Saturday, November 23, 2024

ad

Homeലേഖനങ്ങൾആസക്തിയുടെ യുഗവും ആഗോള സാമ്പത്തിക കോയ്മകളും

ആസക്തിയുടെ യുഗവും ആഗോള സാമ്പത്തിക കോയ്മകളും

ഡോ. കെ പി കൃഷ്ണൻകുട്ടി

ദ്യവും മയക്കുമരുന്നും മറ്റു പദാർത്ഥങ്ങളും നൽകുന്ന
ലഹരികൾ നിറഞ്ഞ വർത്തമാനകാലത്തെ ‘ആസക്തിയുടെ യുഗം’ എന്നാണ് ഡേവിഡ് കോർട് റൈറ്റ് വിളിക്കുന്നത്. (David T. Courtwright, The Age of Addiction: How Bad Habits Became Big Business, Cambridge: The Belknap Press of Harvard Unversity Press, 2019) ലഹരി വ്യവസായത്തിന്റെ വിപുലവും ശക്തവുമായ ശൃംഖലകളിലൂടെ ആഗോള കുത്തകകൾ വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിത വ്യവഹാരങ്ങളിലും ബോധമണ്ഡലങ്ങളിലും സമഗ്രാധിപത്യം ചെലുത്തുന്ന കാലഘട്ടത്തെ മറ്റെന്തു വിളിക്കും? മനുഷ്യരുടെ മസ്തിഷ്‌കഘടനയെയും അതിലൂടെ സാമൂഹ്യ പ്രക്രിയകളെയും ശക്തമായി സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലെ സാമ്പത്തികക്രമത്തെ ‘ലിംബിക്ക് ക്യാപിറ്റലിസം’ (Limbic Capitalism) എന്നാണ് കോർട്ട് റൈറ്റ് വിശേഷിപ്പിക്കുന്നത്.

എന്താണ് ലിംബിക്ക് ക്യാപ്പിറ്റലിസം? മസ്തിഷ്‌ക മുതലാളിത്തം. ലിംബിക്ക് പ്രദേശം (Limbic region) എന്നത് നാഡീവ്യൂഹശാസ്ത്ര (Neurology)ത്തിൽ പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഭാഗമാണ്. മനുഷ്യന്റെ ഓർമ്മ, സന്തോഷം, പ്രേരണ എന്നിവയെ നിയന്ത്രിക്കുകയാണ് ലിംബിക്ക് പ്രദേശത്തിന്റെ ശരീരശാസ്ത്രപരമായ ധർമ്മം. ഇവിടെയുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ പോലും വ്യക്തിയുടെ സ്വഭാവത്തെയും സാമൂഹ്യ വ്യവഹാരത്തെയും ആഴത്തിൽ സ്വാധീനിക്കും. ഇതു മനസിലാക്കി മസ്തിഷ്‌കത്തെ ലാഭത്തിന്റെ നഴ്സറികളാക്കി മാറ്റുകയാണ് ആഗോള സാമ്പത്തിക കുത്തകകൾ ജാഗ്രതാപൂർവ്വം ചെയ്യുന്നത്.

സമൂഹത്തിൽ നാനാവിധത്തിലുള്ള ആസക്തികളുണ്ട്. ജീവിതമാണ് ലഹരിയെന്ന് ചിലർ കവിത പറയും.  സംഗീതം, സിനിമ, കവിത, നൃത്തം എന്നിവ പലർക്കും അത്യാനന്ദം നൽകുന്നു. എന്നാൽ, സന്തോഷാനുഭൂതി നൽകുന്ന വസ്തുക്കളിൽ ചിലർ ഭ്രാന്തമായ അഭിനിവേശം കാട്ടുന്നു. ഇവയുടെ നിരന്തര ഉപയോഗത്തെയാണ് ആസക്തിയെന്ന്, പൊതുവേ വിവക്ഷിക്കുന്നത്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തിയുടെ സർവ്വനാശത്തിന് കാരണമാകുന്നതുകൊണ്ടാണ് അത് തിന്മയാകുന്നത്. ആസക്തൻ ശാരീരികമായും മാനസികമായും രോഗാതുരനാകുന്നു. സാമ്പത്തിക കെടുതികളിൽ ആഴ്ന്നുപോകുന്ന അയാൾ കുടുംബത്തിനും സമൂഹത്തിനും ശാപമാകുന്നു. രോഗഗ്രസ്തനും പരിഹാസ്യനുമാകുന്ന അയാളുടെ മരണം, പലപ്പോഴും, അയാൾക്കും മറ്റുള്ളവർക്കും ആശ്വാസവും മോചനവുമാണ്.

