Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഡിജിറ്റൽ യുഗത്തിലെ മാധ്യമങ്ങൾ

ഡിജിറ്റൽ യുഗത്തിലെ മാധ്യമങ്ങൾ

പ്രബീർ പുർകായസ്ത

പ്രബീർ പുർകായസ്ത

ഡിജിറ്റൽ മീഡിയ വർധിച്ച തോതിൽ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്; സോഷ്യൽ മീഡിയയായാലും ഡിജിറ്റൽ ക്ലാസ് മുറികളായാലും നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒടിടി (Over The Top) പ്ലാറ്റ്-ഫോമുകളായാലും വലിയ തോതിൽ നമ്മളെ സ്വാധീനിക്കുന്നു. ഫിഫ ലോക കപ്പുപോലും ടിവിയിലൂടെ മാത്രമല്ല, വിവിധ ആപ്പുകളിലൂടെയും സംപ്രേഷണം ചെയ്യപ്പെട്ടു. ഇന്നത്തെ ചെറുപ്പക്കാർക്ക് തങ്ങളുടെ മൊബെെൽഫോണുകളോട് അതിവെെകാരികമായൊരു ബന്ധമാണുള്ളത്; അവർ തേടുന്ന വിവരങ്ങൾ അവരുടെ ഫോണിന്റെ സ്ക്രീനുള്ളിൽ കിട്ടാനെടുക്കുന്ന ചെറിയൊരു ഇടനേരത്തു മാത്രമേ അവർ മറ്റുള്ളവരോട് സംസാരിക്കാൻ തയ്യാറാവുകയുള്ളൂ. ഡിജിറ്റൽ മീഡിയയുടെ ഉദയത്തോടൊപ്പം ശക്തമായ ഡിജിറ്റൽ പ്ലാറ്റ്-ഫോമുകളും ഉദയംകൊണ്ടു; വാർത്തകളും വിനോദവും നമുക്കെങ്ങനെ ലഭ്യമാക്കണമെന്നു അധികമധികം നിശ്ചയിക്കുകയും, അതേസമയം ലോകത്തിലെ ഏറ്റവും വലിയ കുത്തകകളായിക്കൊണ്ടിരിക്കുകയുമാണ് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ.

ഗൂഗിൾ, ഫേസ്ബുക്ക്/മെറ്റ തുടങ്ങിയ ഇത്തരം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ മാധ്യമങ്ങളിൽനിന്നും വേറിട്ടുനിർത്തിക്കൊണ്ട് സാമൂഹ്യമാധ്യമങ്ങൾ എന്നാണ് പലപ്പോഴും വിളിക്കാറുള്ളത്; എന്നാൽ അവയെല്ലാംതന്നെ ഇന്നത്തെ വിപുലമായ മാധ്യമപരിസരത്തിന്റെ നിർണായകഭാഗമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. സാമൂഹ്യമാധ്യമങ്ങൾ എന്നു വിളിക്കുന്നതുവഴി പഴയകാല മാധ്യമങ്ങളിൽനിന്നും അവയെ വേറിട്ടുനിർത്തുന്നു; ഒരു പുതിയ മാധ്യമവിഭാഗമായി മാത്രം കാണുന്നു. അതുവഴി ഈ പുതിയ ഡിജിറ്റൽ മാധ്യമം ഏതു രീതിയിലാണ് പഴയ മാധ്യമത്തോട് സമാനത പുലർത്തുന്നത് എന്നത് മറച്ചുവയ്ക്കുന്നു.

ഒരു മാർക്സിസ്റ്റെന്ന നിലയിൽ, ഞാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ചോദ്യമിതാണ്. എങ്ങനെയാണ് മാധ്യമങ്ങൾ വരുമാനമുണ്ടാക്കുന്നത്? പുതിയ സാമൂഹ്യമാധ്യമങ്ങളുടെ കാര്യത്തിലും പഴയകാല മാധ്യമങ്ങളുടെ കാര്യത്തിലും ഈ ചോദ്യത്തിനുള്ള ഉത്തരം ഒന്നുതന്നെ. അതായത് അവയ്ക്ക് ഒരേ വരുമാന മാതൃകയാണുള്ളത്. പരസ്യങ്ങൾ! ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എങ്ങനെയാണ് മാധ്യമരംഗത്ത് അവയുടെ കുത്തക സൃഷ്ടിച്ചതെന്നും മീഡിയയുടെ ഘടനയിൽ അതുണ്ടാക്കിയ മാറ്റമെന്താണെന്നും നമ്മൾ പരിശോധിക്കേണ്ടതുണ്ട്.

പശ്ചാത്തലം: ഡിജിറ്റൽ വിപ്ലവം
ഡിജിറ്റൽ വിപ്ലവം പുതിയ ഡിജിറ്റൽ കുത്തകകളെ സൃഷ്ടിച്ചുകഴിഞ്ഞു, അതിൽ ഗൂഗിളും ഫേസ്-ബുക്കും മാത്രമല്ല ഉള്ളത്. 2006ൽ ലോകത്തിലെ ഏറ്റവും വലിയ പത്ത് ആഗോള കുത്തകകളിൽ മെെക്രോസോഫ്റ്റ് മാത്രമായിരുന്നു ഒരേയൊരു ഡിജിറ്റൽ കമ്പനി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പത്ത് -– ആഗോള കുത്തകകളിൽ പകുതിയിലധികവും (ആറ്) ഡിജിറ്റൽ കുത്തകകളാണ് (ചിത്രം 1 നോക്കുക); ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയെ ആപ്പിൾ പിന്നിലാക്കിയിരിക്കുന്നു! ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ആഗോള കുത്തകകളിൽ ബാക്കി നാലെണ്ണവും ഡിജിറ്റൽ കുത്തകകളാണ്. അവ കമ്പോളത്തിലിറക്കിയിട്ടുള്ള മൂലധനം ലക്ഷക്കണക്കിനു കോടി ഡോളറാണ്. ആപ്പിളാണ് ലോകത്തിലെ ഏറ്റവും വലിയ ഐ ഫോൺ ഉത്പാദകർ, പക്ഷേ അതിന്റെ ഉത്പാദനത്തിന് അവർക്ക് സ്വന്തമായി ഫാക്ടറിയില്ല. ലാഭത്തിൽ വലിയൊരു ഭാഗവും വരുന്നത് സെർച്ച് എഞ്ചിനിൽ നിന്നാണെങ്കിലും, ഗൂഗിളിനെ ഒരു സാമൂഹ്യമാധ്യമമായി കണക്കാക്കിയാൽ ഈ ആറെണ്ണത്തിൽ സോഷ്യൽ മീഡിയ കമ്പനികൾ രണ്ടെണ്ണം മാത്രമാണ്.

കമ്പോള മൂലധനാടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ 
ലിസ്റ്റഡ് കോർപ്പറേഷനുകൾ (ശതകോടി ഡോളറിൽ)

ഡിജിറ്റൽ വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളിലൊന്ന്, ഡാറ്റ തന്നെ ഒരുത്പന്നമാണെന്നതും അതാണ് ഡിജിറ്റൽ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതെന്നുമുള്ളതാണ്; അതാണ് ലോക സാമ്പത്തിക ഫോറം ഡാറ്റ പുതിയ ‘എണ്ണ’യാണ‍് എന്നു പ്രചരിപ്പിക്കുന്നത്. ഇറ്റാലിയൻ ആട്ടോണമിസ്റ്റ് ചിന്താധാരയാൽ സ്വാധീനിക്കപ്പെട്ട മറ്റൊരു വിഭാഗം, എങ്ങനെയാണ് അൽഗോരിതങ്ങൾ അവയുടെ കമ്പ്യൂട്ടേഷനുകളിലൂടെ മിച്ചം ഉത്പാദിപ്പിച്ചത് എന്നതിനെക്കുറിച്ച്, അതായത് അൽഗോരിതമിക് മിച്ചമെന്ന ആശയത്തെക്കുറിച്ച് സംസാരിച്ചു. ഇവിടെയവർ വിട്ടുകളഞ്ഞൊരു കാര്യം, യഥാർഥ ലോകത്തിൽ ഡാറ്റയോ അൽഗോരിതങ്ങളോ ഉപയോഗിക്കുമ്പോൾ കമ്പനികളുടെ ലക്ഷ്യമെന്തെന്നുള്ളതാണ്. ഡിജിറ്റൽ കുത്തകകൾ ഏകതാനമായ സ്വത്വങ്ങളല്ല; ആമസോൺ, മെെക്രോസോഫ്റ്റ്, ഗൂഗിൾ, ഫേസ്ബുക്ക് എന്നിവ വ്യത്യസ്തമായാണ് അവ ഡാറ്റയും അൽഗോരിതങ്ങളും ഉപയോഗിക്കുന്നത്.

ഏറ്റവും മുകളിലുള്ള പത്ത് ആഗോള കുത്തകകളുടെ പട്ടികയിലുള്ള ഡിജിറ്റൽ കുത്തകകളുടെ ബിസിനസ് മാതൃകകളിലേക്കു നോക്കിയാൽ നമുക്കു മനസ്സിലാകും അവയെല്ലാംതന്നെ വ്യത്യസ്തമാണെന്ന്. ഇൗ പത്ത് ആഗോളകുത്തകകളിലെ ഡിജിറ്റൽ കുത്തകകളിൽ രണ്ടെണ്ണം മാത്രമാണ്, അതായത് ഗൂഗിളും ഫേസ്ബുക്കും മാത്രമാണ് , മാധ്യമകുത്തകകൾ. അവയെല്ലാംതന്നെ തങ്ങളുടെ സ്ഥിരം ഉപഭോക്താക്കളെ ഉപയോഗിച്ചുകൊണ്ട് മറ്റു മണ്ഡലങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനേറ്റവും ഉത്തമ ഉദാഹരണം ഫിനാൻസ് മേഖലയിലേക്കുള്ള അവയുടെ വ്യാപനമാണ് (ഗൂഗിൾ പേ, വാട്സാപ്പ് പേ). എന്നാൽ ഇപ്പോഴും അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും പരസ്യത്തിൽനിന്നാണ്. ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും മർമപ്രധാനമായ ബിസിനസ് നമ്മളെ, അതായത് അവയുടെ ഉപഭോക്താക്കളെ പരസ്യക്കമ്പനിക്കാർക്കു വിൽക്കുക എന്നുള്ളതാണ്; അതുകൊണ്ടുതന്നെ അവയുടെ ബിസിനസ് മാതൃക പഴയ ഫാഷനിലുള്ള പരസ്യങ്ങളിലൂടെയുള്ള മാധ്യമബിസിനസ്സുതന്നെയാണ്.

ഏറ്റവും മുകളിലുള്ള പത്ത് ആഗോള കുത്തകകളിൽ മറ്റു നാലെണ്ണം ഡിജിറ്റൽ കുത്തകകളാണ്; പക്ഷേ അവയുടെ ബിസിനസ് മാതൃക നമ്മൾ മുകളിൽ പറഞ്ഞ രണ്ടെണ്ണത്തേക്കാൾ തികച്ചും വ്യത്യസ്തമാണ്. ഡിജിറ്റൽ തട്ടിപ്പുകളെല്ലാമുണ്ടെങ്കിലും സർവ്വസാധനങ്ങളും പരമ്പരാഗത രീതിയിൽ റീട്ടെയ്ലായി വിൽക്കുന്ന കുത്തകയായ വാൾമാർട്ട് മുൻപും ഇപ്പോഴും ബിസിനസ് നടത്തുന്നത് ഒരേപോലെയാണ്; അതുപോലെ തന്നെ ചരക്കുകൾ വിൽക്കുകയും വാങ്ങുകയുമാണ് ആമസോണിന്റെയും ബിസിനസ്. ഇനി മെെക്രോസോഫ്റ്റിന്റെ പ്രധാന വരുമാനമെന്താണ്? അത് അതിന്റെ വിൻഡോകളുടെ കുത്തകയാണ്. മറ്റ് ഉടമസ്ഥതയിലുള്ള സോഫ്റ്റ്-വെയറുകളും സേവനങ്ങളും കെട്ടിപ്പടുത്തിരിക്കുന്നത് മെെക്രോസോഫ്റ്റിന്റെ പുറത്താണ്; അതായത് പ്രമുഖ പ്രീമിയം ബ്രാൻഡായ ഐ ഫോൺ പോലെയുള്ള ഉപകരണങ്ങളുടെ വിൽപ്പനയിലാണ് ആപ്പിളിന്റെ കുത്തക എന്നപോലെ തന്നെയാണ് മെെക്രോസോഫ്റ്റിന്റെ കാര്യത്തിലും. ഈ പത്ത് ആഗോളകുത്തകകളുടെ പട്ടികയിലേക്ക് ഒടുവിൽ കടന്നുവന്ന ടിഎസ്എംസി (തായ്-വാൻ സെമികണ്ടക്ടറുകൾ) ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് ഉത്പാദകരാണ്.

