ലോകത്തിലെ ഏറ്റവും വലിയ, സ്വകാര്യ ഉടമസ്ഥതയിലുള്ള വജ്രഖനി കന്പനിയാണ് ഏകപ. ദക്ഷിണാഫ്രിക്കയിലെ വജ്രങ്ങളാൽ സന്പന്നമായ നോർതേൺ കേപ്പിലെ കിംബെർലിയിലാണ് ഈ കന്പനിയുടെ ആസ്ഥാനം. 2001ൽ സ്ഥാപിതമായ ഈ കന്പനിയാണ് ഇന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വജ്രകന്പനിയായി വളർന്നത്. ഈ വളർച്ചയ്‌ക്ക് പിന്നിലെ മുഖ്യ കാരണക്കാരായ അവിടത്തെ തൊഴിലാളികൾ ഇപ്പോൾ പണിമുടക്കിലാണ്. ഇന്ന് ലഭിക്കുന്ന പട്ടിണിക്കൂലിക്കു പകരം മാന്യമായി ജീവിക്കാൻ വേണ്ടുന്ന കൂലി ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കുന്നത്.
അഞ്ച് വർഷത്തിനുമുന്പാണ് ഏറ്റവുമൊടുവിൽ ഏകപ ഖനിത്തൊഴിലാളികളുടെ ശന്പളപരിഷ്‌കരണം നടന്നത്. 17 ശതമാനം ശന്പളവർധനയ്‌ക്കൊപ്പം ഹൗസിങ് അലവൻസ് 151 ഡോളറായും മെഡിക്കൽ അലവൻസ് 140.6 ഡോളറായും വർധിപ്പിക്കണമെന്നും തുടക്കക്കാരുടെ പ്രതിമാസ ശന്പളം 930 ഡോളറായി ഉയർത്തണമെന്നും ആവശ്യപ്പെട്ടാണ് ആഗസ്‌ത് 7 മുതൽ തൊഴിലാളികൾ പണിമുടക്കുന്നത്. മാത്രമല്ല, വേതന കരാറിന്റെ കാലാവധി ഒരുവർഷം മാത്രമായിരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടുന്നു. എന്നാൽ കന്പനിയുടെ ഭാഗത്തുനിന്ന് മുന്നോട്ടുവയ്‌ക്കുന്നത് തൊഴിലാളികൾക്ക് ശന്പളത്തിൽ 6.5 ശതമാനം വർധനവ് നൽകാമെന്നും പുതിയ കരാറിന് മൂന്നുവർഷം വരെ പ്രാബല്യമുണ്ടാകണമെന്നുമുള്ള നിർദേശമാണ്. ഈ നിർദേശം സ്വീകാര്യമല്ലാത്തതിനാലാണ് തൊഴിലാളികൾ പണിമുടക്ക് തുടരുന്നത്.
ചർച്ചകളിലൂടെ രമ്യമായി പ്രശ്‌നപരിഹാരത്തിന് കന്പനി ശ്രമിക്കുന്നില്ല. കന്പനിയുടെ ഈ ധിക്കാരത്തിന് കുടപിടിക്കുന്ന സമീപനമാണ് ദക്ഷിണാഫ്രിക്കൻ സർക്കാരും സ്വീകരിക്കുന്നത്. പണിമുടക്കിലേർപ്പെട്ടിട്ടുള്ള യൂണിയൻ നേതാക്കളെ അറസ്റ്റുചെയ്‌ത് ജയിലിലടയ്‌ക്കുകയും പിക്കറ്റു ചെയ്യുന്ന തൊഴിലാളികളെ ജലപീരങ്കിയും ടിയർ ഗ്യാസും കൊണ്ട് നേരിടുകയുമാണ് ഗവൺമെന്റ്. ഭരണാധികാരികളുടെയും കന്പനി മാനേജ്‌മെന്റിന്റെയും മർദന നടപടികളെയും ധിക്കാരം നിറഞ്ഞ സമീപനത്തെയും നേരിട്ടുകൊണ്ട് തങ്ങളുടെ ജീവൽപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ തൊഴിലാളികൾ പണിമുടക്കിൽ ഉറച്ചുനിൽക്കുകയാണ്. ♦