Friday, May 10, 2024

ad

Homeകവര്‍സ്റ്റോറികലാപഭൂമിയിലെ 
നേർക്കാഴ്ചകൾ

കലാപഭൂമിയിലെ 
നേർക്കാഴ്ചകൾ

ഫാ. ഡോ. ജോൺസൻ തെക്കാടിയിൽ/ജി വിജയകുമാർ

ജി വിജയകുമാർ: താങ്കൾ എപ്പോഴാണ് മണിപ്പൂർ സന്ദർശിച്ചത്?

ഫാദർ ജോൺസൻ: ഞാൻ ആദ്യം മണിപ്പൂരിലേക്ക് പോയത് ജൂൺ 10നാണ്; 18–ാം തീയതിവരെ അവിടെ നിന്നു. പിന്നീട് ജൂലെെ 10ന് പോയി 19–ാം തീയതി മടങ്ങിയെത്തി.

വിജയകുമാർ: പോകാനുള്ള കാരണം എന്തായിരുന്നു? എന്തെങ്കിലും ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നോ?

ഫാദർ: അതായത്, ഇതിനുമുൻപ് ഛത്തീസ്ഗഢിൽ ഇതുപോലെ സമാനമായ പ്രശ്നമുണ്ടായപ്പോൾ അവിടെ പോയിരുന്നു. ഇവിടെ കേൾക്കുന്നതും അവിടെ നടക്കുന്നതുമായ വിഷയങ്ങൾ വ്യത്യസ്തമാണ്. ഛത്തീസ‍്ഗഢിലെ സംഭവത്തെക്കുറിച്ചും മണിപ്പൂരിനെക്കുറിച്ചും ഇവിടെ ആദ്യം കേട്ടത് ഗോത്രങ്ങൾ തമ്മിലുള്ള കലാപമെന്നാണ്. എന്നാൽ ഇപ്പോൾ ഒരു കാര്യം വളരെ ബോധ്യമായി, അതായത്, കലാപമുണ്ടാവുന്നതിന് മുൻപോ അതിന്റെ തൊട്ടടുത്ത ദിവസങ്ങളിലോ ഇതുപോലെ ഏതെങ്കിലും വാർത്തകൾ ഇവിടെ പടയ്ക്കപ്പെട്ടു കഴിഞ്ഞാൽ അത് ശരിക്കും വ്യാജവാർത്താ വ്യാപാരികളുടെ പടക്കോപ്പുകളാണ്. അതുകൊണ്ടുതന്നെയാണ് അതിലെ യാഥാർഥ്യം മനസ്സിലാക്കണമെന്ന ഉറച്ച തീരുമാനത്തോടുകൂടി ഞങ്ങൾ അവിടെ പോയത്. അവിടെയുള്ള എന്റെ സ്നേഹിതന്മാരായ, എന്റെ ജൂനിയേഴ്സും സീനിയേഴ്സുമായ അച്ചന്മാർ എന്നെ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഞാനവരിൽനിന്ന് യാഥാർഥ്യം മനസ്സിലാക്കുന്നുമുണ്ടായിരുന്നു. അതുവഴി ഇവിടെ പ്രചരിക്കുന്നതും അവിടെ നടക്കുന്നതും വ്യത്യസ്തമാണെന്നറിഞ്ഞതിനാലാണ് ഞാനവിടെ പോയത്; സാധ്യമായ സഹായങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തു.

വിജയകുമാർ: ഈ രണ്ടു തവണ അവിടെ പോയപ്പോൾ എന്തൊക്കെയാണ് താങ്കൾ കണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ?

ഫാദർ: അതായത് രണ്ടാമത് പോയപ്പോൾ ഒരു സമാധാന സന്ധിയുണ്ടാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പുനരധിവാസം കൂടുതൽ നടത്തണം; അതിനൊപ്പം തന്നെ അനുരഞ്ജനം ഉറപ്പാക്കുകയും ചെയ്യണം; ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അതിന്റെ നേതാക്കളുമായി സംസാരിക്കുക എന്നതായിരുന്നു രണ്ടാമത്തെ ലക്ഷ്യം. ആദ്യം ചെന്നപ്പോൾ മുഴുവൻ ബ്ലോക്കായി കിടക്കുന്നതാണ് കണ്ടത്. മുന്നോട്ടുപോകാൻ കഴിയാത്ത വിധത്തിൽ പല പ്രശ്നങ്ങളുമുണ്ടായി. പക്ഷേ, ഞങ്ങളുടെ ഗെെഡ് നാഗ – അംഗൂൽ വിഭാഗത്തിൽപ്പെട്ട ഒരു പുരോഹിതനായിരുന്നു. അദ്ദേഹത്തിനവിടെ നല്ല സ്വാധീനമുണ്ടായിരുന്നതുകൊണ്ട് നമുക്കവിടെ മിക്കവാറുമെല്ലായിടത്തും പോകാൻ സാധിച്ചു.

വിജയകുമാർ: നിങ്ങളവിടെ കണ്ട കാഴ്ചകൾ ഭീകരമായിരിക്കുമെന്ന് പറയാതെതന്നെ നമുക്കറിയാം. എങ്കിലും ഒന്ന് വിശദീകരിക്കാമോ?

