കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ നാടൻകലകൾക്കുള്ള പങ്ക് അനിഷേധ്യമാണ്. ഇതിൽ തെയ്യക്കോലങ്ങളുടെ കെട്ടിയാട്ടങ്ങൾ ഏറെയും അവകാശപ്പെടാവുന്നത് വടക്കേ മലബാറിനാണ്. ആചാരാനുഷ്‌ഠാനങ്ങളുടെയും മിത്തുകളുടെയും പിൻബലത്തിലാണ് ഭൂരിഭാഗം തെയ്യക്കോലങ്ങളും കെട്ടിയാടുന്നത്. എന്നാൽ ഇതിൽനിന്നെല്ലാം ഭിന്നമായി 1584ൽ ജനിച്ചുവെന്ന് കരുതപ്പെടുന്ന വടകര തച്ചോളി മേപ്പയിൽ തറവാട്ടിലെ ഒതേനനോടുള്ള ആരാധനയുടെ ഭാഗമായി അവരുടെ മേപ്പയിൽ തറവാട്ടിൽ കഴിഞ്ഞ ഇരുനൂറോളം വർഷമെങ്കിലുമായി ഒതേനൻ തെയ്യം കെട്ടിയാടിക്കൊണ്ടിരിക്കുകയാണ്. ഏകദേശം നാനൂറ് കൊല്ലംമുമ്പ് കതിരൂർ ഗുരിക്കളുമായി പൊന്ന്യം ഏഴരക്കണ്ടത്തിലുണ്ടായ കളരിപ്പയറ്റ് നടന്നതും ഇരുവരുടെയും ജീവൻ അപഹരിക്കപ്പെട്ടതുമായ കുംഭമാസം 10, 11 തീയതികളിൽ തന്നെയാണ് ഇപ്പോൾ എല്ലാവർഷവും വടകര മാണിക്കോത്ത് തറവാട്ടിൽ ഒതേനൻ തെയ്യം കെട്ടിയാടുന്നത്.
അമ്മയോട് അതിരറ്റ സ്‌നേഹമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഒതേനൻ. സമീപത്തെ ഏതെങ്കിലും അമ്പലത്തിൽ അമ്മ പോകുമ്പോഴെല്ലാം ഒന്നിച്ചുപോകാൻ ഒതേനൻ തയ്യാറായിരുന്നത് ഈ മാതൃവാത്സല്യം കൊണ്ടുകൂടിയായിരുന്നു. വടകര പുതുപ്പണത്തെ ചീനംവീട്ടിൽ തങ്ങൾ എന്നറിയപ്പെട്ടിരുന്ന പുതുപ്പണം വാഴുന്നോരുടെ മകനായിരുന്നു തച്ചോളി ഒതേനൻ. അവരുടെ കുലദേവതയായി കരുതിപ്പോന്നത് ലോകനാർകാവിലമ്മ ആയിരുന്നു. ഒനേതനനോട് ഏറെ ആദരവും ബഹുമാനവും പുലർത്തിയിരുന്ന ഉണ്ണിച്ചിരയായിരുന്നു സഹോദരി. പോയകാലത്തിന്റെ സ്‌മരണകൾ അയവിറക്കിക്കൊണ്ട് ചീനംവീട് ഇപ്പോഴും പുതുപ്പണത്തുണ്ട്. അഭ്യാസപ്രയോഗങ്ങളുടെ കഥ പറഞ്ഞുതരാനെന്നവിധം ഓർമകൾ പങ്കുവെക്കുന്നുണ്ട് അത്. പൊതുവെ അധ്വാനിച്ചു ജീവിക്കുന്നതിൽ അഭിമാനംകൊള്ളുന്നവരായിരുന്നു മേപ്പയിൽ തറവാട്ടുകാർ. എവിടെ കളരിപ്പയറ്റിനു പോകുമ്പോഴും ലോകനാർകാവിലെ ദേവിയെ വണങ്ങിയിട്ടാണ് ഒതേനൻ പുറപ്പെടാറ്.
