തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രയോഗവത്ക്കരണ ആയുധങ്ങളിലൊന്നാണ് വർഗീയവാദം. വർഗീയവാദത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തിന്റെ പ്രായോജകരാണ് ഇന്ത്യയിൽ സംഘപരിവാർ. ഇന്ത്യൻ ജാതിവ്യവസ്ഥയെയും അതിനാധാരമായ വർണാശ്രമ ധർമങ്ങളെയും സ്ഥാപനവത്കരിക്കാനുള്ള ലക്ഷ്യത്തിന്റെ പൂർത്തീകരണമാണ് സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രസ്ഥാപനം. ആധുനിക മനുഷ്യർ പോരാട്ടങ്ങളിലൂടെ പടുത്തുയർത്തിയ ജനാധിപത്യവും മതനിരപേക്ഷതയും സംഘപരിവാറിന് വെറും പാശ്ചാത്യ ചിന്തകൾ മാത്രമാണ്. ജന്മംകൊണ്ട് വംശശുദ്ധിയുള്ള ഒരുകൂട്ടം വരേണ്യരാണ് ഭാരതം ഭരിക്കേണ്ടതെന്നും അവർക്കു മാത്രമേ ഹിന്ദുരാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകാനാകൂവെന്നും ആർ എസ് എസിന്റെ സൈദ്ധാന്തികനും സർസംഘചാലകുമായിരുന്ന ഗോൾവാൾക്കർ തന്റെ, ഗുരുജി സംഗ്രഹമെന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ഇന്ത്യയുടെ ചരിത്രത്തിലുടനീളം നടന്ന വർഗീയ കലാപങ്ങളിലെല്ലാം ഒരു ഭാഗത്ത് ആർ എസ് എസ്സുണ്ടാകാനുള്ള കാരണം മറ്റൊന്നുമല്ല. വർഗീയമായി ചേരിതിരിവുണ്ടാക്കി ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്ത് അധികാരമുറപ്പിക്കുക എന്നതാണ് ലോകത്തെ എല്ലാ വർഗീയരാഷ്ട്രീയക്കാരുടെയും ലക്ഷ്യം. ലോകചരിത്രത്തിൽ സമാനതകളില്ലാത്തവിധം വലിയ വംശീയ ഉന്മൂലനം നടത്തിയ ഹിറ്റ്ലർ അതുകൊണ്ടാണ് സംഘപരിവാറിന് ആരാധനാപാത്രമാകുന്നത്.
2002 ഫെബ്രുവരി 27 ന് ഗോധ്ര ജങ്ഷൻ സ്റ്റേഷനിൽ വെച്ച് സബർമതി എക്സ്പ്രസ് ട്രെയിനിനുനേരെയുണ്ടായ തീവെപ്പിൽ തുടങ്ങി ദിവസങ്ങളോളം നീണ്ടുനിന്ന ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടത് അയ്യായിരത്തിലധികം മനുഷ്യരാണ്. പെട്ടെന്നുണ്ടായ പ്രതികാരത്തിന്റെ ഭാഗമായുണ്ടായതെന്ന് ഹിന്ദുത്വവാദികൾ പറയുമ്പോഴും വർഷങ്ങളെടുത്ത് സംഘപരിവാർ ഗുജറാത്തിൽ നടപ്പിലാക്കിവരുന്ന വംശഹത്യയുടെ ഫലമായിരുന്നു അതെന്ന് മിക്ക അന്വേഷണ കമ്മീഷനുകളും മനുഷ്യാവകാശ സംഘടനകളും പറഞ്ഞിട്ടുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ ബിബിസി ഡോക്യുമെന്ററിയിലും അത് വ്യക്തമാക്കുന്നുണ്ട്. അഹമ്മദാബാദിൽ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച കലാപത്തിന് നേതൃത്വം നൽകിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബി ജെ പി എംഎൽഎമാരും നേരിട്ടായിരുന്നു. പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു ഇഹ്സാൻ ജാഫ്രിയെന്ന മുൻകോൺഗ്രസ് എംപിയെ കലാപകാരികൾ അരുംകൊലയ്തത്. നരോദപാട്യയിൽ മാത്രം 97 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളെ ബലാത്സംഗത്തിനിരായാക്കി കൊന്ന് കത്തിക്കുകയായിരുന്നു. ഗർഭിണികളെയും വെറുതെ വിട്ടില്ല. ഗർഭസ്ഥശിശുക്കളെ ശൂലത്തിൽ തറച്ച് ചുട്ടുകൊന്നു. കലാപം നടക്കുമ്പോൾ ഗർഭിണിയായിരുന്ന 21കാരി ബിൽക്കീസ് ബാനുവിന്റെ കണ്മുന്നിൽ വച്ച് കുടുംബത്തിലെ ഏഴുപേരെയും കൊന്നശേഷം അവരെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഈ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ശിക്ഷായിളവ് നൽകി സ്വീകരണം ഏർപ്പെടുത്തുകയാണ് സംഘപരിവാർ ചെയ്തത്. തനിക്ക് പരിചയമുള്ള, തന്റെ വീട്ടിൽ നിന്നും പാല് വാങ്ങിയിരുന്നവരാണ് തന്നോട് ഈ ക്രൂരത ചെയ്തതെന്നാണ് ബിൽക്കീസ് ബാനു പറഞ്ഞത്. സ്നേഹബന്ധങ്ങളോടെ ജീവിക്കുന്ന മനുഷ്യരിൽ അപരവിദ്വേഷം വളർത്തി അതിക്രൂരത ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അണികൾ മാത്രമാണ് ഗുജറാത്തിലെ കലാപകാരികൾ. ആ പ്രത്യയശാസ്ത്രമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.