ഫാദർ: ആദ്യത്തെ പ്രാവശ്യം പോയപ്പോൾ ഞങ്ങൾ മണിപ്പൂരിന്റെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. ഗ്രാമങ്ങളെല്ലാം കത്തിക്കരിഞ്ഞു കിടക്കുകയായിരുന്നു. ഞങ്ങൾ ക്യാമ്പുകളിൽ പോയി അവിടെ മുറിവേറ്റു കിടക്കുന്നവരെ കണ്ടു. ചുരാചന്ദ്പൂരിലെ മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ അവിടെ ബുള്ളറ്റ് തറയ്ക്കപ്പെട്ട് മരണത്തോട് മല്ലടിച്ചുകിടക്കുന്ന മനുഷ്യരെ കണ്ടു. കലാപ ഭൂമിയിൽനിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ അബോർഷൻ സംഭവിച്ച സ്ത്രീകളെ കണ്ടു; കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കളെ കണ്ടു; മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ നിലവിളി കേട്ടു. സഹോദരങ്ങൾ നഷ്ടപ്പെട്ട സഹോദരങ്ങൾ… തകർക്കപ്പെട്ട വീടുകൾ… തകർക്കപ്പെട്ട മനുഷ്യർ …. ഇതെല്ലാം ആദ്യം പോയപ്പോൾ ഞങ്ങൾ കണ്ടു. ഇപ്രാവശ്യം പോയപ്പോൾ ഞങ്ങളുടെ ലക്ഷ്യം ഈ മേഖലകൾ സന്ദർശിക്കുക എന്നതു മാത്രമല്ലായിരുന്നു. അതിനാൽ നേതൃനിരയിലെ ആളുകളെ കണ്ടു സംസാരിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. സമാധാനം സ്ഥാപിക്കുന്നതിനുള്ള വഴിതേടൽ ആയിരുന്നു ലക്ഷ്യം. എന്നാൽ, ഈ രണ്ടു സന്ദർശനത്തിലും ഞങ്ങൾ കണ്ടൊരു പൊതുവായ കാര്യം മെയ്–ത്തി സഹോദരിമാർ 2000ത്തോളം പേർ ഒന്നിച്ചുകൂടി റോഡ് ബ്ലോക്കു ചെയ്യുന്നതാണ്.
ഇവരുടെയെല്ലാം കയ്യിൽ വയർലെസ് ഉണ്ട്. ഇങ്ങനെ റോഡ് ബ്ലോക്ക് ആക്കുന്നത് അസം റൈഫിൾസിന്റെയും മറ്റും വാഹനങ്ങൾ വരുന്നത് തടയുന്നതിനുവേണ്ടിയാണ്. അങ്ങനെ തടഞ്ഞവണ്ടികൾക്കുള്ളിൽ കയറി കുക്കി വിഭാഗത്തിൽപ്പെട്ട ആരെങ്കിലും ഉണ്ടോ എന്നു നോക്കും. ഉണ്ടെങ്കിൽ അവരെ തല്ലിക്കൊല്ലും. ഇതാണ് ആദ്യതവണ പോയപ്പോഴും രണ്ടാമത്തെ തവണ പോയപ്പോഴും പൊതുവായി കണ്ട ഒരു കാര്യം. പിന്നെ ഇത്തവണ കണ്ട മറ്റൊരു പ്രധാനപ്പെട്ട സംഭവം മെയ്‌ത്തി സഹോദരിമാർ നമ്മുടെ വണ്ടികൾ തടഞ്ഞുനിർത്തി ഡൊണേഷൻ എന്നും പറഞ്ഞ് പാത്രവുമായി വരികയും നമ്മൾ കൊടുക്കാൻ തയ്യാറായില്ലെങ്കിൽ ബലാൽക്കാരമായി പിടിച്ചുവാങ്ങുകയും ചെയ്യുന്ന കാഴ്ചയാണ്. പക്ഷേ ഞങ്ങൾ അത് കൊടുക്കാൻ തയ്യാറായിരുന്നു. നമ്മൾ അവരെ സഹായിക്കാൻ തയ്യാറായിരുന്നു. അതിനു വേണ്ടിയാണല്ലോ നമ്മൾ പോയത്. അതുകൊണ്ടുതന്നെ നമ്മൾ അവർക്ക് പണം കൊടുത്തു. പക്ഷേ പിന്നീടാണ് അറിയുന്നത് ഈ കൊടുത്ത പണമൊക്കെ ആയുധശേഖരത്തിനു വേണ്ടി ഉപയോഗിക്കുകയാണ് എന്ന്. പിന്നെ ഞങ്ങൾ കണ്ട മറ്റൊരു കാഴ്ച പലഭാഗത്തും ഞങ്ങളുടെ കന്യാസ്ത്രീമാർക്ക് ഓടിയോളിക്കേണ്ട ഗതികേട് വന്നു എന്നതാണ്. സിസ്റ്റർമാരെ ഞങ്ങൾ ആദ്യത്തെ തവണ പോയപ്പോൾ കണ്ടു. പിന്നെ പലയിടങ്ങളിലും കോൺവെന്റുകൾ ഒക്കെ തകർന്നു കിടക്കുന്നതും കണ്ടു.

വിജയകുമാർ: ഇപ്പോൾ അവിടെ നടക്കുന്നത് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നതുപോലെ പണ്ടുകാലം മുതൽക്കേയുള്ള കുക്കി – മെയ്‌ത്തി സംഘർഷമാണോ അതോ ഇതിന് മറ്റെന്തെങ്കിലും മാനമുണ്ടോ?

ഫാദർ: അവിടെ കുക്കികളും മെയ്‌ത്തികളും തമ്മിൽ മുൻപൊരു സംഘർഷവും ഉണ്ടായിട്ടില്ല.

വിജയകുമാർ: പക്ഷേ ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത് ഈ രണ്ടു കൂട്ടരും തമ്മിൽ പണ്ടുകാലം മുതലേ നിലനിന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തേത് എന്നാണ്.

