Friday, September 20, 2024

ad

Homeരാജ്യങ്ങളിലൂടെവനഭൂമി കയ്യടക്കുന്നതിനെതിരെ തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി

വനഭൂമി കയ്യടക്കുന്നതിനെതിരെ തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി

ആര്യ ജിനദേവൻ

തുർക്കിയിലെ പ്രധാന വനമേഖലയിലൊന്നായ അക്ബെലൻ കാടുകൾ ഊർജ്ജ കമ്പനികൾക്ക് കൊള്ളയടിക്കുന്നതിനുവേണ്ടി വിട്ടുകൊടുക്കുവാനുള്ള ഗവൺമെന്റിന്റെ തീരുമാനത്തിനെതിരായി അവിടുത്തെ ജനങ്ങൾ നിരന്തര സമരത്തിലേക്ക് കടന്നിരിക്കുന്നു. സ്വകാര്യ ഊർജ്ജ കമ്പനിയായ വൈ കെ എനർജിക്ക് (YK Energy) കൽക്കരി ഖനനം വ്യാപിപ്പിക്കുന്നതിനുവേണ്ടി ഈ വനഭൂമിയിലേക്ക് കടക്കാൻ അനുവദിച്ചുകൊണ്ട് ജൂലൈ 24ന് ഗവൺമെന്റ് തീരുമാനം എടുത്തതിനെ തുടർന്നാണ് കാടിന്റെ സംരക്ഷണത്തിനുവേണ്ടി ജാഗ്രതാ സമിതി രൂപീകരിക്കപ്പെട്ടത്. നൂറുകണക്കിന് ഗ്രാമീണവാസികളും പരിസ്ഥിതി പ്രവർത്തകരും പുരോഗമന പക്ഷത്തുള്ളവരും ചേർന്ന് ഒരാഴ്ചയായി സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ ആഗസ്റ്റ് ഒന്ന്, ചൊവ്വാഴ്ച കാട്‌ സംരക്ഷിക്കുന്നതിനുവേണ്ടി പോരാട്ടം നയിച്ച ഈ പ്രക്ഷോഭകർക്കുനേരെ തുർക്കിഷ് സുരക്ഷാസേനകൾ അതിക്രൂരമായ അടിച്ചമർത്തലാണ് നടത്തിയത്. നൂറുകണക്കിന് സുരക്ഷാസേനകൾ ജാഗ്രത സമിതിയുടെ സമരകേന്ദ്രം ചുറ്റുകയും പ്രക്ഷോഭകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പമ്പ് ചെയ്യുകയും ചെയ്തു. ഒട്ടേറെ പേർക്ക് മുറിവുകളുണ്ടായി. ഈ സമരത്തിന്റെ മുന്നണിയിൽ നിൽക്കുന്ന 12 ഓളം ആക്ടിവിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് പ്രതിഷേധത്തെ തുടർന്ന് വിട്ടയക്കുകയും ചെയ്തു. പോലീസിന്റെ ഈ നിഷ്ഠൂരമായ കടന്നുകയറ്റത്തിനുശേഷം ഉടനടിതന്നെ വനം വെളുപ്പിക്കുന്ന നടപടി സർക്കാർ തുടങ്ങിവച്ചിരിക്കുന്നു എന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞു. മേഖലയിലെ ഇന്റർനെറ്റ് കണക്ഷൻ നിരോധിക്കുകയും ചെയ്തു.

