Tuesday, April 23, 2024

ad

Homeമുഖപ്രസംഗംകേരളത്തോടുള്ള 
വിവേചനം

കേരളത്തോടുള്ള 
വിവേചനം

ലയാള മനോരമ, മാതൃഭൂമി മുതലായ ‘മ’ പത്രങ്ങൾ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരായ പ്രചരണത്തിലാണ് കഴിഞ്ഞ ഏഴുവർഷമായി. അവയുടെ ഇത്തരം നിഷേധ പ്രചരണം കൊണ്ടാവാം, രണ്ടു വർഷംമുമ്പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു മുമ്പുണ്ടായിരുന്നതിലും എട്ടു സീറ്റ് കൂടുതലായി ജനങ്ങൾ സമ്മാനിച്ചത്. ഇതു കണ്ടിട്ടും തങ്ങളുടെ നുണപ്രചരണവും ദുഷ്പ്രചാരണവും ഏശുന്നില്ലെന്നു മനസ്സിലാക്കിയിട്ടും നിറംപിടിപ്പിച്ച നുണകൾ നിത്യേന പ്രചരിപ്പിക്കുന്നത് അവ അവസാനിപ്പിച്ചിട്ടില്ല. ഏറ്റവും ഒടുവിലായി, അവ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അസത്യകഥകൾ പ്രചരിപ്പിച്ച് ജനങ്ങളെ ഉൽക്കണ്ഠപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേരളത്തിൽ ഒരു കാര്യവും നടക്കുന്നില്ല സംസ്ഥാന സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിമൂലം എന്ന പ്രതീതി സൃഷ്ടിക്കാനാണ് ഈ മാധ്യമങ്ങളുടെ സംഘടിത നീക്കങ്ങൾ.

‘‘സർക്കാരിന്റെ സാമ്പത്തികപ്രയാസം ക്ഷേമപ്രവർത്തനങ്ങളെ ബാധിക്കുന്നു. സർക്കാരിനു ഏറെ പ്രശംസ നേടിക്കൊടുത്ത സാമ്പത്തിക ഇടപെടലുകൾക്ക് പ്രയാസം നേരിടുംവിധമാണ് വിവിധ മേഖലകളിലെ കടക്കെണി. ഭക്ഷ്യം, കൃഷി, ആരോഗ്യം, സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം എന്നിവയോടൊപ്പം സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും ഓണം അടുത്തുനിൽക്കെ തടഞ്ഞുവെക്കപ്പെട്ടിരിക്കുന്നു’’ എന്നാണ് കഴിഞ്ഞ ദിവസം ഒരു പത്രം മുൻപേജിൽ തന്നെ ‘വെണ്ടയ്ക്കാ’ തലക്കെട്ടോടെ അവതരിപ്പിച്ചത്. ഇതു ശരിയല്ല എന്നു ധനമന്ത്രി വ്യക്തമാക്കി.

എൽഡിഎഫ് സർക്കാർ ഏറ്റവും ഫലപ്രദമായി സാമ്പത്തിക മാനേജ്മെന്റ് നടത്തിയാണ് കഴിഞ്ഞ ഏഴുവർഷം ക്ഷേമപ്രവർത്തനം നടത്തിയത്. ഓഖി, നിപ്പ, പ്രളയം, കോവിഡ് കാലങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളെയും എൽഡിഎഫ് സർക്കാർ ചേർത്തുപിടിച്ചു. ജനങ്ങൾക്ക് നിർലോഭമായി ആനുകൂല്യങ്ങളും സംരക്ഷണവും നൽകി. അതോടൊപ്പം കേരളത്തിന്റെ ഭാവി ശോഭനമാക്കുന്നതിനു അടിസ്ഥാനമേഖലയിലും മറ്റും വൻതോതിൽ നിക്ഷേപം നടത്തി. മുൻ യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച പല പദ്ധതികളും വിജയകരമായി നടപ്പാക്കി. വിദ്യാലയങ്ങൾ, ആശുപത്രികൾ മുതലായ പല സ്ഥാപനങ്ങളിലും പുതിയ കെട്ടിടങ്ങളും പുതിയ സാമഗ്രികളും ഏർപ്പെടുത്തുന്നതിനായി ആയിരക്കണക്കിനു കോടി രൂപ ചെലവാക്കി. ദേശീയ പാത നിർമാണത്തിന് മറ്റൊരു സംസ്ഥാന സർക്കാരും വഹിക്കേണ്ടി വന്നിട്ടില്ലാത്ത സ്ഥല വിലയുടെ ഒരു ഭാഗം നൽകി ആ പദ്ധതി പ്രവർത്തനം വേഗത്തിലാക്കാൻ കേന്ദ്ര ഏജൻസിയെ സഹായിച്ചു. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ വികസനത്തിനും മറ്റും നൂറുകണക്കിനു കോടി രൂപ നൽകി അവയിൽ മിക്കതിനെയും ലാഭത്തിലാക്കി. സംസ്ഥാന സർക്കാരിന്റെ ഇത്തരം ഇടപെടലിനെ കേന്ദ്ര സർക്കാരിന്റെ വക്താക്കളടക്കം നാട്ടിലെ വിവിധ വിഭാഗം ജനങ്ങളും അഭിനന്ദിച്ചു. കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കി വരുന്ന വിവിധ ക്ഷേമ വികസനപ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ മാത്രമല്ല, അന്യരാജ്യങ്ങളിലും പരക്കെ ചർച്ച ചെയ്യപ്പെട്ടു, പ്രശംസിക്കപ്പെട്ടു. എൽഡിഎഫ് സർക്കാരിന്റെ ഈ കുതിച്ചുകയറ്റത്തിന്റെ വിജയഗാഥയെ വികലമാക്കാനാണ് ആദ്യം പറഞ്ഞ മാധ്യമങ്ങളും കേരളത്തിലെ പ്രതിപക്ഷങ്ങളും രാജ്യത്തെ ഭരണകക്ഷിയും ശ്രമിച്ചു വരുന്നത്.