ഒതേനൻ പൊതുവെ സാഹസികത നിറഞ്ഞ ദൗത്യം ഏറ്റെടുക്കുന്നതിൽ ഉത്സാഹിയായിരുന്നു. ഇക്കാരണത്താൽ സമൂതിരി രാജാവ് ഒതേനനെ ആദരിച്ചിട്ടുണ്ട്. ഒതേനന്റെ അടുത്ത മിത്രമായിരുന്നു പയ്യമ്പള്ളി ചന്തു. കളരിയിൽ പൊതുവെ നിഷിദ്ധമായ അടവായിരുന്നു പൂഴിക്കടകൻ. പയ്യമ്പള്ളി ചന്തുവാണ് ഒതേനനെ പൂഴിക്കടകൻ എന്ന പ്രയോഗം പഠിപ്പിക്കുന്നത്. കളരിയിൽ പ്രതിയോഗിയെ പരാജയപ്പെടുത്താൻ ഉപയോഗിക്കേണ്ടുന്ന കളരിമുറയേ ആയിരുന്നില്ല പൂഴിക്കടകൻ എന്ന പ്രയോഗം. പൊതുവെ അറിയപ്പെടുന്നതുതന്നെ അത് ഒരു ചതിപ്രയോഗമായിട്ടാണ്. കാൽപാദംകൊണ്ട് പൂഴി കോരിയെടുത്ത് ശത്രുവിന്റെ മുഖത്തേക്ക് എറിയുന്നതാണ് പൂഴിക്കടകൻ പ്രയോഗമായി അറിയപ്പെടുന്നത്. ഇത് തികച്ചും അവിചാരിതമായ പ്രയോഗമാകുമ്പോൾ ഇതിന് ഇരയാകുന്ന ആൾ ഒട്ടും പ്രതീക്ഷിക്കാതെയുമാവും പൂഴിയുടെ ഏറ് ഏൽക്കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ കളരിയിൽ പ്രയോഗിക്കാനേ പാടില്ലെന്ന മുന്നറിയിപ്പോടെയാണ് ഇത് പഠിപ്പിക്കുന്നത്.
ലോകനാർകാവിൽ കെട്ടിയ പന്തലിന്റെ ഉയരം സംബന്ധിച്ച തർക്കമാണ് കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും ഇടയാൻ കാരണമായത്. തർക്കം മൂത്തപ്പോൾ പൊന്ന്യം ഏഴരക്കണ്ടത്തിൽ കാണാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് തന്റെ വിശ്വസ്തരായ നൂറുകണക്കിന് പരിവാരങ്ങളോടൊപ്പം പൊന്ന്യത്തേക്ക് ഒതേനൻ പുറപ്പെടുന്നത്. തന്റെ ഗുരുവാണെന്നുപോലും ഒതേനൻ പല സന്ദർഭങ്ങളിലും പരാമശിച്ചിട്ടുള്ള കതിരൂർ ഗുരുക്കളുമായുള്ള പയറ്റ് നാടാകെ ശ്രദ്ധിക്കുന്നതായിരുന്നു. ഒതേനനെ പൂഴിക്കടകൻ പഠിപ്പിച്ച പയ്യമ്പള്ളി ചന്തുപോലും തീരുമാനത്തിൽനിന്നും പിന്മാറാൻ ഉപദേശിച്ചിരുന്നു. എന്നാൽ ഒരു കാര്യത്തിൽ തീരുമാനമെടുത്താൽ അതിൽനിന്നും പിന്മാറാൻ എത്ര ആദരണീയർ പറഞ്ഞാലും തയ്യാറാകാത്ത പ്രകൃതമായിരുന്നു ഒതേനന്റേത്. ഒതേനന്റെയും കതിരൂർ ഗുരുക്കളുടെയും ഏഴരക്കണ്ടത്തിലെ പയറ്റിന് കാറ്റിനേക്കാൾ വേഗമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മകരമഞ്ഞിന്റെ തണുത്ത ആലസ്യവും കഴിഞ്ഞെത്തിയ കുംഭം അന്തരീക്ഷത്തെ ചൂടിപിടിപ്പിച്ചുതുടങ്ങിയിരുന്നു. കുംഭം പത്തിന്റെ പകലിൽ പൊന്ന്യം ഏഴരക്കണ്ടത്തിലെ കളരിയോദ്ധാക്കൾ ഉണർത്തിവിട്ട ആരവത്തിൽ നാടാകെ പങ്കാളിയാവുകയായിരുന്നു. പരാജയത്തിന്റെ രുചി കളരിയിൽ അറിഞ്ഞിട്ടില്ലാത്ത കതിരൂർ ഗുരുക്കൾക്കു മുന്നിൽ തോറ്റ് പിന്മാറുകയെന്നത് തച്ചോളി ഒതേനനെ സംബന്ധിച്ചിടത്തോളം അചിന്ത്യമായ കാര്യമായിരുന്നു. അങ്ങനെയാണ് പയ്യമ്പിള്ളി ചന്തു പഠിപ്പിച്ച പൂഴിക്കടകൻ പ്രയോഗം ഒടുവിലായി കതിരൂർ ഗുരുക്കൾക്കു നേരെ പ്രയോഗിച്ചത്. കടത്തനാട് നിന്നും ഒതേനനോടൊപ്പം എത്തിയ ആളുകളുടെ വിജയാരവം അന്തരീക്ഷത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു. കതിരൂർ ഗുരുക്കളെ ഏഴരക്കണ്ടത്തിന്റെ കളരിയങ്കത്തിൽ നിശ്ചേതനാക്കാൻ കഴിഞ്ഞ ആഹ്ലാദാരവത്തോടെ പൊന്ന്യം പുഴ ചാടിക്കടന്ന് ഒതേനനും സംഘവും മാണിക്കോത്ത് മേപ്പയിൽ തറവാട്ടിലേക്ക് തിരിക്കുകയായിരുന്നു.
മാണിക്കോത്ത് എത്തിയ ഒതേനൻ വാൾ എടുക്കാൻ (മടിയായുധം) മറന്നുപോയ കാര്യം അപ്പോഴാണ് ഓർത്തത്. കളരിയിൽ പയറ്റ് കഴിഞ്ഞ് തിരികെപോകുന്നവർ ഏത് ആയുധം മറന്നുപോയാലും അത് എടുക്കാനായി തിരികെപോകുന്ന പതിവില്ല. വിശ്വാസത്തിന്റെ കൂടി ബലത്തിൽ രൂപപ്പെട്ട ശീലമായിരുന്നു അത്. അങ്ങനെ മറന്നുപോകുന്ന ആയുധമെടുക്കാൻ ആരെങ്കിലും ചെന്നാൽ അനർഥം സംഭവിക്കുമെന്ന അന്ധവിശ്വാസം നിലവിലുണ്ടായിരുന്നു. പക്ഷേ അത്തരം അതിരുകടന്ന അന്ധവിശ്വാസത്തിന്റെ പിൻബലത്തിൽ നിൽക്കുന്ന ആളായിരുന്നില്ല ഒതേനൻ. ഒതേനൻ മാണിക്കോത്ത് തറവാട്ടിലെ മുറിയിൽ കയറിയപ്പോൾ പെങ്ങൾ പുറമെനിന്നും വാതിൽ അടച്ചുപൂട്ടിയിരുന്നു. പിന്നെയും പൊന്ന്യത്തേക്ക് ചെന്ന് അനർഥം വരുത്തിവെക്കരുതെന്ന് കരുതിയായിരുന്നു അങ്ങനെ ചെയ്‌തത്. എന്നാൽ ഒതേനന്റെ ദീനയമായ അഭ്യർഥന ജനൽപാളികൾക്കിടയിലൂടെ അനുചരന്മാരിലേക്ക് ഒഴുകിയെത്തിയിരുന്നു. അവരുടെയൊക്കെ സ്‌നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങിയാണ് ഒടുവിൽ പെങ്ങൾ തന്നെ വാതിൽ തുറന്നുകൊടുത്തത്. ആരാധനവൃന്ദത്തോടൊപ്പം പിന്നെയൊരു കുതിപ്പായിരുന്നു. പൊന്ന്യം ഏഴരക്കണ്ടം ലക്ഷ്യമാക്കിയുള്ള കുതിപ്പ്. ജ്യേഷ്‌ഠനായ കോമപ്പക്കുറുപ്പും യാത്ര നല്ലതിനല്ലെന്ന് മേപ്പയിൽ തറവാട്ടിൽനിന്നുതന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിനൊന്നും വഴങ്ങാതെയായിരുന്നു ഒതേനന്റെ യാത്ര.
