മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ പല സ്ഥലങ്ങളിലും നടന്നുവന്നിരുന്ന ഒരു പരിപാടിയായിരുന്നു ആണ്ടുനേർച്ചകൾ. കൊടികുത്ത് നേർച്ച എന്ന പേരിലും ഈ മതസൗഹാർദ ആഘോഷങ്ങൾ അറിയപ്പെട്ടു. പുണ്യവാളന്മാരെന്ന് ഗണിക്കപ്പെടുന്ന മഹാന്മാരുടെ അന്ത്യവിശ്രമസ്ഥലങ്ങളിലാണ് നേർച്ചകൾ നടന്നിരുന്നത്. ഈ ആഘോഷങ്ങളിൽ നിർബന്ധമായും കാണപ്പെട്ടിരുന്ന ഒരു ത്രിതലവാദ്യമാണ് ചീനിമുട്ട്. മുട്ടുംവിളി എന്ന പേരിലും ഈ മാപ്പിളകല അറിയപ്പെട്ടു. കൊണ്ടോട്ടി നേർച്ച, മലപ്പുറം നേർച്ച മുതലായ നേർച്ചകളിൽ ധാരാളം മുട്ടുംവിളി സംഘങ്ങളെ കാണുമായിരുന്നു. നേർച്ചകളിലേക്ക് ഓരോ പ്രദേശത്തുകാർ സംഘമായി വരുന്നതിന് ‘പെട്ടിവരുക’ എന്നാണ് പറയുക. ഓരോ സംഘത്തിലും കോൽക്കളി, അറബനമുട്ട് സംഘങ്ങളോടൊപ്പം ചീനിമുട്ടുകാരും ഉണ്ടാകും. പെട്ടിവരവിനെ സ്വീകരിക്കാൻ വരുന്ന സംഘത്തിലും ചീനിമുട്ടുകാരുണ്ടാകും. എതിരേറ്റു കൊണ്ടുപോയി ആഘോഷസ്ഥലത്തെത്തിയാൽ ഇരുസംഘങ്ങളും ഒന്നിച്ച് മുട്ടും. രണ്ട് കുഴലുകളിൽനിന്നും ഒരേ പാട്ടോ ബൈത്തോ ആയിരിക്കും കേൾക്കുക. അതിമനോഹരവും ശ്രവണമാധുര്യമുള്ളതുമായ ഒരു പരിപാടിയായിരുന്നു ഇത്. ക്രമേണ രാഷ്‌ട്രീയ പാർടികളുടെ പ്രകടനങ്ങളിലും സാംസ്‌കാരിക ഘോഷയാത്രകളിലും ചീനിമുട്ട് അവതരിപ്പിച്ചു തുടങ്ങി.
മൂന്ന് ഉപകരണങ്ങളാണ് ചീനിമുട്ടിന് ഉപയോഗിക്കുന്നത്. ഒന്ന് ചീനീ എന്ന കുഴലാണ്. വൃത്തത്തിൽ വ്യാസത്തിലുള്ള അടിഭാഗം തിളക്കമേറിയ ഓടുകൊണ്ടും ഏഴ് തുളകളുള്ള മധ്യഭാഗം മരം കടഞ്ഞും മുകൾഭാഗം വെള്ളികൊണ്ടുമാണ് നിർമിക്കുന്നത്. കരിന്പന ഓലയുടെ ചെറിയ കഷണങ്ങൾ പാകപ്പെടുത്തി മുകളിലെ തുളയിൽ വെച്ച് അതിലൂടെയാണ് ഊതി ശബ്ദം പുറപ്പെടുവിക്കുന്നത്.
രണ്ടാമത്തെ ഉപകരണം ചെറിയ ചെണ്ടയാണ്. ‘മുരശ്’ എന്നാണ് ഇതിന്റെ പേര്. കഴുത്തിലൂടെ തൂക്കിയിടുന്ന ചെണ്ടയിൽ ഒരു കൈയിലെ കോലുകൊണ്ട് മുട്ടുകയും മറുകൈയിലെ വിരലുകൾകൊണ്ട് ചെണ്ടയിൽ മണിക്കുകയും ചെയ്യും. മൂന്നാമത്തെ ഉപകരണം ‘ഒറ്റ’ എന്ന പേരിലുള്ള വലിയ ചെണ്ടയാണ്. രണ്ടു ചെണ്ടകളിലെയും മുട്ടും ശബ്ദവും വ്യത്യസ്‌തങ്ങളാണ്.
കുഴലിലൂടെ പുറപ്പെടുവിക്കുന്ന സംഗീതസ്വരങ്ങൾക്കനുസരിച്ച് ഒറ്റയിലും മുരശിലും താളമിടും. അധികമായും കുഴിലിലൂടെ വായിക്കുന്നത് മോയിൻകുട്ടി വൈദ്യരുടെയും മറ്റും മികവുറ്റ രചനകളായിരിക്കും. കെസ്സ് പാട്ടുകളും ഹിന്ദി, തമിഴ് ഗാനങ്ങളും സന്ദർഭാനുസരണം വായിക്കുക പതിവാണ്.
മുന്പുകാലത്ത് ചില ഗാർഹികാഘോഷ വേളകളിലും മുട്ടുംവിളി എന്ന ഈ മാപ്പിള കല അവതരിപ്പിക്കാറുണ്ടായിരുന്നു. വിവാഹദിനത്തിൽ പുതുമാരനെയും സംഘത്തെയും സ്വീകരിക്കുന്ന സംഘത്തിലും മുട്ടുംവിളിക്കാരുടെ സാന്നിധ്യം കാണപ്പെട്ടിരുന്നു.
മാപ്പിള കലകളിൽ ഏറെ ആകർഷകമായ ഈ കലാരൂപം അവതരിപ്പിക്കുന്ന വേദികൾ ഇന്ന് വളരെ വിരളമാണ്. അന്യംനിന്നുപോകാതിരിക്കാൻ ഈ കലയെ പ്രോത്സാഹിപ്പിക്കേണ്ടത് കലാകാരരുടെയും ആസ്വാദകരുടെയും കടമയാണ്. ♦