Sunday, May 19, 2024

ad

Homeപുസ്തകംആൺകോയ്മാ ലോകത്തിന്റെ ചരിത്രവും വർത്തമാനവും

ആൺകോയ്മാ ലോകത്തിന്റെ ചരിത്രവും വർത്തമാനവും

ശ്രീജിത്ത് ശിവരാമൻ

ലോകമെമ്പാടുമുള്ള സ്ത്രീവിമോചന പോരാട്ടങ്ങളിൽ എന്നും ഉയർന്നു കേൾക്കുന്ന ഒരു പ്രശ്നമാണ് ആൺകോയ്മാലോകത്തിനു എന്തെങ്കിലും ജൈവശാസ്ത്രപരമായ സാധുതയുണ്ടോ എന്നത്. ഈ പ്രശ്നത്തിനുള്ള ശാസ്ത്രീയവും ചരിത്രപരവുമായ ഉത്തരം നൽകാനാണ് “പാട്രിയാർക്ക്സ്: ഹൌ മെൻ കേം ടു റൂൾ’ എന്ന പുസ്തകത്തിലൂടെ ശാസ്ത്രപ്രചാരകയും ഗവേഷകയുമായ ആൻജെല സെയ്നി ശ്രമിക്കുന്നത്. ലിംഗചൂഷണവുമായി ബന്ധപ്പെട്ട് ഏംഗൽസ് മുന്നോട്ടുവച്ച ‘സ്ത്രീയുടെ ചരിത്രപരമായ ആദ്യ തോൽവി’ എന്ന സങ്കൽപ്പത്തെ ആധുനിക നരവംശശാസ്ത്ര‐പുരാവസ്തുശാസ്ത്ര തെളിവുകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാനുള്ള ധീരമായ ശ്രമമാണ് ആൻജെല സെയ്നിയുടേത്. ‘ഇൻഫീരിയർ:ഹൌ സയൻസ് ഗോട്ട് വിമെൻ റോങ്’ എന്ന ആദ്യ പുസ്തകത്തിലൂടെ ശാസ്ത്രഗവേഷണരംഗത്തെ സ്ത്രീവിരുദ്ധ മുൻവിധികളേയും, പക്ഷപാതിത്വങ്ങളെയും തുറന്നുകാട്ടാനും പുരുഷമേൽക്കോയ്മക്ക് യാതൊരു ജീവശാസ്ത്രാടിസ്ഥാനവുമില്ലെന്ന് തുറന്നു കാട്ടാനും സെയ്‌നിക്ക് കഴിഞ്ഞിരുന്നു. ഒരർത്ഥത്തിൽ കൂടുതൽ വിശാലമായ മേഖലകളിലേക്കുകൂടി ഈ അന്വേഷണങ്ങളെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.

കഴിഞ്ഞ രണ്ടുലക്ഷത്തിലേറെ വർഷമായി ഭൂമുഖത്ത് മനുഷ്യസമൂഹമുണ്ട്, ഈ കാലമെല്ലാം ആണധികാര കാലങ്ങളായിരുന്നോ? അല്ലെന്നാണ് നരവംശശാസ്ത്രപരവും ചരിത്രപരവുമായ തെളിവുകൾ സൂചിപ്പിക്കുന്നത്. സമീപകാലം വരെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മാതൃദായകുടുംബങ്ങൾ നിലനിൽക്കുകയും ചെയ്തിരുന്നു. കേരളത്തിലെ നായർ സമുദായത്തിന്റെ അനുഭവവും , മേഘാലയയിലെ ഖാസി സമുദായത്തിൽ ഇന്നും നിലനിൽക്കുന്ന മാതൃദായ കുടുംബക്രമവുമെല്ലാം വിശദമായ പരിശോധനയ്ക്ക് സെയ്‌നി വിധേയമാക്കുന്നുണ്ട്. തെളിവുകൾ ലഭ്യമായ ഏറ്റവും പുരാതന സംസ്കാരങ്ങളിലൊന്ന് ക്രിസ്തുവിനും 7400 വർഷം മുന്നേ തുർക്കിയിൽ നിലനിന്നിരുന്ന ശാത്താൽഹോയ്‌ക്ക് സംസ്കാരമാണ്. ഈ മേഖലയിലെ പര്യവേഷണങ്ങളിൽ ലഭ്യമായ ‘ശാത്താൽഹോയ്‌ക്കിലെ ഉപവിഷ്ടയായ സ്ത്രീ’ എന്ന അധികാരപ്രയോഗിനിയായ സ്ത്രീ ശില്പമാണ്. ഫ്യൂഡൽ കാലങ്ങളിലെ ‘കാമരൂപിയായ’ സ്ത്രീശില്പങ്ങളിൽ നിന്ന് വിഭിന്നമായ ഒന്നായിരുന്നു ശാത്താൽഹോയ്‌ക്കിലെ സ്ത്രീരൂപം. തുടർന്നിങ്ങോട്ട് സമാനമായ നിരവധി ശില്പങ്ങൾ വ്യത്യസ്തമായ നാഗരികതകളിലും സമൂഹങ്ങളിലും ലഭ്യമായതിന്റെ അനുഭവങ്ങൾ സെയ്‌നി വിശകലനം ചെയ്യുന്നു.

