സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിഭാഗീയാടിസ്ഥാനത്തിൽ നടന്ന അക്രമാസക്തമായ ചില പ്രധാന സംഘട്ടനങ്ങളാൽ ദൂഷിതമാണ്. പ്രധാനമായും രണ്ടുതരത്തിലുള്ളവയാണ് ഇൗ കലാപങ്ങൾ. ഒന്നാമത്തേത് സ്വാതന്ത്ര്യമോ വേറിട്ടുപോകലോ ആവശ്യപ്പെട്ടുകൊണ്ടുള്ള സായുധ കലാപങ്ങളാണ്; 1950കളിലും 1960കളിലും നാഗാമേഖലയിലും മിസൊകുന്നുകളിലും നടന്നതും 1980കളിലും 1990കളിലും പഞ്ചാബിലും കാശ്മീർ താഴ്-വരയിലും നടന്നതുമായ കലാപങ്ങൾ അത്തരത്തിലുള്ളവയായിരുന്നു. രണ്ടാമത്തേത്, ഏതെങ്കിലുമൊരു സംസ്ഥാനത്തെയോ കേന്ദ്ര ഭരണപ്രദേശത്തെയോ ഭൂരിപക്ഷ വിഭാഗം നടത്തിയ കലാപങ്ങളാണ്; ഉദാഹരണത്തിന്, 1984ൽ ഡൽഹിയിൽ സിഖുകാർക്കെതിരെ നടന്ന വംശഹത്യയും 2002ൽ മുസ്ലീങ്ങൾക്കെതിരെ ഗുജറാത്തിൽ നടന്ന വംശഹത്യയും; രണ്ടിനും മുന്നിൽ നിന്നത് ഹിന്ദു ആക്രമണകാരികളായിരുന്നു; മറ്റൊന്ന് 1989–90ൽ ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിൽ കാശ്-മീരിൽനിന്ന് പണ്ഡിറ്റുകളെ ആട്ടിയോടിച്ചതാണ്.
മുൻപ്, മണിപ്പൂർ ആദ്യരൂപത്തിലുള്ള സംഘട്ടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു– തങ്ങളുടേതായ പ്രത്യേക രാജ്യം വേണമെന്നാവശ്യപ്പെട്ട് സായുധ മെയ്-ത്തി കലാപകാരികൾ നടത്തിയതാണ് ഒന്ന്; സായുധരായ നാഗാവിഭാഗം അടുത്തടുത്തുള്ള നാഗാഭൂരിപക്ഷ ജില്ലകൾ ചേർത്ത്, പ്രത്യേക രാഷ്ട്രം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കലാപമാണ് മറ്റൊന്ന്. എന്നാൽ മണിപ്പൂരിലെ ഇപ്പോഴത്തെ മെയ്-ത്തി, കുക്കി എന്നീ രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന സംഘട്ടനം ആ സംസ്ഥാനത്തിനുള്ളിൽ ഒതുങ്ങുന്നതാണ്; ഇരുവിഭാഗവും ഇന്ത്യയിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നില്ല.
