നൈജറിൽ നടന്ന പട്ടാള അട്ടിമറി സാമ്രാജ്യത്വാനുകൂലവും അമേരിക്കയുടെയും ഫ്രാൻസിന്റെയും കളിപ്പാവയുമായ പ്രസിഡന്റ് മുഹമ്മദ് ബസോമിന്റെ വാഴ്ചയ്ക്കെതിരായ ആസൂത്രിത നീക്കം ആയിരുന്നു. 2023 ജൂലൈ 26 പുലർച്ചെ മൂന്നുമണിക്ക് തലസ്ഥാനമായ നിയാമെയിൽ പ്രസിഡന്റ് മുഹമ്മദ് ബസോമിനെ പട്ടാളം തടങ്കലിലാക്കി. ബ്രിഗേഡിയർ ജനറൽ അബ്ദുറഹ്മാൻ ഷിയാനിയുടെ നേതൃത്വത്തിൽ പട്ടാളം സേനകൾ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കുകയും രാജ്യത്താകെ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. ഈ പട്ടാള അട്ടിമറിയെ അപലപിച്ചുകൊണ്ട് ഉടൻതന്നെ ആഫ്രിക്കൻ യൂണിയന്റെ എക്കണോമി കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സും യൂറോപ്പ്യൻ യൂണിയനും രംഗത്തെത്തി. അതേസമയം നൈജറിൽ സൈനിക ബേസുകളും സാമ്പത്തിക സ്ഥാപനങ്ങളുമുള്ള ഫ്രാൻസും അമേരിക്കയും തങ്ങൾ സാഹചര്യം കാര്യമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. എന്തുതന്നെയായാലും സൈന്യവും പ്രസിഡൻഷ്യൽ ഗാർഡും തമ്മിൽ നടന്ന ഏറ്റുമുട്ടൽ വളരെ പെട്ടെന്ന് തന്നെ ദുർബലമായി. ജൂൺ 27 ന്, ‘ഇരു സൈന്യ വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ രക്തച്ചൊരിച്ചിലിലേക്ക് നയിച്ചേക്കാവുന്ന ഒരു ജീവന്മരണ പോരാട്ടത്തിലേക്ക് കടക്കുന്നത് തടയുന്നതിനുവേണ്ടി താൻ ഈ സാഹചര്യത്തെ അംഗീകരിക്കുകയാണ്’ എന്നു പ്രസ്താവിച്ചുകൊണ്ട് സൈന്യത്തിന്റെ തലവനായ ജനറൽ അബ്ദു സിദ്ദിഖ് ഇസ പ്രസ്താവനയിറക്കി. ജൂലൈ 28ന് നാഷണൽ കൗൺസിൽ ഫോർ ദി സേഫ്ഗാർഡ് ഓഫ് ദി ഹോംലാൻഡ് (സിഎൻഎസ്പി) യുടെ പുതിയ പ്രസിഡന്റ് താനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രിഗേഡിയർ ജനറൽ അബ്ദുറഹ്മാൻ ഷിയാനി ടെലിവിഷനിൽ വന്നു. അങ്ങനെ മുൻ പ്രസിഡണ്ടായിരുന്ന മുഹമ്മദ് ബസോമിന്റെ വാഴ്ചയ്ക്ക് പട്ടാള അട്ടിമറിയിലൂടെ അന്ത്യംകുറിക്കപ്പെട്ടു. നിലവിൽ സിഎൻഎസ്പിയെ അനുകൂലിച്ചുകൊണ്ടും ഫ്രാൻസിനെതിരായും നൈജറിൽ പ്രക്ഷോഭം നടക്കുകയാണ്.
