Monday, November 25, 2024

ad

Homeനാടൻകലതനിമ നിലനിർത്തി വട്ടപ്പാട്ട്‌

തനിമ നിലനിർത്തി വട്ടപ്പാട്ട്‌

ഹൈദ്രോസ്‌ പൂവക്കുർശി

വിവാഹം പോലുള്ള ഗാർഹികാഘോഷ വേളകളിൽ മലബാർ മുസ്ലിങ്ങൾക്കിടയിൽ അതിപ്രാചീനകാലം മുതൽക്കുതന്നെ പാട്ടുപാടൽ പ്രചാരത്തിലുണ്ടായിരുന്നു. പുരുഷസംഘങ്ങളും സ്‌ത്രീസംഘങ്ങളും പലതരത്തിലുള്ള സന്ദർഭാനുസൃതമായ ഗാനങ്ങൾ ആലപിക്കും. കൈമുട്ടിപ്പാട്ട്‌ എന്ന പേരിലും പ്രാദേശികമായി മറ്റു പല പേരുകളിലും അറിയപ്പെട്ടിരുന്ന സ്‌ത്രീസംഘങ്ങളുടെ പാട്ടുകളാണ്‌ ക്രമേണ ഒപ്പനയെന്ന ശ്രാവ്യദൃശ്യകലയായിത്തീർന്നത്‌. പുരുഷന്മാരുടെ കല്യാണപ്പാട്ട്‌, മൊഗത്തളപ്പാട്ട്‌, കോളാന്പിപ്പാട്ട്‌ മുതലായ പേരുകളിലും പിന്നീട്‌ വട്ടപ്പാട്ട്‌ എന്ന പേരിലും അറിയപ്പെട്ടു. സംഘം വട്ടത്തിലിരുന്ന്‌ ഗാനാലാപനം നടത്തുന്നതിനാലാവാം വട്ടപ്പാട്ട്‌ എന്ന പേര്‌ വന്നത്‌. കോളാന്പിയിൽ പാളവിശറി കൊണ്ടടിച്ച്‌ താളംപിടിച്ചിരുന്ന കാരണത്താൽ കോളാന്പി പാട്ട്‌ എന്ന നാമത്തിലും ഈ കല അറിയപ്പെട്ടു. പുതുമാരനെ പന്തലിൽ ഇരുത്തി ക്ഷൗരം ചെയ്‌തും മറ്റും മൊഞ്ചുവരുത്തുന്ന ഒരു ചടങ്ങ്‌ പല പ്രദേശങ്ങളിലും ഉണ്ടായിരുന്നു. ‘മൊഗത്തള’ എന്നായിരുന്നു ഇതിന്‌ പറഞ്ഞിരുന്ന പേര്‌. അതുകൊണ്ട്‌ മൊഗത്തളപ്പാട്ട്‌ എന്ന പേരിലും ഈ പാട്ടുസമ്പ്രദായം അറിയപ്പെട്ടു.

മലബാർ മാപ്പിളമാരുടെ ഗൃഹസദസ്സുകളെ പുളകംകൊള്ളിച്ചിരുന്ന ഈ പാരന്പര്യകല ആസ്വാദകരിൽ ആനന്ദവും സന്തോഷവും പകർന്നിരുന്ന ഒരു പരിപാടിയായിരുന്നു. വിവാഹനിശ്ചയ സദസ്സിൽവച്ചുതന്നെ കല്യാണത്തിന്‌ പാട്ടും ബൈത്തും വേണമോ എന്ന്‌ ചർച്ചചെയ്‌ത്‌ തീരുമാനിക്കും. വേണമെന്നാണ്‌ തീരുമാനമെങ്കിൽ പാട്ടുസംഘങ്ങളുടെ ഒഴിവിനനുസരിച്ചായിരിക്കും വിവാഹദിനം നിശ്ചയിക്കുക. ഇരുവീടുകളിലും പുരുഷന്മാരുടെയും സ്‌ത്രീകളുടെയും പാട്ടുസംഘങ്ങൾ വേണമല്ലോ‐ പുരുഷ ഗായകസംഘങ്ങൾ വധുവിന്റെ വീട്ടിലും സ്‌ത്രീസംഘങ്ങൾ വരന്റെ വീട്ടിലും ഒരുമിച്ചുകൂടുമ്പോൾ കല്യാണസദസ്സുകൾ വാശിയേറിയ പാട്ടുമത്സര വേദികളാകുക പതിവായിരുന്നു.