ബി സി നാലാം നൂറ്റാണ്ടു മുതൽ തത്വചിന്തയെ നിരവധി നൂറ്റാണ്ടുകൾ സ്വാധീനിച്ച അരിസ്റ്റോട്ടിൽ കരുതിയത് സ്ത്രീയും പുരുഷനും തമ്മിലുള്ളത് ഭരിക്കുന്നവനും ഭരിക്കപ്പെടേണ്ടവളും തമ്മിലെ ബന്ധമാണെന്നും അത് പ്രകൃതിനിശ്ചയമാണെന്നുമായിരുന്നു. ലോകമെമ്പാടുമുള്ള വ്യത്യസ്തമതങ്ങളും ഈ മേൽകീഴ് ബന്ധത്തെ സ്വാഭാവികവും പ്രകൃതിപരവുമായി വ്യാഖ്യാനിച്ചു. 1680ൽ പാട്രിയാർക്ക എന്ന തന്റെ കൃതിയിൽ ബൈബിളിനെയും പ്രാചീന വിശ്വാസസംഹിതകളെയും ആധാരമാക്കി പിതൃദായക്രമം ദൈവദത്തമാണെന്ന് സ്ഥാപിക്കാൻ സർ റോബർട്ട് ഫിൽമർ ശ്രമിച്ചു. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന തോമസ് ജെഫേഴ്‌സൺ അഭിപ്രായപ്പെട്ടത് “സ്ത്രീകളുടെ മൃദുലസ്തനങ്ങൾ രാഷ്ട്രീയത്തിന്റെ ഞെരുക്കത്തിന് പാകമല്ലെ’ന്നായിരുന്നു. ചുരുക്കത്തിൽ, ഫ്യൂഡൽ സമൂഹത്തിനും പിന്നീട് മുതലാളിത്ത സമൂഹത്തിനും അവരുടെ ചൂഷണവ്യവസ്ഥക്ക് അനുകൂലമായവിധം സ്ത്രീയുടെ വേതനരഹിത അധ്വാനത്തെ നിലനിർത്തികൊണ്ടുപോകാൻ ഇത്തരമൊരു പൊതുബോധത്തെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. മറ്റ് വിവിധ ചൂഷണരൂപങ്ങളുടെ കാര്യത്തിലുമെന്നപോലെ ഇത്തരം ആൺകോയ്മാ ചിന്തയെ ആദ്യം ചോദ്യം ചെയ്യുന്നതും അതിന്റെ താല്പര്യങ്ങളെ പൊളിച്ചടുക്കുന്നതും തൊഴിലാളിവർഗ്ഗ മുന്നേറ്റമാണ്. സ്വകാര്യസ്വത്തുടമസ്ഥതയെ ‘ചരിത്രത്തിലെ ആദ്യ സ്ത്രീ പരാജയം’ എന്ന് വിശകലനം ചെയ്യുന്നത് എംഗൽസാണ്. അന്നത്തെ പരിമിതമായ നരവംശശാസ്ത്ര‐പുരാവസ്തുശാസ്ത്ര അന്വേഷണങ്ങളുടെ വെളിച്ചത്തിലും എംഗൽസ് എത്തിയത് എത്രമാത്രം ശരിയായ വിലയിരുത്തലിലാണ് എന്ന് ഇന്നത്തെ അറിവുകളുടെ അടിസ്ഥാനത്തിൽ സെയ്‌നി വിശകലനം ചെയ്യുന്നു. സ്വകാര്യ സ്വത്തുടമസ്ഥതയ്‌ക്കൊപ്പം നാഗരികതകളുടെ ജനസംഖ്യാശക്തി വർദ്ധിപ്പിക്കാനും സൈനിക ശക്തിയെ വളർത്താനും സ്ത്രീ ഉപയോഗിക്കപ്പെട്ട ചരിത്രത്തെ വിശദമായ പഠനത്തിനുതന്നെ പുസ്തകം വിധേയമാക്കുന്നു. സാമൂഹികപുനരുത്പാദനം എന്ന ചൂഷണരൂപത്തിന്റെ ചരിത്രവത്കരണത്തിൽ ഏറെ മുന്നോട്ട് പോകാൻ സെയ്‌നിക്ക് കഴിയുന്നുണ്ട്.

