Saturday, September 21, 2024

ad

Homeകവര്‍സ്റ്റോറിമാധ്യമങ്ങൾ ഇടതുപക്ഷത്തെ വേട്ടയാടുന്നതിന്‌ 
പിന്നിൽ

മാധ്യമങ്ങൾ ഇടതുപക്ഷത്തെ വേട്ടയാടുന്നതിന്‌ 
പിന്നിൽ

എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ

മാധ്യമരംഗം ഇന്ന്‌ ഏറെ കലുഷിതമാണ്‌. ഒരു വശത്ത്‌ മാധ്യമ സ്വാതന്ത്ര്യം അതി ഭീകരമായി അടിച്ചമർത്തപ്പെടുമ്പോൾ മറുവശത്ത്‌ മോദി ഭരണത്തിന്‌ ഓശാനപാടുന്ന ഗോദിമീഡിയ സംസ്‌കാരം തഴച്ചുവളരുകയാണ്‌. യഥാർഥ വസ്‌തുതകൾ ജനങ്ങൾക്ക്‌ നൽകി സ്വയം തീരുമാനത്തിലെത്താൻ അവരെ സഹായിക്കുക എന്നതായിരുന്നു മാധ്യമ ധർമമമായി വിവക്ഷിക്കപ്പെട്ടിരുന്നത്‌. സ്വാതന്ത്ര്യസമരകാലത്ത്‌ മാധ്യമങ്ങൾ ഈ ധർമം നിർവഹിക്കുന്നതിൽ മുൻപന്തിയിയിലുണ്ടായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ച ഗാന്ധിജി മുതൽ ഇഎംഎസ്‌ വരെയുള്ളവർ വിവിധ പത്രങ്ങൾ സ്വയം എഡിറ്റ്‌ ചെയ്ത് പ്രസിദ്ധീകരിച്ചത്‌ ഈ ലക്ഷ്യത്തോടെയായിരുന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികൾ നടത്തുന്ന ജനവിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനായാണ്‌ അവർ മാധ്യമങ്ങളെ ഉപയോഗിച്ചത്‌. അതിൽ അവർ വിജയിക്കുകയും ചെയ്‌തു.

എന്നാൽ ഇന്ന്‌ മാധ്യമങ്ങൾ ഭരണാധികാരികളുടെ തെറ്റായ ചെയ്‌തികൾ ജനങ്ങളെ അറിയിക്കുന്നതിൽ വലിയ പ ങ്കൊന്നും വഹിക്കുന്നില്ല. അന്വേഷണാത്‌മക പത്രപ്രവർത്തനത്തിന്‌ അന്ത്യമായോ എന്ന സംശയം അടുത്തയിടെ മുൻ ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണയിൽ നിന്നുണ്ടായത്‌ ഈ പശ്ചാ‌ത്തലത്തിലാണ്‌. ഗൗതം അദാനി നടത്തിയ ഓഹരിതട്ടിപ്പ്‌ ഹിൻഡൻബർഗ്‌ ഏജൻസി പുറത്തുകൊണ്ടുവന്നപ്പോൾ അതേക്കുറിച്ച്‌ അന്വേഷിച്ച്‌ പോകാൻ ഇന്ത്യയിലെ ഒരു മാധ്യമ സ്ഥാപനവും തയ്യാറായില്ല. അമേരിക്കയിലെ വാട്ടർഗേറ്റ്‌ സംഭവവും ഇന്ത്യയിൽ ബൊഫോഴ്‌സ്‌ കുംഭകോണവും നടന്ന വേളകളിൽ അമേരിക്കയിലെയും ഇന്ത്യയിലെയും മാധ്യമങ്ങൾ ദിനംപ്രതി പുറത്തുകൊണ്ടുവന്ന അന്വേഷണാത്‌മക റിപ്പോർട്ടുകൾ ഓർത്തുപോകുകയാണ്‌. എന്തുകൊണ്ടാണ്‌ മാധ്യമങ്ങൾ ഭരണാധികാരികളുടെ വാഴ്‌ത്തുപാട്ടുകാരായി മാറിയത്?