മനുഷ്യന്റെ ലഹരി ഉപയോഗത്തിന് സുദീർഘമായ ചരിത്രമുണ്ട്. ഇന്ത്യൻ  പുരാണങ്ങളിൽ സോമരസപാനത്തെക്കുറിച്ച് പരാമർശമുണ്ട്. ലോട്ടസ് (Lotos) സസ്യത്തിന്റെ പൂക്കൾ ഭക്ഷിച്ച് ആലസ്യത്തിന് അടിമകളാകുന്ന സൈനികരെക്കുറിച്ച് ഹോമർ ‘ഒഡിസി’ യിൽ ആഖ്യാനിച്ചിട്ടുണ്ട്. ഋഗ്വേദത്തിൽ സോമരസം തയ്യാറാക്കി പാനം ചെയ്താൽ ലഭിക്കുന്ന അതീന്ദ്രിയാനുഭൂതി വർണിക്കപ്പെടുന്നുണ്ട്. സിൽക്ക് പാതകളി(Silk Routes)ലൂടെ സഞ്ചരിച്ചിരുന്ന സാർത്ഥവാഹക സംഘങ്ങളുടെ ഭാണ്ഡങ്ങളിൽ ലഹരി ഉല്പാദിപ്പിക്കുന്ന സസ്യങ്ങളുടെയും ചെടികളുടെയും പൂവും കായു മുണ്ടായിരുന്നു. ഇന്ത്യൻ സുഗന്ധദ്രവ്യങ്ങൾ ധനിക റോമൻ അടുക്കളകളിൽ ലഹരിയുടെ അലകളുയർത്തിയിരുന്നു.

സന്തോഷവും അനുഭൂതിയും നൽകുന്ന ആശയങ്ങൾ, ഉപാധികൾ, പദാർത്ഥങ്ങൾ എന്നിവയുടെ ആഗോള കൈമാറ്റത്തിന് വാണിജ്യ സഞ്ചാരങ്ങൾ സഹായകമായി. ചീട്ടുകളി, ചൂതുകളി, പുകവലി, മദ്യപാനം, കഞ്ചാവിൽ നിന്നുള്ള ഉല്പന്നങ്ങൾ, പഞ്ചസാര, എന്നിവ വാണിജ്യ ബന്ധങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നു.  സാർത്ഥവാഹക സംഘങ്ങളുടെ ഭൂഖണ്ഡാന്തര യാത്രകളിലൂടെയാണ് മെഡിറ്ററേനിയൻ മുതൽ തെക്കു കിഴക്കൻ ഏഷ്യ വരെ വ്യാപിച്ചു കിടന്ന വാണിജ്യപാതയുടെ സ്വാധീന മേഖലകളിൽ വ്യവസായ വിപ്ലവ പൂർവ്വകാലത്ത് ലഹരി പദാർത്ഥങ്ങൾ പ്രചരിച്ചത്.