തുർക്കിയിലെ തെക്കു പടിഞ്ഞാറൻ മുഗ്‌ളയിൽ ഒരാഴ്ചയോളമായി കാടിനു വേണ്ടി സമരം ചെയ്യുന്ന പ്രക്ഷോഭകർക്കു നേരെ ഗവൺമെന്റ് നടത്തിയ ഈ അടിച്ചമർത്തലിനെതിരായി തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും (ടി കെ പി) ട്രേഡ് യൂണിയനുകളുടെയും പ്രവർത്തകർ രംഗത്തുവരുകയും പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. നിലവിൽ ഈ ജാഗ്രത സമിതിക്ക് രൂപം കൊടുത്തിട്ടുള്ളത് തദ്ദേശീയ ഗ്രാമീണരും കോൺഫെഡറേഷൻ ഓഫ് പബ്ലിക് എംപ്ലോയീസ് യൂണിയനും വിദ്യാർത്ഥി സംഘടനകളും പ്രാദേശിക എൻജിഒ കളും ചേർന്നാണ്. സമരം തുടങ്ങിയ അന്നുമുതൽ ഈ ഒരാഴ്ചയോളമായി അവർ നേരിടുന്നത് നിരന്തരമായ പൊലീസ് അടിച്ചമർത്തലാണ്. ഗവൺമെന്റിന്റെ ഇത്തരം മർദ്ദന നടപടികൾക്കെതിരായും പൊതുവിഭവങ്ങളുടെ സ്വകാര്യവത്കരണത്തിനും നശീകരണ ത്തിനുമെതിരായും കമ്മ്യൂണിസ്റ്റ് പാർട്ടി മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ചു.

ടി കെ പി കേന്ദ്രകമ്മിറ്റി അംഗം സവാസ് സാറി പറയുന്നു, “പ്രകൃതി വിഭവങ്ങളുടെ സ്വകാര്യവൽക്കരണമാണ് പരിസ്ഥിതിക്കാകെ ദോഷം ചെയ്യുന്ന അശാസ്ത്രീയ വ്യാപനത്തിലേക്ക് നയിക്കുന്നത്. രാജ്യത്തിനും സമൂഹത്തിനും തികച്ചും ദോഷകരമായ ഈ വിഡ്ഢിത്തം അവസാനിപ്പിക്കുന്നതിന് ഊർജ്ജമേഖലയിലെ കമ്പോള ആധിപത്യത്തിന് അന്ത്യം കുറിക്കേണ്ടിയിരിക്കുന്നു. വനഭൂമി കൈയേറ്റത്തിനെതിരായി ശക്തമായ നിലപാട് എടുക്കുമെന്നും ഇപ്പോൾ നടക്കുന്ന സമരത്തിന് എല്ലാവിധ ഐക്യദാർഢ്യവും നൽകുമെന്നും അതിനോടൊപ്പംതന്നെ നിൽക്കുമെന്നും തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തമാക്കി.

സ്വകാര്യ എണ്ണ കമ്പനിയായ വൈ കെ എനർജി 780 ഏക്കറോളം വരുന്ന അക്ബലൻ കാടുകൾ കൽക്കരി ഖനനത്തിനുവേണ്ടി കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇതിന്‌ അടുത്തുതന്നെയുള്ള മൂന്നു പവർ പ്ലാന്റുകൾ വൈ കെ എനർജിയുടെതാണ്. 2020 ൽകാടുകളിൽ ഖനനംചെയ്യുവാൻ ഭരണകൂടം കമ്പനിക്ക് അനുമതി നൽകി. തദ്ദേശവാസികൾ ഇതിനെതിരായി കോടതിയിൽ പോകുകയും ജൂലൈ 2021ൽ ആ പ്രദേശത്ത് ഒരു ജാഗ്രത കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കോടതി നടപടികൾ നടക്കുകയാണെന്ന് കണക്കാക്കാതെ അധികാരികൾ ഇവിടെ കൽക്കരിഖനനം നടത്തുന്നതിന് വീണ്ടും എല്ലാ അനുമതികളും നൽകിയിരിക്കുന്നു. ഇതിനെതിരായാണ് ഒരാഴ്ചയായി ഇവർ തുടർച്ചയായി പ്രക്ഷോഭത്തിൽ ഏർപ്പെട്ടിട്ടുള്ളത്.

