
മാധ്യമങ്ങളുടെ കോർപ്പറേറ്റുവൽക്കരണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അതിതീവ്ര വലതുപക്ഷത്തിന്റെ അനുഗ്രഹാശിസ്സുകളേറ്റ് തഴച്ചുവളരുന്ന വൻകിടകുത്തകകളുടെ കീഴിലുള്ള മാധ്യമസ്ഥാപനങ്ങൾ ജനാധിപത്യവിരുദ്ധ ശക്തികളുടെ ദല്ലാളുമാരായി അധഃപതിച്ചിരിക്കുന്നു. സർക്കാരുകളെ കൃത്യമായും വസ്തുനിഷ്ഠമായും വിലയിരുത്തി യാഥാർത്ഥ്യം അതേപോലെ ജനങ്ങളിലേയ്ക്ക് എത്തിക്കുക, ഭരണഘടനയുയർത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുക തുടങ്ങിയ ധർമ്മങ്ങൾ അവർ മറക്കുകയും സംഘപരിവാറിന്റെയും ബിജെപിയുടെ യും വർഗീയ രാഷ്ട്രീയ അജൻഡയ്ക്കുവേണ്ടിയുള്ള പ്രചരണായുധമാക്കി മാധ്യമങ്ങളെ മാറ്റുകയും ചെയ്തിരിക്കുന്നു.
മാധ്യമങ്ങളും മുതലാളിത്തവും തമ്മിലുള്ള ബന്ധമാണ് സങ്കീർണമായ ഈ അവസ്ഥയുടെ അടിത്തറ. മുതലാളിത്തത്തിന്റെ വളർച്ച മാധ്യമങ്ങളുടെ സ്വഭാവത്തെയും പ്രവർത്തന രീതിയേയും മാറ്റി. പുതിയ സാങ്കേതിക വിദ്യകളുടെ ആവിർഭാവം വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. മാധ്യമങ്ങൾ വളരെ പെട്ടെന്നു തന്നെ ഒരു വ്യവസായമെന്ന നിലയ്ക്ക് വളരുകയും വമ്പിച്ച മൂലധന നിക്ഷേപത്തിനുള്ള പുത്തൻ വാതായനങ്ങൾ തുറക്കുകയും ചെയ്തു. അതോടുകൂടി വാർത്തയുടെ മൂല്യം ഒരു ചരക്കെന്ന നിലയിൽ പുനർനിർവചിക്കപ്പെടുകയും ചെയ്തു. പരസ്യങ്ങൾ മാധ്യമങ്ങളുടെ വരുമാന സ്രോതസ്സായതോടെ വാർത്തകളും എന്റർടെയിൻമെന്റും തമ്മിലുള്ള അകലം ക്രമേണ ലോപിച്ച്, ഇപ്പോൾ ഏതാണ്ട് അപ്രത്യക്ഷമാകുന്ന അവസ്ഥയിലെത്തിനിൽക്കുന്നു. സോഷ്യൽ മീഡിയയുടെ വളർച്ച സെൻസേഷണലിസത്തെ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന ഘടകമാക്കി മാറ്റി.