എന്നാൽ, വ്യവസായ വിപ്ലവാനന്തരം  മുതലാളിത്തം കൊളോണിയലിസമായി ആഗോളമായി വ്യാപിച്ചു. അതോടെ ലഹരി പദാർത്ഥങ്ങൾ ചരക്കും ആയുധവുമായി മാറി. ഏറ്റവും നല്ല ഉദാഹരണം ബ്രിട്ടനും  ഫ്രാൻസും ചൈനയുമായി നടത്തിയ കറുപ്പ് (opium) യുദ്ധങ്ങളാണ്. പരമ്പരാഗതമായി ചികിത്സാവശ്യത്തിന് ഉപയോഗിച്ചു പോന്ന കറുപ്പ് സുഖകരമായ ആലസ്യം ഉളവാക്കുന്നതായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 18, 19 നൂറ്റാണ്ടുകളിൽ കറുപ്പിനെ വാണിജ്യച്ചരക്കാക്കി മാറ്റി. കറുപ്പു ചെടിയുടെ കൃഷിയും ഉല്പന്ന ശേഖരണവും കുത്തകയാക്കാൻ 1857-ലും 1818-ലും പ്രത്യേക നിയമങ്ങൾ ബ്രിട്ടീഷുകാർ നടപ്പാക്കി. ഇന്ത്യയിൽ കറുപ്പ് ഉല്പാദിപ്പിച്ച് ചൈനയിൽ വിപണനം നടത്തുകയായിരുന്നു രീതി. ചൈനയുടെ ചരിത്രത്തിലെ കുപ്രസിദ്ധമായ രണ്ട് കറുപ്പ് യുദ്ധങ്ങൾ  ചൈനയിലേക്ക് കറുപ്പ് കടത്തുന്നത് സംബന്ധിച്ചായിരുന്നു. സൈനികശക്തിയുപയോഗിച്ചു മേൽക്കൈ നേടിയ ബ്രിട്ടൻ ഒരു ജനതയെ മുഴുവൻ കറുപ്പുതീനികളും അലസന്മാരുമാക്കി മാറ്റാൻ ശ്രമിച്ചു. ബംഗാൾ കേന്ദ്രീകരിച്ച് നടന്ന കറുപ്പുല്പാദനത്തിന് പുറമേ, അഖിലേന്ത്യാതലത്തിൽ അബ്കാരി (മദ്യത്തിന്റെയും ചാരായത്തിന്റെയും ഉല്പാദന- വിപണനത്തിലൂടെ ലഭിക്കുന്ന  നികുതി) വരുമാനത്തിന്റെ സാധ്യതയും  ബ്രിട്ടീഷുകാർ ആവോളം മുതലാക്കി.

വ്യക്തിക്കും സമൂഹത്തിനും ഹാനികരമായ ശീലങ്ങളിൽ സാമ്പത്തിക നിക്ഷേപവും ലാഭവും കണ്ടെത്തുന്ന പ്രവണത രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് ലോകമെമ്പാടും വ്യാപിച്ചത്. സദാചാര ധാർമ്മികമൂല്യങ്ങൾക്ക് പ്രാധാന്യം കല്പിക്കാതെ ചൂതാട്ട കേന്ദ്രങ്ങളും മദ്യശാലകളും വ്യഭിചാര കേന്ദ്രങ്ങളും  ധാരാളമായി സ്ഥാപിക്കപ്പെട്ടു. ലണ്ടനിലും പാരീസിലും ന്യൂയോർക്കിലും ഇവയ്ക്കായി പ്രത്യേക കേന്ദ്രങ്ങളുണ്ടായി. ചൂതാട്ടത്തിന്റെ ലോക തലസ്ഥാനമായ മക്കാവുവിനു പുറമേ, ബഹാമാസ്, സിംഗപ്പൂരിലെ മറീനാ ബേ, മോന്റി കാർലോ, നെവാഡയിലെ ലാസ് വേഗാസ് എന്നിവയാണവയിൽ കുപ്രസിദ്ധം. തിന്മയുടെ ആഗോള വിപണന കേന്ദ്രങ്ങളാണിവ. അതിസാഹസിക കുറ്റാന്വേഷക സിനിമകളിലെ വീരനായകനായ ജയിംസ് ബോണ്ടിന്റെ വിഹാരരംഗമായി സാമാന്യ ജനഭാവനയിൽ ഇടംപിടിച്ചവയാണ് ഇവിടങ്ങളിലെ കാസിനോകൾ. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ സാങ്കേതികവിദ്യകളാണ് ചൂതാട്ടകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ചാണ് ചൂതുകളി നിയന്ത്രിക്കപ്പെടുന്നത്.

