Tuesday, April 23, 2024

ad

Homeകവര്‍സ്റ്റോറിമോദിയുടെ വൈകിയ പ്രതികരണം 
ഒരു വിശകലനം

മോദിയുടെ വൈകിയ പ്രതികരണം 
ഒരു വിശകലനം

വെങ്കിടേഷ് രാമകൃഷ്ണൻ/ കിം/ തുളസി കെ രാജ്

ണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് രണ്ടര മാസം കഴിഞ്ഞു. കഴിഞ്ഞദിവസം രണ്ട് സ്ത്രീകളെ ഒരു സംഘം കലാപകാരികൾ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്തുവരികയും വൈറലാവുകയും ചെയ്തു. ഈ സംഭവത്തിൽ വലിയ തോതിൽ ജനരോഷം ഉയർന്നുവരികയും സുപ്രീംകോടതി അതിലിടപെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി വാ തുറക്കുന്നത്. കലാപം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തില്ലായെന്ന് മാത്രമല്ല,സംഭവത്തെ നിസ്സാരവൽക്കരിക്കുകയുമാണ് മോദി ചെയ്തത്. ഈ പശ്ചാത്തലത്തിൽ പ്രശസ്ത മാധ്യമപ്രവർത്തകനും ‘ദി ഐഡം’ മാനേജിങ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ മണിപ്പൂർ സ്വദേശിയും ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയും യങ് ട്രൈബൽ വിമൻസ് നെറ്റ്‌വർക്കിൽ അംഗവും കലാപഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവ സാന്നിധ്യവുമായ കിമ്മും സുപ്രീംകോടതി അഭിഭാഷക തുളസി കെ രാജുമായി നടത്തിയ ചർച്ചയാണിത്. മോദിയുടെ പ്രസ്താവന പുറത്തുവന്ന അതേ ദിവസമാണ് (ജൂലെെ 20ന്) ഈ ചർച്ച നടത്തുന്നത്.

വെങ്കിടേഷ് രാമകൃഷ്ണൻ: നമുക്ക് കിമ്മിൽനിന്ന് തുടങ്ങാം. കിം, നിങ്ങൾ മണിപ്പൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ടല്ലോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വേണ്ടതെല്ലാം സമാഹരിച്ച് സംസ്ഥാനത്ത് എത്തിച്ചു കൊടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ സജീവമാണ്. ഇപ്പോഴത്തെ ഈ വീഡിയോ പുറത്തുവന്ന സാഹചര്യത്തിൽ മോദിയുടെ പ്രതികരണത്തെയും സുപ്രീംകോടതിയുടെ ഇടപെടലിനെയും നിങ്ങളെങ്ങനെയാണ് വിലയിരുത്തുന്നത്?

കിം: ഇപ്പോൾ പ്രചാരത്തിലുള്ള വീഡിയോയിലെ സംഭവം നടക്കുന്നത് അക്രമങ്ങളാരംഭിച്ച്, കൃത്യം രണ്ടാമത്തെ ദിവസമാണ്. അതായത് മെയ് നാലിന് . കുക്കി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കുനേരെയാണ് ഈ ആക്രമണം നടന്നത്. മണിപ്പൂരിലെ മറ്റു വിഭാഗങ്ങൾക്കും ഇത് അറിയാമായിരുന്നു. സംഭവം നടന്നിട്ടും എഫ്ഐആർ ഇടാൻപോലും പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിൽ വലിയ പ്രതിഷേധം ഉയർന്നു വന്നു. അടുത്ത് നടന്ന പ്രതിഷേധങ്ങളിലെല്ലാം ഈ സംഭവത്തെക്കുറിച്ച് ഞങ്ങൾ പരാമർശിച്ചിരുന്നു. ഈ ഭീകരമായ ദൃശ്യത്തിന്റെ വീഡിയോ പുറത്തുവന്നപ്പോൾ മാത്രമാണ് ഞങ്ങൾ ഈ ദിവസങ്ങളിലെല്ലാം പറഞ്ഞുകൊണ്ടിരുന്നത്… ഞങ്ങളുടെ നിലവിളികൾ… രാജ്യമാകെ കേൾക്കാനും അംഗീകരിക്കാനും തയ്യാറായത്. ഞങ്ങൾ പറയാൻ തുടങ്ങിയിട്ട്, ഭരണകൂടത്തിന്റെ ഇടപെടൽ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുമാസത്തിലേറെ പിന്നിട്ടിരിക്കുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയാണിത് കാണിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വളരെ പരിതാപകരമായ ഒരവസ്ഥയാണ് ഇപ്പോഴവിടെ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യം തന്നെ എനിക്ക് പറയാനുള്ളത് അടിയന്തരമായ ഇടപെടൽ ആവശ്യമാണ് എന്നാണ്. ഇത് അവിടെ നടക്കുന്ന ലൈംഗികാക്രമണത്തിന്റെ ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലെ ഒട്ടേറെ സംഭവങ്ങൾ അവിടെ നടക്കുകയാണ്. ഈ പ്രശ്നത്തെ ഒരു വൈകാരിക പ്രശ്നമായി ഉയർത്തിക്കൊണ്ടുവരാനല്ല ഞങ്ങൾ ശ്രമിച്ചത്; അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അധികൃതർക്കെല്ലാം അറിവുള്ളതുമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സാഹചര്യമാണുള്ളത്. സ്ത്രീശരീരത്തെ എതിരാളികളെ കീഴ്പ്പെടുത്താനുള്ള ആയുധമാക്കുകയാണ്. ആ വീഡിയോയിൽ കാണുന്ന ചില ആളുകളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. (ഈ വീഡിയോ പുറത്തുവന്ന് ഒരാഴ്ച പിന്നിട്ട സാഹചര്യത്തിൽ ഏതാനും പേരെ കുറ്റവാളികളായി കണ്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്) ഇതുകൂടാതെ ഒരു ചെറുപ്പക്കാരന്റെ തലയറുത്ത സംഭവവും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സ്ത്രീശരീരത്തെ ലൈംഗികവൽക്കരിക്കുകയാണവിടെ. എന്താണവിടെ നടക്കുന്നതെന്ന് വാക്കുകൾ കൊണ്ട് പറയാൻ എനിക്ക് കഴിയുന്നില്ല. അത്രയ്ക്ക് ഭീകരമാണ്.

വെങ്കിടേഷ്: മുഖ്യമന്ത്രി ബിരേൻ സിങ് തന്നെ ഇത് അംഗീകരിക്കുന്നു. ഒപ്പം തന്നെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നടന്നുവെന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ. പിന്നെന്തുകൊണ്ടാണ് ഭരണാധികാരികൾ ശ്രദ്ധിക്കുന്നില്ലായെന്ന് നിങ്ങൾ പറയുന്നത്?

