
ആസ്ട്രേലിയൻ സോഷേ–്യാളജിസ്റ്റും പൊളിറ്റിക്കൽ സയന്റിസ്റ്റുമായ അലക്സാണ്ടർ കാരിയുടെ വാക്കുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലും പൂർണമായും ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്; ഒരു പക്ഷേ ഇരുപതാം നൂറ്റാണ്ടിലേതിനെക്കാൾ കൂടുതൽ കരുത്താർജിച്ചിരിക്കുകയാണത്. കോർപ്പറേറ്റ് മാധ്യമങ്ങൾക്കുമേൽ പ്രചാരണത്തിന്റെ ശക്തിയുമുണ്ടെന്ന് അംഗീകരിക്കുന്നു. ഭീമൻ ഒളിഗോപൊളികൾവരെ (Oligopolies – വിപണിയെ നിയന്ത്രിക്കാൻ ശേഷിയുള്ള ഒരുകൂട്ടം കോർപ്പറേറ്റുകളുടെ കൂട്ടായ്മ).
2020 നവംബറിനും 2021 ഡിസംബറിനുമിടയ്ക്ക് സിംഘുവിലെയോ തിക്രിയിലെയോ ഷാജഹാൻപൂരിലെയോ പ്രതിഷേധിക്കുന്ന കർഷകരെ നാം സന്ദർശിച്ചപ്പോഴെല്ലാം നമുക്ക് കേൾക്കാൻ കഴിഞ്ഞത് ഇന്ത്യയിലെ അതിഭീമന്മാരായ രണ്ട് ശതകോടീശ്വരന്മാരുടെ പേരുകൾ അവരുടെ മുദ്രാവാക്യങ്ങളിൽ മുഴങ്ങുന്നതായാണ് – അംബാനിയും അദാനിയും.
എന്നാൽ നമ്മുടെ മാധ്യമങ്ങളിൽ സവിശേഷമായ ഈ മുദ്രാവാക്യം ഏറെക്കുറെ പാടേ ഒഴിവാക്കിയിരിക്കുന്നതും കാണാം. ദിനപത്രങ്ങൾ ഒന്നോ രണ്ടോ തവണ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടാകാം; പക്ഷേ, അവയുടെ മുഖപ്രസംഗങ്ങളിൽ അതൊരിക്കലും കടന്നുവന്നിട്ടില്ല. പഞ്ചാബിലും ഹരിയാനയിലും (വിശേഷിച്ചും പഞ്ചാബിൽ) അവ റിലയൻസ് ജിയോ ബഹിഷ്കരണത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു; പക്ഷേ അതിൽ ഏറെയും ഭാരതി എയർടെല്ലിനെയും വൊഡഫോൺ ഇന്ത്യയെയും പോലുള്ള ‘ജിയോ’ യുടെ എതിരാളികൾക്ക് ഈ ബഹിഷ്കരണംമൂലമുണ്ടായ ‘നേട്ടങ്ങളെ’ സംബന്ധിച്ച വീക്ഷണത്തിൽനിന്നുകൊണ്ടായിരിക്കും പ്രതിപാദിക്കുന്നത്.
മാറിമാറി കേന്ദ്രത്തിലെത്തിയ ഗവൺമെന്റുകളെല്ലാം ശ്വാസംമുട്ടിച്ച് വളർച്ച തടഞ്ഞ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ സംബന്ധിച്ചും ഒറ്റപ്പെട്ടതും സാന്ദർഭികവുമായ സൂചനപോലും ഈ പത്രങ്ങളിലുണ്ട്. പഞ്ചാബിലും ഹരിയാനയിലും 2020–21ൽ ബിഎസ്എൻഎല്ലിനും സബ് സ്ക്രൈബർമാരെ കിട്ടിയെന്ന സൂചന. ആ വർഷം ജിയോയ്ക്ക് സബ്സ്ക്രൈബർമാരെ നഷ്ടപ്പെട്ട രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളാണിവ. എന്നാൽ എന്തുകൊണ്ടാണ് കർഷകർ ജിയോയെ ബഹിഷ്കരിക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ടുകളൊന്നുംതന്നെ (പഞ്ചാബിന് പുറത്ത് ) ഉണ്ടായില്ല, ഇക്കാര്യം സംബന്ധിച്ച വിശകലനങ്ങളുടെ കാര്യം, പിന്നെ പറയുകയും വേണ്ട.
കർഷകർ കൂട്ടം ചേർന്നുനിന്ന് അംബാനിക്കും അദാനിക്കുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിലേക്ക് ടെലിവിഷൻ ചാനലുകളുടെ ക്യാമറകൾ തിരിയാറേ ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ, അംബാനിമാരും അദാനിമാരും ‘മുഖ്യധാര’ (കോർപ്പറേറ്റ് എന്ന് വായിക്കുക) മാധ്യമങ്ങളിലെ ചർച്ചകളിൽ ഒരിക്കലും ഇടം പിടിക്കാറുമില്ല.
അതിനാൽ, ഫോർബ്സ് മാഗസിൻ കണക്കുകൂട്ടിയതുപ്രകാരം, മുകേഷ് അംബാനിയുടെ 2021ലെ വ്യക്തിഗത സ്വത്ത് 8,450 കോടി ഡോളറായിരുന്നുവെന്ന് നമ്മുടെ മാധ്യമങ്ങൾ നമ്മോട് പറയുമ്പോൾതന്നെ അവ ഇൗ വസ്തുതകളെക്കുറിച്ച് ഒരിക്കലും പരാമർശിക്കാറില്ല.
ഒന്നാമത്, അംബാനിയുടെ വ്യക്തിഗത സ്വത്ത് പഞ്ചാബിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തെക്കാൾ (ജിഎസ്ഡിപി) ഏറെ മുന്നിലായിക്കഴിഞ്ഞു. മഹാമാരിയുടെ ആദ്യവർഷം ദേശീയ സമ്പദ്ഘടന 7.7 ശതമാനം ചുരുങ്ങിയപ്പോഴാണ് മുകേഷ് അംബാനിയുടെ വ്യക്തിഗത സ്വത്ത് 129 ശതമാനം വളർന്ന് 8,450 കോടി ഡോളറിലെത്തിയത്; അതായത് 2020–21 ലെ പഞ്ചാബിന്റെ ജിഎസ്ഡിപിയുടെ ബഹുദൂരം മുന്നിലെത്തിയത്.
രണ്ട്, ആ കാലത്ത് അംബാനിയെക്കാൾ വളരെ പിന്നിലായിരുന്നു അദാനി, പക്ഷേ അയാളുടെ സ്വത്ത് കൂടുതൽ വേഗതയിൽ കുമിഞ്ഞുകൂടുകയായിരുന്നു.
മൂന്ന്, ഇവരുടെ സ്വത്ത് സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ കണക്കുകൾ പരിശോധിച്ചാൽ 2022 മാർച്ചിനുശേഷം അത് പിന്നെയും കൂടുതൽ പെരുകി, 2022 ഒക്ടോബറിൽ അദാനിയുടെ സ്വത്ത് ഏകദേശം 12,900 കോടി ഡോളറായി ഉയർന്നുവെന്നു കാണാം. അംബാനിയുടേത് 8,600 കോടി ഡോളറും.
നാല്, പഞ്ചാബിന്റെ ജിഎസ്ഡിപി റിസർവ് ബാങ്ക് കണക്കുപ്രകാരം, ഏറെക്കുറെ 6,600 കോടി ഡോളറും ഹരിയാനയുടേത് 9,400 കോടി ഡോളറുമായിരുന്നു. പുതിയതായി കൊണ്ടുവന്നതും പിന്നീട് റദ്ദാക്കപ്പെട്ടതുമായ കാർഷിക നിയമങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഈ രണ്ട് ആളുകളാണെന്ന വസ്തുത കർഷകർ കാണുകയാണ്.
കർഷകരുടെ ജീവിതത്തിൽ നിഴൽ വിരിച്ചു നിൽക്കുന്ന അംബാനി – അദാനി ഭൂതഗണങ്ങൾക്കു മുന്നിൽ മാധ്യമങ്ങൾക്ക് മുട്ടുവിറയ്ക്കുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന് പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചുകഴിയുന്ന മാധ്യമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഈ മുഖ്യ കോർപ്പറേഷനുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനുംപുറമെ മാധ്യമരംഗത്തെ പ്രമുഖ വിഭാഗങ്ങൾ തന്നെ കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ളവയുമാണ്.
കർഷകരുടെ പ്രതിഷേധത്തിന്റെ കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ഉടമയായിരുന്നു അംബാനി. ഇപ്പോഴും അതങ്ങനെതന്നെയാണെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലല്ലാത്ത മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെ പ്രധാനപ്പെട്ട പരസ്യദാതാവാണ്. ഒരുപക്ഷേ, പല മാധ്യമങ്ങളെയും സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ സ്വകാര്യ പരസ്യദാതാവായിരിക്കും അംബാനി. മഹാമാരിയുടെ കാലത്ത്, അതേവരെ മാധ്യമങ്ങളുടെ മുഖ്യ വരുമാന സ്രോതസ്സായിരുന്ന സ്വകാര്യ, ആഡംബര പരസ്യം നൽകൽ ഇല്ലാതായതോടെ ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ പരസ്യങ്ങളെ അധികമധികം ആശ്രയിക്കേണ്ടതായിവന്നു. ഉത്തർപ്രദേശിലെ നദീതടങ്ങളിൽ കുമിഞ്ഞുകൂടിയ ശവശരീരങ്ങളെ സംബന്ധിച്ച വിമർശനപരമായ റിപ്പോർട്ടുകളെ മൂടിവയ്പിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞതെങ്ങനെയെന്ന് പരിശോധിച്ചാൽ ഇക്കാര്യം നമുക്ക് വ്യക്തമാകും. എന്നാൽ സ്വകാര്യ പരസ്യം ചെയ്യൽ ചുരുങ്ങിയത് റിലയൻസ് ഗ്രൂപ്പിന്റെ പ്രാധാന്യം വർധിപ്പിക്കുക മാത്രമാണ് ചെയ്തത്.
അദാനിയാകട്ടെ മാധ്യമരംഗത്ത് താരതമേ-്യന പുത്തൻ കൂറ്റുകാരനാണ്; പക്ഷേ ഇതിനകം തന്നെ അദ്ദേഹം ‘ക്വിന്റി’ന്റെ (Quint) നിയന്ത്രണം കെെക്കലാക്കിക്കഴിഞ്ഞു. എൻഡി ടിവിയുടെ നിയന്ത്രണവും ഏറ്റെടുത്തു. എന്നാൽ ഈ സംഭവങ്ങൾക്കെല്ലാം മുൻപുതന്നെ ഒരു പ്രമുഖ പരസ്യദാതാവെന്ന നിലയിൽ മാധ്യമങ്ങൾക്കുമേൽ അദാനി ഗണ്യമായവിധം സ്വാധീനം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം നിഷേധിക്കുകയും അതിനു വിലങ്ങിടുകയും ചെയ്യുന്ന വ്യവഹാര തൽപരരായ ഒരു സൂപ്പർ സംവിധാനമെന്ന നിലയിൽ അദാനി തന്റെ ഗ്രൂപ്പിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് വാഴ്ത്തുപാട്ടുകൾ ആലപിപ്പിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിൽ ഡസൻകണക്കിന് മാധ്യമ പ്രവർത്തകരും ഒപ്പം പൊതുമണ്ഡലം കോർപ്പറേറ്റുകൾ കയ്യടക്കിയതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന ബുദ്ധിജീവികളും നിയമ നടപടികൾക്കുള്ളിൽ കുരുക്കിയിടപ്പെടുകയെന്ന എസ്എൽഎപിപി തന്ത്രത്താൽ ഒതുക്കപ്പെടുകയാണ് – സ്ട്രാറ്റജിക് ലോ സ്യൂട്ട്സ് എഗൻസ്റ്റ് പബ്ലിക് പാർട്ടിസിപ്പേഷൻ (SLAPP) അഥവാ ഭയപ്പെടുത്തി മെരുക്കി നിർത്തുന്നതിനുള്ള നിയമ നടപടി സ്വീകരിക്കൽ.
മാധ്യമങ്ങൾ തന്നെ പ്രമുഖ കോർപ്പറേഷനുകളായിട്ടുള്ള ഒരു കാലഘട്ടത്തിൽ ആ സ്ഥാപനങ്ങൾക്കുള്ളിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനുള്ള ഇടം അതിവേഗം ചുരുങ്ങിവരുകയാണ്. അതിനാൽ കർഷക സമരത്തെക്കുറിച്ച് റിപ്പോർട്ടു ചെയ്യേണ്ടതായി വരുമ്പോൾ മാധ്യമങ്ങൾ തികഞ്ഞ ഉദാസീനത പ്രകടിപ്പിക്കുന്നതിൽ അൽപവും അൽഭുതപ്പെടേണ്ടതില്ല; എന്നാൽ അത് നമ്മെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന കാര്യമാണെന്നതിൽ സംശയമില്ല.
ഡൽഹിയുടെ പടിവാതിൽക്കൽ നാം സാക്ഷ്യം വഹിച്ചത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ അസമത്വത്തിനും അനീതിക്കുമെതിരെ ലോകത്ത് നടന്നിട്ടുള്ളതിൽ വെച്ചേറ്റവും വലുതും സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധത്തിനാണ്; എന്നാൽ ഇന്ന് സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന, ആധിപത്യം സ്ഥാപിച്ചിട്ടുള്ള കോർപ്പറേറ്റ് മാധ്യമങ്ങൾ ഒന്നും തന്നെ ഒരിക്കലും നിങ്ങളോടത് പറയില്ല. ഇതിനുമുൻപ് വാൾസ്ട്രീറ്റ് പിടിച്ചടക്കൽ പ്രക്ഷോഭം – അഥവാ ആ പ്രക്ഷോഭത്തിന്റെ മുഖ്യഭാഗം – 2011 സെപ്തംബറിനും നവംബറിനുമിടയ്ക്കുള്ള ഏതാനും ആഴ്ചകൾ നീണ്ടുനിന്നിരുന്നല്ലോ. ആ പ്രക്ഷോഭത്തിന്റെ അവസാനനാളുകളിൽ അത് നടന്ന മുഖ്യവേദിയായിരുന്ന ന്യൂയോർക്കിലെ സുക്കോട്ടി പാർക്കിൽനിന്നും പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയുണ്ടായി. ആ പ്രക്ഷോഭം അതിവിപുലവും ആവേശജനകവുമായ സ്വാധീനം സൃഷ്ടിച്ചു; അതിന്റെ ഫലമായി അമേരിക്കയിലുടനീളം മാത്രമല്ല, മറ്റു രാജ്യങ്ങളിൽ പോലും സമാനമായ ‘പിടിച്ചടക്കൽ’ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. എന്നാൽ ‘വാൾസ്ട്രീറ്റ് പിടിച്ചടക്കൽ’ പ്രക്ഷോഭം 10 ആഴ്ചകൾക്കുള്ളിൽ തന്നെ അടിച്ചമർത്തപ്പെടുകയുണ്ടായി.
