Friday, December 13, 2024

ad

Homeകവര്‍സ്റ്റോറിസംഘപരിവാർ തിരക്കഥയിൽ ആളിപ്പടരുന്ന കലാപം

സംഘപരിവാർ തിരക്കഥയിൽ ആളിപ്പടരുന്ന കലാപം

ജോൺ ബ്രിട്ടാസ്

തൊരു കലാപവും ഒരു രാവും പകലും കടന്നു മുന്നോട്ടുപോകണമെങ്കിൽ അതിനൊരധികാരകേന്ദ്രത്തിന്റെ താങ്ങും തണലും വേണം. മണിപ്പൂർ കലാപം മൂന്നുമാസം എത്താറാകുമ്പോൾ അതിനു പിന്നിൽ ഒരു തിരക്കഥയും ആസൂത്രണവും ഉണ്ടെന്നാണ് നാം തിരിച്ചറിയേണ്ടത്. മണിപ്പൂരിൽനിന്ന് ദാരുണമായ സംഭവങ്ങളുടെ ദൃശ്യശകലങ്ങൾ അരിച്ചിറങ്ങുകയാണിപ്പോൾ. രണ്ട് പെൺകുട്ടികളെ നഗ്നരാക്കി തെരുവിലൂടെ പരേഡ് ചെയ്യിച്ചശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുന്നതിന്റെ ദൃശ്യമാണ് 79 ദിവസത്തിനുശേഷം പ്രധാനമന്ത്രിയുടെ മൗനം ഭഞ്ജിക്കുന്നതിനിടയാക്കിയത്. മണിപ്പൂരിൽ ഇത്തരം സംഭവങ്ങൾ ഒന്നും നടന്നില്ലെന്ന് ചിന്തിക്കാൻവേണ്ട മൗഢ്യം പ്രധാനമന്ത്രിക്ക് ഉണ്ടാകാനിടയില്ല. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുറതെറ്റാതെ ടൺ കണക്കിന് റിപ്പോർട്ടുകളാണ് മണിപ്പൂരിൽനിന്നും അയച്ചുകൊണ്ടിരിക്കുന്നത്. ഈ റിപ്പോർട്ടുകളുടെ നിജസ്ഥിതിയെക്കുറിച്ച് അദ്ദേഹം ആരായാതിരിക്കില്ല; അതായത് അതിനെക്കുറിച്ചൊന്നും അദ്ദേഹം അജ്ഞനായിരിക്കില്ല; കലാപം തുടങ്ങിയതോടെ മണിപ്പൂരിൽ ഇന്റർനെറ്റ് സസ്പെന്റുചെയ്ത് സംസ്ഥാനത്തെ പൂട്ടിക്കെട്ടി വെച്ചിരിക്കുകയാണ്. അക്രമങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയല്ല ഇതെന്ന് വ്യക്തം; മറിച്ച് സംസ്ഥാനത്ത് അരങ്ങേറുന്ന കൊലയും കൊള്ളിവയ്പും പുറംലോകം അറിയരുതെന്ന നിലപാടിലാണ് ഈ ഇരുമ്പുമറ. ഇതിനെ ഭേദിച്ചുകൊണ്ട് ഇപ്പോൾ പുറത്തുവന്ന ദൃശ്യം മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് മണിപ്പൂർ സംഭവത്തെക്കുറിച്ച് അറിയാവുന്നവർക്കല്ലാം ബോധ്യമുള്ള കാര്യമാണ്.