കിം: ഇത് വെറുമൊരു പറച്ചിൽ മാത്രമാണ്. അക്രമങ്ങൾ ആരംഭിക്കുന്നതിനു മുൻപുതന്നെ ഒരു കിംവദന്തി പ്രചരിച്ചിരുന്നു. മറുവശത്തുനിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിയെന്നും അതിന്റെ പ്രതികാരമെന്ന നിലയിലാണ് ഇത് നടന്നത് എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞുവെയ്ക്കുന്നത്. അക്രമങ്ങൾ തുടങ്ങിയപ്പോൾ തന്നെ കുക്കികളുടെ ഭാഗത്തുനിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായതായി ഒരു കിംവദന്തി പ്രചരിച്ചിരുന്നു. അതെടുത്താണ് മുഖ്യമന്ത്രി ആധികാരികമായി അവതരിപ്പിക്കുന്നത്. കണ്ണിനു കണ്ണ് പല്ലിന് പല്ല് എന്ന നിലയിലുള്ള ആക്രമണ പ്രത്യാക്രമണങ്ങളുടെ ഒരു സാഹചര്യമാണ് മണിപ്പൂരിലുള്ളത് എന്ന് വരുത്തിത്തീർക്കാനാണ് ഇവരുടെ ശ്രമം. ആദ്യമുണ്ടായ ഒരു കിംവദന്തിയെ തുടർന്നാണ് ഇത്ര വ്യാപകമായൊരു വംശീയ കലാപം അവിടെ ആരംഭിച്ചത്. ഈ രീതിയിൽ അവിടെ നടക്കുന്ന സംഭവങ്ങളെ നിസ്സാരവൽക്കരിക്കുകയും ന്യായീകരിക്കുകയുമാണ് ഭരണാധികാരി ചെയ്തത്.

വെങ്കിടേഷ്: ഇതിലെ കുറച്ചുകൂടി സുപ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് വരികയാണെങ്കിൽ, പ്രത്യേകിച്ചും ഭരണകൂടവുമായി ബന്ധപ്പെട്ടും ഒപ്പം എങ്ങനെയാണ് സ്ത്രീയുടെ ശരീരത്തെ യുദ്ധഭൂമിയാക്കി, ധ്രുവീകരിക്കപ്പെട്ട യുദ്ധഭൂമിയാക്കി മാറ്റുന്നതെന്നുമുള്ള വിഷയങ്ങളെ എങ്ങനെയാണ് വിലയിരുത്തേണ്ടത്? തുളസി, നിങ്ങളെപ്പോലെയുള്ള നിയമം കൈകാര്യം ചെയ്യുന്ന ആളുകൾക്ക് എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്? ഇതിൽ വ്യക്തമായും നിരവധി നിയമപരമായ വശങ്ങളും സാമൂഹികമായ വശങ്ങളുമുണ്ട് . നിയമപരമായ വശങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഈ കുറ്റകൃത്യങ്ങളുടെ ഉത്തരവാദികളെ കഴുത്തറുത്തു കൊല്ലണമെന്നും അവരെ പരസ്യമായി തൂക്കിലേറ്റണമെന്നും പൊതുസ്ഥലത്തുവെച്ച് ശിക്ഷിക്കണമെന്നുമെല്ലാമുള്ള ശബ്ദ കോലാഹലങ്ങൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രി തന്നെ ഇങ്ങനെയുള്ള വാചകക്കസർത്തുകൾ നടത്തുകയുണ്ടായി. ഈ ബഹളങ്ങൾക്കെല്ലാമപ്പുറം ഈ വീഡിയോ പുറത്തുവന്നതിനുശേഷമുണ്ടായ കാര്യങ്ങളുടെ നിയമപരമായ സാംഗത്യം എന്താണ്?

തുളസി കെ രാജ്: തീർച്ചയായും നിയമപരവും രാഷ്ട്രീയവുമായ വശങ്ങളുണ്ട് ഈ കേസിൽ. ആദ്യം തന്നെ പറയട്ടെ, ഈ സംഘർഷത്തിന്റെയെല്ലാം പ്രധാനകാരണങ്ങളിലൊന്ന് ഹൈക്കോടതിയിൽ നിന്നുണ്ടായ ഒരുത്തരവാണ്. ഈ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സമുദായത്തിന് പുതുതായി പട്ടികവർഗ പദവി നൽകുന്ന കാര്യമാണ് കോടതി പരിഗണിച്ചത്; ഈ സമുദായം ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് തങ്ങളെയും കൂടി പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നത്. ഇതംഗീകരിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവിറക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇതാണ് വലിയ തോതിലുള്ള കുടിയൊഴിപ്പിക്കൽ അടക്കമുള്ള ഇന്നത്തെ ക്രമസമാധാന തകർച്ചയ്ക്കിടയാക്കിയത്. താങ്കൾ പറഞ്ഞതുപോലെ, സുപ്രീംകോടതിയുടെ പരിഗണനയിൽ തന്നെ എത്തിയ ഈ വിഷയം ആത്യന്തികമായി ഒരു ക്രമസമാധാന പ്രശ്നമാണ്. അത് കൈകാര്യം ചെയ്യേണ്ടത് ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും ചേർന്നാണ്. ഇത് കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളെല്ലാം ഉള്ളത് എക്സിക്യൂട്ടീവിനാണ് . എന്നാൽ ഇത് കൈകാര്യം ചെയ്യുന്നതിൽ എക്സിക്യൂട്ടീവ് പരാജയപ്പെടുകയാണുണ്ടായത്. ഇപ്പോൾ 70ലേറെ ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു സംഘർഷം തുടങ്ങിയിട്ട്. ഏപ്രിൽ അവസാനമോ, മെയ് ആദ്യമോ ആണ് ഈ ദൃശ്യങ്ങളിലെ സംഭവങ്ങൾ നടന്നിട്ടുള്ളത്. വേണ്ടത്ര ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് . നിരുത്തരവാദപരമായാണ് ബന്ധപ്പെട്ടവരെല്ലാം പ്രതികരിക്കുന്നത്. വടക്കു കിഴക്കൻ മേഖലയിലെ പ്രശ്നങ്ങളുടെ കാര്യത്തിൽ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മുഖ്യധാരാ മാധ്യമങ്ങളും അലംഭാവപൂർണമായാണ് പെരുമാറുന്നത്. പല ഗൗരവമുള്ള വിഷയങ്ങളും അവഗണിക്കപ്പെടുന്നുമുണ്ട്. സംസ്ഥാനത്തെ ഭരണസംവിധാനത്തിന് ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ തികഞ്ഞ പരാജയം സംഭവിച്ചിരിക്കുന്നു. ക്രമസമാധാനപാലനത്തിനുത്തരവാദപ്പെട്ടവർ അത് നിർവഹിക്കാതെ പാടെ അവഗണിക്കുകയാണുണ്ടായത്. സംസ്ഥാനത്തെ ഭരണസംവിധാനം കാര്യങ്ങൾ ഗൗരവത്തിലാണ് എടുത്തിരുന്നതെങ്കിൽ ക്രമസമാധാന പ്രശ്നം രൂക്ഷമാകില്ലായിരുന്നു. ഈ പശ്ചാത്തലത്തിൽ നിയമപരമായ വശം കണക്കിലെടുക്കുകയാണെങ്കിൽ, തീർച്ചയായും ഈ വിഷയത്തിൽ നിയമത്തിന് ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ചെയ്യാൻ കഴിയുന്നത് രാഷ്ട്രീയത്തിനാണ്. ഇത്തരത്തിലുള്ള ക്രമസമാധാന തകർച്ചയുണ്ടാകുമ്പോൾ ചില അവകാശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചില ഉത്തരവുകളും നിയമങ്ങളും മരവിപ്പിക്കുകയും ചെയ്യാറുണ്ട്. ഈ പ്രശ്നം അതാവശ്യപ്പെടുന്ന ഗൗരവത്തോടെ കെെകാര്യം ചെയ്യേണ്ടത് എക്സിക്യൂട്ടീവും ലെജിസ്ലേച്ചറുമാണ്. ഈ അവസാനനിമിഷത്തിലെങ്കിലും അത് ചെയ്യേണ്ടതുണ്ട്. കുറ്റവാളികളെയെല്ലാം നിയമത്തിനുമുന്നിൽ കൊണ്ടുവരും, കടുത്ത ശിക്ഷയുറപ്പാക്കും എന്നെല്ലാം ഒഴുക്കൻമട്ടിൽ പറയുന്നതല്ലാതെ കൃത്യമായ തീരുമാനങ്ങളോ നടപടികളോ ഉണ്ടായിക്കാണുന്നില്ല. ഇതിന്റെ ഫലം എന്താകുമെന്നത് കണക്കാക്കുന്നേയില്ല. ഇത്തരം പ്രശ്നങ്ങൾ കെെകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്; വടക്കു കിഴക്കൻ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും അവിടുത്തെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഈ പ്രശ്നത്തിന്റെ വെെകാരികതയെക്കുറിച്ചും ഗൗരവസ്വഭാവത്തെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണം. ഈ ഘടകങ്ങളെയെല്ലാം കൂട്ടിയോജിപ്പിച്ചാൽ മാത്രമേ ശരിയായ പരിഹാരം കാണാൻ കഴിയൂ. ദൗർഭാഗ്യവശാൽ ഇന്നിത് കെെകാര്യം ചെയ്യുന്നവർ ഇതൊന്നുംതന്നെ കണക്കിലെടുക്കുന്നില്ല.