അതേസമയം ഇന്ത്യൻ കർഷകരുടെ പ്രതിഷേധ പ്രക്ഷോഭം ഒരു വർഷത്തിലധികം നീണ്ടുനിന്നു. ഈ കാലത്തിനിടയിൽ ഒരിക്കലും കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് തെളിച്ചുപറയുന്ന ഒരൊറ്റ മുഖപ്രസംഗംപോലും നമ്മുടെ ‘മുഖ്യധാര’ പത്രങ്ങളിലൊന്നിലും കണികാണാൻ ഉണ്ടായിരുന്നില്ല. ജനാധിപത്യത്തെക്കുറിച്ചും ജനാധിപത്യ ശൈലിയെക്കുറിച്ചും വാതോരാതെ ഗിരിപ്രഭാഷണം നടത്താറുള്ള പത്രങ്ങൾപോലും പ്രതിഷേധ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു; മൂന്ന് കർഷക നിയമങ്ങളും റദ്ദാക്കപ്പെടുന്നതുവരെ ജനാധിപത്യത്തെക്കുറിച്ച് അവയൊന്നും ഒരക്ഷരം പോലും ഉരിയാടിയിട്ടുമില്ല.
രാഷ്ട്രീയമായി കൂടുതൽ പുരോഗമന സ്വഭാവമുള്ളവയെന്ന് മേനി നടിക്കുന്ന ചില പ്രസിദ്ധീകരണങ്ങൾ ഗവൺമെന്റിനെ ‘വിമർശിച്ചി’രുന്നു; എന്നാൽ ആ വിമർശനം നിയമത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല, അത് അവതരിപ്പിച്ച രീതിയെക്കുറിച്ചായിരുന്നുവെന്ന് മാത്രം. അവയുടെ മുഖപ്രസംഗങ്ങൾ പറഞ്ഞുകൊണ്ടിരുന്നത് കർഷകരുടെ വിശ്വാസം നേടിയെടുക്കുന്നതിനെക്കുറിച്ചായിരുന്നു; അതായത് ആ നിയമങ്ങളിൽ പറയുന്ന കാര്യങ്ങൾ കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ളവയാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതായിരുന്നുവെന്നാണ്. അത്തരം മുഖപ്രസംഗങ്ങൾ കാപട്യമില്ലാത്തവരും നിഷ്കളങ്കരുമായ കർഷകരോട് സഹതാപം പ്രകടിപ്പിക്കുന്നവയായിരുന്നു; എന്നാൽ തങ്ങൾക്ക് ഗുണം ചെയ്യുന്നതെന്തെന്ന് കാണാൻ അവർക്ക് കഴിഞ്ഞില്ലത്രെ! മിക്കവാറും മുഖപ്രസംഗങ്ങൾ അവസാനിപ്പിക്കുന്നത് ഗവൺമെന്റ് നിയമം കൊണ്ടു വന്ന രീതി മോശമാണെങ്കിലും ആ നിയമങ്ങൾ നല്ലവയാണെന്നു മാത്രമല്ല ഏറെ അനിവാര്യവുമാണെന്ന വരികളോടെയാണ്.
അതുപോലെയുള്ള മുഖപ്രസംഗങ്ങൾക്കു പുറമേ ചില എഡിറ്റ് പേജ് ലേഖനങ്ങളും അവയിൽ ചേർത്തിരുന്നു. അതിലൊന്നാണ് ‘‘ധനിക കർഷകർക്ക് സോഷ്യലിസം’’ (SOCIALISM FOR RICH FARMERS) എന്ന് ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ ശീർഷകം നൽകി തന്റെ പേരിൽ സുർജിത്ത് ഭല്ല എഴുതിയ കുറിപ്പ്. അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഭല്ല.
പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ വരുമാനവും സമ്പത്തും നിർണയിക്കാൻ മാധ്യമങ്ങൾക്ക് ഏറെയൊന്നും പരിശ്രമം വേണ്ടി വന്നിട്ടില്ലെന്ന് ഉറപ്പാണ്. ആ സമയത്ത് ഈ വിഷയം സംബന്ധിച്ച് പുറത്തുവന്ന ഏറ്റവും ഒടുവിലത്തെ ഡാറ്റ കർഷക കുടുംബങ്ങളുടെ സ്ഥിതി വിലയിരുത്തൽ സർവ്വേ (2013) സംബന്ധിച്ച നാഷണൽ സാമ്പിൾ സർവേയുടെ എഴുപതാം റൗണ്ട് സർവ്വേയാണ്. രസകരമായ ഒരു താരതമ്യത്തിന് വക നൽകുന്നതാണ് ഇത്; ഒപ്പം വായനക്കാർക്ക് വളരെയേറെ കാര്യങ്ങളെക്കുറിച്ച് അറിയാനും കഴിയും – ഈ ‘സമ്പന്ന’ കർഷകർ എങ്ങനെയാണ് കാര്യങ്ങൾ നടത്തുന്നത് എന്നും അംബാനി, അദാനി ആദിയായവർ എങ്ങനെ കാര്യങ്ങൾ നടത്തുന്നുവെന്നുമുള്ള താരതമ്യവും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ ഡാറ്റയിൽ നിന്ന് നമുക്ക് അറിയാനാകും.
അന്നത്തെ എൻഎസ്എസ് സർവേയിലെ കണക്കുപ്രകാരം പഞ്ചാബിലെ കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം 18,059 രൂപ ആയിരുന്നു. ഓരോ കർഷക കുടുംബത്തിലെയും ശരാശരി അംഗസംഖ്യ 5.24 ആയിരുന്നു. അപ്പോൾ അവരുടെ പ്രതിമാസ പ്രതിശീർഷ വരുമാനം ഏകദേശം 3,450 രൂപയാണ്.
അമ്പമ്പോ ! ഇവർക്കെല്ലാം എന്തുമാത്രം സ്വത്ത്! ഇവിടെ പകുതി മാത്രമേ പറയുന്നുള്ളൂ; എന്നാൽ മറ്റേ പകുതിയെക്കുറിച്ച് നമ്മളോട് ആരും പറയുന്നില്ല. നോക്കൂ, ഹരിയാനയിലെ ഇതിനു സമാനമായ കണക്ക്. (അവിടെ കർഷക കുടുംബങ്ങളിലെ അംഗസംഖ്യ ശരാശരി 5.9 ആണ്) ഹരിയാനയിലെ ഒരു കർഷക കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 14,434 രൂപ; പ്രതിമാസ പ്രതിശീർഷ വരുമാനം ഏകദേശം 2450 രൂപ. ഇത് നാമമാത്രമായ തുകയാണെങ്കിലും ഈ തുകയാണ് അവരെ ഇതര സംസ്ഥാനങ്ങളിലെ ഇന്ത്യൻ കർഷകരെക്കാൾ ബഹുദൂരം മുന്നിൽ നിർത്തുന്നത്. ഉദാഹരണത്തിന് ഗുജറാത്തിലെ കാര്യം തന്നെ നോക്കാം. ഗുജറാത്തിൽ ഒരു കർഷക കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 7,926 രൂപയാണ്. ഒരു കുടുംബത്തിലെ ശരാശരി അംഗസംഖ്യ 5.2 ആയിരിക്കെ പ്രതിമാസ പ്രതിശീർഷ വരുമാനം 1,524 രൂപയാണ്.
അഖിലേന്ത്യ-ാടിസ്ഥാനത്തിൽ നോക്കിയാൽ ഒരു കർഷക കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 6,426 രൂപയാണ് (പ്രതിശീർഷ പ്രതിമാസ വരുമാനം 1300 രൂപയും). കൂട്ടത്തിൽ പറയട്ടെ, കുടുംബത്തിന്റെ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനം ഉൾപ്പെടുന്നതാണ് ഇൗ ശരാശരി പ്രതിമാസ വരുമാനം. കൃഷിയിൽനിന്ന് മാത്രം ലഭിക്കുന്നതല്ല അത്; മറിച്ച്, കന്നുകാലി വളർത്തൽ, കാർഷികേതര ബിസിനസുകൾ, കൂലിയും ശമ്പളവും എന്നിവയിൽനിന്നെല്ലാമുള്ള വരുമാനവും അതിൽ ഉൾപ്പെടുന്നു (എൻഎൻഎസ്സിന്റെ ഏറ്റവും പുതിയ 77–ാംറൗണ്ട് സർവെ വെളിപ്പെടുത്തുന്നത് കൂലിവേലയിൽ നിന്നും കന്നുകാലി വളർത്തലിൽനിന്നും ലഭിക്കുന്ന സമ്പാദ്യത്തിൽ കുറച്ച് വർധന ഉണ്ടായതായാണ്; എന്നാൽ കൃഷിയിൽനിന്നുള്ള യഥാർഥ വരുമാനത്തിൽ ശരിക്കും ഇടിവുണ്ടായിട്ടുമുണ്ട്).
എന്നാൽ ഇതിൽ അപൂർവം ചില വ്യത്യസ്തതകൾ ഉണ്ടെന്നതിൽ സംശയമില്ല; ചില പത്രങ്ങളെങ്കിലും (അവയിൽ അധികവും പഞ്ചാബിൽ നിന്നുള്ളവയാണ്) കർഷകരുടെ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നുണ്ട്. ദേശീയമായി നോക്കിയാൽ, ‘സ്വതന്ത്ര കമ്പോളത്തിനനുകൂല’മായത് എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന കോർപറേറ്റ് ഭാഷ്യങ്ങളാണ് മുന്തിനിൽക്കുന്നത്. കാർഷിക നിയമങ്ങൾ റദ്ദാക്കപ്പെട്ടതോടെ, ഒട്ടേറെ പത്രങ്ങളും ചാനലുകളും വിപുലമായ കൂടിയാലോചനകളിലൂടെ സമവായത്തിൽ എത്തിച്ചേരുന്നത് ജനാധിപത്യ സംവിധാനത്തിൽ അനിവാര്യമാണെന്ന ആവർത്തനവിരസമായ മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാൻ തുടങ്ങി.
പതിനായിരക്കണക്കിന് പ്രതിഷേധക്കാർക്ക് വെള്ളവും വെെദ്യുതിയും വിച്ഛേദിക്കപ്പെട്ടപ്പോൾ; വേർതിരിക്കപ്പെട്ട മേഖലകളിലേക്ക് പ്രതിഷേധിക്കുന്ന കർഷകർ കടക്കുന്നത് പൊലീസും അർധസെെനിക വിഭാഗങ്ങളും ബാരിക്കേഡുകൾ കൊണ്ട് തടഞ്ഞപ്പോൾ; അപകടകരമായവിധം മലിനപ്പെട്ട അവസ്ഥയിൽ കഴിയാൻ പ്രതിഷേധിക്കുന്ന കർഷകരെ നിർബന്ധിതരാക്കിയപ്പോൾ, അവർക്കുനേരെ ജലപീരങ്കി പ്രയോഗിക്കപ്പെടുകയും മുള്ളുവേലിക്കും കിടങ്ങുകൾക്കും പിന്നിലായി അവർ തള്ളിനീക്കപ്പെടുകയും ചെയ്തപ്പോൾ, ഇത്ര കടുത്ത അടിച്ചമർത്തൽ നേരിടുന്നകാലത്ത് പ്രതിഷേധിക്കുന്ന കർഷകരുടെ സമീപത്തെത്താൻപോലും മാധ്യമപ്രവർത്തകർക്ക് കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടപ്പോൾ ഒന്നുംതന്നെ ജനാധിപത്യമര്യാദകൾ ഭരണാധികാരികളെ ഓർമിപ്പിക്കുന്ന മുഖപ്രസംഗങ്ങൾ അധികമൊന്നും ഉണ്ടായില്ല. സമരത്തിലേർപ്പെട്ട ഇരുന്നൂറിലധികം കർഷകർ വിവിധ പ്രശ്നങ്ങളാൽ മരണപ്പെടുന്ന അവസ്ഥ വരെയെത്തി; അവരിലേറെയും കടുത്ത തണുപ്പേറ്റാണ് മരണപ്പെട്ടത് (പ്രക്ഷോഭം അവസാനമായപ്പോൾ മരണസംഖ്യ 700ഉം കടന്നു).തീർച്ചയായും ജനാധിപത്യത്തെ സംബന്ധിച്ച ഒരു സംവാദത്തിന് ഇതെല്ലാം സാധ്യത നൽകുന്നു.
വെറുക്കപ്പെട്ട (ഇപ്പോൾ പിൻവലിക്കപ്പെട്ട) മൂന്ന് കാർഷികനിയമങ്ങൾ എഴുതി തയ്യാറാക്കിയത് ആരാണെന്ന ചോദ്യം ഉന്നയിക്കാൻപോലും മാധ്യമങ്ങൾ തയ്യാറായില്ല. നിശ്ചയമായും അവയ്ക്ക് രൂപം നൽകിയത് പാർലമെന്റിലായിരുന്നില്ല, ഏതെങ്കിലുമൊരു പാർലമെന്റംഗം പോലുമായിരുന്നില്ല. ഏതെങ്കിലുമൊരു സ്പെഷ്യൽ കമ്മിറ്റി ഈ നിയമം കാണുകപോലും ചെയ്തിരുന്നില്ല; കാർഷികമേഖലയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്കുമുമ്പാകെ ഈ ബില്ലുകൾ സമർപ്പിച്ചിട്ടുപോലുമില്ല. ആ ബില്ലുകൾ ആദ്യമായി പുറത്തുവന്നത് 2020 ജൂണിൽ ഓർഡിനൻസായാണ്; അവസാനം സെപ്തംബറിൽ പാർലമെന്റിലൂടെ തള്ളിക്കയറ്റുകയാണുണ്ടായത‍്;അതാകട്ടെ, എട്ടോളം എംപിമാരെ പരിഹാസ്യമായ കാരണങ്ങൾ പറഞ്ഞ് രാജ്യസഭയിൽ നിന്ന് പുറത്താക്കിയശേഷവും.
ആ നിയമങ്ങൾ തയ്യാറാക്കുന്നതിനുപിന്നിൽ പ്രവർത്തിച്ചത് കോർപറേറ്റുകളുടെ കരങ്ങളാണെന്ന് പ്രതിഷേധ പ്രക്ഷോഭത്തിലേർപ്പെട്ടിരുന്ന കർഷകർക്ക് കൃത്യമായി അറിയാമായിരുന്നു. അതേപോലെതന്നെ മാധ്യമങ്ങൾക്കും ഇത് അറിയാമായിരുന്നു. പക്ഷേ, അവയുടെ കോർപറേറ്റുവൽകൃത സ്വഭാവം കാരണം ഈ വിഷയം ഉയർത്തിക്കൊണ്ടുവരുകയുണ്ടായില്ല.
വ്യവസായ ഉടമകൾ
മാധ്യമ ഉടമകളാകുമ്പോൾ
മാധ്യമങ്ങളുടെ ഉടമസ്ഥത അഥവാ നിയന്ത്രണം കോർപറേറ്റുകളുടെ കെെവശമാണെന്ന് പറയുമ്പോൾ നാം എന്താണ് അർഥമാക്കുന്നത്? ഈ കോർപറേറ്റുകൾ അസംഖ്യം വ്യവസായങ്ങളുടെ ഉടമസ്ഥരാണെന്നതും മാധ്യമങ്ങളുടെ ഉടമസ്ഥരാണെന്നതും എന്തുകൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു?
