Tuesday, April 8, 2025

ad

Homeമാധ്യമ നുണകള്‍ഇരിക്കപ്പൊറുതിയില്ലാതെ മാപ്രകൾ

ഇരിക്കപ്പൊറുതിയില്ലാതെ മാപ്രകൾ

ഗൗരി

മ്മുടെ മുഖ്യധാരക്കാർ, ചാനലുകളും പത്രങ്ങളും, വല്ലാത്ത തിരക്കിലാണ്. തിരക്കോട് തിരക്ക്! പിണറായി സർക്കാർ അധികാരത്തിലെത്തിയതുമുതൽ, പ്രത്യേകിച്ച് ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയതുമുതൽ അവറ്റകള് തിരക്കിൽ തന്നെയായിരുന്നു. പക്ഷേല് ഇപ്പഴത്തെ തിരക്ക് ഒന്നുവേറെ തന്നെയാണ്. അതാണ് പുതുപ്പള്ളി തിരക്ക്. കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ മരണം മുതൽ ആരംഭിച്ച വമ്പൻ തിരക്ക്. പുതുപ്പള്ളീൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആ തിരക്ക് പല മടങ്ങങ്ങ് വർധിച്ചു. ഒരു തരം ഇരിക്കപ്പൊറുതിയില്ലായ്മ.

ഒരു വശത്ത്, എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ നുണക്കഥകൾ ചമയ്ക്കണം, മറ്റൊരു കഥ പാകപ്പെടുത്തുന്നതുവരെ അതിന്റെ തുമ്പേൽതൂങ്ങി അന്തിച്ചർച്ച നടത്തണം. മറുവശത്ത് സുധാകര– സതീശാദികൾ മുതൽ കുഴൽനാടൻ വരെയുള്ളവർ നടത്തുന്ന അഴിമതികൾക്കും വെട്ടിപ്പ്– തട്ടിപ്പുകൾക്കും ന്യായീകരണം ചമയ്ക്കണം. ഇങ്ങനൊക്കെയാകുമ്പോൾ തിരക്കില്ലാതിരിക്കുമോ ന്റെ ശിവനേ! ചാനൽ മാപ്രകളുടെ വെപ്രാളവും വേവലാതിയും ഒന്നു കാണേണ്ടതു തന്നെ! അവറ്റോൾക്ക് ഒരു വശത്ത് സർവമാന വിരുദ്ധരേയും അണിനിരത്തി നോൺസ്റ്റോപ്പായി സിപിഐ എമ്മിനും എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വിടുവായത്തം ആവർത്തിച്ചുകൊണ്ടിരിക്കാൻ സൗകര്യമൊരുക്കണം, മറുവശത്ത് സിപിഐ എം പ്രതിനിധികൾ ഉരുളയ്-ക്കുപ്പേരി പോലെ, വസ്തുതകൾ പറഞ്ഞ‍് കൃത്യമായി മറുപടി പറയുമ്പോൾ അതുതടയണം, അതിനായി വിതണ്ഡവാദങ്ങളും മണ്ടൻ ചോദ്യങ്ങളും തള്ളിക്കൊണ്ടേയിരിക്കണം. നിങ്ങൾക്ക് മറുപടിയില്ലെങ്കിൽ മറുപടി ഞങ്ങള് പറഞ്ഞു തരാം, ഇങ്ങനെ പറഞ്ഞോളൂ, അങ്ങനെ പറഞ്ഞോളൂന്ന് കുരയ്ക്കണ മാപ്രകളെയും നിത്യേന കാണാം.

മനോരമ പത്രത്തിലൂടെ മാത്രം കണ്ണോടിച്ചാൽ മതി കോൺഗ്രസിനും യുഡിഎഫിനും വേണ്ടി മാപ്രകൾ ഓവർടെെം പണിയെടുക്കുന്നതിന്റെ സാമ്പിളുകൾ കിട്ടും! ആ പത്രം ശരിക്കുമൊരു യുഡിഎഫ് മുഖപത്രമായി മറയില്ലാതെ ഉറഞ്ഞുതുള്ളുകയാണല്ലോ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലുള്ള കഥകൾ പരിശോധിച്ചാൽ അതിന് സ്ഥലം തികയാതെ വരും. അതോണ്ട് മ്മക്ക് പോയ ഒരു വാരക്കാലത്തെ പത്രമൊന്ന് നോക്കാം.