വ്യക്തമായി പറഞ്ഞാൽ, ഡിജിറ്റൽ വിപ്ലവം മുതലാളിത്തത്തിന്റെ ഘടനയിൽ ഒരു മാറ്റം കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. അപ്പോൾ മൊത്തത്തിൽ എന്താണ് ഡിജിറ്റൽ വിപ്ലവം?

ഡിജിറ്റൽ വിപ്ലവത്തിന് രണ്ട് വശങ്ങളുണ്ട്: ഒന്ന്, കമ്യൂണിക്കേഷൻ (വിവര വിനിമയ) നെറ്റ്-വർക്കും അതിന്റെ ബാൻഡ്-വിഡ്ത്തുമാണ്; രണ്ട്, ഈ കമ്യൂണിക്കേഷൻ ശൃംഖലയിലെ ഉപകരണങ്ങളുടെ കംപ്യൂട്ടഷൻ സംബന്ധമായ ശേഷിയാണ്. ഈ രണ്ട് രംഗത്തും, അതായത് നമ്മൾ വിവരങ്ങൾ അയ്ക്കുകയോ നമുക്കത് ലഭിക്കുകയോ ചെയ്യുന്ന കമ്യൂണിക്കേഷൻ നെറ്റ്-വർക്കിന്റെ രംഗത്തും – ഇന്റർനെറ്റ്– ഈ നെറ്റ്-വർക്കുമായി സ്വയം ബന്ധപ്പെടുത്തിയിരിക്കുന്ന ഉപകരണങ്ങളുടെ രംഗത്തുമുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ അനന്തരഫലമാണ് ഡിജിറ്റൽ മീഡിയ.

കമ്യൂണിക്കേഷൻ നെറ്റ്-വർക്കിന്റെ വർധിതമായ സ്വീകാര്യതയെ അളക്കുന്നതിന് ഞാനിവിടെ ഉപയോഗിക്കുന്നത് ലളിതമായൊരു മാർഗമാണ്, ഇന്റർനെറ്റിലെ നോഡുകളുടെ (കണക്ഷനുകളുടെ) എണ്ണവും നെറ്റ്-വർക്കിൽ പ്രസരണം ചെയ്യപ്പെടുന്ന ഡാറ്റയുടെ അളവുമാണത്. ഇത് വ്യക്തമാക്കുന്നത്, നെറ്റ്-വർക്കിൽ പ്രസരണം ചെയ്യപ്പെടുന്ന ഡാറ്റയുടെ അളവ് എല്ലാ വർഷവും ഏതാണ്ട് 40 ശതമാനം കണ്ടും, ഉപകരണങ്ങളുടെ എണ്ണം ഏതാണ്ട് 18 ശതമാനം കണ്ടുംവർധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. ഡാറ്റ കമ്യൂണിക്കേഷനുകളിലെ സ്ഫോടനാത്മകമായ ഈ വളർച്ചയാണ് നമ്മുടെ ഉപകരണങ്ങളുടെ ചിപ്പുകളിൽ കൂടുതൽ കപ്യൂട്ടേഷൻ സംബന്ധമായ ശേഷി ആവശ്യമായി വരുന്നതിലേക്കു നയിക്കുന്നത്.

എന്തുകൊണ്ടാണ് ചിപ്പുകളുടെ പ്രോസസിങ് ശേഷി മീഡിയരംഗത്ത് ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? രണ്ടു രീതിയിലാണ് ചിപ്പുകൾ മീഡിയയുടെ മണ്ഡലത്തിലേക്കു പ്രവേശിക്കുന്നത്. ചലനചിത്രങ്ങൾ (moving images) സംപ്രേഷണം ചെയ്യുന്നതിന് ഒരു അതിവേഗ കമ്യൂണിക്കേഷൻ നെറ്റ്-വർക്ക് മാത്രം പോര, മറിച്ച് ആ നെറ്റ്-വർക്കിന്റെ ഇരുവശങ്ങളിലും പ്രോസസിങ് ശേഷിയും ആവശ്യമാണ്. അപ്പോളോ 11 ചന്ദ്രനിൽ ഇറങ്ങുമ്പോൾ അന്നതിനെ നയിച്ച കംപ്യൂട്ടറിനേക്കാൾ ലക്ഷക്കണക്കിനിരട്ടി കംപ്യൂട്ടേഷൻ ശേഷിയുണ്ട് ഇന്നൊരു മൊബെെൽഫോണിന്! സിനിമയായാലും ഫേസ്ബുക്കിലെയോ, യൂട്യൂബിലെയോ വീഡിയോയായാലും കായികമത്സരങ്ങളായാലും അതുസമയാസമയം ചലനചിത്രങ്ങളായി കാണുന്നതിന് നമുക്കാവശ്യം ഇതാണ്.

ഡാറ്റതന്നെ വാണിജ്യമൂല്യത്തിന്റേതാണെന്നും ഡിജിറ്റൽ വിപ്ലവം തന്നെ മൊത്തത്തിൽ ഡാറ്റ സംബന്ധമാണെന്നുമുള്ള ഒരു ധാരണയുണ്ട്. ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും വിജയത്തെയും ഉപഭോക്താക്കളായ നമ്മളിൽനിന്നും കൊയ്യുന്ന ഡാറ്റ അതിരില്ലാത്ത വിഭവങ്ങളാണെന്നുമുള്ളതിന്റെയും അടിസ്ഥാനത്തിലാണ് ഈ കാഴ്ചപ്പാട് ഉയർന്നുവന്നത്; ആ വിഭവങ്ങളെയാണ് (ഡാറ്റ) അവർ വിറ്റുപണമാക്കുന്നത്. ഈ കാഴ്ചപ്പാട് സാമൂഹ്യമാധ്യമ കമ്പനികളിലേക്കു മാത്രമായി ഡിജിറ്റൽ വിപ്ലവത്തെ പരിമിതപ്പെടുത്തുക മാത്രമല്ല ചെയ്തത്; മറിച്ച് ഡിജിറ്റൽ കുത്തകകൾ ഉത്പാദിപ്പിക്കുന്ന മിച്ചത്തിന്റെ സ്വഭാവത്തിന്റെ കാര്യത്തിലും അത് ആരിൽനിന്നും ഉത്പാദിപ്പിക്കുന്നു എന്നതിന്റെ കാര്യത്തിലും തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്തു.

ഇന്റർനെറ്റിന്റെ കാലത്തെ മാധ്യമങ്ങളും പരസ്യങ്ങൾ നൽകലും
കഴിഞ്ഞ ദശകത്തിൽ അഡ്വെർടെസിങ് (പരസ്യം) വരുമാനം ഡിജിറ്റൽ കുത്തകകളിലേക്ക് വഴി മാറി. ചിത്രം 2ൽ കാണുന്നതുപോലെ, 2015ൽ എല്ലാ പരസ്യ (ad) വരുമാനങ്ങളുടെയും ഏതാണ്ട് നാലിലൊന്നും ആദ്യപകുതിയും കിട്ടിയിരുന്നത് അച്ചടി മാധ്യമങ്ങൾക്കും ടെലിവിഷനും ആയിരുന്നു; എന്നാൽ 2022 ൽ മൊത്തം പരസ്യവരുമാനത്തിന്റെ പത്തിലൊന്നിൽ താഴെയും ഏതാണ്ട് നാലിലൊന്നും ആയി അതുചുരുങ്ങി, കേവലം ഏഴുവർഷത്തിനിടയിൽ എത്ര വിചിത്രമായ മാറ്റമാണുണ്ടായതെന്നു നോക്കൂ! ഇവിടെ അതിന്റെ നേട്ടമല്ലാമുണ്ടായത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കാണ്; മുൻപ് മൊത്തം പരസ്യവരുമാനത്തിന്റെ നാലിലൊന്നു മാത്രമായിരുന്നു ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടേതെങ്കിൽ ഇന്ന് ലോകത്തിലെ മൊത്തം പരസ്യവരുമാനത്തിന്റെ പകുതിയിലധികവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടേതാണ്.

മാധ്യമങ്ങളുടെ പരസ്യ വരുമാനം : 2015–2022 
(ശതകോടി ഡോളറിൽ

 

ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും വരുമാനത്തിൽ പരസ്യത്തിൽനിന്നുള്ളത് എത്രത്തോളമാണ്? 2021ൽ, ഗൂഗിളിന്റെ 25800 കോടി ഡോളർ വരുമാനത്തിൽ 81 ശതമാനവും പരസ്യത്തിൽനിന്നായിരുന്നു. ഫേസ്ബുക്ക് എന്നറിയപ്പെട്ടിരുന്ന മെറ്റയുടെ കാര്യത്തിൽ, 2021ലെ 11800 കോടി ഡോളർ വരുമാനത്തിൽ 97.4 ശതമാനവും പരസ്യം വഴിയുള്ളതാണ്. അതുകൊണ്ടുതന്നെ, മാധ്യമത്തിന്റെയും പരസ്യങ്ങളുടെ വിപുലമായ മണ്ഡലത്തിൽ നമ്മൾ ഗൂഗിളിനും ഫേസ്ബുക്കിനും ഇടംകൊടുക്കേണ്ടതുണ്ട്.

ഈ ലേഖനത്തിന്റെ ഇനിയുള്ള ഭാഗത്ത്, ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ കാര്യം മാത്രം പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്; അതായത്, പഴയകാല മീഡിയ പ്ലാറ്റ്ഫോമുകളുമായി ഏതു രീതിയിലാണ് അവ സമാനത പുലർത്തുന്നതെന്നും ഏതു രീതിയിലാണ് വ്യത്യസ്തമാകുന്നതെന്നുമാണ് ഇനി പറയാൻ പോകുന്നത്. ഗൂഗിൾ, ഫേസ്-ബുക്ക് എന്നീ രണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും ബിസിനസ് മാതൃകകൾ പരസ്യവരുമാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് നമ്മൾ സമർഥിച്ചുകഴിഞ്ഞല്ലോ. മാർക്സിസ്റ്റ് സംജ്ഞയിൽ, ഈ മിച്ചത്തിന്റെ ഉറവിടവും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്; ഒപ്പം തന്നെ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഈ കാലത്ത് തങ്ങളുടെ ചരക്കുകൾ അതിൽ പരസ്യപ്പെടുത്തുന്ന പരസ്യക്കാർക്ക് മാധ്യമ കമ്പനി എന്താണ് നിറവേറ്റിക്കൊടുക്കുന്നത് എന്നും മനസ്സിലാക്കേണ്ടതുണ്ട്. കുത്തക മുതലാളിത്തത്തിനുകീഴിലെ പരസ്യം നൽകലിന്റെ പങ്കിനെക്കുറിച്ച്, അത് തികച്ചും വലിയൊരു ഉദ്യമമായതുകൊണ്ടുതന്നെ, ഞാനിവിടെ ഇപ്പോൾ പറയാനുദ്ദേശിക്കുന്നില്ല.

മാധ്യമങ്ങളെയും കുത്തകകളെയും സംബന്ധിച്ച മറ്റു പഠനങ്ങളിൽനിന്നും ഞാൻ രണ്ട് ധാരണകളാണ് ഇവിടെ മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, കമ്പനികൾക്ക് വിലയിലെ മത്സരത്തിന് അഭിലഷണീയമാണ്; പരസ്യരംഗത്തെ മത്സരം, മിച്ചത്തിന്റെ മൊത്തം അളവിനെ അത് നിലനിർത്തുന്നതിനാൽ പിന്നീടുള്ള മത്സരം അതിന്റെ പുനർവിതരണത്തിനുവേണ്ടി മാത്രമാണ്. കൊക്കകോളയും പെപ്-സിയും തമ്മിൽ നടന്ന പ്രസിദ്ധമായ മത്സരം ഇതിനുദാഹരണമാണ്; ഈ രണ്ടു കമ്പനികളും പരസ്യം നൽകുന്നതിലെ മത്സരത്തിന് അനുകൂലമായി വിലയിലെ മത്സരം ഒഴിവാക്കുകയായിരുന്നു. മറ്റൊന്ന്, പരസ്യക്കമ്പനികൾക്കുള്ള വരുമാനം ഉത്പാദനത്തിൽനിന്നു വന്ന മിച്ചം പുനർവിതരണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. പരസ്യക്കമ്പനിക്കാർ പരസ്യങ്ങളും ബിൽബോർഡുകളും കൊമേഴ്സ്യലുകളും ഉത്പാദിപ്പിക്കുകയും അവരുടേതായ ഉത്പാദനചക്രവും ഉണ്ടായിരിക്കെ, ഈ ഉത്പാദനചക്രത്തിന് ഫണ്ടു ചെയ്യുന്നത് മറ്റു കമ്പനികളുടെ/കുത്തകകളുടെ പണം കൊണ്ടാണ്.