മെയ്-ത്തി വിഭാഗക്കാരും ഗോത്ര വിഭാഗമായ കുക്കികളും തമ്മിലുള്ള വംശീയ പ്രതിസന്ധിയെന്ന ലളിതമായ വായന മാത്രമാണ് കേന്ദ്രസർക്കാരിന് മണിപ്പൂർ പ്രശ്നം. വടക്കുകിഴക്കൻ മേഖലയിലൊട്ടാകെ ഇത്തരത്തിലുള്ള വംശീയ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അതിൽ പുതുമയൊന്നുമില്ലെന്നുമാണ് കേന്ദ്ര ഭരണകക്ഷി ആവർത്തിച്ച് വിശദീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇന്നത്തെ മണിപ്പൂർ സംഘർഷം ലളിതമായ ഈ വിശദീകരണത്തിൽ ഒതുങ്ങുന്നതല്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾതന്നെ വിശദീകരിക്കുന്നുണ്ട്. മെയ്-ത്ത-ികൾക്ക് പട്ടികവർഗ പദവി നൽകാൻ മണിപ്പൂർ ഹൈക്കോടതി ഉത്തരവിട്ടെന്നും അത് കുക്കികളെ പ്രകോപിപ്പിച്ചെന്നും തുടർന്ന് മണിപ്പൂരിൽ കലാപം ആരംഭിച്ചെന്നുമാണ് നമ്മുടെ മാധ്യമങ്ങൾതന്നെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ വിഭാഗമായ മെയ്-ത്തികൾക്ക് സമതലത്തിൽ മാത്രമേ ഭൂമി വാങ്ങാൻ അവകാശമുള്ളൂ. കുന്നിൻപുറങ്ങളിലേക്ക് പോകാൻ ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്-ത്തികൾക്ക് അവകാശമില്ലാത്തതിനാൽ അവർക്ക് 10% മാത്രം ഭൂമി, ബർമയിൽ നിന്ന് കുക്കി വംശജർ അനധികൃതമായി കുടിയേറുന്നു, ഗോത്രവർഗ്ഗക്കാർ മലമ്പ്രദേശങ്ങളിൽ കഞ്ചാവ് കൃഷി ചെയ്യുന്നു എന്നിങ്ങനെ പരാതികളുടെ നീണ്ട പട്ടിക മെയ്-ത്തികൾക്കുണ്ടെന്നതാണ് വിഭജനത്തിന്റെ ഒരു നിദാനമായി എടുത്തുകാട്ടപ്പെടുന്നത്. തങ്ങളെ കടന്നുകയറ്റക്കാരെന്നും കഞ്ചാവ് കൃഷിക്കാരെന്നും മെയ്-ത്തികൾ ആക്ഷേപിക്കുകയും തങ്ങളുടെ ഗ്രാമങ്ങളെ വനസംരക്ഷണത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നുവെന്ന് കുക്കികളും പരാതിപ്പെടുന്നുണ്ട്. ഈ പരാതികളുടെ പട്ടികകൾ തമ്മിൽ ഉരസിയപ്പോൾ സൃഷ്ടിക്കപ്പെട്ടതാണ് മണിപ്പൂരിലെ കലാപമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടക്കം മുതൽ സമർഥിക്കാൻ ശ്രമിക്കുന്നത്. ഇത്തരം പരാതികൾ ഇരുവിഭാഗങ്ങൾക്കും ഉണ്ടെന്നകാര്യം ആരും നിഷേധിക്കുന്നില്ല. എന്നാൽ ധ്രുവീകരണത്തിന്റെ പരീക്ഷണശാലയാക്കി മണിപ്പൂരിനെ മാറ്റിയെടുക്കാനുള്ള നിരവധി വർഷങ്ങൾ നീണ്ട സംഘപരിവാറിന്റെ കുതന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ കലാപം. മെയ്-ത്തികൾക്ക് പുറമെ കുക്കികളിലേക്കും നാഗാവംശജരിലേക്കും പാലം പണിതാണ് സംഘപരിവാർ കാലങ്ങൾക്കുമുമ്പ് ഇവിടെ ചുവടുറപ്പിച്ചത്. കേരളത്തിൽ ആർഎസ്എസ് ആരംഭിച്ച ന്യൂനപക്ഷ പ്രീണനമെന്ന ‘ഔട്ട് റീച്ച്’ ആദ്യം പരീക്ഷിച്ചത് മണിപ്പൂരിലാണെന്നർത്ഥം. എന്നാൽ സ്വന്തം നിലയ്ക്ക് അധികാരമുറപ്പിച്ചപ്പോൾ ഭൂരിപക്ഷത്തെ ഉപയോഗിച്ച് ധ്രുവീകരണം സൃഷ്ടിച്ച് മറ്റു വിഭാഗങ്ങളെ ഛിന്നഭിന്നമാക്കുകയെന്ന തങ്ങളുടെ കുതന്ത്രം സംഘപരിവാർ പുറത്തെടുത്തു. ഇതാണ് ഇന്നത്തെ മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലം.

