Wednesday, December 4, 2024

ad

Homeകവര്‍സ്റ്റോറികുറ്റകരമായ 
ഭരണകൂട 
നിസ്സംഗത

കുറ്റകരമായ 
ഭരണകൂട 
നിസ്സംഗത

പി കെ ശ്രീമതി

ണിപ്പൂർ സംസ്ഥാനം നമ്മുടെ രാജ്യത്തിന്റെ നീറുന്ന നൊമ്പരമായി മാറിയിരിക്കുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിനുശേഷം ഇക്കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ വേദനിപ്പിക്കുന്ന എത്രയോ ദുരന്തങ്ങൾ നാം കേൾക്കേണ്ടി വന്നു. സഹോദരങ്ങളും മിത്രങ്ങളുമായി കഴിഞ്ഞിരുന്നവർ മതത്തിന്റെ പേരിലും വംശത്തിന്റെ പേരിലും ചേരിതിരിഞ്ഞ് വെടിവെയ്ക്കാനും പരസ്പരം വീടുകളും കടകളും സ്കൂളുകളും ദേവാലയങ്ങളും അഗ്നിക്കിരയാക്കാനും തുടങ്ങി. എത്രപേർ കൊല്ലപ്പെട്ടു എന്നതിന് കൃത്യമായ കണക്കുകളില്ല. മൃതദേഹങ്ങൾ സംസ്കരിക്കാതെ വഴിയിൽ കിടക്കുന്നു. പട്ടികളുടെയും മറ്റു ജന്തുക്കളുടെയും ഭക്ഷണമായി മനുഷ്യന്റെ മൃതദേഹം മാറുന്ന അത്യന്തം ദയനീയമായ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന സംസ്ഥാനമായി മണിപ്പൂർ മാറി. ഈ കലാപം ആരംഭത്തിൽ തന്നെ ശമിപ്പിക്കാൻ കഴിയുമായിരുന്നു. ഭരിക്കുന്ന ബിജെപിയുടെ സർക്കാരിന് കലാപം അവസാനിപ്പിക്കുന്നതിൽ അശ്ശേഷം താൽപര്യമുണ്ടായില്ല. എന്നാൽ മെയ്–ത്തി വിഭാഗത്തിൽപ്പെട്ട ഒരുപറ്റം വർഗീയവാദികൾ ഭരണക്കാരുടെ തണലിൽ അഴിഞ്ഞാടുകയായിരുന്നു. പൊലീസിന്റെയും പട്ടാളക്കാരുടെയും കയ്യിൽ നിന്ന് തോക്കുകളും മാരകായുധങ്ങളും പിടിച്ചെടുത്ത് അക്രമങ്ങളും കൊലപാതകങ്ങളും നിർബാധം നടത്തുന്നതാണ് മണിപ്പൂരിലെ ഇപ്പോഴത്തെ കാഴ്ച. പൊലീസുകാർ നോക്കുകുത്തികളാകുന്നു. ഭരണനേതൃത്വം കാഴ്ചക്കാരായി മൗനം ദീക്ഷിക്കുന്നു. പരസ്പരം ഏറ്റുമുട്ടുന്ന മെയ്–ത്തി, കുക്കി വിഭാഗത്തിന്റെ പ്രശ്നങ്ങൾ പഠിക്കാനോ പരിഹരിക്കാനോ സംസ്ഥാന ഗവൺമെന്റിനോ അവരെ പിന്തുണക്കുന്ന കേന്ദ്രസർക്കാരിനോ കഴിയുന്നില്ല.

ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോഴും മണിപ്പൂരിൽ സംഘർഷം കൂടുതൽ കനക്കുകയാണ്. കേന്ദ്രസേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നുകൊണ്ടിരിക്കുന്നു. ജൂലൈ 26, ഇന്നത്തെ ദിവസം അവിടെയുള്ള പ്രധാന മാർക്കറ്റായ മൊറേ മാർക്കറ്റ് പൂർണമായും കലാപകാരികൾ കത്തിച്ചു.

ഈ വർഗീയ കലാപത്തിൽപ്പെട്ട മണിപ്പൂർ സഹോദരിമാർ നേരിട്ടുകൊണ്ടിരിക്കുന്ന വേദനാജനകമായ സംഭവങ്ങൾ വിവരണാതീതമാണ്. രാജ്യത്തിനാകെ അഭിമാനക്ഷതമുണ്ടാക്കുന്ന ഒട്ടേറെ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും മനുഷ്യത്വഹീനവും നിഷ്ഠുരവുമായ ഒട്ടനവധി ഭീകരകൃത്യങ്ങൾ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നു എന്നും രാജ്യവ്യാപകമായി ജനങ്ങൾക്ക് ബോദ്ധ്യമുണ്ടായിരുന്നു.

ജൂലൈ 20ന് മണിപ്പൂരിൽ നിന്ന് പുറത്തേക്ക് വന്ന് ലോക വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോ ദൃശ്യം അത്യന്തം മനോവേദനയും ഭീതിയും രോഷവും ഉണ്ടാക്കുന്നതായിരുന്നു. കുക്കി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ നഗ്നരായി നടത്തിച്ച് വഴിനീളെ അവരോട് ലൈംഗികാതിക്രമം കാണിക്കുന്ന ഒരു ജനക്കൂട്ടത്തെയാണ് വീഡിയോയിലൂടെ ലോകമാകെ കണ്ടത്. ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യയുടെ അഭിമാനം എത്രത്തോളം താഴ്ന്നുവെന്ന് പറയാൻ കഴിയാത്ത വിധം ലജ്ജാകരമായി ആ സംഭവം മണിപ്പൂരിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അനുഭവിക്കേണ്ടിവന്നത് സമാനതകളില്ലാത്ത വേദനയും അപമാനവും ദുരിതവുമാണ്. ഇന്ത്യയെന്ന നമ്മുടെ രാജ്യവും ഭരണകർത്താക്കളും ലജ്ജിച്ചു തലകുനിക്കണം. ഇത്തരത്തിൽ ഒരു സംഭവം ഫാസിസ്റ്റ് ഭരണകാലത്തുപോലും നടന്നതായി അറിവില്ല.ഇത്തരം മനുഷ്യത്വഹീനവും നികൃഷ്ടവും നീചവുമായ പ്രവൃത്തികൾ സ്ത്രീകളോട് കാണിച്ചുകൊണ്ടിരിക്കുന്നു എന്നത് പുറംലോകം അറിഞ്ഞത് രണ്ടര മാസത്തിനുശേഷമാണെങ്കിലും സംസ്ഥാനം ഭരിക്കുന്ന സർക്കാരിനും കേന്ദ്രസർക്കാരിനും മെയ് നാലിന് തന്നെ ഇതിനെക്കുറിച്ച് അറിവുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളും ഉണ്ടായി.

കലാപത്തിനിടയിൽ സ്ത്രീകളെ ക്രൂരമായി ആക്രമിക്കുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുന്നതായി പൊലീസുകാർക്ക് പരാതി നൽകിയിട്ടുണ്ട്. മെയ് നാലിന് നടന്ന സംഭവം തന്നെ പൊലീസുകാർക്കറിയാമായിരുന്നിട്ടും കേസെടുത്ത് എഫ്ഐആർ തയ്യാറാക്കുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. ക്രിമിനലുകൾക്ക് ക്രിസ്ത്യൻ വിഭാഗത്തിലെ കുക്കി ആദിവാസികളെ എന്തും ചെയ്യാനുള്ള ലൈസൻസ് നൽകിയത് മുഖ്യമന്ത്രിയും ഭരണക്കാരും തന്നെയാണ്. അക്രമികളും കലാപകാരികളും അവർക്ക് നേതൃത്വം കൊടുക്കുന്ന വർഗീയ ശക്തികളും സർക്കാർ പിന്തുണയിൽ സംരക്ഷിക്കപ്പെടുകയായിരുന്നു. പൊലീസും പട്ടാളവും കുറ്റവാളികൾക്ക് കൂട്ടായി.

രണ്ടരമാസമായി നടക്കുന്ന ഈ ക്രൂരകൃത്യങ്ങൾ അരങ്ങേറുമ്പോൾ ഭരണകൂടം നിഷ്ക്രിയമായി നിൽക്കുകയാണ്. ഇവിടെ കുറ്റവാളികൾ കലാപകാരികളും വർഗീയവാദികളും മാത്രമാണെന്ന് കാണാൻ കഴിയില്ല. അവരെ അതിലേക്ക് വലിച്ചിഴച്ച സർക്കാർ ആണ് ഏറ്റവും വലിയ കുറ്റവാളി. സ്ത്രീകൾ ക്രൂരമായി വേട്ടയാടപ്പെടുന്ന നൂറുകണക്കിന് സംഭവങ്ങൾ ഉണ്ട് എന്നും അത് പുറത്തറിഞ്ഞാൽ രാജ്യത്തിന് നാണക്കേട് വരുമെന്നും അതുകൊണ്ടാണ് ഇന്റർനെറ്റ് നിരോധിച്ചതെന്നും ലജ്ജയില്ലാതെ പ്രസ്താവിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് മണിപ്പൂരിലുള്ളതെന്ന് കേന്ദ്രനേതൃത്വത്തിന് അറിയാത്തതല്ല. ജനവഞ്ചകനായ ഈ മുഖ്യമന്ത്രിയെ രാജിവെപ്പിക്കുന്നതിനുപകരം കേന്ദ്രസർക്കാരും ബിജെപി നേതൃത്വവും ബീരേൻ സിങ്ങിനെ സംരക്ഷിക്കുകയാണ്.

ഈ കുറ്റകൃത്യങ്ങളിൽ നിന്ന് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനാകെയും ഒഴിഞ്ഞുമാറാൻ കഴിയില്ല. രാജ്യത്തെയാകെ വർഗീയവൽക്കരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന ആർഎസ്എസിന്റെ നയങ്ങളും ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങളും വിജയിപ്പിക്കാൻ മണിപ്പൂർ കലാപത്തെ അവർ സൃഷ്ടിക്കുകയായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.

രാജ്യത്ത് വനിതാ വകുപ്പും വനിതാ മന്ത്രിയും ഉണ്ട്. പച്ച ജീവനോടെ സ്ത്രീകൾ ചുട്ടെരിക്കപ്പെടുകയാണ്, വർഗീയവാദികൾ ചെകുത്താന്മാരാകുകയാണ‍് എന്ന് അറിഞ്ഞിട്ടും മണിപ്പൂർ സന്ദർശിക്കാനോ വേദനയനുഭവിക്കുന്ന അവശേഷിക്കുന്നവരെ കാണാനോ വനിതാ മന്ത്രിമാർ പോലും തയ്യാറായില്ല. ദേശീയ വനിതാ കമ്മീഷന്റെ ഉത്തരവാദിത്വമെന്താണ‍് ? നിഷ്ക്രിയത്വവും നിസ്സംഗതയും പുലർത്തുന്ന ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സനെയാണ് രാജ്യം കാണുന്നത്. രാജ്യം ഇന്നേവരെ കണ്ടതിൽവെച്ച് ഏറ്റവും വേദനയുണ്ടാക്കുന്നതും 140 കോടി ജനങ്ങൾക്കാകെ ലജ്ജയുണ്ടാക്കുന്നതുമായ സംഭവങ്ങൾ മണിപ്പൂരിൽ മെയ് നാലിന് ഉണ്ടായതിനുശേഷം ലഭിച്ച പരാതിയിന്മേൽ അടയിരുന്ന വനിതാ കമ്മീഷൻ ചെയർപേഴ്സണ് ഒരു നിമിഷം പോലും ആ പദവിയിലിരിക്കാൻ അർഹതയില്ല.

എന്തിനാണ് ഭരണഘടനാ സ്ഥാപനമായ മനുഷ്യാവകാശ കമ്മീഷൻ ? മനുഷ്യത്വത്തിന് നിരക്കാത്ത കാട്ടാളത്തം രാജ്യത്ത് എവിടെയുണ്ടായാലും അവിടെ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് മനുഷ്യാവകാശ കമ്മീഷന്റെ കർത്തവ്യം. അവർ അതിന് കഴിവുള്ളവരുമായിരിക്കണം. അതിന് തയ്യാറാവാത്ത മനുഷ്യാവകാശ കമ്മീഷന്റെ പേര് മാറ്റി മറ്റെന്തെങ്കിലും ഇടുന്നതാണ് നല്ലത്. അതോ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവാദിത്വം സ്ത്രീകളുടെ കാര്യത്തിൽ ഇല്ലെന്നുണ്ടോ?

രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിൽ നിന്ന് സ്ത്രീകൾ നീതി പ്രതീക്ഷിക്കേണ്ടതില്ല. ഒമ്പതു കൊല്ലത്തെ അനുഭവം വ്യക്തമാക്കുന്നത് അതാണ്. തന്റെ അമേരിക്കൻ സന്ദർശനത്തിന് മുൻപുതന്നെ മണിപ്പൂരിൽ ചെറിയ പെൺകുട്ടികളടക്കം ക്രൂരമായി പീഡിപ്പിക്കപ്പെട്ടതറിഞ്ഞിട്ടും കലാപത്തിൽപ്പെട്ട് ദിനേനെ മനുഷ്യ രക്തം തെരുവിൽ വീണു ഒഴുകുകയാണെന്നും അറിയാമായിരുന്നിട്ടും മണിപ്പൂർ സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണെന്നതുപോലും പരിഗണിച്ചില്ല എന്നുമാത്രമല്ല മണിപ്പൂരിനെ സംബന്ധിച്ച് ചോദിച്ച ചോദ്യങ്ങൾക്കൊന്നതിനുപോലും മറുപടിയില്ല. ക്രൂരമായ നിസ്സംഗതയും മൗനവും ആണ് നാം കണ്ടത്.

പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ വാ തുറന്ന് രണ്ടു വാക്കുകൾ പറഞ്ഞത് സുപ്രീം കോടതിയുടെ കനത്ത പ്രഹരം കിട്ടിയപ്പോഴാണ്. നമ്മുടെ രാജ്യത്തെയോർത്ത് ലജ്ജിക്കുന്നു; ഇവിടെയാണോ ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇതിൽ ഇടപെട്ട് കുറ്റവാളികളെ നിലയ്ക്കു നിർത്താൻ കേന്ദ്ര-–സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ലെങ്കിൽ കോടതി നേരിട്ട് ഇടപെടും എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഈ സന്ദർഭത്തിൽ മആത്രമേ പ്രധാനമന്ത്രി വാ തുറന്നത്. 140 കോടി ജനങ്ങളുടെ പ്രതിനിധി വെറും 80 സെക്കൻഡാണ് ഇതേപ്പറ്റി പറഞ്ഞത്. കേവലം ആത്മാർത്ഥതയില്ലാത്ത വാക്കുകൾ എന്നുമാത്രമേ അതിനെ കാണാൻ കഴിയൂ. ഒാരോരോ സംഭവങ്ങളായി ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി പാർലമെന്റിൽ ഇതു സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാധ്യസ്ഥനാണ്; പറഞ്ഞേ തീരൂ.

സമാരാദ്ധ്യയായ നമ്മുടെ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു ഗോത്ര വിവാഹത്തിൽപെട്ടവരാണ്. ആദിവാസി വിഭാഗത്തിലെ പെൺകുട്ടികളുടെ വസ്ത്രാക്ഷേപം മാത്രമല്ല നൂൽ ബന്ധമില്ലാതെ ജനക്കൂട്ടത്തിന്റെ മുന്നിലൂടെ അടിച്ചും തൊഴിച്ചും അവരെ പീഡിപ്പിച്ചും നടത്തിക്കൊണ്ടുപോവുകയും ഫോട്ടോയും വീഡിയോയും എടുക്കുകയും ഒക്കെ ചെയ്തു എന്നു അറിയാത്തവരായിരിക്കില്ലല്ലോ സർവ്വ സൈന്യാധിപയായ നമ്മുടെ രാഷ്ട്രപതി ദ്രൗപതി മുർമു. കേരളത്തിലും തമിഴ്നാട്ടിലും മറ്റുമുള്ള രാഷ്ട്രപതിയുടെ പ്രതിനിധികൾ രാഷ്ട്രീയ കാര്യങ്ങളിൽ പോലും ഇടപെട്ട് സർക്കാരിന് തലവേദന ഉണ്ടാക്കുമ്പോൾ ദീന ദീനം അലമുറയിട്ട് ജീവഭയത്തോടെ കഴിയുന്ന മണിപ്പൂരിലെ സഹോദരിമാരുടെ നിലവിളി നമ്മുടെ രാഷ്ട്രപതിയുടെ കാതുകളിൽ എത്തുന്നില്ലെന്നുണ്ടോ? ഇക്കാര്യത്തിൽ രാഷ്ട്രപതിയും ഒന്നും പ്രതികരിച്ചില്ല. മണിപ്പൂരിലെ വനിതാ ഗവർണറും കുറ്റകരമായ നിശബ്ദത പാലിച്ചു. അതാണ് ഈ കലാപവും സ്ത്രീപീഡനവും സർക്കാർ തന്നെ ക്ഷണിച്ചുവരുത്തിയതാണ് എന്ന ബോധ്യം രാജ്യത്താകെ ഉണ്ടാക്കിയത്. മണിപ്പൂരിനെ രക്ഷിക്കാനും സമാധാനം സ്ഥാപിക്കാനും കഴിയാത്ത, അതിനു തയ്യാറാകാത്ത സർക്കാർ ജനങ്ങളോട് കണക്കു പറയുക തന്നെ വേണ്ടിവരും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 17 =

Most Popular