വെങ്കിടേഷ്: ഈ വീഡിയോ പുറത്തുവന്നതിനുശേഷമാണ് ഈ വിഷയങ്ങളെല്ലാം രാജ്യത്തുടനീളം വെെകാരികതയോടെ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. എന്നാൽ കിം, നമ്മുടെ പ്രധാനമന്ത്രി തന്റെ 1800 മണിക്കൂർ നേരത്തെ നീണ്ട നിശ്ശബ്ദതയ്ക്കുശേഷം ഇതിനെക്കുറിച്ച് പ്രതികരിച്ചത് വെറും 80 സെക്കന്റാണ‍്. അപ്പോൾ നിങ്ങളെപ്പോലെ ഈ പ്രശ്നത്തിൽ ഇടപെട്ടു നിൽക്കുന്നവരുടെ, നിങ്ങളുടെ സുഹൃത്തുക്കളുടെയെല്ലാം ഇതു സംബന്ധിച്ച പ്രതികരണമെന്താണ്? ദുരിതാശ്വാസപ്രവർത്തനത്തിലേർപ്പെടുന്നവർക്കും സാധാരണക്കാർക്കും പ്രധാനമന്ത്രിയുടെ ഈ പ്രതികരണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കിം: എഴുപതിലേറെ ദിവസങ്ങൾ കഴിയുന്നതുവരെ, ഈ വീഡിയോ പുറത്തുവരുന്നതിനു മുൻപൊരിക്കലും ഇവരുടെയൊന്നും ഒരു പ്രതികരണവും ഒരു ഇടപെടലും ഉണ്ടായില്ലയെന്നതാണ് വാസ്തവം. ഇപ്പോഴെങ്കിലും വാ തുറന്നല്ലോ എന്നാണ് ഞങ്ങൾ കരുതുന്നത്. ഇപ്പോൾ തെളിവുണ്ട്, അതായത് ഈ കാര്യങ്ങളെക്കുറിച്ചെല്ലാം ഭരണാധികാരികൾക്കു മുൻപേതന്നെ അറിയാമായിരുന്നു എന്നതിന് ഇപ്പോൾ തെളിവുണ്ടായിരിക്കുന്നു. കുക്കി സമുദായാംഗങ്ങളെന്ന നിലയിൽ ഈ വീഡിയോ ഞങ്ങളെ ഒരുപാട് വേദനിപ്പിക്കുന്നു. രണ്ട് മാസം മുൻപാണിത് നടന്നത്. ആ വീഡിയോയിലെ ആ സ്ത്രീകൾ അനുഭവിച്ച വേദന ഞങ്ങൾക്കനുഭവപ്പെടുന്നു; ആ വീഡിയോയുടെ ഏതാനും സ‍്ക്രീൻഷോട്ടുകളും കുറിപ്പുകളും ആദ്യം കണ്ട എനിക്ക് ആ വീഡിയോ കാണാൻ മനസ്സനുവദിച്ചില്ല… അത്രയ്ക്ക് ഭീകരമാണ് നടന്ന കാര്യങ്ങൾ. വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ആ വീഡിയോ റിക്കാർഡുചെയ്ത‍ത് ഈ കുറ്റകൃത്യം ചെയ്തവരിൽ ഒരാൾ തന്നെയാണെന്നും നാമറിയണം. ഈ സമയത്ത് ഈ വീഡിയോ ഇങ്ങനെ പുറത്തുവിടുന്നതിനും കുറ്റവാളികൾക്ക് അവരുടേതായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അത് സാധിക്കാൻ വേണ്ടിത്തന്നെയാണ് ഇപ്പോൾ ഇത് പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മൂന്നു നാലു ദിവസമായി വ്യാപകമായി ഇക്കാര്യം ചർച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, മണിപ്പൂരിലെ പൊതുസ്ഥിതിവിശേഷം ആദ്യമായല്ല ചർച്ചചെയ്യപ്പെടുന്നത്. അന്താരാഷ്ട്ര വേദികളിൽപോലും ഈ സ്ഥിതിവിശേഷം ചർച്ച ചെയ്യപ്പെടുന്നു. ചില അന്താരാഷ്ട്ര ഏജൻസികൾ സർക്കാരിന് സഹായം വാഗ്ദാനം ചെയ്യുകപോലും ചെയ്തതാണ്. സ്ഥിതി നിയന്ത്രിക്കാൻ നിങ്ങൾക്ക് ആവുന്നില്ലെങ്കിൽ ഞങ്ങൾ ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കാം എന്നാണ് അവർ പറഞ്ഞത്. ഈ വിഷയത്തെപ്പറ്റി സംസാരിക്കാൻ, അത് കേവലം 80 സെക്കന്റ് ആണെങ്കിൽപ്പോലും, തയ്യാറായല്ലോ എന്നാണ് ഞങ്ങൾ ആശ്വസിക്കുന്നത്. ഇതിനെല്ലാം ഇടയിലും ഇപ്പോൾ പുറത്തുവന്നത് ഒരു പഴയ വീഡിയോ ആണെന്നും മണിപ്പൂർ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നുമുള്ള പ്രചാരണവും നടക്കുന്നുണ്ട്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ തലത്തിൽനിന്നാണ് ഈ പ്രചരണം.