15–ാം തീയതിയിൽ നിന്നു തുടങ്ങാം. നല്ലൊരു ദിവസം. നാടിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 76–ാം വർഷം. സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് മലയാളികളെ കണികാണാനിറങ്ങിയ പത്രത്തിന്റെ പരസ്യപ്പേജുകൾ കഴിഞ്ഞ ശേഷമുള്ള ഒന്നാം പേജിൽതന്നെ കാണാം പ്രൊപ്പഗൻഡ സാഹിത്യം–കിടിലൻ സ്കൂപ്പാണെന്ന മട്ടിലാണ് സങ്കതി കാച്ചീരിക്കണത്. ‘‘വീണ്ടും വെെദ്യുതി നിരക്ക് കൂട്ടാൻ നീക്കം. അടുത്ത ഷോക്ക്.’’ ഈ തലക്കെട്ടു വായിച്ചാൽ തോന്നുക എന്താണ്? തൊട്ടുതലേ ദിവസം, അല്ലേൽ വേണ്ട, തലേ ആഴ്ച അതുമല്ലെങ്കിൽ മുൻപത്തെ മാസം, അതുംവേണ്ട ഒരു വർഷം മുൻപെങ്കിലും വെെദ്യുതി നിരക്ക് വർധിപ്പിച്ച് നാട്ടുകാരെ ഷോക്കടിപ്പിച്ച സർക്കാർ ദാ വീണ്ടും ജനത്തെ ഷോക്കടിപ്പിച്ച് കൊല്ലുന്നൂന്നല്ലേ ! എന്നാൽ അങ്ങനെയൊന്ന് അടുത്ത കാലത്തെങ്ങാനും ഉണ്ടായിട്ടുണ്ടോ? ഇല്ലല്ലോ. ന്നാലും അങ്ങനൊന്ന് ആയിക്കോട്ടെ, മനോരമേടെ വക ഒരു പ്രചാരണം. പുതുപ്പള്ളീൽ സ്വന്തം കുഞ്ഞൂഞ്ഞിന്റെ പുത്രൻ കുഞ്ഞൻ ചാണ്ടിക്ക് അതിന്റെ പേരിൽ പത്ത് വോട്ടു കിട്ടുമെങ്കിൽ ആവുമല്ലോന്നാണ് മനോരമയുടെ നോട്ടം.

എന്നാൽ അങ്ങനെവല്ലോം വരുന്നുണ്ടോ? ഒന്നുമില്ല. മഴ കുറഞ്ഞതുമൂലം വെെദ്യുതി ലഭ്യത കുറഞ്ഞൂ, അതോണ്ട് പവർകട്ടുണ്ടാകാതിരിക്കാൻ കൂടുതൽ വില കൊടുത്ത് വെെദ്യുതി പുറമേനിന്ന് വാങ്ങേണ്ടി വരും. ആ സാഹചര്യം വച്ചങ്ങ് താങ്ങുകയാണ‍്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇങ്ങനെ മനോരമ എത്ര പ്രാവശ്യം നാട്ടാരെ ഷോക്കടിപ്പിച്ചിട്ടുണ്ടെന്ന് പഴേ താളുകൾ നോക്കിയാൽ മാത്രം മതി!