ലോകമാകെ സംഭവിച്ച ഈ മാറ്റത്തിൽ നിന്നും ഇന്ത്യയും വേറിട്ടുനിൽക്കുന്നില്ല. രാജ്യത്തെ പ്രധാന മാധ്യമങ്ങളുടെ കടിഞ്ഞാൺ കോർപ്പറേറ്റുകളുടെ കൈകളിലായി. വൻകിട മാധ്യമ ശൃംഖലകൾ ഇവിടെ വളർന്നു വന്നു. സ്വാഭാവികമായും അവരുടെ ഇംഗിതത്തിനനുസരിച്ച് മാധ്യമങ്ങളുടെ എഡിറ്റോറിയൽ നയങ്ങളും രൂപപ്പെട്ടു. കോർപ്പറേറ്റുകളുടെ സ്വാർത്ഥമായ മൂലധനതാല്പര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയശക്തികൾക്ക് അനുകൂലമായി ആ നയങ്ങൾ മാറി. ബഹുസ്വരമായ ശബ്ദങ്ങൾക്ക് ഇടം നൽകി പൊതുമണ്ഡലത്തെ ക്രിയാത്മകമായ ചർച്ചകൾക്ക് അനുഗുണമായ രീതിയിൽ ചലനാത്മകമാക്കി നിർത്തേണ്ടതിനു പകരം സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള മുദ്രാവാക്യങ്ങൾ മുഴക്കാനുള്ള സ്ഥലമാക്കി മാറ്റി. വാർത്തകൾ അതിനനുസൃതമായ രീതിയിൽ പാകപ്പെടുത്തിയെടുക്കുന്ന അടുക്കളകളായി മാധ്യമസ്ഥാപനങ്ങൾ ചുരുങ്ങി.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്ന അവസ്ഥയാണ് ഇതോടെ സംജാതമായത്. അവയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധയകറ്റി അവരെ വർഗീയവൽക്കാരിനും തീവ്രദേശീയവാദികളാക്കി മാറ്റാനുമുള്ള സംഘപരിവാർ അജൻഡയെ വൻകിട മാധ്യമങ്ങൾ ഏറ്റെടുത്തു. ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂലവും ജനവിരുദ്ധവുമായ നയങ്ങളുടെ ഭാഗമായി ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി, ഫെഡറലിസത്തിന്റെ തകർച്ചയുടെ ഭാഗമായി സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന ആക്രമണങ്ങൾ, കർഷകരുടേയും തൊഴിലാളികളുടേയും പ്രശ്നങ്ങൾ തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം തീർത്തും അവഗണിക്കപ്പെടുകയോ അരികുകളിലേയ്ക്ക് ഒതുക്കപ്പെടുകയോ ചെയ്തു.
സംഘപരിവാർ ഈ സാഹചര്യത്തെ വളരെ സമർത്ഥമായി ഉപയോഗിക്കുന്നു. എതിർസ്വരങ്ങളെ മാധ്യമങ്ങളുടെ സഹായത്തോടെ മറയ്ക്കുവാനും അധികാരമുപയോഗിച്ച് അടിച്ചമർത്തുവാനുമാണ് അവർ ശ്രമിക്കുന്നത്. പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം മാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങൾക്ക് അനുകൂലമായ വിധത്തിൽ പുതിയ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാൻ അവർക്ക് സാധിക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് അതിൽ നിന്നും രാഷ്ട്രീയമായി മുതലെടുക്കുക എന്ന സംഘപരിവാർ നയത്തിന്റെ ഭാഗമായാണ് അതൊരു വലിയ ചർച്ചയായി മാറ്റിയിരിക്കുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കുക എന്നതിലുപരി അവരുടെ ആവശ്യം അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിലൂടെ ജനങ്ങളെ വർഗീയവൽക്കരിക്കുക എന്നതാണ്. ആ ഭിന്നത അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടുകളായി മാറുമെന്നതാണ് അവരുടെ പ്രതീക്ഷ. സമാനമായ അനവധി വിവാദങ്ങളും ചർച്ചകളും ഈ മാധ്യമ-–സംഘപരിവാർ കൂട്ടുകെട്ടിൽ ഉയർന്നുവന്നിട്ടുണ്ട്.
സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. വർഗീയതയാലും അരാഷ്ട്രീയതയാലും മലീമസമാകുന്ന പൊതുമണ്ഡലത്തെ തിരിച്ചുപിടിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇതുണ്ടാക്കുന്ന സാമൂഹ്യപ്രശ്നങ്ങളിൽ നിന്നു കരകയറാൻ ഒരു സമൂഹം എത്ര കാലം കിണഞ്ഞു പരിശ്രമിച്ചാലാണ് സാധ്യമാവുക? അത്തരത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് പുതിയ കാലത്തെ മാധ്യമ പ്രവർത്തനം സൃഷ്ടിച്ചിരിക്കുന്നത്. മാധ്യമങ്ങളിലൂടെ മനുഷ്യരിലേയ്ക്കെത്തുന്ന നുണകളെ പ്രതിരോധിക്കാൻ കൂടുതൽ ജാഗ്രതയോടെ ജനകീയ പ്രസ്ഥാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടതാണ്.
