കേരള സ്റ്റോറി എന്ന പേരില്‍, അസത്യങ്ങളും വിദ്വേഷവെറികളും കുത്തിനിറച്ച ഒരു ചലച്ചിത്രാഭാസം ഇന്ത്യയിലെമ്പാടും പ്രദര്‍ശിപ്പിച്ച ഫാസിസ്റ്റഭ്യാസത്തെക്കുറിച്ച് ചിന്തയില്‍ തന്നെ മുമ്പെഴുതിയിരുന്നു. കേരളം എന്താണെന്ന് തുറന്നുപറയുകയും തുറന്നുകാണിക്കുകയും ചെയ്യുന്ന സത്യസന്ധതയുടെ കൂടുതല്‍ ആഖ്യാനങ്ങള്‍ സമാധാനവാദികളും ജനാധിപത്യവിശ്വാസികളുമായവര്‍ നടത്തുകയാണ് വാസ്തവത്തില്‍ ഈ വിഷക്കോപ്പയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്. ഇതിനുള്ള ഒരു കൊച്ചു പരിശ്രമമാണ് സനു കുമ്മിള്‍ തന്റെ ‘ദ അണ്‍നോണ്‍ കേരള സ്‌റ്റോറീസ്’ (അറിയപ്പെടാത്ത കേരളക്കഥകള്‍) എന്ന അതിമനോഹരമായ ഡോക്കുമെന്ററിയിലൂടെ നിര്‍വഹിക്കുന്നത്.
നാലു പതിറ്റാണ്ടു മുമ്പ്, കൊല്ലം ജില്ലയിലെ കൈപ്പറ്റ എന്ന ഗ്രാമത്തില്‍ ദളിത് സമുദായത്തിലുള്ള ഒരു ബാലന്‍ മരണപ്പെട്ടു. മൃതശരീരം സംസ്‌ക്കരിക്കാന്‍ സ്ഥലമൊന്നുമുണ്ടായിരുന്നില്ല. അവരുടെ കൊച്ചു കുടിലിനകത്തു തന്നെ കുഴിച്ചിടാന്‍ അവര്‍ തീരുമാനിച്ചു. ഈ വിവരമറിഞ്ഞ അയല്‍ക്കാരനായ ജലാലുദ്ദീന്‍ അവരെ വിളിച്ച് തന്റെ പുരയിടത്തില്‍ ആ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം അടക്കാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് പത്തൊമ്പത് മൃതശരീരങ്ങളാണ് ജലാലുദ്ദീന്‍ തന്റെ പുരയിടത്തില്‍ സംസ്‌ക്കരിച്ചത്. ഇവരില്‍ പല മതവിശ്വാസികളും ജാതികളില്‍ പെട്ടവരുമുണ്ടായിരുന്നു. അഥവാ അവര്‍ മനുഷ്യരാണെന്ന വസ്തുത മാത്രമാണ് ജലാലുദ്ദീന്‍ കണക്കിലെടുത്തത്. ഈ കണക്കിന്റെ പേരാണ് കേരളം എന്നാണ് സനു കുമ്മിള്‍ വ്യക്തമായി തെളിച്ചു പറയുന്നത്.
ഇത്തരത്തിലുള്ള ആറു കഥകളാണ് ദ അണ്‍നോണ്‍ കേരള സ്‌റ്റോറീസ് എന്ന മുപ്പത്തഞ്ച് മിനുറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ സംവിധായകന്‍ വിശദീകരിക്കുന്നത്. ഈ വിശദീകരണം കേരളത്തെക്കുറിച്ചു തന്നെയുള്ള വിശദീകരണമാണ്. അതുകൊണ്ടാണ് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍ ഈ സിനിമ ഏറ്റെടുത്തത്. നിരവധി പ്രദര്‍ശനങ്ങളാണ് ദ അണ്‍നോണ്‍ കേരള സ്‌റ്റോറീസിന്റെതായി പലയിടങ്ങളില്‍ നടന്നത്.
കേരളത്തിനെതിരായ ദുഷ്പ്രചാരണമാണ് തന്നെ ഈ സിനിമ എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സനു കുമ്മിള്‍ ദ ഹിന്ദുവിന് കൊടുത്ത അഭിമുഖത്തില്‍ കൃത്യമായി പറയുന്നുണ്ട്. തനിക്ക് നേരിട്ട് അറിയാവുന്ന നിരവധി സംഭവങ്ങളില്‍നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സത്യത്തില്‍ ആറല്ല നൂറ് സംഭവങ്ങള്‍ തന്നെ സമാനമായ തരത്തില്‍ നമുക്ക് കേരളത്തില്‍ നിന്ന് കണ്ടെടുക്കാനാവും.
തിരുവനന്തപുരത്തെ ഇലവുപാലത്ത് ഒരു മുസ്ലിം പള്ളിയ്ക്കും അമ്പലത്തിനും കൂടി ഒറ്റ കവാടമാണുള്ളത്. ഇതിന്റെ ഒരു പകുതിയില്‍ പള്ളിയുടെ പേരും മറ്റേ പകുതിയില്‍ ക്ഷേത്രത്തിന്റെ പേരും എഴുതിവെച്ചിരിക്കുന്നു. ദാറുല്‍ ഇസ്ലാം ജമാ അത്ത് എന്നും കല്ലുമല തമ്പുരാന്‍ ദേവി ക്ഷേത്രം എന്നുമാണ് അവിടെ ഒരേ കവാടത്തിന്റെ മുകളിലുള്ള ആര്‍ച്ചില്‍ എഴുതിയിരിക്കുന്നത്. ഈ രണ്ടു പേരിനും മധ്യത്തിലുള്ള ഇത്തിരി സ്ഥലത്ത് ആ പ്രദേശത്തെ ഏക കൃസ്ത്യന്‍ കുടുംബത്തിന് പ്രാതിനിധ്യം കൊടുക്കാനായി ഒരു കുരിശും വരച്ചു വെച്ചിട്ടുണ്ട്.
