Saturday, November 23, 2024

ad

Homeചിത്രകലകാട്ടൂർ നാരായണപിള്ളയുടെ ചിത്രകലാദർശനം

കാട്ടൂർ നാരായണപിള്ളയുടെ ചിത്രകലാദർശനം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രൊഫ. കാട്ടൂർ നാരായണപിള്ള കഴിഞ്ഞ അമ്പത്‌ വർഷങ്ങളായി വരച്ച ചിത്രങ്ങളിൽനിന്ന്‌ തിരഞ്ഞെടുത്ത നൂറ്റിയമ്പതോളം ചിത്രങ്ങളുടെ പ്രദർശനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. താൻ പഠിക്കുകയും വളരുകയും ജീവിക്കുകയും ചെയ്‌ത തന്റെ മണ്ണിലൂന്നിനിന്നുകൊണ്ട്‌ ‘കേരളീയത’യെ തൊട്ടറിഞ്ഞുകൊണ്ട്‌ നമ്മുടെ നാടിന്റെ സാമൂഹ്യ‐രാഷ്‌ട്രീയ‐സാംസ്‌കാരിക പശ്ചാത്തലത്തിന്റെ പരിച്ഛേദം കൂടിയാവുകയാണ്‌ ഈ ചിത്രപ്രദർശനം. കാലഭേദം കൂടാതെ അടയാളപ്പെടുത്തുന്ന മനുഷ്യരൂപങ്ങളും മറ്റും ചിത്രതലത്തിൽ പ്രകൃതിയുടെയും സമൂഹത്തിന്റെയും പ്രതീകാത്മക രൂപങ്ങളാകുന്നു. നാം കാണുന്ന ദൃശ്യനിലപാടുകൾ നിരാകരിക്കുകയും സ്വന്തമായ ഒരു ആവിഷ്‌കാര സംസ്‌കാരം സ്‌ഫുടം ചെയ്‌തെടുക്കുകയുമാണ്‌ ഈ പ്രദർശനത്തിലെ ചിത്രങ്ങൾ.

വ്യത്യസ്‌തതകൊണ്ടും ദാർശനികമാനങ്ങൾകൊണ്ടും വേറിട്ടുനിൽക്കുന്നവയാണ്‌ കാട്ടൂർ ചിത്രങ്ങൾ. ദീർഘകാലം കലാധ്യാപകനായും പെയിന്റിംഗ്‌ വിഭാഗം മേധാവിയായും തുടർന്ന്‌ പ്രിൻസിപ്പലായും സേവനമനുഷ്‌ഠിച്ച അദ്ദേഹം കലാപഠനത്തിന്റെ സൗന്ദര്യശാസ്‌ത്രം ആഴത്തിൽ വിദ്യാർഥികളിലേക്ക്‌ സന്നിവേശിപ്പിച്ച കലാകാരനാണ്‌. മാറ്റമാഗ്രഹിക്കുന്ന പുതുതലമുറയുടെ കലാദർശനത്തെയും അഭിരുചികളെയും ഉൾക്കൊണ്ട ഈ ചിത്രകാരന്റെ ചിത്രഭാഷയിലും അത്‌ ദർശിക്കാവുന്നതാണ്‌.

പ്രകൃതിക്കെതിരെയുള്ള ചൂഷണങ്ങളെയാണ്‌ കൂടുതൽ ചിത്രങ്ങളിലും കാട്ടൂർ നാരായണപിള്ള വിഷയമാക്കിയിട്ടുള്ളത്‌. കുടിവെള്ളത്തിനായി പൊരുതുന്ന സമൂഹത്തിന്റെ രോദനങ്ങൾ, കർഷകരുടെ കണ്ണീർ, സ്‌ത്രീകളുടെ തേങ്ങലുകൾ, കലാപങ്ങളുടെ ഇടിമുഴക്കങ്ങൾ, പ്രകൃതിയുടെ തോരാത്ത കണ്ണീർ, അഭയാർഥികൾ അങ്ങനെ നമ്മുടെ ചുറ്റും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പച്ചമനുഷ്യരുടെ ജീവിതമുഹൂർത്തങ്ങളാകെ ഈ ക്യാൻവാസുകളിൽ ദർശിക്കാവുന്നതാണ്‌. ചരിത്രത്തോടൊപ്പം നടക്കുന്ന നിസ്വരുടെ മുഖരൂപങ്ങളിൽ അനേകം മുഖങ്ങളാണ്‌/ഭാവങ്ങളാണ്‌ നാം കാണുന്നത്‌. പ്രത്യാശയുടെ വെളിച്ചം പശ്ചാത്തലനിറങ്ങൾക്കൊപ്പം ലയിച്ചുചേർന്നതുമൊക്കെ സവിശേഷതയാർന്നതാകുന്നു. മുഖരൂപങ്ങളും പ്രകൃതിവസ്‌തുക്കളും ചലനാത്മകമായി ഒന്നിലധികം രൂപങ്ങളായി മാറുകയാണ്‌.