കോളനികളെ ലഹരിപദാർത്ഥങ്ങൾക്ക് അടിമകളാക്കുന്ന മുതലാളിത്ത തന്ത്രം കുറേക്കൂടി വ്യാപകവും സങ്കീർണവും മാരകവുമായി വർത്തമാനകാല ആഗോള കുത്തക മൂലധനം പ്രയോഗിച്ചു കൊണ്ടിരിക്കുന്നു.  ലഹരി പിടിപ്പിക്കുന്ന പുതിയ വസ്തുക്കളും ശീലങ്ങളും സൃഷ്ടിച്ച് മനുഷ്യരെ മാനസികമായി ദുർബ്ബലരാക്കിയും ദുഷിപ്പിച്ചുമാണ് ഇവരിത് ചെയ്യുന്നത്. ജനങ്ങൾക്ക് സാധാരണജീവിതത്തിൽ ആവശ്യമില്ലാത്ത വസ്തുക്കൾ അനിവാര്യമെന്ന തോന്നൽ സൃഷ്ടിച്ചാണ് ഇത് സാധിക്കുന്നത്‌. ആധുനികകാലത്താണ് സന്തോഷാനുഭവം നൽകുന്ന വിഭവങ്ങളുടെ വൈവിധ്യവും ‘ജനാധിപത്യവത്‌കരണ’വുമുണ്ടായത്. പ്രിന്റ്, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ ആകർഷണീയമായ പരസ്യങ്ങളിലൂടെയാണ് തിന്മകളെ ശീലങ്ങളും ബോധ്യങ്ങളുമാക്കിയത്. വിസ്കിയും വോഡ്ക്കയും വൈനും ഹുക്കയും ചുരുട്ടും സിഗരറ്റും സംഗീതവും സിനിമയും ഫുട്ബോളും ക്രിക്കറ്റും റഗ്ബിയും ലോട്ടറിയും ചീട്ടുകളിയും ചൂതാട്ടവും അടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ വിപണി ഇന്ന് ശക്തമാണ്. വിനോദ വ്യവസായം (Entertainment industry) പോലെ ലഹരി പദാർത്ഥങ്ങളുടെ വിപുലമായ വ്യവസായ ശൃംഖലയും  ആഗോളമായി വ്യാപിച്ചിട്ടുണ്ട്. ഭക്ഷണപദാർത്ഥം പോലെ ചോക്കലേറ്റും കൊക്കക്കോളയും വിട്ടുമാറാത്ത ശീലമായി മാറുന്നു. പിസ്സ,  ചിപ്‌സ്, കുക്കീസ്, ഐസ് ക്രീം, ചീസ് ബർഗറുകൾ, ചിക്കൻ റോളുകൾ, പോപ്പ്കോൺ, സ്റ്റീക്ക് തുടങ്ങിയവയും ആസക്തി വളർത്തുന്നവയാണ്. ഇവയുടെയെല്ലാം പിന്നിൽ വൻ തോതിൽ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള ആഗോള കുത്തക താല്പര്യമാണുള്ളത്. മാക്ഡൊണാൾഡ് മാത്രം ഇരുപത്തിരണ്ടോളം ഭക്ഷ്യവിഭവങ്ങൾ ലോകമെമ്പാടുമുള്ള ഫാസ്റ്റ്ഫുഡ് വില്പന ശൃംഖലകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. സാധാരണ പദാർത്ഥങ്ങളെ അനാരോഗ്യകരമായ ഭക്ഷണ സാധനങ്ങളാക്കി മാറ്റുന്നതിന്റെ പര്യായമാണിന്ന് മാക് ഡൊണാൾഡൈസേഷൻ (Mcdonaldization) എന്ന പദം. ഫാസ്റ്റ്ഫുഡുകൾ അമിതവണ്ണത്തിനും പ്രമേഹരോഗത്തിനും അകാല വാർദ്ധക്യത്തിനും കാരണമാകുന്നു. മാത്രമല്ല, അന്തരീക്ഷതാപനത്തിന് കാരണമാകുന്ന കാർബൺ ഡയോക്സൈഡിന്റെ വർദ്ധനയ്ക്കും വ്യാപകമായ ഫാസ്റ്റ്ഫുഡ് ഉല്പാദനം ഇടയാക്കുന്നു. ഒരു പൗണ്ട് തൂക്കം ഹാംബർഗർ ശരാശരി 25 പൗണ്ട് കാർബൺ ഡയോക്സൈഡ് ഉത്സർജ്ജിക്കുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ആസക്തി സൃഷ്ടിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ വിപണനത്തെ ‘ലിംബിക്ക് ക്യാപ്പിറ്റലിസ’ത്തിന്റെ ലക്ഷണമായാണ് ഡേവിഡ് കോർട്ട്‌ റൈറ്റ് കരുതുന്നത്. അധികകാലം നീണ്ടുനിൽക്കാത്ത ഭക്ഷണപദാർത്ഥങ്ങൾ രൂപകല്പന ചെയ്ത്, ഉല്പാദിപ്പിച്ച്, ലോകമെമ്പാടും വിതരണം ചെയ്യുകയാണിവരുടെ തന്ത്രം. തുടക്കത്തിൽ ഇവ ഏറെ മാനസിക ഉത്തേജനം നൽകുന്നു. എന്നാൽ, കാലക്രമേണ മാരകമായ ഫലങ്ങളാണ് ഇവ ഉണ്ടാക്കുന്നത്.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉല്പന്നമായ കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈലുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ സൃഷ്ടിക്കുന്ന  ആസക്തിയാണ് ലഹരിയുടെ ലോകത്തെ നവാഗതൻ. ലോകത്തെക്കുറിച്ച് മനസിലാക്കാനും ജീവിതഗുണത വർദ്ധിപ്പിക്കാനും ആധുനിക ശാസ്ത്ര‐സാങ്കേതിക വിദ്യകൾ ഏറെ സഹായകമാണ്. എന്നാൽ, ഇവയെത്തന്നെ അതിവേഗ സാമ്പത്തിക വളർച്ചയ്ക്കുള്ള കുറുക്കുവഴിയായി ആഗോള കുത്തകവ്യവസായം ഇപ്പോൾ  ഉപയോഗിക്കുന്നു.  ചൂതാട്ട-യന്ത്ര ഭാഷ അവയ്ക്കടിപ്പെട്ടവരിൽ ഉണർത്തുന്ന മനോഭാവം ലഹരിപദാർത്ഥങ്ങളും ഭക്ഷ്യവസ്തുക്കളും കാണുമ്പോൾ ആസക്തർ കാട്ടുന്ന മനോഭാവത്തിന് സമാനമാണ്.  പ്രത്യേക മീഡിയാ ആപ്ലിക്കേഷനുകൾ ഉല്പാദിപ്പിച്ചാണ് യുവജനങ്ങളെ  അവർ ഇതിന്  ഇരകളാക്കുന്നത്. ലഹരിപിടിപ്പിക്കുന്ന വീഡിയോ ഗേയിമുകൾക്കും അശ്ളീല ദൃശ്യങ്ങൾക്കും അടിപ്പെട്ട് ധനവും ജീവനും നഷ്ടപ്പെടുത്തുന്ന കൗമാരക്കാരെക്കുറിച്ച് വാർത്തകൾ ധാരാളമുണ്ടാകുന്നുണ്ട്. സ്മാർട്ട് ഫോണുകളിലെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളായ ഫേസ് ബുക്കും ഇൻസ്റ്റഗ്രാമും മറ്റും യുവജനങ്ങളെ മാനസികമായി അടിപ്പെടുത്തുന്നു. ആൽക്കഹോളിസം പോലെയുള്ള ആസക്തി ഡിജിറ്റൽ ലഹരിക്കടിപ്പെട്ടവരിലും കാണാറുണ്ട്. ലൈംഗിക വ്യഭിചാരത്തിന്റെയും മയക്കുമരുന്നിന്റെയും വിപണി പ്രവർത്തിപ്പിക്കുന്ന മൊബൈൽ മാഫിയാ ഗൂഢസംഘങ്ങളുണ്ട്. ശ്രദ്ധാപൂർവ്വം അവർ സ്വന്തം ഉല്പന്നങ്ങൾ ഉപയോഗിച്ച് ഇരകളെ മാനസികമായി പരുവപ്പെടുത്തുന്നു. അതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉദാരമായി സംഭാവന ചെയ്തുകൊണ്ട് ലഹരിമാഫിയാകൾ സ്വന്തം തിന്മകൾക്ക് മറയിടാൻ ശ്രമിക്കാറുണ്ട്. മയക്കുമരുന്നു കോർപ്പറേറ്റുകൾ തന്നെ ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക്  മരുന്നു കണ്ടുപിടിക്കാനുളള ഗവേഷണത്തിന് ധനഹായം നൽകും.

സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ പിന്തുടർച്ചക്കാരായ ആഗോള സാമ്പത്തിക മൂലധനം തന്നെയാണ് വർത്തമാനകാലത്തെ മയക്കുമരുന്ന് ഡിജിറ്റൽ ലഹരികളുടെ അധിപതിയെന്നാണ് ഡേവിഡ് കോർട്ട്റൈറ്റ് പറയുന്നത്. കോടാനുകോടി മനുഷ്യരെ ശാരീരികമായും മാനസികമായും നശിപ്പിക്കുകയും ഭാവിതലമുറയ്ക്ക് ശാരീരികവും മാനസികവുമായ വൈകല്യം നൽകുകയും ചെയ്യുന്ന ഇവർ മനുഷ്യ വർഗത്തിന്റെ ശത്രുക്കളാണ്. ചൂഷണത്തിൽ അധിഷ്ഠിതമായ മുതലാളിത്തത്തിന്റെ പിന്തുടർച്ചയാണ് ആഗോളവത്‌കരണ കാലത്തെ ലിംബിക്ക് ക്യാപ്പിറ്റലിസത്തിലും കാണപ്പെടുന്നത്. ചൂഷണത്തിന്റെ ഏറ്റവും മനുഷ്യത്വരഹിതരൂപമായ അടിമത്തത്തിനെതിരെ പോരാടാൻ മനുഷ്യാവകാശ പ്രവർത്തകരുണ്ടായിരുന്നു. എന്നാൽ, പിൽക്കാലത്ത് സാമൂഹ്യതിന്മകൾക്കെതിരെ പോരാടുന്നവർക്ക് വിപണികേന്ദ്രിത സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചടിയുണ്ടായി. ക്ഷേമരാഷ്ട്ര (Welfare State) സങ്കല്പം വിപണിയുടെ അതിവിപുലീകരണത്തിന് മുൻതൂക്കം നൽകിയപ്പോൾ സ്വാതന്ത്ര്യമുൾപ്പടെയുള്ള എല്ലാ മാനവിക മൂല്യങ്ങളും പിന്തള്ളപ്പെട്ടു പോയി.