ജനങ്ങൾക്ക് ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെടുകയും അരാഷ്ട്രീയതയിലേയ്ക്ക് പതിക്കുകയും ചെയ്യുന്നത് തടയുക എന്നതാണ് അതിലേറ്റവും പ്രധാനം. ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവരെ വസ്തുനിഷ്ഠതയോടെ യാഥാർത്ഥ്യങ്ങൾ എന്തെന്ന് ധരിപ്പിക്കാനും സാധിക്കണം. മാധ്യമങ്ങൾ ചെയ്യേണ്ട ആ ഉത്തരവാദിത്വം നമുക്ക് ഏറ്റെടുക്കേണ്ടതായി വന്നിരിക്കുന്നു.
മാധ്യമ ഉടമസ്ഥതയിൽ സുതാര്യതയുണ്ടാകേണ്ടതും നൈതിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ജനാധിപത്യ വിശ്വാസികൾ അതിനായി ഒന്നിച്ചുനിൽക്കേണ്ട സന്ദർഭമാണിത്. മാധ്യമസ്ഥാപനങ്ങൾ സെൻസേഷണലിസത്തിനു പകരം വസ്തുനിഷ്ഠമായ രീതിയിൽ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ റിപ്പോർട്ടുചെയ്യാനും ചർച്ച ചെയ്യാനും തയാറാകേണ്ടതുണ്ട്. ഭരണഘടനയുടെ അടിത്തറയിളക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുക്കാൻ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന നിലയ്ക്ക് മാധ്യമങ്ങൾക്ക് ധാർമ്മികമായ ഉത്തരവാദിത്വമുണ്ട്. അതേറ്റെടുക്കുന്നതിനായി മാധ്യമങ്ങൾക്കു മുകളിൽ സമ്മർദ്ദം ചെലുത്താൻ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം നിരന്തരം ശ്രമിക്കണം.
ബദൽ മാധ്യമങ്ങളെ വളർത്തുക എന്നതാണ് മറ്റൊരു പ്രധാന പോംവഴി. മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുന്ന യാഥാർത്ഥ്യം ജനങ്ങളിലേയ്ക്കെത്തിക്കാൻ അതു സഹായകമാകും. അതോടൊപ്പം ഇത്തരത്തിലുള്ള ബദൽ സാധ്യതകൾ ഉപയോഗിച്ച് മാധ്യമ സാക്ഷരത പരിപോഷിപ്പിക്കാനും അതുവഴി മാധ്യമ വാർത്തകളെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നതിനും അവരുടെ അജൻഡകളെ തിരിച്ചറിയുന്നതിനും ജനങ്ങളെ സജ്ജരാക്കുക എന്നതും വളരെ പ്രധാനമാണ്. കേരളത്തിൽ ഇതിനായി നടത്തിയ ശ്രമങ്ങൾ വലിയൊരളവു വരെ വിജയിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തുടർവിജയം. മാധ്യമങ്ങൾ വലിയ തോതിൽ ഇടതുപക്ഷത്തിനെതിരെ പ്രചാരണം നടത്തിയിട്ടും ജനങ്ങൾ അത് തിരസ്കരിച്ചതിനു പിന്നിൽ കേരളം കൈവരിച്ച മാധ്യമസാക്ഷരതയ്ക്കും വലിയ പങ്കുണ്ട്.
സംഘപരിവാറും ബിജെപിയും നിലവിൽ അനുഭവിക്കുന്ന മാധ്യമ പരിലാളനയ്ക്കുപിന്നിൽ നിരവധി സാമ്പത്തിക, രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. അത് മുതലാളിത്ത വ്യവസ്ഥിതിയുടെ നിലനില്പും അതിജീവനവുമായിക്കൂടി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. അതുകൊണ്ടു തന്നെ മാധ്യമമേഖലയിൽ നിലനിൽക്കുന്ന ദുഷ്-പ്രവണതകളെ ചെറുക്കണമെങ്കിൽ ആ സമരം മുതലാളിത്ത വ്യവസ്ഥിതിയ്ക്കെതിരെയുള്ള പ്രക്ഷോഭം കൂടിയായി മാറേണ്ടതുണ്ട്. പ്രശ്നത്തിന്റെ വേരുകളെയാകണം പിഴുതുമാറ്റേണ്ടത്. അതിനായി തൊഴിലാളി-–കർഷകമുന്നേറ്റങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വമേറ്റെടുത്ത് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാം. ♦