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന സമാന സ്വഭാവത്തിലുള്ള സംഘർഷങ്ങളുമായി ഇന്ന് മണിപ്പൂരിൽ നടക്കുന്ന വംശീയവും വർഗീയവുമായ സംഘട്ടനങ്ങളെ താരതമ്യപ്പെടുത്തുന്നത് കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ സഹായകമാകും. ഒരു വശത്ത് ശ്രദ്ധേയമായ വ്യത്യാസങ്ങൾ കാണാനാകും. മണിപ്പൂരിൽ ഏറ്റുമുട്ടുന്ന ഇരുവിഭാഗത്തിനും ആനുപാതികമായി വളരെ കൂടുതൽ ആയുധങ്ങൾ ലഭിക്കുന്നുണ്ട് എന്നതാണൊന്ന്; മധ്യ ഇന്ത്യയിലെ നക്-സലെെറ്റുകളും ഉത്തരേന്ത്യയിലെ കൊള്ളക്കാരും ചിലപ്പോഴെല്ലാം ഏതെങ്കിലുമൊരു പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുത്തിട്ടുണ്ടാകാം; എന്നാൽ മണിപ്പൂരിൽ അടുത്തകാലത്ത് നാം കണ്ടത് വലിയതോതിൽ പൊലീസ് ആയുധപ്പുരകൾ കലാപകാരികൾ കൊള്ളയടിക്കുന്നതാണ്; ഇന്ത്യയുടെ ചരിത്രത്തിൽ ഒരുപക്ഷേ മുൻപൊരിക്കലും ഇതിന് സമാനമായ ഒന്നുംതന്നെ നടന്നിട്ടുണ്ടാവില്ല. കാശ്-മീരിൽ ജിഹാദികൾക്ക് പാകിസ്-താൻ ആയുധം നൽകിയിട്ടുണ്ടാകാം; ഗുജറാത്തിൽ മുസ്ലീങ്ങളെ ആക്രമിക്കാനും ഡൽഹിയിൽ സിക്കുകാരെ ആക്രമിക്കാനും ഇന്ത്യൻ ഭരണകൂടം ഹിന്ദുക്കൾക്ക് വാളും ബോംബുമെല്ലാം നൽകിയിട്ടുണ്ടാകാം. എന്നാൽ ഇന്ന് മണിപ്പൂരിൽ സംഘട്ടനത്തിൽ ഏർപ്പെട്ടിട്ടുള്ള ഇരുവിഭാഗങ്ങളും മാരകായുധങ്ങളാൽ സുസജ്ജരാണ്; അതാണ് അക്രമത്തിന് അറുതിയാകാതെ രൂക്ഷമായി തുടരുന്നതിനു കാരണം.
രണ്ടാമത്തെ പ്രധാന വ്യത്യാസം ഈ സംഘട്ടനംമൂലം സൃഷ്ടിക്കപ്പെട്ട കടുത്ത പ്രാദേശിക വിഭജനമാണ്. 2023 മെയ് മാസത്തിനുമുൻപ് കുന്നിൻ പ്രദേശ ജില്ലകളിലെ മെയ്-ത്തികളുടെ എണ്ണവും ഇംഫാൽ താഴ്-വരയിലെ കുക്കികളുടെ എണ്ണവും അവഗണിക്കാനാവുന്നത്ര കുറവായിരുന്നില്ല. എന്നാൽ ഇപ്പോൾ ഓരോ മേഖലയിലെയും ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷത്തിന്റെ നിലനിൽപ്പുതന്നെ ആ പ്രദേശത്ത് ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. അഹമ്മദാബാദ് പോലെയുള്ള നഗരങ്ങളിൽ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും പാർപ്പിട പ്രദേശങ്ങൾക്കിടയിൽ കർക്കശവും വേദനാജനകവുമായ വേർതിരിവ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം സത്യമാണ്; എന്നാൽ മണിപ്പൂരിൽ ഇപ്പോൾ സൃഷ്ടിക്കപ്പെട്ട വേർതിരിവ് ഭൂമിശാസ്ത്രപരവും സാമൂഹികവുമായ അർഥത്തിൽ വളരെയേറെ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്നതാണ്. ഗുജറാത്തിൽ, ഹിന്ദു തീവ്രവാദികൾ മുസ്ലീങ്ങളെ ശാശ്വതമായി അടിമപ്പെടുത്തി ആധിപത്യമുറപ്പിക്കാനാണ് ആഗ്രഹിച്ചത്, ആഗ്രഹിക്കുന്നതും; മണിപ്പൂരിൽ മെയ്-ത്തികളും കുക്കികളും ഇനിയൊരിക്കലും മുഖത്തോടു മുഖം നോക്കാൻപോലും ആഗ്രഹിക്കില്ല.