വടക്കുകിഴക്കൻ മേഖലയിലൊന്നടങ്കം ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രീയം സമർഥമായി പയറ്റിക്കൊണ്ടിരിക്കുകയാണ്. സവർക്കറുടെയും ഗോൾവാൾക്കറുടെയുമൊക്കെ സിദ്ധാന്തങ്ങൾക്ക് പ്രായോഗികതലത്തിൽ അലകും പിടിയും നൽകാനുള്ള എണ്ണിയാലൊടുങ്ങാത്ത പദ്ധതികളാണ് പരിവാര സംഘടനകള്‍ വടക്ക് കിഴക്കൻ മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആർഎസ്എസിന്റെ അഖണ്ഡ ഭാരതം അഫ്ഗാനിസ്താൻവരെ നീളും; എന്തിനേറെ, ആർഎസ്എസിന്റെ അഭിപ്രായത്തിൽ ഇന്തോനേഷ്യയും തായ്‌ലൻഡുമൊക്കെ ഈ അഖണ്ഡ ഭാരതത്തിന്റെ ഭാഗമാണ്. ഇത്തരമൊരു രൂപരേഖയ്ക്കുമേൽ സംഘപരിവാർ ഔദ്യോഗിക ഭാഷ്യം ചാർത്തുന്നതിന് ഒരു കാരണമുണ്ട്. അപ്പോൾ മാത്രമാണ് വടക്കു കിഴക്കൻ മേഖല മധ്യഭാഗത്തേക്ക് തള്ളപ്പെടുക. കെട്ടുകഥകളെയും ഐതിഹ്യങ്ങളെയുമൊക്കെ വടക്കുകിഴക്കൻ മേഖലയുമായി കൂട്ടിക്കെട്ടുകയെന്നതാണ് ആർഎസ്എസ് തന്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. അഞ്ചുവർഷം മുമ്പ്, 2018ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പങ്കെടുത്തുകൊണ്ട് ഗുജറാത്തിൽ മാധവ്പ്പൂർ മേളയെന്ന പേരിൽ വിപുലമായ ഒരുത്സവം അരങ്ങേറി. അരുണാചൽപ്രദേശിലെ രുഗ്മിണി രാജകുമാരിയെയാണ് ശ്രീകൃഷ്ണൻ വിവാഹം ചെയ്തതെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ആർഎസ്എസ് ഇത്തരമൊരു മേള സംഘടിപ്പിച്ചത്. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങുൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഈ മേളയിൽ വധുവിന്റെ പക്ഷക്കാരായി പങ്കെടുത്ത് കെട്ടുകഥയെ ഊതിക്കാച്ചി ഉറപ്പിച്ചു. ഐതിഹ്യങ്ങളെ ആർഎസ്എസ് എങ്ങനെയാണ് ചരിത്രമാക്കി മാറ്റിയെടുക്കുന്നത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. ആർഷ ഭാരതത്തിലേക്ക് മണിപ്പൂരിന് നേരിട്ട് ഘടിപ്പിക്കാനുള്ള ഐതിഹ്യങ്ങൾക്കും കുറവില്ല. അർജുനന്റെ ഭാര്യ ചിത്രാംഗിത മണിപ്പൂരിലെ രാജകുമാരി ആണെന്നാണ് ആർഎസ്എസ് ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. 600 ലേറെ പ്രധാന വംശങ്ങളും ആയിരക്കണക്കിന് ആചാരരീതികളുമുള്ള ഭൂമികയാണ് വടക്കു കിഴക്കൻ മേഖല. വൈവിധ്യമാണ് ഇന്ത്യയുടെ യഥാർത്ഥ ശക്തിയെന്ന്, ആപ്തവാക്യമെന്ന് ആർഎസ്എസ് അംഗീകരിക്കുന്നില്ല. ആയതിനാൽ വടക്കുകിഴക്കൻ മേഖലയിൽ നിലനിൽക്കുന്ന വൈവിധ്യങ്ങളെയാകെ ഉന്മൂലനംചെയ്ത് തങ്ങൾ മുഖ്യധാരയെന്ന് കരുതുന്ന ഭ്രമണപഥത്തിലേക്ക് ഈ പ്രദേശത്തെ പ്രവേശിപ്പിക്കുക എന്ന തന്ത്രവുമായിട്ടാണ് സംഘപരിവാർ ഏറെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മണിപ്പൂരിൽ ഇപ്പോൾ ആളിക്കത്തുന്ന അഗ്നിയുടെ പ്രഭവകേന്ദ്രം അന്വേഷിച്ചിറങ്ങിയാൽ അത് ഹിന്ദുത്വ ലബോറട്ടറിയല്ലാതെ മറ്റൊന്നുമല്ലെന്ന് ആർക്കും ബോധ്യമാകും. നമ്മുടെ നിരീക്ഷകരും മാധ്യമങ്ങളും ബോധപൂർവ്വം തമസ്കരിക്കാൻ ശ്രമിക്കുന്ന ഒരു വസ്തുതയാണത്.

അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുകിടക്കുന്ന മണിപ്പൂരിനെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ എന്തുകൊണ്ടാണ് കേന്ദ്രസർക്കാരിന് കഴിയാത്തത്? 60,000 കേന്ദ്രസേനാംഗങ്ങളെ മണിപ്പൂരിൽ വിന്ന്യസിച്ചിട്ടും മണിപ്പൂർ ഇപ്പോഴും നിന്നുകത്തുന്നതെന്തുകൊണ്ടാണ്? ഇരു പക്ഷത്തുമുള്ള തീവ്രവാദ ഗ്രൂപ്പുകൾ ആയുധങ്ങളുമായി പട്ടാപ്പകൽപോലും ഏറ്റുമുട്ടുന്നത് എന്തുകൊണ്ടാണ്? ജനിച്ചുവളർന്ന വീടും ഊരും ഒക്കെ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന അഭയാർത്ഥികളിൽ ഒരാൾക്കുപോലും മടങ്ങിപോകാൻ കഴിയാത്തതെന്തുകൊണ്ടാണ്? ഇത്രയും വലിയ മനുഷ്യദുരന്തം മണിപ്പൂരിൽ അരങ്ങേറുമ്പോൾ മേൽപ്പറഞ്ഞ ചോദ്യങ്ങളാണ് പ്രധാനമന്ത്രിയെ തുറിച്ചുനോക്കുന്നത്. പുതിയ തീവണ്ടി സർവീസിന് പച്ചക്കൊടി വീശാൻപോലും രാജ്യത്തുടനീളം റോന്തുചുറ്റുന്ന പ്രധാനമന്ത്രി കലാപം തുടങ്ങിയ ശേഷം ഇതേവരെ അവിടേക്ക് കാലുകുത്തിയിട്ടില്ല. പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങിയദിവസം പാർലമെന്റിനു പുറത്തുവച്ചാണ് മണിപ്പൂരിനെക്കുറിച്ച് സ്വീകരിച്ചിരുന്ന മൗനം വെടിഞ്ഞുകൊണ്ട് ഒരു മിനിറ്റ് പോലുമെടുക്കാതെ അദ്ദേഹം പ്രതികരിച്ചത്. തലേന്ന് പ്രചരിച്ച ദാരുണ ദൃശ്യങ്ങളിൽ മനസലിഞ്ഞുവെന്നോണം, രാജ്യം രക്ഷിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഒരു പ്രയോഗം എന്ന നിലയ്ക്ക് പ്രധാനമന്ത്രിയുടെ നിലപാടിനെ അംഗീകരിച്ചാൽപോലും താനും തന്റെ ഭരണകൂടവും അല്ലേ യഥാർത്ഥത്തിൽ ലജ്ജിക്കേണ്ടതെന്ന് മറുചോദ്യത്തിനാണ് ഏറെ പ്രസക്തിയുള്ളത്. ഒരു സംസ്ഥാനം നിന്നുകത്തുമ്പോൾ കേന്ദ്രം കൂടെയുണ്ടെന്ന് ദുരന്തത്തിനിരയാക്കുന്നവരോട് പറയാനുള്ള ഭരണാധികാരിയുടെ പ്രാഥമിക ഉത്തരവാദിത്വംപോലും പ്രധാനമന്ത്രി നിറവേറ്റിയില്ലെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി പാർലമെന്റിന്റെ ഇരു സഭകളിലും മണിപ്പൂർ കലാപത്തെക്കുറിച്ച് പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷാവശ്യത്തെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത്.

