ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ഹിന്ദി സിനിമയാണ് ‘ബാവൽ’. വിനോദം, വിനോദം വഴി വിപണി. ഇതാണല്ലോ ശരാശരി ബോളിവുഡ് സിനിമകളുടെ ചേരുവ. പ്രണയവും വിദേശ ലൊക്കേഷനുകളും ഹിന്ദി സിനിമയ്‌ക്ക് പുത്തരിയല്ല. ദിൽവാലേ ദുൽഹനിയ ലേ ജായേങ്‌ഗേ (1995), ക്വീൻ (2014), ദിൽ ചാഹ്‌ത്തെ ഹെ (2001), സിന്തഗി ന മിലേ ദോബാരാ (2011), ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവ അതിൽ ചിലതാണ്. ഈ വിജയചിത്രങ്ങളോടൊപ്പം ചേർത്തുവെയ്‌ക്കാവുന്ന ചലച്ചിത്രമാണോ ‘ബാവൽ’? ആണെന്നും അല്ലെന്നും പറയാം.
വിദേശ ലൊക്കേഷനുകൾ കാഴ്‌ചയുടെ മാസ്‌മരികത സൃഷ്ടിക്കാനും ഇന്ത്യയുൾപ്പെടെയുള്ള മൂന്നാംലോക സിനിമാ പ്രേക്ഷകരെ ‘പലായന’ വിനോദമണ്ഡലത്തിലേക്ക് എളുപ്പത്തിൽ സന്നിവേശിപ്പിക്കാനുമാണ് ഹിന്ദി സിനിമ ഉപയോഗപ്പെടുത്തിക്കാണാറുള്ളത്. എന്നാൽ ‘ബാവൽ’ ചരിത്ര സ്ഥലങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. പാരീസ്, ബർലിൻ, ആംസ്റ്റർഡാം, ഓഷ്‌വിറ്റ് തുടങ്ങി മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച നാസി ഭീകരതയുടെ അടയാളങ്ങളായി മാറിയ ചരി ത്രസ്ഥലങ്ങൾ!
സിനിമയുടെ കഥ ഇപ്രകാരം ചുരുക്കാം. കീർത്തിയുടെയും സന്പന്നതയുടെയും ആകാശങ്ങളിലേക്ക് കുതിക്കാൻ കൊതിക്കുന്ന ഒരു ശരാശരി ഹൈസ്‌കൂൾ ചരിത്രാധ്യാപകനാണ് അജയ് ദീക്ഷിത്. ഒന്നാന്തരമൊരു ആത്മാനുരാഗി (Narcissist)യാണയാൾ. ഇമേജ് നിർമിതിയിൽ അഭിരമിക്കുന്ന പൊള്ള മനുഷ്യൻ. മാതാപിതാക്കളുടെ ചിറകിന്റെ ചൂടിൽ തന്റെ ദൗർബല്യങ്ങൾ ഒളിപ്പിക്കുന്നവൻ. അജയ് നാട്ടുകാർക്ക് അജ്ജു ഭയ്യയാണ്. അജയ് ഒരു ബിസിനസ് കുടുംബത്തിൽപെട്ട നിഷയെ വിവാഹം കഴിക്കാൻ തയ്യാറായത് അവളുടെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും കുടുംബത്തിന്റെ സന്പന്നതയും കണ്ടാണ്. തന്റെ ഇമേജിന് അത് സഹായകരമാകുമെന്ന് അയാൾ കരുതി. എന്നാൽ നിഷ ഒരു അപസ്‌മാരരോഗിയാണെന്നു കാണുന്ന അന്നുമുതൽ അയാൾ അവളെ അവഗണിച്ചുപോന്നു. അവളാകട്ടെ വിവാഹമോചനത്തിന് തയ്യാറായിവരികയാണ്. അപ്പോഴാണ് രണ്ടാംലോക യുദ്ധവും ചരിത്രവും അജയ് എന്ന നാർസിസ്റ്റിന്റെ മുന്നിൽ മഹാദുർഗമായി വന്നുനിന്നത്. രണ്ടാംലോക യുദ്ധത്തെപ്പറ്റി അജയിന് ഒന്നുമറിയില്ല. അതു മറയ്‌ക്കാൻ അയാൾ ചോദ്യം ചോദിച്ച ഒരു കുട്ടിയെ തല്ലി. ദൗർഭാഗ്യവശാൽ ആ കുട്ടി സ്ഥലം എംഎൽഎയുടെ പുത്രനായിപ്പോയി. സസ്‌പെൻഷനിലായ അയാൾ പുതിയൊരു സൂത്രപ്പണി ഒപ്പിക്കുന്നു. യൂറോപ്പിലെ ചരിത്രസ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര. കുട്ടികൾക്ക് നവമാധ്യമത്തിലൂടെ ദൃശ്യ‐ശ്രവ്യ ക്ലാസും. ഇടിഞ്ഞുപോയ തന്റെ ഇമേജിനെ അതുവഴി ഉയർത്തിയെടുക്കാനാവുമെന്ന പ്രതീക്ഷയും.