നവലിബറലിസത്തിന്റെ വിപണിവേദാന്തവും ആസക്ത ജനസഞ്ചയത്തിന്റെ സൃഷ്ടിയും പരസ്പരം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. അസമത്വത്തിന്റെ ഫലമായ  തൊഴിലില്ലായ്മയും ദാരിദ്ര്യവും ദുരിതവും അവഗണിച്ചു കൊണ്ട് നിക്ഷേപകർക്ക് ലാഭം നൽകൽ സാമ്പത്തിക പ്രവർത്തനത്തിന്റെ ഏക ലക്ഷ്യമായപ്പോൾ, ആകെത്തകർന്ന ആക്രി പെറുക്കുകാരായ കന്നാസും കടലാസും വരെ ബ്രൗൺ ഷുഗറും കള്ളും കഞ്ചാവും എം.ഡി.എം.എ. യും തേടിപ്പോകുന്നവരായി.
പകർച്ചവ്യാധിപോലെ  മയക്കുമരുന്ന് വ്യാപിക്കുന്നത് തടയാൻ നിയമത്തിന്റെ നിയന്ത്രണങ്ങളും ശക്തിയും അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ, ജനകീയ പ്രതിരോധം വളർന്നു വരേണ്ടതാവശ്യമാണെന്ന വാദമാണ് ഡേവിഡ് കോർട്ട്റൈറ്റ് ഉയർത്തുന്നത്. കേവലമായ മാനുഷിക മൂല്യബോധത്തിന്റെ അടിസ്ഥാനത്തിൽ ആസക്തികളിൽ മൂലധന നിക്ഷേപം നടത്തുന്നവരെ എതിർക്കുന്നവരുണ്ട്. അതുപോലെ, സോഷ്യലിസ്റ്റ് ചിന്താഗതിയോടെ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ആഗോളവത്കരണത്തെ എതിർക്കുന്നവരുമുണ്ട്. തിന്മയുടെ വാണിജ്യ സാമ്രാജ്യത്വ ഭീകരതയെ എതിർത്തു തോല്പിക്കാൻ സംഘടിത സമരം ആവശ്യമാണെന്ന് കോർട്ട് റൈറ്റ് വീറോടെ വാദിക്കുന്നു. മയക്കുമരുന്നു മാഫിയാ ശക്തികൾക്കെതിരെ നിയമ നടപടികളും വ്യാപകമായ ചെറുത്തുനില്പും സംഘടിത ജനകീയ സമരങ്ങളും ഏകോപിപ്പിക്കണമെന്ന് അദ്ദേഹം അടിവരയിടുന്നു.

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 3 =

Most Popular