ഏതെങ്കിലുമൊരു മാധ്യമത്തിലെ കാണികൾക്കുമേൽ ഒരു പരസ്യക്കമ്പനി കുത്തക കെെവരിച്ചാൽ എന്തുണ്ടാവും? ഉദാഹരണത്തിന്, ഒരു രാജ്യത്തെ എല്ലാ സിനിമാ ഹാളുകളുടെയോ ടിവി ചാനലുകളുടേയോ ഉടമസ്ഥത ഇപ്പറഞ്ഞ ഒരു പരസ്യ കമ്പനി വഹിക്കുകയാണെങ്കിൽ എന്തു സംഭവിക്കും? ചരക്കുകൾ ഉത്പാദിപ്പിക്കുന്നവർക്ക് ഈ പരസ്യ കമ്പനിയില്ലാതെ അവരുടെ ഉപഭോക്താക്കളിലേക്കെത്തുവാൻ സാധിക്കാത്തതിനാലും, ഉത്പാദകരിൽനിന്ന് പരസ്യകമ്പനികൾ ഉയർന്ന വാടക ഈടാക്കുന്നതിനാലും. അത് ചരക്കുകൾ ഉത്പാദിപ്പിക്കുന്നവരിൽനിന്നും പരസ്യകമ്പനികളിലേക്ക് മിച്ചത്തിന്റെ പുനർവിതരണമുണ്ടാക്കും.

നമുക്ക് ടെലിവിഷനിൽനിന്നു തുടങ്ങാം. തങ്ങളുടെ ചാനലുകളിൽ പരസ്യം നൽകാനാഗ്രഹിക്കുന്നവർക്ക് ഒരു മീഡിയ കമ്പനി വിൽക്കുന്നതെന്താണെന്ന് എളുപ്പം മനസ്സിലാക്കാൻ അവിടെ നിന്നുതന്നെ തുടങ്ങുന്നതാണ് നല്ലത്. തന്റെ പുസ്തകത്തിൽ റ്റിംവു പറയുന്നത്, നമുക്കെല്ലാവർക്കും പരിമിതമായ അളവിൽ ‘ശ്രദ്ധ’ (Attention)യുണ്ടെന്നാണ്– അദ്ദേഹമതിനെ പ്രതിശീർഷ ശ്രദ്ധാമൂലധനം (Attention Capital) എന്നാണ് വിളിച്ചത്. നമ്മുടെ ആ ശ്രദ്ധ സാധ്യമായത്രത്തോളം പിടിച്ചെടുക്കുകയും അത് പരസ്യക്കാർക്ക് വിൽക്കുകയും ചെയ്യുക എന്നതാണ് മീഡിയാകമ്പനികളുടെ കടമ. രസകരമെന്നു പറയട്ടെ, ന്യൂയോർക്ക് പത്രത്തെക്കുറിച്ചു പറയുമ്പോൾ അദ്ദേഹം അതിന്റെ വായനക്കാരനെ ഉത്പന്നമായാണ് കാണുന്നത്; എന്നാൽ അദ്ദേഹം കൂടുതൽ കേന്ദ്രീകരിച്ചു പറയുന്നത് വായനക്കാരന്റെ ‘ശ്രദ്ധ’യെക്കുറിച്ചാണ് –അതിനെ അദ്ദേഹം ചരക്കായാണ് കാണുന്നത്; വായനക്കാരെത്തന്നെ ചരക്കായി കാണുന്നില്ല എന്നർഥം. ദല്ലാസ് സ്-മെെത്, 1977ൽ, അതായത് റ്റിം വു ശ്രദ്ധാമൂലധനമെന്ന ആശയം ആവിഷ്കരിക്കുന്നതിനുമുൻപ് മാധ്യമങ്ങളുടെ ഉപഭോക്താക്കളായ നമ്മളെ മീഡിയ കമ്പനികൾ പരസ്യദാതാക്കൾക്ക് വിൽക്കുകയാണെന്ന് കൂടുതൽ വ്യക്തമായി പറഞ്ഞുവച്ചു. അതിനെയാണദ്ദേഹം പ്രേക്ഷക ചരക്ക് എന്നുവിളിച്ചത്. വിവരവിനിമയരംഗം പാശ്ചാത്യ മാർക്സിസത്തിന്റെ ഇരുണ്ടയിടമാണെന്നും അദ്ദേഹം എഴുതി; കാരണം പാശ്ചാത്യമാർക്സിസം മീഡിയയുടെ പ്രചാരണ പങ്കിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ അതിന്റെ അർഥശാസ്ത്രത്തെ മനസ്സിലാക്കുന്നില്ല എന്നദ്ദേഹം പറയുന്നു. മീഡിയയുടെ ഉള്ളടക്കത്തെയും അതിന്റെ ആശയത്തെയും അത് നർവഹിക്കുന്ന അധീശത്വപരമായ പങ്കിനെയും വിലയിരുത്തേണ്ടത് വളരെ പ്രധാനപ്പെട്ടതായിരിക്കെത്തന്നെ, അതിനോടൊപ്പം അതിന്റെ സാമ്പത്തികമായ പങ്കിനെക്കുറിച്ചും കൂടി പഠിക്കേണ്ടതുണ്ട്. ആഗോള മൂലധനത്തിൽ വലിയ പ്രഹരമേൽപ്പിക്കുവാൻ ശേഷിയുള്ളവരുടെ കൂട്ടത്തിൽ മീഡിയ കമ്പനികൾ ഉണ്ടെങ്കിൽ അവ ഒരു സുപ്രധാന സാമ്പത്തിക പങ്കുവഹിക്കുന്നു എന്നാണതിനർഥം; തീർച്ചയായും അത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

മീഡിയ കമ്പനികൾ പരസ്യദാതാക്കൾക്കു നൽകുന്നത് വ്യത്യസ്ത പ്രേക്ഷക കൂട്ടങ്ങളെയാണ്: അതായത്, പ്രേക്ഷകരുടെ വാങ്ങൽശേഷി, ഭൂമിശാസ്ത്രം, വേണ്ടിവരുന്ന ആവശ്യങ്ങൾ, മറ്റു വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അവരെ ചെറിയ ചെറിയ വിഭാഗങ്ങളായി തിരിക്കുന്നു. ഈ രീതിയിലാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നമ്മുടെ ഡാറ്റ ഉപയോഗിക്കപ്പെടുന്നത്; സ്വയം ഒരു ചരക്കായല്ല, മറിച്ച് നമ്മുടെ പ്രൊഫെെലുകൾ സൃഷ്ടിക്കുമ്പോൾ നമ്മൾ കൂടുതൽ ഫലപ്രദമായി പരസ്യദാതാക്കൾക്കു വിൽക്കപ്പെടുന്നു. നമ്മുടെ പ്രൊഫെെലുകളിൽനിന്നും ലഭിക്കുന്ന ഡാറ്റഉത്പന്നങ്ങളുമായോ കമ്പനിയുടെ ഉത്പന്നങ്ങളുമായോ യോജിക്കുകയും അതിനുശേഷം അവിടെ അവരുടെ പരസ്യങ്ങൾ വയ്ക്കുകയും ചെയ്യുന്നു. ഗൂഗിൾ, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ സ്വീകരിക്കുകയോ വിൽക്കുകയോ ചെയ്യുന്ന സങ്കീർണമായ പ്രക്രിയയിലേക്ക് നമ്മൾ പോകുന്നില്ല; മറിച്ച് വിശദമായി നോക്കിയാൽ, ഇവിടെ എല്ലാ മാധ്യമ കമ്പനികളും ചെയ്യുന്ന രണ്ട് ജോലികളുണ്ട്: ഒന്ന്, ഒരു കമ്പനിയുടെ ഉത്പന്നങ്ങൾക്കുള്ള സ്വീകാര്യമായ ഉപഭോക്താക്കളെ കണ്ടെത്തുകയെന്നതാണ്; രണ്ട്, അത്തരം പരസ്യങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന യഥാർഥ പ്രക്രിയയാണ്.

വൻകിട മാധ്യമത്തിന്റെ ലക്ഷ്യം പരസ്യ ബിസിനസ്സ്
മാസ് മീഡിയയ്ക്കും മാസ് കമ്യൂണിക്കേഷൻസിനും രണ്ടു ലക്ഷ്യങ്ങളാണുള്ളത്: a) വാർത്തകളും വിനോദങ്ങളും നമുക്കു മുന്നിലെത്തിച്ചുകൊണ്ട് നമ്മുടെ ശ്രദ്ധയെ ആകർഷിക്കുകയും പിടിച്ചുനിർത്തുകയും ചെയ്യുക; b) നമ്മളെ ചരക്കുകളായി പരസ്യദാതാക്കൾക്കു വിൽക്കുക. പരസ്യങ്ങൾ വിൽക്കാൻ സാധിക്കണമെങ്കിൽ മീഡിയ കമ്പനികൾക്ക് നമ്മുടെ കണ്ണുകൾ അഥവാ നമ്മുടെ ശ്രദ്ധ ആവശ്യമാണ്. സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനോട‍് അമിതതാൽപ്പര്യമുള്ള ചുരുക്കം ചിലരൊഴികെ നമുക്കാർക്കും തന്നെ പരസ്യങ്ങൾ കാണാൻ താൽപ്പര്യമില്ല. വാർത്തകളും നിരൂപണങ്ങളും വിനോദവുമൊക്കെ ലഭിക്കുന്നതിനുവേണ്ടി കാണേണ്ടി വരുന്ന തിന്മയായി നമ്മളതിനെ കാണുന്നു. ടെെംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ ഉടമസ്ഥത വഹിക്കുന്ന ബെന്നറ്റ് & കോൾമാൻ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ വിനീത് ജെയ്ൻ ന്യൂയോർക്കറിനോട് പറഞ്ഞത് തികച്ചും ശരിയാണ്, ‘‘ഞങ്ങൾ നടത്തുന്നത് പത്രത്തിന്റെ ബിസിനസ്സല്ല, പരസ്യത്തിന്റെ ബിസിനസ്സാണ്.’’ ആ പ്രസ്താവന പത്രം വായനക്കാരെയും ജേണലിസ്റ്റുകളെപ്പോലും ഞെട്ടിച്ചു. പക്ഷേ, ആ ഞെട്ടൽ നമുക്കെല്ലാവർക്കും അറിയാവുന്നൊരു സത്യം ഒരാൾ ക്രൂരമായി തുറന്നു പ്രസ്താവിച്ചതിൽ മാത്രമായിരുന്നു!

പ്രധാനമായും പരസ്യദാതാക്കൾ പണം നൽകുന്ന മീഡിയയ്ക്ക് മറ്റു ബദലുകൾ ഉണ്ടായിരുന്നു. വരിക്കാരിൽനിന്നു മാത്രമായി പണം കണ്ടെത്തുകയാണെങ്കിൽ മാസ് കമ്യൂണിക്കേഷൻസായി മാറുന്നതിന് അതിന്റെ വില അതിനു തടസ്സമാകും. അതിന് ഭരണകൂടം ഫണ്ടു ചെയ്യുകയോ സബ്സിഡി നൽകുകയോ ചെയ്യാമായിരുന്നു. എന്നാൽ 19–ാം നൂറ്റാണ്ടിൽ പത്രങ്ങളിൽനിന്ന് ടെലിവിഷനിലേക്ക് നമ്മൾ സ്വീകരിച്ചിട്ടില്ലാത്തതും തുടങ്ങിവയ്ക്കാത്തതുമായ വഴികളാണിവയൊക്കെ; അതുകൊണ്ടുതന്നെ പരസ്യങ്ങൾ വാർത്താ സ്ഥാപനങ്ങളുടെ പ്രധാന ബിസിനസ് മാതൃകകളായി തുടരുന്നു.

മീഡിയയുടെ മറ്റൊരു വശത്തെക്കുറിച്ച് ഞാനിവിടെ പറയുന്നില്ല. അത് മാനുഫാക്-ച്വറിങ് കൺസെന്റ‍് എന്ന തന്റെ പുസ്തകത്തിൽ നോം ചോംസ്കി (ഹെർമൻ എഡേ-്വർഡുമായി ചേർന്നെഴുതിയത്) വളരെ വിശദമായി എഴുതിയിട്ടുണ്ട്; ഇപ്പോഴുമത് ശ്രേഷ്ഠവും പ്രസക്തവുമായ ഒരു ക്ലാസ്സിക് കൃതിയായി നിലനിൽക്കുന്നു. എങ്ങനെയാണ് അച്ചടി മാധ്യമങ്ങളും ടെലിവിഷനും പുത്തൻ ഡിജിറ്റൽ മീഡിയകളും വാർത്തകൾ കെെകാര്യം ചെയ്യുന്നതെന്നറിയണമെങ്കിൽ അടുത്ത കാലത്തുള്ള അവയുടെ ഏകതാനമായ പ്രതികരണം മാത്രം നോക്കിയാൽ മതി. ഇറാഖ് യുദ്ധമോ അഫ്ഗാനിസ്താൻ യുദ്ധമോ ഉക്രെയ്ൻ യുദ്ധമോ ആകട്ടെ, ചെെനയ്ക്കെതിരായ സാമ്പത്തിക യുദ്ധമാകട്ടെ, ഇവയെക്കുറിച്ചെല്ലാം ന്യൂയോർക്ക് ടെെംസിലോ ബിബിസിയിലോ സിഎൻഎന്നിലോ ഫേസ‍്ബുക്കിന്റെയും ഗൂഗിളിന്റെയും നയങ്ങളിലോ ഒക്കെ വരുന്നത് സമാനമായ പ്രതികരണമാണ്. ഭരണവർഗത്തിനുള്ള സമ്മതി നിർമിതിയുടെ കടമ പഴയകാല മാധ്യമങ്ങൾക്കും പുതിയകാല മാധ്യമങ്ങൾക്കും പൊതുവാണ്.

