എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതുപോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യന്ത്രങ്ങളെ സൃഷ്ടിക്കുന്ന ശാസ്ത്ര സാങ്കേതിക ശാഖയാണ് ചുരുക്കമായി എഐ എന്നു പറയുന്നത്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധി എന്നാണ് പൂർണരൂപം. ഇത് പുതിയൊരു ആശയം എന്ന് പറഞ്ഞുകൂട. വളരെ വർഷങ്ങളായി ജോൺ മക്കാർത്തി, അലൻ ട്യൂറിംഗ്, ജെഫ്രി ഹിന്റൺ തുടങ്ങി ഒരുപാട് കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തതാണ് ഇതിലെ അടിസ്ഥാനതത്വങ്ങൾ.
എഐ അധിഷ്ഠിത ഗവേഷണം
കമ്പ്യൂട്ടിംഗ് പവറിൽ സ്ഫോടനാത്മകമായ വളർച്ചയാണ് കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഉണ്ടായത്. എഐയുടെ ശരിയായ പ്രവർത്തനത്തിന് ഏറ്റവും ആവശ്യമുള്ളത് മികച്ച ഡേറ്റാ സെറ്റുകളാണ്. ഇന്റർനെറ്റിന്റെയും സാമൂഹ്യമാധ്യമങ്ങളുടെയും ശക്തമായ സാന്നിദ്ധ്യമുള്ള ഈ കാലഘട്ടത്തിൽ ഡേറ്റ മുഴുവൻ ഇപ്പോൾ ഡിജിറ്റൽ ആണ്. അതുകൊണ്ടുതന്നെ നാനാമേഖലകളിലേക്കുമുള്ള മികച്ച ഡേറ്റ സെറ്റുകൾ വളരെ കുറഞ്ഞ വിലയ്‌ക്ക് ഇപ്പോൾ ലഭ്യമാണ്. ശാസ്ത്രജ്ഞർ അവരുടെ ഗവേഷണങ്ങളുടെ സോഴ്സ് കോഡുകൾ സൗജന്യമായി ബാക്കിയുള്ളവർക്കുകൂടി ഉപയോഗിക്കാവുന്ന തരത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങൾ സ്റ്റോർ ചെയ്യാനുള്ള ചെലവിലുണ്ടായ ക്രമാതീതമായ കുറവ്, ഓപ്പൺ പ്ലാറ്റ്ഫോമുകളുടെ ലഭ്യത, ഇവയൊക്കെ നിർമ്മിതബുദ്ധിയെ കൂടുതൽ ജനകീയമാക്കി.
എ ഐ യുടെ ഉപശാഖകൾ
മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് എന്നിവയാണ് എഐയുടെ പ്രധാന ഉപശാഖകൾ. മനുഷ്യരെപ്പോലെ പഠനം, ന്യായവാദം, ഭാഷ, സർഗാത്മകത, അപഗ്രഥനം, ഉദ്ഗ്രഥനം തുടങ്ങി മനുഷ്യബുദ്ധിയുടെ എല്ലാ മേഖലകളും യന്ത്രങ്ങളിൽ വികസിപ്പിക്കുക എന്നതാണ് എഐയുടെ ആത്യന്തിക ലക്ഷ്യം.
യന്ത്രപഠനം
വ്യക്തമായ പ്രോഗ്രാമിംഗ് ഇല്ലാതെതന്നെ ഡാറ്റയിൽനിന്ന് പഠിക്കാനും അവയുടെ പ്രകടനം മെച്ചപ്പെടുത്താനും കഴിയുന്ന അൽഗോരിതങ്ങളെയും മോഡലുകളെയുംകുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് മെഷീൻ ലേണിംഗ് അഥവാ യന്ത്രപഠനം. എഐയുടെ ഏറ്റവും വലിയ ഉപശാഖയാണ് മെഷീൻ ലേണിംഗ്. സൂപ്പർ വൈസ്ഡ് ലേണിംഗ്, അൺ സൂപ്പർവൈസ്‌ഡ് ലേണിങ്, റീ‐ഇൻഫോഴ്‌സ്‌മെന്റ് ലേണിങ്, സെൽഫ്‐സൂപ്പർവൈസ്‌ഡ് ലേണിങ് എന്നിങ്ങനെ വിവിധതരം യന്ത്രപഠനങ്ങൾ ഇന്നു നിലവിലുണ്ട്.
