Saturday, May 18, 2024

ad

Homeഇവർ നയിച്ചവർപാച്ചേനി കുഞ്ഞിരാമൻ: കർഷകനേതാവായ കമ്യൂണിസ്റ്റ്‌

പാച്ചേനി കുഞ്ഞിരാമൻ: കർഷകനേതാവായ കമ്യൂണിസ്റ്റ്‌

ഗിരീഷ്‌ ചേനപ്പാടി

ർഷകപ്രസ്ഥാനത്തിന്റെ കരുത്തനായ സംഘാടനായിരുന്നു പാച്ചേനി കുഞ്ഞിരാമൻ. കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വേരോട്ടമുണ്ടാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. പുറമെ പരുക്കനെന്നും കർക്കശക്കാരനെന്നും തോന്നുമായിരുന്നെങ്കിലും അടുത്തറിയുന്നവരെ സംബന്ധിച്ചിടത്തോളം പാച്ചേനി സ്‌നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപമായിരുന്നു. മികച്ച സംഘാടകനായിരുന്നു അദ്ദേഹം സരസമായ പ്രസംഗങ്ങളിലൂടെ സാധാധണ ജനങ്ങളുടെ ഹൃദയം കവർന്ന നേതാവായിരുന്നു.

ഒളിവിൽ പ്രവർത്തിക്കുന്ന കാലത്ത്‌ അദ്ദേഹത്തിന്‌ ജന്മിമാരുടെയും ഭരണാധികാരികളുടെയും പാദസേവകരുടെ മർദനം പലതവണ ഏൽക്കേണ്ടിവന്നിട്ടുണ്ട്‌. ജയിലിൽ കഴിയവെ പൊലീസിന്റെ കിരാതമായ വേട്ടയാടലുകൾക്ക്‌ പാച്ചേനി വിധേയനായി. എന്നാൽ അതിനെയെല്ലാം അതിജീവിക്കുന്ന അസാധാരണമായ മനക്കരുത്തിനും ഇച്ഛാശക്തിക്കും ഉടമയായിരുന്നു അദ്ദേഹം.

ആയുഷ്‌കാലം മുഴുവൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും ബഹുജനങ്ങൾക്കും വേണ്ടി സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച പാച്ചേനി സഖാക്കൾക്കും പൊതുപ്രവർത്തകർക്കും മാതൃകയായിരുന്നു. മുഴുൻസമയവും പാർട്ടി പ്രവർത്തനത്തിനായി നീക്കിവെച്ച പാച്ചേനി വിവാഹജീവിതം വേണ്ടെന്നു വെക്കുകയായിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും പലപ്പോഴും വിവാഹത്തിന്‌ നിർബന്ധിച്ചപ്പോഴും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

1929 മാർച്ചിലാണ്‌ പാച്ചേനി കുഞ്ഞിരാമൻ ജനിച്ചത്‌. കാനൂലിലെ കളമുള്ളവളപ്പിൽ കേളനാണ്‌ പിതാവ്‌. മുയ്യം വരഡൂരിലെ പാച്ചേനി മാണിക്യമാണ്‌ മാതാവ്‌. ഈ ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമനായാണ്‌ കുഞ്ഞിരാമന്റെ ജനനം. ജനിച്ച തീയതി ഏതാണ്ടെന്നതിന്‌ രേഖകളില്ല. കർഷകത്തൊഴിലാളിയായിരുന്ന അച്ഛന്റെ തുച്ഛമായ വരുമാനം ആ കുടുംബത്തെ ദാരിദ്രത്തിൽനിന്നു കരകയറ്റിയില്ല. വീടിനടുത്തുള്ള മൊറാഴ സെൻട്രൽ യുപി സ്‌കൂളിൽ അഞ്ചാംക്ലാസു വരെ പഠിച്ച അദ്ദേഹത്തിന്‌ വിദ്യാഭ്യാസം തുടരാൻ ജീവിതസാഹചര്യം തീരെ അനുവദിച്ചില്ല.

പഠനമുപേക്ഷിച്ച അദ്ദേഹം തുടർന്ന്‌ തന്റെയും കുടുംബാംഗങ്ങളുടെയും പട്ടിണിയകറ്റാൻ വലിയ ജീവിതസമരം തന്നെ നയിച്ചു. കാലികളെ മേയ്‌ക്കുന്ന ജോലിയാണ്‌ കുഞ്ഞിരാമന്‌ ആദ്യം ലഭിച്ചത്‌. തുടർന്ന്‌ ചായക്കട നടത്തി. കന്നുകളെ പൂട്ടുന്ന കർഷകത്തൊഴിലാളിയായി.