ദാണ്ടേ 16–ാം തീയതിയിലേക്കൊന്ന് നോക്കാം. അന്നത്തെ ഒന്നാം പേജ് സ്കൂപ്പ് ഇങ്ങനെ: ‘‘സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 23,000 കോടി കുടിശ്ശിക. ഡിഎ കുടിശ്ശിക 18,000 കോടി; പെൻഷൻകാർക്ക് 4200 കോടി. ഉടനൊന്നും കുടിശ്ശിക കിട്ടാനും സാധ്യതയില്ല.’’ ഇതാണ് സാർ ശരിക്കും പറഞ്ഞാൽ മുതലക്കണ്ണീർ! കോട്ടയം നഗരമധ്യത്തിൽ കൃത്യം കളക്ടറാഫീസിന്റെ മുന്നിൽ ഒരു വൃദ്ധമുതലവന്നുനിന്ന് സർക്കാർ ജീവനക്കാർക്കായി കണ്ണീർ പൊഴിക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. കരുണാകര കാലംമുതൽ ആന്റണി കാലത്തിലൂടെ ഏറ്റവും ഒടുവിൽ ഉമ്മൻചാണ്ടി കാലംവരെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയെന്നല്ല, ഡിഎയും ശമ്പള വർധനയും കൊടുക്കുന്നതുതന്നെ അധികപ്പറ്റെന്ന് വാദിച്ചിരുന്ന പത്രമാണിതെന്ന് മറ്റാർക്കുമില്ലെങ്കിലും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമെങ്കിലും ഓർമയുണ്ടാകും. ഡിഎയും ശമ്പളവും വർധിപ്പിക്കേണ്ടന്നു മാത്രമല്ല, പറ്റിയാൽ 10 ശതമാനം കുറയ്ക്കേം ചെയ്യണമെന്ന് 2002ൽ സ്റ്റോറീസ് എഴുതിയ മുഖ്യധാരക്കാരിൽ മുമ്പിലായിരുന്നല്ലോ ഈ പത്രവും! പഴേ കാര്യം വിടാം. ഇപ്പം മനോരമയ്ക്ക് എന്താ പ്രശ്നം? ഡിഎ കുടിശ്ശിക പുതുപ്പള്ളിക്ക് മുമ്പെങ്കിലും കൊടുക്കുമെന്ന് കരുതീരുന്നു. അതുപോലുമുണ്ടായില്ലത്രെ ! അപ്പോ, ഇപ്പം കൊടുത്താൽ പുതുപ്പള്ളീടെ പേരിലാവും. അതുകഴിഞ്ഞാലോ? 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ പേരിലും! ഇതാണ് മനോരമേടെ കഥയെഴുത്തിന്റെ സ്റ്റെെൽ!

ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ നൽകില്ലെന്നു സർക്കാർ പറഞ്ഞോ? ഇല്ലല്ലോ! എന്നു മാത്രമല്ല, ഒരു പെെസയും നഷ്ടപ്പെടുത്താതെ കൃത്യമായും കൊടുക്കുമെന്ന് ആവർത്തിച്ച് പറയുന്നുമുണ്ട്. ഇപ്പോൾ സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണ് അതൊന്ന് കഴിഞ്ഞാൽ ജീവനക്കാർക്ക് കൃത്യമായും ഡിഎ കുടിശ്ശിക കിട്ടും. ഇപ്പോൾ ക്ഷേമപെൻഷനുകൾ കുടിശ്ശിക കൂടാതെ ഒന്നുകൊടുത്തോട്ടേന്ന്! ഇനി ഈ കോടീടെ കണക്ക് എന്തേലും രേഖേടെ അടിസ്ഥാനത്തിലാണോ? അതുമല്ല!! പറയുമ്പൊ ഒത്തിരി വലുതായിട്ടു തന്നെ ഇരിക്കട്ടെന്ന്! ഈ സ്റ്റോറിക്ക് ഒപ്പം കണ്ണീർക്കഥയായി ഒരു ഉപകഥയുമുണ്ട്– ‘‘ആയിരത്തിലേറെ പെൻഷൻകാർ കുടിശ്ശിക കിട്ടാതെ മരിച്ചു.’’ എന്താ ഇതിനർഥം? കുടിശ്ശിക കിട്ടാത്തതുമൂലം കഞ്ഞികുടിക്കാതെ, അതിനു വകയില്ലാതെ പെൻഷൻകാർ പട്ടിണി കിടന്നു മരിക്കുന്നൂന്നല്ലേ ! പെൻഷനായ എത്രപേർ ഒരു വർഷത്തിനുള്ളിൽ മരിച്ചുവെന്ന് നോക്കിയാൽ അതെന്തായാലും ആയിരമോ ആയിരത്തിലേറെയോ ആയിരിക്കണമെന്നില്ല. എന്നാൽ കുടിശ്ശിക കിട്ടാത്തതുകൊണ്ടു മാത്രം മരിച്ചുവെന്ന് തോന്നണമെങ്കിൽ എണ്ണം സ്വൽപ്പം ഒന്ന് കുറച്ചു പറയണം. ഇത്രേയുള്ളൂ മനോരമക്കഥകളിലെ കാര്യം.