ഈ വ്യത്യാസങ്ങൾ ഉണ്ടായിരിക്കെത്തന്നെ ശ്രദ്ധേയമായ ചില സമാനതകളുമുണ്ട്. ഒന്നാമത്തെ സമാനത സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടതാണ്; 2002ൽ ഗുജറാത്തിൽ അത്തരം ആക്രമണം എത്ര മാത്രം ക്രൂരമായിരുന്നോ അത്രമാത്രം ക്രൂരമായിട്ടായിരുന്നു 2023ൽ മണിപ്പൂരിൽ നടന്നത്. രണ്ടാമത്തെ സമാനത രണ്ട് സംസ്ഥാനങ്ങളിലും രാഷ്ട്രീയ ഭരണസംവിധാനം പൊതുവിലും മുഖ്യമന്ത്രി പ്രത്യേകിച്ചും ഭൂരിപക്ഷ സമുദായത്തിന്റെ പക്ഷംപിടിച്ച് പരസ്യമായി നിൽക്കുന്നതാണ്.
മണിപ്പൂരിൽ, മെയ്-ത്തികൾ ജനസംഖ്യയുടെ 53 ശതമാനമുണ്ട്; കുക്കികൾ 16 ശതമാനവും (മൂന്നാമത്തെ പ്രധാനവിഭാഗമായ നാഗാ വംശജർ 24%) : ഗുജറാത്തിൽ, ഹിന്ദുക്കൾ ജനസംഖ്യയുടെ 88 ശതമാനമാണ്; മുസ്ലീങ്ങൾ വെറും 10 ശതമാനവും. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള അനുപാതം മണിപ്പൂരിൽ 3.3:1 ആണെങ്കിൽ ഗുജറാത്തിൽ അത് 8:8:1 ആണ്. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള പരസ്പര ബന്ധം മണിപ്പൂരിൽ ഗുജറാത്തുമായി താരതമ്യപ്പെടുത്തുമ്പോൾ ശത്രുത കുറഞ്ഞതാണ്. അതുകൊണ്ടാണ് മണിപ്പൂരിലെ അക്രമങ്ങൾ 2002ലെ ഗുജറാത്തിൽ എന്നപോലെ ഏകപക്ഷീയമാകാതിരുന്നത് (ആധുനിക ആയുധങ്ങളുടെ ലഭ്യതയിൽ നിന്ന് തന്നെ അറിയാം– ആയുധങ്ങൾ കൊള്ളയടിച്ച് കെെവശപ്പെടുത്തിയവയോ വാങ്ങിയവയോ ആകാം– അക്രമം എത്രമാത്രം തീവ്രമാണെന്ന്).
മണിപ്പൂരിലെ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള ബന്ധം ഗുജറാത്തിലേതുപോലെ അത്രയേറെ ശത്രുതാപരമല്ല; എന്നിരുന്നാലും ശത്രുതാപരമാണ്. മണിപ്പൂരിൽ ജനസംഖ്യാപരമായി മെയ്-ത്തികൾക്കുള്ള മേധാവിത്വം എപ്പോഴും രാഷ്ട്രീയാധികാരത്തിന്റെ കാര്യത്തിലും പ്രതിഫലിക്കാറുണ്ട്. എക്കാലത്തും മുഖ്യമന്ത്രി മെയ്-ത്തി വിഭാഗക്കാരനായിരിക്കും; കുക്കി വിഭാഗത്തിൽ നിന്നും നാഗാ വിഭാഗത്തിൽനിന്നുമുള്ള മന്ത്രിമാരെക്കാൾ കൂടുതൽ മന്ത്രിമാർ മെയ്-ത്തികളിൽ നിന്നായിരിക്കും; ഇവർക്കാകും പലപ്പോഴും പ്രധാന വകുപ്പുകളുടെ ചുമതലയും.