ഈ വിജയത്തിനൊരു സാമ്പത്തികാടിത്തറയുണ്ട്. അതിൽ പ്രധാനം സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധയെടുത്ത് നികുതി വരുമാനം പരമാവധി വർധിപ്പിക്കുന്നതാണ്. നിലവിലെ നികുതികൾ കുടിശ്ശിക വരാതെ പിരിക്കുന്നതിനു അത് പ്രത്യേകം ശ്രദ്ധിക്കുന്നു. 2020–21ൽ 47,157 കോടി രൂപയായിരുന്നു പിരിച്ചെടുത്ത നികുതി. അത് 21–22ൽ 70,000 കോടി രൂപയായി വർധിച്ചു. പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് കെെവരിക്കാൻ കഴിഞ്ഞത്. അതേസമയം കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന വിഹിതങ്ങളിൽ തുടർച്ചയായി കുറവ് നേരിടുകയാണ്. കേന്ദ്ര ഗ്രാന്റ് കഴിഞ്ഞവർഷം 2300 കോടി രൂപ കണ്ട് കുറഞ്ഞു. ഈ വർഷം റവന്യുകമ്മി ഗ്രാന്റിൽ 8400 കോടി രൂപയുടെ കുറവുണ്ടാകും. ജിഎസ്ടിയുടെ നഷ്ടപരിഹാരമായി തന്നിരുന്ന 12,000 കോടി രൂപ ഈ വർഷം ലഭിക്കില്ല. പൊതു കടമെടുപ്പിൽ 8000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രംവരുത്തി. അങ്ങനെ മൊത്തത്തിൽ 28,400 കോടി രൂപയുടെ കുറവാണ് കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന തുകയിൽ ഉണ്ടാവുക എന്നറിയുന്നു.

ജിഎസ്-ടി നഷ്ടപരിഹാര ഇനത്തിൽ 12,000 കോടി രൂപയുടെ കുറവ് സംസ്ഥാനത്തിനു പെട്ടെന്നു നികത്താൻ കഴിയുന്ന ഒന്നല്ല. അതിനാൽ ഈ വർഷം പൊതു കടമെടുപ്പിൽ വെട്ടിക്കുറവ് വരുത്തരുത് എന്നു സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമലാസീതാരാമനെ നേരിൽക്കണ്ട് അഭ്യർഥിച്ചിരുന്നു. 15,000 കോടി രൂപ അടിയന്തര സഹായമായി നൽകണമെന്നും അഭ്യർഥിച്ചിരുന്നു. ഈ അഭ്യർഥന നടത്തിയത് സംസ്ഥാന ധനമാനേജ്മെന്റ് ഏറ്റവും കാര്യക്ഷമമായി നടത്തിക്കൊണ്ട് ഈവർഷം അപ്രതീക്ഷിതമായി ഉണ്ടായ ധനപ്രതിസന്ധി തരണം ചെയ്യുന്നതിനാണ്. ഈ വസ്തുത മനസ്സിലാക്കി സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ പിന്താങ്ങുന്നതിനുപകരം അതിനെ കുറ്റപ്പെടുത്താനാണ് ഇവിടത്തെ പ്രതിപക്ഷങ്ങൾ മുതിർന്നു കാണുന്നത്.