നമുക്ക് വീണ്ടും മുന്നോട്ടുപോകാം. 17–ാ തീയതി മനോരമ മലയാളികളെയാകെ പെൻഷൻ കഥ പറഞ്ഞ് ഞെട്ടിച്ചിരിക്കുന്നു; ഒന്നാം സ്റ്റോറി തന്നെ, ‘‘കുടിശ്ശിക കിട്ടാതെ മരിച്ചത് 77,000 പെൻഷൻകാർ. രണ്ടു ഗഡുക്കളായുള്ള കുടിശ്ശിക 10,000–40,000 രൂപാ സർക്കാർ അനുവദിക്കുമ്പോൾ നോമിനിക്ക് കെെപ്പറ്റാം.’’ അനുബന്ധമായി പറയുന്നു– ‘‘70 കഴിഞ്ഞവരോടും കനിഞ്ഞില്ല.’’ നോക്കൂ എന്താ കഥയെന്ന്. മനോരമ തന്നെ പറയട്ടെ– ‘‘സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന പെൻഷൻ പരിഷ്കരണ കുടിശ്ശിക മുഴുവൻ കിട്ടാതെ മരിച്ചുപോയത് ആയിരത്തിലേറെയല്ല, മുക്കാൽ ലക്ഷത്തിലേറെപേർ!’’ അപ്പോൾ തലേദിവസം പറഞ്ഞത് കുറഞ്ഞുപോയി എന്നതിന്റെ തിരുത്തും കൂടിയാണിത്. തലവാചകംമാത്രം വായിച്ചാൽ തോന്നുന്നത് മുക്കാൽ ലക്ഷത്തിലേറെ ആളുകൾ കേരളത്തിൽ പെൻഷൻ കുടിശ്ശിക കിട്ടാതെ പട്ടിണി കിടന്നു മരിച്ചൂന്നല്ലേ ! പണം അവരുടെ കുടുംബത്തിനു കിട്ടുമെന്ന് മനോരമയ്ക്ക് ഉറപ്പുണ്ട്. വർധിച്ച തോതിലുള്ള (2021ൽ പരിഷ്-ക്കരിച്ചതനുസരിച്ചുള്ള) പെൻഷൻ തുക കെെപ്പറ്റി അല്ലലില്ലാതെ ജീവിച്ചുവരവെയാണ് അവർ മരണമടഞ്ഞത് എന്ന് സമ്മതിക്കാനെങ്കിലും മനോരമ തയ്യാറായല്ലോന്ന‍് നമുക്ക് ആശ്വസിക്കാം. 19–ാം തീയതി ‘‘അവകാശനിഷേധം എത്ര ക്രൂരം? പെൻഷൻ പരിഷ്-ക്കരണ കുടിശ്ശിക എത്രയും വേഗം നൽകണം എന്ന് മുഖപ്രസംഗത്തിലൂടെ മനോരമ മുതല പ്പൂങ്കണ്ണീരൊഴുക്കുന്നുമുണ്ട‍്.

18–ാം തീയതി മനോരമ സർവകലാശാലകളിലെ പെൻഷൻകാരെയാണ് പിടിച്ചത്. ‘‘കാശില്ലാതെ വലഞ്ഞ് സർവകലാശാലകളും. പ്രതിസന്ധി സർക്കാർ സഹായം നിലച്ചതോടെ. പെൻഷൻ ആനുകൂല്യങ്ങളും മുടങ്ങുന്നു.’’ അന്നുതന്നെ അടുത്ത പേജിൽ നൽകുന്ന ഐറ്റം നോക്കൂ: ‘‘ഒാണച്ചെലവ് 2000 കോടി കടമെടുക്കും. ബാക്കി 2021 കോടി മാത്രം. എന്താ ഓണച്ചെലവെന്നു പറഞ്ഞാൽ? ശമ്പളം, പെൻഷൻ, ഓണം അഡ്വാൻസ് ബോണസ്, ക്ഷേമ പെൻഷനുകൾ, സിവിൽ സപ്ലെെസ് കോർപറേഷന് സബ്സിഡി നൽകാനുള്ള തുക എന്നിത്യാദി ഇനങ്ങൾക്കാണ് സംസ്ഥാനങ്ങൾക്ക് നിയമാനുസരണം കടമെടുക്കാനുള്ള പരിധിക്കുള്ളിൽനിന്ന് സർക്കാരിന് കടമെടുക്കേണ്ടി വന്നത്. എന്തുകൊണ്ടതിനു സംസ്ഥാന സർക്കാർ നിർബന്ധിതമായി? അതുപറയാൻ മാത്രം മനോരമയ്ക്ക് നാവുപൊന്തില്ല. ഒരു കാര്യം മനോരമയുടെ ആസ്ഥാനമാപ്ര പറയുന്നു: ‘‘വരുമാന വളർച്ചയിൽ റെക്കോർഡിട്ടിട്ടും പിടിച്ചുനിൽക്കാൻ കഴിയാതെ സർക്കാർ.’’ ഇതെന്തുകൊണ്ടെന്ന് മനോരമ അനേ-്വഷിച്ചിട്ടുണ്ടോ? ഇല്ലല്ലോ. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം എത്രായിരം കോടി കേന്ദ്രം കുടിശ്ശികയായിട്ടിട്ടുണ്ട്. തൊഴിലുറപ്പുകാർക്കുള്ള കൂലിയിൽ കേന്ദ്രം എത്ര ബാക്കി നൽകാനുണ്ട്. ഇങ്ങനെ ഓരോ ഇനമായി മനോരമ ഒന്നു പരിശോധിച്ചാൽ സംസ്ഥാനം എന്തുകൊണ്ട് സാമ്പത്തിക ഞെരുക്കത്തിൽപെടുന്നു എന്നറിയാവുന്നതാണ് സംസ്ഥാനത്തെ ഇങ്ങനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മനോരമ ഒരക്ഷരം ഉരിയാടുമോ? ഇല്ലല്ലോ. കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ സംസ്ഥാന താൽപ്പര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന് നിയമാനുസരണം ലഭിക്കേണ്ട നികുതി വിഹിതം നൽകുന്നതിന് നിവേദനം നൽകാനോ സംയുക്ത നിവേദനത്തിൽ ഒപ്പുവയ്ക്കാനോ തയ്യാറാകാത്തതിൽ മനോരമയ്ക്ക് തെല്ലും വെെക്ലബ്യമില്ല.