ഒരുദിവസം കാലികളെ മേയ്‌ക്കുന്ന ജോലിയിലേർപ്പെട്ടിരുന്ന കുഞ്ഞിരാമന്‌ അവിടെ പാറപ്പുത്തിരിക്കുന്ന രണ്ട്‌ യുവാക്കൾ തന്നെ ശ്രദ്ധിക്കുന്നതായി തോന്നി. അതിലൊരാളെ പെട്ടെന്ന്‌ കുഞ്ഞിരാമന്‌ മനസ്സിലായി. ആറോൺ മിൽ സമരത്തിന്റെ നേതൃനിരയിലുള്ള കരുത്തനായ വ്യക്തികളിലൊരാൾ. ആ യുവാവ്‌ മുഷ്ടി ചുരുട്ടി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുമ്പോൾ കേട്ടുനിൽക്കുന്നവരിൽ ആവേശത്തിരയിളക്കമുണ്ടാകുമായിരുന്നു. കുഞ്ഞിരാമൻ തന്നെ മാടിവിളിക്കുന്ന യുവാവിനെ ഒരിക്കൽകൂടി സൂക്ഷിച്ചു നോക്കി. അത്‌ കെ പിീ ആർ ഗോപാലൻ തന്നെ പാച്ചേനി മനസ്സിലുറപ്പിച്ചു. ആ യുവാവ്‌ തന്നെ മാടിവിളിക്കുന്നതായി പാച്ചേനിക്ക്‌ ബോധ്യപ്പെട്ടു. അദ്ദേഹം ധൈര്യമായി അടുത്തു ചെന്നു. ആ യുവാവ്‌ സ്വയം പരിചയപ്പെടുത്തി: ‘‘ഞാൻ കെ പി ആർ ഗോപാലൻ. ഇത്‌ കാന്തലോട്ട്‌ കുഞ്ഞമ്പു’’.

വളച്ചുകെട്ടാതെ കെ പി ആർ കാര്യം അവതരിപ്പിച്ചു: ‘‘ഞങ്ങൾ ഒളിവിൽ കഴിയുകയാണെന്നറിയാമല്ലോ? പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. കുളിക്കാനും ഈ ഉടുത്ത തുണികൾ അലക്കാനും സൗകര്യമുണ്ടാക്കിത്തരണം’’.

അവരോട്‌ അലിവും അനുഭാവവും വീരാരാധനയും തോന്നിയ കുഞ്ഞിരാമൻ ഇരുവരെയും തന്റെ അയൽവാസിയായ കുഞ്ഞപ്പയുടെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. മൂന്നുനാലു ദിവസം ആ വീട്ടിലും പരിസരപ്രദേശങ്ങളിലുമായി നേതാക്കൾ കഴിഞ്ഞു. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സ്വയമേറ്റെടുത്ത കുഞ്ഞിരാമൻ കാവലായി നിന്നു. കമ്യൂണിസ്റ്റുകാരുടെ ത്യാഗപൂർണമായ ജീവിതത്തെക്കുറിച്ചും അവരുടെ ആത്മാർഥമായ പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഈ സംഭവം കുഞ്ഞിരാമനെ സഹായിച്ചു.

കാലി മേച്ചു കിട്ടുന്ന തുച്ഛമായ വരുമാനം വീട്ടിലെ ചെലവുകൾക്ക്‌ തീരെ പര്യാപ്‌തമാകാത്ത അവസ്ഥയായിരുന്നു. അതിനാൽ ഒഴക്രോത്ത്‌ ഒരു ചായക്കട വാടകയ്‌ക്കെടുത്ത്‌ കച്ചവടം ആരംഭിക്കാൻ പാച്ചേനി തീരുമാനിച്ചു. രാവിലെയും വൈകിട്ടുമായിരുന്നു കച്ചവടം. വെളുപ്പിനെ അഞ്ചുമണിക്ക്‌ ആരംഭിക്കുന്ന കച്ചവടം എട്ടുമണിവരെയേ ഉണ്ടാവൂ. വൈകുന്നേരം നാലുമണിയോടെ ചായക്കട വീണ്ടും സജീവമാകും. കർഷകത്തൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരും മറ്റുമായിരുന്നു ചായക്കടയിലെ സ്ഥിരം ‘കസ്റ്റമേഴ്‌സ്‌’.