എറണാകുളത്തെ ശ്രീമൂലനഗരത്തു നിന്ന്, ഹിറാ ജൂമാ മസ്ജിദ് അടിച്ചു തുടച്ചു കഴുകി വൃത്തിയാക്കുന്ന എഴുപത്തിയാറുകാരിയായ ഭാരതിയമ്മയുടെ കഥയാണ് സനു ചിത്രീകരിക്കുന്നത്. ഭാരതിപ്പള്ളി എന്നാണ് ഈ പള്ളിയെ തദ്ദേശീയര്‍ വിളിക്കുന്നത്. രണ്ടു പതിറ്റാണ്ടായി ഭാരതിയമ്മ ഈ പള്ളി വൃത്തിയാക്കുന്നുണ്ട്. ദൈവവിശ്വാസമുള്ള ഈ അമ്മ, ജാതിയിലും മതത്തിലുമെന്താണ് ഇരിക്കുന്നത് എന്ന മഹത്തായ ചോദ്യവും ചോദിക്കുന്നു.
മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ നിന്നാണ് മറ്റൊരു സ്‌നേഹബന്ധത്തിന്റെ കഥ സനു കുമ്മിള്‍ കണ്ടെടുക്കുന്നത്. 2019ല്‍ കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം ചെന്ന ജൂത സ്ത്രിയായ സാറ കോഹെന്‍ അന്തരിച്ചു. അവരും താഹ ഇബ്രാഹിം എന്നയാളുമായുള്ള ആഴം ചെന്ന ഹൃദയബന്ധമാണ് സവിശേഷമായ കൊച്ചിക്കഥ. കുട്ടിക്കാലം മുതല്‍ക്ക് വളര്‍ന്നു വന്ന ഈ ബന്ധം ഏതു നിലയ്ക്കും ആഘോഷിക്കപ്പെടേണ്ടതു തന്നെ.
തൃശ്ശൂര്‍ നഗരമധ്യത്തിലുള്ള ശക്തന്‍ നഗറിലെ മാലിക് ദിനാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലെ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ സംസ്‌കൃതം പഠിക്കുന്നതാണ് അടുത്ത കഥ. കെ കെ യതീന്ദ്രന്‍ ആണ് ക്ലാസെടുക്കുന്നത്. എഴുത്തച്ഛന്‍ പുരസ്‌കാരജേതാവായ പണ്ഡിതരത്‌നം കെ പി നാരായണപിഷാരോടിയുടെ ശിഷ്യനാണ് കെ കെ യതീന്ദ്രന്‍. യൂസഫലി കേച്ചേരിയും പിഷാരോടി മാഷുടെ ശിഷ്യനായിരുന്ന കാര്യം ഇതു കണ്ടപ്പോള്‍ ഓര്‍മ്മിച്ചു.
തിരുവനന്തപുരത്തെ ഏണിക്കരയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ എന്‍ എസ് രെജിലാലിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി സ്വന്തം കരള്‍ പകുത്തു നല്കിയ പ്രിയങ്ക എന്ന സഖാവിന്റെ കഥയാണ് അവസാനമുള്ളത്. കേരളത്തെ കാക്കാനുള്ള ഇടതുപക്ഷത്തിന്റെയും പാര്‍ടിയുടെയും നിശ്ചയദാര്‍ഢ്യത്തെ ഓരോ സഖാവും നെഞ്ചേറ്റിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഈ സംഭവത്തിലൂടെ പ്രസ്താവിക്കപ്പെടുന്നത്.
നിരന്തരം വെറുപ്പ് ഉത്പാദിപ്പിച്ച് വാരി വിതറി കേരളം പിടിക്കാന്‍ കാത്തു നില്ക്കുന്ന സംഘപരിവാറിനും അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന കോണ്‍ഗ്രസിനുമുള്ള ഒത്ത മറുപടിയാണ് ഈ സിനിമ. കേരളം ഇന്ത്യയിലേയ്ക്ക് ലോകത്തെ കൊണ്ടുവന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്തിലേയ്ക്ക് കേരളം ഇന്ത്യയെയും കൊണ്ടു പോയി എന്നും പറയാം. ഇപ്രകാരം പറയാന്‍ നമുക്ക് അഭിമാനത്തോടെ കഴിയുന്നതിന് കാരണമായ സംഭവങ്ങളാണ് സനു കുമ്മിള്‍ ദ് അണ്‍നോണ്‍ കേരളസ്‌റ്റോറീസ് ആയി ആവിഷ്‌ക്കരിക്കുന്നത്. ഓട്ടോറിക്ഷയിലും തീവണ്ടിയിലെ സാധാരണ ക്ലാസിലും മെട്രോയിലും വാട്ടര്‍ മെട്രോയിലും ബസ്സിലും പിന്നെ നടന്നും യാത്ര ചെയ്താണ് സംവിധായകന്‍ എല്ലായിടത്തും എത്തുന്നത്. ♦