ഫാദർ: അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ലല്ലോ. മെയ്‌ത്തികളും കുക്കികളും തമ്മിൽ അവിടെ ഒരിക്കലും സംഘർഷം ഉണ്ടായിട്ടില്ല. മണിപ്പൂരിൽ 1990 – 92 കാലഘട്ടത്തിൽ നാഗകളും കുക്കികളും തമ്മിൽ കലാപം ഉണ്ടായിട്ടുണ്ട്. എന്നാൽ അത് അക്കാലത്തുതന്നെ അവസാനിച്ചു. പിന്നീട് ഒരിക്കലും അത് ആവർത്തിച്ചിട്ടുമില്ല. വളരെ സമാധാനപരമായ ഒരു അന്തരീക്ഷമാണ് മണിപ്പൂരിൽ നിലനിന്നിരുന്നത്.മെയ്‌ത്തികളും കുക്കികളും തമ്മിൽ ഒരിക്കലും ഒരു ഏറ്റുമുട്ടൽ അവിടെ ഉണ്ടായിട്ടില്ല. ഇപ്പോഴും അവിടെയുള്ള മെയ്‌ത്തി വിഭാഗത്തിൽപ്പെട്ട സാധാരണക്കാരായ ആളുകളല്ല ഈ കലാപം ഉണ്ടാക്കുന്നത്. ഇവിടെ പ്രചരിപ്പിക്കുന്നതും അവിടെ നടക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അത് കൃത്യമായി മനസ്സിലാക്കിയാൽ ഈ സംഭവത്തിൽ നടക്കുന്ന ദുഷ്പ്രചരണം എത്രമാത്രം വലുതാണെന്ന് നമുക്ക് മനസ്സിലാകും. രണ്ടു ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലാപമാണ് ഇതെന്നാണ് ഇവരിവിടെ പ്രചരിപ്പിച്ചത്. എന്നാൽ മെയ്‌ത്തികൾ ഗോത്രവർഗ്ഗക്കാരല്ല. മെയ്‌ത്തികളിൽ എസ് ടി വിഭാഗം ഉണ്ട്, ഒബിസി ഉണ്ട്, ക്ഷത്രിയരുണ്ട്, ബ്രാഹ്മണരും ഉണ്ട്. മെയ്‌ത്തികളുടെ കൂട്ടത്തിൽ രണ്ട് പ്രബലമായ തീവ്രവാദ ഗ്രൂപ്പുകൾ ഉണ്ട്. അതിൽ ഒരു ഗ്രൂപ്പിന്റെ പേര് ആരങ്കോയി തങ്കോൽ എന്നാണ്. കടുത്ത വിഷം പുരട്ടിയ ആയുധം എന്നാണ് ഈ പേരിന്റെ അർത്ഥം. ആ ഗ്രൂപ്പിനെ സൃഷ്ടിച്ചതും അവിടെ ഉണ്ടാക്കിയത് അതിനെ ഇത്ര കൃത്യമായി രൂപകൽപ്പന ചെയ്തതും മണിപ്പൂരിലെ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലാണ്. മുഖ്യമന്ത്രിയാണ് വെള്ളവും വളവും കൊടുത്തു അവരെ വളർത്തുന്നത്. അദ്ദേഹം മെയ്‌ത്തി വിഭാഗത്തിൽപ്പെട്ട ആളാണ്. അദ്ദേഹം 5000 ചെറുപ്പക്കാർക്ക് തീവ്രവാദ സംഘടനയുടെ ഭാഗമായി പരിശീലനം കൊടുത്തിരുന്നു. കലാപം തുടങ്ങുന്നതിന്റെ ആദ്യ ദിവസങ്ങളിൽ കറുത്ത വസ്ത്രം ആയിരുന്നു ഈ ഗ്രൂപ്പിലെ അംഗങ്ങൾ അണിഞ്ഞിരുന്നത്. ആരംബായി തങ്കോലിന്റെ ചിഹ്നമുള്ള കറുത്ത ഷർട്ടും കറുത്ത പാന്റും ആണ് ആ ദിവസങ്ങളിൽ അവർ അണിഞ്ഞിരുന്നത്. എന്നാൽ അന്ന് രാത്രിക്കുള്ളിൽ 5000 ത്തോളം പൊലീസ് കമാൻഡോ യൂണിഫോമുകൾ അവർക്കുവേണ്ടി തയ്ച്ചുകൊടുക്കപ്പെട്ടു. ആ യൂണിഫോമുകൾ അണിഞ്ഞുകൊണ്ടാണ് അവർ ഈ അക്രമങ്ങൾ നടത്തുന്നത്. രണ്ടാമത്തെ ഗ്രൂപ്പ് മെയ്‌ത്തി ലീപുൺ ആണ്. പ്രമോദ് സിങ് എന്നു പറയുന്ന ആളാണ് അതിന്റെ സ്ഥാപകൻ. അദ്ദേഹം ഗുജറാത്തിൽ പഠിക്കാൻ പോയകാലത്ത് എബിവിപിയിൽ ആകൃഷ്ടനാവുകയും എബിവിപിയുടെ പ്രവർത്തനത്തിൽ സജീവമാവുകയും തിരിച്ച് നാട്ടിലെത്തിയപ്പോൾ സംഘപരിവാറിനുവേണ്ടി നിരന്തരം പ്രവർത്തിക്കുകയും സംഘപരിവാറിന്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകുന്നതിനുവേണ്ടി മെയ്ത്തി ലീപുൻ എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തയാളാണ്. സംഘപരിവാറുമായി ഒട്ടിനിൽക്കുന്ന ഈ സംഘടന ഒരു തീവ്രവാദ ഗ്രൂപ്പാണ്. ഈ രണ്ടു ഗ്രൂപ്പുകളും ചേർന്നാണ് അവിടെ കലാപം നടത്തുന്നത്. അവിടുത്തെ ഹിന്ദുക്കളും മറ്റുള്ള വിഭാഗക്കാരും നിഷ്കളങ്കരാണ്, ഇക്കാര്യത്തിൽ. അവർ എല്ലാവരുംതന്നെ സമാധാനപ്രിയരും ആണ്. അവരാരുംതന്നെ ഈ കലാപത്തിൽ പങ്കെടുക്കുന്നില്ല. സംഘപരിവാറുമായിട്ട് ചേർന്നുനിൽക്കുന്ന, ഹിന്ദുത്വ അജൻഡയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ആരംബായി തങ്കോൽ, മെയ്‌ത്തി ലീപുൺ എന്നീ രണ്ട് തീവ്രവാദ ഗ്രൂപ്പുകൾ ആണ് അവിടെ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നത്. ഈ അക്രമങ്ങളെല്ലാംതന്നെ അരങ്ങേറുന്നത് ഈ രണ്ട് സംഘങ്ങളുടെ നേതൃത്വത്തിലാണ്.

