ ശ്രമങ്ങളെ ഇത് തീവ്രമാക്കി. സൂയസ് കനാലിൽ കൂടിയുള്ള പുതിയ അന്താരാഷ്ട്ര കപ്പൽ ഗതാഗതമുണ്ടാക്കിയ സാമ്പത്തിക ചലനങ്ങൾ പല തരത്തിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴി തെളിച്ചു. ഒരു ഘട്ടത്തിൽ ബ്രിട്ടീഷുകാർ അന്ന് ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ഈജിപ്ത് കയ്യടക്കുന്ന സംഭവങ്ങൾ പോലുമായുണ്ടായി. യൂറോപ്പിലെ മെഡിറ്ററേനിയൻ തീരത്തുള്ള രാജ്യങ്ങളുടെ സാമ്പത്തിക കുതിപ്പിന് ഇത് വഴി തെളിച്ചു. ഏഷ്യയും കിഴക്കനാഫ്രിക്കയുമായുള്ള അവരുടെ വ്യാപാരങ്ങൾ മെച്ചപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ആംഗ്ലോ ഈജിപ്ഷ്യൻ കരാർ പ്രകാരം കനാലിന്റെ നിയന്ത്രണം ബ്രിട്ടീഷുകാർ ഏറ്റെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ചിത്രം മാറി. സോവിയറ്റ് യൂണിയനുമായി അടുത്ത നാസറിന്റെ ഈജിപ്ത് ബ്രിട്ടനുമായുള്ള കനാൽ കരാർ റദാക്കി. അമേരിക്കയും ബ്രിട്ടനുമായി ചേർന്ന് ബദൽ പദ്ധതികളുടെ സാധ്യതകൾ ആരാഞ്ഞു. ഇതേതുടർന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് നാസർ സൂയസ് കനാൽ ദേശസാൽക്കരിച്ചു. ഇസ്രയേലിനെ ഉപയോഗപ്പെടുത്തി ഈ മേഖലയിൽ നിയന്ത്രണം നേടാനുള്ള നീക്കങ്ങളാണ് പിന്നീട് ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ നടത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നത്തിനു പിന്നിൽ ഈ സാമ്രാജ്യത്വ സാമ്പത്തിക താല്പര്യങ്ങൾ പതിയിരിക്കുന്നത് കാണാം. ♦