മുന്പുകാലത്തൊക്കെ രാത്രിയിലായിരുന്നു കല്യാണങ്ങൾ. കാരണം പകൽസമയങ്ങളിൽ ഭൂരിഭാഗം ജനങ്ങളും കാർഷികവൃത്തിയിലോ മറ്റു തൊഴിലുകളിലോ ഏർപ്പെടുന്നവരായിരിക്കും. വിവാഹദിവസം വധുവിന്റെ സഹോദരന്മാരോ ബന്ധുക്കളോ അടങ്ങുന്ന ഒരു ചെറിയസംഘം പകൽസമയത്ത്‌ തന്നെ വരന്റെ വീട്ടിലെത്തും. ഈ വരവിന്‌ ‘തേടിവരുക’ എന്നും സംഘത്തെ ‘തേടികൾ’ എന്നും പറയും. പുതുമാരനെയും സംഘത്തെയും കൊണ്ടുപോകുവാൻ വേണ്ടിയാണവർ വരുന്നത്‌. രാത്രിഭക്ഷണത്തിനുശേഷം പുതുമാരനെ പുതിയ വസ്‌ത്രങ്ങളും തിളങ്ങുന്ന മാലയും അണിയിച്ച്‌ പന്തലിൽ ഇരുത്തും. വട്ടപ്പാട്ടുസംഘം പാട്ടുകൾ പാടും. പിന്നീട്‌ പുതുമാരനും സുഹൃത്തുക്കളും കാരണവന്മാരും പാട്ടുകാരും തേടിവന്നവരും പെട്രോമാക്‌സിന്റെയോ മറ്റോ വെളിച്ചത്തിൽ വധൂഗൃഹത്തിലേക്ക്‌ നടന്നുപോകും. പുതുനാരിയെ തേടിപ്പോകുന്നവരായി സ്‌ത്രീകളുടെ ഒരു ചെറുസംഘവും കൂടെയുണ്ടാകും. വഴിനീളെ പാട്ടുകൾ പാടിക്കൊണ്ടായിരിക്കും യാത്ര. പാട്ടിന്റെ താളവട്ടം എല്ലാവരും ഏറ്റുപാടുമായിരുന്നു. വഴിയരികിലുള്ള വീട്ടുകാർ അർധരാത്രിയിൽപോലും ഉണർന്നിരുന്ന്‌ വിവാഹസംഘങ്ങളുടെ യാത്ര കണ്ടും കേട്ടും ആസ്വദിക്കുക പതിവായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി നാൽപതുകളിലും അന്പതുകളിലും സ്ഥിരമായി കേൾക്കാറുണ്ടായിരുന്ന വഴിനീളെ പാട്ടിന്റെ വരികളാണിത്‌.

തനതനനാ തനതനതന്ത തനതന്ത
തനന്തു താനന
തനതനനാ തനതന തന്ത
തനതത്തുനനൈ തനനോ
ശഹൃതിമഹാൻ ശറഫുടെ വീരൻ തെളിവുടെ ശൂരൻ
മലർ പുതുമാരൻ
സുഖകരമായ്‌ ഒളിവുകൾ മിന്നും
പുതുമാരൻ ഇതാ വരുന്നേ
സഹിനം ഇവർക്കൊരുവിധമില്ല ബദർകനിമുല്ല
മലർമതിയല്ല
സിനഹിതരും ഒരുമിത്തതായി
പുതുമാരൻ ഇതാ വരുന്നേ.
മഹിമസനാ ഉടയൊരുമൂക്കും ശറഫുടെ വാക്കും
കൊതികളെതീർക്കും
മധുരചിരി അവസ്ഥകളുടയ
പുതുമാരൻ ഇതാ വരുന്നേ
സഭനുളൈന്ത്‌ പദം ചിന്ത്‌പാട്ട്‌ രസങ്ങളെകേട്ട്‌
ധ്വനികളെ വീട്ടാൻ
സ്വഹബരുമായ്‌ പുരുഷരിൽ അരശ
പുതുമാരൻ ഇതാ വരുന്നേ
അരശനതാ സുഗന്ധങ്ങൾ പൂശി അത്തർമണം വീശി
അതിശക്തിശേഷി
ശുരുതിയുടെ ശിരോമണി രത്‌ന
പുതുമാരൻ ഇതാ വരുന്നേ.

വരനും സംഘവും വധൂഗൃഹത്തിന്റെ പടിവാതിൽക്കൽ എത്തിയാൽ അവിടെ നിൽക്കും. വധുവിന്റെ വീട്ടിൽനിന്ന്‌ ബന്ധുക്കളും പാട്ടുകാരും വന്ന്‌ അറബി ബൈത്തുകൾ ചൊല്ലി സ്വീകരിച്ച്‌ പന്തലിലേക്ക്‌ കൊണ്ടുപോകണം. സ്വീകരിക്കുവാൻ താമസംവന്നാൽ ബൈത്ത്‌ ചൊല്ലി വേഗം എതിരേറ്റുകൊണ്ടുപോകാൻ പാട്ടിലൂടെ പറയും.

