സിപിഐ (എം) ഝാർഖണ്ഡ് സംസ്ഥാനകമ്മിറ്റി അംഗവും ആദിവാസി അധികാർ മഞ്ചിന്റെ ഛോട്ടാനാഗ്പൂർ മേഖലാ കൺവീനറും ഡിവൈഎഫ് ഐ റാഞ്ചി ജില്ലാ സെക്രട്ടറിയുമായിരുന്ന സുഭാഷ് മുണ്ടെ റാഞ്ചി ദലാദലി ചൗക്കിലെ സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസിൽ വെച്ചാണ് മാഫിയാ സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. എട്ടുതവണയാണ് അവർ മുണ്ടെയ്ക്കു നേരെ വെടിയുതിർത്തത്. സുഭാഷ് മുണ്ടെ എന്ന ജനകീയ നേതാവിനെ ഇല്ലാതാക്കുക എന്നതുതന്നെയാണ് കൊലയാളികൾ ലക്ഷ്യമിട്ടത്. 2000 ൽ ബീഹാർ വിഭജിച്ച് ഝാർഖണ്ഡ് രൂപീകൃതമാവുംമുമ്പേ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സെമീന്ദർമാർക്കെതിരെ നടന്ന ഭൂസമരങ്ങളിൽ 3 പേർ രക്തസാക്ഷികളായി ആ മണ്ണിലാണ് സുഭാഷ് മുണ്ടെയുടെ രാഷ്ട്രീയ സമരജീവിതം രൂപം കൊണ്ടുവന്നത്. ആദിവാസി സമൂഹങ്ങളുടെ ഐതിഹാസിക പോരാട്ടങ്ങളുടെ ഭൂമികയാണ് ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയോടു ചേർന്നുകിടക്കുന്ന ദലാദലിം. സിപിഐ എം നേതൃത്വത്തിൽ ഉയർന്നുവന്ന നിരവധി ഭൂസമരങ്ങളിൽ സുഭാഷ് മുണ്ടെയുടെ മുത്തച്ഛൻ സുക്രിമുണ്ടെ നേതൃത്വപരമായി പങ്കുവഹിച്ചിരുന്നു. ഝാർഖണ്ഡിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുകൂടിയായിരുന്നു അദ്ദേഹം. ഭൂവുടമകൾക്കെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന് ഒരു കാൽ നഷ്ടപ്പെട്ടു. അങ്ങനെയൊരു വിപ്ലവപാരമ്പര്യ പശ്ചാത്തലത്തിൽ നിന്നാണ് സുഭാഷ് മുണ്ടെ രാഷ്ട്രീയമായി ഉയർന്നുവന്നത്. ആദിവാസികളുടെയും ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടങ്ങളുടെ മുൻനിരയിലായിരുന്നു എപ്പോഴും. ഇതോടെ അദ്ദേഹം ഖനിഭൂമാഫിയകളുടെ കണ്ണിലെ കരടായി. അദ്ദേഹം കൊല്ലപ്പെടുന്ന അതേ ദിവസംതന്നെയാണ് പാർലമെന്റ് നടപടികളെയെല്ലാം കാറ്റിൽപറത്തി, ഒരു ചർച്ചപോലും കൂടാതെ മോഡി സർക്കാർ 1980-ലെ വനനിയമം കോർപറേറ്റുകൾക്കനുകൂലമായ വിധത്തിൽ ഭേദഗതി വരുത്തി പാസാക്കിയത്. അതുപോലെ ഖനനനിയമത്തിലും ഭേദഗതി വരുത്തി. വലിയ വിഭവക്കൊള്ളയ്ക്ക് വഴിയൊരുക്കുന്നതാണ് ഈ ഭേദഗതികൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഖനിങ്ങളും വനവിഭവങ്ങളുമുള്ള സംസ്ഥാനങ്ങളാണ്. ബീഹാറിന്റെ ഭാഗമായിരുന്ന ഝാർഖണ്ഡും മധ്യപ്രദേശിന്റെ ഭാഗമായിരുന്ന ഛത്തീസ്ഗഢും. അതുകൊണ്ടുതന്നെ കോർപ്പറേറ്റുകൊള്ളയ്ക്കെതിരെയുള്ള പോരാട്ടങ്ങൾ ഇവിടങ്ങളിൽ ശക്തമായി. ഭൂപ്രഭുക്കളായ സെമീന്ദാർമാർക്കും ഖനി മാഫിയകൾക്കുമെതിരെയുള്ള പോരാട്ടത്തിന്റെയും ചെറുത്തുനിൽപിന്റെയും സുദീർഘമായ ചരിത്രം ഝാർഖണ്ഡിലെ ദല്ലി രാജ്ഹാര ഖനിനഗരിയിലെ തൊഴിലാളിയൂണിയനായ ഛത്തീസ്ഗഢ് മുക്തി മോർച്ചയുടെ സ്ഥാപകനായ ഖനിമാഫിയകൾക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ശങ്കർഗുഹ നിയോഗിയുടെ സ്മാരകം ഉൾപ്പെടുന്ന 52 ഏക്കർ ഭൂമി കോർപ്പറേറ്റുകൾക്കുവേണ്ടി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭം നയിച്ചത് സുഭാഷ് മുണ്ടെ ആയിരുന്നു. ഈ പോരാട്ടങ്ങളുടെയെല്ലാം നെടുതൂണായിനിന്ന സുഭാഷ് മുണ്ടെ ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മാറി. ഈ ജനകീയതയാണ് രണ്ടു പ്രാവശ്യം ഹതിയ നിയമസഭാ മണ്ഡലത്തിലും മന്ഥർ ഉപതിരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരമൊരുക്കിയത്. തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും വർധിച്ച വോട്ടുകൾ അദ്ദേഹത്തിനുള്ള ജനപിന്തുണയുടെ തെളിവായി. ഈ ജനകീയതയും ഖനിമാഫിയകളുടെ താൽപര്യങ്ങൾക്ക് വിഘാതമായി നിന്നതുമാണ് മനുഷ്യസ്നേഹിയായ ആ കമ്യൂണിസ്റ്റിനെ ഉന്മൂലനം ചെയ്യുന്നതിന് കാരണമായത്. മോഡി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്താകെ ഹിന്ദുത്വ-കോർപറേറ്റ് സഖ്യം എല്ലാം കയ്യടക്കുമ്പോൾ സുഭാഷ് മുണ്ടെയുടെ രക്തസാക്ഷിത്വത്തിനും അദ്ദേഹം നയിച്ച പോരാട്ടങ്ങൾക്കും പ്രസക്തിയേറുന്നു. ആ പോരാട്ടങ്ങൾ ഏറ്റെടുക്കുകയും കൂടുതൽ ശക്തിപകരുകയും ചെയ്യുക എന്നതായിരിക്കും അദ്ദേഹത്തിനു നൽകാൻ കഴിയുന്ന ഏറ്റവും ഉചിതമായ അന്ത്യാഞ്ജലി. ♦