പാച്ചേനിയുടെ ചായക്കട കമ്യൂണിസ്റ്റ്‌ അനുഭാവികളുടെയും കർഷകസംഘം പ്രവർത്തകരുടെയും മറ്റും സ്ഥിരം താവാളമായി വളരെ വേഗം മാറി. സ്വാഭാവികമായും രാഷ്‌ട്രീയ ചർച്ചകളും അഭിപ്രായങ്ങളും അവിടെ സജീവമായി. കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കക്കളായ സി എച്ച്‌ നാരായണൻ മാസ്റ്ററും കെ വി നാരായണൻ നന്പ്യാരും ഈ കടയിലെ നിത്യസന്ദർശകരായിരുന്നു. താമസിയാതെ പാർട്ടിയുടെ സെൽ രൂപീകരിക്കപ്പെട്ടു. ഒഴക്രോത്തെ കമ്യൂണിസ്റ്റ്‌ സെല്ലിന്റെ ആസ്ഥാനമാണ്‌ പാച്ചേനിയുടെ ചായക്കട എന്ന വിവരം പൊലീസിന്റെ കാതിലും എത്തി. ചായക്കട തല്ലിത്തകർത്തുകൊണ്ടാണ്‌ പൊലീസ്‌ പ്രതികാരം തീർത്തത്‌. അതോടെ കച്ചവടം പൂട്ടൻ പാച്ചേനി നിർബന്ധിതനായി.

കാലിമേയ്‌ക്കൽ മാത്രമായി പാച്ചേനിയുടെ ഏക ആശ്രയം. എന്നാൽ അധികം താമസിയാതെ പാച്ചേനിക്ക്‌ ആ ജോലിയും ഉപേക്ഷിക്കേണ്ടിവന്നു. ഉജ്വല കർഷകസമരങ്ങളായ കരിവെള്ളൂർ, മുനയൻകുന്ന്‌, കാവുന്പായി സമരങ്ങളെത്തുടർന്ന്‌ മലബാറിലാകമാനം കമ്യൂണിസ്റ്റ്‌ വേട്ട പൊലീസ്‌ ശക്തമാക്കി. ജന്മിമാരും അവരുടെ ഗുണ്ടകളും പൊലീസുകാരെ അകമഴിഞ്ഞ്‌ സഹായിക്കുകയും ചെയ്‌തു.

ഇതോടെ മൊറാഴയും ഒഴക്രോമും സമീപപ്രദേശങ്ങളും കമ്യൂണിസ്റ്റ്‌ നേതാക്കളുടെ പ്രധാന ഒളിത്താവളമായി. അവിടങ്ങളിലുള്ള പാവപ്പെട്ട ജനങ്ങൾ ജീവൻ പണയംവെച്ചും നേതാക്കളെ സംരക്ഷിക്കുമെന്ന്‌ ദൃഢനിശ്ചയം ചെയ്‌തവരായിരുന്നു. നേതാക്കളെ സംരക്ഷിക്കുന്നതിന്റെ പ്രധാന ചുമതല പാർട്ടി ഏൽപ്പിച്ചത്‌ പാച്ചേനിയെയായിരുന്നു. പാർട്ടിയുടെ പ്രധാന നേതാക്കളായ എൻ ഇ ബാലറാം, ഇ കെ നായനാർ, അഴീക്കോടൻ തുടങ്ങിയവരുടെയെല്ലാം പ്രധാനപ്പെട്ട ഒളിസങ്കേതമായിരുന്നു ഒഴക്രോം.

മാവിച്ചേരി കൊലക്കേസും കമ്യൂണിസ്റ്റ്‌ വേട്ടയും
1947ൽ നടന്ന മാവിച്ചേരി കേസിന്റെ പേരിൽ കമ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരെ ഭരണകൂടം ശരിക്കും കടന്നാക്രമണം നടത്തുകയായിരുന്നു. കമ്യൂണിസ്റ്റുകാരെ പൊലീസിന്‌ ഒറ്റിക്കൊടുക്കുകയും തരംകിട്ടുമ്പോഴൊക്കെ മർദിക്കുകയും ചെയ്യുക എന്നതായിരുന്നു കോൺഗ്രസ്‌ ഗുണ്ടകളുടെ പ്രധാന ജോലി. മാവിച്ചേരിയിലെ കാട്ടിൽ പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാക്കൾ ഒളിവിൽ കഴിയുന്ന വിവരം കോൺഗ്രസ്‌ ഗുണ്ടകൾ മണത്തറിഞ്ഞു. അതേത്തുടർന്ന്‌ അന്പതോളം കോൺഗ്രസ്‌ ഗുണ്ടകൾ കാട്‌ വളഞ്ഞു. ഗുണ്ടകളുടെ കൈകളിൽ അകപ്പെടുമെന്ന്‌ ബോധ്യമായതോടെ തന്ത്രശാലിയായ എം ടി ഗോപാലൻ ഉച്ചത്തിൽ പട്ടാളമുറയിൽ ‘‘കോമ്രേഡ്‌ റെഡി, ഫയർ…’’ എന്ന്‌ കമാർഡ്‌ ചെയ്‌തു.