അക്ബലൻ കാടുകളിലേക്കുകൂടി ഖനനം വ്യാപിപ്പിക്കുന്നത് വനഭൂമിയെ നശിപ്പിക്കും എന്നും സ്വകാര്യ കമ്പനിക്കാർക്ക് പ്രാദേശിക പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നതിന് അത് അവസരം ഒരുക്കുമെന്നും ഗ്രാമവാസികളും ആക്ടിവിസ്റ്റുകളും പറയുന്നു. ഈ വനഭൂമി ആ ഗ്രാമത്തിലെ കൃഷിഭൂമിയിലേക്കുള്ള വെള്ളത്തിന്റെ ഒരു പ്രധാന ഉറവിടവും കൂടിയാണ്. അവിടെ ഖനനം തുടങ്ങിയാൽ അത് ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യരുടെ മുന്നോട്ടുപോക്കിനെതന്നെ ഇല്ലാതാക്കും. പ്രദേശത്തെ മറ്റ് ഊർജ്ജ പ്ലാന്റുകളും നിർത്തിവയ്ക്കണമെന്ന ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്. വലിയ രീതിയിലുള്ള ആഘാതമാണ് ഈ ഊർജ്ജ കമ്പനികളുടെ പ്രവർത്തനം പ്രദേശവാസികളായ ജനങ്ങൾക്കുമേൽ ഉണ്ടാക്കുന്നത്. രോഗങ്ങളും മാലിന്യ പ്രശ്നങ്ങളും കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും ജീവിതോപായങ്ങൾക്കു മേലുള്ള കടന്നുകയറ്റവും എല്ലാം അതിൽപ്പെടുന്നു. കഴിഞ്ഞവർഷം ഇറങ്ങിയ ഒരു റിപ്പോർട്ട് അനുസരിച്ച്, നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ഈ ഊർജ്ജ കമ്പനികൾ 68,000 ആളുകളുടെ മരണത്തിലേക്ക് നയിച്ച പാരിസ്ഥിതിക മലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാണെന്നാണ് പറയുന്നത്. ഇപ്പോഴുംപതിനായിരക്കണക്കിന് പേരാണ് മലിനീകരണസംബന്ധമായ രോഗങ്ങൾ അനുഭവിക്കുന്നത്. 1997 ൽ ഈ ഊർജ പ്ലാന്റുകൾ അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട് കോടതി ഒരു വിധി പ്രസ്താവിച്ചിരുന്നു എങ്കിലും തുടർച്ചയായി വന്ന ഗവൺമെന്റുകൾ അതൊന്നും ഫലത്തിൽ നടപ്പാക്കിയില്ല.

അതിജീവനത്തിനു വേണ്ടിയുള്ള ജനങ്ങളുടെ ഈ സമരത്തെ പിന്തുണച്ചുകൊണ്ട് തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമല്ല, ഒരുപാട് പ്രമുഖ വ്യക്തിത്വങ്ങളും യൂണിയനുകളും സംഘടനകളുമാകെ മുന്നോട്ടുവന്നിട്ടുണ്ട്. നോവലിസ്റ്റ് ആയ എലിഫ് ഷഫാക്ക്, കോണ്ഫെഡറേഷൻ ഓഫ് റവല്യൂഷനറി ട്രേഡ് യൂണിയൻസ് ഇൻ തുർക്കി, യൂറോപ്പ്യൻ ഫെഡറേഷൻ ഓഫ് പബ്ലിക് സർവീസ് യൂണിയൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തിത്വങ്ങളും അക്ബലൻ കാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ജനങ്ങളുടെ ഈ പോരാട്ടത്തെ അനുകൂലിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. ഗവൺമെൻറ് ഇനിയും ഈ തീരുമാനം പിൻവലിക്കാതെ ഊർജ്ജ ഭീമന്മാരോടൊപ്പം നിന്നുകൊണ്ട് സമരം ചെയ്യുന്ന പ്രാദേശിക ജനതയെ അടിച്ചമർത്തുന്ന നയമാണ് തുടരുന്നതെങ്കിൽ വരുംനാളുകളിൽ സമരം കൂടുതൽ ശക്തമാകുമെന്നുതന്നെ പ്രതീക്ഷിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − eight =

Most Popular