അനപേർകളും പടിപ്പുരക്കടുത്ത്‌
സലാമുടെ ബൈത്ത്‌ ക്ഷണംചൊല്ലിമുടിഞ്ഞ്‌
ഉതക്കം ചെയ്‌വീൻ നടന്നിട്ട്‌ വയ്യ
പുതുമാരൻ ഇതാ നിൽക്കുന്നേ

‘വിളക്കും ബൈത്തും’ എന്നാണ്‌ ഈ സ്വീകരണപരിപാടിക്ക്‌ പേര്‌. വധുവിന്റെ ഭാഗത്തുനിന്നുള്ള സംഘം എത്തിയാൽ ഇരു ഗായകസംഘങ്ങളും അറബി ബൈത്തുകൾ മത്സരിച്ച്‌ ആലപിക്കും. തുടർന്ന്‌ വരനെയും സംഘത്തെയും കൊണ്ടുപോയി പന്തലിൽ നിലത്ത്‌ വിരിച്ച പായകളിൽ ഇരുത്തും. കാരണവന്മാർക്ക് ഇരിക്കുവാൻ കട്ടിലുകളുണ്ടാകും. രണ്ട്‌ ഗായകസംഘങ്ങളും അഭിമുഖമായി അർധവൃത്താകൃതിയിൽ ഇരിക്കും. കാരണവന്മാരുടെ സമ്മതത്തോടെ പാട്ട്‌ പാടുവാൻ ആരംഭിക്കും. വരന്റെ കൂടെവന്ന സംഘമാണ്‌ ആദ്യം പാടുവാൻ ആരംഭിക്കുക. അത്‌ അവരുടെ അവകാശമാണ്‌. മംഗളം പാടിക്കൊണ്ടാണ്‌ പാട്ടുകൾ ആരംഭിക്കുക. പിന്നീട്‌ മുനാജാത്ത്‌, വിരുത്തം, കവി, ചാട്ടകവി, കല്യാണം, പദം, സീറ, വെന്പ, തിരുപ്പുകൾ മുതലായ പേരുകളിലുള്ള വിവിധതരം പാട്ടുകൾ രണ്ട്‌ സംഘങ്ങളും കൈമുട്ടി മത്സരിച്ചു പാടും. തമിഴ്‌ പുലവന്മാർ രചിച്ച കൃതികളിൽനിന്നുള്ള പാട്ടുകളാണ്‌ ആദ്യകാലത്ത്‌ ആലപിച്ചിരുന്നത്‌. ഒരുസംഘം ഏത്‌ കൃതിയിൽനിന്നുള്ള പാട്ടാണോ പാടിയത്‌ അതിനെത്തുടർന്നുള്ള വരികൾ മറുസംഘം പാടണമെന്നതായിരുന്നു നിയമം. അതിന്‌ സാധിക്കാതെവന്നാൽ അവർ പരാജയപ്പെട്ടതായി കണക്കാക്കും. വിജയികൾ പരാജയപ്പെട്ടവരെ പരിഹസിച്ചുകൊണ്ടുള്ള പാട്ടുകൾ പാടും. പെട്ടെന്ന്‌ പാട്ട്‌ കെട്ടിപ്പാടുവാൻ കഴിവുള്ള പാട്ടുകാർ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. പരാജയപ്പെട്ടവരുടെ ഊരും പേരും ഉൾപ്പെടുത്തിക്കൊണ്ടുള്ള പാട്ടുകളും പാടുമായിരുന്നു. പാട്ട്‌ മത്സരം പലപ്പോഴും ബഹളത്തിൽ കലാശിക്കുക പതിവായിരുന്നു. ‘മറ്റൊരു പന്തലിൽവെച്ച്‌ കാണാം’ എന്ന പ്രഖ്യാപനത്തോടെ പാട്ട്‌ അവസാനിപ്പിക്കുമായിരുന്നു.