സ്വന്തം ആരോഗ്യത്തിന് കളരിപ്പയറ്റിനിടയിൽ എന്തെങ്കിലും ഹാനി സംഭവിക്കാൻ ഇടയുണ്ടെങ്കിൽ മാത്രമേ പൂഴിക്കടകൻ പ്രയോഗിക്കാവൂവെന്ന് കളരി പരദേവതയുടെ പേരിൽ സത്യം ചെയ്യിപ്പിച്ചായിരുന്നു പയ്യമ്പള്ളി ചന്തു പൂഴിക്കടകൻ പ്രയോഗം ഒതേനനെ പഠിപ്പിച്ചത്. ഒതേനന് ജീവഹാനിയുണ്ടാകുംവിധമുള്ള സംഭവഗതികൾ ഒന്നുംതന്നെ കതിരൂർ ഗുരുക്കളിൽനിന്നും ഉണ്ടാകാതിരുന്നിട്ടും പൂഴിക്കടകൻ പ്രയോഗം കതിരൂർ ഗുരുക്കൾക്കുനേരെ നടത്തുകയായിരുന്നു ഒതേനൻ. പുന്നോര കേളപ്പനെയും പരുമല നമ്പിക്കുറിപ്പിനെയും കീഴ്‌പ്പെടുത്താൻകഴിഞ്ഞ ഒതേനന് കതിരൂർ ഗുരുക്കൾക്ക് മുന്നിൽ അടിയറവ് പറയേണ്ടിവരിക എന്നത് ചിന്തിക്കാൻ കഴിയുന്നതായിരുന്നില്ല. ഏഴരക്കണ്ടത്തിലെ പയറ്റിനിടയിൽ കാറ്റിന് വേഗം കൂടിയതായും അത് കൊടുങ്കാറ്റായി മാറിയെന്നും വാമൊഴി ചരിത്രത്തിലൂടെ പറഞ്ഞുവരുന്നുണ്ട്. അതുകൊണ്ടുതന്നെ കുംഭം 10, 11 തീയതികളെ ഏറെ ഭയത്തോടെയും ആരാധനയോടെയുമാണ് പത്ത് നാൽപതു കൊല്ലം മുമ്പുവരെ പൊന്ന്യം ദേശക്കാർ കണ്ടിരുന്നത്. ആ ദിവസങ്ങളിൽ വാഴയ്‌ക്ക് വെള്ളം നനയ്‌ക്കാറില്ലെന്നും വീടിന് ഓലകെട്ടാറില്ലെന്നും പറഞ്ഞുവന്നിരുന്നു. വാഴ നിലംപൊത്തിപ്പോകുമെന്നും വീട് തകരുമെന്നുമുള്ള വിശ്വാസം ജനങ്ങൾ കുറേക്കാലം മുമ്പുവരെ വച്ചുപുലർത്തിയിരുന്നു.
കളരിയിൽ മറന്നുപോയ ആയുധം തിരികെയെടുക്കാനായി വരുമ്പോൾ അനർഥം സംഭവിക്കുമെന്നു കരുതി വരാതിരിക്കുന്നയാളല്ല ഒതേനൻ എന്ന് കതിരൂർ ഗുരുക്കളുടെ ശിഷ്യന്മാർക്ക് അറിയാമായിരുന്നു. അവർ കണ്ണിലെണ്ണയൊഴിച്ച് കാത്തുനിന്നു. മടിയായുധം എടുക്കാൻ തിരികെവരുന്നതും കാത്തുള്ള ഒളിഞ്ഞിരുത്തം. ഒതേനൻ ഏഴരക്കണ്ടത്തിലേക്ക് വരുന്നത് അറിഞ്ഞതോടെ പരുന്തുമ്മൽ എം എൻ പണിക്കരാണ് കതിരൂർ ഗുരുക്കളുടെ ശിഷ്യനായ ചുണ്ടങ്ങാപൊയിൽ മായൻ പക്കിയെ അങ്ങോട്ടേക്ക് നാടൻ തോക്കുമായി അയയ്‌ക്കുന്നത്. പൊന്ന്യം പുഴയ്‌ക്കും ഏഴരക്കണ്ടത്തിനുമിടയിൽ ഒരു അരയാലിന്റെ മറയത്ത് മായൻ പക്കി നാടൻ തോക്കുമായി ഒളിഞ്ഞിരിക്കുകയായിരുന്നു. സഹോദരനായ കോമപ്പക്കുറുപ്പ് എന്ന ചാപ്പനും കുറേ പരിവാരങ്ങളുമായിട്ടായിരുന്നു ഒതേനന്റെ വരവ്. ഒതേനന്റെ നെറ്റിത്തടം ലക്ഷ്യമാക്കിയുള്ള മായൻ പക്കിയുടെ വെടി ഉന്നംതെറ്റാതെ പതിക്കുകയായിരുന്നു.