എം ടി ഗോപാലന്റെ ആ തന്ത്രം ഫലിച്ചു. ഒളിസങ്കേതത്തിൽ നിരവധി കമ്യൂണിസ്റ്റുകാർ ഉണ്ടെന്നും അവരുടെയെല്ലാം കൈകളിൽ തോക്കുണ്ടെന്നും കോൺഗ്രസുകാർ തെറ്റിദ്ധരിച്ചു. അവർ ജീവൻ രക്ഷിക്കാനുള്ള തന്ത്രപ്പാടിൽ ചിതറിയോടി. ഓടുന്നതിനിടയിൽ ഒരു കോൺഗ്രസ്‌ ഗുണ്ട ഒറ്റപ്പെട്ടുപോയി. അയാൾ താമസിയാതെ കൊല്ലപ്പെട്ടു.

കെ പി ആർ ഗോപാലൻ, കാന്തലോട്ട്‌ കുഞ്ഞന്പു, കെ വി മൂസാൻകുട്ടി മാസ്റ്റർ, സി കോരൻ മാസ്റ്റർ എന്നീ നേതാക്കളെയാണ്‌ പൊലീസ്‌ പ്രതിചേർത്തത്‌. പൊലീസ്‌ റെയ്‌ഡുകൾ വ്യാപകമാക്കി.

മാവിച്ചേരി കൊലപാതകം നടക്കുന്ന സമയത്ത്‌ പാച്ചേനിയും സഹപ്രവർത്തകരും കുറുമാത്തൂരിലെ കൂനത്തായിരുന്നു. പൊലീസിനെ വെട്ടിച്ചു കടന്ന പാച്ചേനി കോൺഗ്രസ്‌ ഗുണ്ടകളുടെ പിടിയിലകപ്പെട്ടു. ഗുണ്ടകൾ കൂട്ടത്തോളെ പാച്ചേനിയെ മർദിച്ചു. അദ്ദഹത്തിന്റെ ശരീരത്തിൽ ഒരുഭാഗം പോലുമില്ല മർദനമേൽക്കാത്തത് എന്ന അവസ്ഥയായി. അവശനായ പാച്ചേനിയെ ഗുണ്ടകൾ പൊലീസിന്‌ കൈമാറി.

ഒളിവിൽ കഴിയുന്ന പാർട്ടി നേതാക്കളെക്കുറിച്ച്‌ വിവരങ്ങൾ നൽകണമെന്ന്‌ പൊലീസ്‌ ആവശ്യപ്പെട്ടു. തന്നെ കൊന്നാലും സഖാക്കളെ ഒറ്റിക്കൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിൽനിന്ന്‌ പാച്ചേനി മാറിയില്ല. ജീവൻ നഷ്ടപ്പെട്ടേക്കും എന്ന നിലയിലേക്കു വരെ മർദനമുറകൾ നീണ്ടു. തല്ലിയ പൊലീസുകാർ പരാജയപ്പെട്ടതല്ലാതെ പാച്ചേനിയെക്കൊണ്ട്‌ പാർട്ടി രഹസ്യങ്ങൾ പറയിക്കാൻ അവർക്ക്‌ സാധിച്ചില്ല.

1952ൽ പാച്ചേനി കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ തളിപ്പറന്പ്‌ താലൂക്ക്‌ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1959ൽ അദ്ദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി. ഇന്നത്തെ കാസർകോട്‌, വയനാട്‌ ജില്ലകൾ കൂടി ഉൾപ്പെട്ടതായിരുന്നു അന്നത്തെ കണ്ണൂർ ജില്ല.

അനാചാരങ്ങൾക്കെതിരെ
1968ൽ അദ്ദേഹത്തെ കാസർകോട്‌ താലൂക്ക്‌ സെക്രട്ടറിയായി പാർട്ടി നിയോഗിച്ചു. അന്ന്‌ കാസർകോട്‌ ഭാഗത്ത്‌ സജീവ പ്രവർത്തകർ കുറവായതിനാലാണ്‌ മികച്ച സംഘാടകനായ പാച്ചേനിയെ അവിടേക്ക്‌ അയച്ചത്‌ എന്ന്‌ എൻ സുബ്രഹ്മണ്യ ഷേണായി വ്യക്തമാക്കിയിട്ടുണ്ട്‌. കർണാടകത്തോട്‌ ചേർന്നുകിടക്കുന്ന കാസർകോട്ടും പരിസരപ്രദേശങ്ങളിലും എണ്ണിയാൽ തീരാത്ത അനാചാരങ്ങളാണ്‌ നിലനിന്നിരുന്നത്‌. താഴ്‌ന്ന ജാതിക്കാർക്ക്‌ ചിരട്ടകളിലായിരുന്നു വീടുകളിൽനിന്ന്‌ ചായയും കാപ്പിയും വെള്ളവും മറ്റും നൽകിയിരുന്നത്‌. ഹോട്ടലുകൾ പോലും ആ പതിവാണ്‌ വെച്ചുപുലർത്തിത്‌.