എണ്ണമറ്റ മറ്റു വ്യവസായ–ബിസിനസ് താൽപ്പര്യങ്ങളുള്ള കോർപറേഷനുകൾ മാധ്യമസ്ഥാപനങ്ങൾ കൂടി ഏറ്റെടുക്കുമ്പോൾ സംഭവിക്കുന്നത് അവയുടെ പിന്നിലേക്കുള്ള കുതിച്ചുചാട്ടമായിരിക്കും.
മാധ്യമഉടമകൾ വലിയ തോതിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു വ്യവസായങ്ങൾ എന്തെല്ലാമാണ്, അവരുടെ വ്യവസായ താൽപ്പര്യങ്ങൾ എന്തെല്ലാമാണ് എന്ന് അക്കമിട്ട് നിരത്തിയാൽ ഈ ലേഖനത്തിലെ വാക്കുകളുടെ എണ്ണം പല മടങ്ങ് വർധിക്കും. എന്നാൽ ഓട്ടപ്രദക്ഷിണം നടത്തി നോക്കിയാൽ, ഇന്ത്യയിലെ കോർപറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങൾ ഇടപെടുന്ന മറ്റു മേഖലകൾ ചുവടെ പറയുന്നവയാണെന്ന് നമുക്ക് കാണാനാവും.
വിനോദം (മാധ്യമങ്ങളും വിനോദവും ഒന്നിച്ചു ചേർത്ത് ഒറ്റവ്യവസായമായി കണക്കാക്കപ്പെടുന്നു); കൽക്കരിപ്പാടങ്ങൾ, ഖനികൾ, താപവെെദ്യുതി പ്ലാന്റുകൾ, ടെലകോം, ഡിജിറ്റൽ, സ്വകാര്യവിദ്യാഭ്യാസം, ആഡംബരപൂർണമായ ഹിൽ സ്റ്റേഷനുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, വേ-്യാമയാനം, കൃഷി, കാർഷികയന്ത്രങ്ങൾ, സ്വകാര്യബാങ്കുകൾ, കച്ചവടം, ട്രാക്ടറുകൾ, സിമന്റ്, ഉരുക്ക്, ഷിപ്പിങ്, ചണം, കാസ്റ്റിങ്, രാസപദാർഥങ്ങൾ, ഫാർമസി അതായത് വൻകിട ഒൗഷധ നിർമാണം, അഗ്രോകെമിക്കൽസ്, ക്രിക്കറ്റ് (ഐപിഎൽ), പരുത്തി, റബ്ബർ, തേയില, കോഫി, ഇലക്ട്രോണിക്സ്, ചലച്ചിത്രം, ക്ഷീരവ്യവസായം, പുസ്തകപ്രസാധനം, സംഗീതം, ചിട്ടിഫണ്ടുകൾ, സംസ്കരിക്കപ്പെട്ട ഭക്ഷണസാധനങ്ങൾ, ടെക്-സ്റ്റെെൽസ്, മനുഷ്യനിർമിത ഫെെബറുകൾ, ഗ്യാസ്, സ്-പെക്ട്രം ഇങ്ങനെ പട്ടിക നീളുന്നു.
1991നുശേഷം, കോർപറേറ്റുകൾക്ക് തങ്ങളുടെ ഇടപെടലിന്റെ തോതിൽ വലിയ വർധന വരുത്താൻ കഴിഞ്ഞു. അതിനുപുറമേ, ആ വർഷം ആരംഭിച്ച സ്വകാര്യവൽക്കരണമെന്ന മഹാമാരി പുതിയ, പുതിയ മേഖലകളിലേക്ക് കടക്കാൻ അവർക്ക് പ്രചോദനമായി; അവർ ആവേശഭരിതരായി. 1991നുശേഷം ഇന്ത്യയിൽ നടന്ന സ്വകാര്യവൽക്കരണത്തിന്റെയെല്ലാം ഏറ്റവും വലിയ ഗുണഭോക്താക്കൾ മാധ്യമ ഉടമകളാണ്– പ്രത്യേകിച്ചും ഏറ്റവും വലിയ മാധ്യമ ഉടമകൾ.
സ്വകാര്യവൽക്കരണത്തിന്റെ കാലത്താണ് വ്യവസായത്തെ സംബന്ധിച്ച അപൂർവമായ ഈ വ്യത്യാസത്തിന് സ്ഥിരീകരണം ലഭിച്ചത്:
ആളുകൾക്ക് വളരെ കുറച്ചുമാത്രം നൽകി, അവരിൽ നിന്ന് വളരെയേറെ തിരിച്ചെടുത്ത് കുറച്ചാളുകൾ മാത്രം ലാഭമുണ്ടാക്കുന്നത് ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ല.
മാധ്യമ ഉടമകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെയാകെ മൊത്തം മൂല്യം കണക്കാക്കുന്നതുതന്നെ അസാധ്യമാണ്. എന്നാൽ മാധ്യമ–വിനോദമേഖലയുടെ മാത്രം മൂല്യംതന്നെ അമ്പരപ്പിക്കുന്നതാണ്. 2022ൽ പുറത്തുവന്ന ഏണസ്റ്റ് & യങ്–ഫിക്കി റിപ്പോർട്ട് കണക്കാക്കുന്നത്, മഹാമാരിമൂലം തിരിച്ചടികളെല്ലാം ഉണ്ടായിട്ടും 2022ൽ 17 ശതമാനത്തിന്റെ വളർച്ച ഉണ്ടായിയെന്നും മൊത്തം മൂല്യം 1.89 ലക്ഷം കോടി രൂപ (2,520 കോടി ഡോളർ) യിൽ എത്തിയെന്നുമാണ്.
2024 ആകുമ്പോൾ ഈ മേഖലയുടെ സംയോജിത വാർഷിക വളർച്ച നിരക്ക് 13 ശതമാനത്തിൽ എത്തി മൊത്തം മൂല്യം 2.33 ലക്ഷം കോടി രൂപയായി (3020 കോടി ഡോളർ) കുതിച്ചുയരുമെന്നും തുടർന്ന് ഏണസ്റ്റ് & യങ് –ഫിക്കി റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്. ആ തിരഞ്ഞെടുപ്പ് വർഷത്തിൽ ഭീമാകാരമായി വളർന്നു വരുന്ന പ്രതിപക്ഷരാഷ്ട്രീയത്തിനെതിരായി പ്രയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നു മാത്രമാകും ഇത്; എന്നാൽ ഏറെ നിർണായകവുമാകുമിത്.
വെെവിധ്യമാർന്ന ഒട്ടേറെ വ്യവസായങ്ങൾ മാധ്യമങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതും അതിനുള്ളിൽതന്നെ ചില കെെകളിലേക്ക് ഉടമസ്ഥത കേന്ദ്രീകരിക്കുന്ന പ്രവണത അതിവേഗം വളർന്നുവരുന്നതും മാധ്യമങ്ങളുടെ ഡയറക്ടർ ബോർഡിന്റെ ഘടനയിൽ പ്രതിഫലിക്കുന്നുണ്ട്. ഇവയിൽ ചിലതിൽ വളരെ വലിയ സ്വകാര്യബാങ്ക് തലവന്മാർ ഓഹരി കമ്പോളത്തിലെ ഭീമന്മാർക്കൊപ്പം ഇടംപിടിക്കുന്നു. ഈ കെട്ടുപിണയൽ അവിശ്വസനീയമായവിധം സങ്കീർണവും അന്ധാളിപ്പിക്കുന്നതുമാണ്. ‘‘കോർപറേറ്റ് വ്യഭിചാരത്തിനുള്ളിലെ കോർപറേറ്റ് വ്യഭിചാരം’’ എന്നാണ് ബെൻ ബാഗ്ഡികിയാൻ (മാധ്യമകുത്തക– അമേരിക്കയിൽ) എന്ന ക്ലാസിക് കൃതിയിൽ വളരെ മനോഹരമായി ചിത്രീകരിക്കുന്നത്.
മാധ്യമസംവാദങ്ങളിൽനിന്ന് ‘‘താൽപ്പര്യങ്ങളുടെ സംഘട്ടനം’’ എന്ന പദപ്രയോഗംതന്നെ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. രാഷ്ട്രീയവിഷയങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പോലും ഇതാണവസ്ഥ. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത് നിങ്ങളുടെ നഗ്നമായ സാന്നിധ്യം ലജ്ജാകരമായവിധം മറ്റു മേഖലകളിലുള്ളപ്പോൾ ‘‘താൽപ്പര്യങ്ങളുടെ സംഘട്ടന’’ത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്നതായി മാറുന്നു. രണ്ടാമത്, കോർപറേറ്റുവൽക്കരണം പുതിയൊരു തലത്തിലുള്ള (സാങ്കേതികേതരമായ) ഒത്തുചേരലിന് അവസരമൊരുക്കുന്നു. ഒട്ടേറെ കോർപറേറ്റ് മേലാളരും വൻകിട ബിസിനസ് ഉടമകളും രാഷ്ട്രീയ രംഗപ്രവേശം നടത്തുകയോ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയെങ്കിലുമോ ചെയ്യുന്നു. ഇത് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ എത്തുന്നത് വിജയ് മല്ല്യയുടെ പേരായിരിക്കും; എന്നാൽ വേറെയും കുറച്ചു പേർ ഈ ഗണത്തിൽ ഉണ്ട്.
ഇത് തികച്ചും ഒരു ഇന്ത്യൻ പ്രതിഭാസമാണ്. വൻകിട ബിസിനസുകാർ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. പ്രമുഖ രാഷ്ട്രീയക്കാർ അഥവാ രാഷ്ട്രീയ ശക്തികൾ മാധ്യമരംഗത്തേക്ക് കടക്കുന്നു. മാധ്യമസ്ഥാപനങ്ങളാകട്ടെ, ഒരേ സമയം രാഷ്ട്രീയ രംഗവുമായും കോർപറേറ്റ് സംവിധാനവുമായും ഒട്ടിച്ചേർന്നു കിടക്കുകയും ചെയ്യുന്നു. പഞ്ചാബിലെ ബാദൽ കുടുംബം, ആന്ധ്രാപ്രദേശിലെ റെഡ്ഡിമാർ, തമിഴ്നാട്ടിലെ പരേതയായ മുഖ്യമന്ത്രി ജയലളിതയും മാരൻ കുടുംബവുമെല്ലാം ഈ നിരയിൽ വരുന്നു; ഇനിയും നിരവധി പേരുണ്ട്.
ഈ പ്രക്രിയ തീരെ പുതിയ ഒന്നല്ല; കഴിഞ്ഞ കുറെ ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണിത്. എന്നാൽ 1991നുശേഷമാണ് ഈ ‘ഒത്തുചേരൽ’ മുൻപൊരിക്കലും സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാത്ത തോതിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ വർഷംമുതൽ കോർപറേറ്റ് കുടുംബങ്ങൾ 1980കളുടെ പാഠങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള അവസരമായിക്കണ്ട് ചാടിയിറങ്ങുകയായിരുന്നു.
വൻകിട മാധ്യമസ്ഥാപനങ്ങളെ സ്വന്തമാക്കുന്ന കോർപറേഷനുകൾ ബിസിനസ് രംഗത്തെ മാധ്യമ ഉടമകളല്ലാത്ത തങ്ങളുടെ എതിരാളികളെക്കാൾ അധികം രാഷ്ട്രീയമായ കരുത്തും അധികാരവും ഒപ്പം ജനവിശ്വാസത്തിന്റെ ശക്തിയും നേടുന്നു. മുകേഷ് അംബാനിയുടെ പിതാവ്, റിലയൻസ് സ്ഥാപകനായ ധീരുഭായ് അംബാനി ഇൗ ദുഷ്കരമായ വഴി മനസ്സിലാക്കിയിരുന്നു. 1980കളിൽ വ്യവസായരംഗത്തെ തന്റെ എതിരാളി നുസ്ലി വാഡിയയുമായിട്ടുള്ള ഏറ്റുമുട്ടലിൽ വാഡിയയ്ക്ക് ഒരു മാധ്യമ സാമ്രാജ്യത്തിന്റെ അധിപൻ കൂടിയായ, ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ഉടമയായ രാംനാഥ് ഗോയങ്ക എന്ന മറ്റൊരു വ്യവസായിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് ധീരുഭായ് അംബാനി മനസ്സിലാക്കി. വിശ്രുതനായ ധീരുഭായ് പൊതുജന ദൃഷ്ടിയിൽ താൻ അപമാനിതനാകുന്നതായി കണ്ടു.
അക്കാലത്തെ റഗുലേറ്ററി പ്രക്രിയയ്ക്കുവിരുദ്ധമായ പല കാര്യങ്ങളും ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയ്തതായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അക്കാലത്ത് ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്ററായിരുന്ന അരുൺഷൂരി റിലയൻസിനെ സംബന്ധിച്ച പല വെളിപ്പെടുത്തലുകളും പൊതുജന മധ്യത്തിൽ അവതരിപ്പിച്ചശേഷം, പിന്നീട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ പാടെ മറുകണ്ടം ചാടുന്നതാണ് നാം കണ്ടത്. ‘‘ധീരുഭായിക്ക് ഒരു തവണ മാത്രമല്ല, പല തവണ നാം നന്ദി പറയേണ്ടതുണ്ട്; നിയന്ത്രണങ്ങളെല്ലാം ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച അദ്ദേഹമാണ് ലോകോത്തര നിലവാരമുള്ള കമ്പനികളും സംവിധാനങ്ങളും സ്ഥാപിച്ചത്; അങ്ങനെയണ് അദ്ദേഹം ഇന്ന് നമ്മളെല്ലാം അവകാശപ്പെടുന്ന വളർച്ചയുടെ അടിത്തറ പാകിയത്’’–വാജ്പേയി ഗവൺമെന്റിൽ ഓഹരിവിറ്റഴിക്കൽ മന്ത്രിയായിരിക്കെ 2003ലാണ‍് അരുൺ ഷൂരി ഇങ്ങനെ പറഞ്ഞത് ; ഒരുപക്ഷേ, ഇന്ന് വീണ്ടും അദ്ദേഹം ഇതും മാറ്റി പറയാൻ ഇടയുണ്ട്; എന്നാൽ 2003ൽ അദ്ദേഹം ഇങ്ങനെ പറഞ്ഞത് രേഖയിലുണ്ട്.
1980കളിലെ അനുഭവം മുകേഷ് അംബാനി മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. നന്നായി പഠിക്കുകയും പരിശ്രമിക്കുകയും ചെയ്താണ് അദ്ദേഹത്തിന്റെ ഗ്രൂപ്പിന് ഏറ്റവും വലിയ മാധ്യമ ഉടമസ്ഥത കിട്ടിയത്.
എന്നാൽ എവിടെയുമുള്ള കോർപ്പറേറ്റുകൾക്ക് പ്രത്യേകിച്ചും ഇന്ത്യൻ ശതകോടീശ്വരന്മാർ മേധാവികളായുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സർക്കാരുകളുമായി രണ്ട് തലങ്ങളിൽ ബന്ധം സ്ഥാപിക്കുന്നു. ഒരുതരത്തിൽ നോക്കിയാൽ ആ ബന്ധം തങ്ങളുടെ ബിസിനസ് ഇടപാടുകളിൽ അവരെ കൂടുതൽ കരുത്തരാക്കുന്നു. തങ്ങളുടെ എതിരാളികളുമായുള്ള ബന്ധത്തിലും അതിലും പ്രധാനമായി തൊഴിലാളികൾക്കെതിരെയും കോർപ്പറേറ്റുകളെ കരുത്തരാക്കുന്നതാണ് ഇത്തരമൊരു ബന്ധം. സമാന്തരമായി തന്നെ മറ്റൊരു തരത്തിൽ അവർക്ക് സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ടതായും വരുന്നു, പ്രത്യേകിച്ചും, ഗവൺമെന്റ് കരാറുകളെ ആശ്രയിക്കുന്ന കോർപ്പറേഷനുകൾക്ക്. തുച്ഛവിലയ്ക്ക് ഭീമമായ തോതിലുള്ള പൊതുവിഭവങ്ങൾ ഇത്തരം കരാറുകളിലൂടെ കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ് – എണ്ണ, പ്രകൃതിവാതകം, ഖനികൾ എന്നിവ ഉദാഹരണം.
ഭീമൻ കോർപ്പറേറ്റ് മാധ്യമ ഉടമകൾ പെയ്ഡ് ന്യൂസ് (പണം പറ്റി ‘വാർത്ത’ കൊടുക്കൽ) പോലെയുള്ള അഴിമതി നിറഞ്ഞ ഇടപാടുകളിലൂടെയും പൊതു ഉടമസ്ഥതയിലുള്ള വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനായി ലൈസൻസുകൾ കൈവശപ്പെടുത്തിയും അനിയന്ത്രിതമായ സ്വകാര്യവൽക്കരണ നടപടികളിലൂടെ ആയിരക്കണക്കിന് കോടിരൂപയുടെ പൊതുസ്വത്ത് ഈ കോർപ്പറേറ്റുകൾക്ക് കൈമാറിയുമെല്ലാം കണക്കില്ലാത്തത്ര പണം നേടുകയാണ്. ഭരണകക്ഷികൾക്ക് ഇവ തിരഞ്ഞെടുപ്പ് ക്യാമ്പയിനുവേണ്ട പണം വാരിക്കോരി നൽകുകയും ചെയ്യുന്നു. ഇത്തരം മാധ്യമ ഉടമകൾ, അധികാരത്തിലിരിക്കുന്ന തങ്ങളുടെ കൂട്ടുപങ്കാളികളെ അലോസരപ്പെടുത്താൻ തങ്ങളുടെ ജേണലിസ്റ്റുകളെ അനുവദിക്കുമെന്ന് കരുതാനാവില്ലല്ലോ.
അധികാരത്തിലിരിക്കുന്ന തങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കാളികൾക്കും കോർപ്പറേറ്റുകളിൽ നിന്ന് നാനാവിധത്തിലാണ് സഹായം ഒഴുകിയെത്തുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഇലക്ടറൽ ബോണ്ടുകളിലൂടെയുള്ള സഹായം തന്നെയാണ്. അഥവാ മഹാമാരി ആരംഭിച്ച കാലത്ത് രൂപീകരിച്ച പി എം കെയേഴ്സ് ഫണ്ടിലൂടെപോലും കോർപ്പറേറ്റുകൾ പണം ഒഴുക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ പ്രകാരം, 2019 – 20ൽ ഇലക്ടറൽ ബോണ്ടുകളിലേക്ക് പോയ 3,435 കോടി രൂപയുടെ 75%ത്തിലധികവും ബിജെപിക്കാണ് ലഭിച്ചത്. 2022 ഒക്ടോബർ ഒന്നിനും പത്തിനും ഇടയ്ക്ക് മാത്രം (ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്) 545 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് വിൽക്കപ്പെട്ടത്. ഇതിന്റെയും സിംഹഭാഗവും ലഭിച്ചത് ബിജെപിക്കുതന്നെ ! ഈ പണത്തിലധികവും വന്നത് ‘അജ്ഞാതരായ’ ആളുകളിൽ നിന്നാണ് – ശരിക്കും ഇവ കോർപ്പറേറ്റുകളിൽ നിന്നുള്ള സംഭാവന തന്നെയാണ് (ഇവരിൽ പലരും മാധ്യമ വ്യവസായവുമായി കെട്ടുപിണഞ്ഞു നിൽക്കുന്നവരുമാണ്).
തുടക്കമിട്ടതുശേഷം 2021 മാർച്ചുവരെയുള്ള ആദ്യത്തെ ഒരു വർഷം കൊണ്ട് പി എം കെയേഴ്സ് ഫണ്ടിൽ (പി എം സ്കെയേഴ്സ് – scares, വിരട്ടൽ – ഫണ്ട് എന്നാണ് വിമർശകർ ഇതിനെ പരിഹസിക്കുന്നത്) സമാഹരിച്ചത് പതിനായിരം കോടിയിലധികം രൂപയാണ്. ആ തുകയിലും വലിയൊരു പങ്ക് കോർപ്പറേറ്റുകളിൽ നിന്നു വന്നത് തന്നെയാണ്. എന്നിട്ടും ഈ ഫണ്ടുമായി ബന്ധപ്പെട്ട ഒരു വിവരവും ആർക്കും നൽകാൻ തയ്യാറല്ല എന്നാണ് ഗവൺമെന്റ് സംശയാതീതമായി വ്യക്തമാക്കിയിട്ടുള്ളത്.
‘പ്രധാനമന്ത്രി’ എന്ന വാക്കിന്റെ ചുരുക്കമാണ് (പി എം) ഈ ഫണ്ടിന്റെ പേരായി നൽകിയിട്ടുള്ളത്. ഇക്കാര്യം ആ ഫണ്ടിന്റെ വെബ്സൈറ്റിൽ കാണാം. എന്നാൽ ഗവൺമെന്റ് പറയുന്നത് ഈ ഫണ്ട് ഒരു ‘പൊതു അതോറിറ്റി’ അല്ലെന്നാണ്; അതുകൊണ്ടുതന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയിലും വരില്ലത്രെ! വാസ്തവത്തിൽ ‘‘അത് ഇന്ത്യ ഗവൺമെന്റിന്റെ ഫണ്ടല്ല’’ എന്നും വാദിക്കുന്നു. അതുകൊണ്ടുതന്നെ, ഭരണ സംവിധാനവുമായി ബന്ധമുള്ള ഒരു സ്ഥാപനത്തിന്റെയും ആഡിറ്റിന് വിധേയമാക്കാനും പറ്റില്ലെന്നും വാദിക്കപ്പെടുന്നു.
ഇന്നത്തെ നവലിബറൽ ലോകത്ത് കോർപ്പറേറ്റ് മാധ്യമങ്ങൾ പോലും ‘ശിങ്കിടി മുതലാളിത്തം’ (Crony Capitalism) പോലെയുള്ള പദങ്ങൾ ഉപയോഗിക്കാറുണ്ട്. വളരെ രസകരമായ ഒരു പദപ്രയോഗം! മുതലാളിത്തം എന്താണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാൽ ശിങ്കിടി മുതലാളിത്തത്തിലെ ‘ശിങ്കിടി’ ആരാണ്? മറ്റു പലർക്കും ഒപ്പം കോർപ്പറേറ്റ് മാധ്യമങ്ങളും ഇതിൽപ്പെടുന്നു.
ഗവൺമെന്റിന്റെ ഒത്താശ, തിരിച്ചും
കോവിഡ് 19 മഹാമാരിയുടെ തുടക്കത്തിൽ സ്വകാര്യ പരസ്യം നൽകലിൽ പെട്ടെന്നുണ്ടായ ഇടിവിന്റെ ആഘാതത്തിൽ നിന്നും കോർപ്പറേറ്റ് മാധ്യമങ്ങൾ കരകയറിയത് നാം കണ്ടു. അവർക്കതിന‍് കഴിഞ്ഞതിന് ഒരു കാരണം ഗവൺമെന്റുമായുള്ള ബന്ധത്തിന്റെ രണ്ട് തലങ്ങളിൽ ഒന്നാമത്തേതിൽ നിന്ന് ഉരുവംകൊണ്ട അധികാരപ്രയോഗത്തിലൂടെയാണ്.
2020 മാർച്ച് 24ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി 140 കോടി വരുന്ന ഈ രാജ്യത്തെ ജനങ്ങൾക്ക് തങ്ങളുടെ ജീവിതമാകെ അടച്ചുപൂട്ടുന്നതിന് നൽകിയത് വെറും 4 മണിക്കൂറാണ്. മോദിയുടെ ആ രാത്രിയിലെ പ്രസംഗത്തെ തുടർന്നുണ്ടായ അനുകൂലമായ ഒരു കാര്യമുണ്ട്: അവശ്യസാധനങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചതാണത്; കർക്കശമായ ലോക്ഡൗൺ കാലത്തും ഈ അവശ്യ സർവീസുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്; ആശുപത്രികൾ, പോലീസ്, അഗ്നിരക്ഷാസേന തുടങ്ങിയവയാണ് ഈ അവശ്യസർവീസുകൾ.
‘അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും, ടെലികമ്യൂണിക്കേഷൻ, ഇന്റർനെറ്റ് സർവീസ്, ബ്രോഡ്കാസ്റ്റിംഗ് ആൻഡ് കേബിൾ സർവീസ്’ തുടങ്ങിയവയും മറ്റു പലതിനുമൊപ്പം ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരായ നമ്മളിൽ പലരും ഇത് കണ്ട് സന്തുഷ്ടരായി.
അവശ്യസർവീസ് എന്ന് മുദ്രകുത്തപ്പെടുന്നത് ഒരേസമയം നിങ്ങൾക്ക് അപകടസാധ്യതയുള്ളതും വിശേഷാവകാശവും തരുന്നതാണ്. നിങ്ങളുടെ തൊഴിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും ഇത് അർത്ഥമാക്കുന്നു. നിങ്ങളെ വെറുതെയങ്ങ് വലിച്ചെറിയാൻ കഴിയില്ലന്നെർത്ഥം.
എന്നിട്ടും ആദ്യത്തെ ലോക്ഡൗണിന്റെ മൂന്നുമാസത്തിനുള്ളിൽ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ (പ്രധാനമായും കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ളവയോ കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ളവയോ ആണ്) 1,500 മാധ്യമപ്രവർത്തകരെ ജോലിയിൽ നിന്ന് പുറത്താക്കി. ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് പറയുന്നതനുസരിച്ച് , 2022 മെയ് മാസത്തിനകം കുറഞ്ഞത് 3000 ജേണലിസ്റ്റുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിനുപുറമെയാണ് അസംഖ്യം നോൺ ജേണലിസ്റ്റുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടത്. ഈ സമയത്തെല്ലാം സർക്കാർ മൗനത്തിലായിരുന്നു.
മോദി ഗവൺമെന്റ് നിശബ്ദതകൊണ്ട് തങ്ങളെ അനുകൂലിച്ചതിനുള്ള പ്രത്യുപകാരമായി സർക്കാരിനെയും മാധ്യമങ്ങൾ മൗനംകൊണ്ട് അനുകൂലിച്ചു (ചിലപ്പോഴെല്ലാം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു) ഈ കാലഘട്ടത്തിലാണ് സ്വാതന്ത്ര്യാനന്തരം ഈ രാജ്യം കണ്ടതിൽവെച്ച് ഏറ്റവും പിന്തിരിപ്പനായ തൊഴിൽ നിയമങ്ങളിൽ ചിലത് ആദ്യം സംസ്ഥാന ഗവൺമെന്റുകൾ പുറപ്പെടുവിച്ച ഓർഡിനൻസുകളിലൂടെയും പിന്നീട് കേന്ദ്രം കൊണ്ടുവന്ന ‘കോഡുകളി’ലൂടെയും നടപ്പാക്കിയത്. ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ട ഓർഡിനൻസുകളിൽ ചിലത് ഇന്ത്യൻ തൊഴിലാളികളെ ഒരു നൂറ്റാണ്ടിനു പിന്നിലത്തെ അവസ്ഥയിൽ എത്തിക്കുന്നതാണ് – തൊഴിൽ അവകാശങ്ങളിലെ സുവർണ മുദ്രയായി അറിയപ്പെടുന്ന 8 മണിക്കൂർ തൊഴിൽ സമയത്തെത്തന്നെ സസ്പെൻഡ് ചെയ്യുന്നതാണ്. നിരവധി തൊഴിലാളികൾ പണിയെടുക്കുന്ന, കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങളിൽ ഇവയിൽ ഒന്നിനെക്കുറിച്ച് പോലും പ്രസിദ്ധീകരിക്കാൻ ഇടം കണ്ടില്ല. ഇക്കാര്യം അന്വേഷിക്കാൻ സാധ്യതയുണ്ടായിരുന്ന ജേണലിസ്റ്റുകളിൽ പലരും തൊഴിൽരഹിതരായി കഴിഞ്ഞു – മാധ്യമ മുതലാളിമാർ അവരെ പുറത്താക്കുകയാണുണ്ടായത്.
ഈ റീട്രെഞ്ചുമെന്റുകളെക്കുറിച്ച് പരിശോധിക്കുന്നതിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഒരു സബ് കമ്മിറ്റിക്ക് രൂപം നൽകി. ഞാനും ആ ഗ്രൂപ്പിലെ ഒരംഗമാണ്. ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയിട്ടുള്ള വൻകിട കോർപ്പറേറ്റ് മാധ്യമ സ്ഥാപനങ്ങൾക്ക് ഒരു ചോദ്യാവലി അയച്ചുകൊടുത്തു. അവർ എത്ര പേരെ ലേ ഓഫ് ചെയ്തു, എത്ര പേരാണ് പെട്ടെന്ന് ‘സ്വമേധയാ’ (‘നിർബന്ധിത’എന്ന് വായിക്കാം) റിട്ടയർമെന്റ് വാങ്ങിയത് എന്നെല്ലാമുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. പലരും മറുപടി തരാൻ പോലും തയ്യാറായില്ല. ഏറ്റവും വലിയ കോർപ്പറേറ്റ് മാധ്യമ സ്ഥാപനങ്ങളിൽ ഒന്ന് അവരുടെ അഭിഭാഷകൻവഴി ഒരു മറുപടി തന്നു.
ഈ ‘മറുപടി’ യിലൂടെ അവർ തികഞ്ഞ പുച്ഛഭാവത്തിൽ ഞങ്ങളെ അറിയിച്ചത്, ഈ കാര്യത്തിൽ ഇടപെടാൻ പ്രസ് കൗൺസിലിന് ഒരു അധികാരവുമില്ലെന്നാണ്. ‘പത്രസ്വാതന്ത്ര്യം’ മാത്രമേ കൗൺസിലിന്റെ അധികാരപരിധിയിൽ വരുന്നുള്ളൂ എന്നും ആ മറുപടിയിൽ ഞങ്ങളെ ഓർമിപ്പിച്ചു. റീട്രെഞ്ചുമെന്റോ റിട്ടയർമെന്റോ എന്തുമാകട്ടെ, അതെല്ലാം തൊഴിൽ പ്രശ്നങ്ങളാണ്; അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്ഥാപനങ്ങൾ വേറെയാണെന്നും അതിന് നിയമം വേറെയുണ്ടെന്നും ആ മറുപടിയിൽ പറഞ്ഞു. അവയൊന്നും തന്നെ പത്ര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നില്ലത്രെ!