മാതാപിതാക്കളുടെ കാശുപയോഗിച്ച് ഒരു യൂറോപ്യൻ യാത്ര!ഭാര്യയെ ഒപ്പം കൂട്ടും. തകരാൻ പോകുന്ന അജയ്‐നിഷ ദാന്പത്യം വിളക്കിച്ചേർക്കാൻ ഈ യാത്ര സഹായകരമാകുമെന്നു കണ്ട് അജയുടെ മാതാപിതാക്കളും നിഷയുടെ മാതാപിതാക്കളും യാത്രയ്‌ക്ക് വേണ്ട സഹായം ചെയ്യുന്നു. നിഷയെ ഒപ്പം കൂട്ടാൻ വിമുഖനായ അജയിനെ തള്ളി അവൾ അതേ ഫ്‌ളൈറ്റിൽ അയാൾക്കൊപ്പം യൂറോപ്പിലേക്ക് പോകുന്നു. പാരീസിൽ ലാൻഡ് ചെയ്യുന്ന അവർ താന്താങ്ങളുടെ യാത്രവഴി രണ്ടാംലോക യുദ്ധക്കെടുതികളുടെ ഇടങ്ങൾ സന്ദർശിക്കുന്നു. യാത്രചെയ്‌ത് ശീലമുള്ള, ഭാഷകൾ കൈകാര്യം ചെയ്യാൻ മിടുക്കിയായ നിഷ യാത്രയെ പഠനമാക്കുമ്പോൾ സ്വന്തം പൊങ്ങച്ച പ്രകടനത്തിനുള്ള വഴിയായാണ് അജയ് ഈ യാത്രയെ ഉപയോഗപ്പെടുത്തുന്നത്. ഒടുവിൽ ഇരുയാത്രകളും ഒന്നാവുകയും ഇരു മനുഷ്യരുടെയും ദാന്പത്യം തകർച്ചയിൽനിന്നും കരകയറുകയും ചെയ്യുന്നു.
ഈ കഥയിൽ വലിയ പുതുമയൊന്നുമില്ല. എന്നാൽ കൊമേഴ്‌സ്യൽ ഫ്രെയിംവർക്കിനുള്ളിൽ സമകാലിക ഇന്ത്യ നേരിടുന്ന അപായത്തിന്റെ സൂചനകൾ ഒളിച്ചുകടത്തി എന്നിടത്താണ് ഈ ചിത്രം സവിശേഷമാകുന്നത്. ചിത്രത്തിന്റെ ആരംഭത്തിൽ ലക്‌നൗ നഗരത്തിലൂടെ ബുള്ളറ്റ് ബൈക്കിൽ നെഞ്ചുവിരിച്ചിരുന്ന് സഞ്ചരിക്കുന്ന അജയിനെ നാം കാണുന്നു. ആൺ അഹന്തയുടെ പ്രതീകമായ ബുള്ളറ്റ് ബൈക്കിലൂടെയുള്ള യാത്രയിൽ സകലതും അയാൾക്കുവേണ്ടി വഴിമാറുന്നു. ആരാധന നിറഞ്ഞ കണ്ണുകൾ അയാളെ പിന്തടരുന്നു. ഇന്ന് ഊതിവീർപ്പിക്കപ്പെട്ട ശരീരങ്ങളാണ് ആരാധ്യമായിത്തീരുന്നത്. കുട്ടികൾക്ക് ചൊല്ലിക്കൊടുക്കേണ്ട ചരിത്രപാഠങ്ങളോ സാമൂഹ്യ ധാരണകളോ ഏതെങ്കിലും ഒരു ഗെയിമിനോടുപോലുമുള്ള താൽപര്യമില്ലാത്ത പൊള്ളമനുഷ്യനാണ് അജയ്. താൻ ചെയ്യുന്ന ഏതു കാര്യവും മറ്റുള്ളവരിൽ ആദരവ് ജനിപ്പിക്കുകയെന്നതു മാത്രമാണ് അയാളുടെ ഉദ്ദേശ്യവും. സ്വന്തം ജീവിതപങ്കാളിയെ സ്‌നേഹപൂർവമൊന്ന് സ്‌പർശിക്കാൻപോലും അയാൾക്ക് കഴിയുന്നില്ല. അവൾക്ക് അപസ്‌മാരബാധയുണ്ടാകാനിടയുണ്ട് എന്ന ഭയം മാത്രമല്ല അയാളെ അങ്ങനെയാക്കുന്നത്. അയാൾക്കുവേണ്ടത് ഉന്നത ബിരുദമുള്ള ഒരു ഭാര്യയെന്ന അലങ്കാര വസ്‌തുവിനെയാണ്. ഏകദേശം ഒരു ശരാശരി ഇന്ത്യൻ ആണിന്റെ പ്രതിരൂപമാണയാൾ. പൊതു ഇടങ്ങളിൽ സ്‌ത്രീ പുരുഷന്മാർ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്ന ശീലം എന്തുകൊണ്ട് ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നില്ല? അയിത്തത്തിന്റെ ബാക്കിയല്ലേ അതും. ബ്രാഹ്മണിക്കൽ മൂല്യവ്യവസ്ഥയിൽ ദളിതർക്കൊപ്പം സ്‌ത്രീകളും അസ്‌പൃശ്യരോ ദൃഷ്ടിയിൽപോലും പെടാൻ പാടില്ലാത്തവരോ ആണല്ലോ. ഇത്തരത്തിലൊരു വായന അജയ് എന്ന പുരുഷനെ മുൻനിർത്തി നമുക്ക് നടത്താവുന്നതാണ്. ഫാസിസ്റ്റ്‌വൽക്കരണ സമൂഹങ്ങളിൽ ആത്മാനുരാഗികളായ പൊള്ളമനുഷ്യർ രൂപപ്പെട്ടുവരുന്നത് നമുക്ക് കാണാനാവും. പൊള്ളമനുഷ്യരാൽ നയിക്കപ്പെടുന്ന സമൂഹത്തിലെ മനുഷ്യരുടെ ഉള്ളും പൊള്ളയായിത്തീരാം. കാരണം, അസ്‌തിത്വമാണല്ലോ മനുഷ്യരുടെ ബോധത്തെ നിർണയിക്കുന്നത്.
‘ഇമേജ് ബിൽഡിങ്’ എന്ന രാഷ്‌ട്രീയ പ്രക്രിയയിൽ രാഷ്‌ട്രീയം അന്തസ്സാരശൂന്യമായ ഒന്നായിത്തീരും. അത്തരമൊരു കാലത്തിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്.
യൂറോപ്പിലേക്ക് പുറപ്പെടുംമുന്പ് ഈ വിവാഹക്കുടുക്കിൽ നിന്നും പുറത്തുകടക്കാനുള്ള രേഖകൾ തയ്യാറാക്കിവച്ചു, നിഷ. അവൾ പുതിയകാല സ്‌ത്രീയെ പ്രതിനിധാനം ചെയ്യുന്നു. പുരുഷ കേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയെ ചോദ്യംചെയ്യാൻ കരുത്താർജിക്കുമ്പോഴും കരുതി മാത്രം ചുവടുകൾ വയ്‌ക്കാൻ ജാഗ്രതപ്പെടുന്നവൾ. സ്വന്തം പുരുഷനാൽ അവഗണിക്കപ്പെടുമ്പോഴും തന്റെ ആകാശവിതനാങ്ങളെ ഉള്ളിൽ സൂക്ഷിക്കുന്നവൾ. രണ്ടാംലോക യുദ്ധത്തിൽ പാരീസ് പട്ടണത്തിലെ നോർമണ്ടിക്കായി നടന്ന പോരാട്ടത്തിനിടെ പിടികൂടപ്പെട്ട 156 യുദ്ധത്തടവുകാരെ നാസിപ്പട നിഷ്‌ഠുരമായി കൊലപ്പെടുത്തുകയുണ്ടായി. അതിന്റെ സ്‌മാരകം നിഷ ചുറ്റിനടന്ന് കാണുമ്പോൾ ഒരു മ്യൂസിക് കൺസേർട്ട് ഹാളിൽ പെട്ടുപോകുകയാണ് അജയ്. അയാൾക്ക് അവിടെനിന്ന് പുറത്തുകടക്കാനാകുന്നില്ല. ‘ഞാനൊന്നു പുറത്തു കടന്നോട്ടെ’ എന്നു പറയാൻപോലും അയാളുടെ ‘ഭാഷാപാണ്ഡിത്യം’ അനുവദിക്കുന്നില്ല.
പല പല അബദ്ധങ്ങൾക്കൊടുവിൽ അജയ് നിഷയ്‌ക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങുന്നു. അവളുടെ തുറന്ന ഇടപെടൽ, സഞ്ചാരത്തോടുള്ള ആഭിമുഖ്യം, ചരിത്രാഭിമുഖ്യം എല്ലാം അജയ് അതിശയത്തോടെ കാണുന്നു.