വെങ്കിടേഷ്: യഥാർഥത്തിൽ മണിപ്പൂർ സാധാരണ നിലയിലേക്ക് മടങ്ങുകയാണോ?

കിം: ഒരിക്കലുമല്ല. മണിപ്പൂർ സാധാരണനിലയിലേക്ക് മടങ്ങുകയാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. ഒരിക്കലും ഇനിയതിന് സാധാരണനിലയിലേക്ക് മടങ്ങാനാവുകയുമില്ല. സാധാരണനില എന്നതിനെ ഞാൻ നിർവചിക്കുന്നത്, കാര്യങ്ങളെല്ലാം സ്വാഭാവികമായും സ്വതന്ത്രവുമായി നടന്നുകൊണ്ടിരിക്കുന്നു എന്നതിനെയാണ്. അങ്ങനെ പറയുന്നതിനു കാരണം, നിങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തുപോലും ഇന്ന് പഴയതുപോലെ തുറന്നു സംസാരിക്കുന്നില്ല; പരസ്പരം അവിശ്വാസത്തിന്റെ, വിശ്വാസരാഹിത്യത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഈ അവിശ്വാസത്തിന്, വിശ്വാസമില്ലായ്മയ്ക്ക് വളരെ ആഴമേറിയിരിക്കുന്നു. തക്കസമയത്ത് വേണ്ട ഇടപെടൽ നടത്തിയിരുന്നെങ്കിൽ ഇത്രയേറെ മോശപ്പെട്ട അവസ്ഥയിലേക്ക് പോകുമായിരുന്നില്ല; തിരിച്ചുപോക്ക് സാധ്യവുമാകുമായിരുന്നു; എങ്കിലിപ്പോൾ നമ്മൾ പുനർനിർമാണത്തിന്റെ ഘട്ടത്തിലെത്തുമായിരുന്നു. എന്നാൽ കാര്യങ്ങളാകെ കെെവിട്ടുപോയിരിക്കുന്നു. പരസ്പര വിശ്വാസമില്ലായ്മയും അകൽച്ചയും വളരെ രൂക്ഷമായിരിക്കുകയാണ്. ഇനി നമുക്ക് പുനർനിർമാണത്തെക്കുറിച്ച് ചിന്തിക്കണമെങ്കിൽ അതിനാദ്യം നീതി ഉറപ്പാക്കണം.

വെങ്കിടേഷ്: നീതി നടപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. തുളസി, കിം ഇവിടെ പറഞ്ഞപോലെ ഇപ്പോൾ അവിടെയുണ്ടായിട്ടുള്ള പരസ്പര വിശ്വാസമില്ലായ്മയുടെ പ്രശ്നം വളരെ ഗൗരവമായി പരിശോധിക്കേണ്ട ഒന്നാണ്. വളരെ സജീവമായ, ആസൂത്രിതമായ, കണക്കുകൂട്ടിയുള്ള ഒരു ധ്രുവീകരണ പ്രക്രിയയാണ് അവിടെ നടക്കുന്നത്; ഇത് ഗുജറാത്തിനു സമാനമായ ഒരു പരീക്ഷണശാലയായി മണിപ്പൂരിനെ മാറ്റുന്നതിനുള്ള പദ്ധതിയാണ് എന്ന വ്യാപകമായ അഭിപ്രായമുണ്ട്. കൃത്യമായി പറഞ്ഞാൽ 2002ൽ ഗുജറാത്തിൽ നടന്നതെന്തോ അതിനെയാണിത് ഓർമിപ്പിക്കുന്നത്. ഗുജറാത്തും മണിപ്പൂരും തമ്മിൽ എന്തെല്ലാം സമാനതകളാണ് കാണാൻ കഴിയുന്നത്? എന്തുകൊണ്ടാണ് അക്രമം തടയപ്പെടാത്തത്?

തുളസി: 2014ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയതുമുതൽ അവർ പിന്തുടരുന്നത് ഇത്തരം നയങ്ങളാണ്. രണ്ടാം എൻഡിഎ ഗവൺമെന്റ് ഇത് കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കുനേരെ വ്യവസ്ഥാപിതമായ ആക്രമണമഴിച്ചുവിടുന്നതിനുള്ള നിരവധി നിയമങ്ങളും നടപടികളുമാണ് ഇക്കാലത്ത് ഉണ്ടായത്. ന്യൂനപക്ഷ സമുദായങ്ങളെ ടാർഗറ്റു ചെയ്യുന്നതിന് വളരെ കൃത്യമായ നിയമനിർമാണങ്ങളും നയരൂപീകരണവുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിന്റെ വിശാലമായ രാഷ്ട്രീയ പശ്ചാത്തലം ഇതാണ്. ന്യൂനപക്ഷ സമുദായങ്ങൾ നീതിപൂർവം പരിഗണിക്കപ്പെടുന്നില്ല എന്നു പറയുന്നതിന്റെ കാരണമതാണ്. ഭരണഘടന അവർക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾ, ഈ രാഷ്ട്രീയ സംവിധാനംതന്നെ അവർക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾ അവർക്ക് നിഷേധിക്കപ്പെടുകയാണ്. സ്വാതന്ത്ര്യത്തിന്റെ നാളുകൾ മുതലുള്ള ഈ ചരിത്രമാണ് മണിപ്പൂരിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടത്. ഈ പശ്ചാത്തലത്തിൽ, വർഗീയ സ്വഭാവമുള്ള വംശീയ സംഘർഷങ്ങൾ ഉയർന്നുവരുന്നത്, തികച്ചും അപകടകരമാണ്; ആ അപകടമാണ് നാം ഇപ്പോൾ നേരിടുന്നത്; വർഗീയത അതിൽ മറ്റൊരു ഘടകമായി മാറുന്നു. താങ്കൾ പറഞ്ഞതുപോലെ, മണിപ്പൂർ ഒരു പരീക്ഷണശാലയായി മാറുകതന്നെയാണ്.

വെങ്കിടേഷ്: ആശയപരമായൊരു പരീക്ഷണശാല അഥവാ രാഷ്ട്രീയമായ പരീക്ഷണശാല, അല്ലേ?