തങ്ങളുടെ ഡിജിറ്റൽ രംഗം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള റഷ്യ, ചെെന തുടങ്ങിയ രാജ്യങ്ങളുടെ ബോധപൂർവമയ തീരുമാനങ്ങൾ മൂലമോ അമേരിക്കയുടെ ഉപരോധംമൂലമോ (ഉദാ: ഇറാൻ) കൂടുതൽ സംരക്ഷിതമായ ഡിജിറ്റൽ കമ്പോളങ്ങളെ വിട്ടാൽ പിന്നെ പ്രബലമായ സാമൂഹ്യമാധ്യമങ്ങൾ ഗൂഗിളും ഫേസ്ബുക്കുമാണ്. ഈ രണ്ടു പ്ലാറ്റ്ഫോമുകളുടെ കെെവശമുള്ളത് ഇന്ന് ലോകത്തിന്റെ ഡിജിറ്റൽ പരസ്യ വരുമാനത്തിന്റെ 90 ശതമാനത്തിലധികമാണ്. അപ്പോൾ എന്താണെന്നുവച്ചാൽ, കുത്തകവത്കരിക്കപ്പെട്ടു എന്നതും എങ്ങനെ അവർ ഈ കുത്തക നേടിയെടുത്തു എന്നതുമാണ് പ്രശ്നം.

ആളുകൾക്ക് അവരുടെ മൊബെെൽഫോണുകളിലൂടെയും ലാപ്ടോപ്പുകളിലൂടെയും ഇന്റർനെറ്റ് ബന്ധിപ്പിക്കാൻ കഴിഞ്ഞപ്പോൾ കമ്യൂണിക്കേഷൻ നെറ്റ്-വർക്കിന്റെ കണക്ടിവിറ്റിയിൽ അത്യധികമായ വർധനവുണ്ടാകുന്നതിന് അത് വഴിവച്ചു.

ഈ വർധിതമായ കണക്ടിവിറ്റി, പ്രേക്ഷകർ എന്ന നിലയിൽ നമ്മളിലേക്ക് കടന്നുകയറുന്നതിനും പരസ്യദാതാക്കൾക്ക് നമ്മളെ ചരക്കുകളായി വിൽക്കുന്നതിനുമുള്ള ബദൽ മാർഗങ്ങളുടെ സാധ്യത തുറന്നു.

എല്ലാ പഴയകാല ഡാറ്റാരൂപങ്ങളും പുതിയ ഡിജിറ്റൽ മീഡിയയും തമ്മിൽ ഘടനാപരമായൊരു വ്യത്യാസമുണ്ട്. പഴയകാല മീഡിയയിൽ, മാധ്യമ കമ്പനികളാണ് ഉള്ളടക്കവും വിതരണശൃംഖലയും ഉണ്ടാക്കുന്നത്. എന്നാൽ, ഇന്റർനെറ്റിൽ, അതിന്റെ ഉപയോക്താക്കളായ നമ്മളാണ് മറ്റെല്ലാ മാധ്യമകമ്പനികളെയുംകാൾ കൂടുതൽ അത് ഉണ്ടാക്കുന്നത്. ഒപ്പംതന്നെ, വിതരണശൃംഖല (പ്രാഥമികഘട്ടത്തിലെങ്കിലും) എന്നത് ഇന്റർനെറ്റ് തന്നെയാണ്; ആ ഇന്റർനെറ്റ് പ്രവർത്തിക്കുന്നത് നിലവിലുള്ള ടെലികോം സംവിധാനത്തിലാണ്.

ഇന്ന് ഇന്റർനെറ്റിൽ നാം കാണുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും അതത് പ്ലാറ്റ്ഫോമുകൾ തയ്യാറാക്കിയതല്ല, മറിച്ച് അതുപയോഗിക്കുന്ന ഉപഭോക്താക്കൾ തയ്യാറാക്കിയതാണ്; അതിനെയാണ് ഉപഭോക്തൃ നിർമിത ഉള്ളടക്കം എന്നു വിളിക്കുന്നത്. ഇന്റർനെറ്റിലെ വെബ്പേജുകളുടെ എണ്ണം, അതുമായി കണക്ടു ചെയ്യപ്പെട്ടിട്ടുള്ള ആളുകളുടെ മൊത്തം എണ്ണത്തിന്റെ ഏതാണ്ട് പകുതിയാണ്. ഇത്തരം പ്ലാറ്റ്ഫോമുകളിൽ പേജുകളുള്ള ശതകോടിക്കണക്കിന് ഫേസ്ബുക്ക് ഉപഭോക്താക്കളെയും ചെെനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ഉപഭോക്താക്കളെയും കൂടി നമ്മൾ ചേർക്കുകയാണെങ്കിൽ, ഫലത്തിൽ ഇന്റർനെറ്റുമായി കണക്ടുചെയ്യപ്പെട്ടിട്ടുള്ള എല്ലാവരും ഉള്ളടക്കത്തിന്റെ ഉത്പാദകരും അതേസമയം സ്വീകർത്താക്കളുമാണ്. വിവിധങ്ങളായ പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താക്കൾ പോസ്റ്റുചെയ്യുന്ന –യൂട്യൂബിൽ നിന്നും ഇൻസ്റ്റഗ്രാം റീൽസിലേക്കും ടിക് ടോക്കിലേക്കും –വീഡിയോ ഉള്ളടക്കം എടുക്കുകയാണെങ്കിൽ ഇന്ന് ഉപഭോക്തൃനിർമിതമായ ഈ ഉള്ളടക്കത്തിന്റെ തോതിനോട് കിടപിടിക്കാൻ ഒരു മാധ്യമകമ്പനിക്കും കഴിയില്ല.

പുതിയ ഡിജിറ്റൽ കുത്തകകൾ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നില്ല; മറിച്ച് നമുക്ക് ഒരു പ്ലാറ്റ്ഫോമും ആ പ്ലാറ്റ്ഫോമുകളിൽ നമ്മുടെ ഉള്ളടക്കം തയ്യാറാക്കുവാനോ പോസ്റ്റു ചെയ്യുവാനോ ഉള്ള സാമഗ്രികളും ലഭ്യമാക്കുകയാണ് അവ ചെയ്യുന്നത്. അതുകൊണ്ടാണ് അവയെ ‘‘ഇടനിലക്കാർ’’അഥവാ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ മറ്റുള്ളവരുടെ ഉള്ളടക്കങ്ങൾക്ക് ആതിഥ്യമരുളുന്നവർ എന്നു വിളിക്കുന്നത്. ഉപഭോക്തൃ നിർമിത ഉള്ളടക്കം വർധിച്ചുവരുന്നതോടെ, മുൻകാലത്തു നിലനിന്നിരുന്ന പൊതു–സ്വകാര്യ വിവരവിനിമയ ഇടങ്ങൾ തമ്മിലുള്ള വേർതിരിവ് അധികമധികം തകർന്നു. ഫേസ്ബുക്കിലോ ട്വിറ്ററിലോ പോസ്റ്റിടുന്ന ആളുകൾ വിശ്വസിക്കുന്നത് അവർ സ്വകാര്യ ഇടത്തിൽ സംവദിക്കുന്നു എന്നാണ്; എന്നാൽ അത് നടക്കുന്നത് പൂർണമായും ഒരു പൊതുയിടത്തിലാണെന്നതാണ് വാസ്തവം.

ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും ബിസിനസ്സിന്റെ ഒരു വശം പൊതുവായതാണ്–അതായത് നമ്മളെ പരസ്യദാതാക്കൾക്കു വിൽക്കുക. അതേസമയം ഈ പ്ലാറ്റ്ഫോമുകളിലോരൊന്നിലും നമ്മൾ കയറുന്നതിന്റെ ഉദ്ദേശ്യം വ്യത്യസ്തമാണ്. നമ്മൾ ഗൂഗിൾ ഉപയോഗിക്കുന്നത് പ്രധാനമായും വിവരങ്ങൾ തേടാനാണ്; ആ വിവരങ്ങൾ മിക്കതും നമ്മളെപ്പോലെയുള്ള മറ്റ് ഉപയോക്താക്കൾ സൃഷ്-ടിച്ചിട്ടുള്ളതുമാണ്. സെർച്ച് എഞ്ചിൻ എന്ന നിലയിലുള്ള കുത്തക, പരസ്യ വരുമാനം കുന്നുകൂട്ടുന്ന കാര്യത്തിൽ ഗൂഗിളിനെ മുൻനിരയിലാക്കി. വീഡിയോകൾ പ്രദർശിപ്പിക്കുന്ന പ്രമുഖ സെെറ്റായ യ-്യൂ ട്യൂബ്, ഐ ഫോൺ ഒഴികെയുള്ള മിക്ക മൊബെെലുകളുടെയും ഓപ്പറേറ്റിങ് സംവിധാനമായ ആൻഡ്രോയ്ഡ് തുടങ്ങിയ കമ്പനികൾ കെെക്കലാക്കുവാൻ ഈ വർധിത വരുമാനം വഴി ഗൂഗിളിന് സാധിച്ചു; അതുവഴി ഗൂഗിളിന്റെ സ്വീകാര്യത കൂടുതൽ വ്യാപിപ്പിച്ചു.

ഗൂഗിൾ നടത്തിക്കൊണ്ടുപോകുന്ന ഒരു ഓപ്പൺ സോഴ്സ് പ്രൊജക്ടാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമെങ്കിലും, അതിന്റെ വിതരണത്തിലുള്ള ഗൂഗിളിന്റെ നിയന്ത്രണം ഒട്ടുമിക്ക മൊബെെൽ ഫോൺ നിർമാതാക്കളെയും ഗൂഗിളിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ നിർബന്ധിതരാക്കി; ഗൂഗിളിന്റെ കൂട്ടിച്ചേർക്കലുകളും (add––ons) നിബന്ധനകളും അവർ അംഗീകരിക്കണമെന്ന സ്ഥിതി സംജാതമായി. ഗൂഗിളിന്റെ ഇത്തരം മത്സരവിരുദ്ധമായ രീതികൾക്കെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും മറ്റ് നിയന്ത്രണസംവിധാനങ്ങളും മുന്നോട്ടുവരികയുണ്ടായി. ചെെനീസ് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ മേൽ അമേരിക്ക ഉപരോധമേർപ്പെടുത്തിയത്, വാവെയെ സ്വന്തമായ ഓപ്പറേറ്റിങ് സിസ്റ്റവും ആപ്പുകളും വികസിപ്പിക്കാൻ നിർബന്ധിതമാക്കി; കാരണം ഗൂഗിളിന്റെ പ്ലേ സ്-റ്റോർ ഉപയോഗിക്കുന്നതിൽനിന്നും ഗൂഗിൾ വാവെയെ തടയുകയും അതുകൊണ്ടുതന്നെ, മിക്കവാറും ഉപഭോക്താക്കൾക്കെല്ലാം പരിചിതമായിട്ടുള്ള ആപ്പുകൾ ഉപയോഗിക്കുന്നതിലും തടസ്സമേർപ്പെടുത്തുകയും ചെയ്തു.

ഗൂഗിൾ സെർച്ചോ, ജി മെയിലോ ഏതെങ്കിലും ആൻഡ്രോയ്ഡ് മൊബെെൽ ഫോണോ അങ്ങനെ ഗൂഗിളിന്റെ ഏതെങ്കിലുമൊരു ഉത്പന്നം നമ്മൾ ഉപയോഗിക്കുമ്പോൾ നമ്മുടെ സ്ഥലം, നമ്മൾ അനേ-്വഷിക്കുന്ന കാര്യങ്ങൾ ഏതു തരത്തിൽപ്പെട്ടതാണ്, നമ്മുടെ സുഹൃത്തുക്കൾ ആരൊക്കെയാണ് എന്നു തുടങ്ങിയുള്ള നിരവധി കാര്യങ്ങൾ ചേർത്ത് ഗൂഗിൾ നമ്മളോരോരുത്തരുടെയും പ്രൊഫെെൽ തയ്യാറാക്കുന്നു. ഇതിനുപുറമെ, മറ്റ് ആപ്പുകളെയും വെബ്സെെറ്റുകളെയുംപോലെ ഗൂഗിളും നമ്മളവരുടെ വെബ്സെെറ്റുകളോ ഉത്പന്നങ്ങളോ ഉപയോഗിക്കുമ്പോൾ നമ്മുടെ കംപ്യൂട്ടറുകളിലും ഫോണുകളിലും കുക്കികൾ (Cookies) ഇടുന്നു. ഇതെല്ലാം തന്നെ പരസ്യദാതാക്കൾക്ക് നമ്മളെ കൂടുതൽ ഫലപ്രദമായി വിൽക്കാൻ ഗൂഗിളിനെ സഹായിക്കുന്നു; എന്നുവച്ചാൽ ഫേസ്ബുക്ക്/മെറ്റ ഒഴിച്ചുനിർത്തിയാൽ, പരസ്യത്തിനായി ഗൂഗിളിൽ വമ്പിച്ച തോതിൽ ചെലവഴിക്കുന്നത് മറ്റേത് പ്ലാറ്റ്ഫോമിൽ ചെലവഴിക്കുന്നതിനേക്കാളും ഫലപ്രദമാണ് എന്നർഥം.