വിജയകുമാർ: അപ്പോൾ അവിടെ നടക്കുന്നത് ആർഎസ്എസ് സ്പോൺസർ ചെയ്യുന്ന വർഗീയ കലാപം ആണ് അഥവാ ക്രിസ്ത്യൻ വംശഹത്യയാണ് എന്ന് സ്ഥാപിക്കാൻ കഴിയുമോ?

ഫാദർ: അതായത്, ഇത് കേവലം മെയ് മൂന്നിന് തുടക്കമിട്ട ഒരു പ്രശ്നമല്ല. കഴിഞ്ഞവർഷം ഞങ്ങൾ ഛത്തീസ്ഗഢിൽ പോയിരുന്നു. ഛത്തീസ്ഗഢിലും സമാനമായ രീതിയിൽ കലാപം ഉണ്ടായപ്പോൾ ആദ്യം പ്രചരിപ്പിക്കപ്പെട്ടത് അത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണ് എന്നാണ്. പിന്നീട് അത് രണ്ട് സഭകൾ തമ്മിലുള്ള പ്രശ്നമാണ് എന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതേപോലെ തന്നെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പെൺകുട്ടികളെ നിലത്തിരുത്തി കാലു രണ്ടും വലിച്ചുകീറുകയും ചെയ്ത സംഭവങ്ങളൊക്കെ ധാരാളം അവിടെ നടന്നിട്ടുണ്ട്. ഛത്തീസ്ഗഢിൽ കഴിഞ്ഞവർഷം ആദ്യം ഈ സംഭവങ്ങൾ അരങ്ങേറിയ സമയത്തു തന്നെ മണിപ്പൂരിലും ഇവർ ഈ കലാപത്തിനുള്ള ആസൂത്രണങ്ങൾ നടത്തിക്കൊണ്ടിരുന്നു. അങ്ങനെ പറയാൻ കാരണമെന്തെന്ന് വെച്ചാൽ ക്രൈസ്തവ വീടുകളെല്ലാം നേരത്തെതന്നെ മാർക്ക് ചെയ്തിരുന്നു. കുക്കികളും മെയ്‌ത്തികളും ഒരുമിച്ചാണ് ഇംഫാൽ അടക്കമുള്ള താഴ്വരകളിൽ പാർത്തിരുന്നത്. മെയ്ത്തി ക്രിസ്ത്യാനികളെ തിരിച്ചറിയുന്നതിനായി അവിടെ വ്യാപകമായ സർവ്വേ നടത്തിയിരുന്നു. അതിനു കാരണം എന്തെന്നുവെച്ചാൽ മെയ്ത്തി ക്രിസ്ത്യാനികൾ അവിടെ ഒരു ഘോഷയാത്ര നടത്തിയിരുന്നു. ഇവരാരുംതന്നെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു ക്രിസ്തീയ വളർച്ച അവിടെ ഉണ്ടായിട്ടുണ്ട് എന്നത് മെയ്‌ത്തി ലീപുണിനും ആരംബായി തങ്കോലിനും മനസ്സിലായി. അത് അവരെ ഭയപ്പെടുത്തി. ക്രിസ്ത്യാനികൾ താഴ്വരയിൽ കണ്ടമാനം വളരുന്നു എന്ന് അവർക്ക് മനസ്സിലായി. 98% കുക്കികളും ക്രിസ്ത്യാനികളാണ്. 98% നാഗന്മാരും ക്രിസ്ത്യാനികളാണ്. ക്രിസ്തുമതത്തിലേക്ക് ഇവരെല്ലാം പോകുന്നു എന്നൊരു ഭയം ആരംബായി തങ്കോലിന് ഉണ്ടായി . മെയ്‌ത്തി വിഭാഗത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പോയവരെയെല്ലാം തന്നെ മെയ്‌ത്തി സനമാഹിസം എന്ന അവിടെയുള്ള ഒരു മതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുവേണ്ടിയാണ് ആരംബായി തങ്കോൽ എന്ന ഗ്രൂപ് സ്ഥാപിക്കപ്പെട്ടതുതന്നെ. മെയ്‌ത്തി ലീപുൺ സംഘപരിവാറിന്റെ സംഘടനയും ആരംബായി തങ്കോൽ സനമാഹിസത്തിന്റെ സംഘടനയുമാണ്. ബുദ്ധമതത്തെയും ജെെനമതത്തെയുമൊക്കെ ഹൈന്ദവ മതത്തിന്റെ ഒരു ഭാഗമായി കാണുന്നതുപോലെയാണ് ആരംബായി തങ്കോലിനെ മെയ്‌ത്തി ലീപുൺ കണ്ടിരുന്നത്. ആരംബായി തങ്കോലിൽനിന്നു ക്രിസ്തുമതത്തിലേക്ക് ഒട്ടേറെ ആളുകൾ പോകുന്നുവേണ്ടത് ഇരുകൂട്ടരേയും ഭയപ്പെടുത്തുകയും ഇനിയും ഇത് ഇങ്ങനെ മുന്നോട്ടു പോയാൽ ബുദ്ധിമുട്ട് ആകുമെന്ന് അവർ ഉറപ്പാക്കുകയും ചെയ്തു. ക്രിസ്ത്യൻ വിഭാഗത്തിൽ പ്രവർത്തിക്കുന്നത് അധികവും കുക്കികളാണ്. അവരാണ് മെയ്‌ത്തികൾക്ക് പള്ളികൾ പണിതുകൊടുത്തിരിക്കുന്നത്. കുക്കികളും നാഗകളും ചേർന്നാണ് ഈ പള്ളികളെല്ലാംതന്നെ പണിതുകൊടുത്തിട്ടുള്ളത്. അതെല്ലാം തന്നെ വലിയ പള്ളികളുമാണ്. നാഗകളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതം പള്ളികേന്ദ്രിതമാണ്. അതുകൊണ്ടുതന്നെ വീട് ചെറുതാണെങ്കിലും 3000- – 4000 പേർക്ക് ഒരുമിച്ചിരിക്കാൻ പറ്റിയ തരത്തിലുള്ള വലിയ പള്ളികളാണ് അവിടെയുള്ളത്. എന്നാൽ മെയ്‌ത്തികളെ സംബന്ധിച്ചിടത്തോളം ചെറിയ പള്ളികളാണ്. 35, 50, 100, 200 എന്നിങ്ങനെ ചെറിയ മെമ്പർഷിപ്പുകൾ ആണ് അവർക്കുള്ളത്. മലമ്പ്രദേശങ്ങളിലുള്ളവർക്ക് വലിയ പള്ളികളും മെയ്ത്തികളുടെ പള്ളികൾ അവരുടെ വീടിനോട് ചേർന്നുള്ള ചെറിയ ചെറിയ പള്ളികളുമാണ്. അത് അത്രവേഗം തിരിച്ചറിയാൻ കഴിയില്ല. അതുകൊണ്ടാണ് അവർ സർവ്വേ നടത്തിയത്. സർവ്വേ നടത്തി വീടുകളെല്ലാം മാർക്ക് ചെയ്തു. റാലി നടന്നാലും ഇല്ലെങ്കിലും മെയ് എട്ടിനാണ് ഈ കലാപം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നത്. അതും ക്രൈസ്തവരെയല്ല മുസ്ലീങ്ങളെയാണ് ലക്ഷ്യംവെച്ചിരുന്നത്.

