Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെമിനിമം വേതനവർദ്ധനവിനായി ജർമനിയിൽ തൊഴിലാളി സമരം

മിനിമം വേതനവർദ്ധനവിനായി ജർമനിയിൽ തൊഴിലാളി സമരം

ആര്യ ജിനദേവൻ

മിനിമം വേജ് കമ്മീഷൻ മുന്നോട്ടുവച്ച വേതന വർദ്ധനവ് തികച്ചും അപര്യാപ്തമാണ് എന്ന് പറഞ്ഞുകൊണ്ട് ജർമ്മനിയിലെ തൊഴിലാളി വിഭാഗങ്ങളും ട്രേഡ് യൂണിയനുകളും സാമൂഹ്യ പ്രസ്ഥാനങ്ങളും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും ഒന്നടങ്കം പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നു. യൂറോപ്പിലാകമാനം നാണയപെരുപ്പം വർധിച്ചുനിൽക്കുന്ന സാഹചര്യത്തിലും ജർമ്മനിയിലെ അതിന്റെതന്നെ സവിശേഷമായ സാഹചര്യത്തിലും ഇപ്പോൾ ശമ്പള കമ്മീഷൻ മുന്നോട്ടുവച്ചിട്ടുള്ള ഈ വേതന വർദ്ധനവ് തികച്ചും അപര്യാപ്തമാണെന്ന് ആഗസ്റ്റ് 9ന് ജർമൻ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ പ്രസ്താവനയിറക്കി. രാജ്യത്തെ മിനിമം വേതനം 2024 ൽ മണിക്കൂറിന് 12 യൂറോയിൽ നിന്നും (13.23 ഡോളർ) 12.41 യൂറോയിലേക്കും (13.68 ഡോളർ) 2025ൽ അത് 12.82 യൂറോയിലേക്കും (14.13 ഡോളർ) വർദ്ധിപ്പിക്കുവാനാണ് ശമ്പള കമ്മീഷന്റെ ശുപാർശ. തൊഴിൽദാതാക്കളുടെയും ട്രേഡ് യൂണിയനുകളുടെയും അക്കാദമിക് വിദഗ്ധരുടെയുമടക്കം പ്രതിനിധികൾ അടങ്ങുന്ന കമ്മീഷൻ ജൂണിലാണ് ഈ ശുപാർശ മുന്നോട്ടുവെച്ചത്. നിലവിലെ വർധിച്ചുകൊണ്ടിരിക്കുന്ന നാണയപെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ ഈ ശുപാർശ തികച്ചും അപര്യാപ്തമാണെന്നും ഇത് ഫലത്തിൽ യഥാർത്ഥ കൂലിയിൽ ഇടിവുണ്ടാക്കുകയാണ് ചെയ്യുകയെന്നും അന്നുതന്നെ കമ്മീഷനിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ ആരോപിച്ചിരുന്നു.

ജർമ്മനിയിലെ ട്രേഡ് യൂണിയനുകൾ നിലവിലെ ജീവിത ചെലവ് വർദ്ധനവിനെതിരെയും കുറഞ്ഞ കൂലി നിരക്കിനെതിരെയും നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. എന്നിട്ടും ജർമ്മനിയിലെ ഗവൺമെന്റ് ഇതിനോട് ഫലപ്രദമായി എന്തെങ്കിലും പ്രതികരിക്കുകയോ കാര്യക്ഷമമായി ഇക്കാര്യത്തിൽ ഇടപെടുകയോ ഉണ്ടായില്ല. അതേസമയം തന്നെ ഉക്രൈനിലെ യുദ്ധത്തെ സഹായിക്കുകയും അതിനു സാമ്പത്തിക സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നു. ജർമ്മനിയിലെ സമാധാന സംഘടനകൾ ഉക്രൈൻ മണ്ണിൽ അമേരിക്കയും നാറ്റോയും സാമ്രാജ്യത്വവും ഒന്നാകെ റഷ്യക്കെതിരെ നടത്തുന്ന യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ജർമൻ ഗവൺമെന്റിന്റെ നയത്തിനെതിരെയും പ്രദേശത്ത് ജർമനി നയിക്കുന്ന സൈനികവൽക്കരണത്തിനെതിരെയും ശക്തമായ പ്രതിഷേധങ്ങളും ഉയർത്തുകയുണ്ടായി.

