മണിപ്പൂരിൽ വംശീയ അസ്വാസ്ഥ്യം തുടങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞു. 40 ലക്ഷത്തോളം ജനസംഖ്യയുള്ള ആ വടക്കു കിഴക്കൻ സംസ്ഥാനത്ത് ഇതുവരെയായി ഏതാണ്ട് ഇരുന്നൂറു പേർ കൊല്ലപ്പെട്ടതായും 300ൽ പരം പേർക്ക് പരിക്കേറ്റതായും 55,000 ൽ പരം പേർ ഭവനരഹിതരായതായും റിപ്പോർട്ടു ചെയ്യപ്പെടുന്നു. ബിജെപിയാണ് അവിടെ അധികാരത്തിലുള്ളത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് അവിടെ 2017 മുതൽ ഭരണത്തിലുള്ളത്. 2022ൽ വീണ്ടും അവിടെ എൻ ബിരേൻ സിങ്ങിന്റെ (ബിജെപി) നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയാണ് ഭരണത്തിൽ വന്നത്. മെയ്ത്തി വിഭാഗത്തെ കൂടി പട്ടികവർഗ വിഭാഗത്തിൽപ്പെടുത്തണം, അവർക്ക് അതുവഴി സംവരണാദിയായ ആനുകൂല്യങ്ങൾ ലഭ്യമാകണം എന്ന ആവശ്യം മണിപ്പൂർ ഹെെക്കോടതി അംഗീകരിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് വർഗീയ കലാപമായി അത് മാറുകയാണുണ്ടായത്.
ഏതൊരു കലാപത്തിലും എന്നപോലെ മണിപ്പൂരിലും ഏറ്റവും അധികം ആക്രമണവിധേയരായത് സ്ത്രീകളാണ്. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നു, അവരെ നഗ്നരാക്കി മുന്നിൽനിർത്തി അക്രമിസംഘം തെരുവിലൂടെ നടത്തിക്കൊണ്ടുപോകുന്നു എന്നിങ്ങനെ സ്ത്രീകൾക്കെ-തിരായി ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നതിന്റെ തെളിവുകൾ വീഡിയോ ദൃശ്യങ്ങളായി ഇതിനകം പുറത്തുവന്നുകഴിഞ്ഞു.
ഇത്തരം പരാതികളിൽ ആകെ 6,500 എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ അവയിൽ എത്രയെണ്ണത്തിൽ കേസെടുത്തു, അനേ–്വഷണം നടത്തി, പ്രതികളെ കണ്ടെത്തി തുടർനടപടികൾ കെെക്കൊണ്ടു എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനു മണിപ്പൂർ സർക്കാരിന്റെ അഭിഭാഷകയ്ക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. ആ സംസ്ഥാനത്ത് ക്രമസമാധാന സംവിധാനം ആകെ താറുമാറായിരിക്കുന്നു എന്നു കണ്ട് സുപ്രീംകോടതി മണിപ്പൂർ ഡിജിപി ആഗസ്ത് 7ന് കോടതിയിൽ ഹാജരാകാൻ അവിടത്തെ ഭരണാധികാരികളും പൊലീസും അക്രമികളെ സഹായിക്കുന്നതിനെയും തക്കസമയത്ത് നടപടി കെെക്കൊണ്ട് സമാധാനം സ്ഥാപിക്കുന്നത് ഫലപ്രദമായി പ്രവർത്തിക്കാത്തതിനെയും കോടതി നിശിതമായി വിമർശിച്ചിട്ടുണ്ട്.