സംസ്ഥാനത്തിന്റെ ധനസ്ഥിതി മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും തൃപ്തികരമാണെന്നു കാണാം. കഴിഞ്ഞവർഷം ധനക്കമ്മി 2.2 ശതമാനമായിരുന്നു. റവന്യൂകമ്മി 0.67 ശതമാനവും. ഇത് മുൻ വർഷങ്ങളിൽ 2.6 ശതമാനം വരെയായി ഉയർന്നിരുന്നു. അത് നാലിലൊന്നായി കുറച്ചത് സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ധനമാനേജ്മെന്റിലൂടെയാണ്. ഇതേസമയം, കേന്ദ്ര സർക്കാരിന്റെ 2022–23ലെ റവന്യുക്കമ്മി 4.1 ശതമാനമാണ്. ധനക്കമ്മി 5.9 ശതമാനവും. കേന്ദ്ര സർക്കാർ ഒരു പരിധിയും വയ്ക്കാതെ കടമെടുക്കുമ്പോഴാണ് കേരള സർക്കാരിനെ കടമെടുക്കുന്നതിൽനിന്ന് തടയുന്നത്. വളരെ പ്രകടമായ രാഷ്ട്രീയ വിവേചനം സംസ്ഥാന സർക്കാരിനോട് കേന്ദ്ര ബിജെപി സർക്കാർ കാണിക്കുന്നു എന്ന് ഇതിൽനിന്നു വ്യക്തം.

ഈ വിവേചനത്തെ മുൻനിർത്തിയാണ് എൽഡിഎഫ് സർക്കാർ കേന്ദ്ര സർക്കാരിന്റെ പക്ഷപാതപരമായ, നിഷേധാത്മകമായ നയത്തിനെതിരായി സുപ്രീംകോടതിയിൽ കേസു കൊടുക്കാൻ പോകുന്നു എന്ന വാർത്ത വന്നിരിക്കുന്നത്. കേരളത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നത് ഇങ്ങനെയാണ്; സംസ്ഥാന സർക്കാർ നേരിട്ടെടുക്കുന്ന വായ്പക്കു പുറമെ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, കിഫ്ബി മുതലായവ അവയുടെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ കടമെടുക്കാറുണ്ട്. അവയെ സംസ്ഥാന സർക്കാരിന്റെ കടബാധ്യതയിൽ പെടുത്താറില്ല, ഇതേവരെ. എന്നാൽ സംസ്ഥാന സർക്കാരിനെ ഈ വർഷം കടമെടുക്കാൻ അനുവദിക്കാതെ സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മേൽപറഞ്ഞ സ്ഥാപനങ്ങളുടെ കടബാധ്യത കൂടി സംസ്ഥാന സർക്കാരിന്റെ കടബാധ്യതയിൽ കൂട്ടിയാണ് വായ്പയെടുക്കാൻ കേന്ദ്രം അനുമതി നിഷേധിക്കുന്നത്.എന്നാൽ, ദേശീയപാതാ അതോറിട്ടി പോലുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന കടത്തെ കേന്ദ്രത്തിന്റെ കടബാധ്യതയിൽ ഇപ്പോഴുംപെടുത്തുന്നുമില്ല. ഇത് വ്യത്യസ്ത സർക്കാരുകൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങൾ ഏർപ്പെടുത്തലാണ്. ഇതേവരെ പിന്തുടർന്നുവന്ന കീഴ്വഴക്കത്തിനു എതിരുമാണ്.

കേരള സർക്കാരിനു സാമ്പത്തിക പ്രയാസമുണ്ടെന്നത് നേരാണ്. ക്ഷേമചെലവിനങ്ങളിലും മൂലധനച്ചെലവിനങ്ങളിലുമായി കേരള സർക്കാർ വലിയ തുകകകളാണ് കഴിഞ്ഞ വർഷങ്ങളിൽ ചെലവഴിച്ചുവരുന്നത്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ (നികുതി നിരക്കുകൾ വർധിപ്പിക്കാതിരുന്നിട്ടും) ഓരോ വർഷവും വർധന ഉണ്ടാകുന്നുണ്ട്. അത് കാണിക്കുന്നത് സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും നടപ്പാക്കിയ മൂലധനചെലവുകൾ വിശേഷിച്ചും വരുമാനം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട് എന്നുമാണ്. ക്ഷേമച്ചെലവുകൾ വർധിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ സാമൂഹ്യരംഗത്ത് അനുകൂലമായ ഫലങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുന്നു. ഇതു കാണിക്കുന്നത് കേരളത്തിന്റെ സാമ്പത്തിക പ്രവർത്തനം മൊത്തത്തിൽ തൃപ്തികരമാണെന്നുമാണ് സ്ഥിതി ഇതായിരിക്കെ സർക്കാരിന്റെ വരുമാനത്തിൽ ചെറിയ വർധന ഉണ്ടാകാൻ സ്വീകരിച്ച നടപടികളെ കേന്ദ്ര സർക്കാർ തടയുന്നത് രാഷ്ട്രീയ വിവേചനമല്ലാതെ മറ്റൊന്നുമല്ല എന്നു വ്യക്തം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + two =

Most Popular