യഥാർഥ വസ്‌തുതകളും പുതിയ അറിവുകളും നൽകി ജനങ്ങളെ വർത്തമാനകാലത്തെക്കുറിച്ച്‌ ബോധവത്കരിക്കുക എന്ന റോളിൽ നിന്ന്‌ മാധ്യമങ്ങൾ എപ്പോഴാണ്‌ മാറിയത്‌? ജനങ്ങളെ സേവിക്കുക എന്നതിനുപകരം ഭരണാധികാരികളെ സേവിക്കുക എന്നതിലേക്കുള്ള രൂപപരിണാമം മാധ്യമങ്ങൾക്ക്‌ സംഭവിച്ചത്‌ എപ്പോഴാണ്‌? ഭരണാധികാരികളോട്‌ അസുഖകരമായ ചോദ്യങ്ങൾ ചോദിക്കുന്നതിനുപകരം ഭരണാധികാരികൾ നൽകുന്ന ഉത്തരങ്ങൾ സംശയമേതുമില്ലാതെ വിഴുങ്ങാൻ മാധ്യമങ്ങൾ മത്‌സരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? മാധ്യമങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനം കാണുമ്പോൾ ഉയർന്നുവരുന്ന പ്രധാന ചോദ്യങ്ങളാണ്‌ ഇവയൊക്കെ. എന്നാൽ മോദിയുടെ വർഗീയ ഫാസിസത്തെ വെള്ളംതൊടാതെ വിഴുങ്ങുന്ന മാധ്യമങ്ങൾ ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിൽ ഒരു ലോഭവും കാട്ടാറില്ല. ചൈനപക്ഷപാതിത്വം ആരോപിച്ച്‌ ‘ന്യൂസ്‌ ക്ലിക്ക്‌’ എന്ന വാർത്താപോർട്ടലിനു നേരെയും പിണറായി വിജയന്റെ മകൾ വീണയ്ക്ക്‌ അവർ ജോലിചെയ്‌ത സ്ഥാപനത്തിൽ നിന്നും ലഭിച്ച തുകയുടെയും പേരിലും ഇടതുപക്ഷത്തെ കടന്നാക്രമിക്കാനും ഈ മാധ്യമങ്ങൾ തയ്യാറാവുകയാണ്‌.

ഇതിൽ നിന്നും വ്യക്തമാക്കുന്നത്‌ മാധ്യമസ്ഥാപനങ്ങൾ അവരുടെ മൂലധന താൽപര്യങ്ങളാണ്‌ കൂടുതലായും പ്രതിഫലിപ്പിക്കുന്നത്‌ എന്നതാണ്‌. വൻകിട കോർപ്പറേറ്റുകൾ മാധ്യമസ്ഥാപനങ്ങൾ നടത്താൻ തുടങ്ങിയതോടെയാണ്‌ ജനസേവനം എന്നതിൽ നിന്നും മാധ്യമങ്ങൾ വഴിമാറി നടക്കാൻ തുടങ്ങിയത്‌. കോർപ്പറേറ്റുകൾ ഏത്‌ സ്ഥാപനത്തിലായാലും മൂലധനമിറക്കുന്നത്‌ ലാഭക്കണ്ണോടെയാണ്‌. ലാഭം കുന്നുകൂട്ടുക മാത്രമാണ്‌ അവരുടെ ലക്ഷ്യം. സ്വാഭാവികമായും ഈ ലക്ഷ്യം നേടാൻ ഭരണകൂടത്തിന്റെ സഹായം ഇവർക്ക്‌ ആവശ്യമാണ്‌. മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയും പിന്നീട്‌ ഇന്ത്യൻ പ്രധാനമന്ത്രിയുമായതോടെയാണ്‌ ഗൗതം അദാനി എന്ന ബിസിനിസ്സുകാരൻ ബഹുരാഷ്ട്രകുത്തകയായി വളർന്നത്‌. അദാനിക്ക്‌ ഇപ്പോൾ ഒരു ഡസനിലധികം മാധ്യമസ്ഥാപനങ്ങളുണ്ട്‌. അവസാനമായി എൻഡിടിവി യും അദാനി സ്വന്തമാക്കി. ന്യൂസ്‌ 18 ഉൾപ്പെടെ രണ്ട്‌ ഡസനിലധികം മാധ്യമസ്ഥാപനങ്ങൾ അംബാനിക്കുണ്ട്‌. വൻകിട കോർപ്പറേറ്റുകളാണ്‌ ഇപ്പോൾ മാധ്യമസ്ഥാപനങ്ങൾ നടത്തുന്നത്‌. ബിർള കുടുംബമാണ്‌ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഉടമ. ജെയിൻ ഗ്രൂപ്പാണ്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ഉടമകൾ. ഉദാഹരണങ്ങൾ നിരവധിയാണ്‌. ഇത്തരം കോർപ്പറേറ്റുകൾക്ക്‌ വാരിക്കോരിയാണ്‌ മോദി സർക്കാർ സൗജന്യങ്ങൾ നൽകുന്നത്‌. 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 10 ലക്ഷം കോടി രൂപയിലധികം സൗജന്യമാണ്‌ കോർപറേറ്റുകൾക്ക്‌ നൽകിയത്‌.