ജേണലിസ്റ്റുകളെ പുറത്താക്കുന്നത് ഒരുവിധത്തിലും അവരുടെ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല എന്നാണ് ശരിക്കും അവർ വാദിക്കുന്നത്. അവയെല്ലാം തന്നെ തൊഴിൽ പ്രശ്നത്തിന്റെയും മറ്റും പരിധിയിൽ വരുന്നവയാണ്. വർക്കിംഗ് ജേണലിസ്റ്റ് ആക്ടിന് കീഴിൽ വരുന്ന വിഷയങ്ങളും ട്രിബ്യൂണൽ കൈകാര്യം ചെയ്യേണ്ടവയും ആണത്രെ! പ്രസ് കൗൺസിലിന് ഇതിൽ ഇടപെടാനുള്ള അധികാരമൊന്നുമില്ല!
മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച കോർപ്പറേറ്റ് മാധ്യമങ്ങളുടെ നിലപാടാണ് ഇതിലൂടെ വെളിപ്പെടുന്നത്. 1960ൽ ന്യുയോർക്കർ മാഗസീസിൽ എ ജെ ലീബ്ലിങ് പറഞ്ഞ പ്രസിദ്ധ വാചകത്തെയാണ് ഇത് ഓർമിപ്പിക്കുന്നത്. ‘‘സ്വന്തമായി ഒരു പത്രമുള്ളവർക്ക് മാത്രമാണ് പത്ര സ്വാതന്ത്ര്യം ഉറപ്പാകുന്നത്’’.
യുപിഎ ഗവൺമെന്റും കോർപ്പറേറ്റ് മാധ്യമങ്ങളുമായി ഏറെ അടുപ്പത്തിലായിരുന്നു. മൻമോഹൻ സിങ് കോർപ്പറേറ്റ് അനുകൂല പരിഷ്കരണ അജൻഡയുമായി മുന്നോട്ടു പോയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിനുമേൽ ചൊരിഞ്ഞ മനം മടുപ്പിക്കുന്ന മുഖസ്തുതിയെക്കുറിച്ച് നമുക്ക് മറക്കാനാവില്ല. എന്നാൽ, ബിജെപി (അഥവാ അവശിഷ്ട എൻഡിഎ) ഗവൺമെന്റ് അതിനും അപ്പുറമാണ്. എന്നിട്ടും കഴിഞ്ഞ 15 – 20 വർഷം കൊണ്ട് രാഷ്ട്രീയവും സമ്പദ്ഘടനയും ഉരുത്തിരിഞ്ഞത് എങ്ങനെയെന്ന് ഇത് പ്രതിഫലിപ്പിക്കുന്നു.
ഇന്നത്തെ ഇന്ത്യയിൽ ആധിപത്യം വഹിക്കുന്നത് സാമൂഹ്യ മതമൗലികവാദികളും സാമ്പത്തിക – കമ്പോള മൗലികവാദികളും ചേർന്നുള്ള ഒരു കൂട്ടുകെട്ടാണ്. ഈ സന്തുഷ്ട ദാമ്പത്യത്തിന്റെ കിടപ്പറയെയാണ് നാം കോർപ്പറേറ്റ് മാധ്യമം എന്ന് വിളിക്കുന്നത്. ഇത് തികച്ചും ഒരു ഇന്ത്യൻ പ്രതിഭാസമാണ് – ഒട്ടേറെ കോർപ്പറേറ്റ് മേധാവികളും മിക്കവാറും എല്ലാ കോർപ്പറേറ്റ് മാധ്യമപ്രമുഖരും ഏതെങ്കിലുമൊരു ബാബയുടെയോ മാതാജിയുടെയോ ആൾദൈവത്തിന്റെയോ അനുയായിയോ ഭക്തനോ ആയിരിക്കും. ഈ ഒടുവിൽ പറഞ്ഞ കൂട്ടരിൽ ഏറെയും ഇപ്പോൾ കാവി കൂടാരത്തിൽ അടിഞ്ഞുകൂടിയിരിക്കുകയുമാണ്. ഇത്തരം കഥാപാത്രങ്ങളെ തുറന്നു കാണിക്കൽ ഇനി അധികമൊന്നും ഉണ്ടാവില്ലെന്നതും ഉറപ്പാണ്. അവർക്കൊന്നും ഒരു ചുക്കും സംഭവിക്കില്ലെന്നതും ഉറപ്പ്.
2018ൽ കോബ്ര പോസ്റ്റ് നടത്തിയ സ്തോഭജനകമായ ‘ആചാര്യ അതൽ’ സ്റ്റിങ് ഓപ്പറേഷനിൽ പ്രധാന റവന്യൂ ഓഫീസർമാരും മുഖ്യ മാധ്യമ സ്ഥാപനങ്ങളുടെ ഉടമകൾപോലും സാങ്കല്പികമായ ഒരു വമ്പൻ അഡ്വർടൈസിംഗ് കരാറിനായി വായിൽ വെള്ളമൊലിപ്പിച്ചുകൊണ്ട് ആൾദൈവത്തിന്റെ വേഷത്തിലെത്തിയ ഒരു റിപ്പോർട്ടർക്കുമുന്നിൽ നിൽക്കുന്നത് നാം കണ്ടതാണ്. അവർക്കാർക്കും ഒന്നും സംഭവിച്ചുമില്ല. 2009 – 11 കാലത്ത് ദി ഹിന്ദുവിൽ പെയ്ഡ് ന്യൂസ് അപവാദം പുറത്തുവന്നപ്പോഴും (ഇന്ത്യയിലെ അത്യുന്നതമായ കോർപ്പറേറ്റ് മാധ്യമ സ്ഥാപനങ്ങളെ പേരെടുത്ത് പറഞ്ഞ് അവയെ നാണംകെടുത്തിയ ആ റിപ്പോർട്ട്) ഒന്നും സംഭവിക്കാതെ പോയതുപോലെ തന്നെയാകും ഇതിന്റെയും അവസ്ഥ.
എന്തുവിലകൊടുത്തും ലാഭമുണ്ടാക്കുകയെന്ന കോർപ്പറേറ്റ് ധർമമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ പെയ്ഡ് ന്യൂസ് അപവാദത്തിന്റെ രക്ഷിതാവ്. പെയ്ഡ് ന്യൂസ് സമ്മതി നിർമിതിയുമായി ബന്ധപ്പെട്ട കാര്യമല്ല; അത് ഉള്ളടക്ക നിർമിതിയാണ് നടത്തുന്നത്. അത് കേവലം പണം പറ്റിക്കൊണ്ട് ഉള്ളടക്കം ഉണ്ടാക്കുന്നതല്ല (paid content) – അഡ്വർടെെസിങ്ങും പെയ്ഡ് കണ്ടെന്റുതന്നെയാണല്ലോ. പെയ്ഡ് ന്യൂസ് അതിനെല്ലാം അപ്പുറമാണ്.
2009 ലെ ലോക്-സഭാ തിരഞ്ഞെടുപ്പിനെയും പിന്നീട് നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെയും തുടർന്നാണ് ആയിരക്കണക്കിന് കോടിരൂപയുടെ വ്യവസായമായി പെയ്ഡ് ന്യൂസ് പൂർണരൂപത്തിൽ ഉയർന്നുവന്നത്. 2009 ൽ (അവിഭക്ത) ആന്ധ്രാപ്രദേശിൽ മാത്രം 1500 കോടി രൂപയുടെ പെയ്ഡ് ന്യൂസ് ഇടപാട് നടന്നുവെന്നാണ് ജേണലിസ്റ്റ് യൂണിയനുകൾ കണക്കാക്കുന്നത്. പലതരത്തിൽപ്പെട്ട പെയ്ഡ് ന്യൂസുകളുണ്ട് ; പ്രീപെയ്ഡും പോസ്റ്റ് പെയ്ഡുമായും പെയ്ഡ് ന്യൂസുണ്ട്. എങ്ങനെയായാലും പണത്തിന്റെ കെെമാറ്റം നടക്കുന്നുണ്ട്. ഇനിയും പണം കൊടുക്കേണ്ടവരുമുണ്ട്. (തിരഞ്ഞെടുപ്പിൽ പരാജിതരായവർക്ക് പണം കെെമാറാൻ കഴിയാറില്ല).
എന്നാൽ വാസ്തവത്തിൽ കരുത്തരായ മാധ്യമ സ്ഥാപനങ്ങൾ രാഷ്ട്രീയ പാർട്ടികളിൽനിന്നും മത്സരാർഥികളിൽനിന്നും വാർത്തകൾ എന്ന നിലയിൽ അവരുടെ പ്രചാരണം നടത്തുന്നതിന് കോടിക്കണക്കിന് രൂപ കെെപ്പറ്റുന്നുണ്ട്. അപ്പോൾ മാധ്യമങ്ങൾ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാനെപ്പോലെ ഒരൊറ്റ വ്യക്തിയിൽ ഈ വിഷയത്തെയാകെ ഒതുക്കി നിർത്തി – അദ്ദേഹത്തെക്കുറിച്ചുള്ള ‘വാർത്തകൾ’ അടങ്ങുന്ന നൂറുകണക്കിന് ഫുൾ പേജുകളാണ് പ്രസിദ്ധീകരിച്ചത് (ദി ഹിന്ദുവിന്റെ അനേ–്വഷണത്തിൽ 89 പേജുകൾ കണ്ടെത്തിയിരുന്നു ). ഈ പേജുകളിലൊന്നിലും ചവാനെക്കുറിച്ചുള്ള വിമർശനപരമായ ഒരൊറ്റ വാക്കുപോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എതിരാളിയുടെ പേര് ഒരിക്കൽപോലും പരാമർശിക്കപ്പെട്ടതുമില്ല (വേണമെങ്കിൽ എതിരാളിയെ പൊളിച്ചടുക്കാനും പറ്റും, പക്ഷേ അതിന് പണം വേറെ കൊടുക്കണം).
പെയ്ഡ് ന്യൂസ് അപവാദത്തെക്കുറിച്ച് അനേ–്വഷിക്കാൻ പ്രസ് കൗൺസിൽ അംഗങ്ങളെ ചുമതലപ്പെടുത്തി (പരഞ്ജോയ് ഗുഹ താക്കുർത്തയും കെ ശ്രീനിവാസ റെഡ്ഡിയും). സമഗ്രമായ അനേ–്വഷണത്തിനുശേഷം അവർ ആ വിഷയത്തെക്കുറിച്ച് കൂടുതൽ വിനാശകരമായ ഒരു റിപ്പോർട്ടാണ് നൽകിയത്. എന്നാൽ കോർപ്പറേറ്റ് അധികാരം ആ മഹനീയ വേദിയിലും പിടിമുറുക്കി. പ്രസ് കൗൺസിൽ സ്വന്തം റിപ്പോർട്ടിനെ തന്നെ കൊലപ്പെടുത്തി. റിപ്പോർട്ടിനെ അത് പത്തിലൊന്നായി ചുരുക്കി; ശുപാർശകൾ സംബന്ധിച്ച അവസാന ഭാഗം മാത്രമേ പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയുള്ളൂ. ഇതിൽ കുറ്റവാളികളുടെ ആരുടെയും പേരും പരാമർശിച്ചില്ല.
പിന്നീട് മാസങ്ങൾക്കുശേഷമാണ് പ്രസ് കൗൺസിൽ റിപ്പോർട്ട് പൂർണ രൂപത്തിൽ പ്രസിദ്ധീകരിച്ചത്; അതാകട്ടെ, അങ്ങനെ ചെയ്യണമെന്ന് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണർ (കേന്ദ്ര വിവരാവകാശ കമ്മിഷണർ) ഉത്തരവിട്ടശേഷവും. അപ്പോൾ അതു ചെയ്തു. പക്ഷേ, അവസരം നഷ്ടപ്പെട്ടു; കോർപ്പറേഷനുകൾ ഒരു നടപടിയും നേരിടാതെ രക്ഷപ്പെട്ടുപോയി. പെയ്ഡ് ന്യൂസ് പ്രയോഗത്തെ പാർലമെന്റ് ശക്തമായി അപലപിക്കുകയുണ്ടായി – പക്ഷേ അതൊന്നും മാധ്യമങ്ങളിൽ ഇടം പിടിച്ചതേയില്ല. ഇതെല്ലാം നടന്നത് യുപിഎ അധികാരത്തിലിരുന്നപ്പോഴാണ്.
ബിജെപി അധികാരത്തിലെത്തിയതോടെ, ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ജേണലിസ്റ്റിക് സ്വാതന്ത്ര്യം തന്നെ തകർക്കാനും യഥേഷ്ടം പിരിച്ചുവിടാനും തോന്നുംപോലെ നിയമനം നടത്താനും ഭരണപക്ഷത്തിനൊപ്പം നാണംകെട്ട നിലയിൽ ഒട്ടിനിൽക്കാനുമുള്ള കോർപ്പറേറ്റു മാധ്യമങ്ങളുടെ ശേഷി പതിന്മടങ്ങ് വർധിച്ചു.
ലാഭം ഒന്നാമതെന്ന തത്വത്തിനൊപ്പം മതമൗലികവാദികളും കമ്പോള മൗലികവാദികളും ചേർന്നുള്ള കൂട്ടുകെട്ടും കൂടി കാര്യങ്ങൾ നിയന്ത്രിക്കുന്ന സ്ഥിതിയായി. മാധ്യമങ്ങൾ ജനാധിപത്യത്തെ താങ്ങിനിർത്തുന്ന ശക്തിസ്തംഭങ്ങളാണെന്ന മേനി നടിക്കൽ പോലും ഇപ്പോൾ കാണാറില്ല.
നിശ്ചയമായും അത് സർവതിനെയും കൊന്നൊടുക്കി; പ്രതേ–്യകിച്ചും മിക്കവാറും മാധ്യമങ്ങളിൽ നമുക്കുചുറ്റും കാണുന്ന യാഥാർഥ്യങ്ങളെ വിമർശനപരമായി അവതരിപ്പിക്കുകയെന്ന ശെെലിതന്നെ ഇല്ലാതായി. മോദിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും വാനോളം വാഴ്ത്തുന്ന ടെലിവിഷൻ ചാനലുകളുണ്ട്. അവ പെരുമാറുന്നത് ബിജെപിയുടെ പി ആർ ഏജൻസികൾപോലും ചെയ്യാൻ മടിക്കുന്നത്ര മോശപ്പെട്ട നിലയിലാണ്.
സാമ്പത്തിക അസമത്വം ഉൾപ്പെടെ ഇന്ത്യയിൽ അസമത്വങ്ങൾ 1991നുശേഷം നിരന്തരം വർധിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി, അവ ശബ്ദാതിവേഗം കെെവരിച്ചിരിക്കുന്നു – എന്നാൽ നിങ്ങൾക്കിത് മാധ്യമ വാർത്തകളിൽനിന്ന് അറിയാൻ കഴിയില്ല.