കാട്ടൂർ ചിത്രങ്ങളിൽ കാണുന്ന മറ്റൊരു പ്രത്യേകത ഇരുണ്ട വർണങ്ങളോടുള്ള ഇഴയടുപ്പമാണ്‌. ഇരുട്ടിനുള്ള പ്രാധാന്യംപോലെ വെളിച്ചത്തിന്റെ സാധ്യതകളെയും ചിത്രകാരൻ ചേർത്തുപിടിച്ചിരിക്കുന്നു. നിരവധിയായ നിറങ്ങളുടെ ഷേയ്‌ഡുകൾ ഒരു ചിത്രത്തിൽ പ്രയോഗിക്കുന്നതിലൂടെ വെളിച്ചത്തിന്റെ ഒരാവരണമായി ചിത്രതലത്തിൽ ആസ്വാദകന്‌ ദർശിക്കാനാവുന്നു‐ ഒപ്പം വർണവ്യതിയാനവും അനുഭവിക്കാനാവുന്നു.

മറ്റൊന്ന്‌ കാട്ടൂരിന്റെ ഭൂഭാഗദൃശ്യങ്ങളാണ്‌. ജന്മനാടിന്റെ (മാവേലിക്കര) ഗ്രാമദൃശ്യങ്ങളിൽ തുടങ്ങി മറ്റ്‌ കേരളീയ ഗ്രാമ‐നഗരങ്ങളും നദികളും അരുവികളും ആകാശവും മരിച്ചുകൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളുമൊക്കെ ഇദ്ദേഹത്തിന്റൈ ഭൂഭാഗചിത്രങ്ങളിൽ കാണാം. പരസ്‌പരം അകലുന്ന മനുഷ്യരെ പോലെ പ്രകൃതിയെ പുറത്താക്കി വാതിലടയ്‌ക്കുകയും ചെയ്യുന്ന മനുഷ്യന്റെ വികല സംസ്‌കാരത്തിനെതിരെ പാരസ്‌പര്യത്തിന്റെയും സ്‌നേഹത്തിന്റെയും നന്മയുടെയും വർണസംഗീതം കൂടിയാകുന്നു ഈ പ്രകൃതിദൃശ്യ ചിത്രങ്ങൾ. കേരളത്തിന്റെ തനത്‌ ചിത്രകലാ പാരന്പര്യത്തിന്റെ ശക്തി ആവാഹിച്ച്‌ മുന്നിൽ കാണുന്ന പ്രകൃതിയെ അതേപടി പകർത്താതെ രൂപങ്ങളുടെയും വർണങ്ങളുടെയും ഗതിമാറ്റംകൊണ്ട്‌ പ്രകൃതിയുടെ അർഥപാരന്പര്യങ്ങൾക്ക്‌ പുതുമ നൽകുകയാണിവിടെ‐ പ്രകൃതിയുടെ കണ്ണാടിയിലൂടെ.

ആത്മവിശ്വാസത്തിന്റെ കൂടി തിളക്കത്തോടെ വിപുലമായൊരു ആശയപ്രപഞ്ചം കാട്ടൂർ നാരായണപിള്ളയുടെ പുതിയ ചിത്രങ്ങൾ സമ്മാനിക്കുന്നു. വർത്തമാനകാല വൈവിധ്യങ്ങളെയും വ്യത്യസ്‌തകളെയും സമൂഹത്തിലേക്ക്‌ തുറക്കുന്ന വാതായനങ്ങളാക്കി മാറ്റുന്ന ചിത്രങ്ങളാണവ. ബഹുസ്വരവും ജനായത്തപരവും നൈതികവും മാനവികവുമായ കേരളീയ ദൃശ്യസംസ്‌കാരത്തെ വികസ്വരമാക്കുകയും കലയിലൂടെ സാംസ്‌കാരിക വിനിമയമുണ്ടാകണമെന്നുമാണ്‌ ഇന്ന്‌ കാലഘട്ടം ആവശ്യപ്പെടുന്നത്‌. കാട്ടൂർ നാരായണപിള്ളയുടെ ചിത്രപരന്പരകളും കലാദർശനവും മാനവികതയുടേതടക്കമുള്ള ഉയർന്ന ചിന്തകളാണ്‌ പങ്കുവയ്‌ക്കുന്നത്‌ . വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സാർവലൗകികതയുടെ ദൃശ്യ പ്രത്യയശാസ്‌ത്ര സമഗ്രതയോടെയാണ്‌ തന്റെ ചിത്രങ്ങളോട്‌ കാട്ടൂർ സമീപിച്ചിട്ടുള്ളത്‌. അദ്ദേഹത്തിന്റെ കലാസങ്കൽപം മൗലികമാണ്‌. തന്മയത്വമുള്ളതാണ്‌‐ പാരന്പര്യത്തെ പരിവർത്തനവിധേയമാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌.

കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കലാക്യാന്പുകളിലും പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുള്ള കാട്ടൂർ നാരായണപിള്ളയ്‌ക്ക്‌ സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − six =

Most Popular