നവലിബറൽ കാലത്ത് സാമൂഹികചിന്തകരെ ഗ്രസിച്ചിരിക്കുന്ന ‘ബദലില്ലാ’ രോഗം സെയ്‌നിയെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സ്ത്രീപദവിയെ സംബന്ധിച്ച നിരീക്ഷണങ്ങളും ഭാവിയെക്കുറിച്ച് അവർ പ്രകടിപ്പിക്കുന്ന ശുഭാപ്തിവിശ്വാസവും. ജർമ്മൻ പാർലമെന്റിലെ കീഴ്‌വഴക്കമനുസരിച്ച് ഏറ്റവും പ്രായംകൂടിയ അംഗമാണ് പുതിയ സെഷന്റെ അധ്യക്ഷയാകേണ്ടത്. 1932ൽ ജർമൻ പാർലമെന്റിലെ ഏറ്റവും പ്രായംകൂടിയ അംഗം കമ്യുണിസ്റ്റ് പാർട്ടി നേതാവായിരുന്ന ക്ലാര സെത്‌കിൻ ആയിരുന്നു. “ദുരന്തപൂർണമായ വർത്തമാനകാലത്തോടുള്ള തൊഴിലാളിവർഗ്ഗത്തിന്റെ പോരാട്ടം സമ്പൂർണമായ സ്‌ത്രീവിമോചനത്തിനായുള്ള പോരാട്ടം കൂടിയാണെന്ന്’ പറഞ്ഞുകൊണ്ടാണ് സെത്‌കിൻ സംസാരിച്ചത്. ഫാസിസ്റ്റുകൾക്ക് നിർണായക സ്വാധീനമുണ്ടായിരുന്ന ആ പാർലമെന്റിൽ ചരിത്രത്തിന്റെ ആമുഖം പോലെ സെത്‌കിന്റെ വാക്കുകൾ ഉയർന്നുനിന്നു. വർഗ്ഗങ്ങൾക്കതീതമായി ബൂർഷ്വാ സ്ത്രീകളെയും തൊഴിലാളി സ്ത്രീകളെയും ഇണക്കിച്ചേർക്കുന്ന ചരടുകളുണ്ടെന്ന സങ്കൽപ്പത്തെ ചിരിച്ചുതള്ളിയിരുന്നു ക്ളാര സെത്‌കിൻ. എല്ലാ വർഗങ്ങൾക്കും അവരുടേതായ സ്ത്രീപ്രശ്നങ്ങൾ ഉണ്ടെന്ന കാഴ്ചപ്പാടായിരുന്നു സെത്‌കിന്റേത്. 1920ൽ സോവിയറ്റ് യൂണിയൻ ലോകത്താദ്യമായി ഗർഭഛിദ്രം നിയമവിധേയമാക്കുന്ന രാജ്യമായി; മുതലാളിത്ത രാജ്യങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട കാലത്തായിരുന്നു ഈ വിപ്ലവകരമായ തീരുമാനം. മുതലാളിത്ത രാജ്യങ്ങളിൽ സ്ത്രീകളുടെ ചുമതലയായി മാറിയിരുന്ന കുട്ടികളെ വളർത്തലും, ഭക്ഷണം പാകം ചെയ്യലും, തുണികഴുകലുമെല്ലാം നിസാരമായ തുകയ്ക്ക് ചെയ്യുന്ന സ്ഥാപനങ്ങൾ മിക്ക കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ഉത്ഭവിച്ചു. തൊഴിൽ എന്നത് സ്ത്രീകളുടെ അവകാശമായി മാറി. അമ്പതുകളിൽ തന്നെ സോവിയറ്റ് യൂണിയനിൽ 64% മെഷിൻ ഓപ്പറേറ്റർമാരും, 42% ട്രെയിൻ- മോട്ടോർ ഡ്രൈവർമാരും 79% ഡോക്ടർമാരും സ്ത്രീകളായിരുന്നു. ഹങ്കറിയിലും, കിഴക്കൻ ജർമനിയിലും, യുഗോസ്ലാവിയയിലും റഷ്യയിലുമെല്ലാം അട്ടിമറികൾക്കുശേഷം സ്ത്രീപദവി കുത്തനെ ഇടിഞ്ഞതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതേസമയംതന്നെ സോഷ്യലിസ്റ്റ് സമൂഹം മുന്നോട്ട് വെച്ച സ്ത്രീമുന്നേറ്റത്തിന്റെ അനുരണനങ്ങൾ ഇന്നും ആ സമൂഹങ്ങളിൽ കാണാം, ഉദാഹരണത്തിന്, 2016ൽ പടിഞ്ഞാറൻ ജർമനിയിലെ സ്ത്രീപുരുഷ വേതന അന്തരം 23% ആയിരുന്നപ്പോൾ കിഴക്കൻ ജർമൻ ഭാഗങ്ങളിൽ അത് 6% മാത്രമാണ്. സാമൂഹികമുന്നേറ്റങ്ങളുടെ ചരിത്രത്തെ വിശദമായിതന്നെ വിശകലനം ചെയ്യുന്ന സെയ്‌നിക്ക് പക്ഷെ സ്റ്റാലിന്റെ കീഴിലെ റഷ്യയെക്കുറിച്ച് പറയുമ്പോൾ കാലിടറുന്നുണ്ട്. അക്കാലത്തെ ഫാസിസ്റ്റ് ഭീഷണിയും സോവിയറ്റ് ഒറ്റപ്പെടലുമൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായ ലിബറൽ സ്റ്റാലിൻ വിമർശനം പുസ്തകത്തിലെ കല്ലുകടിയാണ്.