ഇന്നത്തെ ഇന്ത്യയിൽ 168 ഡോളർശതകോടീശ്വരരുണ്ട്; ഇത്തരക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എണ്ണത്തിലെ ഈ വർധനവും റാങ്കിങ്ങിലെ ഈ ഉയർച്ചയും മിക്കവാറും റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്തോ വലിയ മേന്മയെന്ന മട്ടിലാണ്. ഈ 168 വ്യക്തികളാണ് ഇന്ത്യയുടെ ജിഡിപിയുടെ നാലിലൊന്നിലധികവും വ്യക്തിഗതമായ സ്വത്തായി കെെവശം വച്ചിട്ടുള്ളത് എന്ന് മാധ്യമങ്ങൾ അവയുടെ സ്രോതാക്കളോടും വായനക്കാരോടും പറയാറേയില്ല. ഇങ്ങനെ വലിയ തോതിലുള്ള അസമത്വം ഇന്ത്യക്കാർക്കുമേൽ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നുപോലും ഇവ തങ്ങളുടെ ഉപഭോക്താക്കളെ ഉപദേശിക്കാറുമില്ല – ബ്രിട്ടീഷ് വാഴ്ചയുടെ പ്രതാപകാലത്തുപോലും ഉണ്ടായിട്ടില്ലാത്തത്ര ഭീകരമായ അസമത്വമാണ് ഇന്നുള്ളത്.
ഫോർബ്സ് സൂചികയിൽ ഏറ്റവും മുകളിൽ മൂന്നാമതായി ഇടംപിടിക്കുമ്പോൾ തന്നെ, ഇന്ത്യ ആഗോള പട്ടിണി സൂചികയുടെ കാര്യത്തിൽ 121 രാജ്യങ്ങളിൽ 107–ാം സ്ഥാനത്തും യുഎൻ മാനവ വികസന സൂചികയിൽ 191 രാജ്യങ്ങളിൽ 132–ാമതുമാണ്. അതുപോലെ തന്നെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാഷ്ട്രങ്ങളിൽ 150–ാം സ്ഥാനത്താണ് ഇന്ത്യ ; എക്കാലത്തെയുംകാൾ ഏറ്റവും താണ അവസ്ഥയിലാണ് നാമിപ്പോൾ. 2022ലെ എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സിൽ 180 രാജ്യങ്ങളിൽ നമ്മുടെ സ്ഥാനം 180–ാമതാണ് ; യേൽ സെന്റർ ഫോർ എൻവയോൺമെന്റൽ ആൻഡ് പോളിസിയുടെയും കൊളമ്പിയ യൂണിവേഴ്സിറ്റിയുടെ എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത പ്രൊജക്ടാണ് ഈ സൂചിക.
എന്നാൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും തന്നെ ഇത് സംബന്ധിച്ച് ഗൗരവപൂർണമായ ചർച്ചകൾ തീരെ ഉണ്ടാകുന്നില്ല. അവ ലാഭത്തിനുവേണ്ടിയാണ് നിൽക്കുന്നത്; ദരിദ്രരെയും പാർശ്വവൽകൃതരെയുംകുറിച്ച് പറയുന്നതുകൊണ്ട് അവയ്ക്ക് വരുമാനമൊന്നും ഉണ്ടാകില്ലല്ലോ.
മാധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ച സർക്കാരിന്റെ സമീപനം എന്താണെന്നുകൂടി നോക്കാം.
ഈ സർക്കാരിന്റെ സമീപനത്തെ സംബന്ധിച്ച് എനിക്ക് നേരിട്ടുള്ള അനുഭവം തന്നെ ഇവിടെ പങ്കുവയ്ക്കാം. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം നാണംകെടുത്തുംവിധം 142 ആണെന്ന് കണ്ടതോടെ രോഷാകുലനായ യൂണിയൻ കാബിനറ്റ് സെക്രട്ടറി തന്നെ ഒരു ഇഡെക്സ് മോണിറ്ററിങ് സെൽ രൂപീകരിക്കണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചു – ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് നേരിട്ട് രേഖപ്പെടുത്തുന്നതിനുള്ള ഒരു സമിതി രൂപപ്പെടുത്തണമെന്നതായിരുന്നു ആവശ്യം. ആ കമ്മിറ്റിയിൽ അംഗമാകണമെന്ന നിർദേശം ഞാൻ സ്വീകരിച്ചു; എന്നാൽ ഞാൻ ഒരുപാധി മുന്നോട്ടുവച്ചു – അതായത് ഇൗ രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ യഥാർഥ അവസ്ഥയെന്തെന്നതിലായിരിക്കണം നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അല്ലാതെ ലോക മാധ്യമ സൂചികയുമായി മല്ലടിക്കേണ്ടതില്ലെന്നുമായിരുന്നു ഞാൻ മുന്നോട്ടുവെച്ച ഉപാധി.
13 അംഗ കമ്മിറ്റിയിൽ ബ്യൂറോക്രാറ്റുകളും ഗവൺമെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകരുമാണ് 11 പേരും. ജേണലിസ്റ്റുകൾ വെറും രണ്ട് പേരും – അതാകട്ടെ, പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് കെെകാര്യം ചെയ്യാനുള്ള കമ്മിറ്റിയിലും! ഈ രണ്ടു ജേണലിസ്റ്റുകളിൽ ഒരാളാകട്ടെ അദ്ദേഹം പങ്കെടുത്ത യോഗങ്ങളിൽ ഒന്നിൽ പോലും – ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല. യോഗങ്ങൾ വളരെ സുഗമമായി നടന്നു; എന്നാൽ, ചോദ്യങ്ങൾ ഉന്നയിച്ച് ഇടപെടൽ നടത്തിയ ഒരേയൊരാൾ ഞാൻ മാത്രമായിരുന്നു. എന്നിട്ട് വർക്കിങ് ഗ്രൂപ്പ് ഒരു ‘കരട് റിപ്പോർട്ട്’ തയ്യാറാക്കി; ‘കരട്’ എന്ന വാക്കിന്റെ അഭാവം ഇതിനെ ശ്രദ്ധേയമാക്കി. യോഗങ്ങിൽ ഉന്നയിക്കപ്പെട്ട ഗൗരവമുള്ള വിഷയങ്ങളിൽ ഒന്നുപോലും പ്രതിഫലിപ്പിക്കുന്നതായില്ല റിപ്പോർട്ട്. അതിനാൽ ഇതിൽ ഉൾപ്പെടുത്താൻ എന്റേതായ ഒരു ഭിന്നാഭിപ്രായ കുറിപ്പ് കമ്മിറ്റിക്ക് സമർപ്പിച്ചു.
ഒട്ടും വെെകാതെ ആ റിപ്പോർട്ടും കമ്മിറ്റിയുമെല്ലാം എവിടെയോ അപ്രത്യക്ഷമായി. രാജ്യത്തെ അത്യുന്നതനായ ബ്യൂറോക്രാറ്റിന്റെ (ഇന്ത്യയിലെ അധികാരശ്രേണിയിലെ അത്യുന്നതരായ രണ്ടു പേരോടുമാത്രം റിപ്പോർട്ടു ചെയ്യാൻ ബാധ്യതയുള്ള കാബിനറ്റ് സെക്രട്ടറി) നിർദ്ദേശാനുസരണം രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് ഇങ്ങനെ അപ്രത്യക്ഷമായത്. വിവരാവകാശ അനേ-്വഷണങ്ങൾക്കൊന്നും ആ റിപ്പോർട്ട് കണ്ടെത്താനായില്ല – മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോർട്ട് ! എന്നാലും, എന്റെ കെെവശം ആ ‘കരടി’ന്റെ ഒരു പകർപ്പ് ഭദ്രമായിട്ടുണ്ടായിരുന്നു. ആ കരട് തയ്യാറാക്കിയത് അനേ-്വഷണാത്മക ജേണലിസം പോലുമായിരുന്നില്ല – ഇന്ത്യയിൽ ജേണലിസം പ്രവർത്തിക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച ഒരനേ-്വഷണം മാത്രമായിരുന്നു. ഒരു ഭിന്നാഭിപ്രായക്കുറിപ്പ് വന്ന ആ നിമിഷം അത് അപ്രത്യക്ഷമാവുകയും ചെയ്തു.
ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 180 രാജ്യങ്ങളിൽ 142 ആയിരുന്നത് 2022ൽ 150 ആയി താണു എന്നത് ഒരാളെയും അൽഭുതപ്പെടുത്തില്ല. വിവിധ സൂചികകളിൽ ഇന്ത്യയ്ക്ക് നൽകിയ സ്ഥാനത്തെ അവ ഇന്ത്യയ്ക്കെതിരായ ഗൂഢാലോചനയായി സർക്കാർ പരസ്യമായി തള്ളിപ്പറഞ്ഞതും (ശതകോടീശ്വരരുടെ റാങ്കിങ് സംബന്ധിച്ച ഫോർബ്സ് റിപ്പോർട്ട് ഒഴികെ) നമ്മെ അൽഭുതപ്പെടുത്തില്ല. നമ്മെ ലജ്ജിപ്പിക്കുന്നതാകട്ടെ അതിവേഗം കോർപ്പറേറ്റുവൽകൃതമായിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങൾ പുലർത്തുന്ന ഭീരുത്വം നിറഞ്ഞതും അനിവാര്യവുമായ മൗനമാണ്.
എന്തുകൊണ്ടാണ്
അനിവാര്യമാകുന്നത്
1980കളിലും 1990കളിലും ഇന്ത്യയിലെ വൻകിട മാധ്യമങ്ങൾ സമ്പന്നമായ ഒരാൾക്കൂട്ടമായിരുന്നു. അതിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിരവധി വിലപ്പെട്ട, സ്വത്തുക്കളും അവയ്ക്കുണ്ടായിരുന്നു – അവയിൽ ചിലത് 1960കളിൽ അവയ്ക്ക് സർക്കാരിൽനിന്നും സമ്മാനമായി കിട്ടിയവയുമാണ്. അതിൽ ചിലതെല്ലാം നല്ല ലക്ഷ്യത്തോടുകൂടി നൽകപ്പെട്ടവയുമായിരുന്നു. നേതാക്കൾ പത്രങ്ങളുടെ സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടു – ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടകാലത്ത് അവ വഹിച്ച ധീരമായ പങ്കിനെ സംബന്ധിച്ച അഭിമാനബോധം അവയിൽ ഒരു വിഭാഗം നിലനിർത്തിയിരുന്നു. ക്രമേണ, അവയിൽ മിക്കവയും തങ്ങൾക്ക് തുച്ഛവിലയ്ക്ക് ലഭിച്ച ഭൂമി കെെമാറി നല്ല നിലയിൽ പണമുണ്ടാക്കി; പത്രസ്വാതന്ത്ര്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്കാണ് അവ വിറ്റത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടമായപ്പോൾ ഫോർത്ത് എസ്റ്റേറ്റിനെ റിയൽ എസ്റ്റേറ്റിൽനിന്ന് വേർതിരിച്ച് കാണാനാവാത്ത സ്ഥിതിയായി.
ഈ കാലഘട്ടമായപ്പോൾ അവയുടെ സവിശേഷ താൽപര്യം സ്ഥാവര ആസ്തികളിൽനിന്നും ഓഹരിക്കമ്പോളത്തിലേക്ക് മാറ്റി. അവ സ്റ്റോക്ക് മാർക്കറ്റ് ഇടപാടുകളിൽ പൂർണമായും മുഴുകി; പലപ്പോഴും ഓഹരി കമ്പോളത്തിന്റെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാവുകയും ചെയ്തു. 2008ലെ വാൾസ്ട്രീറ്റ് തകർച്ചയുണ്ടായപ്പോൾ ഇന്ത്യയുടെ സ്റ്റോക്ക് മാർക്കറ്റിലും സമ്പദ്ഘടനയിലും അത് ഒരു വിധത്തിലും സ്വാധീനം ചെലുത്തില്ലെന്ന് തുടർച്ചയായും ലജ്ജാഹീനമായും മാധ്യമങ്ങൾ നുണ പറഞ്ഞു.
ആ സാമ്പത്തിക തകർച്ചയുടെ ആഘാതം, ദശകങ്ങളായി നഷ്ടമെന്തെന്ന് അറിയാതിരുന്ന നിരവധി ഗ്രൂപ്പുകളെ തകർത്തുവെന്നതാണ് വസ്തുത. അപ്പോഴും, മഹാമാരിക്കാലത്തെ ലോക്ഡൗണുകളുടെ തുടക്കത്തിലെന്നപോലെ ഈ മാധ്യമസ്ഥാപനങ്ങൾ ആയിരക്കണക്കിന് ജേണലിസ്റ്റുകളെ പിരിച്ചുവിട്ടു. എന്നാൽ ഇന്ത്യൻ വിപണിയിലും സമ്പദ്ഘടനയിലും ‘ഫലപ്രദമായ ധനകാര്യ മാനേജ്മെന്റി’ന്റെ (ഈ പദമാണ് പിന്നീട് കോൺഗ്രസ് നേതാവ് പി ചിദംബരം തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി ഉപയോഗിച്ചത്). ഫലമായി തകർച്ചയൊന്നും ഉണ്ടായിട്ടില്ലയെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയായിരുന്നു അപ്പോഴും അവയ്ക്ക്.
എന്നാൽ, അതുമൂലം എത്രത്തോളം നാശമുണ്ടായിട്ടുണ്ടെന്ന് ഒരുവിധത്തിലും അവർക്ക് അംഗീകരിക്കാനാവില്ല. (പാശ്ചാത്യരാജ്യങ്ങളിൽ ഉണ്ടായ അത്രയും ഉണ്ടായിട്ടില്ല എന്നേയുള്ളൂ). അതംഗീകരിച്ചാൽ അവരുടെ കെെവശമുള്ള ദശലക്ഷക്കണക്കിന് ഓഹരികളുടെ മൂല്യം പിന്നെയും ഇടിയും. മുൻപേ തന്നെ ഉണ്ടായ ആഘാതത്തേക്കാൾ വലിയ ആഘാതം അവയ്ക്ക് ഏൽക്കേണ്ടതായും വരും. ഈ ഘട്ടത്തിൽ അതിജീവനതന്ത്രമെന്ന നിലയിലാണ് പെയ്ഡ് ന്യൂസ് വന്നത്. അങ്ങനെയുണ്ടാകുന്ന വരുമാനം കണക്കിൽപെടില്ല; അതുകൊണ്ടുതന്നെ ആദായനികുതി നൽകേണ്ടതായും വരില്ല; മറ്റനവധി നേട്ടങ്ങളുമുണ്ട്.
സ്വാതന്ത്ര്യസമരത്തിന്റെ ശിശുവിൽനിന്ന്, ലാഭം ലക്ഷ്യമിട്ടതും കോർപ്പറേറ്റ് ലോകത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണവുമായുള്ള ഇന്ത്യൻ മാധ്യമങ്ങളുടെപരിവർത്തനത്തിൽനിന്ന് ഉയർന്നുവരുന്ന മ്ലേച്ഛമായ ഒരു സത്യമാണിത്. ഇന്നത് കമ്പോളവുമായി ഒട്ടിച്ചേർന്ന് നിൽക്കുകയാണ്; അതിന്റെ സാമൂഹിക ദൗത്യം തന്നെ ഏറെക്കുറെ അത് കെെവെടിഞ്ഞിരിക്കുകയാണ്.
ഏറ്റവും ചുരുങ്ങിയത്, കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ മാധ്യമങ്ങൾ നുണ പറയുകയെന്ന ഘടനാപരമായ ബാധ്യതയ്ക്കു വിധേയമായ അവസ്ഥയിലാണ്.