ആദ്യകാലത്ത്‌ തമിഴ്‌ ഗാനങ്ങളാണ്‌ വട്ടപ്പാട്ടുകാർ ആലപിച്ചിരുന്നതെന്ന്‌ സൂചിപ്പിച്ചുവല്ലൊ. പിന്നീട്‌ മാപ്പിളക്കവികൾ തമിഴ്‌ രചയിതാക്കളുടെ മാതൃക സ്വീകരിച്ചുകൊണ്ട്‌ പാട്ടെഴുത്ത്‌ ആരംഭിച്ചു. ക്രമേണ തമിഴ്‌ഗാനങ്ങൾ കുറഞ്ഞുവന്നു. ഒപ്പനച്ചായൽ ഒപ്പനമുറുക്കം ഇശലുകളിലുള്ള പാട്ടുകൾ, അമ്മായിപ്പാട്ട്‌, അപ്പപ്പാട്ട്‌, പന്തൽവർണന മുതലായ പാട്ടുകൾ വട്ടപ്പാട്ടുകാർ പാടുവാൻ തുടങ്ങി. അങ്ങനെ ആദ്യകാല വട്ടപ്പാട്ടിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ രീതി നടപ്പിൽവന്നു. ‘തശ്‌രീഫ്‌ ഒപ്പന’ എന്ന പേരിൽ ഈ കല അറിയപ്പെടുവാൻ തുടങ്ങി. ഈ തശ്‌രീഫ്‌ ഒപ്പനയാണ്‌ പല പരിഷ്‌കരണങ്ങളോടെ ഇടക്കാലത്ത്‌ ആൺ ഒപ്പന എന്ന പേരിൽ രംഗത്തെത്തിയത്‌. കലോത്സവങ്ങളിൽ മത്സരയിനമായി ആൺ ഒപ്പനയെ ഉൾപ്പെടുത്തി. എന്നാൽ ഒരു ഹാസ്യകലയായി രൂപാന്തരപ്പെട്ടതിനാൽ ആൺ ഒപ്പന മത്സരയിനങ്ങളിൽനിന്ന്‌ ഒഴിവാക്കി തൽസ്ഥാനത്ത്‌ വട്ടപ്പാട്ട്‌ ഉൾപ്പെടുത്തുകയായിരുന്നു. തനിമയും പഴമയും വീണ്ടെടുത്തുകൊണ്ടുള്ള ശരിയായ വട്ടപ്പാട്ടാണ്‌ ഇപ്പോൾ മത്സരവേദികളിൽ അവതരിപ്പിക്കപ്പെട്ടു കാണുന്നത്‌.

സ്‌കൂൾ കലോത്സവങ്ങൾ, വിവിധ യൂണിവേഴ്‌സിറ്റി കലോത്സവങ്ങൾ മുതലായവയിൽ വാശിയേറിയ മത്സരം നടക്കുന്ന ഒരു മാപ്പിളകലയാണ്‌ വട്ടപ്പാട്ട്‌. തിളങ്ങുന്ന വസ്‌ത്രങ്ങൾ ധരിച്ച പുതുമാരനെയുംകൊണ്ട്‌ വഴിനീളം പാട്ടുകൾ പാടിയാണ്‌ സംഘം വേദിയിൽ എത്തേണ്ടത്‌. ഇരുന്നുകൊണ്ട്‌ കൈമുട്ടിപ്പാടുന്നതാണ്‌ അഭികാമ്യമെങ്കിലും നിന്നുകൊണ്ടും അവതരിപ്പിക്കാം. മുനാജാത്ത്‌ പാടിക്കൊണ്ടാണ്‌ ആരംഭിക്കേണ്ടത്‌. പിന്നീട്‌ വിരുത്തം പാടണം. തുടർന്ന്‌ കവി, മംഗളം, കല്യാണം, ചായൽ മുറുക്കം മുതലായ പാട്ടുകൾ പാടാം. താളത്തിൽ കൈമുട്ടണം. ചെറിയ കിണ്ണാരവും ഉപയോഗിക്കാം. മുൻപാട്ടും പിൻപാട്ടും വേണം. പിന്നണി അനുയോജ്യമല്ല. സംഘത്തിൽപെട്ട ഒരാൾ പാടിക്കൊടുക്കുകയും മറ്റുള്ളവർ ഏറ്റുപാടുകയും വേണം. ലളിതസുന്ദരമായ ഭാവം വേണം.

സംഘമായി ആലാപനം നടത്തുന്ന ഒരു കലയായതിനാൽ സ്വരഭംഗിയും സ്വരപൊരുത്തവും താളബോധവും ഒത്തിണങ്ങിയവരാകണം വട്ടപ്പാട്ട്‌ സംഘാംഗങ്ങൾ. പാടുന്ന പാട്ടുകളുടെ തനിമയും ആലാപന മികവും പരമപ്രധാനമാണ്‌. അവതരണം കഴിഞ്ഞ്‌ പോകുമ്പോഴും വഴിനീളെ തന്നെ ആലപിക്കണം.