വിജയകുമാർ: മുസ്ലീങ്ങൾ മണിപ്പൂരിൽ അത്രയ്ക്ക് വലിയൊരു സംഖ്യ ഉണ്ടോ?

ഫാദർ: അവിടെ മെയ്-ത്തികളിൽ 9 ശതമാനത്തോളം മുസ്ലീങ്ങളാണ്. അവർ അറിയപ്പെടുന്നത് പംഗൽസ് എന്നാണ്. മുസ്ലിം വിഭാഗത്തിൽപെട്ടവരെ ഇല്ലാതാക്കുക എന്ന സംഘപരിവാറിന്റെ പൊതു അജൻഡ പ്രകാരം ഈ മുസ്ലിങ്ങളെയാണ് അവർ ലക്ഷ്യം വെച്ചിരുന്നത്, അല്ലാതെ കുക്കികളെയല്ല. പിന്നീട് കുക്കികളിലേക്ക് തിരിയാൻ ഒരു കാരണം ആ വിഭാഗം അധികവും ക്രിസ്ത്യാനികളാണ് എന്നുള്ളതാണ്. മറ്റൊരു കാരണം മാർച്ച് മാസം 26ന് നാലാഴ്ചയ്ക്കുള്ളിൽ മെയ്ത്തികൾക്ക് പട്ടികവർഗ്ഗ പദവി നൽകണം എന്ന ഹൈക്കോടതിയുടെ വിധിയാണ്.
ഈ വിധി സംഘപരിവാറിന്റെ ആഗ്രഹപ്രകാരം ഉള്ളതാണ്. ഇത്രയേറെ അസ്വസ്ഥതകൾ ഉള്ള ഒരു പ്രദേശത്ത് നാലാഴ്ചക്കുള്ളിൽ ഇത്തരത്തിൽ ഒരു വിധി നടപ്പാക്കുക എന്നൊക്കെ പറയുമ്പോൾ അത് എല്ലാ സീമകളും ലംഘിച്ചുള്ള ഒരു പ്രവൃത്തിയാണ്. അതിനു വലിയ വില കൊടുക്കേണ്ടി വരും; ഈ വിധിയാണ് ശരിക്കും കലാപത്തിന് തിരികൊളുത്തുയത്. ഈ വിധി വന്നപ്പോൾ അതിനെതിരെ അവിടുത്തെ കുക്കി –നാഗ വിഭാഗങ്ങൾ മെയ് മൂന്നിന് റാലി നടത്തുകയുണ്ടായി. വളരെ സമാധാനപരമായി റാലി നടത്തി അവരെല്ലാം പിരിഞ്ഞു പോയി. അപ്പോഴാണ് വിഷ്ണുപുരിലെയും (അതിർത്തിപ്രദേശമാണ്) ചുരാചന്ദ്പുരിലെയും (പഴയ ലംക) പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ലംകയിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു വലിയ ബോർഡ് ഉണ്ട് – – ‘ആംഗ്ലോ കുക്കി വാർ 1917′. ആ ബോർഡ് മെയ്‌-ത്തികൾ അടിച്ചുതകർത്തു. കൂടാതെ അവിടെ ചില സ്മാരകങ്ങളുണ്ടായിരുന്നതും അവർ തകർത്തു. റാലി കഴിഞ്ഞ് പിരിഞ്ഞു പോകാൻ നിന്ന ജനങ്ങളുടെ മേലേക്ക് മെയ്-ത്തികൾ ട്രക്ക് കയറ്റി. സ്വാഭാവികമായിട്ടും അത് ചോദ്യം ചെയ്യപ്പെട്ടു. ചോദ്യം ചെയ്യപ്പെട്ടപ്പോൾ കശപിശയുണ്ടായി. വംശഹത്യ ലക്ഷ്യമിട്ട് കരുതിക്കൂട്ടിയുള്ളതല്ലായിരുന്നുവെങ്കിൽ അത് അവിടെവച്ചുതന്നെ അടിച്ചമർത്താമായിരുന്നു, റാലി നടക്കുമ്പോൾതന്നെ പൊലീസ് പ്രൊട്ടക്ഷൻ ഉണ്ടായിരിക്കുമല്ലോ. ആ പ്രശ്നം അവിടെവച്ചുതന്നെ തീർക്കാമായിരുന്നു. പക്ഷേ ഈ സംഭവം നടന്ന 36 മണിക്കൂറിനുള്ളിൽ മെയ്-ത്തി ക്രിസ്ത്യാനികളുടെ 251 പള്ളികളും കുക്കികളുടെ ആറ് പ്രമുഖ സ്ഥാപനങ്ങളും തകർക്കപ്പെട്ടു. ഇനി നിങ്ങൾ പറയൂ, ഇത് കേവലം കുക്കികളും മെയ്ത്തികളും തമ്മിലുള്ള വംശീയ കലാപമാണെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും? അപ്പോൾ അതുകൊണ്ടാണ് നമ്മൾ പറയുന്നത് ഇത് പൂർണ്ണമായും വംശഹത്യയാണ്. ക്രൈസ്തവർക്കെതിരായി ആസൂത്രിതമായി നടത്തുന്ന വംശഹത്യ.