79 ദിവസത്തിനു ശേഷം പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഏതാനും സെക്കൻഡ് നേരത്തേക്ക് വാ തുറന്നതാകട്ടെ പാർലമെന്റിനു പുറത്തുവച്ച് തനിക്ക് വേണ്ടപ്പെട്ട ചുരുക്കം ചില മാധ്യമ പ്രവർത്തകരോട് മാത്രവും. അങ്ങനെ ഇത്രയേറെ പ്രധാനപ്പെട്ട ഒരു പ്രശ്നത്തിൽ ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ബാധ്യതയിൽ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഒളിച്ചോടുന്നതാണ് നാം കണ്ടത്.

മണിപ്പൂരിന്റെ ചരിത്രത്തിൽ ഇത്ര വ്യാപകമായ, ഇത്ര വലിയ ഒരു കലാപം ഇതിനുമുൻപൊരിക്കലും ഉണ്ടായിട്ടേയില്ല. 2023 ജൂൺ 24ന് ഡൽഹിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഇതിനുമുൻപ് 1993ല്‍ മണിപ്പൂരിൽ വലിയൊരു കലാപം ഉണ്ടായി എന്നാണ്. എന്നാൽ ഇത്രയേറെ നീണ്ടുനിൽക്കുന്നതും നാശനഷ്ടങ്ങൾ ഉണ്ടായതും വ്യാപകവും ഭീകരവും ആയതായിരുന്നോ അന്നത്തെ കലാപം എന്ന ചോദ്യത്തിന് ഇല്ല എന്ന് അമിത് ഷായ്ക്കുതന്നെ സമ്മതിക്കേണ്ടതായിവന്നു. ഇപ്പോൾ മണിപ്പൂരിൽ നടക്കുന്നത് ഗോത്ര വർഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമല്ല, അതിൽ ആദ്യമായി വർഗീയത കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമനിക് ലൂമൺ തന്നെ പറഞ്ഞത് 320ൽ അധികം പള്ളികൾ തകർക്കപ്പെട്ടുവെന്നാണ്. കുന്നിൻ പ്രദേശങ്ങളിൽ മാത്രമല്ല ഇംഫാൽ താഴ്-വരയിലും പള്ളികൾ തകർക്കപ്പെട്ടു എന്നതുതന്നെ പ്രകടമാക്കുന്നത് ഈ ആക്രമണങ്ങൾക്ക് പിന്നിൽ വംശീതയ്ക്കപ്പുറം വർഗീയമായ ഒരു വശം മുന്തിനിൽക്കുന്നുവെന്നാണ്. അതിനുത്തരവാദികൾ സംഘപരിവാർ അല്ലാതെ മറ്റാരുമല്ല.