2013 ൽ ഉത്തർപ്രദേശിലെ മുസഫർനഗറിലും സംഭവിച്ചത് സമാനമായ സംഭവങ്ങളാണ്. അവിടെയും ബിജെപിയുടെ എംഎൽഎമാരാണ് കലാപത്തിന് നേതൃത്വം നൽകിയത്. ജാട്ട് സമുദായത്തിൽപെട്ട രണ്ടു ചെറുപ്പക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് നഗലമണ്ഡൽ മഹാപഞ്ചായത്തില്‍ വച്ച് മുസ്ലിങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ ആവശ്യപ്പെട്ടതും കലാപത്തിന് കോപ്പുകൂട്ടിയതും ഉത്തര്‍പ്രദേശ് മന്ത്രിയും താനഭവന്‍ എംഎല്‍എയുമായ സുരേഷ് റാണ, സര്‍ധാന ബിജെപി എംഎല്‍എ സംഗിത് സോം, ബിജെപി എംപി ഭരേന്ദു സിംഗ്, മുസഫര്‍ നഗര്‍ സര്‍ദാര്‍ എംഎല്‍എ കപില്‍ ദേവ്, വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി എന്നിവരായിരുന്നു. ഇതേ തുടർന്നാണ് 65 മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട കലാപം പൊട്ടിപ്പുറപ്പെട്ടത്. അരലക്ഷത്തിൽ അധികം പേർക്കാണ് പലായനം ചെയ്യേണ്ടിവന്നത്. കലാപവുമായി ബന്ധപ്പെട്ട എഴുപത്തഞ്ചോളം കേസുകളാണ് ഈയടുത്ത് യോഗിസർക്കാർ പിൻവലിച്ചത്. ഭരണകൂടം സ്പോൺസർ ചെയ്ത കലാപമാണ് മുസഫർ നഗറിലും അരങ്ങേറിയതെന്ന് ഏതൊരാൾക്കും വ്യക്തമാണ്.
2020ൽ ഡൽഹിയിൽ നടന്ന കലാപത്തിലും സമാനസ്വഭാവം കാണാം. പൗരത്വനിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം ചെയ്തവർക്കെതിരെ ബിജെപി നേതാവായ കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗവും തുടർന്ന് ഫെബ്രുവരി അവസാന വാരത്തോടെ മുസ്ലിങ്ങൾക്കെതിരെ നടന്ന കലാപവും കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡൽഹി പോലീസിന്റെ ഒത്താശയോടെയായിരുന്നു.
ക്രിസ്ത്യൻ മതവിശ്വാസികൾക്കു നേരെ 2008 ൽ ഒറീസയിലെ കാന്ധമാലിൽ നടന്ന കലാപത്തിലും വംശീയ ഉന്മൂലനത്തിന്റെ സ്വഭാവം കാണാം. നിരവധി മനുഷ്യ ജീവനുകൾ നഷ്ടപ്പെടുകയും കൊള്ളനടത്തുകയും ചെയ്ത ഒറീസ കലാപത്തിൽ 87 ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതിന്റെ തുടർച്ചയാണ് മണിപ്പൂരിൽ ഇപ്പോൾ നാം കാണുന്നത്.
