Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഹിന്ദുത്വ മാധ്യമ ആവാസവ്യവസ്ഥ

ഹിന്ദുത്വ മാധ്യമ ആവാസവ്യവസ്ഥ

സുകുമാര്‍ മുരളീധരന്‍

സുകുമാര്‍ മുരളീധരന്‍

2020 ആരംഭത്തില്‍ ഡല്‍ഹിയില്‍ അക്രമാസക്തമായ കലാപപരമ്പരയ്ക്ക് തിരികൊളുത്തിയ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന്റെ പേരില്‍ അപഖ്യാതി സമ്പാദിച്ച, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യുടെ ഭാരവാഹി കപില്‍ മിശ്ര, തന്റെ ട്വിറ്റര്‍ ഹാൻഡിലില്‍ 2020 നവംബറില്‍ ഒരു ഫോം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. “ഹിന്ദു ആവാസവ്യവസ്ഥ” (Hindu Ecosystem) എന്നു പേരിട്ട്, താൻ തുടങ്ങാന്‍ നിശ്ചയിച്ച ഒരു സംഘത്തിലേക്ക് സന്നദ്ധസേവകരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു അത്. വിശ്വാസമോ, കുറഞ്ഞപക്ഷം ആ വിശ്വാസത്തെ സങ്കുചിതമായ വിഭാഗീയോദ്ദേശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന പാർട്ടിയോ വിലപ്പെട്ടതായി കരുതുന്ന വിവിധ വിഷയങ്ങളുടെ, പ്രചാരണമാണ് അതിന്റെ ലക്ഷ്യം. രണ്ടു ദിവസത്തിനുള്ളില്‍ അതിൽ 16,000 സന്നദ്ധസേവകര്‍ ഒപ്പുവച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

ഒപ്പുവച്ചവരില്‍ രണ്ടു പേര്‍, പൊതുധാരണയെ അടിസ്ഥാനമാക്കിയുള്ള മാധ്യമവിമര്‍ശനം സവിശേഷമായി കൈകാര്യം ചെയ്യുന്ന വെബ്സൈറ്റിലെ മാധ്യമപ്രവര്‍ത്തകരാണ്. 2020 ജനുവരിയില്‍ അവര്‍, രണ്ടുമാസക്കാലം “ഹിന്ദു ആവാസവ്യവസ്ഥ”യെ നിരീക്ഷിച്ചതിന്റെ ഫലം പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ അനുമാനത്തില്‍ “ആവാസവ്യവസ്ഥ”യുടെ ഉദ്ദേശ്യമെന്നത്, ലളിതമായ പ്രവര്‍ത്തനരീതി ഉപയോഗിച്ച് ട്വിറ്റർ സ്പാം ചെയ്യുക എന്നതാണ്.- ഈ ആവാസവ്യവസ്ഥാസന്നദ്ധസേവകര്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഉയർത്തിക്കാണിക്കുന്നതിനുവേണ്ടി, വലിയ തോതിലുള്ള പ്രചാരവേലയും ഒരു കൂട്ടം വ്യാജവാര്‍ത്തകളും സജ്ജമാക്കി “എല്ലാ ആഴ്ചയിലും ഓരോ പ്രമേയം തെരഞ്ഞെടുത്ത്, ആ പ്രമേയത്തെ ചുറ്റിപ്പറ്റി തീവ്രമായ ക്യാമ്പയ്ൻ നടത്തുന്നു” എന്നാണ് അന്വേഷണം വെളിവാക്കിയത്.

ട്വിറ്ററില്‍ പോസ്റ്റു ചെയ്യേണ്ടുന്ന സന്ദേശത്തിനായി സന്നദ്ധഭടന്മാര്‍ക്ക് പലപ്പോഴും ലഭ്യമാക്കിയിരിക്കുന്ന ലിങ്കില്‍ ഒന്ന് തൊട്ടാല്‍ മതിയാകും. സാഹിത്യകൃതികളില്‍ തുടങ്ങി ടിവി പരിപാടികളും സിനിമകളുമടക്കം ഏതെങ്കിലും തരത്തിലുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം സര്‍വസാധാരണമാണ്. മൂന്ന് ‘‘കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍” ക്ക് എതിരായ പ്രക്ഷോഭങ്ങള്‍ അതിന്റെ പാരമ്യത്തിലായിരുന്നപ്പോള്‍, ശ്രദ്ധയാകര്‍ഷിക്കുന്ന അന്തര്‍ദേശീയ പോപ് താരം റിഹാന, ഹിജാബ് ധരിച്ചിരിക്കുന്നതായ, മോര്‍ഫ് ചെയ്ത ചിത്രം പങ്കുവയ്ക്കപ്പെട്ടു.

മറ്റു സാധാരണ വിഷയങ്ങളോടൊപ്പം, സനാതന ധര്‍മ്മം, ഭാരതീയ ക്ഷേത്രങ്ങളുടെ വാസ്തുശില്പകലയുടെ മഹത്വം, മുസ്ലീം ആക്രമണകാരികള്‍ വിശ്വാസികള്‍ക്കു നേരെ നടത്തിയ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളും “ആവാസവ്യവസ്ഥ”യിലൂടെ പ്രചരിപ്പിക്കപ്പെട്ടു. അതുപോലെ, മുസ്ലീം ജനസംഖ്യയില്‍ വലിയ പെരുപ്പമുണ്ടാകുന്നെന്നും ഹിന്ദുക്കള്‍ക്ക് അവരുടേതെന്ന് അവകാശപ്പെടാന്‍ ആകെയുള്ള രാജ്യത്ത് അവര്‍ ന്യൂനപക്ഷമാകുന്ന ഭീഷണിയുണ്ടെന്നും ഉയര്‍ത്തിക്കാട്ടി ജനസംഖ്യാപരമായ കാര്യങ്ങളും പ്രചരണത്തിന് സ്വീകരിച്ചു. അന്വേഷണാത്മക പ്രവര്‍ത്തനത്തിലൂടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ കണ്ടെത്തലിനെ ഇങ്ങനെ സംക്ഷേപിക്കാം-, “വർഗീയ വിദ്വേഷമുണ്ടാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി സംഘടിതമായ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന 20,000ത്തിലധികം ആളുകളുടെ ഒരു ശൃംഖലയെയാണ് കപില്‍ മിശ്ര നയിക്കുന്നത”.

ഹിന്ദു ആവാസവ്യവസ്ഥ എന്തിനു വേണ്ടിയാണെന്ന വാര്‍ത്ത വന്നയുടനെ സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കപില്‍ മിശ്രയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രവണത ട്വിറ്ററില്‍ രൂപംകൊണ്ടു. ഒരു പ്രത്യേക വിഷയത്തിലുണ്ടാകുന്ന സന്ദേശത്തിന്റെ ആവൃത്തി പരിശോധിക്കുന്ന ട്വിറ്ററിലെ ഈ രീതിയെ മറികടന്ന്, അധികം താമസിയാതെ തന്നെ മറ്റൊന്ന് ശക്തിപ്പെട്ടു. സാമൂഹിക മാധ്യമങ്ങളില്‍ നിശ്ചിത വിഷയങ്ങള്‍ എത്രയാവൃത്തി ആവിഷ്കരിക്കപ്പെട്ടു എന്ന് കാണിക്കുന്ന ട്വിറ്റര്‍ “ഹാഷ്ടാഗ്സി’നിടയിലെ യുദ്ധത്തില്‍ “ഞാന്‍ കപില്‍ മിശ്രയോടൊപ്പം നില്ക്കുന്നു” എന്ന ഹാഷ്ടാഗ് അദ്ദേഹത്തിനെതിരായ ആഹ്വാനങ്ങളെ വളരെ പെട്ടെന്ന് അതിവര്‍ത്തിച്ചു.

2021 മെയ് മാസത്തില്‍ ബിജെപി പ്രചാരകനും ടിവി പ്രൈംടൈമിലെ പോരാളിയുമായ സമ്പിത് പത്ര, ഒരു രേഖ ട്വീറ്റ് ചെയ്തു. മാരകമായ കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടാന്‍ നരേന്ദ്രമോദി ഗവണ്‍മെന്റ് ഫലപ്രദമല്ലെന്നും കാര്യക്ഷമമല്ലെന്നും വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ്സ് എങ്ങനെയാണ് പ്രചാരവേല നടത്തുന്നത് എന്ന് കാണിക്കുന്ന രേഖയായിരുന്നു അത്. “പണിയായുധപ്പെട്ടി” (toolkit) എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ ചിത്രം, പല സമയങ്ങളിലുള്ള വിഭിന്ന ചിത്രങ്ങളുടെ കലര്‍പ്പാണെന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട പൊലീസ് കേസാകയാല്‍ കോണ്‍ഗ്രസ്സിന്റെ പരാതിയോട് ട്വിറ്റര്‍ പ്രതികരിച്ചത്, പത്രയുടെ ട്വീറ്റ് “കൃത്രിമം കാണിച്ച മാധ്യമം’ എന്ന് അടയാളപ്പെടുത്തിക്കൊണ്ടാണ്.