വെടിയേറ്റ ഒതേനൻ മാണിക്കോത്ത് വീട്ടിൽ വന്നിട്ട് അബോധത്തിലേക്ക് നീങ്ങുന്നതിനിടയിൽ എല്ലാവരും ചെയ്യേണ്ട കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. ഈ നേരത്ത് ചാപ്പൻ ചോദിക്കുന്നത് ‘‘എല്ലാ രെക്കുറിച്ചും പറഞ്ഞു‐ എന്നെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ’’ എന്നാണ്. ഒതേനൻ മറുപടി പറയുന്നത് ഇങ്ങനെയായിരുന്നു. ‘‘ചാപ്പനോടല്ലേ പറയുന്നത്, കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ…, കെട്ടിയ കെട്ടങ്ങഴിച്ചോ ചാപ്പാ. നിനക്ക് തരാനേതുമില്ല ചാപ്പാ…’
കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ എന്ന അവസാനവാക്കിൽ ദുരൂഹത അവശേഷിപ്പിക്കുന്നു. ഒതേനന്റെ അങ്കങ്ങളിൽ തന്ത്രങ്ങൾ മെനയുന്നവനും ആയുധങ്ങളുടെ സൂക്ഷിപ്പുകാരനുമായിരുന്നു കണ്ടാച്ചേരി ചാപ്പൻ; അങ്ങനെയുള്ള ആളുടെ സാന്നിധ്യത്തിൽ മടിയായുധം എങ്ങനെ അങ്കത്തട്ടിൽ നഷ്ടമായെന്നത് ദുരൂഹമായി തന്നെ തുടരുന്നു.
ഉദയനക്കുറുപ്പ് എന്ന പേരാണ് ഒടുവിൽ ഒതേനക്കുറുപ്പ് എന്നായി മാറിയത് എന്നു പറയപ്പെടുന്നു. ഒതേനക്കുറുപ്പിന്റെ കളരി അഭ്യാസമുറയിലെ വീരസ്യം മലബാറുകാർക്ക് ആകെയും ആവേശം നൽകുന്നതാണ്. മുപ്പത്തിരണ്ട് വയസ്സിനകം അറുപത്തിനാല് കളരിയും ജയിച്ചുവാണ ഒതേനനെ വീരാരാധനയോടെ ഓർക്കാനാണ് ഒതേനൻ തെയ്യം കെട്ടിയാടിക്കൊണ്ടിരുന്നത്. നൂറ്റമ്പത് കൊല്ലത്തിലേറെയായി പുതുപ്പണം മേപ്പയിൽ തറവാട്ടിൽ ഒതേനൻ തെയ്യം അവതരിപ്പിക്കുന്നുവെന്നു പറയപ്പെടുന്നു. തെയ്യം കെട്ടുകാരനായ ചാത്തുകുട്ടി പെരുവണ്ണാന്റെ മകളുടെ ഭർത്താവായ കൃഷ്‌ണൻ പെരുവണ്ണാൻ ഏറെക്കാലം ഒതേനൻ തെയ്യം കെട്ടിയാടിയിരുന്നു. അദ്ദേഹം ഉറുമിയും പരിചയും ഒക്കെ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് തെയ്യം കെട്ടിയത്. ഒതേനന്റെ കളരിപ്പയറ്റും ഏഴരക്കണ്ടത്തിലെ പയറ്റുമെല്ലാം തെയ്യത്തിന്റെ ഭാഗമായ തോറ്റംപാട്ടിൽ ഉൾപ്പെടുന്നു. ♦