തുളസി: തീർച്ചയായും. ന്യൂനപക്ഷ സമുദായങ്ങളെന്ന് പൊതുവിൽ വിളിക്കപ്പെടുന്ന വിഭാഗങ്ങളോടുള്ള തങ്ങളുടെ മനോഭാവം ബിജെപി മറച്ചുവയ്ക്കുന്നേതേയില്ല എന്നാണ് അവർ കൊണ്ടുവന്ന നിയമനിർമാണങ്ങളിൽനിന്നും നമുക്ക് മനസ്സിലാകുന്നത്. സിഎഎയിലും മുത്തലാഖ് ഓർഡിനസിലുംശേഷം അതിന്റെ നിയമത്തിലും നമ്മളത് കണ്ടതാണ്. ഒരു മറയുമില്ലാതെ അവർ ഇത് ഔദ്യോഗിക നയമായി നടപ്പിലാക്കിവരികയാണ്; ഇതാണ് ഗവൺമെന്റ് നടപ്പിലാക്കാൻ പോകുന്നതെന്നും ഇതാണ് ബിജെപിയുടെ മാതൃകാനയമെന്നും അവർ ഒൗദ്യോഗികമായി സ്ഥിരീകരിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് മണിപ്പൂർ വിഷയം വളരെയേറെ സങ്കീർണമായത്.

വെങ്കിടേഷ്: കിം, മണിപ്പൂരുമായി ബന്ധപ്പെട്ട് ഇപ്പോൾ നമ്മൾ കേൾക്കുന്നതും വായിക്കുന്നതുമായ മറ്റൊരു വിഷയം ഇതൊരു അന്തർസംസ്ഥാന പ്രശ്നമായി വളർന്നിരിക്കുന്നു എന്നതാണ്. രണ്ടു സംസ്ഥാനങ്ങളുംകൂടി ഈ സംഘർഷത്തിനിടയിലേക്ക് കടന്നുവന്നിരിക്കുകയാണ്. ഒന്നാമതായി നാഗാ വിഭാഗത്തിൽപ്പെട്ട ഒരു പയ്യൻ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് നാഗാലാൻഡിലെ ഗവൺമെന്റ് പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. മറ്റൊന്ന്, മിസോറാമിലേക്ക് മണിപ്പൂരിൽനിന്ന് വലിയ തോതിൽ ഗോത്രവർഗ ജനത അഭയംതേടി ഒഴുകുകയാണ്. മിസോറാം ഗവൺമെന്റ് ഇവർക്ക് സംരക്ഷണം നൽകുന്നുമുണ്ട്. മിസോറാം ഗവൺമെന്റ് ഇപ്പോൾ ഇൗ വിഷയം സജീവമായി ഏറ്റെടുക്കുന്നുമുണ്ട്. യഥാർഥത്തിൽ, ഇപ്പോഴിത് ഒരു അന്തർസംസ്ഥാന പ്രശ്നമായി വളർന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് എന്താണ് പറയാനുള്ളത്?

കിം: ഒരു നാഗാ സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് നാഗലാൻഡുമായുള്ള പ്രശ്നത്തിന് തുടക്കമായത്. കൃത്യമായ തിരിച്ചറിയൽ രേഖ കെെവശമില്ലാതിരുന്നതിനാൽ കുക്കി വനിതയാണെന്ന് കരുതിയാണ് മെയ്-ത്തികൾ അവരെ കൊലപ്പെടുത്തിയത്. അതാണ് നാഗലാൻഡ് ഗവൺമെന്റിൽനിന്നും പ്രതിഷേധമുയരാൻ കാരണമായത്. ഇതൊരു ബഹുമുഖമായ വിഷയമായിരിക്കുകയാണ്. മെയ്-ത്തി–കുക്കി സംഘർഷത്തിൽ നാഗ ഗോത്ര വിഭാഗം ആക്രമിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. അതിനാൽതന്നെ നാഗാലാൻഡ് ഗവൺമെന്റ് സമ്മർദം ചെലുത്തുന്നുമുണ്ട്. നാഗാ സ്ത്രീയെ കൊന്നതുമായി ബന്ധപ്പെട്ട് മണിപ്പൂർ നടപടിക്കു തുടക്കംകുറിച്ചിട്ടുമുണ്ട്. ഇതേ സമയംതന്നെ, ഇംഫാലിൽ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള കുക്കി സ്ത്രീയും കൊല്ലപ്പെട്ടു. ഇംഫാലിൽനിന്ന് കുക്കികൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയപ്പോൾ അവർക്കൊപ്പം പോകാൻ ഈ സ്ത്രീ തന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം വിസമ്മതിച്ചു; അവരെ മെയ്-ത്തികൾ വെടിവച്ചുകൊല്ലുകയായിരുന്നു; അതിന് ദൃക്-സാക്ഷികളുമുണ്ട്. എന്നിട്ടും, ഇതുവരെ അതിൽ അനേ-്വഷണമുണ്ടായിട്ടില്ല, ഒരു പ്രസ്താവനപോലും ഉണ്ടായിട്ടില്ല. അതേസമയം, നാഗാലാൻഡ് ഗവൺമെന്റിൽനിന്നുള്ള പ്രതിഷേധം വന്നയുടനെ തന്നെ നാഗാസ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അനേ-്വഷണം നടത്തുകയും കേസെടുക്കുകയും ചെയതു.

വെങ്കിടേഷ്: മിസോറാം ഗവൺമെന്റ് കുക്കി അഭയാർഥികളെ സംരക്ഷിക്കുന്നുണ്ടല്ലോ. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കിം: മിസോറാം ഗവൺമെന്റ് ഇപ്പോഴും പിന്തുണ നൽകി വരുന്നുണ്ട്; മണിപ്പൂരിൽനിന്ന് ഓടി രക്ഷപ്പെട്ടവരെ അവർ സംരക്ഷിക്കുന്നുമുണ്ട്. ഇംഫാൽ താഴ്-വരയുടെ ഒരു വശം കുക്കികൾ പാർക്കുന്നുണ്ട്. അത് മിസോറാമുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. അതുവഴിയാണ് അവർ അഭയംതേടി മിസോറാമിലേക്ക് പോകുന്നത്. മണിപ്പൂരിന്റെ മറുവശത്ത് നാഗാലാൻഡാണ്. മിസോറാം ഗവൺമെന്റ് അവിടേക്കോടിയെത്തിയവർക്ക് വിദ്യാഭ്യാസ സൗകര്യമുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അക്കാദമികവർഷം പകുതിയായിട്ടും ഇപ്പോൾതന്നെ അവിടത്തെ ഗവൺമെന്റ് സ്കൂളുകളിലും കോളേജുകളിലും ഇവർക്ക് പ്രവേശനം നൽകണമെന്ന് മിസോറാം ഭരണാധികാരികൾ നിർദേശം നൽകി. അവരുടെ കെെവശം രേഖകളൊന്നും ഇല്ലായെന്നത് പ്രശ്നമാക്കരുത് എന്ന് നിർദേശമുണ്ട്. അതിനുകാരണം കുക്കികളുമായി മിസോറാമിലെ ജനങ്ങൾക്കുള്ള സാംസ്കാരികവും വംശീയവുമായ സമാനതയാകാം. എന്തുതന്നെയായാലും, മിസോറാം ഗവൺമെന്റ് അഭയാർഥികൾക്കായി വാതിലുകൾ തുറന്നിടുന്നത് അവിടുത്തെ ഗവൺമെന്റിനുമേൽ ഒട്ടേറെ സാമ്പത്തികവും ധനപരവുമായ ബാധ്യതകൾക്കും കാരണമാകുന്നു. എന്നിട്ടും മിസോറാം ഗവൺമെന്റ് ഈ അഭയാർഥികളെ സംരക്ഷിക്കുകതന്നെയാണ്. വടക്കുകിഴക്കൻ മേഖലയിലെ വേറെയും ചില സംസ്ഥാനങ്ങളിലേക്ക് അഭയാർഥികൾ പോയിട്ടുണ്ട്, എന്നാൽ അവിടെയൊന്നും ഇതുപോലുള്ള പിന്തുണ ലഭിക്കുന്നില്ല.