ദിവസങ്ങള്‍ക്കകം, ഡല്‍ഹി പോലിസ് കോണ്‍ഗ്രസിന്റെ പരാതിയില്‍ നടപടിയെടുക്കുകയാണ് എന്ന് പ്രത്യക്ഷത്തില്‍ തോന്നുംവിധം റെയ്ഡ് നടത്തി.- എന്നാല്‍, കുറ്റാരോപിതന്റെ ഗൃഹപരിസരമല്ല, മറിച്ച് ട്വിറ്ററിന്റെ ഓഫീസുകളാണ് റെയ്ഡ് ചെയ്യപ്പെട്ടത്. സാമ്പ്രദായിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമപ്രകാരം, വ്യാജമായ ഉള്ളടക്കത്തിന് റിപ്പോര്‍ട്ടറും എഡിറ്ററും പ്രസാധകനും ഒരേപോലെ ഉത്തരവാദിത്തമുള്ളവരാണ്. പക്ഷേ, സാമൂഹിക മാധ്യമങ്ങളുടെ ഈ കാലഘട്ടത്ത് ദശലക്ഷക്കണക്കിന് സന്ദേശങ്ങളുടെ കൈമാറ്റത്തിന് ഓരോ പ്ലാറ്റ്ഫോമും സാക്ഷ്യം വഹിക്കുമ്പോൾ ഈ വേര്‍തിരിവുകള്‍ നിര്‍ണായകമാണെന്നു മാത്രമല്ല, മിക്ക നിയമസംവിധാനങ്ങളിലും ഇപ്പോഴും ക്രോഡീകരിക്കപ്പെട്ടിട്ടുമില്ല. ഇത്തരം സൂക്ഷ്മമായ വ്യത്യാസങ്ങളൊന്നും ഡല്‍ഹി പോലീസ് കാര്യമാക്കിയതുമില്ല. അവര്‍, വ്യക്തമായും വ്യാജമായ ഒന്നിനെ സത്യമുള്ള കാര്യമാക്കി മാറ്റാനുള്ള ഒരു നയപരിപാടിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളുടെ 
ദുരുപയോഗം
സാമൂഹിക മാധ്യമങ്ങളുടെ ശക്തി ദുര്‍വിനിയോഗം ചെയ്യുന്നതു സംബന്ധിച്ച, – അനന്തമായി വലുതായിക്കൊണ്ടിരിക്കുന്നതും നീണ്ടുകൊണ്ടിരിക്കുന്നതുമായ പട്ടികയില്‍ നിന്നുള്ള രണ്ട് സംഭവങ്ങളാണ് ഇവ. വിവര പ്രവാഹങ്ങളുടെ ലോകത്തിനുമേലുള്ള തടസ്സമേതുമില്ലാത്ത മേല്‍ക്കോയ്മ ഉറപ്പാക്കാന്‍ ബിജെപി ഉപയോഗിക്കുന്ന തന്ത്രങ്ങളിലേക്ക് അവ വെളിച്ചം വീശി. രണ്ട് വഴികള്‍ ഉപയോഗത്തിലുണ്ട്: ഒന്നുകില്‍ സംഖ്യാബലത്തിലൂടെ പൂര്‍ണമായി പരാജയപ്പെടുത്തുക, അല്ലെങ്കില്‍ നിയമം പ്രയോഗിച്ച് നിശബ്ദമാക്കുക. സാമൂഹികശാസ്ത്രജ്ഞനായ തോമസ് ബ്ലോം ഹാന്‍സന്‍ നിരീക്ഷിച്ചപോലെ‍, നിയമം പ്രയോഗിക്കുന്നതിനേക്കാൾ ബലം പ്രയോഗിക്കലാണ് കൂടുതലായും ഇന്ത്യയിൽ നടക്കുന്നത്. രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നോട്ടു വച്ച പക്ഷപാതപരമായ ആശയങ്ങള്‍കൊണ്ട് പിടിച്ചുനിൽക്കാന്‍ കഴിയാതെ വരുമ്പോള്‍,‍ വ്യാജത്തെ സത്യമാക്കി മാറ്റുന്നതിന്, ഭരണകൂടത്തിന്റെ ബലപ്രയോഗം അടിച്ചേൽപിക്കപ്പെടും.

ഇത്തരം സംഭവങ്ങള്‍, തത്ത്വചിന്തകയായ ഹന്ന ആറന്‍റ് (Hannah Arendt) 1967ല്‍ എഴുതിയ സമഗ്രവും ഉള്‍ക്കാഴ്ചയുള്ളതുമായ ഒരു പ്രബന്ധത്തില്‍ മുന്നോട്ടുവച്ച പ്രമേയങ്ങളുടെ ശക്തമായ പ്രതിധ്വനിയാകുന്നുണ്ട്. “ട്രൂത്ത് ആൻഡ് പൊളിറ്റിക്സ്” എന്ന പേരിലുള്ള പ്രബന്ധം, 1920 കളില്‍ ഒന്നാം ലോകയുദ്ധത്തിന്റെ സമയത്ത് ഫ്രാന്‍സിലെ പ്രധാനമന്ത്രിയായിരുന്ന ജോര്‍ജ് ക്ലെമെന്‍ഷേോയും വെയ്മര്‍ റിപ്പബ്ലിക്കിന്റെ പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോകുന്ന ജര്‍മ്മനിയില്‍ നിന്നുള്ള സൗഹൃദമനോഭാവമുള്ള ഒരു സന്ദര്‍ശകനും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തുന്നുണ്ട്. ആ സംഭാഷണം കടന്നുപോകുകയും ചെയ്യുന്നു (നാസിസത്തിന്റെ ആഘാതം വളരെ വിദൂരമായിരുന്നപ്പോഴും). ഒന്നാം ലോകയുദ്ധത്തിന്റെ കാരണങ്ങളെ ക്കുറിച്ച് ഭാവിചരിത്രകാരന്‍മാര്‍ പ്രതിപാദിക്കുമോ എന്നാണ് ക്ലെമെന്‍ഷോയോട് ഉന്നയിക്കപ്പെട്ട ചോദ്യം. രണ്ട് ദശാബ്ദത്തിലധികം നിലനിന്ന മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും നിഷ്ഠൂരമായ യുദ്ധത്തിന്, വിനാശത്തിന് തിരികൊളുത്തിയതിന്റെ ഉത്തരവാദിത്വം ആരാണ് കൈക്കൊള്ളുക? യുദ്ധസമയത്തെ ഒരു ദേശീയ നേതാവെന്ന നിലയ്ക്ക് ക്ലെമന്‍ഷോയ്ക്ക് തന്റെ രാഷ്ട്രീയതാത്പര്യങ്ങളെക്കുറിച്ച് തികഞ്ഞ വ്യക്തത ഉണ്ടായിരുന്നെങ്കിലും ഈ കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഭാവി ചരിത്രകാരന്‍മാരുടെ വിലയിരുത്തലുകളില്‍ വലിയൊരു ചോദ്യമാണത്, അതാകട്ടെ ക്ലെമന്‍സോവിന് ഉത്തരം നല്കാനാകാത്തതും. എന്നാലും, “ബെല്‍ജിയം ജര്‍മ്മനിയെ ആക്രമിച്ചു” എന്ന് വാദിച്ചുകൊണ്ട് ഭാവി ചരിത്രകാരർ തന്റെ വിശ്വാസ്യതയെ അപകടത്തിലാക്കുകയില്ല എന്ന് ക്ലെമെന്‍സോവിന് ഏതാണ്ട് അറിവുണ്ടായിരുന്നു.

മാധ്യമരംഗത്തെ കുത്തകാധികാരം
“1914 ആഗസ്റ്റ് 4ന് രാത്രി ജര്‍മ്മന്‍ സൈന്യം ബല്‍ജിയത്തിന്റെ അതിര്‍ത്തി കടന്നു” എന്നത് രേഖപ്പെടുത്തപ്പെട്ട വസ്തുതയാണെന്നുള്ളതു കൊണ്ട് ആറെന്റ് ആ കാര്യം തിരിച്ചറിയുന്നു. കൃത്യമായി രേഖപ്പെടുത്തപ്പെട്ട വസ്തുതകളില്‍ മാറ്റം വരുത്താന്‍, പരിഷ്കൃത ലോകത്തിന്‍മേലാകെയുള്ള കുത്തകാധികാരത്തില്‍ കുറഞ്ഞ ഒന്നും മതിയാവില്ലെന്ന് അവര്‍ വാദിക്കുന്നു. പക്ഷേ, അത്തരത്തിലുള്ള ഒരു കുത്തകാധികാരം ‘‘സങ്കല്പാതീതം” ആണോ? ദേശീയമോ സാമൂഹികമോ ആയ അധികാരതാത്പര്യങ്ങളുടേതാണ് ഈ കാര്യങ്ങളിലെ അന്തിമവാക്കെങ്കില്‍, വസ്തുതാപരമായ സത്യങ്ങളുടെ വിധി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പ്രയാസമില്ല’ എന്ന് അറെന്റ് പറഞ്ഞുനിര്‍ത്തുന്നു.

വ്യാവസായിക സമൂഹത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ വര്‍ഗ്ഗസംഘര്‍ഷങ്ങള്‍ മൂര്‍‍ച്ഛിച്ചപ്പോള്‍ കക്ഷി പോരിനുള്ള പോര്‍ക്കളമായി പത്രം അവശേഷിച്ചു എന്ന കേട്ടുതഴമ്പിച്ച ഒരു പറച്ചിലുണ്ട്. എന്നാല്‍ വ്യാവസായിക സമൂഹം പാകപ്പെടുകയും വിശാല ജനാധിപത്യമൂല്യങ്ങള്‍ക്ക് മേല്‍ക്കൈ ഉണ്ടാവുകയും ചെയ്തതോടെ, പത്രസ്വാതന്ത്ര്യമെന്നത് നിയമാനുസൃതമായ ഭരണനിര്‍വഹണത്തിന്റെ ശക്തമായ സംരക്ഷിതമൂല്യമായി മാറി. പത്രത്തിന്റെ വ്യവസായവത്കരണവും പത്രപ്രവര്‍ത്തനത്തെ വൈദഗ്ധ്യം വേണ്ട തൊഴിലാക്കി മാറ്റലും അതോടൊപ്പം സംഭവിച്ചു. ജയിംസ് കറനും (James Curran) ജീന്‍ സിറ്റണും (Jean Seton) അവരുടെ സമഗ്രവും പരക്കെ വായിക്കപ്പെട്ടതുമായ ‘ബ്രിട്ടീഷ് പത്രത്തിന്റെ വളര്‍ച്ച’യെക്കുറിച്ചുള്ള വിവരണത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ: “ഭരണകൂടത്തിനെതിരെയുള്ള വീരോചിതമായ പോരാട്ടത്തിന്റെ അനന്തരഫലമായിട്ടാണ് പത്രം ഭാഗികമായി സ്വതന്ത്രമായത്… രാഷ്ട്രീയമായ നിയന്ത്രണത്തില്‍ നിന്ന് പത്രത്തിന്റെ സാമ്പത്തികമായ വിമോചനം… പരസ്യവ്യവസായത്തില്‍ നിന്നുള്ള പത്രലാഭത്തിന്റെ വളര്‍ച്ച സാമ്പത്തികമായി ഭരണകൂടത്തിനെ ആശ്രയിക്കുന്നതില്‍ നിന്ന് പത്രത്തെ രക്ഷിച്ചു എന്നു പറയപ്പെടുന്നു’’.

പ്രത്യയശാസ്ത്രവക്താക്കളും ലിബറൽ ജനാധിപത്യത്തിന്റെതായ പുതിയ കാലത്തെ പ്രവാചകരുമായി അനവധിയാളുകളുണ്ട്, എന്നാല്‍ അവരി‍ല്‍ രണ്ടു പേരെ പരിഗണിച്ചാല്‍ മതിയാകും: ഇമ്മാനുവല്‍ കാന്റും ജോണ്‍ സ്റ്റുവര്‍ട്ട് മില്ലും. ബൂര്‍ഷ്വ ജനാധിപത്യം പ്രാരംഭദശയില്‍ നിന്ന് പൂര്‍ണമായി വികസിച്ച ദശയിലേക്ക് വളര്‍ന്ന ഏകദേശം മുക്കാല്‍ നൂറ്റാണ്ടിന്റെ വ്യത്യാസമേ അവര്‍ തമ്മിലുള്ളൂ. ഒരുപക്ഷേ, യൂറോപ്യന്‍ “ജ്ഞാനോദയം”(enlightenment) എന്ന് അറിയപ്പെട്ട, കാന്റ് പറഞ്ഞപോലെ പഴയ പ്രാമാണികരുടെ രക്ഷാകര്‍ത്തൃത്വത്തില്‍ നിന്ന് രക്ഷപ്പെടുന്ന അവസ്ഥയുടേതായ കാലത്തെ വലിയ ചിന്തകരില്‍ ഒരാളാണ്, കാന്റ്. എപ്പോഴാണോ ഓരോ വ്യക്തിയും ‘‘സാർവത്രിക നിയമസംവിധാനത്തിന്റെ” (universal legislation) തത്ത്വങ്ങളുടെ, ന്യായമായതും നന്നായി രൂപീകരിക്കപ്പെട്ടതുമായ വിധിന്യായത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്, എപ്പോഴാണോ ഒരുവന്‍, അവന്‍ ശക്തിപ്പെടുത്തുകയും ഉത്തരവാദിത്തമേല്‍ക്കുകയും ചെയ്യേണ്ടുന്ന നിയമങ്ങള്‍ക്ക് സ്വമേധയാ വഴങ്ങുന്നത് അപ്പോള്‍ അതാണ് ജ്ഞാനദീപ്തമായ ഭരണകൂടം.