കേരളത്തിന്റെ ഇതര ഭാഗങ്ങളിലുണ്ടായ സാമൂഹ്യമാറ്റത്തിന്റെ ഏഴയൽപക്കത്തുപോലും കാസർകോട്‌ പ്രദേശം അന്ന്‌ എത്തിയിരുന്നില്ല. പരിഷ്‌കൃത സമൂഹത്തിനു യോജിക്കാത്ത നിരവധി അന്ധവിശ്വാസങ്ങൾകൊണ്ട്‌ കാസർകോട്‌ പ്രദേശം പൊറുതിമുട്ടിയിരുന്നു. അനാചാരങ്ങൾക്കെതിരെ പാച്ചേനിയുടെ നേതൃത്വത്തിൽ സിപിഐ എം അതിശക്തമായി രംഗത്തുവന്നു. ക്ഷേത്രക്കുളത്തിൽ കുളിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിക്കാർക്ക്‌ നിഷേധിക്കപ്പെട്ടതിനെതിരെയുള്ള സമരം ഏറെ ശ്രദ്ധിക്കപ്പെട്ടു. പാച്ചേനിയുടെ നേതൃത്വത്തിൽ താഴ്‌ന്ന ജാതിക്കാരുൾപ്പെടെയുള്ളവർ കൂട്ടത്തോടെ വെങ്കള പഞ്ചായത്തിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക്‌ പുറപ്പെട്ടു. ജാഥ വരുന്നു എന്നറിഞ്ഞ്‌ നിരവധിയാളുകൾ ക്ഷേത്രത്തിൽ തടിച്ചുകൂടിയിരുന്നു. ജാഥയായി വന്നവർ നേരെ കുളത്തിലിറങ്ങി കുളിച്ചു. ഇതു കണ്ട ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രം അടച്ച്‌ ഓടി രക്ഷപ്പെട്ടു. അതിനുശേഷം താഴ്‌ന്ന ജാതിക്കാരെ കുളത്തിൽ കുളിക്കുന്നതിൽനിന്ന്‌ വിലക്കാൻ ആർക്കും ധൈര്യം വന്നില്ല. അധികം താമസിയാതെ മൂളിയാർ പഞ്ചായത്തിലെ മുല്ലം ക്ഷേത്രത്തിലും ക്ഷേത്രക്കുളത്തിൽ കുളിക്കാനുള്ള അവകാശം സ്ഥാപിക്കുന്നതിനുള്ള സമരം അരങ്ങേറി. അതിന്റെ പരിസമാപ്‌തിയും ഇതിനു സമാനമായിരുന്നു.

ഹോട്ടലുകളിൽ ചായ എല്ലാവർക്കും ഗ്ലാസിൽ നൽകണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിച്ചു. അതോടെ സവർണ ജാതിയിൽപെട്ട ചിലർ ഹോട്ടലുകൾ അടച്ചു. പാർട്ടി പ്രവർത്തകർ ജനകീയ ഹോട്ടലുകൾ ആരംഭിച്ചുകൊണ്ടാണ്‌ അതിന്‌ മറുപടി നൽകിയത്‌. ജനകിയ ഹോട്ടലുകളിൽ എല്ലാവിഭാഗം ജനങ്ങൾക്കും ചായയും കാപ്പിയും മറ്റും ഗ്ലാസുകളിൽ നൽകി. ഭക്ഷണം എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുന്ന നിലയിലേക്ക്‌ കാര്യങ്ങൾ വളരെ വേഗം പുരോഗമിച്ചു. അതോടെ മറ്റൊരു അനാചാരംകൂടി ഇല്ലാതാകുകായിരുന്നു.

1972 വരെ പാച്ചേനി സിപിഐ എമ്മിന്റെ കാസർകോട്‌ താലൂക്ക്‌ സെക്രട്ടറിയായി പ്രവർത്തിച്ചു.

1974ലാണ്‌ പള്ളിക്കര ബസ്‌ സമരം അരങ്ങേറിയത്‌. ബസ്‌ ചാർജ്‌ വർധനയ്‌ക്കെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വഴിതടയൽ സമരം പുരോഗമിക്കവെ, കണ്ണൂർ എസ്‌പിയുടെ ആജ്ഞയനുസരിച്ച്‌ പൊലീസ്‌ മർദനമുറകളുമായി രംഗത്തുവന്നു. സമരത്തെ അടിച്ചമർത്താമെന്ന വ്യാമോഹമായിരുന്നു പൊലീസിന്‌. എന്നാൽ രണ്ടും കൽപിച്ചുള്ള ജനങ്ങളുടെ ചെറുത്തുനിൽപ്പിനു മുന്നിൽ പൊലീസിന്‌ നിൽക്കക്കള്ളിയില്ലാതായി. ആയുധം ഉപേക്ഷിച്ച് പൊലീസിന്‌ ഓടേണ്ടിവന്നു.