അതോടൊപ്പം മാധ്യമസ്ഥാപനങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ്‌ സർക്കാരിൽ നിന്നുള്ള പരസ്യവരുമാനം. സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക്‌ പരസ്യം നൽകാതിരിക്കുക എന്നത്‌ മോദി സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌. അതുകൊണ്ടു തന്നെ സർക്കാരിനെ വിമർശിക്കാതിരിക്കുക എന്നത്‌ മാധ്യമസ്ഥാപനങ്ങളുടെ ഉടമകളും നയമായി സ്വീകരിക്കുകയാണ്‌. ഇഡിയും സിബിഐയും ആദായനികുതിവകുപ്പും കയറിയിറങ്ങി സ്ഥാപനത്തിന്റെ വരുമാനനഷ്ടം ഉണ്ടാകാതിരിക്കാനും മാധ്യമ ഉടമകൾ മോദി പക്ഷത്തേക്ക്‌ ചായുകയാണ്‌. അതായത്‌ കോർപറേറ്റ്‌ താൽപര്യവും സർക്കാർ താൽപര്യവും ഒന്നായി മാറുന്ന വിചിത്രമായ കാഴ്‌ചയാണ്‌ ഇന്ത്യൻ മാധ്യമരംഗത്ത്‌ കാണുന്നത്‌. വർഗീയത വളർത്തുന്ന ആർഎസ്‌എസ്‌‐ബിജെപി യുടെ നയത്തെ മാധ്യമങ്ങൾ അകമഴിഞ്ഞ്‌ പിന്തുണക്കുന്ന രീതി ഇതിന്റെ ഭാഗമാണ്‌.

അതോടൊപ്പം കാണേണ്ട മറ്റൊരു കാര്യം നവഉദാരവൽക്കരണ നയവുമായുള്ള മാധ്യമമേഖലയുടെ ബന്ധമാണ്‌. സാമ്രാജ്യത്വ മുതലാളിത്തം അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അവർ മുന്നോട്ടുവെച്ച നവഉദാരവൽക്കരണ നയത്തെ പൊതുവെ പ്രോത്‌സാഹിപ്പിക്കുന്ന നയമാണ്‌ പാശ്‌ചാത്യമാധ്യമങ്ങൾ സ്വീകരിച്ചിരുന്നത്‌. നരസിംഹറാവു സർക്കാർ ഇന്ത്യയിൽ സാന്പത്തിക ഉദാരവൽക്കരണ നയം നടപ്പിലാക്കിയപ്പോൾ ഇന്ത്യൻ മാധ്യമങ്ങളും പൊതുവെ ഈ നയത്തെ സ്വാഗതം ചെയ്‌തു. സാന്പത്തിക മേഖലയിൽ വൻ വളർച്ച നേടാൻ പോകുന്നു എന്ന രീതിയിലാണ്‌ പൊതുവെ മാധ്യമങ്ങൾ ഉദാരവൽക്കരണ നയത്തെ രാജ്യത്ത്‌ അവതരിപ്പിച്ചത്‌. ഈ നയത്തിലെ ചതിക്കുഴികളെക്കുറിച്ച്‌ അപൂർവം മാധ്യമങ്ങൾ മാത്രമാണ്‌ മുന്നറിയിപ്പ്‌ നൽകിയത്‌. ഇടതുപക്ഷ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ മാത്രമാണ്‌ ഈ നയത്തെ എതിർത്തത്‌. സാന്പത്തിക ഉദാരവൽക്കരണനയം കോർപ്പറേറ്റുകളുടെ നയമായതുകൊണ്ടു തന്നെ അവർ നടത്തുന്ന മാധ്യമങ്ങളും അതിനെ വാഴ്‌ത്തിപ്പാടി. ഇപ്പോഴും അവരതുചെയ്യുന്നു. ഇവിടെയും കോർപ്പറേറ്റ്‌ താൽപര്യവും മാധ്യമഉടമകളുടെ താൽപര്യവും ഒന്നായി മാറുന്നത്‌ കാണാം. ഇതിനാലാണ്‌ പൊതുമേഖല മോശമെന്നും സ്വകാര്യ സ്ഥാപനങ്ങളാണ്‌ നല്ലരീതിയിൽ പ്രവർത്തിക്കുന്നതെന്നുമുള്ള ആഖ്യാനം സൃഷ്ടിക്കപ്പെട്ടത്‌. പൊതുഗതാഗത സംവിധാനം,സർക്കാർ ആശുപത്രികൾ, സർക്കാർ വിദ്യാലയങ്ങൾ എന്നിവയെല്ലാം മോശമാണ്‌.അവയെല്ലാം സ്വകാര്യമേഖലയ്ക്ക്‌ വിട്ടുനൽകണമെന്ന്‌ മാധ്യമങ്ങൾ ശക്തമായി വാദിച്ചു.