മത്സരാധിഷ്ഠിത വിപണി
ഒരു മത്സരാധിഷ്ഠിത വിപണി, അതിന്റെ എല്ലാ സംഘര്‍ഷങ്ങളോടെയും ദുർവിനിയോഗത്തിനുള്ള സാധ്യതകളോടെയും തന്നെ, മാനവപുരോഗതിയ്ക്കുള്ള ഏറ്റവും മികച്ച ഉറപ്പുനല്കുന്ന ഒന്നായിരിക്കുമെന്ന സിദ്ധാന്തം അവതരിപ്പിച്ച ആദം സ്മിത്തിന്റെ സമകാലികനായിരുന്നു കാന്റ്. തീര്‍ച്ചയായും, രാഷ്ട്രീയാശയങ്ങളുടെ മാത്സര്യത്തെക്കുറിച്ചും തികഞ്ഞ പൗരസംബന്ധിയായ ഭരണഘടനയുടെ പരിണാമത്തെക്കുറിച്ചുമുള്ള കാന്റിന്റെ ചിന്തകള്‍, “ആശയങ്ങളുടെ വിപണനസ്ഥലം” എന്ന സങ്കല്പത്തിന്റെ പ്രാരംഭ കരടുരൂപമായി കണക്കാക്കാം. കാര്യമായ വിലക്കുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍,‍ ‘‘ആശയങ്ങളുടെ വിപണനസ്ഥലം’’ എന്നത് വിവേകികളായ വ്യക്തികള്‍ സംവദിക്കുകയും അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുകയും തുറന്ന അന്വേഷണബുദ്ധിയോടെ കാര്യക്ഷമമാകുകയും ചെയ്യുന്ന ഇടമാകുകയും, മികച്ചവര്‍ ഉയര്‍ന്നുവരികയും അല്ലാത്തവര്‍ പിന്‍വാങ്ങുകയും ചെയ്യുമെന്ന് ഉറപ്പാക്കുകയും ചെയ്യും. ഭരണനിര്‍വ്വഹണ വ്യവസ്ഥ, ജ്ഞാനോദയത്തിന്റെ സ്വഭാവത്തിന് ഏറ്റവും അനുയോജ്യമാകുമെന്നതാണ് എറ്റവും നല്ല ഉറപ്പ്.

സ്വസ്ഥവും അക്ഷോഭ്യവുമായ അവസ്ഥയായിരുന്ന, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍,കുറഞ്ഞത് യൂറോപ്യന്‍ ഭൂഖണ്ഡത്തെ സംബന്ധിച്ചിടത്തോളമെങ്കിലും, ആഫ്രിക്ക കീഴടക്കല്‍ അപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ജോണ്‍സ്റ്റുവര്‍ട്ട് മില്‍ അതിലേക്ക് വലിയ ശ്രദ്ധയൊന്നും നല്കിയില്ല, എന്നിരിക്കിലും, സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അദ്ദേഹം പരിപൂര്‍ണമായ പ്രതിജ്ഞാബദ്ധത കാണിച്ചു. പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അദ്ദേഹം അത്ര യത്നിച്ചില്ല, ഒരുപക്ഷേ, അദ്ദേഹത്തിന്റെ കാലത്തെ എല്ലാ പുരോഗമന ചിന്തകരെയും പോലെ, സ്വതന്ത്ര ഇച്ഛാശക്തിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിയമങ്ങള്‍ കൊണ്ട്, എല്ലാ ശബ്ദങ്ങളും കേള്‍ക്കാനാകുമെന്ന് മില്‍ അനുമാനിച്ചു. ഏതെങ്കിലും അഭിപ്രായപ്രകടനത്തെ നിയന്ത്രിക്കുന്ന അധികാരം, നിശബ്ദമാക്കപ്പെടുന്ന ശബ്ദം നിരാശാജനകമാംവിധം ഒറ്റതിരിഞ്ഞതാണെങ്കിലും നിസ്സംശയം തെറ്റാണെങ്കിലും, എന്തുതന്നെയായാലും അഭിപ്രായപ്രകടനം തടയുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം കരുതി.

ഭൂരിപക്ഷത്തിന് തെറ്റുപറ്റാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, ഇനി അവിതര്‍ക്കിതമായി ശരിയാണെങ്കില്‍ കൂടി തെറ്റിനോടുരസി മൂര്‍ച്ചപ്പെടുത്തി മാത്രമേ സത്യത്തിനുമേല്‍ പിടിമുറുക്കാനാകൂ. “നിശ്ചിതമായ വിചാരങ്ങളുടെ ഗാഢനിദ്രയില്‍” സ്വയം നഷ്ടപ്പെടാതിരിക്കാന്‍ സമൂഹം, വ്യവസ്ഥാപിതമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അദ്ദേഹം ഉപസംഹരിക്കുന്നു, “പച്ചപരമാര്‍ത്ഥം പറയുകയാണെങ്കില്‍, ലോകത്താകമാനമുള്ള പൊതുവായ ഒരു പ്രവണത, സാമാന്യമായതിനെ മനുഷ്യവംശത്തിനിടയിലുള്ള ഉന്നതാധികാരത്തിന് അടിയറ വെയ്ക്കുക എന്നതാണ്.” പൊതുജനം പല രീതിയില്‍ രൂപീകരിക്കപ്പെടാം: യു എസില്‍ അത് തീര്‍ത്തും വെള്ളക്കാരുടെ ജനസമൂഹമാണ്, ബ്രിട്ടനിലാകട്ടെ,‍ “പ്രധാനമായും മധ്യവര്‍ഗ”മാണ്. വൈവിധ്യങ്ങളെ കണക്കിലെടുക്കാതെയെങ്കില്‍, “പൊതുജനം” എപ്പോഴും ഒരു “കൂട്ടം” ആണ്, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, “ഇടത്തരക്കാരുടെ ഒരു കൂട്ടം”. മില്‍ തന്റെ കാലത്ത് നിരീക്ഷിച്ച ഒറ്റ പുതുമ, മുമ്പ് ഭയഭക്തികള്‍ താങ്ങിനിര്‍ത്തിയ മതത്തിന്റെയും ഭരണകൂടത്തിന്റെയും പ്രമാണങ്ങളില്‍ നിന്നോ അല്ലെങ്കില്‍ സമൂഹത്തില്‍ നേതാവായി കാണപ്പെടുന്നവരില്‍ നിന്നോ അല്ല, ബഹുജനം അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചത് എന്നതാണ്. അതിനേക്കാള്‍, “അവരുടെ ചിന്തകള്‍, അവരെപ്പോലെതന്നെയുള്ള മനുഷ്യര്‍ അവര്‍ക്കുവേണ്ടിചെയ്യുന്നതാണ്, വാര്‍ത്താപത്രങ്ങളിലൂടെ മുന്നാലോചനകളൊന്നുമില്ലാതെ,അവരെ അഭിസംബോധന ചെയ്യുന്നതും അവരുടെ പേരില്‍ സംസാരിക്കുന്നതുമാണ്”.

പത്രപ്രവര്‍ത്തം വൈദഗ്ധ്യമാവശ്യമുള്ള തൊഴിലാണെന്ന് കരുതപ്പെടുകയും വസ്തുനിഷ്ഠമായ സത്യം കണ്ടെത്തുകയും ചെയ്യുന്ന വ്യാവസായിക പത്രത്തിന്റെ കാലത്ത്, രക്ഷാകര്‍ത്തൃത്വത്തിന്റെ പുതിയൊരു രൂപം, പള്ളിയും ഭരണകൂടവും പോലെ മുമ്പുണ്ടായിരുന്ന രൂപങ്ങളോട് വളരെ അടുത്ത സാദൃശ്യമുള്ളതാണോ? മില്ലിനും വര്‍ഷങ്ങള്‍ക്കു മുമ്പ്, സമൂലമായ സാമൂഹിക മാറ്റം കാംക്ഷിക്കുന്ന യുവപത്രപ്രവര്‍ത്തകനെന്ന നിലയില്‍ കാറൽ മാര്‍ക്സ്, പ്രഷ്യയിലെ റൈന്‍ലാന്റ് പ്രവിശ്യയിലെ പത്ര സെന്‍സര്‍ഷിപ്പെന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചു. ഫ്യൂഡലിസത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന സാമൂഹികക്രമങ്ങളുടെ വിശാല ലക്ഷ്യങ്ങളുമായി പത്രസ്വാതന്ത്ര്യത്തിന് എത്രത്തോളം ഒത്തുപോകാനാകും എന്നതില്‍ ധാരാളം അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പിലുണ്ടായി. “സവിശേഷമായ പത്രസ്വഭാവം” (specific estate spirit)- സമൂഹത്തിന്റെ വ്യത്യസ്തക്രമങ്ങളെ പത്രങ്ങളിലെ സംവാദങ്ങളേക്കാള്‍ വ്യക്തമായും നിശ്ചയമായും പൂര്‍ണമായും ആവിഷ്കരിക്കുന്ന മറ്റൊരു മണ്ഡലമുണ്ടാവില്ലെന്ന് മാര്‍ക്സ് നിരീക്ഷിച്ചു. പത്രസ്വാതന്ത്ര്യത്തെ എതിര്‍ക്കാനായി മുന്നോട്ടുവയ്ക്കപ്പെട്ട ബഹുവിധമായ കാര്യകാരണങ്ങളില്‍ ഇത് പ്രത്യേകിച്ചും അങ്ങനെയാണ്. പത്രസ്വാതന്ത്ര്യം മനസ്സിലാക്കപ്പെട്ടത്, എല്ലാ വ്യക്തികളുടെയും ആവിഷ്കാരസ്വാതന്ത്ര്യമെന്ന വിശാലാര്‍ത്ഥത്തിലാണ്, അത് പൊതുവായുള്ള സ്വാതന്ത്ര്യമായിരുന്നു. പക്ഷേ, ജനസാമാന്യത്തിന് വേണ്ടി സംസാരിക്കുകയാണ് എന്ന് ഉജ്ജ്വലമായ നാട്യത്തോടുകൂടി, ഓരോ പ്രമുഖ വ്യക്തിയും ഒരു പ്രശ്നത്തില്‍ അവര്‍ എടുത്ത നിലപാടില്‍ അവരുടെ സാമൂഹികമായ വര്‍ഗതാത്പര്യം പ്രകടമാകും.വര്‍ത്തമാനപത്രങ്ങള്‍ അവരുടെ പ്രത്യേകമായ അവകാശമെന്ന് വാദിച്ചുകൊണ്ട്, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കാനുള്ള പൊതുവായ ഉദ്ദേശ്യം പ്രകടിപ്പിച്ചുകൊണ്ട്, പ്രതിനിധികളിലൂടെ സംസാരിക്കുന്ന വര്‍ത്തമാനപത്രങ്ങളാണ് ഇവ.