ഇപ്പോൾ മണിപ്പൂർ പൊലീസ് ഈ കേസുകൾ കെെകാര്യം ചെയ്യുന്നത് പക്ഷപാതപരമായിട്ടാണെന്നു കണ്ട സുപ്രീംകോടതി കേസനേ-്വഷണത്തിനു പ്രത്യേക അനേ-്വഷണ സംഘത്തെ ചുമതലപ്പെടുത്തുന്നത് പരിഗണനയിലാണെന്ന സൂചനയും നൽകുന്നു. മാത്രമല്ല, കേസ് സിബിഐക്ക് വിടാനുള്ള മണിപ്പൂർ സർക്കാരിന്റെ തീരുമാനത്തെയും കോടതി സ്റ്റേ ചെയ്തു. ഈ കേസിൽ സുപ്രീംകോടതിയുടെ ഇതേവരെയുള്ള ഇടപെടലും പ്രതികരണവും മണിപ്പൂർ സർക്കിനു മാത്രമല്ല, ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നടപടികൾക്ക് ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാരിനും ബിജെപി–ആർഎസ്-എസ് നേതൃത്വത്തിനും ഏൽക്കുന്ന കനത്ത തിരിച്ചടിയാണ്. പാർലമെന്റിൽ പോലും മണിപ്പൂർ പ്രശ്നം ചർച്ച ചെയ്യാനോ പ്രധാനമന്ത്രി മറുപടി പറയാനോ തയ്യാറാകാതെ ഒളിച്ചോടുന്നതായാണ് കാണുന്നത്. സംഘപരിവാറിന്റെ വർഗീയധ്രുവീകരണ അജൻഡയാണ് മണിപ്പൂരിൽ ഇപ്പോൾ അരങ്ങേറുന്നത്.
കഴിഞ്ഞ ഒരു ആഴ്ചയോളമായി ഡൽഹിയോട് ചേർന്നു കിടക്കുന്ന ഹരിയാനയിലും അക്രമം നടക്കുകയാണ്. നൂഹിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. തുടർന്നു ഗുഡ്ഗാവിനു തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലായി. ന്യൂനപക്ഷങ്ങൾക്കുനേരെയാണ് അക്രമങ്ങൾ. അവരുടെ ആരാധനാലയങ്ങളും കടകളും മറ്റും ആക്രമിക്കപ്പെട്ടു. ഒരു ഇമാമിനെ വെടിവച്ചു കൊന്നും സംഘപരിവാർ സംഘടനകളായ ബജ്റംഗ് ദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയിലാണ് നാലു ജില്ലകളിൽ കലാപം കെട്ടഴിച്ചുവിട്ടത്. രണ്ടായിരത്തോളം പേർ ക്ഷേത്രത്തിൽ ബന്ദികളാക്കപ്പെട്ടിരിക്കുന്നു എന്ന സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ഫലത്തിൽ സംസ്ഥാനമാകെ സംഘപരിവാരത്തിന് അഴിഞ്ഞാടാനുള്ള പച്ചക്കൊടിയായി മാറി.
സുപ്രീംകോടതിയിൽ നിന്ന് മണിപ്പൂർ വിഷയത്തിൽ സംഘപരിവാറിന് തലമണ്ട തകർക്കുന്ന അടിയേറ്റുകൊണ്ടിരിക്കുന്ന അതേ ദിവസങ്ങളിൽ തന്നെയാണ് ബിജെപി അധികാരത്തിലിരിക്കുന്ന ഹരിയാനയിൽ ആർഎസ്-എസ് അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം.
ഏതാനും ദിവസംമുൻപാണ് ഭീമാ കൊറേഗാവ് കേസിൽ സുപ്രീംകോടതിയിൽനിന്ന് കേന്ദ്ര സർക്കാരിന് തിരിച്ചടിയാകുന്ന മറ്റൊരു വിധി ഉണ്ടായത്.
മഹാരാഷ്ട്രയിലെ ഭീമാകൊറോഗാവിൽ വർഷം മുമ്പ് നടന്ന ഒരു സംഭവത്തോട് അനുബന്ധിച്ച് മോദി സർക്കാർ യുഎപിഎ ചുമത്തി തടവിലാക്കിയ വെർണംഹോൺ സാൽവസിനും അരുൺ ഫെറേറയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രശസ്തരായ എഴുത്തുകാരെയും അഭിഭാഷകരെയും മറ്റുമാണ് ഈ കേസിൽ പെടുത്തിയത്. ഈ കേസും തെളിവുകളുമെല്ലാം തന്നെ സർക്കാർ കെട്ടിച്ചമച്ചതാണ് എന്ന സൂചനയെ ഈ വിധി ബലപ്പെടുത്തുന്നു.
രാജ്യത്തെ വർഗീയമായി ധ്രുവീകരിക്കുകയും എതിർശബ്ദങ്ങളെ തല്ലിക്കെടുത്താൻ കരിനിയമങ്ങൾ പ്രയോഗിച്ച് പ്രശ്സത ബുദ്ധി ജീവികളെയും ആക്ടിവിസ്റ്റുകളെയും തുറുങ്കിലടയ്ക്കുകയും ചെയ്യുന്ന സംഘപരിവാർ നിയന്ത്രിത മോദി സർക്കാർ നയത്തിനെയാണ് സുപ്രീംകോടതി അടുത്തടുത്തായി രണ്ട് വിധി ന്യായങ്ങളിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്. ബിജെപി ഗവൺമെന്റിന്റെ ചെയ്തികൾ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും നാട്ടിലെ നിയമങ്ങൾക്കും നിരക്കുന്നതല്ല എന്നാണ്, നിയമവാഴ്ചയുടെ തന്നെ നിഷേധമാണ് എന്നാണ് സുപ്രീംകോടതി കർക്കശമായ ഭാഷയിൽ കേന്ദ്ര സർക്കാരിന് താക്കീത് നൽകുന്നത്.
രാജ്യത്തെ വർഗീയമായി ചേരിതിരിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടും ജനങ്ങളിൽ അന്യമതവിദേ–്വഷം ശക്തിപ്പെടുത്തിയും 2024ലെ തിരഞ്ഞെടുപ്പു വിജയം അനായാസമാക്കാമെന്നാണ് ബിജെപിയും മോദി സർക്കാരും കരുതുന്നത്. ഒപ്പം ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളുന്നയിക്കുന്നവരെയും മോദിയെയും സംഘപരിവാറിനെയും വിമർശിക്കുന്നവരെയും സേ–്വച്ഛാധിപത്യ നടപടികളിലൂടെ അടിച്ചൊതുക്കി ഫാസിസ്റ്റ് തേർവാഴ്ച നടത്താമെന്നും അവർ കരുതുന്നു. അതിനെതിരെ ശക്തമായ ചെറുത്തു നിൽപ്പാണ് രാജ്യത്ത് ഉയർന്നുവരേണ്ടത്.സുപ്രീം കോടതിയുടെ ഈ രണ്ട് വിധികൾ ഇത്തരം ചെറുത്തുനിൽപ്പുകൾക്ക് കരുത്തു പകരുന്നു. ♦
ചിന്ത ജന്മദിനപതിപ്പ് 2023 ചിന്തയുടെ ആഗസ്ത് 18, 25 എന്നീ ലക്കങ്ങൾ ചേർത്ത് 148 പേജുകളുള്ള ഒറ്റലക്കമായാണ് ജന്മദിനപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. അതിനാൽ അടുത്ത ലക്കം (ആഗസ്ത് 18) പ്രസിദ്ധീകരിക്കുന്നതല്ല. മാധ്യമമേഖലയിലെ കുത്തകകൾ സമ്മതി നിർമിതിക്കായി നടത്തുന്ന ഇടപെടലുകളെയും അതിനനുസൃതമായി വാർത്തകളെ വക്രീകരിക്കുന്നതിനെയും തുറന്നുകാട്ടുന്ന ആഴത്തിലുള്ള പഠനങ്ങളാണ് ജന്മദിനപ്പതിപ്പിലെ വിഷയം. കൂടാതെ ചിന്തവാരികയുടെ 60–ാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറുപതിറ്റാണ്ടിനുള്ളിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ ചിന്ത നടത്തിയ ഇടപെടലുകൾ അനുസ്മരിക്കപ്പെടുന്നു. ഈ കാലയളവിൽ ചിന്തയിൽ പ്രവർത്തിച്ചവരെയും അവരുടെ സേവനങ്ങളെയും അടയാളപ്പെടുത്തുന്നു. പത്രാധിപർ |