സോഷ്യൽ മീഡിയ
പ്ലാറ്റ്ഫോമുകളുടെ രാഷ്ട്രീയം
ഇന്റർനെറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും ‘‘ഭീകരവാദികളുടെയും തീവ്രവാദി ഗ്രൂപ്പുകളുടെയും ടൂൾകിറ്റിലെ ശക്തമായ ഉപകരണ’’ങ്ങളായി മാറിയിരിക്കുകയാണ്; സാമൂഹ്യ അസ്ഥിരത സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് അവ നടത്തുന്ന പ്രചാരണങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പരത്താനായാണ് അവ ഇതുപയോഗിക്കുന്നത്.
– വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ഈ പ്രാവശ്യം മന്ത്രി ജയശങ്കർ പറയുന്നതിലൊരു കാര്യമുണ്ട്; പക്ഷേ അത് മറ്റൊരു തരത്തിൽ വ്യത്യസ്തമായി അവതരിപ്പിക്കാമായിരുന്നുവെന്നു മാത്രം. അക്രമത്തിലേക്കും ഭീകരതയിലേക്കും നയിക്കുന്ന വിദേ-്വഷ പ്രസംഗങ്ങൾക്ക‍് ഒത്താശ നൽകുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും സമൂഹത്തെയാകെ ഭീഷണമായ അവസ്ഥയിലാക്കുന്നതിനും വിരട്ടുന്നതിനും ട്രോളുന്നതിനും സമൂഹ മാധ്യമങ്ങളെ ഇന്ത്യയിലെന്നപോലെ ഇത്രയേറെ മറ്റൊരു രാജ്യത്തും ഉപയോഗിക്കുന്നില്ല. തീർച്ചയായും, ഇന്ത്യയിൽ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ട്രോൾ ആർമി നിലവിലുള്ളത്; സർക്കാരിന്റെയും ഭരണകൂടത്തിന്റെ തന്നെയും പിന്തുണയും സംരക്ഷണവും ഇവിടെ അതിനു ലഭിക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ ദിനംപ്രതി ഓരോ മണിക്കൂറിലും ഭരണകക്ഷിയുടെ രാഷ്ട്രീയ എതിരാളികൾക്കുനേരെ അപവാദപ്രചരണം നടത്തപ്പെടുകയാണ്; ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണ്; ഭരണകക്ഷിയെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും വിമർശനബുദ്ധ്യാ അവതരിപ്പിക്കുന്ന ചലച്ചിത്രങ്ങളും നാടകങ്ങളും മറ്റു കലാപരിപാടികളും ബലംപ്രയോഗിച്ച് പിൻവലിപ്പിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ആണ്.
1990കൾ ഓർക്കുന്നുണ്ടോ? നെറ്റിനെ (Net) ആദർശവൽക്കരിച്ച ആ കാലം മറന്നില്ലല്ലോ! ആശയവിനിമയത്തെ അതെങ്ങനെ ജനാധിപത്യവൽക്കരിക്കുകയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്ക് അത് എങ്ങനെ അവസരമൊരുക്കുകയും ചെയ്തു?
ഒരിക്കലും നടക്കാനിടയില്ലാത്തതിനെയാണ് അന്ന് നിർലോഭം വാഴ്ത്തിയത്; ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട കുത്തകകൾ രൂപപ്പെട്ടുവരുന്നതിനെതിരെ ജനാധിപത്യശക്തികൾ ഉറച്ചുനിന്നില്ല. ഈ കുത്തകകളുടെ അഭീഷ്ടപ്രകാരവും അവയ്ക്ക് കെെവശപ്പെടുത്തേണ്ട കമ്പോളങ്ങളുള്ള രാഷ്ട്രങ്ങളിലെ സർക്കാരുകളുടെ ആഭിമുഖ്യത്തിലും അഭിപ്രായ പ്രകടന സ്വാതന്ത്ര്യംതന്നെ അടിച്ചമർത്തപ്പെടുകയാണ്.
ഇന്റർനെറ്റിനെ ആദർശവൽക്കരിച്ചിരുന്ന, വാനോളം വാഴ്ത്തിയിരുന്ന ആ വർഷങ്ങളിൽ തന്നെയാണ് ഇതെല്ലാം നടന്നത്; സംഭവിക്കാൻ പോകുന്നത് എന്താണെന്ന് ലോകത്തിനു താക്കീതു നൽകിയ ചില ശബ്ദങ്ങളുണ്ടായിരുന്നു. ഡിജിറ്റൽ കുത്തകകൾ അവയ്ക്ക് മുൻപുണ്ടായിരുന്ന എല്ലാ കുത്തകകളെയുംകാൾ കൂടുതൽ കരുത്തരും തികച്ചും വ്യത്യസ്തരുമാണെന്ന് ആ ഭിന്ന ശബ്ദങ്ങൾ തിരിച്ചറിഞ്ഞിരുന്നു.
അവർക്ക് പറയാനൊരു കാര്യമുണ്ടായിരുന്നു: ഡിജിറ്റൽ ഭീമന്മാർക്ക് ഒരു വിധത്തിലും സമാനമായ ഒന്നുണ്ടായിരുന്നില്ല. അവ നമ്മുടെ വ്യക്തിഗതമായ ഡാറ്റയാണ് കെെവശപ്പെടുത്തി സ്വന്തമാക്കുകയും കച്ചവടം നടത്തുകയും ചെയ്തത്. ചുരുക്കത്തിൽ ഈ ഡിജിറ്റൽ കുത്തകകൾ മനുഷ്യഡാറ്റാ കടത്തുകാരാണ്.
രാഷ്ട്രീയ – സാമൂഹ്യ മണ്ഡലങ്ങളിൽ ഈ ഡിജിറ്റൽ കുത്തകകൾക്ക് ഏതെല്ലാം വിധത്തിൽ ഇടപെടാൻ കഴിയുമെന്ന് ഇതിനകം തന്നെ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരുദാഹരണം നോക്കാം. 2018ലെ ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്ക കേസ് തന്നെയെടുക്കാം; ബിഹാർ തിരഞ്ഞെടുപ്പിൽ തങ്ങൾ ശക്തമായി ഇടപെട്ടിരുന്നുവെന്ന് അഹന്തയോടെ അവകാശപ്പെടാൻ പോലും അനലിറ്റിക്ക മടിച്ചില്ല. ഇന്ത്യൻ ഡാറ്റ തങ്ങളുടെ കെെവശമുണ്ടെന്ന കാര്യം ഫേസ്ബുക്ക് നിഷേധിച്ചു. എന്നാൽ അതേവർഷം ഏപ്രിൽ 5ന് ഫേസ്ബുക്ക് കമ്പനിയുടെ ഈ ഏറ്റുപറച്ചിലിനെ ഇന്ത്യ ടുഡെ ഉദ്ധരിച്ചത് നോക്കൂ: ‘‘ജിഎസ്ആർ വികസിപ്പിച്ചതും ഇന്ത്യക്കാർ ഇൻസ്റ്റാൾ ചെയ്തതുമായ ആപ്പുകളിലുള്ള സംവിധാനങ്ങളിലൂടെ കേം ബ്രിഡ്ജ് അനലിറ്റിക്ക 5,62,455 ഇന്ത്യക്കാരുടെ ഡാറ്റ കെെവശപ്പെടുത്തിയിട്ടുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു’’.
2022 സെപ്തംബർ 14ന് നിരവധി മാധ്യമ സ്ഥാപനങ്ങൾ ട്വിറ്റർ വിസിൽ ബ്ലോവറായ, കമ്പനിയുടെ മുൻ സെക്യുരിറ്റി ചീഫ് പീറ്റർ ‘‘മഡ്ഗെ’’ സാത്കൊയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ ഇന്ത്യ ഉൾപ്പെടെയുള്ള പല വിദേശ സർക്കാരുകളുടെയും കമ്പനിക്കുള്ളിൽ ഏജന്റുമാരെ നിയമിക്കാൻ ബോധപൂർവം തന്നെ അനുവാദം നൽകിയിട്ടുണ്ട് എന്നാണ് സാത്കൊ ആരോപിച്ചത്. ഇങ്ങനെ ഏജന്റുമാരെ നിയമിക്കുന്ന സർക്കാരുകൾക്ക് ട്വിറ്റർ ഉപയോഗിക്കുന്നവരെ സംബന്ധിച്ച സെൻസിറ്റീവായ ഡാറ്റ ലഭ്യമാകും. ഇത് സംബന്ധിച്ച സാത്കൊയുടെ സ്ഥിരീകരണം അമേരിക്കൻ സെനറ്റിനു നൽകിയ സാക്ഷ്യപത്രത്തിലാണുള്ളത്.
ഇന്ത്യക്കുള്ളിൽ തന്നെ തങ്ങളുടെ പാർശ്വവർത്തികളായി നിൽക്കാത്ത വ്യക്തികളെയും സെലിബ്രിറ്റികളെയും സർക്കാർ വേട്ടയാടുന്നതിനെക്കുറിച്ച് സുപരിചിതമായതുകൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല. എന്നാൽ സോഷ്യൽ മീഡിയ ഫലപ്രദമായി ഇടപെടുകയും ഒച്ചപ്പാടുണ്ടാക്കുകയും ചെയ്താണ് ഡൽഹി വർഗീയ ലഹളയുടെ കാലത്ത് അതിനെക്കുറിച്ച് അനേ-്വഷണത്തിന് ശ്രമിക്കാൻ ഇടയായത്.
എല്ലായ്-പ്പോഴും എന്നപോലെ സർക്കാർ– കുത്തക കൂട്ടുകെട്ട് ഡിജിറ്റൽ ഭീമന്മാരിൽ സമ്മർദം ചെലുത്തുകയും സോഷ്യൽ മീഡിയയിൽ ഇടപെടുകയും ചെയ്തു. വാണിജ്യപരമായി പലതും നഷ്ടപ്പെടാനുള്ളതുകൊണ്ട് കുത്തകകൾ സർക്കാരിന്റെ ആവശ്യങ്ങൾക്കൊത്ത് നീങ്ങും. മോദി സർക്കാരിന്റെ കൺചലനം കൊണ്ടുതന്നെ അവരുടെ അക്കൗണ്ടുകൾ തടയപ്പെടുകയും അടച്ചുപൂട്ടപ്പെടുകപോലും ചെയ്യുന്ന സ്ഥിതിയാണുള്ളത്.
ഗവൺമെന്റുകൾക്ക് പ്രത്യേകിച്ചും ഇപ്പോഴത്തെ ഗവൺമെന്റിന്, ഫലപ്രദമായി മാധ്യമങ്ങളെ സെൻസർ ചെയ്യാൻ കഴിയും; ആശയപ്രകടന സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്ലാറ്റ്ഫാമുകൾ എന്ന നിലയിൽ ഊതിവീർപ്പിക്കപ്പെട്ട ഇവയെ വഴിതിരിച്ചുവിടാൻപോലും സർക്കാരുകൾക്ക് കഴിയും.
2020 – 21ലെ കർഷക പ്രക്ഷോഭത്തിന‍് അർഹമായ ഇടം നിഷേധിക്കുന്നതിന് ഡിജിറ്റൽ ഭീമന്മാർ അൽഗോരിതങ്ങൾ പ്രയോഗിച്ചു. ഇതിന് ഏറെ വെെദഗ്ധ്യമൊന്നും ആവശ്യമില്ല; ആരുടെ ആഗ്രഹപ്രകാരമാണ് അവർ അങ്ങനെ ചെയ്തത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദിശാരവി ‘‘ടൂൾ കിറ്റ്’’ കേസ് എന്ന ശുദ്ധ അസംബന്ധത്തിന്റെ ഏതാണ്ട് അതേ കാലത്താണ് ഗൂഗിളിൽനിന്ന് തങ്ങൾക്ക് വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് ഡൽഹി പൊലീസ് ട്വിറ്റ് ചെയ്തത്.
ട്വിറ്ററിന്റെ പുതിയ ഉടമയായ എലോൺ മസ്-ക്കിനുമുന്നിൽ നിങ്ങൾക്ക് ഒരുകാര്യം സമ്മതിക്കേണ്ടതായി വരും.കമ്പനി ഏറ്റെടുക്കവെ, ട്വിറ്ററിനെ പോലെയുള്ള ഒരു പ്ലാറ്റ്ഫോം എന്തുകൊണ്ട് നിലനിൽക്കുന്നു, എങ്ങനെ നിലനിൽക്കുന്നുവെന്നതിനെക്കുറിച്ച് ഇപ്പോഴും അന്തരീക്ഷത്തിലുള്ള വ്യാമോഹങ്ങളെയൊന്നും മസ്-ക്ക് പിച്ചിച്ചീന്തി കളയുന്നില്ല. ഒരിക്കൽ മസ്-ക്ക് ട്വീറ്റ് ചെയ്തത്, അദ്ദേഹം ‘‘പരസ്യം നൽകുന്നതിനെ വെറുക്കുന്നു’’വെന്നാണ്; 2022 ഒക്ടോബറിൽ അദ്ദേഹം തുടർന്ന് ഇങ്ങനെ പറഞ്ഞു – ‘‘അടിസ്ഥാനപരമായി, ലോകത്തിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന അഡ്വർടെെസിങ് പ്ലാറ്റ് ഫോം ആകണമെന്നാണ് ട്വിറ്റർ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ബ്രാൻഡിനെ ശക്തിപ്പെടുത്തി നിങ്ങളുടെ സംരംഭത്തെ വളർന്ന ഒന്നാക്കി ട്വിറ്ററിനെ മാറ്റണം എന്നാണ് അഭിലഷിക്കുന്നത്’’.
ചുരുക്കിപ്പറഞ്ഞാൽ, അതൊരു കമേഴ്സ്യൽ അഡ്വർടെെസിങ് പ്ലാറ്റ്ഫോം തന്നെയാണ്. സ്വതന്ത്രമായി ആശയവിനിമയത്തിനുള്ള ഉപാധി എന്നതിലുപരി സ്വതന്ത്ര കമ്പോളത്തിന്റെ ഉപകരണമാണത്.
ദി വയറിനുനേരെ നടന്ന ആക്രമണം
ഇന്ത്യാ ഗവൺമെന്റുമായി ഡിജിറ്റൽ ഭീമന്മാർ ധാരണയിൽ എത്തിക്കഴിഞ്ഞാൽ – ഇടപാടുറപ്പിച്ചാൽ പോലും – ഗവൺമെന്റ് ഡിജിറ്റൽ ഇടത്തിലെ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളെയും നിഷ്ഠുരമായി അടിച്ചമർത്തുന്നു. ഇതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദി വയറിനു (The Wire) നേരെ ആക്രമണങ്ങളും റെയ്ഡുകളും – പെഗാസസ് അപവാദം പോലെയുള്ള നിരവധി കാര്യങ്ങൾ പുറത്തുകൊണ്ടുവന്ന ദി വയറിന്റെ മികച്ച അനേ-്വഷണങ്ങളാണ് സർക്കാരിന്റെ ശത്രുത അതിനുനേരെ തിരിഞ്ഞതിനു കാരണം.
ദി വയറിനുനേരെ നടന്ന അടിച്ചമർത്തലും ഡൽഹി പൊലീസിലെ ക്രൈം ബ്രാഞ്ച് അതിനെതിരെ കൊണ്ടുവന്ന പരിഹാസ്യമായ കുറ്റാരോപണങ്ങളും നിലനിൽക്കുന്നതായിരുന്നില്ല; വ്യാജ ആധാരം ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന, സത്യസന്ധതയില്ലായ്മ എന്നിവയാണ് ആ കുറ്റാരോപണങ്ങൾ.