യുറേനിയവും എണ്ണയും സ്വർണവും കൊണ്ട് സമ്പന്നമായ നൈജറിന്റെ ഭൂമിയിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ വന്ന് ആധിപത്യം ചെലുത്തുകയും പ്ലാന്റുകൾ സ്ഥാപിക്കുകയും അങ്ങനെ നൈജറിന്റെ സ്വത്താകെ ഊറ്റിക്കൊണ്ടുപോവുകയും ചെയ്യുന്ന ഫ്രഞ്ച് ആധിപത്യത്തിനും അമേരിക്കൻ ആധിപത്യത്തിനും എതിരായാണ് നൈജറിലെ പട്ടാളം മുന്നോട്ടുവന്നിട്ടുള്ളത്. മാലിയിലും (ആഗസ്ത് 2020നും മെയ് 2021നും) ബുർക്കിനാഫാസോയിലും (ജനുവരി2022ളും സെപ്റ്റംബർ 2022ളും) ഗിനിയയിലും (സെപ്റ്റംബർ 2021) നടന്ന അട്ടിമറികൾക്ക് സമാനമായ അട്ടിമറിയാണ് നൈജറിലും നടന്നിട്ടുള്ളത്. ഫ്രാൻസും അമേരിക്കയും രാജ്യത്ത് ചെലുത്തുന്ന ആധിപത്യത്തിലും അവർ നടത്തുന്ന രൂക്ഷമായ കൊള്ളയിലും രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും രോഷംപൂണ്ട പട്ടാള ഉദ്യോഗസ്ഥരാണ് ഈ അട്ടിമറികൾ ഒക്കെതന്നെയും നടത്തിയിട്ടുള്ളത്. മേഖലയിലെ ഈ പ്രദേശങ്ങൾ വലിയ രീതിയിലുള്ള രൂക്ഷമായ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ ദുരന്തംമൂലം ഭൂമിയിൽ ഉണ്ടാകുന്ന വരൾച്ച, 2011ൽ ലിബിയയിൽ നടന്ന നാറ്റോ യുദ്ധംമൂലം ഉണ്ടായ ഇസ്ലാമിക് ഭീകരതയുടെ ഉദയം, സാഹെൽ മരുഭൂമിയിലൂടനീളം മനുഷ്യനെയും ആയുധങ്ങൾ, മയക്കുമരുന്ന് എന്നിവയും കടത്തുന്നതിനുള്ള ശൃംഖലകളുടെ വർദ്ധനവ്, സമ്പന്നമായ യുറേനിയം സ്വർണ്ണം തുടങ്ങിയ പ്രകൃതി വിഭവങ്ങൾ മതിയായ പ്രതിഫലംതരാതെ പാശ്ചാത്യ രാജ്യങ്ങൾ അപഹരിച്ചു കൊണ്ടു പോകുന്നത്, പട്ടാള താവളങ്ങൾ സ്ഥാപിക്കുന്നതിലൂടെ പാശ്ചാത്യ സേനകൾ ഈ രാജ്യങ്ങളിലേക്ക് കടന്നുകയറുന്നതും ശിക്ഷാഭീതിയില്ലാതെ അവർ രാജ്യത്ത് വിഹരിക്കുന്നതും തുടങ്ങി അനേകം പ്രശ്നങ്ങളാണ് മേഖലയിലുള്ള ഈ ആഫ്രിക്കൻ രാജ്യങ്ങൾ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനു പുറമേ വലിയ രീതിയിലുള്ള അഴിമതിയാണ് രാജ്യത്ത് ഭരണതലത്തിലും വിദേശശക്തികളുടെ കടന്നുകയറ്റത്തിന്റെ തലത്തിലും നടക്കുന്നത്. അതിൽ മുഖ്യ പങ്കാളി പ്രസിഡന്റായിരുന്ന ബസോവ് തന്നെയായിരുന്നു എന്നതും സൈനിക മേധാവികളെ കൂടുതൽ രോഷാകുലരാക്കി. നൈജറിൽനിന്നും ഫ്രഞ്ച് കമ്പനികൾ യുറേനിയം വൻതോതിൽ കടത്തുന്നുണ്ട്.
ലോകത്തിലാകെ ഉത്പാദിപ്പിക്കപ്പെടുന്ന യുറേനിയത്തിന്റെ 5% നൈജറിൽ നിന്നുള്ളതാണ്; വളരെ ഉന്നതമൂല്യമുള്ള യുറേനിയമാണ് നൈജറിൽ നിന്ന് ലഭിക്കുന്നത്. രാജ്യത്തിന്റെ കയറ്റുമതിയിൽ പകുതിയും യുറേനിയവും എണ്ണയും സ്വർണവും വിൽക്കുന്നത് വഴിയുള്ളതാണ്. ഫ്രാൻസിലെ മൂന്നിൽ ഒരു ലൈറ്റ് ബൾബ് നൈജറിലെ യുറേനിയം കൊണ്ടുള്ളതാണ്. എന്നിട്ടും ഈ ആഫ്രിക്കൻ രാജ്യത്തിലെ 42% ത്തോളം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെ, ദുരിതങ്ങളും കഷ്ടപ്പാടുകളുമായാണ് ജീവിക്കുന്നത്. തങ്ങളുടെ വിരൽത്തുമ്പിൽ നിന്ന് ദശകങ്ങളായി രാജ്യത്തിന്റെ സമ്പത്ത് ഊർന്നുപോകുന്നത് നൈജർ ജനത കണ്ടുകൊണ്ടേയിരിക്കുന്നു. ഗവൺമെന്റിന്റെ ദുർബലതയും നിഷ്‌ക്രിയത്വവുംമൂലം കഴിഞ്ഞ ഒരു ദശകത്തിനിടയിൽ നൈജറിന് നഷ്ടപ്പെട്ടത് 96 മില്യൺ ഡോളർ ആണ്. ഇത്തരത്തിൽ വലിയ അഴിമതിയാണ് നൈജറിലെ ഭരണാധികാരികളും ഫ്രാൻസും അമേരിക്കയും രാജ്യത്ത് നടത്തിക്കൊണ്ടിരുന്നത്. ഇതിനെയെല്ലാം എതിർത്തുകൊണ്ടാണ് സിഎൻഎസ്പി നടത്തിയ അട്ടിമറിയിലൂടെ 10 ഓഫീസർമാർ നേതൃത്വം പിടിച്ചടക്കിയത്.
ബുർക്കിനാഫാസോയിൽ വലിയ രീതിയിലുള്ള സാമ്രാജ്യത്വ – ഫ്രഞ്ച് വിരുദ്ധ വികാരം ഉയർന്നുവന്നതിനെ തുടർന്ന് 2022ൽ നടന് പ്രസിഡന്റ് ക്യാപ്റ്റൻ ഇബ്രാഹിം ട്രാവോർ കഴിഞ്ഞദിവസം നടന്ന രണ്ടാമത് റഷ്യ – ആഫ്രിക്ക ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് , സഹേലിലെ പട്ടാള അട്ടിമറികളെ അപലപിക്കുന്നതിനെ ശക്തമായി വിമർശിക്കുകയും ഈ അടുത്ത് ആഫ്രിക്കൻ യൂണിയൻ പ്രതിനിധികൾ രാജ്യം സന്ദർശിച്ചതിനെ അദ്ദേഹം ശക്തമായി എതിർക്കുകയും ചെയ്തു. “പ്രതികരിക്കാത്ത അടിമ കരുണ അർഹിക്കുന്നില്ല” എന്നദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ കളിപ്പാവകൾ ആകുന്ന സ്വന്തം രാജ്യത്തെ ഭരണാധികാരികളോട് പൊരുതുവാൻ നിശ്ചയിച്ച ആഫ്രിക്കൻ പൗരരെ തള്ളിപ്പറയുന്നത് ആഫ്രിക്കൻ യൂണിയൻ അവസാനിപ്പിക്കണം എന്നും ഇബ്രാഹിം ട്രാവോർ പറയുകയുണ്ടായി. നൈജറിൽ നടന്ന പട്ടാള അട്ടിമറിയിലും ജനവികാരം ഇതൊക്കെ ന്നെയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങൾക്കുവേണ്ടി മേധാവിത്വം പുലർത്തി അവരെ ചൂഷണം ചെയ്യുന്ന ഫ്രഞ്ച് അമേരിക്കൻ സംഘങ്ങൾക്കും അവർക്ക് പിണിയാളുകളായി നിൽക്കുന്ന ഭരണാധികാരികൾക്കും ശക്തമായ ഒരു മറുപടിയും താക്കീതുമായി ഈ അട്ടിമറികൾ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ♦