വട്ടപ്പാട്ടിൽ ആലപിക്കുന്ന പാട്ടുകളുടെ ഏതാനും മാതൃകകൾ താഴെ ചേർക്കുന്നു.

മുനാജാത്ത്‌
പുതുമാരനും സോദരും വന്ന്‌
പുതുപന്തലകം കടന്ന്‌
പുതുവാകി കെട്ടി ചമയ്‌ന്തെ
പുതുവാകി പാട്ട്‌ തുടർന്തെ
ഉടവൻറുതവികൊണ്ട്‌
ഇവിടെ ഞാൻ സഭയിൽ നിന്ന്‌
ഉദിഇന്തെ സഭക്കാർക്കെല്ലാം
പൊലിവിനാൽ സലാം ചൊല്ലുന്നെ

വിരുത്തം
മട്ടുതിട്ടമില്ലാതളവിൽ കൃപചെയ്യും
മഹാരാജനള്ളാഹു
മഖ്‌ലൂഖുകളിൽ ഇരണവും ജനനമരണവും
നിങ്കൽ മാത്രമെ അള്ളാഹു
കഷ്ടനഷ്ടക്ഷേമസുഖങ്ങളും സ്രഷ്‌ടാവായ
നീ അറിയും അള്ളാഹു
കല്ലിലും മുള്ളിലും കടലിലും കരയിലും
നീമാത്രമാണള്ളാഹു

കവി
ആദിറബ്ബു റഹ്‌മാനവന്റെ തിരു‐
നൂറതെന്ന നബിമുഹമ്മദരാം
ഹാക്കിമാണവന്റെ ദീനിലുണ്ട്‌ മഹ‐
ബൂബ്‌ഹോജ അബൂബക്കറാം
ആദമുക്ക്‌ അദദിട്ട്‌ ചൂളിവിറ‐
ച്ചിട്ട്‌ പേടി ഉമർ തങ്ങളാം
കാതലാന നബിശിത്തവേദം അരി‐
കോർവചെയ്‌തു ഉസ്‌മാനരാം

മംഗളം
മാമണവാളന്നും പ്രിയ പൂമണവാട്ടിക്കും ഞങ്ങൾ
പൂമണക്കും പുളകിത മംഗളം പാടും
മാലയിട്ട മണിമാരൻ മാനിത പൂമണവാട്ടി
മാനിതർ ഇരുപേരിലും മംഗളം പാടും
വീരിതരാം ഖാളി ഉലമോരിലും മൗലവിമുല്ല
മാരിലും ആദരപൂർവം മംഗളം പാടും
കാരണപ്രധാനിമാരും സൽകുടുംബക്കാരിലാകെ
വാരിക്കോരി ആദരിച്ച്‌ മംഗളം പാടും

കല്യാണം
കല്യാണ പന്തലിൽ കൈകൊട്ടിപ്പാടുന്നെ
കല്യാണവീട്ടുകാർ കേട്ട്‌ രസിക്കുന്നെ‐കല്യാണ…
ആദം അബുൽ ബശറാകിയമുത്ത്‌
ആദം നബിക്ക്‌ ഹവ്വായെപടൈത്ത്‌
മേതര സൗജത്തായുടെ ബിൻത്‌
മേലവൻമേൽമ കൊടുത്ത നബിതൃ‐
ക്കല്ലിയാണം
(കല്യാണപന്തലിൽ..)

മാമലരാ ബഹുമാനിതപേരാ
മാമണിയാനബിതങ്ങൾ ഇബ്‌റാ‐
ഹീമവരിൽ ഇണയായ്‌ കുളൽസാറാ
ഇറയവൻ പൊരുതിയിൽ അരുളിയനബിതൃ‐
ക്കല്ലിയാണം
(കല്യാണപന്തലിൽ)
തഞ്ചമിലങ്കുവിളങ്കും വിളക്കാ
താമരപൂനബിയൂസുഫവർക്കാ
പഞ്ചവർണ്ണക്കിളിയായ സുലൈഖാ
പത്തിനിയെ വിവാഹത്തെ നടത്തിയ
കല്ലിയാണം
(കല്യാണപന്തലിൽ)
പുണ്ണിയരയ്യൂബ്‌ നബി മഹിമാ
പൂരണമായ്‌ വിലസും പൊരുൾ റഹീമാ
എന്നവരിൽ ഇണചേർത്തിടൈ സുഖമാ
ഏക ഇലാഹവൻ ഏകിയ നബിതൃ‐
ക്കല്ലിയാണം…
(കല്യാണപന്തലിൽ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + sixteen =

Most Popular