ഇന്റർനെറ്റ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ നടന്ന, നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ആഴവും പരപ്പും അതിന്റെ ഭീകരരൂപവും ഇപ്പോഴും ലോകത്തിനുമുന്നിൽ അനാവരണം ചെയ്യപ്പെട്ടിട്ടില്ല. അതിനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മണിപ്പൂരിലെ മോർച്ചറികളിൽ കുന്നുകൂട്ടിയിട്ടിട്ടുള്ള ശവശരീരങ്ങൾ പരിശോധിച്ചാൽതന്നെ അവിടെ സംഭവിച്ചതിന്റെ ഭീകരാവസ്ഥ ബോധ്യമാകും. കൂട്ടബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ ഇനിയും എത്രയോ പുറത്തുവരാനിരിക്കുന്നു. മണിപ്പൂരിൽ സംഘർഷാവസ്ഥ അവസാനിപ്പിച്ചാൽപോലും സാധാരണ നിലയിലേക്കുള്ള മടക്കം അത്ര എളുപ്പമല്ലാത്തത്ര സങ്കീർണ്ണമാക്കപ്പെട്ടിരിക്കുകയാണ്. ഇംഫാൽ താഴ്വരയിൽ ഉണ്ടായിരുന്ന സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കുക്കികൾ കൂട്ടത്തോടെ അവിടെനിന്ന് കുടിയൊഴിഞ്ഞ് പോയിരിക്കുന്നു. അതുപോലെ മലമ്പ്രദേശങ്ങളിൽ ജോലിചെയ്തിരുന്ന മെയ്-ത്തികളും ഇവിടെനിന്നും കുടിയിറങ്ങിയിരിക്കുന്നു. ഇന്ന് ഇംഫാൽ താഴ്വരയിൽ ഒരൊറ്റ കുക്കിയേയോ മലമ്പ്രദേശത്ത് ഒരൊറ്റ മെയ്-ത്തിയേയോ കാണാനാവില്ല. അത്രയേറെ ഭീകരമായ, ആഴത്തിലുള്ള വിടവാണ് അവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഈ അവസ്ഥ സൃഷ്ടിക്കപ്പെട്ടത് കേന്ദ്ര – സംസ്ഥാന ഭരണാധികാരികളുടെ നിഷ്-ക്രിയത്വവും ഒപ്പം ഒരു പക്ഷത്തോടു ചേർന്നുനിൽക്കുന്ന നിലപാടുംമൂലമാണ്. കലാപം തുടങ്ങി 26 ദിവസത്തിനുശേഷം അമിത് ഷാ മണിപ്പൂരിൽ പോയപ്പോൾ ഒരു സമാധാന കമ്മിറ്റിക്ക് രൂപം നൽകിയതായാണ് പറഞ്ഞത്. എന്നാൽ ഇതേവരെ ആ കമ്മിറ്റി യോഗം ചേരുകയോ സമാധാനം സാധ്യമാക്കാനായി എന്തെങ്കിലും നീക്കം നടത്തുകയോ ചെയ്തിട്ടില്ല. പൊലീസിൽനിന്നും പട്ടാളത്തിൽനിന്നും അക്രമകാരികൾ കൈക്കലാക്കിയ ആയുധങ്ങൾ തിരിച്ചു നൽകണമെന്ന് അപേക്ഷ അഭ്യർത്ഥിച്ചതിനും ഒരു ഫലവുമുണ്ടായിട്ടില്ല. മണിപ്പൂരിൽ സമാധാന സന്ദേശവുമായി ഒരു സർവകക്ഷി സംഘത്തെ അയക്കണമെന്ന പ്രതിപക്ഷ നിർദ്ദേശം ചെവിക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. മെയ്-ത്തി വിഭാഗത്തിനൊപ്പം പരസ്യമായി ചേർന്ന് നിൽക്കുന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം അംഗീകരിക്കാൻപോലും തയ്യാറാകാത്ത കേന്ദ്രഭരണ കക്ഷിതന്നെയാണ് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയത്; അവർതന്നെയാണ് മണിപ്പൂരിൽ ഇപ്പോഴും, മൂന്നുമാസമായിട്ടും കലാപം കത്തിനിൽക്കുന്നതിന്റെയും ഒരേയൊരു ഉത്തരവാദികൾ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + eighteen =

Most Popular