വെങ്കിടേഷ്: ആ സംസ്ഥാനങ്ങളുടെ പേരുകൾ തുറന്നുപറയാമോ?

കിം: തീർച്ചയായും. ആസാമും മേഘാലയയുമാണതിൽ പ്രധാനപ്പെട്ടവ. അവിടങ്ങളിലെ ഗവൺമെന്റുകൾ അഭയാർത്ഥികളെ സഹായിക്കുന്നുണ്ടെങ്കിലും അവർക്ക് ചില പരിമിതികളുണ്ട്. ആസാം, മേഘാലയ പോലെയുളള സംസ്ഥാനങ്ങളിൽ അയൽരാജ്യത്തുനിന്ന് നിരന്തരമായി അഭയാർഥികൾ കടന്നുവരുന്നതിന്റെ പ്രശ്നം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവർക്കും കൂടുതൽ ബുദ്ധിമുട്ടുകളുണ്ട്.

വെങ്കിടേഷ്: തുളസി, ഈ പുതിയ സാഹചര്യത്തെ താങ്കളെങ്ങനെയാണ് വിലയിരുത്തുന്നത്. അന്തർ–സംസ്ഥാന പ്രശ്നമുണ്ട്, അതിനുപുറമെ ആസാമിലെ കുടിയേറ്റ പ്രശ്നവുമുണ്ട്. ദ്രുതഗതിയിലുള്ള ഒരുതരം ശത്രുത ഉയർന്നുവരുന്നുമുണ്ട്. എന്തുതരം സങ്കീർണതകളാണ് നമ്മൾ നേരിടാൻ പോകുന്നത്?

തുളസി: ഏറ്റവും പ്രധാനപ്പെട്ട സങ്കീർണത, അന്തർ സംസ്ഥാന കുടിയേറ്റത്തെ നേരിടുന്നതിനുള്ള മേഖലയിലെ ഗവൺമെന്റുകളുടെ കൂട്ടായ പരിശ്രമത്തിന്റെ അഭാവമാണ്. സംസ്ഥാന ഗവൺമെന്റുകൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ട്; ഈ സംസ്ഥാനങ്ങളിലെല്ലാം നിലനിൽക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ പ്രശ്നത്തെയും കെെകാര്യം ചെയ്യേണ്ടതുണ്ട്. ഇപ്പോൾ രാജ്യത്താകെ ഉയർന്നുവരുന്ന ഈ ചർച്ചയ്ക്ക് നിദാനമായ; പുറത്തുവന്നിട്ടുള്ള വീഡിയോയിൽ കാണുന്നതിന് സമാനമായ എത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് എന്നതിനെക്കുറിച്ച് നമുക്കിപ്പോഴും അറിയില്ല. മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കുന്നതാണ് അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പൊതുസമൂഹം അറിയാതിരിക്കുന്നതിന് കാരണം. ഇപ്പോൾ ഉയർന്നുവരുന്ന സംശയം ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നത് എന്തിനുവേണ്ടിയാണെന്നാണ്. യഥാർഥത്തിൽ അക്രമങ്ങൾ തടയുന്നതിനുവേണ്ടിയാണോ അതോ മുഖ്യധാരാ മാധ്യമങ്ങളിൽനിന്നും രാജ്യത്തെ രാഷ്ട്രീയപാർട്ടികളിൽനിന്നും മണിപ്പൂരിലെ യഥാർത്ഥ സംഭവങ്ങൾ മറച്ചുവെക്കുന്നതിനു വേണ്ടിയാണോ എന്നതാണ് സംശയം. അതും ചർച്ച ചെയ്യപ്പെടേണ്ട ഒരു ന്യായമായ വിഷയമാണ്. അഭയാർത്ഥികളുടെയും കുടിയേറ്റത്തിന്റെയും പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. അഭയാർത്ഥികളാക്കപ്പെടുന്ന കുടുംബങ്ങളിലെ രക്ഷിതാക്കളും കുട്ടികളും വേർപെട്ടു പോയതിന്റെ പ്രശ്നവുമുണ്ട്. അതാണ് നേരത്തെ കിം ഇവിടെ സൂചിപ്പിച്ച, കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്നം. ക്രമസമാധാന പ്രശ്നവും മണിപ്പൂരിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുകയാണ്. കേന്ദ്രസർക്കാർ ജാഗ്രതയോടെയും പക്ഷപാതരഹിതമായും ആത്മാർത്ഥമായും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുകയും സംസ്ഥാന സർക്കാരുകൾ ഈ മനുഷ്യാവകാശ ലംഘനങ്ങളും അക്രമങ്ങളും തടയുന്നതിന് ഒന്നിച്ചുനിൽക്കുകയും ചെയ്താൽ മാത്രമേ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിയൂ; കലാപമായാലും മറ്റു തരത്തിലുള്ള അക്രമമായാലും അതായത് ലൈംഗികമായ പീഡനമായാലും കുട്ടികൾ നേരിടുന്ന വിദ്യാഭ്യാസപരവും ആരോഗ്യപരവും ഒറ്റപ്പെടലിന്റേതുമായ വിഷയമായാലും അതിനെ തടയുന്നതിന് ആവശ്യമായ പ്രതിരോധ സംവിധാനം ഉറപ്പാക്കാനാവൂ. നമുക്കാർക്കും തന്നെ കണ്ണടയ്ക്കാനാകാത്ത ഒരു വിഷയമായി ഇത് മാറിയിരിക്കുകയാണ്. നമ്മൾ സംസാരിക്കുന്നത് മനുഷ്യരെക്കുറിച്ചാണ്, മനുഷ്യരുടെ പ്രശ്നങ്ങളെക്കുറിച്ചാണ്. ഇത്തരം വീഡിയോകൾ പുറത്തുവരുമ്പോഴുള്ള വൈകാരികാവസ്ഥയെ നേരിടുന്നതിനോ സമൂഹമാധ്യമങ്ങളിലുള്ള ചർച്ചയെ ചെറുക്കുന്നതിനോ മാത്രമാകരുത് ഇത്തരം ചർച്ചകളും ഭരണകൂടത്തിന്റെ ഇടപെടലും. നമ്മൾ നിർണായകമായ അവകാശങ്ങളെക്കുറിച്ച്, തലമുറകളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്; ആ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ പറയുന്നത്. ഈ വൈകിയ വേളയിലെങ്കിലും അവ സംരക്ഷിക്കാനുള്ള സംവിധാനം ഉറപ്പാക്കേണ്ടതുണ്ട്.