മാര്‍ക്സിന്റെ നിരീക്ഷണം
മാര്‍ക്സിന്റെ ആജീവനാന്തദൗത്യം സമൂലമായ രാഷ്ട്രീയ പരിവര്‍ത്തനമായിരുന്നല്ലോ. അപ്പോൾ, അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ച അവകാശങ്ങളില്‍ ഒന്നാമതായിട്ടുണ്ടായിരുന്നത് പത്രസ്വാതന്ത്ര്യമാണ്. പ്രത്യക്ഷത്തില്‍ തന്നെ ധാരാളം രാഷ്ട്രീയനിലപാടുകളുണ്ടായിരുന്നു, പലതും അങ്ങേയറ്റം ചിന്താശൂന്യങ്ങളായിരുന്നു. അദ്ദേഹം കൈകാര്യം ചെയ്തത് അസംബന്ധമായ നിലപാടുകളെയായിരുന്നു. റൈന്‍ലാന്റിലെ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയുടെ നടപടിക്രമങ്ങള്‍ വീക്ഷിക്കുമ്പോള്‍, മാര്‍ക്സ് കേട്ട പ്രസംഗങ്ങളില്‍ ഒന്ന് ഒരു രാജപ്രതിനിധിയുടേതാണ്. അതിലദ്ദേഹം പറഞ്ഞത്, ‘‘പത്രത്തെ ബന്ധിച്ചിരിക്കുന്ന വിലങ്ങുകള്‍ തെളിയിക്കുന്നത് പത്രം സ്വതന്ത്രപ്രവര്‍ത്തനത്തിന് വിധിക്കപ്പെട്ടതല്ല’’എന്നാണ്. ഇവിടെ കാണാവുന്ന അസംബന്ധ നിലപാട് നിയമത്തെയും ഭരണകൂടത്തെയും ലക്ഷ്യസ്ഥാനമായും, മനുഷ്യപ്രയത്നത്തിന്റെ പരമോന്നതാവസ്ഥയായും കാണുന്ന ജര്‍മ്മന്‍ കാല്പനികതയില്‍ അതിന്റെ സ്വാധീനം പോലെ പ്രകടമാണ്. സ്വാതന്ത്ര്യമെന്നത് മനുഷ്യന്റെ സഹജമായ അവസ്ഥയാണ്, അത് റദ്ദ് ചെയ്യുന്ന ഒരു നിയമവും എഴുതപ്പെട്ടുകൂടാ എന്ന മാര്‍ക്സിന്റെ വിപരീതാര്‍ത്ഥക നിഷേധം, പിന്നീടുള്ള വര്‍ഷങ്ങളില്‍‍ മുതലാളിത്തത്തിനു കീഴില്‍ അടിസ്ഥാനപരമായ സ്വാതന്ത്ര്യങ്ങളുടെ നിരാകരണത്തില്‍ കൂടുതല്‍ വിപുലമായ വിചാരങ്ങള്‍ക്ക് അടിസ്ഥാനമായി മാറി. “ഒരു മനുഷ്യനും സ്വാതന്ത്ര്യത്തിനെതിരെ പൊരുതുന്നില്ല, അങ്ങേയറ്റം അവന്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനെ എതിരിടുകയാണ് ചെയ്യുന്നത്” എന്ന് മാര്‍ക്സ് എഴുതി.

“പുരോഗമനോന്മുഖ യുഗം” (progressive era) എന്ന് ഐക്യനാടുകളില്‍ വിളിക്കപ്പെട്ട കാലത്ത് ഇവയിലേറെയും പുതുതായി പ്രത്യക്ഷപ്പെട്ടു. പുരോഗമനവാദിയായ പത്രപ്രവര്‍ത്തകനും നോവലിസ്റ്റും രാഷ്ട്രീയപ്രചാരകനുമായ അപ്റ്റണ്‍ സിന്‍ക്ലയര്‍ (Upton Sinclair), 1919ല്‍ ദി ബ്രാസ് ചെക്ക് (The Brass Check) എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. അതില്‍, “സ്വതന്ത്രവും വസ്തുനിഷ്ഠവും” എന്ന മുഖവാചകത്തിനു പിന്നില്‍ എങ്ങനെയാണ് പത്രം, വിശേഷാധികാരത്തിന്റെതും സമ്പത്തിന്റെതുമായ സങ്കുചിതനിരയുടെ വീക്ഷണം പ്രചരിപ്പിക്കുന്നത് എന്ന ശക്തമായ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഇപ്പോള്‍ വിസ്മൃതിയിലാണ്ടുപോകാനുള്ള പ്രവണതയുണ്ടെങ്കിലും സിന്‍ക്ലയര്‍, അക്കാലത്ത് ഐക്യനാടുകളിലെ വ്യവസായമേഖലയില്‍ പ്രബലമായ അസംബ്ലി ലൈന്‍ നിര്‍മ്മാണത്തിലെ, നിഷ്കരുണമായ ചൂഷണസ്വഭാവത്തെ തുറന്നുകാട്ടുന്ന അദ്ദേഹത്തിന്റെ കൃതിയുടെ പേരില്‍ ഇപ്പോഴും ഓര്‍ക്കപ്പെടുന്നു. എന്നിരുന്നാലും, പത്രത്തോടുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം മറവിയിലാണ്ടുപോകുന്നു, കാരണമെന്താണെന്ന് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കുന്നു. റോബര്‍ട്ട് മക്ചെസ്നി (Robert McChesney) ചൂണ്ടിക്കാട്ടിയതു പോലെ, ഇന്നത്തെ മാധ്യമം, ഉപേക്ഷയില്ലാതെ അതിന്റെ ലാഭേച്ഛയെ പിന്തുടരുന്നതിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നു. പൊതുസംവാദത്തിന്റെ സ്വരം നിര്‍ണയിക്കാന്‍ അതിനു സാധിക്കുകയും ചെയ്യുന്നു. മാധ്യമത്തിന്റെ ഏറ്റവും വലിയ നേട്ടം ഏത് തരത്തിലുള്ള പൊതുസംവാദത്തെയും അതിനെ കുറിച്ചു തന്നെയുള്ള സംഭാഷണങ്ങളെയും ബഹിഷ്കരിക്കുന്നുവെന്നതാണ്.

തീവ്രമായ മാധ്യമവിമര്‍ശനം ഒരു തരത്തിലും അപ്റ്റണ്‍ സിന്‍ക്ലയറോടു കൂടി ഇല്ലാതായില്ല. അഡ്വർട്ടെെസിങ്ങിലൂടെ നിയന്ത്രിക്കപ്പെടുന്നതും നിഷ്പക്ഷമെന്ന് സങ്കല്പിക്കപ്പെടുന്നതുമായ മാധ്യമങ്ങള്‍, വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തിവയ്ക്കുന്നുണ്ടാകാം, എന്നാല്‍ ഇന്നുവരെയുള്ള വര്‍ഷങ്ങള്‍, പുനരുജ്ജീവനത്തിനുള്ള ഒറ്റയൊറ്റയായ പരിശ്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയില്‍ ശ്രദ്ധേയമായത്, ദി മീഡിയ മൊണോപൊളി (The Media Monopoly) എന്ന 1983ലെ ബെന്‍ ബാഗ്ദികിയാന്റെ (Ben Bagdikian) ചരിത്രപ്രധാന കൃതിയാണ്. 1988ല്‍ നോം ചോംസ്കിയും എഡ്വേര്‍‍‍‍ഡ് ഹെര്‍മനും മാനുഫാക്ചറിങ് കണ്‍സന്റ് (Manufacturing Consent) എന്ന കൃതിയിലൂടെ മാധ്യമവിമര്‍ശനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും മുമ്പാണത്. അവയ്ക്ക് രണ്ടിനും പിന്നീട് ധാരാളം പതിപ്പുകളുണ്ടായി, എന്നാല്‍ ഇടയില്‍ അവഗണിക്കപ്പെട്ട ഒരു ക്ലാസിക് കൃതി, വേന്‍സ് പാക്കര്‍ഡിന്റെ (Vance Packard), 1957ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ദി ഹിഡന്‍ പെഴ്സ്വേഡേഴ്സ് (The Hidden Persuaders) എന്ന ഗ്രന്ഥമാണ്. മാധ്യമസ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കുന്നതെന്ന നിലയ്ക്കാണ് അത് കാണപ്പെട്ടത് എന്നതുകൊണ്ട് അതേറെ നിന്ദയോടെയാണ് സ്വീകരിക്കപ്പെട്ടത്.

മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ രണ്ടു തരത്തിലുള്ള ഉള്ളടക്കമാണുള്ളത്: വാര്‍ത്തകളും മുഖപ്രസംഗവുമാണ് ഒന്ന്, മറ്റൊന്ന് പരസ്യമാണ്. “സത്യം” എന്ന അവകാശവാദം അതിലൊന്നില്‍ മാത്രമാണ് ഉള്ളടങ്ങിയിരക്കുന്നത് എന്നതാണ് അവ തമ്മിലുള്ള വ്യത്യാസം. സമകാലിക പ്രസക്തിയുള്ള ഏത് വിഷയത്തിലും മാധ്യമങ്ങള്‍ അവര്‍ക്കുള്ള അഭിപ്രായത്തിന് അനുസരിച്ച്, വായനക്കാരെയോ പ്രേക്ഷകരെയോ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് വാര്‍ത്തകളും മുഖപ്രസംഗവും. ഒരു പൗരന്‍ അല്ലെങ്കില്‍ പൗര എന്ന നിലയ്ക്ക് സാമൂഹ്യ സ്റ്റേറ്റിനകത്ത് ജീവിക്കുന്നവരെന്ന നിലയ്ക്കുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ഇവയ്ക്കാകും. പരസ്യങ്ങള്‍ക്ക്, കാഴ്ചക്കാരുടെ ഉപഭോക്തൃസ്വഭാവത്തില്‍ സ്വാധീനം ചെലുത്തുക എന്ന സങ്കുചിതമായ ലക്ഷ്യമാണുള്ളത്. സത്യമാണെന്ന അവകാശവാദം അവ മുന്നോട്ട് വയ്ക്കുന്നില്ല. തീര്‍ച്ചയായും പരസ്യനിര്‍മ്മാണത്തില്‍, സാധനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ആകര്‍ഷകമായ അവതരതണ്തിനായുള്ള ആലോചനകളില്‍, പലപ്പോഴും കെെവെടിയുന്നത് സത്യത്തെയാണ്.