ഡീപ് ലേണിംഗ്
തലച്ചോറിനെ മോഡൽ ചെയ്യുന്നുവെന്ന് ഗവേഷകർ അവകാശപ്പെടുന്ന ന്യൂറൽ നെറ്റ്‌വർക്കുകൾ വളരെ പേരുകേട്ട യന്ത്രപഠനം ആണ്. ഇത് പൊതുവായി ഡീപ് ലേണിംഗ് എന്ന് അറിയപ്പെടുന്നു.
മറ്റുരാജ്യങ്ങളിലെ വളർച്ച
അമേരിക്ക, ചൈന, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലെ എഐ സാങ്കേതികവിദ്യയുടെ സ്വീകാര്യതയും, കാര്യക്ഷമമായ ഉപയോഗവുമാണ് അവരുടെ വിജയരഹസ്യം. ഈ രാജ്യങ്ങളിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും കാർഷികമേഖലകളിൽ നിർമ്മിതബുദ്ധി നൽകുന്നത് അനന്തമായ സാധ്യതകളാണ്. 2016ൽ നിർമ്മിതബുദ്ധി അധിഷ്ഠിത കാർഷികമേഖലാ ഗവേഷണങ്ങളുടെ വിപണനമൂല്യം 43.2 കോടി ഡോളർ ആയിരുന്നെങ്കിൽ 2025 ആകുമ്പോൾ അത് 260 കോടി ഡോളർ ആകുമെന്ന് അനുമാനിക്കുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരെയും ഉൾപ്പെടുത്തികൊണ്ടുള്ള വളർച്ചയ്ക്കും സമൂഹത്തിലെ വരുമാന അസമത്വം കുറയ്ക്കാനും എ ഐയെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ കഴിയും. കൃഷിക്കിടയിലെ കളകൾ കൃത്യമായി കണ്ടുപിടിക്കാനും, വിളകൾക്ക് ദോഷംവരാതെ കളകളെ മാത്രം നശിപ്പിക്കാനുമുള്ള സങ്കേതങ്ങൾ പല വിദേശ രാജ്യങ്ങളിലും ഉപയോഗിച്ചുവരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് നടീൽ പ്രവർത്തികൾ, വൃക്ഷങ്ങളുടെ ശിഖരം മുറിക്കുക, വിളവെടുക്കുക, കീടനാശിനി തളിക്കുക തുടങ്ങിയ ജോലികളും എഐയുടെ സഹായത്താൽ വളരെ ഫലപ്രദമായി ചെയ്യുന്നു. ഇതിന്റെ ബാക്കിപത്രം വമ്പിച്ച ഉത്പാദനക്ഷമതയാണ്.
വിത്തും നടീൽ വസ്തുക്കളും
കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഗുണമേന്മയുള്ള നിരവധി സങ്കേതങ്ങൾ വളരെ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ നിർമ്മിത ബുദ്ധിക്ക് സാധിക്കും. കൃഷിക്കാർ കൃഷിചെയ്യുന്ന ചെടികളിലെ അസുഖങ്ങളെപ്പറ്റിയുള്ള അറിവ്, മണ്ണിന് പറ്റിയ പോഷകങ്ങളെപ്പറ്റിയുള്ള വിവരം, ജലസേചനത്തിന്റെ ഏറ്റക്കുറച്ചിൽ തുടങ്ങിയവയെ സംബന്ധിച്ച തൽസമയ ഉപദേശങ്ങളും നിർദേശങ്ങളും നൽകാൻ എഐയ്ക്ക് കഴിയും. ഈ അറിവുകളുടെ അടിസ്ഥാനത്തിൽ ഒരു പ്രദേശത്ത് അനുയോജ്യമായ നടീൽ വസ്തുക്കൾ, വിത്തുകൾ എന്നിവ തെഞ്ഞെടുക്കാൻ കർഷകർക്ക് സാധിക്കും.
കൃഷിക്കിടയിലെ പ്രതിസന്ധികൾ
കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച് അവർ നേരിടുന്ന പ്രതിസന്ധികൾ പലതാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന തീവ്ര മഴ, വരൾച്ച, ശക്തിയായ കാറ്റ് ഇവയെല്ലാം കൃഷിക്കിടയിലെ പ്രതിസന്ധികളിൽപ്പെടുന്നു. വളങ്ങൾ, കീടനാശിനി എന്നിവയുടെ അശാസ്ത്രീയമായ ഉപയോഗം, ജലവിതാനത്തിൽ ഉണ്ടാകുന്ന കുറവ് ഇവയും വിളനാശത്തിന് കാരണമാകുന്നു. ഇവയെ സംബന്ധിച്ച് യഥാസമയം എഐ വിവരങ്ങളും ഉപദേശങ്ങളും നൽകുന്നതുകൊണ്ട് കാര്യമായ പ്രതിവിധി ചെയ്യാൻ കഴിയും. തന്മൂലം വിളനാശത്തിന്റെ അളവ് കാര്യമായി കുറയ്ക്കാൻ കഴിയും.
