Sunday, May 19, 2024

ad

Homeപുസ്തകംഇന്ത്യൻ റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക

ഇന്ത്യൻ റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക

എൻ ഗണപതി കൃഷ്‌ണൻ

ന്ത്യൻ റിപ്പബ്ലിക്കിനു മുറിവേറ്റിരിക്കുന്നു. ചിറകറ്റ പക്ഷിയെപ്പോലെ ഇന്ത്യ കിതച്ചുകൊണ്ടിരിക്കുന്നു. പരകാല പ്രഭാകറിന്റെ പുതിയ പുസ്തകമായ `The Crooked Timber of New India’ സമകാലിക ഇന്ത്യയുടെ ദുരവസ്ഥ സമർഥമായി അവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നയങ്ങളെ നിശിതമായി വിമർശിക്കുന്നുണ്ട്. ഇത്രയും തീഷ്ണമായി ഹിന്ദുത്വ രാഷ്ട്രീയത്തേയും അതുമായി ചേർന്നുനിൽക്കുന്ന യൂണിയൻ സർക്കാരിന്റെ നയങ്ങളേയും വിമർശനാത്മകമായി വിലയിരുത്തുന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ധൈര്യം കാണിച്ച രൺവീർ സിംഗിന്റെ Speaking Tiger എന്ന സ്ഥാപനത്തെ അഭിനന്ദിക്കണം.