ആഗോള വ്യവസായത്തിന്റെ മേഖലകളില്‍ ഏറ്റവും അയഞ്ഞ രീതിയില്‍ നിരീക്ഷിക്കപ്പെടുന്നത് പരസ്യനിര്‍മ്മാണമാണ്. വാര്‍ത്താമാധ്യമം, അതിന്റെ ഭാഗധേയം നിര്‍ണയിക്കാനുള്ള ശക്തി പരസ്യത്തിനുണ്ട് എന്ന് തിരിച്ചറിഞ്ഞതുമുതല്‍, അതിന് വളരെ വലിയ സ്വാധീനശക്തിയുമുണ്ട്. വേന്‍സ് പാക്കര്‍ഡിന്റെ 1957 ലെ കൃതി, പരസ്യവ്യവസായം, അതിന്റെ വ്യത്യസ്ത ആവിഷ്കാരങ്ങളിലൂടെ നിത്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ സമഗ്രമായി വിവരിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍, പരസ്യവ്യവസായത്തെ പിന്നോട്ട് വലിച്ചു: “ദി ഹിഡന്‍ പെഴ്സ്വേഡേഴ്സിന്റെ രചയിതാവ്, വേന്‍സ് പാക്കര്‍ഡിനെ പോലുള്ള മതിഭ്രമക്കാര്‍, നിങ്ങളെ നിങ്ങളുടെ മനോഗതിക്ക് എതിരായി പ്രവര്‍ത്തിപ്പിക്കുന്ന നീഗൂഢമായ എന്തോ ആണ് പരസ്യമെന്ന കെട്ടുകഥ വിറ്റ് ലാഭമുണ്ടാക്കി. അത് അസംബന്ധമാണ്”. പാക്കര്‍ഡിന്റെ പുസ്തകത്തിന്റെ അമ്പതാം വാര്‍ഷിക പതിപ്പിന് മാര്‍ക് ക്രിസ്പിന്‍ മില്ലര്‍ എഴുതിയ അവതാരികയില്‍ പാക്കര്‍ഡിന്റെ വാദത്തിന് എതിരായി കുറിച്ചു: “ആഭ്യന്തരയുദ്ധം മുതലുള്ള അമേരിക്കയുടെ ചരിത്രം മിക്കവാറും വാണിജ്യസംബന്ധമായ അഡ്വർട്ടെെസിങ്ങിന്റെ വിജയത്തിന്റെ ചരിത്രമാണ്… അധികരിച്ചുകൊണ്ടിരിക്കുന്ന കോര്‍പറേറ്റ് പ്രചാരവേലയുടെ ചരിത്രം- നമ്മള്‍ ജനങ്ങള്‍ രഹസ്യമായി അതിനെ മറിച്ചിടാന്‍ പ്രയത്നിച്ചതു പോലെ, അല്ലെങ്കില്‍ അതിനെ പ്രതിരോധിച്ചതുപോലെ, അതുമല്ലെങ്കില്‍ നമ്മള്‍ നമ്മുടെ ജീവിതം ജീവിച്ചതുപോലെയോ നമ്മളെ വെറുതെ അതിന്റെ വഴിക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്ന പോലെയോ ഒക്കെയായി, അതിനോടുള്ള നമ്മുടെ വ്യത്യസ്തങ്ങളായ പ്രതികരണങ്ങളുടെയും ചരിത്രമാണ്.”

ആശയങ്ങളുടെ വിപണനസ്ഥലം
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആശയങ്ങളുടെ വിപണനസ്ഥലം പെട്ടെന്ന്, എന്ത് കേള്‍ക്കപ്പെടണം, എന്ത് കുഴിച്ചുമൂടപ്പെടണം എന്ന് ഫലപ്രദമായി നിശ്ചയിക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ ലേലം വിളിക്കാരന്റെ വിഹാരകേന്ദ്രമാകുന്നു. പരസ്യനിര്‍മ്മാണം എന്നത്, തെറ്റിദ്ധരിപ്പിക്കാനുള്ള ലൈസന്‍സാണെങ്കില്‍, വാര്‍ത്താമാധ്യമത്തിന്, ആധികാരികവിവരങ്ങളുടെ സ്രോതസ്സായിരിക്കണമെന്ന അതിന്റെ അനുശാസനയ്ക്കനുസരിച്ച് എത്രത്തോളം കാലം നിലനില്‍ക്കാനാവും? വാര്‍ത്താമാധ്യമം അഭിവൃദ്ധിപ്പെടുന്നത് സുതാര്യതയുടെ ബലത്തിലാണെങ്കിലും, അവയ്ക്ക് ആ ഗുണത്തിന് കീഴ്പ്പെടാനുള്ള ധാര്‍മ്മികബാദ്ധ്യതയുള്ളതായി തോന്നുന്നില്ല. കോര്‍പ്പറേറ്റ് സെക്ടറിന് ഇത് വളരെ പ്രാധാന്യമുള്ളതാണ് എന്നതാണ് ഏറെക്കുറെ കാരണം. പരസ്യ വ്യവസായത്തില്‍ നിന്ന് വാര്‍ത്താമാദ്ധ്യമങ്ങള്‍ക്ക് വരുമാനം ലഭിക്കുന്ന വരുമാനം കണക്കാക്കാനുള്ള ചില ഉറവിടങ്ങള്‍ ലഭ്യമാണ്.

2020ലെ മഹാമാരിക്കു മുമ്പ്, പത്രമാധ്യമ വ്യവസായം, അതിന്റെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടുഭാഗം പരസ്യത്തില്‍ നിന്നാണ് സമ്പാദിച്ചത്, അവിടെ സത്യസന്ധതയുടേതായ യാതൊരു ധാര്‍മ്മികബാധ്യതയും നേരിടേണ്ടതായി ഉണ്ടായില്ല. ഉപരിപ്ലവമായിട്ടാണെങ്കിലും ടെലിവിഷന്‍ മാധ്യമം നല്കുന്ന ചിത്രം അല്പം വ്യത്യസ്തമാണ്. ഇവിടെ പരിചയപ്പെടുത്തല്‍ ആവശ്യമുള്ള പ്രധാന വ്യവസ്ഥ, “വിതരണം’ എന്ന പ്രവൃത്തിയുടെ നേരെ പട്ടികപ്പെടുത്തിയിരിക്കുന്ന വരുമാനം ഉള്ളടക്കം നിര്‍മ്മിക്കുന്നവര്‍ക്കല്ല. അത് പോകുന്നത്, കേബിള്‍ പ്രവര്‍ത്തകര്‍, ഡിടിഎച്ച് സേവനത്തിനോ ആണ്. ഉള്ളടക്കനിര്‍മ്മാതാവിന് ടിവിയില്‍ ചെലവഴിക്കുന്ന പരസ്യതുകയുടെ വിഹിതത്തിനായി മത്സരിക്കേണ്ടിവരുന്നു, കൂടാതെ, അടുത്ത കാലത്തായുള്ള ചാനലുകളുടെ വര്‍ദ്ധന കൊണ്ട് പരസ്യതുക എവിടേക്കാണ് പോകുന്നത് എന്നതിന് വിശ്വസനീയമായ കണക്കുകളില്ല. തീര്‍ച്ചയായും ചാനലുകള്‍ പൊട്ടിമുളയ്ക്കുന്ന നഗരത്തിൽ, ടിവി വ്യൂവര്‍ഷിപ്പ് റേറ്റിങ് എന്നത് പ്രധാനമത്സരമായിത്തീര്‍ന്നിരിക്കുന്നു, പാദസേവ ചെയ്യുന്ന ചാനലുകള്‍ പ്രത്യേകിച്ച് വിജയിച്ച ഒരു സംരംഭമായിരിക്കുന്നു അത്. പ്രധാന പ്രസാധന സ്ഥാപനങ്ങള്‍ക്കിടയിലുള്ള തീവ്രമായ ആരോപണപ്രത്യാരോപണങ്ങളെ തുടര്‍ന്ന്, ഫലം പ്രസിദ്ധീകരിക്കപ്പെടുമ്പോഴെല്ലാം സമാനമായ വിശ്വാസ്യതയുടെ പരീക്ഷണഘട്ടം, പത്രവായനക്കാരുടെ സര്‍വേയേയും പ്രതികൂലമായി ബാധിക്കുന്നു.

പത്രമാധ്യമ വരുമാനത്തിലെ പരസ്യങ്ങളുടെ പങ്കിനെ സംബന്ധിച്ച ഏറെ പ്രഖ്യാതമായ പ്രസ്താവന, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ കമ്പനിയായ ബെന്നറ്റ് കോള്‍മാന്‍ ആൻഡ് കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാന്‍ പറഞ്ഞതാണ്-. അദ്ദേഹം അവകാശപ്പെട്ടത്, അരക്ഷിതമായ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ബിസിനസ്, വാര്‍ത്തയേക്കാളേറെ പരസ്യങ്ങളായിരുന്നു എന്നാണ്. അദ്ദേഹം ഈ പ്രസ്താവന നടത്തിയതിനു പിന്നാലെ പെട്ടെന്ന് അത് പിന്‍വലിച്ചപ്പോള്‍ കൂടുതല്‍ പ്രതികൂലമായ പൊതുജനശ്രദ്ധ അതാകര്‍ഷിക്കുകയുണ്ടായി. പക്ഷേ ആ അരക്ഷിതാവസ്ഥയില്‍ വിചാരശൂന്യമായി പറഞ്ഞുപോയ അസുഖകരമായ സത്യം, വാര്‍ത്താമാധ്യമ വ്യവസായത്തിന്റെ മുന്‍ഗണന സംബന്ധിച്ച് വ്യക്തത കൊണ്ടുവരുന്നുണ്ട്.