മണിപ്പൂരിൽ നടക്കുന്ന കലാപത്തെ രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പക മാത്രമായി ചിത്രീകരിക്കാനാണ് സംഘപരിവാറും കേന്ദ്രസർക്കാരും ശ്രമിക്കുന്നത് . ജനസംഖ്യയുടെ അമ്പത്തിമൂന്നു ശതമാനം വരുന്ന മെയ്തി വിഭാഗവും അധിവസിക്കുന്നത് ഇംഫാൽ താഴ് വരയിലാണ്. നാല്പതു ശതമാനം വരുന്ന മലയോര മേഖലയിൽ ജീവിക്കുന്ന കുക്കികളും മെയ്—ത്തി വിഭാഗത്തിൽ പെടുന്നവരും തമ്മിൽ ചരിത്രപരമായി തന്നെ നിലനിന്നിരുന്ന അസ്വാരസ്യങ്ങളെ വർഗീയമായ ചേരിതിരിവിലൂടെ കലാപത്തിലേക്ക് നയിച്ചത് ആർഎസ്എസാണ്. സനമാഹി എന്ന പ്രാദേശിക മതത്തിലോ ഹിന്ദുമതത്തിലോ വിശ്വസിക്കുന്നവരാണ് മെയ്-ത്തി വിഭാഗത്തിൽപെടുന്നവർ. കുക്കികളും നാഗാ വിഭാഗത്തിൽ പെടുന്നവരും ക്രിസ്ത്യൻ മതവിശ്വാസികളാണ്. നാൽപ്പതോളം വംശഗ്രൂപ്പുകളുണ്ട് മണിപ്പൂരിൽ. 2017 മുതൽ മെയ്-ത്തി വിഭാഗത്തെ ക്രിസ്ത്യൻ വിഭാഗങ്ങളായ കുക്കികൾക്കും നാഗർക്കും എതിരായ ഹിന്ദുവിഭാഗമായി ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ ആർ എസ് എസ് സജീവമായി നടത്തിവരുന്നുണ്ട്. അവരുടെ വിദ്യാർത്ഥി സംഘടനകളൊക്കെ അത്തരത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന കാംപയിനുകൾ തന്നെ നടത്തിയിരുന്നു. അതിന്റെയെല്ലാം ആകെത്തുകയാണ് ഇപ്പോഴത്തെ സംഘർഷം. ഗുജറാത്തിലും ഡൽഹിയിലും മുസഫർ നഗറിലുമൊക്കെ നടന്നതിന് സമാനം തന്നെയാണ് മണിപ്പൂരിലും ഇപ്പോൾ നടക്കുന്നത്. ഭരണകൂടമാണ് വേട്ടക്ക് നേതൃത്വം നൽകുന്നത്. നാലായിരത്തോളം തോക്കുകളാണ് മണിപ്പൂർ പൊലീസിൽ നിന്നും കലാപകാരികൾ കൈക്കലാക്കിയത്. അതായത് സ്റ്റേറ്റിന്റെ ആയുധങ്ങൾ ഉപയോഗിച്ചാണ് ഈ കലാപം നടക്കുന്നതെന്ന് മനസിലാക്കണം. മെയ് മൂന്നിന് തുടങ്ങിയ കലാപം നിയന്ത്രിക്കാൻ ഇതുവരെ ഒരു ശ്രമവും നടത്തിയില്ലെന്നു മാത്രമല്ല കലാപത്തെക്കുറിച്ചു പാർലമെന്റിൽ പ്രസ്താവന നടത്താൻ പോലും ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവെക്കുകയല്ലാതെ മണിപ്പൂർ സർക്കാരിനെയോ മുഖ്യമന്ത്രിയായ ബിരേൻ സിംഗിനെയോ തള്ളിപ്പറയാൻ ഇതെഴുതുന്നതുവരെ നരേന്ദ്രമോദിക്കായിട്ടില്ല. അത് അത്ര വേഗം