പെരുവഴിയിൽ വസ്‌ത്രങ്ങൾ അഴിച്ച്‌ സാങ്കൽപിക കസേരയിൽ ഇരിക്കാനുള്ള ആജ്ഞയെ കമ്യൂണിസ്റ്റുകാരന്റെ സഹജമായ ധീരതയോടെ പാച്ചേനി ധിക്കരിച്ചു. അതിന്റെ പേരിൽ പാച്ചേനിക്ക്‌ അതിക്രൂരമായ മർദനമാണ്‌ ഏൽക്കേണ്ടിവന്നത്‌. പൊലീസുകാരുടെ തോക്ക്‌ സിപിഐ എമ്മുകാർ തട്ടിയെടുത്തു എന്നാരോപിച്ചാണ്‌ നേതാക്കൾക്കെതിരെ കേസ്‌ ചാർജ്‌ ചെയ്‌തത്‌. എസ്‌പിയും എസ്‌ഐയും അതിക്രൂരമായാണ്‌ അന്ന്‌ പാർട്ടി നേതാക്കളെ മർദിച്ചത്‌.

1989ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പാച്ചേനി കുഞ്ഞിരാമൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ കാരണങ്ങളാൽ പാലക്കാട്‌ സമ്മേളനത്തിൽ ഒഴിവാകുന്നതുവരെ അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.

1989ൽ തളിപ്പറന്പ്‌ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാച്ചേനി നല്ല ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. കെ കെ എൻ പരിയാരം അന്തരിച്ചതിനെത്തുടർന്നാണ്‌ ഉപതിരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. 1991ലും അദ്ദേഹം തളിപ്പറന്പിൽ നിന്ന്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. എടുത്തുപറയത്തക്ക നിരവധി വികസനപ്രവർത്തനങ്ങളാണ്‌ ഈ കാലയളവിൽ തളിപ്പറന്പ്‌ മണ്ഡലത്തിലുണ്ടായത്‌. പറശ്ശിനിക്കടവ്‌ നീർപ്പാലം, മാങ്ങാട്ട്‌ പറന്പിലെ എൻജിനിയറിങ്ങ്‌ കോളേജ്‌, പരിയാരത്തെ ആയുർവേദ കോളേജ്‌ കെട്ടിടം എന്നിവ അവയിൽ ചിലതുമാത്രമാണ്‌.

തുടക്കംമുതലേ കർഷകസംഘത്തിന്റെ സംഘാടകനും നേതാവുമായ പാച്ചേനി 1972 മുതൽ കർഷകസംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.

ആദിവാസികളെ അവകാശബോധമുള്ളവരാക്കി
ജന്മിമാരുടെ കടുത്ത ആദിവാസിചൂഷണവും കുടിയൊഴിപ്പിക്കലും ഗുണ്ടാമർദനങ്ങളും ശക്തിപ്രാപിച്ച സമയത്താണ്‌ കിഴക്കൻ മലയോരമേഖലയായ കൊട്ടയാട്‌ മലയിൽ 1950കളുടെ ആരംഭത്തിൽ പാച്ചേനി എത്തുന്നത്‌. ആദിവാസികളുടെയിടയിൽ നിലനിന്ന കടുത്ത അന്ധവിശ്വാസങ്ങളാണ്‌ വളരെവേഗം ജന്മിമാർക്ക്‌ അവരെ ചൂഷണം ചെയ്യാൻ കഴിയുന്നതിന്‌ കാരണമെന്ന്‌ പാച്ചേനി മനസ്സിലാക്കി.