ഡിജിറ്റൽ പ്ലാറ്റ്ഫോം കമ്പോളത്തിലെ മറ്റൊരു പ്രധാന കുത്തകയായ ഫേസ്ബുക്ക് തെരഞ്ഞെടുത്തത് വ്യത്യസ്തമായൊരു പാതയാണ്. നിങ്ങൾക്ക് നിങ്ങളെക്കുറിച്ചുതന്നെയുള്ള ഉള്ളടക്കങ്ങൾ ഇടുകയും നിങ്ങളെയറിയാവുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും നിങ്ങൾ ഇട്ട പോസ്റ്റുമായി ബന്ധിപ്പിക്കുവാനുമുള്ള ഒരിടം ഫേസ്ബുക്ക് സൃഷ്ടിച്ചു. അങ്ങനെ ഫേസ്ബുക്ക്, നമ്മുടെ ഡാറ്റയുടെയും ഫേസ്ബുക്കിലെ സുഹൃദ്-–ബന്ധു ശൃംഖലയുടെ ഡാറ്റയുടെയും മേൽനോട്ടം വഹിക്കുന്നു; കൂടുതൽ ഫലപ്രദമായി നമ്മളെ വിറ്റുകാശാക്കാൻ ഫേസ്ബുക്കിന് അതിലൂടെ കഴിയുന്നു. നമ്മുടെ പ്രൊഫെെൽ തയ്യാറാക്കുവാനും ഉപഭോക്താക്കൾക്ക് നമ്മളെ വിൽക്കുവാനുമുള്ള ഫേസ്ബുക്കിന്റെ ശേഷി ഏതാണ്ട് ഗൂഗിളിന്റെയത്ര തന്നെ മെച്ചപ്പെട്ടതാണ്. കമ്പോള മൂലധനവത്കരണത്തിലെ കുത്തനെയുള്ള വീഴ്ചയ്ക്കുമുൻപ്, ആപ്പിൾ, മെെക്രോസോഫ്റ്റ്, ആൽഫബെറ്റ്, ആമസോൺ തുടങ്ങിയ പ്രതാപ കമ്പനികളുടേതിനേക്കാൾ ഒരു ലക്ഷം കോടി അധികമായിരുന്നു ഫേസ്ബുക്കിന്റെ കമ്പോള മൂലധനം. ഫേസ്ബുക്കിന്റെ മേൽപറഞ്ഞ വീഴ്ച, നിലവിലെ ഉപഭോക്താക്കളെ പരസ്യദാതാക്കൾക്ക് വിൽക്കുന്നതിലെ കഴിവില്ലായ്മ മൂലമുണ്ടായതല്ല. തന്റെ പ്രിയ പദ്ധതിയായ മെറ്റവേഴ്സിനായി സക്കർബെർഗ് ഇറക്കുന്ന വൻതുകയ്ക്ക് കാര്യമായ ആദായമൊന്നും ഉണ്ടാവുകയില്ലായെന്ന് നിക്ഷേപകർ വിശ്വസിച്ചു. അതുകൊണ്ടുതന്നെ, മെറ്റ/ഫേസ്ബുക്കിന്റെ കമ്പോള മൂലധനത്തിൽ ഉണ്ടായ വീഴ്ച, മൂലധനത്തിന്റെ കാര്യത്തിൽ ഭാവിയിലെ ലാഭത്തെക്കുറിച്ചുള്ള പ്രതീക്ഷയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

സെർച്ചിങ് (തിരയൽ) എന്ന പ്രശ്നം പരിഹരിക്കുന്നതിനു ശ്രമിച്ച ഒരേയൊരു മീഡിയായിരുന്നില്ല ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ; സെർച്ച് എഞ്ചിൻ ഏറെക്കുറെ മെച്ചപ്പെട്ടതായിരുന്നതിനാലും സെർച്ച് ഫലങ്ങൾ പക്ഷപാതമല്ലാത്തതിനാലും ഒപ്പംതന്നെ ഭാഗ്യംകൊണ്ടും തുടക്കത്തിൽതന്നെ ഗൂഗിൾ മത്സരപ്പാച്ചിലിൽ വിജയിച്ചു. സുഹൃത്തുക്കളെയും കുടുംബങ്ങളെയും ബന്ധിപ്പിക്കുക എന്ന ആശയവുമായി മുന്നോട്ടുവന്ന ആദ്യത്തെ സാമൂഹിക മാധ്യമ കമ്പനിയല്ല ഫേസ്ബുക്ക് എന്നതറിയാമല്ലോ. അതുപോലെ തന്നെ, ഗൂഗിൾ തുടക്കത്തിൽ തന്നെ മെച്ചപ്പെട്ടതാണെന്നു രേഖപ്പെടുത്തപ്പെടുകയും, ഈ സോഷ്യൽ നെറ്റ്-വർക്ക് സ്പേസിലെ കമ്പോള നായകനായി ഉയരുകയും ചെയ്തു. വിജയക്കളി മൊത്തമായി എടുക്കുന്ന ഈ കളത്തിൽ ഒരു കമ്പനി വിജയിയാകേണ്ടതുണ്ട്. ആരാണോ ആദ്യം മുന്നേറുന്നത്, അയാൾക്ക് അനുബന്ധ മേഖലകളിൽ ആദ്യം ചലിക്കുന്നതിന്റെ നേട്ടം കിട്ടും. പിൽക്കാലത്ത് ട്വിറ്ററും ടിക്-ടോക്കും ചെയ്തതുപോലെ, തങ്ങൾ നായകരായിട്ടുള്ളയിടത്ത് ഒരു കമ്പോള സാഹചര്യം സൃഷ്ടിക്കുകയാണ് ഗൂഗിൾ ചെയ്തത്.

ഏതു മീഡിയ കമ്പനിയായാലും, പത്രമായാലും ടിവി സ്റ്റേഷനായാലും, നമ്മുടെ ശ്രദ്ധ കിട്ടുന്നതിനും അത് പോകാതെ പടിച്ചുനിർത്തുന്നതിനും വേണ്ടി വൻതുകയാണ് ചെലവഴിക്കുന്നത്. അച്ചടിക്കുന്ന പ്രസ്സുകൾക്കും വിതരണത്തിനും വാർത്താശേഖരണത്തിനുമായുള്ള നടത്തൽ ചെലവിനും വേണ്ടി പത്രങ്ങൾക്ക് മൂലധന നിക്ഷേപം ആവശ്യമാണ്. സമാനമായി, ടെലിവിഷന് ഉത്പാദനത്തിനും അതിന്റെ വിതരണത്തിനുമായി ഭൂതല നെറ്റ് വർക്കുമായോ സാറ്റ്ലെെറ്റുകളുമായോ ബന്ധിപ്പിക്കുന്നതിനും നിക്ഷേപം ആവശ്യമുണ്ട്. നമ്മൾ ഉള്ളടക്കം സൃഷ്ടിക്കുന്നതുകൊണ്ട്, ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും പ്രാഥമിക നിക്ഷേപങ്ങൾ ഉള്ളടക്കം ഉണ്ടാക്കുന്നതിനോ വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനോ വേണ്ടിയല്ല. ഉപഭോക്തക്കളായ നമ്മൾ അവയ്ക്ക് ഉള്ളടക്കം നൽകുകയും, വിതരണത്തിനുള്ള അടിസ്ഥാന സൗകര്യം ടെലികമ്യൂണിക്കേഷൻസ് ലഭ്യമാക്കുകയും ചെയ്യുന്നു. നമുക്ക് താൽപ്പര്യമുള്ള ഉളളടക്കം കണ്ടെത്തുന്നതിനോ, നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി നമ്മുടെ ഉള്ളടക്കം പോസ്റ്റു ചെയ്യുന്നതിനോ വേണ്ടി നമുക്ക് ഉപയോഗിക്കാനുള്ള ടൂളുകൾ, അതായത് ഉപകരണങ്ങൾ സൃഷ്ടിക്കുക എന്നതാണ് അവരുടെ പ്രധാന പണി.

ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ പരസ്യം നൽകുന്ന രീതിയും ബ്രോഡ്കാസ്റ്റ് മീഡിയയുടേതിൽനിന്നും വ്യത്യസ്തമാണ്. പ്രക്ഷേപണം അതിന്റെ ഘടനയാൽ തന്നെ, ഒന്നിൽനിന്ന് പല കമ്യൂണിക്കേഷനുകളിലേക്കെത്തുന്നതുകൊണ്ടുതന്നെ, ആർക്കാണ് ആ ഉള്ളടക്കങ്ങൾ ലഭിക്കുന്നതെന്ന് ഈ മീഡിയകൾക്കറിയില്ല. ടിവി പോലുള്ള ഇത്തരം ബ്രോഡ്കാസ്റ്റ് പ്ലാറ്റ്ഫോമുകൾക്ക് ലഭിക്കുന്ന ഒരേയൊരു വിവരം, ഏതൊക്കെ പരിപാടികൾ എത്ര ആളുകൾ കാണുന്നു എന്നതു സംബന്ധിച്ചാണ്–നീൽസൺ റേറ്റിങുപോലെയുള്ള കണക്കെടുപ്പു വഴി. ഈ പരിപാടികൾ കാണുന്ന ആളുകളുടെ മുന്നിലുള്ള ഒരേയൊരു വഴി ചാനൽ മാറ്റുകയോ ടിവി കാണാതിരിക്കുകയോ ചെയ്യുക എന്നതാണ്. ഇതിലെ പരസ്യം നൽകലിന്റെ സമീപനം ഒരു സ്-കാറ്റർഗൺ സമീപനംപോലെയാണ്; അതായത്, ഏതെങ്കിലും ചില ആളുകൾക്ക് ഇഷ്ടപ്പെടുകയും സാധനം വാങ്ങാൻ പുറത്തുപോകുമ്പോൾ നിങ്ങളിൽ ചിലരെങ്കിലും ആ ബ്രാൻഡ്, അല്ലെങ്കിൽ ഉത്പന്നം ഓർക്കുമെന്നുമുള്ള പ്രതീക്ഷയിൽ പരസ്യങ്ങൾ വാരിയെറിയുക.

ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ തെരഞ്ഞെടുത്തത് വ്യത്യസ്-തമായൊരു സമീപനമാണ്. അവർക്ക് അവരുടെ ഉപഭോക്താക്കളെ നന്നായി അറിയാം; പൊതു ഇന്റർനെറ്റ് രാജാക്കന്മാരായ ഗൂഗിളിനും ഫേസ്ബുക്കിനും നമ്മുടെ അമ്മയ്ക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ നമ്മളെ അറിയാം. ഒരു പരസ്യ–സംഭാഷണ അനുപാതം ലഭിക്കുന്നതിന് ഇന്റർനെറ്റ് ഉന്നമിട്ടുള്ള പരസ്യങ്ങൾ കാണിക്കാനാകും; ബ്രോഡ് കാസ്റ്റ് മീഡിയയ്ക്കു കാണിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വളരെ കൂടുതലാണിത്. ഗൂഗിൾ സെർച്ചിലൂടെ നമ്മൾ ഒരു വീഡിയോ ക്യാമറ തിരയുകയാണെങ്കിൽ, ആഴ്ചകൾ കഴിഞ്ഞാലും ഗൂഗിൾ നിങ്ങളെ വീഡിയോ ക്യാമറയുടെ പരസ്യങ്ങൾ കാണിച്ചുകൊണ്ടേയിരിക്കും. അല്ലെങ്കിൽ, നിങ്ങളുടെ സുഹൃത്ത് അവൾ വാങ്ങിച്ച പുതിയ വീഡിയോ ക്യാമറ കാണിക്കുന്നു എന്നിരിക്കട്ടെ, ഫേസ്ബുക്കിലെ അവളുടെ സുഹൃത്തെന്ന നിലയ്ക്ക് നിങ്ങൾക്ക് വീഡിയോ ക്യാമറയുടെ പരസ്യങ്ങൾ കിട്ടിക്കൊണ്ടേയിരിക്കും.