ഈ ദിവസങ്ങളിലെല്ലാം തന്നെ ഇമ്മാതിരി കഥകൾക്കൊപ്പം മുഖ്യമന്ത്രിയെയും മകളെയും അഴിമതിക്കാരായി ചിത്രീകരിക്കാനും മാത്യു കുഴൽനാടൻ വക്കീലിന്റെ അഴിമതിക്ക് മറയിടാനും മനോരമ പെടാപ്പാട് പെടുന്നതും കാണാം. എന്നാൽ ഇതിൽ കുഴൽനാടൻ തന്നെ കേസുവാദിച്ച് മനോരമയെ കുഴിയിൽ ചാടിച്ചിരിക്കുകയാണ്. മാസപ്പടി വിവാദമായി മനോരമ പൊക്കിക്കൊണ്ടുവന്ന കേസ് ജിഎസ്ടി അടച്ചോ ഇല്ലയോ എന്നതാക്കി മാറ്റാൻ കുഴൽനാടൻ വക്കീൽ അറിയാതെ നിർബന്ധിതനായി. അതോടെ എക്സാലോജിക്കിന് കൺസൾട്ടൻസി ഫീസിനത്തിൽ ബാങ്കുവഴി ലഭിച്ച തുക മാസപ്പടിയായി ചിത്രീകരിച്ച മനോരമയുടെ വാദം പൊളിഞ്ഞു. മാസപ്പടിയാണെങ്കിൽ കെെമാറ്റം ബാങ്കുവഴിയാകില്ല; അതിനെങ്ങനെയാണ് ജിഎസ്ടി വരുന്നത് എന്നെല്ലാം മനോരമയും വക്കീലും മറുപടി പറയേണ്ടതായി വരുന്നു.

കടുവയെ കിടുവ പിടിച്ചപോലായി. എന്നാൽ കുഴൽനാടൻ എംഎൽഎ ഇടുക്കിയിൽ വസ്തുവാങ്ങിച്ചപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയിൽ വെട്ടിപ്പു നടത്തിയതും അതിയാന്റെ വരവിൽ കഴിഞ്ഞ സ്വത്തുവിവരവും ഭവനനിർമാണത്തിനു പെർമിഷൻ വാങ്ങിയിട്ട് റിസോർട്ട് പണിതതുമെല്ലാം സംബന്ധിച്ച് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിനുപോലും മറുപടി പറയാൻ കുഴൽനാടനു കഴിഞ്ഞില്ലയെന്നു മാത്രമല്ല ന്യായീകരിക്കാൻ മനോരമാദികൾക്കും കഴിയാത്തവിധം കുഴിയിൽ ചാടിയിരിക്കുകയാണ്. അവനവൻ കുഴിച്ച കുഴിയിൽ സ്വയംപെട്ടുപോയതിന്റെ അങ്കലാപ്പിലാണ് കുഴൽനാടനും മനോരമാദികളും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular