ജൂലൈ 28ന് റഷ്യയിലെ സെൻ പീറ്റേഴ്സ്ബർഗിൽ നടന്ന സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും വേണ്ടിയുള്ള രണ്ടാമത് റഷ്യ – ആഫ്രിക്ക ഉച്ചകോടി വിജയകരമായാണ് അവസാനിച്ചത്. 49 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും 17 രാഷ്ട്ര തലവന്മാരും ഈ ദ്വിദിന സെമിനാറിൽ പങ്കെടുത്തു. സുരക്ഷ, വ്യാപാരം, ഊർജ്ജം, കാലാവസ്ഥമാറ്റം തുടങ്ങിയ അനേകം വിഷയങ്ങളിൽ സഹകരിക്കുവാനുള്ള സംയുക്ത പ്രഖ്യാപനം നടത്തുന്നതിനും വിവിധ ഉടമ്പടികൾ ഒപ്പുവയ്ക്കുന്നതിനും ഉച്ചകോടി കാരണമായി. ഏകധ്രുവ ലോകത്തിനും ഡോളർ ആധിപത്യത്തിനും എതിരായി ബഹുധ്രുവ ലോകത്തിനും ഡോളർ ഒഴിവാക്കി വിവിധ നാണയങ്ങളിൽ കൈമാറ്റങ്ങൾ നടത്തുവാനും തീരുമാനമായി. നവ കൊളോണിയലിസത്തിനും സാമ്രാജ്യത്വ ആധിപത്യത്തിനുമെതിരെ ശക്തമായി ഒന്നിച്ചുനിൽക്കുവാനടക്കം നിരവധി തീരുമാനങ്ങൾ ഉച്ചകോടിയിൽ കൈകൊണ്ടു. ഒരു സംശയവും വേണ്ട, രണ്ടാമത് റഷ്യ – ആഫ്രിക്ക ഉച്ചകോടി അമേരിക്കയ്ക്കും ലോകസാമ്രാജ്യത്വത്തിനും ഡോളർ ആധിപത്യത്തിനും പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ ആഫ്രിക്കൻ രാജ്യങ്ങളിൽ നുഴഞ്ഞുകയറി നേട്ടമുണ്ടാക്കാൻ നോക്കുന്ന പ്രബല ശക്തികൾക്കും ഒക്കെ തന്നെ വെല്ലുവിളിയാകും.
ഉച്ചകോടിക്കുശേഷം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നടത്തിയ പ്രസ്താവനയിൽ ഇത് വ്യക്തമാണ്. അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള സുതാര്യവും ജനാധിപത്യപരവും ആയ ഒരു ബഹുദ്രുവ ലോകക്രമത്തിന്റെ രൂപീകരണത്തിന് ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ രാഷ്ട്രങ്ങളും പ്രതിബദ്ധത ഉറപ്പാക്കി. പരസ്പരം ഇരുവിഭാഗങ്ങൾക്കും പ്രയോജനപ്രദമായ പങ്കാളിത്തവും സഹകരണവും വ്യാപിപ്പിക്കുവാനും അതിന്റെ പുതിയ രൂപങ്ങളും മേഖലകളും അന്വേഷിക്കുവാനും റഷ്യയും ആഫ്രിക്കൻ രാജ്യങ്ങളും തീരുമാനിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് കമ്പാലെ മുസാവുള പറയുന്നത്, ഇങ്ങനെ നമ്മുടെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ ലോകത്തിന്റെ വൈദഗ്ധ്യം നാം നേടേണ്ടതുണ്ട് എന്ന് ആഫ്രിക്കൻ ജനത ഇപ്പോൾ പറയുന്നു. ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള കുത്തക ഏതെങ്കിലുമൊരു രാജ്യത്തിന് മാത്രമല്ല, അതുകൊണ്ടുതന്നെ ഞങ്ങൾ കിഴക്കുമായും (ചൈന, റഷ്യ) പടിഞ്ഞാറുമായും വടക്കൻ രാജ്യങ്ങളുമായും തെക്കൻ രാജ്യങ്ങളുമായും അങ്ങനെ എല്ലായിടങ്ങളുമായും സംസാരിക്കുവാൻ പോകുകയാണ്”.
ഈ ഉച്ചകോടിയുടെ പ്രധാന നേട്ടങ്ങളിലൊന്ന് 181 പോയിന്റുള്ള റഷ്യ‐-ആഫ്രിക്ക പാർട്ണർഷിപ്പ് ഫോറം ആക്ഷൻ പ്ലാൻ 2023-2026 ആണ്. രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, വ്യാപാരവും നിക്ഷേപവും, കൃഷി, ഊർജ്ജം, ഗതാഗതം, പരിസ്ഥിതി, സംസ്കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഉടമ്പടിയാണിത്. കരിങ്കടലിലൂടെ ഉക്രൈനിൽനിന്നും ധാന്യങ്ങളുടെ കയറ്റുമതിക്കുള്ള ഒരു കരാർ കാലാവധി പൂർത്തിയാകുന്ന ഘട്ടത്തിലാണ് ഈ ഉച്ചകോടി നടന്നിട്ടുള്ളത്. ഉച്ചകോടിയിൽ പുടിൻ പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു വസ്തുത, ആ കരാർപ്രകാരം ഉക്രൈനിൽ നിന്നും കയറ്റുമതി ചെയ്ത 328 ലക്ഷം കാർഗോയിൽ 70% വും ഉയർന്നതും ശരാശരി വരുമാനത്തിന് മേലെയുള്ളതുമായ രാജ്യങ്ങളിലേക്ക്, പ്രധാനമായും യൂറോപ്യൻ യൂണിയനിലേക്കായിരുന്നു എന്നതാണ്. അതേസമയം എതിയോപ്യ, സൊമാലിയ, സുഡാൻ എന്നീ രാജ്യങ്ങൾക്കു ലഭിച്ചത് മൂന്ന് ശതമാനത്തിൽ താഴെയാണ്. ഇത് എടുത്തു പറഞ്ഞ് ഈ കരാറിന്റെ പോരായ്മ ചൂണ്ടിക്കാട്ടിയ പുടിൻ അടുത്ത മൂന്നു മുതൽ നാലു മാസങ്ങൾക്കുള്ളിൽ ബുർക്കിനഫാസോ, സിംബബേ, മാലി, സോമാലിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, എറിത്രിയ എന്നിവിടങ്ങളിലേക്ക് സൗജന്യമായി 25000 മുതൽ 50,000 ടൺ വരെ ധാന്യങ്ങൾ നൽകുവാൻ റഷ്യ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. റഷ്യയുടെ ഈ തീരുമാനം കിതക്കുന്ന ഈ ആഫ്രിക്കൻ രാജ്യങ്ങൾക്ക് വലിയൊരു ആശ്വാസമാണ്. അതിലേറെ റഷ്യയും ചൈനയും അടക്കമുള്ള പരസ്പരം പ്രതിബദ്ധത പുലർത്തുന്ന രാജ്യങ്ങളുമായുള്ള സഹകരണത്തിൽ കൂടുതൽ പ്രതീക്ഷ നൽകുന്നതുമാണ് എന്നാണ് ബുർക്കിനഫാസോയുടെ ഇടക്കാല പ്രസിഡന്റായ ക്യാപ്റ്റൻ ഇബ്രാഹിം ട്രാവോർ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. ട്രാവോർ തുടർന്നു, “വിഭവസമ്പന്നമായ ആഫ്രിക്ക എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ദരിദ്രമായ മേഖലയായി ഇപ്പോഴും തുടരുന്നത്? ഞങ്ങൾ ഈ ചോദ്യം പലയാവർത്തി ചോദിച്ചുവെങ്കിലും ഉത്തരം കിട്ടിയില്ല. എന്തുതന്നെയായാലും ഇപ്പോൾ ബുർക്കിനാഫാസോയുടെ മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനുവേണ്ടി സഹായിക്കുന്ന പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുവാനുള്ള അവസരം ഞങ്ങൾക്ക് കിട്ടിയിരിക്കുന്നു. ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ തലവന്മാർ സാമ്രാജ്യത്വത്തിന്റെ കയ്യിലെ കളിപ്പാവകൾ ആകരുത്. ഭക്ഷ്യവിതരണം അടക്കം നമ്മുടെ രാജ്യം സ്വയം പര്യാപ്തമാണെന്നും നമ്മുടെ ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുവാൻ നമുക്ക് ആകുമെന്നും നാം ഉറപ്പുവരുത്തണം”.
റഷ്യ – ആഫ്രിക്ക ഉച്ചകോടിയുടെ ഒന്നാമത് സെഷൻ നടന്നത് 2019ൽ സോച്ചിയിലാണ്. രണ്ടാമത് ഉച്ചകോടിയിൽ അന്ന് എടുത്ത “സോച്ചി കരാർ” വീണ്ടും ഊട്ടിയുറപ്പിക്കപ്പെട്ടു. എല്ലാ മൂന്നുവർഷം കൂടുമ്പോഴും ഉച്ചകോടി സംഘടിപ്പിക്കുവാനും തീവ്രവാദം, ഭക്ഷണം, പരിസ്ഥിതി, വിവരസുരക്ഷ തുടങ്ങിയ നിർണായക വിഷയങ്ങളിൽ സഹകരണത്തിനുവേണ്ടി സ്ഥിരമായ ചർച്ച സംവിധാനം നടത്തണമെന്നുള്ളതാണ് സോച്ചി എഗ്രിമെൻറ്. വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എടുത്തുപറഞ്ഞ ഒരു കാര്യം, ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ റൂബിൾ അടക്കമുള്ള അവരുടെ ദേശീയ കറൻസികളിലേക്ക് മാറ്റണമെന്നും ഡീലുകളിൻമേലുള്ള സാമ്പത്തിക കൈമാറ്റങ്ങൾ അതിൽ ആക്കണമെന്നുമാണ്. ഇത് ഇന്ന് ലോകത്താകെ കണ്ടുവരുന്ന അപഡോളർവത്ക്കരണത്തിന്റെ ഭാഗം കൂടിയാണ്. അമേരിക്കയ്ക്കും ഡോളറിനും ലോകത്താകെയുള്ള സാമ്പത്തിക കുത്തകയെ വെല്ലുവിളിക്കുന്ന ഒരു നയം കൂടിയാണ് ഇത്. അതുപോലെതന്നെ, വേൾഡ് ബാങ്കിന്റെയും ഐ എം എഫിന്റെയും കുപ്രസിദ്ധമായ ചെലവ് ചുരുക്കൽ അടക്കമുള്ള തീട്ടൂരങ്ങൾക്കൊന്നും വഴങ്ങാതിരിക്കുന്നതിന് ഈ രാജ്യങ്ങൾക്ക് മറ്റൊരു വായ്പ സംവിധാനം ആവശ്യമാണ് എന്നും അതിനൊരു ബദലായി ഉയർന്നു വന്നിട്ടുള്ളത് ബ്രിക്സ് രാജ്യങ്ങളും ന്യൂ ഡെവലപ്മെൻറ് ബാങ്കുമാണ് എന്നും അവയുടെ സേവനം ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് ഉറപ്പാക്കുമെന്നും പറയുന്നു. ആഫ്രിക്കൻ രാജ്യങ്ങളുടെ 2300 കോടി ഡോളറിന്റെ കടം റഷ്യ എഴുതിതള്ളുകയാണെന്നും ഈ രാജ്യങ്ങൾക്ക് കടാശ്വാസത്തിനുവേണ്ടി 9കോടി ഡോളർ അധികമായി നീക്കിവയ്‌ക്കുമെന്നും ഉച്ചകോടിയിൽ പുടിൻ പറയുകയുണ്ടായി. മുൻ ബ്രസീലിയൻ പ്രസിഡന്റ് കൂടിയായ ദില്‍മാ റൂസേഫ് പ്രസിഡൻറ് ആയിട്ടുള്ള ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ സേവനം ഈ രാജ്യങ്ങൾക്കുറപ്പാക്കുമെന്നും ഒരു ബഹുധ്രുവ ലോകത്തിന്റെ വികാസത്തിനു വേണ്ടി എൻ ഡി ബി മുന്നിൽ നിൽക്കുമെന്നും ഉറപ്പാക്കി. ന്യൂ ഡെവലപ്മെൻറ് ബാങ്ക് അതിന്റെ ഫണ്ടുകൾ ഡോളറിലും യൂറോയിലും മാത്രമല്ല വിവിധ കറൻസികളിൽ ആയിരിക്കും കൈമാറ്റം ചെയ്യുക എന്നുള്ളതും നിർണായകമാണ്. ഇത്തരത്തിൽ ഉക്രൈനിലെ യുദ്ധത്തോടനുബന്ധിച്ച് അമേരിക്കയും മറ്റ് യുദ്ധാനുകൂല യൂറോപ്യൻ സാമ്രാജ്യത്വ രാജ്യങ്ങളും യൂറോപ്യൻയൂണിയനും റഷ്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ നടന്ന ഈ റഷ്യ ആഫ്രിക്ക ഉച്ചകോടി വളരെ നിർണായകമായ ഒന്നാണ്. അതിന്റെ വിജയം അതുകൊണ്ടുതന്നെ ശ്രദ്ധേയവുമാണ്. ♦