പരസ്യവരുമാനത്തിലെ ഈ മാറ്റത്തിന്റെ പ്രത്യാഘാതം ഇന്നു പ്രത്യക്ഷമാണ്. അച്ചടിപത്രങ്ങൾക്ക് പരസ്യങ്ങൾ നഷ്ടപ്പെടുകയും അവ അതിവേഗംതന്നെ അടച്ചുപൂട്ടപ്പെടുകയോ ഓൺലെെൻ ‘‘പത്രങ്ങളാ’’യി മാറുകയോ ചെയ്യുന്നു. ടിവിയുടെ പരസ്യവരുമാനം വർധിക്കുന്നുണ്ട്, പക്ഷേ ഡിജിറ്റൽ രംഗത്തെ പരസ്യവരുമാനത്തെ അപേക്ഷിച്ച് വളരെ പതുക്കെയാണ് ടിവിയുടെ പരസ്യവരുമാനം വർധിക്കുന്നത് (ചിത്രം 2). 2017ൽ, ടിവിയുടെ രണ്ട് പരസ്യവരുമാനങ്ങളെയും (ബ്രോഡ്കാസ്റ്റിലെയും കേബിളിലെയും) ഡിജിറ്റൽ പരസ്യവരുമാനങ്ങൾ മറികടക്കുകയുണ്ടായി. കൂടാതെ ഇതിൽ ഏറ്റവും മുകളിലുള്ള രണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കാണ്, അതായത് ഗൂഗിളിനും ഫേസ്ബുക്കിനുമാണ് ഈ വരുമാനത്തിന്റെ എഴുപത് ശതമാനവും. ചിത്രം 3 കാണിക്കുന്നത് ഡിജിറ്റൽ മീഡിയയുടെ പരസ്യവരുമാനത്തിലെ കുത്തനെയുള്ള വർധനവു മാത്രമല്ല; മറിച്ച് പത്രത്തിന്റെയും അതിന്റെ പരസ്യവരുമാനത്തിന്റെയും ഇടിവുമായി ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും ആവിർഭാവത്തിന് ശക്തമായ ബന്ധമുണ്ടെന്നു കൂടി അത് കാണിച്ചുതരുന്നു.

ഗൂഗിളും ഫേസ്ബുക്കും 
എങ്ങനെയാണ് 
കുത്തകകളായത്?
ഗൂഗിളിനെയും ഫേസ്ബുക്കിനെയും നയിച്ചത് സാങ്കേതിക ജ്ഞാനമുള്ള വ്യക്തികളായിരുന്നു; ഈ രംഗത്ത് കമ്പനികളെ തമ്മിൽ വേർതിരിക്കുന്നത് അവയിലെ സാങ്കേതികവിദ്യയുടെ ഗുണനിലവാരമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. സോഫ്റ്റ്-വെയർ വിൽപ്പനക്കാരല്ലാത്തതിനാൽ ഗൂഗിളും ഫേസ്ബുക്കും നിലവിലുള്ള സ്വതന്ത്ര സോഫ്റ്റ്-വെയർ ടൂളുകളാണ് ഉപയോഗിച്ചത്. തങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ടൂളുകൾ വികസിപ്പിക്കുന്നതിനായുള്ള കമ്യൂണിറ്റിയെയും അവ ആശ്രയിച്ചു. ഓപ്പൺ സോഴ്സ് എന്ന നിലയിൽ അത്തരം നിരവധി ടൂളുകൾ അവ പുറത്തിറക്കുകയും ചെയ്തു. ചില ടൂളുകൾ/പ്ലാറ്റ്ഫോമുകൾ ലഭ്യമാക്കിയത് ഗൂഗിളിനും ഫേസ്ബുക്കിനും ഈ ടൂളുകളെ പിന്നെയും കൂടുതലായി വികസിപ്പിക്കുന്നതിനായി ഓപ്പൺ സോഴ്സ് കമ്യൂണിറ്റിയുടെ വിഭവങ്ങളെ ആകർഷിക്കുന്ന ഒരു ആവാസ വ്യവസ്ഥ പ്രദാനം ചെയ്തു.

ഗൂഗിളും ഫേസ്ബുക്കും കണ്ടന്റ് ക്രിയേറ്റർമാർക്ക് (ഉള്ളടക്കം തയ്യാറാക്കുന്നവർക്ക്) തങ്ങളുടെ വരുമാനത്തിൽ ഒരു ഭാഗം പങ്കുവയ്ക്കുന്നതുകൊണ്ട് അവ അവകാശപ്പെടുന്നതുപോലെ കണക്കുകൂട്ടലുകൾ അത്ര ലളിതമല്ല. ഗൂഗിളിനെതിരായ കുത്തക അനേ-്വഷണങ്ങളിലൊന്ന് അത് അഡ്വർടെെസിങ് ബിഡുകളിൽ എങ്ങനെയാണ് കൃത്രിമം കാണിക്കുന്നത് എന്നതായിരുന്നു. തങ്ങളുടെ പരസ്യ വരുമാനത്തിന്റെ 55 ശതമാനവും കണ്ടന്റ് ക്രിയേറ്റർമാരുമായി പങ്കുവയ്ക്കുന്നുവെന്ന് -യൂട്യൂബ് പറയുമ്പോൾ പരസ്യ വരുമാനമായി യ-ൂട്യൂബിന് ലഭിക്കുന്നത് എത്ര തുകയാണെന്ന് അത് വെളിപ്പെടുത്താറില്ല; മറ്റ് ഗൂഗിൾ ഇടനിലക്കാർക്ക് പോകുന്നത് എത്രയുണ്ടെന്നും അത് പറയുന്നില്ല. അമേരിക്കയിലെ ആന്റിട്രസ്റ്റ് നിയമനടപടികളുടെയും യൂറോപ്യൻ യൂണിയനിലെയും ബ്രിട്ടനിലെയും കുത്തക/മത്സര കമ്മീഷനുകളുടെയും വിഷയവും ഇവയാണ്. ഈ രണ്ട് സ്ഥലങ്ങളിലും ഫേസ്ബുക്ക് സമാനമായ വിധം ആന്റിട്രസ്റ്റും മത്സരവിരുദ്ധവുമായ നിയമനടപടികൾ നേരിടുകയാണ്. ഇത് യൂറോപ്പിൽ കുത്തക നിയമങ്ങളെ ‘‘മത്സര’’ നിയമങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വ്യവസ്ഥാപിതമായി ദുർബലപ്പെടുത്തിയതിനെത്തുടർന്നാണ്. അമേരിക്കയിൽ നിയമങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെങ്കിലും ഗണ്യമായവിധം ദുർബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. കുത്തക മാത്രമല്ല പ്രശ‍്നം എന്ന വിധത്തിൽ വ്യാഖ്യാനത്തിൽ മാറ്റമുണ്ടായി; കുത്തകവിരുദ്ധ നടപടികൾ സ്വീകരിക്കുന്ന കുത്തകമൂലം ഉപഭോക്താക്കൾക്കോ മത്സരിക്കുന്നവർക്കോ ക്ഷതമേൽക്കുന്നില്ലെന്ന് റഗുലേറ്ററി അതോറിറ്റികൾ ഉറപ്പുവരുത്തേണ്ടതാണ്. ഈ വ്യാഖ്യാനം കുത്തകകൾക്കെതിരായ നടപടികൾക്ക് വലിയ തടസ്സമാണുണ്ടാക്കുന്നത്.

ഗൂഗിൾ ഒന്നാമത്തെ സെർച്ച് എഞ്ചിനായി മാറിയപ്പോൾ ലോകത്തിലെ മുൻനിര ഭീമന്മാരിൽ ഒന്നായി അത് മാറുമെന്ന ധാരണ ആർക്കും ഉണ്ടായിരുന്നില്ല; അത് ഉള്ളടക്കം കണ്ടെത്താൻ എളുപ്പത്തിൽ നമ്മെ സഹായിച്ചു; അതിന് അഡ്വർടെെസിങ് ബിസിനസ് ഉണ്ടായിരുന്നില്ല; അതിന്റെ മുദ്രാവാക്യമാകട്ടെ ‘‘ തിന്മയൊന്നും ചെയ്യരുത്’’ എന്നുമായിരുന്നു. സൽസ്വഭാവിയും നല്ല മനസ്സുമുള്ള ഒരു കുത്തക! യാഥാർഥ്യം വളരെ വ്യത്യസ്തമായി മാറുകയാണുണ്ടായത്. ഗൂഗിളിന്റെ സഹസ്ഥാപകനായ ലാറി പേജ് 2004ൽ അവകാശപ്പെട്ടത് നാം അനേ-്വഷിക്കുന്ന പ്രസക്തമായ വിഷയം ഉള്ള സെെറ്റുകളിലേക്ക് നമ്മെ എത്തിക്കുകയെന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം എന്നാണ്. ഇന്ന് നമ്മുടെ സെർച്ചുകളുടെ നാലിൽ മൂന്നോ മൂന്നിൽ രണ്ടോ ഭാഗം വീണ്ടുമൊരു ക്ലിക് കൂടാതെയാണ് അവസാനിക്കുന്നത്; ഇതിനെയാണ് സെർച്ച് എഞ്ചിൻ വിദഗ്ധനായ റാൻഡ് ഫിഷ്-ക്കിൻ സീറൊ ക്ലിക് സെർച്ച് എന്ന് വിളിക്കുന്നത്. അഞ്ചിൽ നാല് മൊബെെൽ സെർച്ചുകളായും ഈ സംഖ്യ ഉയരുക പോലും ചെയ്യുന്നു. ഗൂഗിളിലെ മഹാഭൂരിപക്ഷം സെർച്ചുകളും പ്രദർശിപ്പിക്കപ്പെട്ട സെർച്ചുപേജുകളിലെ ലിങ്കുകളെക്കുറിച്ച് കൂടുതൽ ക്ലിക്കുകൾ ചെയ്യേണ്ടതില്ലാത്ത തരത്തിലുള്ളവയാണ്. അഥവാ സെർച്ച് പേജിലെ ലിങ്കുകളിൽ ക്ലിക്കു ചെയ്യുകയാണെങ്കിൽ അവ മിക്കപ്പോഴും മറ്റു ഗൂഗിൾ സെെറ്റുകളിലേക്കായിരിക്കും നമ്മെ നയിക്കുന്നത്; ഒറിജിനൽ കണ്ടന്റ് ക്രിയേറ്റർമാരിലേക്ക് ആയിരിക്കില്ല. ഇതുകൊണ്ടാണ് ഇന്റർനെറ്റ് സെർച്ചുകളിൽ ഗൂഗിളിന് കുത്തകയുള്ളത്; ഇതിൽ ആകെ ഒഴിവാക്കപ്പെട്ടിട്ടുള്ളത് സ്വതന്ത്ര ഫേസ്ബുക്ക്–ആമസോൺ ഉപ ഇടങ്ങൾ മാത്രമാണ്.

ഇന്റർനെറ്റിലെ എല്ലാ സെർച്ചുകൾക്കും മേലുള്ള ഗൂഗിളിന്റെ കമാൻഡ് ആണ് പ്രശ്നത്തിന്റെ ഒരു ഭാഗം. മറ്റൊന്ന് ഇത് ദ്വിമുഖമായ കുത്തകയാണ്. കുത്തകകളെ സംബന്ധിച്ച പ്രമുഖ ഗവേഷകയായ ദിന ശ്രീനിവാസൻ എഴുതുന്നു: ‘‘അഡ്വർടെെസിങ്ങിൽ ആൽഫബെറ്റ് (‘‘ഗൂഗിൾ’’) എന്ന ഏകകമ്പനി മുൻനിരയിലെ കച്ചവടസ്ഥലമായും വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും കച്ചവടം നടത്തുന്നതിനുള്ള മുൻനിര ഇടനിലക്കാരായും ഒരേസമയം പ്രവർത്തിക്കുന്നു. അതേസമയം തന്നെ, ആഗോളതലത്തിൽ അഡ്വർടെെസ്-മെന്റ് സ്പേസുകളുടെ ഏറ്റവും വലിയ വിൽപ്പനക്കാരും ഗൂഗിൾ തന്നെയാണ്.’’ ഇതിന്റെ അർഥം ഇന്റർനെറ്റ് അഡ്വർടെെസ്-മെന്റുകളുടെ കമ്പോള ഇടം ഗൂഗിളിനനുകൂലമായി വലിയ തോതിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ്. ഇതുകൊണ്ടാണ് അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങൾ ഗൂഗിളിനെതിരെ കേസെടുത്തിട്ടുള്ളത്.

ഫേസ്ബുക്ക് ഓപ്പൺ സ്-പെയ്സ് എന്ന മേനി നടിക്കുന്നതേയില്ല. അത് ഇന്റർനെറ്റിലെ ‘‘മതിലുകെട്ടി തിരിക്കപ്പെട്ട പൂന്തോട്ട’’മാണ്; ഫേസ്ബുക്കിലെ സുഹൃത്തുക്കളുമായും ബന്ധങ്ങളുമായും ഫേസ്ബുക്കിലെ സമാന മനസ്-ക്കരുമായും അത് നമ്മെ ബന്ധപ്പെടുത്തുന്നു. നാം ഫേസ്ബുക്ക് കണക്ട് ചെയ്ത് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോൾ ഫേസ്ബുക്ക് അതിന്റെ പരസ്യക്കാർക്ക് നമ്മെ വിൽക്കുന്നു. നമ്മുടെ ഇടപാട് പരമാവധിയാക്കി ഫേസ്ബുക്കിൽ തളച്ചിടുകയാണ് ലക്ഷ്യം.