സ്ത്രീമുന്നേറ്റത്തിനും സാമൂഹിക നീതിക്കുംവേണ്ടിയുള്ള നടക്കുന്ന ഏത് ചെറിയ മുന്നേറ്റങ്ങൾപോലും വലിയ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുമെന്ന് പറഞ്ഞുവെച്ചാണ് സെയ്‌നി അവസാനിപ്പിക്കുന്നത്. കേരളത്തിലെ ജൻഡർ പാർക്കും ജെൻഡർ ന്യുട്രൽ യൂണിഫോം പോലുള്ള ശ്രമങ്ങളെയുമെല്ലാം പരാമർശിച്ചാണ് സെയ്‌നി അവസാനിപ്പിക്കുന്നത് എന്നത് കേരളത്തിന്റെ ജനകീയ ബദൽ ലോകം ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവാണ്. ഇന്ന് നാം നടത്തുന്ന ഓരോ ബദലുകളും വരാൻ പോകുന്ന മെച്ചപ്പെട്ട സമൂഹത്തിന്റെ ചെറുമാതൃകകൾ ആകുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചാണ് സെയ്‌നി അവസാനിപ്പിക്കുന്നത്. തീർച്ചയായും അത്തരം ബദൽ പോരാട്ടങ്ങൾക്ക് ഊർജം പകരുന്ന പുസ്തകമാണ് ആൻജെല സെയ്‌നിയുടെ “പാട്രിയാർക്ക്സ് – ഹൌ മെൻ കേം ടു റൂൾ’. ഫോർത്ത്‌ എസ്‌റ്റേറ്റ്‌ ലിമിറ്റഡ്‌ ആണ്‌ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − two =

Most Popular