വിജയകുമാർ: ഗുജറാത്തിൽ മുസ്ലീങ്ങൾക്കുനേരെ നടന്ന വംശഹത്യയുടെ മറ്റൊരു പതിപ്പ്,അല്ലേ?

ഫാദർ: അതെ, അതിന്റെ മറ്റൊരു നേർചിത്രം. ഈ സംഭവത്തിനുശേഷം കുക്കികൾ ഒരുപാട് പേർ അവരുടെ സ്ഥലങ്ങളിൽനിന്നും രക്ഷപ്പെട്ട്, അതായത് മെയ്‌ത്തികൾക്കിടയിൽനിന്നും രക്ഷപ്പെട്ട് ഓടിപ്പോയി. പക്ഷേ ഇതിനിടയിൽ ഒരുപാടുപേർ കൊല്ലപ്പെട്ടു. ഒരുപാട് കുഞ്ഞുങ്ങൾ ചുട്ടുകരിക്കപ്പെട്ടു. ഇതിൽ നമുക്ക് കിട്ടിയ കണക്ക് 112 പേരാണ് (കുക്കികൾ പറയുന്നത്). കിട്ടാത്ത കണക്ക് ഇനിയും ഒരുപാടുണ്ട്. ഈ 112 പേരുടെയും ശവശരീരങ്ങൾ ഇപ്പോഴും മറവ് ചെയ്യാതെ സൂക്ഷിച്ചിരിക്കുകയാണ്. കാങ്കോക്ക് ജില്ലയിലും ലംക മെഡിക്കൽ കോളേജിലും സമീപത്തുള്ള വീടുകളിലുമായി ഈ 112 ശവശരീരങ്ങൾ സംസ്കരിക്കാതെ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്.

വിജയകുമാർ: മെയ്‌ത്തികൾ കൊല്ലപ്പെട്ടിട്ടുണ്ടോ?

ഫാദർ: അതെ, അതെ മെയ്-ത്തികൾ കൊല്ലപ്പെട്ടത് എങ്ങനെയാണെന്നുവെച്ചാൽ അവർ ഒരു പത്തു രണ്ടായിരം പേർ ഒന്നിച്ച് കുന്നിൻപ്രദേശങ്ങളിലേക്ക് ട്രക്കുകളിൽ വരും. കുന്നിൻ പ്രദേശങ്ങളിലാണ് കുക്കികൾ താമസിക്കുന്നത്. അവർക്ക് കാടും നാടും ഒരുപോലെയാണ്, കാരണം അവർ വനാന്തരങ്ങളിലാണല്ലോ പാർക്കുന്നത്. എന്നാൽ അത്തരത്തിൽ പരിചയമില്ലാത്ത മെയ്-ത്തികൾ പ്രധാന റോഡിലൂടെയാണ് വരുന്നത്. അങ്ങനെ അവർ വന്നിട്ട് അവിടെ പെട്രോൾ ബോംബോ മറ്റോ എറിയുമ്പോൾ കുക്കികൾ രക്ഷപ്പെട്ടിട്ട് അപ്പുറത്തുനിന്ന് വെടിവയ്ക്കും, സ്വയരക്ഷയ്ക്കുവേണ്ടി. അങ്ങനെയാണ് മെയ്‌ത്തികൾ ചാകുന്നത്. അല്ലാതെ മെയ്-ത്തികളെ അങ്ങോട്ടുപോയി ആക്രമിക്കുന്നതല്ല. സ്വയരക്ഷയ്ക്കുവേണ്ടി കുക്കികൾ പ്രതിരോധം തീർക്കുമ്പോഴാണ് മേയ്-ത്തികൾ കൊല്ലപ്പെടുന്നത്. അല്ലാതെ മെയ്‌ത്തികളുടെ ഗ്രാമങ്ങളിക്ക് ഇവർ പോയി മെയ്‌തികളെ കൊന്നിട്ടില്ല. എന്നാൽ കുക്കികൾ മെയ്‌ത്തികളുടെ വീടുകൾ കത്തിച്ചിട്ടുണ്ട്. ഇനി രണ്ടാമത്തെ കാര്യം, മെയ്‌ത്തി സ്ത്രീകൾ ഈ കലാപങ്ങളിൽ പങ്കെടുത്തില്ലായെങ്കിൽ അവർക്ക് ഒരു കുടുംബത്തിന് 500 രൂപ വെച്ച് പിഴ അടക്കേണ്ടി വരും. ഇനി പങ്കെടുത്തു കഴിഞ്ഞാൽ അവർക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യം കിട്ടുകയും ചെയ്യും. അത് കൊടുക്കുന്നത് ഗവൺമെന്റാണ്. അപ്പോൾ ഇത് ഗവൺമെന്റ് സ്പോൺസർ ചെയ്തിട്ടുള്ള കലാപമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലായല്ലോ.

വിജയകുമാർ: മനസിലായി ഫാദർ. ഇനി ഒരു ചോദ്യം, അവിടെ സ്ത്രീകൾക്കെതിരായി നടക്കുന്ന അക്രമങ്ങളുടെ ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നല്ലോ ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ?