മോദി സർക്കാരിൽ പ്രമുഖ പങ്കുവഹിക്കുന്ന ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ ഭർത്താവാണ് പ്രഭാകർ. ജെ.എൻ.യുവിലും ലണ്ടൻ സ്ക്കൂൾ ഓഫ് എക്കണോമിക്സിലും പഠിച്ച പ്രഭാകർ ഒരു സാമ്പത്തിക വിദഗ്ദൻ എന്നതിലുപരി രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലും കൃത്യമായ അഭിപ്രായം രേഖപ്പെടുത്താറുള്ള വ്യക്തിയുമാണ്‌. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Midweek Matters എന്ന യുറ്റ്യൂബ് ചാനലിൽ അവതരിപ്പിച്ച വിഷയങ്ങളാണ് ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒൻപതു വർഷമായി. 2014 – 2022 കാലത്തിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ വാഗ്ദാനങ്ങളുമായി താരതമ്യം ചെയ്തു വിലയിരുത്തുമ്പോൾ ഇന്ത്യ ഇന്ന് ഒരു വലിയ പ്രതിസന്ധിയിലായതായി കാണപ്പെടുന്നു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിലുള്ള വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി, വർധിക്കുന്ന പട്ടിണിയും തൊഴിലില്ലായ്മയും, അസമത്വത്തിലെ വർധനവ്, അന്വേഷണ ഏജൻസികളുടെ പക്ഷപാതിത്വം, തുടർച്ചയായുള്ള ഇന്റർനെറ്റ് അടച്ചുപൂട്ടൽ, ജനാധിപത്യ സ്ഥാപനങ്ങളിന്മേലുള്ള കൈയേറ്റം, മുസ്ലിങ്ങൾക്കെതിരെയുള്ള യൂണിയൻ സർക്കാരിന്റെ സമീപനം എന്നീ വിഷയങ്ങളിലൂന്നിയുള്ള വിമർശനമാണ് പുസ്തകത്തിലുള്ളത്. ഈ വിഷയങ്ങൾ വസ്തുതാപരമായി തെളിവു സഹിതം പരിശോധിക്കപ്പെട്ടിട്ടുണ്ട്‌. ഇന്ത്യ ഇന്നൊരു പ്രതിസന്ധിയിലാണ്. നമ്മുടെ ജനാധിപത്യംപോലും അപകടത്തിലാണ്. വിമർശിക്കുന്നവരെ പേടിപ്പിച്ചും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തും രാജ്യദ്രോഹ കുറ്റം ചുമത്തിയും നിർവീര്യമാക്കുന്ന സർക്കാരിന്റെ നടപടികൾ ഇന്ത്യൻ സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഭയം ഒരു യാഥാർഥ്യമായി മാറിയിട്ടുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് ഈ പുസ്തകം വരുന്നത്‌. ബിജെപി‐ആർഎസ്‌എസ്‌ ബന്ധത്തെപ്പറ്റിയുള്ള ഒരു അധ്യായത്തിലെ വാചകമിങ്ങനെ,- ഒരു ദിവസം രാജ്യത്തിന്റെ ഹിന്ദു ദേശീയതയുടെ ഒരു അനുയായി എന്നെ വിളിച്ചു പറഞ്ഞു. പ്രഭാകർ…. കേന്ദ്രസർക്കാരിന്റെ നയങ്ങളുടെ വിമർശനം നല്ല രീതിയിൽ വാദിച്ചിട്ടുണ്ട്. ഒന്നുകിൽ അവർ ഇതു കേൾക്കണം. അല്ലെങ്കിൽ നിങ്ങളെ ജയിലിലാക്കണം. . ഇതാണ് നിലവിലെ സാഹചര്യം. ഒര പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യം നിലനിൽക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയേക്കാൾ ഭീതിജനകമായി മാറുന്നുണ്ടോയെന്നു സംശയിക്കാം.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിൻബലം അതിന്റെ അപകടം വർധിപ്പിക്കുന്നു. മോദിയും ഹിന്ദുത്വവും ഇന്ത്യയുമെല്ലാം ഒന്നാകുമ്പോൾ അതു വംശീയാധിപത്യത്തിലേക്കും ക്രമേണ ഏകാധിപത്യത്തിലേക്കും നീങ്ങും. 2019ലെ തിരഞ്ഞെടുപ്പിൽ വെറും 37 ശതമാനം ജനങ്ങളുടെ വോട്ടുകൊണ്ട്‌ അധികാരത്തിൽ വന്ന മോദിയുടെ ആധിപത്യ പ്രവണതയുടെ കാരണം ഹിന്ദുത്വ വർഗീയ പ്രചരണമാണ്. അതിനോട് സമരസപ്പെടാൻ ഒരു വിഭാഗം മധ്യവർഗം തയ്യാറാകുന്നുണ്ട്‌. ജനകീയ പ്രശ്നങ്ങൾ മറച്ചുവയ്ക്കപ്പെടുന്നു. അതുകൊണ്ട് മോദി സർക്കാരിനെ പരാജയപ്പെടുത്തിയതുകൊണ്ടുമാത്രം പ്രശ്നം തീരില്ല. ഇന്ത്യയെന്ന റിപ്പബ്ലിക്കിനേറ്റ മുറിവുകൾ ഉണക്കുകയും പുതിയൊരിന്ത്യ കെട്ടിപ്പെടുക്കുകയും വേണം. വളഞ്ഞുപോയ ഇന്ത്യൻ ശരീരത്തെ നേരെയാക്കുന്നതിനേക്കാൾ പുതിയൊരിന്ത്യയെ സൃഷ്ടിക്കണം.-അതാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാന ആശയം. ബി.ജെ.പിയുടെ ഹിന്ദുത്വ ആശയം പൊതുമണ്ഡലത്തിൽ ഉയർന്നുവന്നിരിക്കുന്നു. അതിനെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്യുന്നില്ല എന്ന പരാതി പ്രഭാകർ ഉന്നയിക്കുന്നുണ്ട്‌. അതു പൂർണമായും ശരിയല്ല. ഇടതുപക്ഷം ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നുണ്ട്‌. ഇടതുപക്ഷം മാത്രമേ ഹിന്ദുത്വ അജൻഡയെ ശക്തമായി എതിർക്കുന്നുള്ളൂ. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾ വിവിധ വിഷയങ്ങളായി 22 അധ്യായങ്ങളായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്‌. അതൊന്നും പുതിയതല്ല. പൊതുസമൂഹം ചർച്ചചെയ്ത കാര്യങ്ങൾ തന്നെ. ഇടതുപക്ഷ കക്ഷികൾ ഈ പ്രശ്നങ്ങൾ നിരന്തരമായി ഉന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ മൃദുഹിന്ദുത്വ നിലപാടിലേക്കു പോകുന്നതുകൊണ്ടാണ് ബിജെപിയുടെ ഹിന്ദുത്വ നിലപാടുകൾക്കു പൊതുവേ സ്വീകാര്യത ലഭിക്കുന്നത്‌. ഒരു രാജ്യത്തിന്റെ യഥാർഥ സ്ഥിതി അറിയണമെങ്കിൽ വസ്തുതകളുടെ പിൻബലം വേണം; വിവരശേഖരണം കൃത്യമാവണം. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ നടത്തുന്ന കള്ളക്കളികൾ പ്രഭാകർ ശ്രദ്ധയിൽപെടുത്തുന്നു. രാജ്യം വലിയ വികസന കുതിപ്പിലാണെന്നു കാണിക്കുവാൻ യഥാർഥ പ്രശ്നങ്ങളെ മറച്ചുവയ്ക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വിവരങ്ങളെപ്പറ്റിയുള്ള ഡാറ്റയുടെ വിശ്വാസ്യതയെക്കുറിച്ച്‌ ഇന്ത്യക്കു പുറത്തുള്ള 108 സാമ്പത്തികവിദഗ്‌ധർ ഇന്ത്യാ സർക്കാരിനു കത്തെഴുതിയിരുന്നു. നമ്മുടെ മാധ്യമങ്ങൾ ഇതുവരെയും ഈ കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്റർനെറ്റ് അടച്ചുപൂട്ടലും വെബ് പേജ് നീക്കം ചെയ്യലുമെല്ലാം മാധ്യമങ്ങൾക്കുമേലുള്ള ഈ സർക്കാരിന്റെ ഇടപെടലുകളാണ്. കാശ്മീർ മുതൽ മണിപ്പൂർ വരെ അതു തുടരുന്നു. ഇന്നത്തെ വികസനക്രമം അസമത്വം നിറഞ്ഞ താണ്. സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ നിലവിൽ വന്ന നവലിബറൽ നയങ്ങൾ അസമത്വം വർധിപ്പിക്കുന്നു.

കോവിഡ് മഹാമാരിക്കുശേഷം ഓരോ 26 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരൻ ഉണ്ടാവുന്നു. പണക്കാരുടെ സ്വത്ത് വർധിക്കുകയും പാവങ്ങളുടെ വരുമാനം ഇടിയുകയും ചെയ്യുന്നു. തോമസ് പിക്കറ്റിയുടേയും ഓക്സ് ഫാമിന്റേയും റിപ്പോർട്ടുകൾ നമ്മൾ നേരത്തെ ചർച്ചചെയ്തിട്ടുള്ളതാണ്. ഇക്കാര്യം പുസ്തകത്തിൽ ആവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഭരണം നടത്തുന്നത്‌ കോർപ്പറേറ്റ് മുതലാളിത്തമാണെന്നുള്ളത് പരകാല പ്രഭാകർ പുസ്തകത്തിൽ പറയുന്നില്ല. നവലിബറൽ നയങ്ങൾ ആദ്യമായി നടപ്പിലാക്കിയത്‌. കോൺഗ്രസ്സ് സർക്കാർ ആണെന്നുള്ളതും സൂചിപ്പിക്കുന്നില്ല. അതേസമയം ഹിന്ദുത്വത്തിനെതിരെ പ്രത്യയശാസ്ത്ര പോരാട്ടം വേണമെന്നും പറയുന്നുണ്ട്‌. മൂലധനാധിഷ്ഠിത നവലിബറൽ നയങ്ങൾക്കെതിരെയും പോരാട്ടം നടത്തണമെന്നുംകൂടി പറയാതിരുന്നത്‌ പുസ്തകത്തെ അപൂർണമാക്കുന്നുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 17 =

Most Popular