ആത്മാർഥതയും കഠിനാധ്വാനവും മുഖമുദ്രയാക്കിയവരാണ്‌ കരിന്പാലരടക്കമുള്ള ആദിവാസികൾ. ജന്മിമാരിൽനിന്ന്‌ പാട്ടത്തിനെടുത്ത ഭൂമിയിലാണ്‌ ഇവർ കൃഷിചെയ്‌തിരുന്നത്‌. പിഡിപി കുടുംബത്തിന്റെ ഉടമസ്ഥതിലായിരുന്നു മഹാഭൂരിപക്ഷം ഭൂമിയും. വാക്കാൽ ചാർത്ത്‌ അനുസരിച്ചായിരുന്നു കൊട്ടയാട്‌ മലയിൽ കരിന്പാലർ വിഭാഗത്തിൽപെട്ട ആദിവാസികൾക്ക്‌ ജന്മിമാർ ഭൂമി കൈമാറിയിരുന്നത്‌. പരമാവധി അഞ്ച്‌ ഏക്കർ ഭൂമിയാണ്‌ ഒരു കുടുംബത്തിന്‌ കൃഷിചെയ്യാൻ നൽകുക. ഇവർ കാട്‌ വെട്ടിത്തെളിച്ച്‌ ഈ ഭൂമിയിൽ പുനം കൃഷിചെയ്യും. പിന്നീട്‌ മുത്താറി, തുവര, പച്ചക്കറികൾ എന്നിവ ഇതിനൊപ്പം കൃഷിചെയ്യും. വർഷങ്ങളായുള്ള ആദിവാസികളുടെ അധ്വാനഫലമായി കൊടുങ്കാടായിരുന്ന പ്രദേശം കാർഷികവിളകളാൽ സന്പന്നമാകും. ഈ സമയത്താണ്‌ ജന്മിമാർ തന്ത്രപൂർവം ആദിവാസികളെ കൃഷിഭൂമിയിൽനിന്ന്‌ ഇറക്കിവിടുക.

ആദിവാസികളുടെയിടയിൽ നിലനിന്ന അന്ധവിശ്വാസത്തെയാണ്‌ ജന്മിമാർ ചൂഷണത്തിനുള്ള ഉപാധിയാക്കി മാറ്റുന്നത്‌. കൃഷിചെയ്‌ത കരിന്പാലന്റെ കുടിലിനെ ജന്മിയുടെ കാര്യസ്ഥനായ മുസ്ലിമിനെ കൊണ്ട്‌ തീണ്ടിക്കുക എന്നതായിരുന്ന ആ തന്ത്രം. മുസ്ലിം തൊട്ടാൽ കുടിൽ അശുദ്ധമാകുമെന്നും അങ്ങനെ അശുദ്ധമായാൽ കുലദേവതയായ കൂളി കോപിക്കുമെന്നും കരിന്പാലരുടെ കുടിലിനെയും അതിൽ താമസിക്കുന്നവരെയും തീ വിഴുങ്ങുമെന്നുമായിരുന്നു അവരുടെയിൽ രൂഢമൂലമായ വിശ്വാസം. ഇതുമൂലം ജന്മിയുടെ കാര്യസ്ഥനായ മുസ്ലിം തൊടുന്ന കുടിലും ഭൂമിയും ആദിവാസികൾ ഒഴിഞ്ഞുപോകും.

ഈ ചൂഷണത്തിന്‌ അറുതിവരുത്തിയേ അടങ്ങൂ എന്ന ഉറച്ച തീരുമാനവുമായാണ്‌ പാച്ചേനിയും പാർട്ടി പ്രവർത്തകരും കൊട്ടയാട്‌ മലയിലെത്തിയത്‌. ജന്മിമാർക്കെതിരായ പോരാട്ടത്തിൽ ആദിവാസികളെ പങ്കാളികളാക്കാൻ അവർക്കിടയിലെ അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയേ മതിയാകൂ എന്ന്‌ വളരെവേഗം പാച്ചേനി മനസ്സിലാക്കി. പാച്ചേനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന കെ കുഞ്ഞപ്പ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘‘മുസ്ലീം കുടിൽ തൊട്ടൽ കൂളി കോപിക്കുമെന്നും തീ വിഴുങ്ങുമെന്നുമുള്ള അന്ധവിശ്വാസമടക്കം മിക്കതും പ്രായോഗിക പരീക്ഷണങ്ങളിലൂടെ തെറ്റാണെന്ന്‌ പഠിപ്പിച്ചുകൊണ്ടാണ്‌ പാച്ചേനി ആദിവാസികളെ മാറ്റിയെടുത്തത്‌. പാച്ചേനി ഇതിനായി സ്വീകരിച്ച ഉപായങ്ങളിലൊന്ന്‌ പ്രധാനപ്പെട്ടതാണ്‌. അദ്ദേഹവും പാർട്ടി പ്രവർത്തകനായ ഖാദറും ഒരുദിവസം മൂപ്പനായ മേസ്‌ത്രി കേളന്റെ വീട്ടിലെത്തി. ഇരുവരും പാർട്ടി യോഗത്തിന്‌ പോയതാണ്‌ രാത്രി വൈകിയതിനാൽ തിരിച്ചുപോകാനാവില്ല. മൂപ്പന്റെ വീട്ടിൽ താമസിക്കണം‐ പാച്ചേനി പറഞ്ഞു.