വെങ്കിടേഷ്: കിം മുമ്പു പറഞ്ഞതുപോലെ, പ്രധാനമന്ത്രിയുടെ പ്രതികരണത്തെ വലിയ ആവേശത്തോടെയൊന്നുമല്ല താഴെത്തട്ടിലുള്ള ജനങ്ങൾ സ്വീകരിച്ചിട്ടുള്ളത്. എങ്കിലും പ്രധാനമന്ത്രി വാതുറക്കുകയും സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാവുകയും ചെയ്തു. എന്നിട്ടും വരുംദിവസങ്ങളിൽ കെെക്കൊള്ളേണ്ട കൃത്യമായ നടപടികളെന്തൊക്കെയാണെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇനിയെന്താണ് സാധ്യമായത്, ഗവൺമെന്റിനെന്താണ് ചെയ്യാൻ കഴിയുക, എന്താണ് ചെയ്യേണ്ടത്? അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?

കിം: ഒട്ടേറേ… ഒരു പാട് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. പ്രത്യേക ഭരണസംവിധാനത്തിനു വേണ്ടിയുള്ള മുറവിളി ഉയർന്നിട്ടുണ്ട്; അതിന് അതിന്റേതായ ന്യായീകരണവുമുണ്ട്.

വെങ്കിടേഷ്: കുന്നിൻ പ്രദേശത്തിന്റെ ഭരണമിപ്പോൾ ഡൽഹിയിൽനിന്ന് നേരിട്ടാണ്, ബിരേൻ സിങ്ങിന്റെ നിയന്ത്രണത്തിലല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

കിം: ഞാനത് പറയാൻ വരികയായിരുന്നു. ഏറ്റവുമൊടുവിൽ ആഭ്യന്തര മന്ത്രിയെ കാണാൻ മണിപ്പൂർ മുഖ്യമന്ത്രി ഡൽഹിയിലെത്തിയപ്പോൾ, അദ്ദേഹത്തിന് ലഭിച്ച നിർദ്ദേശം, ‘‘നിങ്ങൾ താഴ്-വരയുടെ കാര്യം ശ്രദ്ധിച്ചാൽ മതി, കുന്നിൻ പ്രദേശങ്ങളെ അങ്ങു വിട്ടേക്കുക’’ എന്നാണ്. എന്തു തരത്തിലുള്ള പ്രത്യേക ഭരണസംവിധാനമാണ് നടപ്പാക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഒരു രൂപരേഖയുമായിട്ടില്ല. ഇനിയുമേറെ കാര്യങ്ങൾ ചെയ്യാവുന്നതായിട്ടുണ്ട്. ആട്ടിയോടിക്കപ്പെട്ടവരുടെ പരാതികളിന്മേൽ ഇതുവരെ എഫ്ഐആർ എടുത്തിട്ടില്ല. ജീവൻ നഷ്ടപ്പെട്ട കേസുകൾ, വീടു നഷ്ടപ്പെട്ടവർ, അങ്ങനെ സർവതും നഷ്ടപ്പെട്ടവർ… ഇവരുടെ പരാതികളൊന്നും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുപോലുമില്ല, ചിലരെല്ലാം പരാതി കൊടുത്തിട്ടുണ്ട്. ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടതിനാൽ ഈ പരാതികൾ കൊടുത്തയിടങ്ങളിലേക്ക് തിരിച്ചുചെന്ന് തുടർനടപടികൾ എന്തായി എന്നനേ-്വഷിക്കാൻപോലും അവർക്കു കഴിയുന്നില്ല. അതുകൊണ്ട് എഫ്ഐആർ ഫയൽ ചെയ്യുന്നതുപോലും വലിയൊരു ബാധ്യതയായിരിക്കുകയാണ്. പൊലീസ് സംവിധാനത്തിനുതന്നെ, ക്രമസമാധാനപാലനത്തിനുള്ള സംവിധാനത്തിനുതന്നെ ഈ എഫ്ഐആറുകൾ പരിശോധിച്ച് തീരുമാനമെടുക്കുന്നത് ഭാരിച്ച ജോലിയാണ്. ഈ സമയത്തും സാമ്പത്തിക നഷ്ടപരിഹാരത്തെക്കുറിച്ച് ചർച്ചപോലും നടക്കുന്നില്ല. കാലാകാലങ്ങളിൽ അധികാരികൾ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരത്തിന്റെ കാര്യം എല്ലാവർക്കുമറിയാം. ആളുകൾക്കറിയാം, നഷ്ടപരിഹാരത്തുക എന്നു പറയുന്നത് ഒന്നുമല്ലായെന്ന്. പ്രത്യേകിച്ചും ഗോത്രവർഗങ്ങളുടെ കാര്യത്തിൽ, കുടുംബത്തിലെ ചില അംഗങ്ങൾ നഷ്ടപ്പെട്ടവർ, മക്കളെ നഷ്ടപ്പെട്ടവർ, വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർ, കുടുംബത്തിന്റെ താങ്ങും തണലുമായിനിന്ന ഒരേയൊരു അത്താണിയെ നഷ്ടപ്പെട്ടവർ, കുടുംബത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ ഒരേയൊരാളെ നഷ്ടപ്പെട്ടവർ…. നമുക്ക് വീഡിയോയിൽ കാണുന്ന സ്ത്രീകളിലൊരാളുടെ കാര്യം നോക്കാം. അവളെ നഗ്നയാക്കി തെരുവിലൂടെ നടത്തുന്നതിന് തൊട്ടുമുൻപ് അവളുടെ പിതാവിനെയും സഹോദരനെയും ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. അവളുടെ ഗ്രാമമൊന്നാകെ കത്തിച്ചുകളിഞ്ഞിരുന്നു. അവൾക്കെത്ര നഷ്ടപരിഹാരം കൊടുത്താലും അതൊന്നുമാകില്ല. വീട് പുതുക്കി പണിതു കൊടുത്താലോ മറ്റെന്തെങ്കിലും സഹായം നൽകിയാലോ അതൊന്നും അവർക്ക് സംഭവിച്ച നഷ്ടത്തിനും നേരിട്ട ദുരനുഭവങ്ങൾക്കും പരിഹാരമാകില്ല. അതൊന്നും നീതിയേയല്ല. ആ സമൂഹത്തിനാകെ എന്താണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി മനസ്സിലാക്കാതെ അവർക്കെന്തു ചെയ്താലും മതിയാവില്ല. ഇത് കേവലം ഭൗതികമായ നഷ്ടപരിഹാരത്തിന്റെ പരിധിയിൽ വരുന്നതുമല്ല. ഇതിനൊക്കെ പരിഹാരം കാണാതെ പുനർനിർമാണത്തെക്കുറിച്ചു പറയുന്നതുതന്നെ അർഥശൂന്യമാണ്.