ഫാദർ: ഒരിക്കലുമല്ല ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. അവർ എന്നെ ഒരുപാട് വീഡിയോകൾ കാണിച്ചു തന്നിരുന്നു. അതിൽ നമുക്ക് കുറച്ചെങ്കിലും കണ്ണുകൊണ്ട് കാണാൻ സാധിക്കുന്ന ഒരെണ്ണമാണ് ഇപ്പോൾ പുറത്തുവിട്ടത്. ഇനിയുള്ളതെല്ലാം കണ്ടിരിക്കാൻ പോലും പറ്റാത്തതാണ്. ഞാൻ നിങ്ങളോട് ഒരു സംഭവം പറയാം. എന്റെ രണ്ടു പൊന്നു മക്കൾ 24, 22 വയസ്സുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ… അവരെ കാറുകൾ കഴുകുന്ന ജോലി ചെയ്യുന്നതിനായി ഒരു കാർ വാഷിൽ അവരുടെ മാതാപിതാക്കൾ കൊണ്ടുചെന്നാക്കി (വിതുമ്പുന്നു). മെയ് മൂന്നിന് ഈ പ്രശ്നം ഉണ്ടാകുന്നു; മെയ് നാലിന് രാവിലെ അവർ രണ്ടുപേരും ഒളിക്കുന്നതിനുവേണ്ടി അവരുടെ കാർവാഷ് കമ്പനിയുടെ ഉടമസ്ഥന്റെ വീട്ടിൽ അഭയം പ്രാപിക്കുന്നു. എന്നാൽ അവിടെ ചെന്നപാടെ ഉടമസ്ഥനും അയാളുടെ ഭാര്യയുംകൂടി എന്റെ രണ്ടു പൊന്നു കുഞ്ഞുങ്ങളെയും ഒരുപറ്റം ചെറുപ്പക്കാർക്ക് പിച്ചിച്ചീന്താനായി വിട്ടുകൊടുത്തു. ആ പൊന്നുമക്കൾ വളരെ നിഷ്ഠുരമായി പച്ചയ്ക്ക് പിച്ചിച്ചീന്തപ്പെട്ടു; അവരുടെ മാറു കടിച്ചു പറിച്ചെടുത്തു; അവരുടെ ഗുഹ്യഭാഗങ്ങൾ വെട്ടിയെടുത്തു. ഇതുപോലെ എത്രയെത്ര എണ്ണം. ഒരമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും കൂടി ചുട്ടുകൊന്നത് നിങ്ങൾ വായിച്ചില്ലായിരുന്നോ. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ നൂറുകണക്കിന് ഉണ്ട്.

വിജയകുമാർ: കലാപം തുടങ്ങി ഏതെങ്കിലും ഒരു ഘട്ടത്തിൽ സമാധാനം സ്ഥാപിക്കാൻ ഭരണകൂടം പേരിനെങ്കിലും ശ്രമിച്ചിട്ടുണ്ടോ?

ഫാദർ: ഒരു ഘട്ടത്തിലും ഭരണകൂടം യാതൊരു ശ്രമവും നടത്തിയിട്ടില്ല എന്നു മാത്രമല്ല, സമാധാനം ഉണ്ടാകണമെന്ന് അവർക്ക് ആഗ്രഹവുമില്ല. അങ്ങനെയുള്ള ഒരു സമാധാനം അവിടെ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ കലാപം ഉണ്ടാക്കിയത്. അതിനുപിന്നിൽ മൂന്നാമത്തേതായി ഒരു കാരണമുണ്ട്: 2003ൽ ഏഴു പെട്രോളിയം കമ്പനികൾ മണിപ്പൂരിൽ ഒരു പഠനത്തിനുവേണ്ടി വരികയും അവിടെ ധാരാളം പെട്രോളിയം ഉത്പന്നങ്ങളുണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്തു; ലോകത്തുതന്നെ ഏറ്റവും മികച്ച ധാതു ലവണങ്ങളും വജ്രശേഖരവുമുള്ള ഒരു സ്ഥലമാണിതെന്ന് അവർ മനസ്സിലാക്കി. അതുകൊണ്ടുതന്നെ ആ സ്ഥലങ്ങൾ ഖനനം ചെയ്യാൻ അവർക്ക് അനുമതി കിട്ടണം. പക്ഷേ 1960ൽ നമ്മുടെ ഭരണഘടനയിൽ എഴുതിയിരിക്കുന്ന നിയമമനുസരിച്ച് ആ ഭൂമി ഗോത്ര വിഭാഗങ്ങളുടേതാണ്. കമ്പനികൾക്ക് ആ ഭൂമി കയ്യടക്കാൻ കഴിയുകയില്ല .അപ്പോൾ കമ്പനികൾക്ക് അത് കയ്യടക്കാൻ കഴിയണമെങ്കിൽ മെയ്-ത്തികൾക്ക് ആ ഭൂമി വാങ്ങിക്കാൻ പറ്റണം. മെയ്-ത്തികൾക്ക് സ്ഥലം വാങ്ങാൻ സാധിക്കുന്നതിനുവേണ്ടിയിട്ടാണ് അവർക്ക് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. ഞാനീ പറഞ്ഞതെല്ലാം ചേർത്തുവായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇതിന്റെ ഭീകരത എത്രത്തോളം ആണെന്ന്. ഇപ്പോൾ മണിപ്പൂരിന്റെ മുഖ്യമന്ത്രിയായിട്ടുള്ള ബിരേൻ സിങ് 2003ൽ മന്ത്രിസഭാംഗമായിരുന്നു. അന്നുമുതൽ അയാൾക്ക് ഇക്കാര്യത്തിൽ കണ്ണുണ്ടായിരുന്നു; ഇപ്പോൾ അയാൾ മുഖ്യമന്ത്രിയായപ്പോൾ തനിക്കു കിട്ടിയ സുവർണാവസരമായിട്ടാണ് അയാൾ ഇതിനെ കണ്ടത്. കുക്കികൾക്കൊപ്പം മെയ്‌ത്തികൾക്കുംകൂടി ഈ ഗോത്രവർഗ്ഗ പദവി കൊടുത്തുകഴിഞ്ഞാൽ അതുവഴി ആ മലകൾ വാങ്ങിക്കാനും കൈയടക്കാനും സാധിക്കും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഗോത്രജനതയുടെ അനുവാദമില്ലാതെ ആ ഭൂമിയിൽ ഒന്നും ചെയ്യാൻ സാധിക്കുകയില്ല, അതിനുവേണ്ടിയാണ് ട്രൈബൽ പദവി വേണമെന്ന് അവർ ആവശ്യപ്പെട്ടത്. ഈ രീതിയിൽ കാര്യങ്ങൾ നീക്കിയാൽ പൂർണ്ണ വിജയം ഉറപ്പാക്കാനാകുമെന്ന് അവർ വിചാരിച്ചു എങ്കിലും ഒരല്പം സമയം അവർക്ക് തെറ്റിപ്പോയി. എന്തെന്നാൽ നമ്മളെപ്പോലെയുള്ള ആളുകൾ ഇത് മണത്തറിഞ്ഞ് ഇതിലെ കാര്യകാരണങ്ങൾ കണ്ടെത്തുന്നുണ്ട് എന്നത്, ഇത് ലോകം അറിഞ്ഞു എന്നത് അവർക്ക് തിരിച്ചടിയായി. ഈ കലാപം നിർത്തണമെന്ന് ഗവൺമെന്റിന് യാതൊരു താൽപര്യവുമില്ല, അവരിത് തുടരുക തന്നെ ചെയ്യും. അങ്ങനെ പറയാൻ കാരണം ഈ കലാപം തുടങ്ങി ഇത്ര നാളായിട്ടും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല.