ഫാസിസത്തിലേക്ക് നടന്നടുക്കുന്ന ഒരു രാജ്യത്തുനിന്നും എത്തുന്നവർ നാസിസം ലോകത്തിനു മുന്നിൽ തുറന്നുവച്ച നൃശംസതയുടെ ശേഷിപ്പുകൾക്കു മുന്നിൽ തിരിച്ചറിവിലേക്കും സ്‌നേഹബന്ധത്തിലേക്കും നീങ്ങുന്നുവെങ്കിൽ അതിൽ ശക്തമായൊരു രാഷ്‌ട്രീയമുണ്ട്. അവരുടെ കാഴ്‌ചകൾ നീണ്ടുനീണ്ട് രണ്ടാംലോക യുദ്ധത്തിന്റെ കുരുതിക്കളങ്ങളിലേക്കു കടക്കുന്നു. ബർലിൻ, ആംസ്റ്റർഡാം, ഓഷ്‌വിറ്റ്, ആൻഫ്രാങ്കിന്റെ ഒളിസങ്കേതം എന്നിവ കാണുകയും അക്കാര്യങ്ങൾ വീഡിയോയിലൂടെ കുട്ടികളെ അറിയിക്കുന്നുമുണ്ട് അജയ്. അയാൾ ചരിത്രത്തെപ്പറ്റി കാണുകയും കേൾക്കുകയും അനുഭവിക്കുമ്പോൾ രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾ ആവേശപൂർവം വീഡിയോകൾ കാണുന്നുമുണ്ട്. ഓഷ്‌വിറ്റിലെ ഗ്യാസ് ചേന്പറിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന കാഴ്‌ചകൾ വർത്തമാനകാല ഇന്ത്യയിലേക്ക് ഡെസ്‌പാച്ച് ചെയ്യപ്പെടുന്നതിലും വലിയ ദൗത്യം അയാൾക്ക് നിർവഹിക്കാനുണ്ടോ? പൊള്ള മനുഷ്യനുള്ളിൽ സാമൂഹ്യബോധം മെല്ലെ മെല്ലെ കടന്നുകയറുന്നതിന്റെ സൂചനയാണത്. ഓഷ്‌വിറ്റിലെ ഗ്യാസ് ചേന്പറിൽ പെട്ടുപോകുന്ന രണ്ടുപേരായി അജയും നിഷയും സങ്കൽപിക്കുന്ന രംഗം ഗംഭീരമായി.
മനുഷ്യൻ ചരിത്രം സൃഷ്ടിക്കുന്നതുപോലെ ചരിത്രവും പുതിയ മനുഷ്യരെ സൃഷ്ടിക്കും. വരുംകാലങ്ങളിലേക്കുള്ള വിളക്കുകാലുകൾ കൂടിയാണ് ചരിത്രം. കച്ചവട സിനിമയെന്ന ചട്ടക്കൂട്ടിനുള്ളിൽ ചുട്ടെടുത്ത ഉൽപന്നം തന്നെയാണീ സിനിമയും. ‘ദംഗൽ’ പോലുള്ള മികച്ച ചിത്രങ്ങൾ സൃഷ്ടിച്ച നിതീഷ് തിവാരിക്ക് ഈ ചിത്രത്തിന്റെ രാഷ്‌ട്രീയ ഉൾക്കാഴ്‌ചയിൽ അഭിമാനിക്കാം. സമകാലിക ഭാരതത്തിലെ അവസ്ഥയിൽനിന്നും ഓഷ്‌വിറ്റിലേക്ക് ഒരു ജാലകം സംവിധായകൻ തുറന്നുവച്ചു. നമുക്ക് അതിലൂടെ ചരിത്രസംഭവങ്ങൾ കാണാം. ഈ സിനിമയെപ്പറ്റി എഴുതിയ നിരൂപണങ്ങളിൽ പലതും അതിലെ രാഷ്‌ട്രീയപാഠങ്ങൾ അവഗണിക്കുകയാണ് ചെയ്‌തത്. അതാണ് പുതിയകാല മാധ്യമധർമവും. അല്ലെങ്കിൽ ഈ സിനിമയെ അവർ വെറുമൊരു ‘പ്രേം കഹാനി’യായി വായിച്ചെടുത്തു എന്നുവേണം കരുതാൻ. അജയ് ആയി അഭിനയിച്ച വരുൺ ധമാനും നിഷയായി രൂപാന്തരപ്പെട്ട ജാൻവി കപൂറും താന്താങ്ങളുടെ വേഷങ്ങൾ നന്നാക്കി. പൊള്ളമനുഷ്യർ പെരുകിവരുന്ന കാലത്ത് ഇത്തരമൊരു പ്രമേയം സിനിമയാക്കാൻ കാണിച്ച ധൈര്യത്തിന് ഇതിന്റെ പ്രവർത്തകരെ നാം അനുമോദിക്കണം. ♦