ആകുകയുമില്ല. ഗുജറാത്തിൽ തന്റെ നേതൃത്വത്തിൽ മുൻപ് നടന്നതിന്റെ വടക്കു കിഴക്കൻ പതിപ്പ് മാത്രമാണിതെന്ന് മോദിക്കറിയാം. ഇന്ത്യയിൽ സംഘപരിവാർ നേതൃത്വത്തിൽ നടന്ന എല്ലാ കലാപങ്ങളിലും സ്ത്രീകളെ കൂട്ടബലാൽസംഗത്തിനിരയാക്കുകയും അവ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. മണിപ്പൂരിലും നാം അത് കണ്ടു. മെയ് നാലാം തിയതി കുക്കി വിഭാഗത്തിൽ പെട്ട രണ്ടു സ്ത്രീകളെ നഗ്നരായി വഴിയിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ക്രൂരമായി മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് മണിപ്പൂരിൽ നടക്കുന്ന വർഗീയ ആക്രമണങ്ങളുടെ ഭീകരതയെക്കുറിച്ചു ലോകം അറിഞ്ഞത്. പ്രചരിച്ച വീഡിയോയിൽ ഉള്ളതുപോലെ നൂറുകണക്കിന് സംഭവങ്ങൾ മണിപ്പൂരിൽ നടക്കുന്നുണ്ടെന്നും അതിനാലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതെന്നും അവിടത്തെ മുഖ്യമന്ത്രി തന്നെ ലാഘവത്തോടെ പറയുന്നത് നമ്മൾ കണ്ടു. നൂറുകണക്കിന് ക്രിസ്ത്യൻ ആരാധനാലയങ്ങളാണ് മണിപ്പൂരിൽ തകർക്കപ്പെട്ടത്. ഇരുന്നൂറോളം പേർ മരിച്ചതായും കണക്കാക്കുന്നു. നിരവധിപേർ പലായനം ചെയ്യപ്പെട്ടു കഴിഞ്ഞു . എത്രയും പെട്ടെന്ന് കലാപങ്ങൾക്ക് ശമനമുണ്ടാക്കുക എന്ന ലക്‌ഷ്യം ആർ എസ് എസ് നേതൃത്വത്തിനില്ല. കാരണം ലളിതമാണ്. പൂർണ്ണമായ ഹിന്ദു ഏകീകരണം ഉറപ്പാക്കി ക്രിസ്ത്യൻ വിശ്വാസികളായ കുക്കികളെ വംശീയമായി ഉന്മൂലനം ചെയ്യുകയാണ് അവരുടെ പരിപാടി. അതിനായി മെയ്തി വിഭാഗത്തിൽ അപരവിദ്വേഷം വളർത്തുകയും സായുധവത്ക്കരിക്കുകയും ചെയ്യുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണം നടത്താൻ ഏറ്റവും പ്രാപ്തനായ ആളെത്തന്നെയാണ് സംഘപരിവാർ മണിപ്പൂരിൽ മുഖ്യമന്ത്രിയായി അവരോധിച്ചിരിക്കുന്നത്. കുക്കികൾക്കെതിരായ വെറുപ്പു പ്രചരിപ്പിക്കാനായി മാത്രം നഹറോൾഗി തൗഡംഗ് എന്ന പ്രാദേശികപത്രം നടത്തിയിരുന്ന ആളായിരുന്നു ബിരേൻ സിങ്. വെറുപ്പ് ഉത്പാദിപ്പിച്ചു വിതരണം ചെയ്ത് രാഷ്ട്രീയാധികാരം നേടിയ ആളാണ് അവിടത്തെ മുഖ്യമന്ത്രിയെന്ന് ചുരുക്കം. ഗുജറാത്തിൽ മോഡിയും ഉത്തർപ്രദേശിൽ യോഗിയും ചെയ്തതും ഇതുതന്നെയാണ്.