ഈ നയത്തെ ലോകമെങ്ങും ശക്തമായി എതിർത്തത്‌ ഇടതുപക്ഷമാണ്‌. കമ്യൂണിസ്‌റ്റ്‌ പാർട്ടികളാണ്‌. സ്വാഭാവികമായും മാധ്യമങ്ങൾ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനെതിരെ തിരിഞ്ഞു. കോർപറേറ്റ്‌ കൊള്ളയെ എതിർത്തതും ആ കൊള്ളയ്ക്ക്‌ വഴിയൊരുക്കുന്ന സാന്പത്തിക ഉദാരവാദ നയത്തെ ശക്തമായി എതിർക്കുന്നതും കമ്യൂണിസ്‌റ്റ്‌‐ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്‌. ഇന്ത്യയിൽ പ്രത്യേകിച്ചും. ഇടതുപക്ഷത്തിനെതിരെയുള്ള മാധ്യമങ്ങളുടെ ഉറഞ്ഞുതുള്ളലിനുള്ള പ്രധാന കാരണം മാധ്യമ ഉടമകളായ കോർപ്പറേറ്റുകളുടെ താൽപര്യത്തിന്‌ കമ്യൂണിസ്‌റ്റ്‌ – ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എതിരാണ്‌ എന്നതാണ്‌. കേരളവും ഇതിൽ നിന്നു വ്യത്യസ്‌തമല്ല. നയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്‌ നടക്കുന്നത്‌. അതുകൊണ്ടു തന്നെ പാവങ്ങളെ ചേർത്തുപിടിക്കുന്ന പൊതുമേഖലയെ സംരക്ഷിക്കുന്ന കോർപറേറ്റ് കൊള്ളയെ എതിർക്കുന്ന കമ്യുണിസ്‌റ്റ്‌ – ഇടതുപക്ഷ പാർട്ടികൾക്കും അവരുടെ നയത്തിനുമെതിരെയുള്ള മാധ്യമ ആക്രമണം തുടരുക തന്നെ ചെയ്യും. കമ്യൂണിസ്‌റ്റ്‌ വിരുദ്ധതയാണ്‌ മാധ്യമങ്ങളുടെ മുഖമുദ്ര. വലതുപക്ഷ രാഷ്ട്രീയ പൊതുബോധം സൃഷ്ടിക്കുക എന്നത് ഒരു കടമായായി ഏറ്റെടുത്ത്‌ നടപ്പിലാക്കുകയാണ്‌ മാധ്യമങ്ങൾ. ഇതിനെതിര പ്രത്യയശാസ്‌ത്രതലത്തിലും രാഷ്ട്രീയതലത്തിലും പോരാട്ടം ശക്തമാക്കുക മാത്രമാണ്‌ കമ്യൂണിസ്‌റ്റ്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ മുന്പിലുള്ള മാർഗം. അതോടൊപ്പം മാർക്‌സ്‌ മുന്നോട്ടുവെച്ച ഫോക്ക്‌ പ്രസ്‌ അഥവാ ജനകീയ മാധ്യമങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുകയും വേണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − seven =

Most Popular