ഒരു അജൻഡ സ്ഥാപിക്കാനുള്ള വാണിജ്യവ്യവസായങ്ങളുടെ സ്വാധീനശക്തിയുടെ സൂക്ഷ്മപരിശോധന ആവശ്യപ്പെടുകയുമുണ്ടായി. പരസ്യമാണ് മാധ്യമത്തിന്റെ ലാഭസാധ്യതയെ നയിക്കുന്ന പ്രധാനഘടകം, പരസ്യദാതാവിനെ സംബന്ധിച്ച് വാങ്ങാനുള്ള ശേഷി മാത്രമാണ് കണക്കിലെടുക്കേണ്ട ഏക അളവുകോല്‍. പരസ്യദാതാവിന്റെ മുന്‍ഗണനകളില്‍ ഉണ്ടായ ഒരു മാറ്റം, ഇന്ന് മാധ്യമ വ്യവസായത്തിന് വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നു. പരസ്യത്തിലെ മുതല്‍മുടക്കിന് അനുസൃതമായ മൂല്യം ലഭ്യമാക്കുന്നതില്‍ അച്ചടിമാധ്യമം അത്രതന്നെ ഫലപ്രദമല്ല എന്നുവരികയും ടിവി ഉറപ്പുനല്കിയ മൂല്യം നിലനിര്‍ത്തുകയും ചെയ്തു. ഡിജിറ്റല്‍ മീഡിയ പുതിയ അതിര്‍ത്തികള്‍ കൂടുതല്‍ വിസ്തൃതമാക്കുന്നു, ടെലിവിഷന്‍ അതിന്റെ പ്രാധാന്യം വീണ്ടെടുക്കാന്‍ ശ്രമിച്ചാലും വാര്‍ത്തയുടെ മേഖലയില്‍ നിലവിലുള്ള വാര്‍ത്താചാനലുകള്‍ക്ക് പുറകെ അധികം പോകാന്‍ സാധ്യതയില്ല. 2008 ലെ ആഗോള സാമ്പത്തിക തകര്‍ച്ച മുതല്‍, കോര്‍പ്പറേറ്റ് പരസ്യബജറ്റ് സമ്മര്‍ദ്ദത്തിലായി, മാന്ദ്യത്തിലായ പരസ്യവരുമാനത്തിനു വേണ്ടിയുള്ള മാധ്യമങ്ങള്‍ക്കിടയിലെ മത്സരം സംഭ്രാന്താവസ്ഥയിലായി. അതേ സമയം അവകാശാധിഷ്ഠിത നയത്തിനായുള്ള പരിശ്രമത്തില്‍ വിശേഷാധികാരം നഷ്ടപ്പെടാനുള്ള സാധ്യതയ്ക്കു മീതെ, വിലയ്ക്കുവാങ്ങാന്‍ വലിയ ശേഷിയുള്ള വിഭാഗങ്ങളില്‍ ഉല്‍കണ്ഠ വളര്‍ന്നു. അഭ്യാസിയായ ഒരാള്‍ക്ക്, അമര്‍ഷവും വിദ്വേഷവും നിറഞ്ഞ സന്ദേശങ്ങള്‍ കൊണ്ട്, ശക്തി ക്ഷയിച്ച ദേശസ്നേഹവചനങ്ങളെ പുനരുജ്ജീവിപ്പിക്കാനും ജനക്കൂട്ടത്തെ ഇളക്കിമറിക്കാനും യുക്തിസഹമായ സംവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുമെന്നുള്ള വാഗ്ദാനം നിറവേറ്റാനും സാധിക്കും.

ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കുള്ള പരസ്യത്തിന്റെ ഒഴുക്കിനെതിരെ
പിന്നെ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള പരസ്യത്തിന്റെ ഒഴുക്ക് തടയാന്‍ അച്ചടി-, ടെലിവിഷന്‍ മാധ്യമങ്ങള്‍ തന്ത്രപ്രധാനമായ ആസൂത്രിതനീക്കങ്ങള്‍ തുടങ്ങി. പ്രേക്ഷകരെ പരസ്യത്തിലേക്ക് നയിക്കാനും പരസ്യ ട്രാഫിക് (വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് പരസ്യമെത്തിക്കാന്‍)‍ സാധ്യമാക്കാനുമുള്ള ഒരു വഴിയായി, സമ്പന്നനിരയുടെ സാന്ദര്‍ഭികമായ മനോനിലകള്‍ക്കനുസരിച്ച് നല്കാവുന്ന ഹാഷ്ടാഗുകളുടെ സജീവമായ പ്രചാരം മാറി. ഈ വാണിജ്യ തന്ത്രങ്ങള്‍, പഴയ മാധ്യമങ്ങള്‍ക്ക് പുതിയ മാധ്യമങ്ങളുടെ “എക്കോ ചേംബര്‍” (echo chamber) പ്രഭാവത്തിന് കിടപിടിക്കാനുള്ള പ്രലോഭനമായി. ഇതാകട്ടെ, പരിചയസമ്പന്നരായ പത്രപ്രവര്‍ത്തകരെയും മാധ്യമനിരീക്ഷകരെയും അതിയായി ആകുലപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ലാഭത്തിനായുള്ള സമ്മര്‍ദ്ദം മറ്റെല്ലാത്തിനെയും അതിവര്‍ത്തിച്ചു എന്നത് വ്യക്തമാണ്.

വര്‍ഷങ്ങളായി പരസ്യങ്ങള്‍ക്ക് ചെലവാക്കുന്ന പണത്തില്‍, അച്ചടി, ടെലിവിഷന്‍, റേഡിയോ എന്നിവ പോലുള്ള സാമ്പ്രദായിക മാധ്യമങ്ങളില്‍ നിന്ന് ഡിജിറ്റല്‍ രൂപത്തിലേക്കുള്ള മാറ്റം അതില്‍ വ്യക്തമാണ്. തുടക്കത്തില്‍ ക്രമേണയായുണ്ടായിരുന്ന മാറ്റം, മാധ്യമ വ്യവസായത്തിന്റെ ലാഭസാധ്യതയ്ക്ക് അപ്പോഴെ ഉണ്ടായിരുന്ന കഠിനമായ പ്രതിസന്ധിയെ അതികഠിനമാക്കിക്കൊണ്ട്, മഹാമാരിയോടു കൂടി ആ മാറ്റം ദ്രുതഗതിയിലായിരിക്കാം. ലാഭനഷ്ടങ്ങളുടെ അന്തിമഫലത്തില്‍ ഉണ്ടായി വരുന്ന സമര്‍ദ്ദം കൊണ്ട്, മാധ്യമവ്യവസായത്തിന് വാര്‍ത്താശേഖരണത്തിനുള്ള ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുണ്ട്. ഡിജിറ്റല്‍ രീതിയിലേക്ക് മാറികൊണ്ടിരിക്കുന്ന പരസ്യതുകയുടെ പത്തിലൊന്നെങ്കിലും സമ്പാദിക്കുന്നതിനായുള്ള യത്നത്തില്‍, “ഹാഷ്ടാഗ്” ആവാസവ്യവസ്ഥ നിര്‍ദ്ദേശിച്ചതു പോലെയുള്ള പ്രവണതകള്‍ കൂടുതലായി പിന്തുടരാന്‍ തുടങ്ങിയിരിക്കുന്നു.

2018ലെ ഒരു ഗ്രന്ഥത്തില്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകയും മാധ്യമനിരീക്ഷകയുമായ പമേല ഫിലിപ്പോസ്, എങ്ങനെയാണ് ബിജെപി, ഏറ്റവും കൂടുതല്‍ മാധ്യമസ്വാധീനമുണ്ടായ 2014 ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും എല്ലാ മാധ്യമവേദികളുടെയും ഏകോപിത പരിശ്രമത്തിലൂടെ സമൂഹത്തില്‍ ഇടം നേടിയതെന്നും വിശദീകരിക്കുന്നുണ്ട്. 2018ല്‍ വീണ്ടും, കോബ്രപോസ്റ്റ് എന്ന വെബ്സൈറ്റ്, രഹസ്യമായി ഒരു അന്വേഷണം നടത്തുകയും, എങ്ങനെയാണ് ഇന്ത്യയിലെ ചില വലിയ മാധ്യമ കോര്‍പറേഷനുകള്‍, ഉറപ്പു നല്കപ്പെട്ട സാമ്പത്തിക പ്രതിഫലത്തിനായി, രാഷ്ട്രീയ അജൻഡകളെ പിന്താങ്ങാന്‍ അത്യുത്സാഹം കാണിച്ചതെന്നുള്ളതിന്റെ വ്യക്തവും അസ്വസ്ഥതപ്പെടുത്തുന്നതുമായ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. 2017ല്‍ പ്രവര്‍ത്തനമാരംഭിച്ച കോബ്രപോസ്റ്റിന്റെ “ഓപ്പറേഷന്‍ 136” (Operation 136), അതിന്റെ തലവാചകം എടുത്തത്, പാരിസ് ആസ്ഥാനമായിരിക്കുന്ന റിപ്പോര്‍ട്ടേഴ്സ് സാന്‍സ് ഫ്രന്റിയേഴ്സ് (Reporters Sans Frontieres- RSF) സമാഹരിച്ച, പത്രസ്വാതന്ത്ര്യ സൂചികയിലെ ‍ ഇന്ത്യയ്ക്കു നല്കപ്പെട്ട ആഗോളറാങ്കിങ്ങില്‍ നിന്നാണ്.

വലിയ അപമാനം ഉണ്ടാക്കിയ സന്ദര്‍ഭമായിരുന്നു അതെങ്കില്‍, കൂടുതല്‍ മോശം വാര്‍ത്തകള്‍ പിന്നാലെ വന്നു. 2018 ഏപ്രിലില്‍ ആര്‍.എസ്.എഫ് ഇന്ത്യയെ മുൻപത്തേതില്‍ നിന്ന് രണ്ട് സ്ഥാനങ്ങള്‍ തരംതാഴ്ത്തി, അതിനടിസ്ഥാനമായ കാരണങ്ങള്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഗ്രഹണപഥത്തിലേക്ക് കൂടുതല്‍ അടുത്ത, തീവ്രദേശീയതയുടെ വക്താക്കള്‍, ഏത് തരം മാധ്യമപ്രവര്‍ത്തനത്തിന് ഇടം കൊടുക്കണം, ഏതുതരം മാധ്യമങ്ങളെ ഒരു ദാക്ഷിണ്യവുമില്ലാതെ അടിച്ചമര്‍ത്തണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഏറ്റെടുത്തു എന്ന് ആര്‍.എസ്.എഫ് സമര്‍ത്ഥിച്ചു. പലപ്പോഴും മാനദണ്ഡമായി, രാഷ്ട്രീയനേതൃത്വത്തിലുള്ള ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസം മതിയായിരുന്നു. “ഹിന്ദു ദേശീയവാദികള്‍, ദേശീയ സംവാദങ്ങളില്‍ നിന്ന് ദേശവിരുദ്ധ’ ചിന്തകളുടെ എല്ലാ ത്തരത്തിലുള്ള പ്രകടനങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിച്ചിരുന്നു” എന്ന് ആര്‍.എസ്.എഫ് പറഞ്ഞു. ചിന്തയെ നിയന്ത്രിക്കുന്ന ഇത്തരത്തില്‍ ഔദ്യോഗികമായ പ്രോത്സാഹനങ്ങള്‍ നല്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങളില്‍ സ്വയമേവയുള്ള സെന്‍സര്‍ഷിപ്പ് വര്‍ദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. തീവ്രദേശീയവാദികള്‍, പത്രപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ശാരീരികമായി പോലും പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും അവര്‍ക്കെതിരെ ഓണ്‍ലൈനായുള്ള ദുഷ്പ്രചരണങ്ങള്‍ നടത്തുകയും ചെയ്തു.