‘‘പാച്ചേനിയെ താമസിപ്പിക്കാം. ഖാദർക്കയെ പറ്റില്ലെന്നായി മൂപ്പൻ. കൂളി കോപിക്കുകയോ തീ വരികയോ ഇല്ല. പാച്ചേനി പറഞ്ഞു. ഒരുവശത്ത്‌ പാച്ചേനിയോടുള്ള സ്‌നേഹാദരവ്‌, മറുവശത്ത്‌ ഭയാശങ്കകളായ ഖാദറിനെ താമസിപ്പിക്കരുതെന്ന്‌ പറയുന്ന വീട്ടുകാർ. വിഷമത്തിലായ മൂപ്പൻ പാച്ചേനിയുടെ നിർബന്ധത്തെത്തുടർന്ന്‌ കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ച്‌ ഇരുവർക്കും കിടക്കാൻ സ്ഥലമുണ്ടാക്കി. രാത്രി മുഴുവൻ കോപാകുലയായ കൂളി തീ അയയ്‌ക്കുന്നതും നോക്കി മൂപ്പൻ ഉറങ്ങാതെ കുടിലിനു കാവലിരുന്നു. നേരം പുലർന്നു. ഒന്നു സംഭവിച്ചില്ല. എങ്കിലും കണക്കുവെച്ചു നോക്കലെന്ന അടുത്ത പരീക്ഷണം കൂടി കഴിയാതെ അവരുടെ ഭയം തീരില്ലെന്ന്‌ പാച്ചേനിക്കറിയാമായിരുന്നു. ഒരേ നീളത്തിൽ രണ്ട്‌ ഈറ്റകൾ മുറിച്ചെടുക്കുന്നു. ചില മന്ത്രങ്ങളും പൂജകളും നടത്തിയശേഷം ഏതെങ്കിലും ഈറ്റയ്‌ക്ക്‌ നീളമേറിയാൽ കൂളി കോപിച്ചിട്ടുണ്ടെന്നർഥം. ആ പരീക്ഷണത്തിലും കൂളിക്ക്‌ കോപമില്ലെന്ന്‌ അറിഞ്ഞതോടെയാണ്‌ മേത്തൻ (മുസ്ലിം) തൊട്ടാലും കുടിലൊഴിയേണ്ടതില്ല എന്ന വിശ്വാസം കരിന്പാലർക്കുണ്ടായത്‌’’.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുക മാത്രമല്ല ആദിവാസികളെ അക്ഷരം പഠിപ്പിക്കുന്നതിനും പാച്ചേനി മുൻനിന്നു പ്രവർത്തിച്ചു.

വിവിധ ഘട്ടങ്ങളിലായി ആറുവർഷത്തോളം പാച്ചേനി ഒളിവുജീവിതം നയിച്ചു. മൂന്നുവർഷക്കാലം ജയിൽവാസവും അദ്ദേഹം അനുഷ്‌ഠിച്ചു.

പാച്ചേനിക്ക്‌ സ്വന്തമായി വീടോ ഒരുതുണ്ട്‌ ഭൂമിയോ ഇല്ലായിരുന്നു. പിതാവിന്റെ വകയായി ലഭിച്ച ഏതാനും സെന്റ്‌ ഭൂമി അദ്ദേഹം സഹോദരങ്ങൾക്ക്‌ നൽകുകയായിരുന്നു. കാസർകോട്‌ താലൂക്ക്‌ സെക്രട്ടറിയായി പ്രവർത്തിച്ച സമയത്ത്‌ പാർട്ടി ഓഫീസിലായിരുന്നു അദ്ദേഹം താമസിച്ചത്‌. തിരിച്ചു ബക്കളത്തു വന്നതിനുശേഷം അവിടത്തെ ഒരു പിടികയുടെ മുകളിലത്തെ കൊച്ചുമുറിയാണ്‌ താമസത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത്‌. ബക്കളത്ത്‌ എ കെ ജി മന്ദിരം നിർമിക്കപ്പെട്ടതോടെ അവിടത്തെ കൊച്ചു മുറിയിലാണ്‌ അദ്ദേഹം താമസിച്ചത്‌.

അനാരോഗ്യം ബാധിച്ച പാച്ചേനിയെ പരിചരിച്ചത്‌ പാർട്ടി നിർദേശമനുസരിച്ച്‌ അദ്ദേഹത്തിന്റെ അനുജന്റെ മകൻ വിനോദ്‌കുമാറാണ്‌. അങ്ങേയറ്റം സ്‌നേഹബഹുമാനങ്ങളോടെയാണ്‌ വിനോദ്‌ തന്റെ വലിയച്ഛനെ പരിചരിച്ചത്‌.

1998 ജൂലൈ 24ന്‌ പാച്ചേനി കുഞ്ഞിരാമൻ അന്ത്യശ്വാസം വലിച്ചു.

കടപ്പാട്‌: പാച്ചേനി കുഞ്ഞിരാമൻ സ്‌മരണിക

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − two =

Most Popular