ഇത്തരത്തിൽ, തികച്ചും ജനവിരുദ്ധമായ നയ സമീപനങ്ങളാണ് ജർമ്മനിയിലെ ഗവൺമെന്റ്‌ നടപ്പാക്കിവരുന്നത് എന്നത് കൂടുതൽ ജനരോഷം ഉയരുന്നതിനിടയാക്കിയിരിക്കുകയാണ്. പൊതുവിൽ, യൂറോപ്പാകെ വളർച്ച മുരടിപ്പ്, ഉയർന്ന നാണയപ്പരുപ്പം, ഊർജ്ജ പ്രതിസന്ധി, ഭക്ഷ്യസാധനങ്ങൾക്കും മറ്റവശ്യ സാധനങ്ങൾക്കും അടക്കം വർദ്ധിച്ചുവരുന്ന അമിതവില, ഉയർന്ന വാടക തുടങ്ങിയ അനേകം ജീവൽപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്; നാണയപെരുപ്പത്തിൽ നേരിയ കുറവ് സംഭവിക്കുമ്പോൾപോലും അവിടുത്തെ ഭക്ഷ്യോൽപന്നങ്ങളുടെയും ഊർജ്ജ ഉൽപ്പന്നങ്ങളുടെയും വിലയിൽ യാതൊരു കുറവും ഉണ്ടാവുന്നില്ല; അതു കൂടുതൽ വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്; രാജ്യത്തെ അധ്വാനിക്കുന്ന വർഗ്ഗത്തെയും കുറഞ്ഞ വരുമാനത്തിൽ ജീവിക്കുന്ന കുടുംബങ്ങളെയും തികച്ചും പ്രതികൂലമായി ബാധിക്കുകയുമാണ്; ഈ സാഹചര്യത്തിൽ രാജ്യത്ത് ജനങ്ങൾക്ക് ആശ്വാസമാകേണ്ട ഒന്നായി വേജ് കമ്മീഷന്റെ ശുപാർശ മാറേണ്ടിയിരുന്നു എന്നും എന്നാൽ അത് അങ്ങനെയല്ല സംഭവിച്ചത് എന്നും ട്രേഡ് യൂണിയനുകൾ കുറ്റപ്പെടുത്തുന്നു. തൊഴിൽ കമ്പോളത്തിൽ സാമ്പത്തികമായി ദുർബലരായിട്ടുള്ള മനുഷ്യരുടെ ചെലവിൽ തൊഴിൽദാതാക്കൾക്ക് പണം കൊയ്യുന്നതിനുള്ള മറ്റൊരു ഉപാധി കൂടിയായി വേജ് കമ്മീഷന്റെ പുതിയ ശുപാർശ മാറിയെന്ന് ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ പറയുന്നു. ജനങ്ങൾക്ക് മിനിമം സംരക്ഷണം എങ്കിലും സാധ്യമാക്കുന്നതിനും നാണയപെരുപ്പത്തെ മറികടക്കുന്നതിനും മിനിമം വേതനം ഇപ്പോൾതന്നെ 13.50 യൂറോയായെങ്കിലും (14.88 ഡോളർ) വർദ്ധിപ്പിക്കണമെന്ന നിർദേശമാണ്‌ തങ്ങൾ മുന്നോട്ടുവെച്ചതെന്നും എന്നാൽ തൊഴിൽദാതാക്കളും കമ്മീഷന്റെ ചെയർമാനും ഈ നിർദ്ദേശം പാടെ തള്ളിക്കളയുകയായിരുന്നുവെന്നും മിനിമം വേജ് കമ്മീഷൻ അംഗം കൂടിയായിരുന്ന ജർമൻ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ ബോർഡ് അംഗം സ്റ്റീഫൻ കോഴ്സൽ പറയുന്നു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ക്ഷേമമോ നിലനിൽപ്പോ കണക്കിലെടുക്കാതെ അവരുടെ അധ്വാനത്തെ ചൂഷണം ചെയ്തുകൊണ്ട് സമ്പന്നർക്ക് കൂടുതൽ പണം കൊയ്യുന്നതിനുള്ള മാർഗമാണ് ഈ ശുപാർശയിലൂടെ വേജ് കമ്മീഷൻ തേടിയത് എന്ന കാര്യം ഇതിൽനിന്ന് വ്യക്തമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − nine =

Most Popular