അതിനുംപുറമെ, ഈ അടിച്ചമർത്തലുണ്ടായത് ബിജെപിയുടെ ഐടി സെല്ലിന്റെ നാഷണൽ കൺവീനറായ അമിത് മാളവ്യ നൽകിയ പരാതിയെ തുടർന്നാണ്. പൊലീസ് ദി വയറിൽനിന്ന് നിരവധി ഡിവെെസുകളും ഹാർഡ് ഡിസ്-ക്കുകളും പിടിച്ചെടുത്തു; എന്നാൽ അതൊന്നുംതന്നെ ആക്രമണത്തിനു കാരണമാകാൻ പര്യാപ്തവുമല്ല.
ഒരു വശത്ത്, ഡിജിറ്റൽ ലോകത്ത് ‘‘സ്വതന്ത്രമായി ആശയ പ്രകടനം’’നടത്തുന്ന പ്ലാറ്റ്ഫോമുകൾ തന്നെ ഭിന്നാഭിപ്രായ പ്രകടനത്തെ അടിച്ചമർത്താൻ സർക്കാരുമായി ഒത്തുകളിക്കുന്നു. മറുവശത്ത്, സ്വതന്ത്ര ജേണലിസത്തിനുള്ള പരിമിതമായ നെറ്റ്സ്പേസ് തന്നെ ചുരുങ്ങുകയാണ് – ഇന്ത്യയിൽ അത് പരസ്യമായി തന്നെ ആക്രമണ ഭീഷണിയിലാണ്.
സത്യം പറയുന്നവർ
വേട്ടയാടപ്പെടുന്നു
ഒരുപക്ഷേ, ലോകത്ത് മറ്റൊരു പ്രധാന മേഖലയിലും കാശ്മീരിലുണ്ടായതുപോലെ ഇന്റർനെറ്റ് ശ്വാസം മുട്ടിക്കൽ ഉണ്ടായിട്ടുണ്ടാവില്ല. ആ പ്രദേശത്ത് മാസങ്ങളോളം ഇന്റർനെറ്റ് അടച്ചുപൂട്ടൽ അവസാനമില്ലാതെ തുടർന്നു; സാധാരണക്കാർക്ക് ഇതുമൂലമുണ്ടായ കഷ്ടപ്പാടുകൾ ഭീകരമാണ്. നിരവധി പ്രസിദ്ധീകരണങ്ങളെയും ജേണലിസ്റ്റുകളെയും തകർത്തു.
മഹാമാരിയുടെ കാലത്ത് അടിച്ചമർത്തലുകൾക്ക് ശക്തികൂട്ടുകയും സ്വാതന്ത്ര്യങ്ങൾക്കെല്ലാം മൂക്കുകയറിടുകയും ചെയ്തു. പ്രാദേശിക ആശുപത്രികളിലെ സ്ഥിതി വിശദീകരിക്കുന്ന സ്റ്റോറികൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽമാത്രം 1897ലെ പകർച്ചവ്യാധി നിയമപ്രകാരം നിരവധി ജേണലിസ്റ്റുകൾ അറസ്റ്റ് ചെയ്യപ്പെട്ടു. സിംപ്ലിസിറ്റി എന്ന പോർട്ടലിൽ ഒരു സ്റ്റോറി ചെയ്തതിനെ തുടർന്ന് തമിഴ്നാട്ടിൽ ആൻഡ്രൂ സാം രാജ പാണ്ഡ്യന് സംഭവിച്ചത് ഇതാണ്; കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർ ഭക്ഷണത്തിന്റെയും പിപിഇ കിറ്റുകളുടെയും ക്ഷാമം നേരിടുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ സ്റ്റോറി.
2020 ഏപ്രിലിൽ ആൻഡമാൻ ദ്വീപുകളിൽവെച്ച് ഫ്രീലാൻസ് ജേണലിസ്റ്റ് സുബെയ്ർ അഹമ്മദ് അറസ്റ്റ് ചെയ്യപ്പെട്ട ഒരു കേസുണ്ടായിരുന്നു. വെറുമൊരു ട്വീറ്റായിരുന്നു ആ അറസ്റ്റിനു കാരണം: ‘‘കോവിഡ് രോഗികളുമായി ഫോണിൽ സംസാരിച്ചതിന്റെ പേരിൽ ഒരു കുടുംബത്തെ ഹോം ക്വാറന്റൈനിൽ ആക്കിയത് എന്തുകൊണ്ടെന്ന് ആർക്കെങ്കിലും ഒന്നു വിശദീകരിക്കാമോ?’’
ടെസ്റ്റിൽ കൊറോണ വെെറസ് പോസിറ്റീവായി ബന്ധുക്കളുമായി ശാരീരികമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളുള്ള ദ്വീപിൽ ഇതൊരു ആശ്ചര്യകരമായ സംഭവമായിരുന്നു – അങ്ങനെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഒരു രോഗിയുമായി ഫോണിൽ സംസാരിച്ചതിന് ക്വാറന്റൈനിൽ കഴിയേണ്ടതായി വന്നതാണ് ട്വീറ്റിന് ആധാരമായ വിഷയം. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുകയും വർഗീയ സംഘർഷമിളക്കി വിടുകയും ചെയ്യുന്നുവെന്നതാണ് അഹമ്മദിനെതിരെ അധികൃതർ ഉന്നയിച്ച ആരോപണം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവും അദ്ദേഹത്തിനുനേരെ ഉന്നയിക്കപ്പെട്ടു – എന്നാൽ അഹമ്മദ് ഈ ട്വീറ്റ് ചെയ്യുന്നതിനും മുൻപു തന്നെ തികച്ചും സമാനമായ ഒരു റിപ്പോർട്ട് ആൻഡമാൻ ക്രോണിക്കിൾ എന്ന പ്രാദേശിക ദിനപ്പത്രത്തിൽ വന്നിരുന്നു; പക്ഷേ, അതിനെതിരെ ഒരു നടപടിയും ഉണ്ടായതുമില്ല. ഈ കേസ് കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ കൽക്കട്ട ഹെെക്കോടതി നിരീക്ഷണം ഇങ്ങനെയാണ്: എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകാൻ പൊലീസിനെ അനുവദിക്കുന്നത് ‘‘നിയമപ്രക്രിയയുടെ ദുരുപയോഗവും കോടതിയുടെ അധികാര ദുർവിനിയോഗവുമാകും…’’
ഇത്തരത്തിൽ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്ത ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഇന്ത്യൻ മാധ്യമങ്ങൾക്ക് ബാധകമായിരുന്നതും അവയെ അലട്ടിയിരുന്നതുമായ നിയമങ്ങൾ 2019ൽ 50ൽ അധികമുണ്ടായിരുന്നു. എന്നാൽ മഹാമാരിയുടെ കാലത്ത് പകർച്ചവ്യാധി നിയമവും അതിനപ്പുറവുമുള്ള കൊളോണിയൽ വാഴ്ചക്കാലത്തെ നിയമങ്ങൾ പ്രയോഗിച്ചും ജേണലിസ്റ്റുകൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
അതേസമയം, ഗവൺമെന്റിന് അകത്തോ പുറത്തോ ഉള്ള ആളുകൾ നടത്തുന്ന വിദേ-്വഷ പ്രസംഗങ്ങളോ അക്രമത്തിനു പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളോ ഒന്നുംതന്നെ അവർക്കാർക്കുമെതിരെ കേസെടുക്കാനുള്ള കാരണമാവുകയോ അവർ ബുദ്ധിമുട്ടിക്കപ്പെടുകയോ ചെയ്തിരുന്നില്ല; ഇത്തരം വിദേ-്വഷപ്രചരണങ്ങൾ സോഷ്യൽ മീഡിയയിലായാലും ഇന്റർനെറ്റിലുള്ള മറ്റു പ്രസിദ്ധീകരണങ്ങളിലായാലും സ്ഥിതി വ്യത്യസ്തമല്ല.
ചുരുക്കത്തിൽ
നമുക്കിവിടെ നിർത്താം. കോർപ്പറേറ്റ് കുത്തക മാധ്യമങ്ങളുടെ കാലത്തിലേക്കും അവ വഹിക്കുന്ന പങ്കിലേക്കും നമുക്ക് മടങ്ങാം. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കുത്തകകൾ ലോകത്തെ ഏറ്റവും വലിയ കോർപ്പറേഷനുകൾ കൂടിയാണെന്നത് ഒരിക്കലും മറക്കരുത്.
ഈ ടെക്- –ടി – റെക്-സുകളും (Tech––T–REXs) സേ–്വച്ഛാധിപത്യ ഗവൺമെന്റുകളുമായുള്ള കൂട്ടുകെട്ട് ജനാധിപത്യത്തെ തകർക്കുന്ന മാരകമായ ഒരു സംയോഗമാണ്.
സർവോപരി മാധ്യമങ്ങളുടെ കോർപ്പറേറ്റുവൽക്കരണം എന്നാൽ (അതുമൂലമുണ്ടാകുന്ന ചില പ്രത്യാഘാതങ്ങൾ മാത്രം ചുരുക്കിപ്പറഞ്ഞാൽ)
നമ്മുടെ കാലഘട്ടത്തിലെ മാധ്യമങ്ങളുടെ അടിസ്ഥാനപരമായ സവിശേഷത ബഹുജനമാധ്യമവും (Mass Media) ബഹുജന യാഥാർഥ്യം (Mass Reality) വും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്.
കോർപ്പറേറ്റ് മാധ്യമങ്ങൾ ദരിദ്രരും അരികുവൽക്കരിക്കപ്പെട്ടവരുമായ മനുഷ്യരെ ഘടനാപരമായി പുറത്തുനിർത്തുകയാണ്. പ്രധാനപ്പെട്ടത് എന്താണെന്നതല്ല, കൂടുതൽ പണം കിട്ടാൻ നല്ലത് എന്തെന്നതായി വാർത്തകൾ നൽകുന്നതിനാധാരമായ മുഖ്യതത്വം മാറിയിരിക്കുന്നു. (ശരാശരി ഒരു ദേശീയ ദിനപത്രം അതിന്റെ ഒന്നാം പേജിൽ ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ള വാർത്തകൾക്ക് 0.67 ശതമാനത്തിലധികം സ്ഥലം നൽകാറില്ല എന്നാണ് ഡൽഹിയിലെ സെന്റർ ഫോർ മീഡിയ സ്റ്റഡീസ് വിശകലനം ചെയ്ത ഡാറ്റ വ്യക്തമാക്കുന്നത്).
ജേണലിസവും പബ്ലിക് റിലേഷൻസും അഡ്വർട്ടെെസിങ്ങും രാഷ്ട്രീയ പ്രചാരണവുമെല്ലാമായുള്ള അതിർവരമ്പുകൾ തന്നെ മാഞ്ഞുപോയിരിക്കുകയാണ്. കോർപ്പറേറ്റ് ഉടമസ്ഥതയും നിയന്ത്രണവും ശക്തമാകുന്നതോടെ ജേണലിസം ഇല്ലാതാവുകയാണ്. അമേരിക്കയിൽ 1980കൾ മുതലും ഇന്ത്യയിൽ 1990കളുടെ അവസാനം മുതലും ജേണലിസത്തിലുള്ള തൊഴിലവസരങ്ങളെക്കാൾ അതിവേഗം വളരുന്നത് പബ്ലിക് റിലേഷൻസിലെ (പിആർ) തൊഴിലവസരങ്ങളാണ്.
അതേസമയം തന്നെ, ഈ അതിരുകൾ മാഞ്ഞുപോകുന്നതോടെ ജേണലിസവും പിആറും (ഇപ്പോൾ ഇതിനെ തെല്ലൊരു പൊങ്ങച്ച ഭാവത്തിൽ കോർപ്പറേറ്റ് ആശയവിനിമയങ്ങൾ എന്നാണ് വിളിക്കുന്നത്) തമ്മിൽ സദാ ചുറ്റിത്തിരിയുന്ന വാതിൽ തുറക്കപ്പെടുന്നതാണ് കാണുന്നത്. ആളുകൾ അനിയന്ത്രിതമായി ഇടവേളകളൊന്നുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു.
ഇന്ത്യയിൽ കോർപ്പറേറ്റ് ഉടമസ്ഥതയെ മതമൗലികവാദവും കമ്പോള മൗലികവാദവും കൂടിയുള്ള സഖ്യം പിന്നെയും ഏറെ സങ്കീർണമാക്കിയിരിക്കുകയാണ്. രാഷ്ട്രീയ വംശപരമ്പരകളുടെയും അധികാരകേന്ദ്രങ്ങളുടെയും വൻകിട ബിസിനസ് കുടുംബങ്ങളുമായും മാധ്യമ ഗ്രൂപ്പുകളുമായുള്ള ‘സവിശേഷമായ കൂടിച്ചേരൽ’ അങ്ങനെ സംഭവിക്കുന്നു. അതാണ് കോർപ്പറേറ്റ് മാധ്യമങ്ങളുടെ കരുത്ത് ജനാധിപത്യ താൽപര്യങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ മാരകമാകുന്നത്.
ജേണലിസവും ജേണലിസ്റ്റുകളും സമൂഹത്തിലെ മറ്റുളളവരെപ്പോലെ ഇതേ ശക്തികൾക്കെതിരെ– കോർപ്പറേറ്റ് അധികാരത്തിനെതിരെ – അണിനിരക്കുന്നു. ഇന്ത്യൻ മാധ്യമങ്ങളുടെ സ്ഥായിയായ സ്വഭാവത്തിലേക്ക് ഇനിയൊരു മടക്കമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല; കോർപ്പറേറ്റ് ശക്തികളുമായി ഏറ്റുമുട്ടാതെ പുരോഗമനപരമായ ഒരു പരിവർത്തനത്തിനും സാധ്യതയില്ല. കോർപ്പറേറ്റ് നിയന്ത്രിത ഭരണകൂടമായി ഇന്ത്യ ശാക്തീകരിക്കപ്പെടുന്നതിനൊപ്പം കോർപ്പറേറ്റുകളുടെ കരുത്തും വർധിച്ചുകൊണ്ടിരിക്കും. അതേസമയം തന്നെ മാധ്യമങ്ങൾക്കുനേരെ നടക്കുന്ന ഏകപക്ഷീയമായ റെയ്ഡുകളും ജേണലിസ്റ്റുകളെ അറസ്റ്റുചെയ്യുന്നതും ‘കള്ളപ്പണം വെളുപ്പിക്കൽ’പോലെയുള്ള കുറ്റങ്ങൾ ആരോപിച്ച് ജയിലിലടയ്ക്കുന്നതും വർധിച്ചുകൊണ്ടിരിക്കുകയുമാണ്.
പത്ത് വർഷം മുൻപ്, ഇന്ത്യൻ മാധ്യമങ്ങൾ രാഷ്ട്രീയമായി സ്വതന്ത്രരാണെങ്കിലും അവ ലാഭത്തിന്റെ തടവറയിലാണെന്ന് പറയാൻ കഴിയുമായിരുന്നു.
ഇന്നാകട്ടെ, അവ ഇപ്പോഴും ലാഭത്തിന്റെ തടവറയിൽതന്നെയാണ്, എന്നാൽ അതിനൊപ്പംതന്നെ രാഷ്ട്രീയമായി തടവറയിലാക്കപ്പെടുന്നതും വർധിക്കുന്നു. ♦