ഒറിജിനൽ കണ്ടന്റ് രൂപപ്പെടുത്തിയവരുടെ അടുത്തേക്ക് നമ്മെ എത്തിക്കുക മാത്രമാണ് അവരുടെ സെർച്ച് എഞ്ചിന്റെ ലക്ഷ്യമെന്ന് മേനിനടിക്കുകയാണ് ഗൂഗിൾ. ഫേസ്ബുക്ക് തുടക്കം മുതൽതന്നെ മറ്റുള്ളവർ അതിക്രമിച്ചു കടക്കുന്നത് വിലക്കുന്നുണ്ട്; ഉദാഹരണത്തിന്, ഫേസ്ബുക്ക് പേജുകൾ ഇൻഡെക്സ് ചെയ്യുന്നതിൽനിന്നും അതിലെ സെർച്ച് റിസൾട്ടുകളിൽ ഇത്തരം ലിങ്കുകൾ കാണിക്കുന്നതിൽ നിന്നും ഗൂഗിളിന്റെ സെർച്ച് എഞ്ചിനെ വിലക്കുന്നു. അതുകൊണ്ടാണ് ഇത്തരം സെെറ്റുകളെ സ്വകാര്യപൂന്തോട്ടങ്ങളെന്ന് വിളിക്കുന്നത്; അവയിൽ കടക്കുന്നതിന് ഉടമയുടെ അതിവേഗ അനുമതി ലഭിച്ചാൽ മാത്രമേ കഴിയൂ.

അപ്പോൾ എങ്ങനെയാണ് ഫേസ്ബുക്ക് അവരുടെ സെെറ്റുകളിൽ/സെെറ്റിൽ നമ്മുടെ ശ്രദ്ധ പരമാവധിയാക്കുകയും നമ്മെ അവിടെ തളച്ചിടുകയും ചെയ്യുന്നത്? ഫേസ്ബുക്കിലെ നമ്മുടെ ഇടപാടുകൾ നമ്മുടെ മനോവികാരങ്ങൾക്കനുസരിച്ചാവത്തക്കവിധമാണെന്ന തരത്തിലാണ് അവർ അത് ക്രമീകരിച്ചിട്ടുള്ളത്. ഭയവും വിദേ-്വഷവുമാണ് മറ്റുള്ളവയെക്കാൾ ഏറെ ശക്തമായ മനോവികാരം; ആയതിനാൽ ഇത്തരം മനോവികാരങ്ങൾ സൃഷ്ടിക്കുന്ന പോസ്റ്റുകൾക്ക് കൂടുതൽ ഫലപ്രദമായി പ്രചാരണത്തിനും കഴിയുന്നു. വിദേ-്വഷ ഗ്രൂപ്പുകളോടുള്ള ഫേസ്ബുക്കിന്റെ പ്രശ്നമിതാണ്. പബ്ലിക് റിലേഷൻസിനായി അവർക്കു വേണ്ട എല്ലാ ശബ്ദകോലാഹലങ്ങളും അവരുണ്ടാക്കുന്നു; എന്നാൽ വിദേ-്വഷ പോസ്റ്റുകൾക്കും വ്യാജ വാർത്തകൾക്കും ലഭിക്കുന്ന വ്യാപകമായ സ്വീകാര്യതയെക്കുറിച്ച് അവർക്ക് പൂർണബോധ്യമുണ്ട്; അതാണ് അവരുടെ ബിസിനസ് മാതൃകയുടെ കാതൽ.

ഏതെങ്കിലുമൊരു പുതിയ സാങ്കേതികവിദ്യയുടെ വെല്ലുവിളി, അതിന്റെ സാമൂഹ്യാഘാതം എന്തെന്ന് മനസ്സിലാക്കുന്നതിനെക്കാൾ വേഗത്തിൽ അത് പ്രചരിക്കുമെന്നതാണ്. ഇത് പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ മാത്രം പരിമിതിയല്ല.

അച്ചടിയന്ത്രത്തിന്റെ കണ്ടെത്തൽ ആയിരുന്നു ജനകീയ ആശയവിനിമയത്തിനുള്ള ആദ്യത്തെ ഉപകരണം; അതാണ‍് നാം ഇപ്പോൾ പൊതുമണ്ഡലം എന്ന് വിശേഷിപ്പിക്കുന്നതിനെ സൃഷ്ടിച്ചത്. ഇത് സാക്ഷരതയുടെ വർധനവിനിടയാക്കി; അറിവിന്റെ ജനാധിപത്യവൽക്കരണത്തിനും ഇത് ഇടയാക്കി; അങ്ങനെ സമൂഹത്തെ ത്തന്നെ മാറ്റിമറിച്ചു. ഇതാണ് അച്ചടിക്കപ്പെട്ട വർത്തമാനപത്രങ്ങളുടെ ഉയർച്ചയ്ക്ക് ഇടയാക്കിയത്; ആയതിനാൽ അവയ്ക്ക് ജനകീയമായ വായനാ സമൂഹമുണ്ടായി. അച്ചടി മുതലാളിത്തത്തെയും വർത്തമാന പത്രങ്ങളെയുമാണ് ദേശരാഷ്ട്രങ്ങളുടെ നിർമിതിയിലെ നിർണായകഘടകമായി ബെനഡിക്ട് ആൻഡേഴ്സൺ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ അച്ചടിയന്ത്രത്തിന് മറ്റു അനന്തരഫലങ്ങളുമുണ്ടായിരുന്നു. യൂറോപ്പിൽ ഗുട്ടെൻബെർഗ് അച്ചടിയന്ത്രം അവതരിപ്പിച്ചപ്പോൾ അച്ചടിക്കപ്പെട്ട ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ജനപ്രിയ ഗ്രന്ഥം ബെെബിൾ ആയിരുന്നു; ഗുട്ടെൻബെർഗ് ബെെബിൾ എന്നാണ് അത് അറിയപ്പെട്ടത്. രണ്ടാമത്തെ ഏറ്റവും ജനപ്രിയമായ ഗ്രന്ഥം Malleus Maleficarum ആയിരുന്നു; ‘‘മന്ത്രവാദിനികളുടെ ചുറ്റിക’’ എന്നാണ് അത് പൊതുവെ പരിഭാഷപ്പെടുത്തപ്പെടുന്നത്–മതദ്രോഹ വിചാരണയ്ക്കുള്ള കെെപ്പുസ്തകമായിരുന്നു അത്. ഈ മതദ്രോഹ വിചാരണയുടെ അനന്തരഫലമായി എത്രപേർ കൊല്ലപ്പെട്ടു? യൂറോപ്പിലെ ദേശീയമായ യുദ്ധങ്ങളിൽ എത്രയാളുകൾ കൊല്ലപ്പെട്ടു? കൊളോണിയൽ ഭരണക്കാർ ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കൻ ഭൂഖണ്ഡത്തിലും നടത്തിയ കൊള്ളയും വംശഹത്യയും അടിമത്തവും മൂലം എത്രപേർ കൊല്ലപ്പെട്ടു?

എന്നിട്ടും, പ്രിന്റിങ് പ്രസ്സിനെ നാം പരിഗണിച്ചു. ചരിത്രത്തിന്റെ മുന്നോട്ടുപോക്കിന്റെ ഭാഗമെന്ന നിലയിൽ അത് പൊതുമണ്ഡലത്തിന്റെ വ്യാപനം സാധ്യമാക്കി. അത് പൊതുപങ്കാളിത്തവും സാക്ഷരതയും വർധിപ്പിച്ചു; തുടക്കത്തിൽ ഫ്യൂഡൽ പ്രമാണിമാർക്ക് വേണ്ടപ്പെട്ടതായി; പിന്നീട് തൊഴിലാളിവർഗത്തെ ഉൾപ്പെടുത്തുന്ന തരത്തിൽപോലും അത് വ്യാപിച്ചു. ‘ഇസ്-ക്ര’യെ ലെനിൻ കണക്കാക്കിയത് പാർട്ടിയുടെ വെറും ജിഹ്വ എന്ന നിലയിലല്ല, മറിച്ച് പാർട്ടി കെട്ടിപ്പടുക്കാനുള്ള ഉപകരണമെന്ന നിലയിലാണ്.

സാങ്കേതികവിദ്യ സ്വമേധയാ വിമോചനപരമോ അടിമപ്പെടുത്തുന്നതോ ആയ ഒന്നല്ല. സാങ്കേതികവിദ്യയിലുണ്ടാകുന്ന ഏതൊരു മുന്നേറ്റത്തിനും പ്രയോജനകരവും ദോഷകരവുമായ സാമൂഹികമായ അനന്തരഫലമുണ്ടാക്കുന്നതാണ്. സാങ്കേതിക വിദ്യയുടെ ഉൽപ്പാദനപരമായ ശേഷിയിലെ വർധനവ് ഉൽപ്പാദനം വർധിക്കുന്നതിനിടയാക്കുന്നു; അതുകൊണ്ടുതന്നെ സമൂഹത്തിന് അത് നേട്ടമുണ്ടാക്കുന്നു. വർഗവിഭജിതമായ സമൂഹത്തിൽ സ്വത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണത്തിന് അതിടയാക്കുന്നു; സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യനിലയിലല്ല സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെ ഗുണഫലം ലഭിക്കുന്നത്. ആയതിനാൽ, പോരാട്ടം സാങ്കേതികവിദ്യയ്ക്ക് അനുകൂലമോ എതിരോ എന്ന നിലയിലായിരിക്കരുത്; മറിച്ച് സാങ്കേതികവിദ്യ ആരുടെ കെെവശമാണ്, വർധിച്ചതോതിലുള്ള ഉൽപ്പാദനശക്തികളുടെ നേട്ടത്തിന്റെ ഗുണഫലം സമൂഹത്തിൽ ആരാണ് ഉപയോഗിക്കുന്നത് എന്നതിലാണ് കേന്ദ്രീകരിക്കേണ്ടത്.

പ്രിന്റിങ് പ്രസ്സിന്റെ വ്യാപനവും വർത്തമാനപത്രങ്ങളുടെ പിറവിയും അഡ്വർടെെസിങ് വ്യവസായത്തിന്റെ ജനനത്തിനിടയാക്കി. മുതലാളിത്ത രാജ്യങ്ങളിലെ പൊതുമണ്ഡലത്തിന് അസ്ഥിവാരമിട്ടത് ഇതാണ്. പാമ്പിൻ തെെലം, ഉത്തേജക മരുന്നുകൾ, കൊക്കെയ്ൻ പോലെയുള്ള മയക്കുമരുന്നുകൾ (കൊക്കൊ കോളയുടെ മൂലരഹസ്യ ഫോർമുലയിൽ കൊക്കെയ്ൻ ഉണ്ട്) എന്നിവയെല്ലാം പത്രങ്ങൾക്ക് പണം ലഭ്യമാക്കി; പിന്നീട് റേഡിയോക്കും ടെലിവിഷനും ഇവയിൽ നിന്ന് പണം ലഭ്യമാക്കി. മിക്ക രാജ്യങ്ങളിലും ചില വിധത്തിലുള്ള അഡ്വർടെെസിങ് ഔദ്യോഗികമായി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അഡ്വർടെെസിങ് ലോകത്ത് യഥാർഥത്തിൽ നാം കാണുന്നത് ഒരു പെർഫ്യൂമോ ഫെയർനസ് ക്രീമോ വാങ്ങി ഉപയോഗിച്ചാൽ നമ്മുടെ സ്വാഭാവികരൂപം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ്! സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട മുൻവിധികളാണ് ഇതിന് സഹായമാകുന്നത്; ഫെയർ ആന്റ് ലൗവ്ലിയുടെ പരസ്യങ്ങൾ അതിന്റെ കൂടുതൽ പരിഷ്കൃതമായ ഒരു പതിപ്പാണ്. അമേരിക്കയിൽ പതിവായി കറുത്തവരെ ക്രിമിനലുകളായും സ്വതവേ അക്രമകാരികളുമായാണ് പരസ്യങ്ങളിൽ ചിത്രീകരിക്കുന്നത്. മാധ്യമ ബിസിനസിന് അടിസ്ഥാനമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും നിലനിൽക്കെത്തന്നെ അഡ്വർടെെസിങ് ബിസിനസും നിലനിൽക്കുന്നുണ്ട്. ഇതും പൊതുമണ്ഡലം സൃഷ്ടിക്കുന്നുണ്ട്. ഹിറ്റ്ലറെയും മുസോളിനിയെയും സൃഷ്ടിക്കാനും ഇത് സഹായകമായിട്ടുണ്ട്. മുസോളിനിയുടെ റേഡിയോ പ്രഭാഷണങ്ങളും ലെനി റെയ്ഫെൻസ്റ്റാൾ ചലച്ചിത്രങ്ങളും ജനങ്ങൾക്കെതിരായി ഉപയോഗിക്കാൻ കഴിയുന്ന ശക്തമായ ആയുധങ്ങളാകാൻ മാസ് മീഡിയക്കും കഴിയുമെന്നതിന്റെ ഉദാഹരണമാണ്.