മാധ്യമ വ്യവസായം 
തീവ്രദേശീയതയ്ക്ക് അടിമപ്പെടുമ്പോൾ
എങ്ങനെയാണ് മാധ്യമവ്യവസായം, പുതിയ തീവ്ര-ദേശീയതയ്ക്ക് അടിമപ്പെടുന്നതെന്നും അതിന് തയ്യാറാകുന്നത് ആരായാലും അവര്‍ക്ക് ആ അടിമത്തത്തോടൊപ്പം ലഭിക്കുന്ന സാമ്പത്തികമായ ഉപഹാരങ്ങളില്‍ വ്യഗ്രതയോടെ പങ്കുകൊള്ളുന്നത് എങ്ങനെയെന്നും ഓപ്പറേഷന്‍ 136 വെളിച്ചത്തുകൊണ്ടുവന്നു. കോബ്രപോസ്റ്റില്‍ നിന്നുള്ള രഹസ്യപ്രവര്‍ത്തകന്റെ പ്രലോഭനവാക്കുകളോട് പ്രതികരിക്കവെ, ഉന്നത മാധ്യമ എക്സിക്യൂട്ടീവുകള്‍, ഹിന്ദുത്വ എന്ന് പൊതുവെ വിളിക്കപ്പെടുന്ന രാഷ്ട്രീയ അജൻഡ പ്രചരിപ്പിക്കാനും അതുവഴി അതിനനുസൃതമായ പ്രതിഫലം നേടാനുമുള്ള അവരുടെ ഔത്സുക്യം പ്രകടിപ്പിച്ചു. ആ അജൻഡ അടിസ്ഥാനമര്യാദകളെ പോലും അങ്ങേയറ്റം നശിപ്പിക്കുന്നതാണെന്നും, സുരക്ഷയ്ക്കും ന്യൂനപക്ഷങ്ങളുടെയും മറ്റു ദുര്‍ബലസാമൂഹിക വിഭാഗങ്ങളുടെയും അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങള്‍ക്കും തീര്‍ച്ചയായും ഭീഷണിയാകുമെന്നുമുള്ളതൊന്നും അവരെ സംബന്ധിച്ച് കാര്യമേയല്ല. പകരം കിട്ടുന്ന സാമ്പത്തികലാഭങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് പ്രധാനം. കോബ്രപോസ്റ്റിന്റെ പ്രലോഭകനുമായി ഇടപ്പെട്ട മാധ്യമ എക്സിക്യൂട്ടീവുകള്‍, അയാളെ പുറത്താക്കുന്നതിനു പകരം, അവരുടെ വാണിജ്യഇടപാടിന്റെ അങ്ങേയറ്റം അവമതിപ്പുണ്ടാക്കുന്ന തന്ത്രങ്ങള്‍ വെളുിപ്പെടുത്തുകയാണ് ചെയ്തത്. രാഷ്ട്രീയ പടയൊരുക്കത്തിന് (political mobilisation) രാമനേയും ഗണപതിയേയും ഉപയോഗിച്ച പോലെ, അത്രയധികം ഉപയോഗിക്കപ്പെ ടാതിരുന്ന ഹിന്ദുദേവതാഗണത്തിലെ ശ്രദ്ധേയനായ കൃഷ്ണന്റെ ഇതുഹാസത്തില്‍ നിന്നുള്ള വാക്കുകളും സങ്കല്പങ്ങളും അണിനിരത്തികൊണ്ട് ഈശ്വരഭക്തിയുടേതായ ബഹുജനവികാരത്തെ ചൂഷണം ചെയ്യുന്ന ഒരു പരസ്യപ്രചരണം തുടങ്ങാനുള്ള നിര്‍ദ്ദേശത്തില്‍ അനുചിതമായി ഭൂരിഭാഗം പേരും ഒന്നും കണ്ടില്ല.

ഈ ആദ്യ കൃഷ്ണസ്തുതികളില്‍ നിന്നും പ്രചാരണം അതിന്റെ രണ്ടാം ഘട്ടത്തില്‍, ധര്‍മ്മത്തെയും പ്രതിജ്ഞാബദ്ധതയെയും കുറിച്ചുള്ള യുദ്ധക്കളത്തിലെ പ്രഭാഷണമായ ഭഗവദ് ഗീത, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിയോഗികളെ ആക്ഷേപിക്കാനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്നു. “ദേശവിരുദ്ധ” സാമൂഹികവിഭാഗങ്ങള്‍ക്കു നേരെയുള്ള വിദ്വേഷം ആളിക്കത്തിക്കാനും വളര്‍ന്നുവരുന്ന അഭിലാഷങ്ങളെ പൂര്‍ത്തീകരിക്കാനുള്ള പാതയിലേക്കു നീങ്ങുന്ന ഇന്ത്യയെ അവതരിപ്പിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ അവകാശവാദങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി സജീവമായി ശ്രമിക്കുന്ന ധ്രുവീകരണത്തിന്റെ മൂന്നാം ഘട്ടമാണ്.

ഇന്ത്യയുടെ ബഹുജനഹിതം രേഖപ്പെടുത്തുന്ന ദശലക്ഷക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍, കഠിനമായ പ്രചരണങ്ങള്‍ക്കും 38 ദിവസം നീണ്ട പോളിങ്ങിനും ശേഷം ശേഖരിച്ച് ക്രമീകരിച്ചുകൊണ്ടിരിക്കവെ, 2019 മെയ് 22 ന്, കൊളംബിയ ജേണലിസം റിവ്യു, “ഇന്ത്യയുടെ വാട്സ്ആപ്പ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന ഫലങ്ങള്‍” (Results expected in India’s ‘WhatsApp election’) എന്ന തലക്കെട്ടില്‍, ധാരാളം പരിശോധനപ്രമാണങ്ങളോടെ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. പ്രധാനമന്ത്രി പദവി വഹിക്കുന്ന നരേന്ദ്രമോദിക്ക് ആശ്ചര്യകരമാം വിധം സുഖകരമായ വിജയമാണ് എക്സിറ്റ് പോളുകള്‍ സൂചിപ്പിച്ചതെങ്കില്‍ അതിനെതിരായി, അദ്ദേഹം “ഭിന്നിപ്പിക്കുന്ന ഹിന്ദുദേശീയതയുടെ വക്താവ്”(divisive Hindu nationalist) എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഇലക്ഷന്‍ സമയത്ത് ജീവിതവും ജീവനോപാധിയുമടക്കം നിരവധി പ്രശ്നങ്ങള്‍ പരിഹാരം കാണേണ്ടതായിട്ടുണ്ടായിട്ടും, ഉറപ്പിച്ചുനിര്‍ത്തപ്പെട്ടത്, “ക്രമാതീതമായി പൊട്ടിമുളയ്ക്കുന്ന തെറ്റായ സന്ദേശങ്ങളും ഓണ്‍ലൈനിലെ വിദ്വേഷപ്രസംഗങ്ങളും” ആണ്. പൊതുമണ്ഡലത്തിലെ പ്രസക്തമായ സാന്നിധ്യമായിരിക്കുന്ന പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല, എന്നാല്‍ ഇതുവരെയുള്ളതില്‍ കൂടുതല്‍ ഗൗരവമായ പ്രകോപനമുണ്ടായത് സാമൂഹിക മാധ്യമപ്ലാറ്റ്ഫോമായ ഫേസ്ബുക്കും അവരുടെ പൂര്‍ണമായ ഉടമസ്ഥതയിലുള്ള സന്ദേശമയയ്ക്കാനുള്ള ആപ്പായ വാട്സ്ആപ്പുമാണ്.

കുറച്ചുദിവസങ്ങള്‍ക്കു ശേഷം, ഏറെക്കാലമായി മാധ്യമനിരീക്ഷണത്തിൽ ഏർപ്പെട്ടിട്ടുള്ള സേവന്തി നൈനാന്‍, മോദി ഗവണ്‍മെന്റിന്റെ ആദ്യ അഞ്ച് വര്‍ഷകാലയളവു കഴിഞ്ഞപ്പോള്‍ സ്ഥാപനമെന്ന നിലയ്ക്കു് മാധ്യമത്തിന്റെ നിയമസാധുത ഇല്ലാതാക്കിയതിനെ കുറിച്ചുള്ള സമഗ്രവും അതിലുപരി, പരിഭ്രമിപ്പിക്കുന്നതുമായ ഒരു വിവരണം ലഭ്യമാക്കി. ഭരണസംവിധാനങ്ങള്‍, മാധ്യമങ്ങളുടെ ചുമതലയേറ്റതാണ് പ്രധാനകാരണങ്ങളിലൊന്ന്. 2014 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്നുവന്ന, 1984 മുതല്‍ പാര്‍ലമെന്റിൽ കേവല ഭൂരിപക്ഷമുള്ള ആദ്യ പ്രധാനമന്ത്രി നയിക്കുന്ന ശക്തമായ ഭരണവ്യവസ്ഥയെ എതിര്‍ക്കുന്നതിലൂടെ സംഭവിക്കാനിടയുള്ള അപകടസാധ്യത കണക്കിലെടുത്ത് മാധ്യമങ്ങള്‍ കീഴ്മേല്‍ മറിയുകയും നിര്‍ജീവാവസ്ഥ വരിക്കുകയുമാണ് ചെയ്തത്.

മാധ്യമങ്ങൾ മോദിയുടെ കെെപ്പിടിയിലായത്
നൈനാന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, മോദി അദ്ദേഹത്തിന്റെ ഔദ്യോഗികപദവിയുടെ തുടക്കത്തിൽ തന്നെ വിഭാഗീയത പുലര്‍ത്തിയിരുന്നു, പരമ്പരാഗത മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. പ്രേക്ഷകസമ്മതി നേടാനാകുമെന്ന പ്രതീക്ഷയില്‍ അനുകരണത്തിന്റെ തരംതാണ പരീക്ഷണത്തിന് പഴയ മാര്‍ഗ്ഗങ്ങളെ നിര്‍ബന്ധിക്കുന്ന ഒരു മാധ്യമവ്യവസ്ഥ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ സമീപനം, ഉത്സുകരായ അനുയായികള്‍ വഴി നടപ്പിലാക്കപ്പെട്ടു. ഇതൊരുപക്ഷേ, സാമൂഹികമാധ്യമങ്ങളിലൂടെ അധികാരികള്‍ പരിപാലിക്കാന്‍ ശ്രമിക്കുന്നതായ ഉറക്കെ, ഇരമ്പുന്ന, അസഹിഷ്ണുതയുടെ സ്വരം അനുകരിക്കുന്നതിലുപരി, മുഖ്യധാരാ മാധ്യമങ്ങളിലെ വലിയൊരു വിഭാഗം ലാഭസാധ്യതയില്‍ അവര്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു വഴി കാണാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നു.

എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ നിര്‍ണായകമായ, 2019ലെ വിജയത്തിനു മൂന്ന് ദിവസം കഴിഞ്ഞ് മോദി, മുതിര്‍ന്ന നേതാക്കളെയും പാര്‍ലമെന്റിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തന്റെ പാര്‍ട്ടിയിലെ അംഗങ്ങളേയും കൂട്ടുകക്ഷികളെയും അഭിസംബോധന ചെയ്തു. 75 മിനിറ്റ് നേരത്തെ ഹിന്ദി പ്രസംഗത്തില്‍, ചുമതലകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആഹ്വാനങ്ങളും അതുപോലെയുള്ള പ്രധാനവിഷയങ്ങള്‍ക്കുമൊപ്പം, വളരെ സ്പഷ്ടമായി മാധ്യമങ്ങളെ കുറിച്ച് പല മുന്നറിയിപ്പുകളും അദ്ദേഹം നല്കി. സൂചനകള്‍ വ്യക്തമായിരുന്നു: പ്രധാനമന്ത്രി തന്റെ ആദ്യ ഊഴത്തില്‍ മാധ്യമങ്ങളുമായി പുലര്‍ത്തിയിരുന്ന മത്സരഭാവമുള്ള ബന്ധം രണ്ടാം ഊഴത്തിലും കൈയൊഴിയില്ല.

മോദിയും അദ്ദേഹത്തിന്റെ പ്രധാന നിയോജകമണ്ഡലങ്ങളുംഇന്റര്‍നെറ്റും പുതിയ മാധ്യമങ്ങളും പ്രയോജനപ്പെടുത്തിയതിനെ കുറിച്ച് പറയാതെ, മോദിയുടെ അനുപമമായ രാഷ്ട്രീയ വിജയവും സാമൂഹികവും സാമുദായികവുമായ ഘടനയില്‍ അദ്ദേഹത്തിന്റെ സ്വാധീനവും മനസ്സിലാക്കാനാകില്ല. ഈ സമീപനത്തില്‍ യുക്തമായ സംവേദനശക്തി അന്തര്‍ഭവിച്ചിരിക്കുന്നു, രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്തിയേക്കാവുന്ന പരമ്പരാഗത മാധ്യമങ്ങളിലെ പിഴവുകളെ ഇന്റര്‍നെറ്റ് യുഗത്തിന്റെ ഘടനാപരമായ പരിണാമങ്ങള്‍ എങ്ങനെയാണ് തുറന്നുകാട്ടുന്നത് എന്നതിന്റെ സൂക്ഷ്മവായന. എല്ലാ ആറുമാസവും പ്രസിദ്ധപ്പെടുത്തുന്ന ദി എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട് (ഇ.എം.ആര്‍), ലോകത്തിന്റെ പ്രധാന വിപണിയില്‍ മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കിലൂടെയുള്ള പരസ്പരകൈമാറ്റം എത്രത്തോളമാണെന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നു.

2015 മുതല്‍, ഇന്ത്യയുടെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ റിലയന്‍സ്‍, ബിസിനസ്സിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധമുള്ള രാഷ്ട്രീയസ്വാധീനത്തോടുകൂടി, അതിന്റെ അനുബന്ധപ്രവര്‍ത്തനമായി ‘ജിയോ’യുമായി, സൗജന്യ ഡാറ്റാ പ്ലാനുകള്‍ നല്‍കിക്കൊണ്ട് വിപണിയിലേക്ക് രംഗപ്രവേശം ചെയ്തതോടെ ഇന്റര്‍നെറ്റ് മുഖേനയുള്ള ഡാറ്റ കൈമാറ്റങ്ങള്‍, പലപ്രാവശ്യം ഇരട്ടിയായി വര്‍ദ്ധിച്ചു. ധാരാളം മേഖലകളില്‍, റിലയന്‍സിന്റെ സ്വാധീനം വര്‍ദ്ധിച്ചതിനനുസരിച്ച്, കോര്‍പറേഷനെ ഫലത്തില്‍ ഗവണ്‍മെന്റിന്റെ തന്നെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഗം പോലെ പരിഗണിക്കുന്ന അനുകൂലനയത്തിലൂടെ റിലയന്‍സിന് ടെലികോം മേഖലയിലേക്ക് വളരെയധികം സുഗമമായി പ്രവേശിക്കാന്‍ സാധിച്ചു.

ഒരു വിപണിയെന്ന നിലയില്‍ നേപ്പാളിനോടും ഭൂട്ടാനോടുമൊപ്പം ഇന്ത്യയെ ക്കൂടി ഇ.എം.ആര്‍ കൂട്ടിച്ചേര്‍ക്കുന്നു, എന്നാല്‍ കണക്കുകള്‍ കൂടുതലും ഇന്ത്യയ്ക്ക് ഉചിതമായിരിക്കുമെന്ന് സുരക്ഷിതമായി അനുമാനിക്കാം. 2018 ന്റെ അവസാന കാല്‍ഭാഗത്തില്‍, ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകളിലൂടെയുള്ള ശരാശരി ഡാറ്റ ട്രാഫിക് കണക്കാക്കപ്പെട്ടിരിക്കുന്നത് പ്രതിമാസം 9.8 ജിഗാബൈറ്റ് (ജിബി) ആണ്. ഇത് മുൻവർഷത്തെ പ്രതിമാസം 6 ജിബി എന്ന കണക്കിനേക്കാൾ കുത്തനെ ഉയർന്നു. പിന്നിലേക്ക്, 2015ലേക്ക് പോകുമ്പോള്‍, ഓരോ സ്മാര്‍ട്ട് ഫോണിലേയും പ്രതിമാസ ഡാറ്റ ട്രാഫിക് എന്നത് കേവലം 1.5 ജിബി മാത്രമായിരുന്നു. സ്മാര്‍ട്ട് ഫോണുകളുടെ എണ്ണത്തിലുണ്ടായ സത്വരമായ വര്‍ദ്ധന, മൊബൈല്‍ നെറ്റ് വര്‍ക്ക് വഴിയുള്ള ആകെ ഡാറ്റ ട്രാഫിക്, 2015ലെ പ്രതിമാസം 0.3 എക്സാബൈറ്റില്‍ നിന്ന് 2018ല്‍ 4.6 ലേക്ക് ഉയര്‍ന്നു.

വ്യാജവാർത്തകളെ കുറിച്ച്
റോയിറ്റേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിബെെറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ജേണലിസം (Reuters Institute for the Study of Journalism) 2019ല്‍ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത്, ഇന്ത്യയിൽ വാര്‍ത്തകള്‍ അധികവും ഉപയോഗിക്കപ്പെട്ടത്, വീഡിയോ രൂപത്തിലാണ്. 2018നവംബറില്‍ ബിബിസി പുറത്തുവിട്ട, ഇന്ത്യയിലെ വ്യാജ വാര്‍ത്തകളെ കുറിച്ചുള്ള വംശീയശാസ്ത്രപരമായ ഒരു സര്‍വേയില്‍, വാര്‍ത്തകളുടെ കൈമാറ്റത്തിനും പൊതുവായ ഐക്യബോധം രൂപീകരിക്കുന്നതിനും വേഗത്തില്‍ വളരുന്ന ഭാഷാശൈലിയെന്ന നിലയ്ക്ക് മെമ്സ്- ഇന്‍ര്‍നെറ്റിലൂടെ പ്രചരിക്കുന്ന തമാശകളെയും അതുപോലെ ചിത്രങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരിക്കുന്ന ധാരാളം പേരുടെ സെല്‍ഫോണ്‍ മെസേജിങ് സേവനം പരിശോധിക്കാന്‍ സ്വമേധയാ അനുവദിച്ച്, അവരും പങ്കാളികളായ ഈ പഠനം, “ദേശീയത”യാണ് വ്യാജവര്‍ത്തകളുടെ പ്രധാന പ്രേരകഘടകം എന്ന് വെളിപ്പെടുത്തി. ഈ സര്‍വെയില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും, “ദേശീയസ്വത്വത്തെ താങ്ങിനിര്‍ത്തുന്ന വൈകാരികതാത്പര്യങ്ങളുടെ അത്ര പ്രധാനമല്ല, വസ്തുതകള്‍”. സാമൂഹിക മാധ്യമത്തിന്റെ മണ്ഡലത്തില്‍ വ്യക്തിപരമായ രാഷ്ട്രീയമാണ് കാണുന്നത്.

‍ ഉറച്ച വിശ്വാസത്തില്‍ തങ്ങളുടെ ആകുലതകള്‍ കളയാന്‍ ‍ഉപഭോക്താക്കളെ ശക്തിപ്പെടുത്തുന്നതില്‍, സമാന ചായ്—വുകളുള്ളവരുമായി സ്വരൈക്യം നേടുന്നതില്‍, സാമൂഹിക മാധ്യമങ്ങള്‍ പൗരരെ വിപരീതരീതിയില്‍ ‍ ചുമതലപ്പെടുത്തി. സൂക്ഷ്മാപഗ്രഥനം അഭിപ്രായപ്പെട്ടത് , “ദേശീയവാദപരമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ വളരെയധികം സംഘടിതമായിരിക്കുന്നത് ഇടതിനേക്കാള്‍ വലതുപക്ഷ ശൃംഖലകളാണ്” എന്നാണ്.

അരികുകളിലുള്ളവരുടെ അവകാശനിഷേധം, ഉൗര്‍ജ്ജസ്വലതയോടെ അനുഷ്ഠിക്കുന്നതായ വിനാശകരമായ ജനാധിപത്യസിദ്ധാന്തം നിര്‍മ്മിക്കാനുള്ള ആ യാഥാര്‍ത്ഥ്യം വലതുപക്ഷം മനസ്സിലാക്കി. പുരോഗമനവാദത്തോട് പ്രതിബദ്ധരായ മാധ്യമപ്രവര്‍ത്തകര്‍, ഈ അസുഖത്തിനുള്ള മറുമരുന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഒരിക്കല്‍ വലതുപക്ഷത്തിന് പരിപൂര്‍ണമായ മേല്‍ക്കൈ ഉണ്ടായിരുന്ന മാധ്യമ ആവാസവ്യവസ്ഥയില്‍, ബലാല്‍ക്കാരമായി അടിച്ചേല്പിക്കുന്ന ഉപാധികളിലേക്കുള്ള വര്‍ദ്ധിച്ചുവരുന്ന പിന്നോട്ടൊഴുക്ക്, നിസ്സംശയമായും ഒരു പ്രലോഭനം മുന്നോട്ടുവയ്ക്കും- തെറ്റായ വിവരങ്ങളുടെയും മിത്തുകളുടെയും പ്രചരണം, കുറഞ്ഞുവരുന്ന വരുമാനം നേടിത്തരുന്നു എന്ന മുന്നറിയിപ്പ് രാഷ്ട്രീയമായ നാശങ്ങള്‍ റദ്ദുചെയ്യാനാകാത്ത വിധമാകും മുമ്പ് ഒഴുക്കിനെ ഗതിമാറ്റാന്‍‍ അവസരങ്ങളുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − eight =

Most Popular