വിജയകുമാർ: മറ്റൊരു കാര്യം ബിജെപി നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും മറ്റുമൊക്കെ വീടുകളും സ്ഥാപനങ്ങളും തകർത്തു തീവെച്ചു എന്നും കുക്കികളാണ് ഇത് ചെയ്തതെന്നും പറയുന്നുണ്ടല്ലോ. അപ്പോൾ കുക്കികൾ അങ്ങനെ ഇങ്ങോട്ടു കടന്നുവന്ന് ആക്രമിച്ചിട്ടില്ല എന്ന് പറയുന്നത് ശരിയാണോ?

ഫാദർ: അങ്ങനെയല്ല. മെയ്‌ത്തികൾതന്നെയാണ് മുഖ്യമന്ത്രിയുടെയും നേതാക്കളുടെയും എല്ലാം വീടുകൾ തകർത്തത്.

നമ്മൾ അവിടെ ഒരു പീസ് റാലി നടത്തിയിരുന്നു അന്ന് 20 മതസംഘടനകളിൽ നിന്നും ആളുകൾ വന്നിരുന്നു; ബുദ്ധിസത്തിൽ നിന്നും ഇസ്ലാമിസത്തിൽ നിന്നും ക്രിസ്ത്യാനിറ്റിയിൽ നിന്നും ഒക്കെ ആളുകൾ വന്നിരുന്നു. ഇവരെല്ലാം വളരെ ഐക്യത്തിൽ ജീവിക്കുന്ന ആളുകളാണ് ഇതിനകത്ത് ആരംബായി തങ്കോൽ എന്നും മെയ്‌തി ലീപുൺ എന്നും പറയുന്ന ഈ രണ്ട് മിലിട്ടന്റ് ഗ്രൂപ്പുകളാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. അത് കൃത്യമായ സ്പോൺസേർഡ് ആണ് ഭരണകൂടത്തിന്റെ അനുവാദത്തോടെയും സഹായത്തോടെയും കൽപ്പനയോടെയും ചെയ്തതാണ്.

വിജയകുമാർ: ഈ വീഡിയോ പുറത്തുവന്നപ്പോൾ സർക്കാരും സംഘപരിവാറുകാരും മുസ്ലീങ്ങളാണ് അത് ചെയ്തത് എന്ന് പറഞ്ഞിട്ട് ഒരു പ്രചരണം അഴിച്ചുവിട്ടിരുന്നുവല്ലോ?

ഫാദർ: ഇതൊക്കെ ചെയ്യുന്നത് വ്യാജവാർത്താ വ്യാപാരികളാണ്. വ്യാജവാർത്താ വ്യാപാരികൾ ഹോൾസെയിൽ ആയിട്ട് നടത്തുന്നത് കേരളത്തിൽ റീടെയിൽ ആയിട്ട് ക്രൈസ്തവരുടെ ഇടയിലും നടത്തുന്നുണ്ട്.

വിജയകുമാർ: ഭരണകൂടത്തിന്റെ അതായത് കേന്ദ്രസർക്കാരിന്റെ, സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥമായ ഒരു ഇടപെടൽകൊണ്ട് ഇത് പരിഹരിക്കാൻ കഴിയില്ലേ? അത്തരത്തിൽ ഒരു നടപടി ആവശ്യമല്ലേ?

ഫാദർ: ഒന്നാമത്തെ കാര്യം അവിടെ ഇപ്പോൾ സെപ്പറേഷൻ, വേർതിരിവ് വന്നുകഴിഞ്ഞു. ഞാൻ ഇതിനെ കാണുന്നത് ഒരു സ്പിരിച്വൽ വാർ ആയിട്ടാണ്. കാരണം രാഷ്ട്രീയമായി അവർ പരാജയപ്പെട്ടു, പൂർണ്ണമായും പരാജയപ്പെട്ടു. അക്കാര്യത്തിൽ മറ്റാർക്കും ഒരു വോയിസും ഇല്ല. ബിരേൻ സിങ്ങിന് വോയിസില്ല, ആഭ്യന്തരമന്ത്രിക്ക് വോയിസില്ല, പ്രധാനമന്ത്രിയൊട്ടു ശ്രദ്ധിക്കുന്നുമില്ല, അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയിൽ അവർക്ക് വിശ്വാസവുമില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − fourteen =

Most Popular