പാമ്പിൻ തെെലംപോലെയുള്ള ഔഷധങ്ങൾക്കെതിരായ സമരത്തിന്റെ അനന്തര–ഫലങ്ങളിലൊന്ന് പല രാജ്യങ്ങളിലും പരസ്യം നൽകേണ്ടതെന്തെല്ലാമെന്നും എന്തെല്ലാം നൽകിക്കൂടാ എന്നുമുള്ള നിയമനിർമാണത്തിനിടയാക്കി. ഈ നിയമങ്ങൾ ഔഷധങ്ങളെന്നനിലയിൽ എന്തെല്ലാം വിൽക്കാൻ കഴിയും എന്നതു സംബന്ധിച്ചും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. എന്നാൽ ഈ നിയമങ്ങൾ പ്രയോഗിക്കാനുള്ള ഇച്ഛാശക്തിയുടേതാണ് പ്രശ്നം. ഇവിടെ ബാബാരാംദേവിന്റെ പതഞ്ജലി സാമ്രാജ്യത്തിനെതിരെയോ അമേരിക്കയിൽ കറുപ്പ് (opium) കലർന്ന ഔഷധങ്ങൾ വിൽപ്പന നടത്തുന്ന ഔഷധ കമ്പനികൾക്കെതിരെയോ ഈ നിയമങ്ങൾ പ്രയോഗിക്കാൻ അധികൃതർ ഇച്ഛാശക്തി കാണിക്കാറില്ല. അതിനുപുറമേ മാധ്യമങ്ങൾക്ക് രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടെന്നതും അംഗീകരിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ മാധ്യമകുത്തകകളെ നിയന്ത്രിക്കേണ്ടത് ആവശ്യവുമാണ്. ദൗർഭാഗ്യവശാൽ കുത്തക കമ്മീഷനുകളെയും നിയമങ്ങളെയും ദുർബലമാക്കിയതിലൂടെയും മത്സരക്കമ്മീഷനുകളാക്കി അവയെ മാറ്റിയതിലൂടെയും ഈ നിയമങ്ങളിൽ വലിയ തോതിൽ വെള്ളം ചേർത്തു. ഇത്തരം കുത്തകകൾ സ്വമേധയാതന്നെ സ്വീകരിക്കപ്പെടുന്നത് മറ്റു കമ്പനികൾക്കോ ജനങ്ങൾക്കോ ദോഷകരമാകാതിരിക്കുന്നതുവരെയാണ്. അമേരിക്കയിലെ സ്റ്റാൻഡേർഡ് ഓയിലും ടെലഫോൺ കുത്തകയിലെ ഐടി & ടിയും പോലെയുള്ള വൻകുത്തകകൾ തകർന്നപ്പോൾ കൂടുതൽ വലിയ പ്രതിസന്ധിയായി. മിക്ക രാജ്യങ്ങളിലും എന്തൊക്കെയാണ് പ്രസിദ്ധീകരിക്കാനാവുന്നത്, പ്രദർശിപ്പിക്കാനാവുന്നത് എന്നതിനെക്കുറിച്ചുള്ള നിയമങ്ങളുണ്ട്.

നാം മുമ്പ് ചർച്ച ചെയ്തതുപോലെ ഡിജിറ്റൽ മാധ്യമ ഇടത്തിലെ പ്രശ്നം സ്വകാര്യഇടവും പൊതുഇടവും തമ്മിലുള്ള വേർതിരിവ് ഇല്ലാതായി എന്നതാണ്. നമ്മൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുമ്പോൾ, യൂട്യൂബിൽ ഒരു ക്ലിപ്പിടുമ്പോൾ ട്വിറ്ററിൽ ഒരു കമന്റ് നടത്തുമ്പോഴെല്ലാം നാം കരുതുന്നത് നാം വളരെ സ്വകാര്യമായാണ് സംസാരിക്കുന്നത് എന്നാണ്. ഉള്ളടക്കത്തിന്റെ അളവും ഫിലിം സെൻസർ ബോർഡുപോലെയുള്ള സർക്കാർ സ്ഥാപനങ്ങൾക്കുപോലും നിരീക്ഷിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലുതാണ്. ആയതിനാൽ ഡിജിറ്റൽ മാധ്യമ ഇടത്തിൽ മിക്ക ഗവൺമെന്റുകളും ആ പ്ലാറ്റ്ഫോമുകളോട് പൊലീസ് പരിശോധനയ്ക്ക് വിധേയമാകണം. എന്നാണ് ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിനെയും ഗൂഗിളിനെയും പോലെയുള്ള കമ്പനികൾക്ക് വ്യാജവാർത്തകളെ അരിക്കുന്നതിനുള്ള അൽഗൊരിതങ്ങൾ നിലവിലുണ്ട്. ഇത് ചെയ്യണമെന്നാണ് വൻകിട ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോട് ഇന്ത്യാ ഗവൺമെന്റും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

എന്താണ് സെൻസർ ചെയ്യേണ്ടതെന്നും എന്താണ് സെൻസർ ചെയ്യാൻ പാടില്ലാത്തതെന്നും തീരുമാനിക്കാനുള്ള അൽഗോരിതങ്ങൾ ഉണ്ടായിരിക്കുന്നതിന്റെ പ്രശ്നങ്ങളും ഇവിടെ പരിശോധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. “The Weapons of Math Destruction 25’എന്ന പുസ്തകത്തിൽ കാത്തി ഒ നീൽ അൽഗോരിതങ്ങളുപയോഗിച്ച് മനുഷ്യനെടുക്കേണ്ട തീരുമാനങ്ങളെടുക്കുന്നതിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ദ്രോഹകരമായത് എന്തെന്നും അങ്ങനെയല്ലാത്തത് എന്തെന്നുമുള്ള വിഷയം മികച്ച കണക്ക് ശാസ്ത്രത്തിലൂടെ പരിഹരിക്കാനാവില്ല.

പ്രശ്നം ആരാണ് ഉള്ളടക്കം പരിശോധിക്കേണ്ടത് എന്നതല്ല. അത് ഉള്ളടക്കത്തിന്റെ സ്രഷ്ടാക്കളുടെ കടമ തന്നെയാണ്. അതായത് ഇത്തരം പ്ലാറ്റ്ഫോമുകളുടെ പ്രായോജകർ തന്നെയാണത് ചെയ്യേണ്ടത്; തങ്ങൾ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുതന്നെയാണ് അത് ചെയ്തത് എന്ന് ഉറപ്പുവരുത്തേണ്ടതും അവരാണ്. അവരങ്ങനെ ചെയ്തില്ലായെങ്കിൽ ഭരണകൂടവും കണ്ടന്റ് പ്ലാറ്റ്ഫോമുകളും ഇത്തരം ഉള്ളടക്കം ഒഴിവാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ സംയുക്തമായി പ്രവർത്തിക്കേണ്ടതാണ്. ചരക്കുകൾ വിറ്റഴിക്കാൻ മാത്രമുള്ള അധികാരമല്ല, മറിച്ച് തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ ‘‘വിൽക്കാനും’’ നിയമസഭയിലെ അംഗങ്ങൾക്ക് നിയമനിർമാണവും നിയമങ്ങൾ പോലും ‘‘വിൽക്കാനും’’ ഉള്ള അധികാരം ഈ പ്ലാറ്റ്ഫോമുകൾക്കുണ്ട് എന്നതാണ് പ്രശ്നം. അവരോട് കാവൽക്കാരായി നിൽക്കണമെന്നാവശ്യപ്പെടുന്നത് ആട്ടിൻകുട്ടികളെ സംരക്ഷിക്കാൻ ചെന്നായ്ക്കളോട് ആവശ്യപ്പെടുന്നതിന് തുല്യമാണ്.

എണ്ണ മേഖലയിലെയും ധനമേഖലയിലെയും പ്രഭുക്കൾ മുൻ നൂറ്റാണ്ടുകളിൽ പ്രയോഗിച്ചതിനേക്കാൾ കൂടുതൽ അധികാരം ഇന്ന് ഈ പ്ലാറ്റ്ഫോമുകൾക്ക് പ്രയോഗിക്കാൻ കഴിയും. അവരുടെ ശിഷ്ടസ്വത്ത് അഥവാ മാർക്കറ്റ് കാപ്പിറ്റലെെസേഷൻ മിക്ക രാജ്യങ്ങളുടെയും ജിഡിപിയേക്കാൾ വളരെ ഉയർന്നതാണ്.

നമുക്കൊരു ബദൽ സമീപനം ആവശ്യമാണ്. ‘‘The curse of Bigness’’ എന്ന തന്റെ പുതിയ പുസ്തകത്തിൽ റ്റിം വു ഒട്ടേറെ ചെറിയ സ്ഥാപനങ്ങൾ സൃഷ്ടിക്കാനായി ഈ കുത്തകകളെ പൊളിച്ചടുക്കണമെന്ന് വാദിക്കുന്നു; വൻകിട എണ്ണക്കമ്പനികളോടും Ma Bell/AT &T എന്നിവയോടും സ്വീകരിച്ചിരുന്ന അതേ സമീപനം തന്നെയാണിത്. ഇന്ന് ഈ പ്ലാറ്റ്ഫോമുകൾ പശ്ചാത്തല വികസനത്തിന് അനുപേക്ഷണീയമാണെന്നും പൊതുസേവനത്തുറകളെന്ന നിലയിലോ പൊതു ഉടമസ്ഥതയിലുള്ളതെന്ന നിലയിലോ ഇവയെ നിയമപരമായി നിയന്ത്രിക്കേണ്ടതാണെന്നും നീതിയുക്തവും തുല്യതയിലധിഷ്-ഠിതവുമായ ഇന്റർനെറ്റിനു വേണ്ടിയുള്ള ഡൽഹി പ്രഖ്യാപന (ഡൽഹി ഡിക്ലറേഷൻ ഫോർ എ ജസ്റ്റ്‌ ആൻഡ് ഇക്വിറ്റബിൾ ഇന്റർനെറ്റ്)ത്തിൽ ‘‘ദി ജസ്റ്റ്‌ നെറ്റ് കോഅലിഷൻ’’ (The Just Net Coaltion) എന്ന സംഘടന നിർദ്ദേശിച്ചിട്ടുണ്ട്.

സാങ്കേതികവിദ്യ ഒട്ടേറെ സാധ്യതകൾ സൃഷ്ടിക്കുന്നു. നമ്മളാണ് ഈ സാധ്യതകളെ യാഥാർത്ഥ്യമാക്കേണ്ടത്. മാധ്യമങ്ങൾ പ്രവർത്തിക്കുന്ന സാമൂഹിക– സാമ്പത്തിക ഘടനകളിലുൾപ്പെടെ ഈ സാധ്യത യാഥാർത്ഥ്യമാക്കേണ്ടതാണ്. സെർച്ച് എൻജിനുകളുടെയും സോഷ്യൽ മീഡിയയുടെയും പ്ലാറ്റ്ഫോം ഇക്കണോമിയുടെയും ഉയർച്ചയ്ക്ക് ഇടയാക്കിയ ബഹുജന ആശയവിനിമയത്തിന്റെ സാങ്കേതികവിദ്യ അടിമുടി മാറ്റപ്പെടുന്നില്ലായെങ്കിൽ ഇതൊന്നും തന്നെ സംഭവിക്കില്ല. എന്നാൽ ഈ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞാൽ മനുഷ്യരാശിയുടെ വിശാലമായ ലക്ഷ്യങ്ങൾക്കും കൂടുതൽ മാനുഷികമുഖമുള്ള സമൂഹത്തിനും അനുയോജ്യമായ വിധം അവയെ കൊണ്ടുവരാൻ കഴിയേണ്ടതാണ്. ദൃശ്യശ്രാവ്യരൂപത്തിലുള്ള വാർത്തകളുടെയോ വീക്ഷണങ്ങളുടെയോ മൊത്തത്തിലുള്ള ഉത്പാദന ഉപകരണങ്ങളും സാങ്കേതിക വിദ്യയും ആരുടെ കൈവശമാണ് എന്നതാണ് മുഖ്യ വിഷയം. മൂലധനമാണോ ഈ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളാണോ അത് കൈവശം വച്ചിട്ടുള്ളത്? ഇതാണ്, പൊതുമണ്ഡലത്തിന്റെ പൊതു ഉടമസ്ഥതയാണ്, ഇന്ന് നമുക്കു മുന്നിലുള്ള ചരിത്രത്തിന്റെ വെല്ലുവിളി. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + 11 =

Most Popular