കാർഷിക വിഭവങ്ങളുടെ സംഭരണം
കാർഷികവിളകൾ ദീർഘകാലത്തേയ്ക്ക് സംഭരിച്ചുവെയ്ക്കാനുള്ള സങ്കേതങ്ങളുടെ കുറവ് കർഷകർക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നു. ഉല്പാദനത്തിന്റെ അളവും, ഉല്പാദനക്ഷമതയും ഇപ്പോൾ വളരെ കുറവാണ്. ഇവയും കർഷകരുടെ നഷ്ടം കൂട്ടുന്നു. സംഭരണം വളരെ അനായാസമാക്കാനും ദീർഘനാളത്തേയ്ക്ക് കേടുവരാതെ സൂക്ഷിക്കാനും നിർമ്മിതബുദ്ധി പ്രയോഗിക്കുന്നതിലൂടെ കഴിയും.
വിതരണവും വിപണനവും
കാർഷിക മേഖലകളിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ചു തുടങ്ങിയതിന്റെ ഫലമായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ക്രമാതീതമായ വളർച്ച ഉണ്ടായതായി കാണാൻ കഴിയും. ഉല്പാദനക്ഷമത വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന ഉല്പന്നങ്ങൾ വൈവിധ്യവൽക്കരിച്ച് വിപണികളിലും സംഭരണകേന്ദ്രങ്ങളിലും എത്തിക്കുക കൂടുതൽ എളുപ്പമാകും. ഏറ്റവും പ്രധാനം ഡിമാന്റ് മുൻകൂട്ടി അറിയുക എന്നതാണ്. അതുമൂലം ആവശ്യക്കാർക്ക് വസ്തുക്കൾ യഥാസമയം എത്തിച്ചുകൊടുക്കാനും ഭക്ഷ്യവസ്തുക്കൾ ചീഞ്ഞുപോകാതെ സൂക്ഷിക്കാനും കഴിയും.
ട്രാൻസ്പോർട്ടിംഗ് ചെലവിലെ വർദ്ധനവ്, ആവശ്യമായ മാർക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥ, മാർക്കറ്റുകളെ സംബന്ധിച്ച വിവരത്തിന്റെ ലഭ്യതക്കുറവ്, പ്രോസസിംഗ് യൂണിറ്റുകളുടെ കുറവ്, അവയുടെ പ്രവർത്തനവൈകല്യം, സ്റ്റോറേജ് സൗകര്യങ്ങളുടെ അപര്യാപ്തത, വില നിർണ്ണയിക്കാൻ കർഷകർക്ക് കഴിയാത്ത അവസ്ഥ, വിലയിൽവരുന്ന വലിയ ഏറ്റക്കുറച്ചിൽ എന്നിവയൊക്കെ നിലവിലെ മാർക്കറ്റിംഗ് സമ്പ്രദായങ്ങളുടെ വലിയ പോരായ്മ തന്നെയാണ്. വെയിലത്തും മഴയത്തും അദ്ധ്വാനിക്കുന്ന കർഷകന്റെ കീശ കാലിയാക്കലാണ് ഇതിന്റെ അനന്തര ഫലം.
കർഷകന്റെ വരുമാനം നിലനിർത്താനും, വർദ്ധിപ്പിക്കാനും എഐയുടെ ശരിയായ ഉപയോഗം വളരെ ഗുണം ചെയ്യും. കൃഷിക്കാർക്കും കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും ഗുണമേന്മയുള്ള നിരവധി സങ്കേതങ്ങൾ വളരെ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ നിർമ്മിതബുദ്ധിക്ക് കഴിയും. അതിനുവേണ്ടി അവർക്ക് സമഗ്രമായ പരിശീലനം നല്കേണ്ടതാണ്. ഐറ്റി രംഗത്ത് വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ, ഐറ്റിയുടെ ഭാഗമായ എഐയ്ക്ക് ഇനിയും വളരെ ഉന്നതങ്ങളിലെത്താൻ കഴിയും. ♦