വംശീയ ഉന്മൂലനത്തിന്റെ പത്തുഘട്ടങ്ങളെക്കുറിച്ച് വിവിധ സാമൂഹികചിന്തകർ വിശദീകരിക്കുന്നുണ്ട്. തരംതിരിക്കൽ, പ്രതീകവത്കരണം, വിവേചനം, അമാനവീകരണം, സംഘാടനം, ധ്രുവീകരണം, സജ്ജീകരണം, വേട്ടയാടൽ, വംശവിച്ഛേദം തെളിവു നശിപ്പിക്കൽ എന്നിവയാണ് വംശഹത്യ നടക്കുന്നതിന്റെ ഘട്ടങ്ങളായി പറയുന്നത്. ഇന്ത്യയിൽ സംഘപരിവാർ നടത്തിയതും ഇപ്പോൾ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നതുമായ കലാപങ്ങളിൽ ഇതിൽ പറയുന്ന പലതും നടന്നിട്ടുണ്ടെന്ന് കാണാം. ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി ഗുൽബർഗ്ഗ സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊലയെക്കുറിച്ച് അതിലെ പ്രതിയായ ബാബു ബജ്റംഗിയുടെ സംഭാഷണം പുറത്തു വന്നിരുന്നു. പ്രതീകവത്കരണം, വിവേചനം, സംഘാടനം, ധ്രുവീകരണം, സജ്ജീകരണം, വേട്ടയാടൽ, വംശവിഛേദം തുടങ്ങിയ കാര്യങ്ങളൊക്കെ ബാബു ബജ്റംഗി ആവേശത്തോടെ അഭിമാനത്തോടെ വിളിച്ചുപറയുന്നതു നാം കേട്ടതാണ്. വർഗീയ കലാപങ്ങളിലൂടെയാണ് സംഘപരിവാരം ഇന്ത്യയിൽ അധികാരത്തിന്റെ പടവുകൾ ചവിട്ടിക്കയറിയത്. സമ്പൂർണ ഹിന്ദുത്വരാഷ്ട്ര നിർമ്മാണം എന്ന അജൻഡയുടെ പൂർത്തീകരണത്തിനായി ഇനിയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണവർ. അതിൽ ഒന്നുമാത്രമാണ് മണിപ്പൂർ.
മണിപ്പൂർ കലാപത്തെ ഗോത്രവഴക്കായി ചുരുക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യയിലെ ഭൂരിപക്ഷം മാധ്യമങ്ങളും. സ്വാഭാവികമായി സംഭവിക്കുന്ന അത്തരം വഴക്കുകളിൽ ഒന്നല്ല മണിപ്പൂർ കലാപം. കരുതിക്കൂട്ടി സംഘപരിവാർ നടത്തുന്ന വർഗീയസംഘർഷമാണ്. അതിൽ സംഘപരിവാർ അജൻഡക്കൊപ്പമാണ് മാധ്യമങ്ങളിൽ ഒരു വലിയ വിഭാഗം. വംശീയ ഉന്മൂലനത്തിന് ഒരു ജനസമൂഹത്തെ വിട്ടുകൊടുക്കാൻ ഒരു മടിയും അവർക്കില്ല.
ഗോത്രബോധങ്ങൾക്ക് മുകളിൽ മതബോധത്തെ സ്ഥാപിക്കുകയും അതുവഴി രാജ്യത്ത് ഉയർന്നുവരുന്ന ദളിത്, ആദിവാസി ഐക്യമുന്നേറ്റങ്ങളെ ചെറുക്കുകകൂടിയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ബ്രിട്ടീഷുകാർ പോലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളെ കരുതലോടെയായിരുന്നു സമീപിച്ചിരുന്നത്. അവർക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്യാൻ വിവിധ കാലങ്ങളിൽ സർക്കാരുകളും ശ്രമിച്ചിരുന്നു. എന്നാൽ മതാടിസ്ഥാനത്തിൽ അവരെ വിഭജിക്കാനുളള ഇപ്പോഴത്തെ ആർ എസ് എസ് ശ്രമങ്ങൾ സമാനതകളില്ലാത്തതാണ്. അത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദത്തിന് ഇന്ധനം പകരും. രാജ്യത്തിന്റെ ഐക്യത്തിനുമപ്പുറം തങ്ങളുടെ വർഗീയ അജൻഡയുടെ പൂർത്തീകരണം മാത്രമാണ് ഇവിടെ ആർ എസ് എസിന് പ്രധാനം. അതിനാലാണ് മോഡിക്ക് മൗനിയായി തുടരേണ്ടിവരുന്നത്. കുക്കികളെയും നാഗരെയും വൈദേശികരെന്ന് മുദ്രകുത്തി വേട്ടയാടാൻ മെയ്-ത്തി വിഭാഗത്തെ പ്രേരിപ്പിക്കുന്നതിലും അവർക്കുള്ളിൽ ആർ എസ് എസ് സൃഷ്ടിച്ചെടുത്ത മതബോധത്തിന്റെ തീവ്രത കാരണമാണ്. മതനിരപേക്ഷ സമൂഹത്തിന്റെ കൂട്ടായ പ്രതിരോധംവഴി മാത്രമേ ഹിന്ദുത്വം ഇന്ത്യയിൽ പരീക്ഷിക്കുന്ന ഈ വംശീയ രാഷ്ട്രീയത്തെ ചെറുക്കാനാകൂ എന്ന് മണിപ്പൂർ നമ്മെ ബോധ്യപ്പെടുത്തുന്നു. ♦