വെങ്കിടേഷ്: മണിപ്പൂരിനെ പുനർനിർമിക്കാൻ നിയമത്തിനുള്ള സാധ്യതകൾ എന്തൊക്കെയാണ്? തുളസി, അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

തുളസി: എന്തെങ്കിലും തീർത്തു പറയുക ബുദ്ധിമുട്ടാണ്. അഭിഭാഷകർ സാധാരണഗതിയിൽ നിയമത്തെ, പ്രത്യേകിച്ചും ക്രിമിനൽ നിയമത്തെ, ഒരുകൂട്ടം റെഗുലേഷനുകളായിട്ടാണ് കാണാറുള്ളത്. സാമൂഹിക പ്രതിസന്ധികൾക്കു പരിഹാരം കാണാൻ നിയമത്തെ അവലംബിക്കുന്നത് ബുദ്ധിമുട്ടാണ്. നാനാതലങ്ങളുള്ള ഒന്നാണ് മണിപ്പൂരിലെ ഈ സംഘർഷം. അതിന് വർഗീയമായ വശമുണ്ട്, വംശീയമായ വശമുണ്ട്, ചരിത്രം കൂടി പരിശോധിച്ചുകൊണ്ട് അതിന്റെ സമഗ്രതയിൽ മനസ്സിലാക്കേണ്ട വശവുമുണ്ട്. തീർച്ചയായും നിയമങ്ങൾ നിലനിൽക്കുന്നുണ്ട്; 1950കൾ മുതൽ തന്നെ ഈ സമുദായങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമനിർമാണങ്ങൾ നടന്നിട്ടുണ്ട്. ഈ നിയമങ്ങൾക്കുള്ളിൽനിന്നാണ് ചില നിരോധനങ്ങളും നടന്നിട്ടുള്ളത്, ഉദാഹരണത്തിന്, ഏറ്റവുമൊടുവിൽ നടന്ന ഇന്റർനെറ്റ് നിരോധനം. എന്റെ പരിമിതമായ കാഴ്ചപ്പാടിൽ, അതുകൊണ്ട് ദോഷമല്ലാതെ യാതൊരു ഗുണവും ഉണ്ടായിട്ടില്ല. അമിത നിയന്ത്രണം എപ്പോഴും ദോഷമാണ്. ഇവിടെ ഇന്റർനെറ്റ് നിരോധനംപോലുള്ള അമിത നിയന്ത്രണം കുറ്റവാളികളെയാണ് സഹായിച്ചിട്ടുള്ളത്. എഫ്ഐആറിട്ടതിനുശേഷം പോലും കുറ്റവാളികളെ അറസ്റ്റു ചെയ്യാത്തത് കാണിക്കുന്നത് പൊലീസ് സംവിധാനത്തിന്റെ സമ്പൂർണ തകർച്ചയാണ്. വെെകാരികമായ ചിലത് പുറത്തുവരുമ്പോൾ മാത്രം നിയമം നടപ്പാക്കാൻ തുനിയുന്നത് ഈ സംവിധാനത്തിന്റെ പരാജയത്തെയാണ് കാണിക്കുന്നത്. ഇത് നിയമത്തിന്റെയോ നിയമമില്ലായ്മയുടെയോ പ്രശ്നമല്ല, മറിച്ച് പൂർണമായും നിയമം നടപ്പാക്കാത്തതിന്റെ പ്രശ്നമാണ്. അതിന്റെ ഉത്തരവാദികൾ ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും മാത്രമാണ്. സുപ്രീം കോടതിക്കോ ഹെെക്കോടതിക്കോ സ്വമേധയാ കേസെടുക്കാമെന്നുവെച്ചാൽ അതിനും അതിന്റേതായ പരിമിതിയുണ്ട്. കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകളുടെ ബോധപൂർവവും ആസൂത്രിതവുമായ പരിശ്രമമാണ് ഇവിടെ വേണ്ടത്. കണ്ണിന് കണ്ണ് എന്ന തീവ്ര വെെകാരികതയുടെ പ്രശ്നത്തിൽ അനുരഞ്ജനവും ഒത്തുതീർപ്പുമെല്ലാം അകന്നുപോവുകയാണ്. അതിന്റെ സാധ്യത തന്നെ ഇല്ലാതാവുകയാണ്.

വെങ്കിടേഷ്: നിങ്ങൾ രണ്ടുപേരും ഈ വിഷയത്തിന്റെ നാനാവശങ്ങൾ ഇവിടെ അവതരിപ്പിക്കുകയുണ്ടായി. രണ്ടുപേരും മുന്നോട്ടുവെച്ച ഒരു കാര്യം രാഷ്ട്രീയ ഇച്ഛാശക്തിയോടുകൂടിയുള്ള ഇടപെടലിന്റെ അഭാവമാണ്. ഈ അഭാവം, രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ യാദൃച്ഛികമായി ഉണ്ടായതാണോ അതോ ബോധപൂർവം ഉണ്ടാക്കിയതാണോ എന്ന് നമുക്കറിയില്ല. ഈ വീഡിയോ പുറത്തുവന്നതിനുശേഷം രാജ്യത്തിന്റെ പരമോന്നത അധികാര കേന്ദ്രമായ പ്രധാനമന്ത്രിയും അതുപോലെതന്നെ സുപ്രീംകോടതിയും ഈ വിഷയത്തിൽ പ്രതികരിച്ചത് ആശ്വാസകരമാണെന്ന് തുടക്കത്തിൽ കിം പറഞ്ഞു; പക്ഷേ അത് ഇപ്പോൾ പുനർനിർമാണത്തിന്റെയും പുനരധിവാസത്തിന്റെയും രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ഐക്യം പുനഃസ്ഥാപിക്കുന്നതിന്റെയും കാര്യത്തിൽ പ്രതീക്ഷ നൽകുന്നുണ്ടോ എന്നതാണ് ചോദ്യം. ഈ ചോദ്യത്തിന് ഉറച്ച ഒരു അനുകൂല ഉത്തരം നൽകാനുള്ള സ്ഥിതിയിലല്ല നമ്മളിപ്പോൾ. ഉത്തരം അനുകൂലമായിരിക്കണമെന്നില്ല.
(ചർച്ചയുടെ വീഡിയോ മുഴുവനായി കാണാൻ www.theaidem.com സന്ദർശിക്കുക) 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five − three =

Most Popular