ഇപ്പോഴത്തെ മുഖ്യമന്ത്രി മെയ്-ത്തി വിഭാഗക്കാരനാണ്; തന്റെ വംശീയ സ്വത്വം ഒരു മറയുംകൂടാതെ അയാൾ വെളിപ്പെടുത്താറുണ്ട്. മണിപ്പൂരിൽ കുഴപ്പങ്ങൾ ആരംഭിച്ചശേഷമുള്ള ഈ മൂന്ന് മാസത്തിനിടയിൽ അയാൾ നിരവധി പക്ഷപാതപരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടായി വെട്ടിമുറിക്കുന്നതിനെ– കുക്കികൾക്ക് കടക്കാൻ അനുവാദമില്ലാത്ത താഴ്-വരയും മെയ്-ത്തികളെ ഒഴിവാക്കിക്കൊണ്ടുള്ള കുന്നിൻപ്രദേശവും – നിശ്ശബ്ദമായി പിന്തുണയ്ക്കുന്നുമുണ്ട്. ക്രമസമാധാന പാലനം സംസ്ഥാനവിഷയമാണ്; എന്നിട്ടും സർക്കാർ ആയുധപ്പുരകൾ കൊള്ളയടിക്കുന്നതോ നിരപരാധികളായ പൗരരെ കൊലപ്പെടുത്തുന്നതോ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതോ തടയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല അഥവാ അയാൾക്കതിനു കഴിയുന്നുമില്ല.
ദശകങ്ങൾക്കുമുൻപ് പഞ്ചാബിലും കാശ്-മീരിലും ഗുജറാത്തിലും വിഭാഗീയമായ അക്രമങ്ങൾമൂലം സൃഷ്ടിക്കപ്പെട്ട മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. മണിപ്പൂരിന്റെ കാര്യം അത്രപോലും പ്രതീക്ഷ നൽകുന്നതല്ല. വംശീയ സംഘട്ടനം സംസ്ഥാനത്തെ സാമൂഹിക സംവിധാനത്തിലും രാഷ്ട്രീയമായ ഉദ്ഗ്രഥനത്തിലും ആഴത്തിലുള്ളതും ഒരുപക്ഷേ പുനഃസ്ഥാപിക്കാനാകാത്തതുമായ തകർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ അനുരണനങ്ങൾ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുന്നു; പ്രത്യേകിച്ചും കുക്കികൾ അഭയം തേടുകയും മെയ്-ത്തികളോട് സ്ഥലംവിടാൻ ആവശ്യപ്പെടുകയും ചെയ്യുന്ന മിസോറാമിൽ.
മണിപ്പൂരിൽ അക്രമം വളരെയേറെ ഭയാനകവും ദുരിതങ്ങൾക്കിടയാക്കിയതും ആണെന്നിരിക്കലും, അതിനു ശമനമുണ്ടാക്കാൻ അവിടത്തെ മുഖ്യമന്ത്രി ഒന്നും ചെയ്യാതിരിക്കുകയാണെന്നിരിക്കിലും എന്തുകൊണ്ടാണ് അയാൾ ഇപ്പോഴും അധികാരത്തിൽ തുടരുന്നത്? പാർലമെന്റിലെ പ്രതിപക്ഷ എംപിമാർ മാത്രമല്ല ഈ ചോദ്യം ഉന്നയിക്കുന്നത് ; നമ്മുടെ നാട്ടിൽ സമാധാനവും ശാന്തിയും നിലനിൽക്കണമെന്നാഗ്രഹിക്കുന്ന പൗരരാകെ ഇതേ ചോദ്യം ഉന്നയിക്കുകയാണ്. ആഴ്-ചകൾക്കുമുൻപുതന്നെ, മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കേണ്ടതായിരുന്നു; എന്നിട്ടും അയാൾ ഇപ്പോഴും അധികാരത്തിൽ തുടരുകയാണ്; കേന്ദ്ര സർക്കാരിൽനിന്നും ബിജെപിയിലെ മേലാളന്മാരിൽ നിന്നുമുള്ള പിൻബലത്തോടെയാണ് അയാൾ തൽസ്ഥാനത്ത് തുടരുന്നത്.
തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെന്ന് നരേന്ദ്രമോദിയുടെ സർക്കാർ അംഗീകരിക്കാൻ തയ്യാറാകാത്തതാണ് ബിരേൻ സിങ് അധികാരത്തിൽ തുടരുന്നതിന്റെ മുഖ്യകാരണം. കുറ്റമറ്റതാണ് തങ്ങളുടെ ഭരണം എന്നാണ് മോദിയും കൂട്ടരും അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. നോട്ടുനിരോധനം മൂലമുണ്ടായ സാമ്പത്തികമായ നാശനഷ്ടങ്ങൾ, കോവിഡ് 19 കാലത്ത് വേണ്ടത്ര മുൻ കരുതലുകളില്ലാതെ നടപ്പാക്കിയ ലോക്ഡൗണുകൾമൂലം സാമൂഹ്യമായി ഉണ്ടായ ദുരിതങ്ങൾ, ഇന്ത്യയുടേതെന്ന് സർക്കാർ അവകാശപ്പെടുന്ന ആയിരക്കണക്കിന് ചതുരശ്രകിലോമീറ്റർ ഭൂപ്രദേശം ചെെനീസ് സേന കെെയടക്കിയത് എന്നിങ്ങനെ. ഈ വീഴ്-ചകളൊന്നുംതന്നെ നയം മാറ്റത്തിനോ അധികാരസ്ഥാനത്തുനിന്ന് ആരെയെങ്കിലും മാറ്റുന്നതിനോ ഇടയാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പിൽ വിജയം വരിക്കാൻ ഒരാൾ ബാധ്യതയാണെന്ന് തോന്നിയാൽ ബിജെപിയിൽ ആധിപത്യമുറപ്പിച്ചിട്ടുള്ള ‘ഇരട്ട’കൾ അപ്പോൾതന്നെ, കാലാവധി പൂർത്തിയാക്കും മുൻപുതന്നെ, മുഖ്യമന്ത്രിമാരെ മാറ്റിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ബിരേൻ സിങ്ങിനെ പുറത്താക്കിയാൽ അത് അയാളും പാർട്ടിയും പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പരസ്യമായി സമ്മതിക്കലാകും. അതിനുംപുറമേ, ബിജെപി പുതുതായി ഒരു മുഖ്യമന്ത്രിയെ നിയമിക്കുകയാണെങ്കിൽ, അത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്ന ആവശ്യമുയരാൻ കാരണമാകും; എന്റെ അഭിപ്രായത്തിൽ ഇത് ന്യായീകരിക്കാവുന്ന ഒരാവശ്യം തന്നെയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിൽ ഒരു ഹ്രസ്വസന്ദർശനം നടത്തി; എന്നാൽ സ്ഥിതി നിയന്ത്രണത്തിൽ കൊണ്ടുവരാൻ അമിത് ഷായ്ക്ക് കഴിഞ്ഞുവെന്ന് തോന്നുന്നില്ല. അതേ സമയം അമിത്ഷായും പ്രധാനമന്ത്രിയും തമ്മിലുള്ള അടുപ്പം കാരണം ഷായെ സംരക്ഷിക്കാൻ ബിജെപി ഏതറ്റംവരെയും പോകുമെന്നുറപ്പാണ്.
മണിപ്പൂരിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ പുറത്താക്കിയാൽ അത്, 2002ലെ കലാപത്തെതുടർന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയെ പുറത്താക്കാൻ ബിജെപി തയ്യാറാകാത്തതെന്തെന്ന അസുഖകരവും അസൗകര്യപ്രദവുമായ ചോദ്യം വീണ്ടുമുയരാൻ ഇടയാക്കുമെന്നതാണ് അവസാനത്തെയും കൂടുതൽ നിർണായകവുമായ പ്രശ്നം. ഗുജറാത്ത് മുഖ്യമന്ത്രി ‘‘രാജധർമം’’ പാലിച്ചില്ലെന്ന വിമർശനംനടത്തിയ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി നരേന്ദ്രമോദിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ ആഗ്രഹിച്ചിരുന്നുവെന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്; എന്നാൽ അരുൺ ജയ‍്റ്റ്ലിയെയും എൽ കെ അദ്വാനിയെയും പോലെയുള്ള വാജ്-പേയി മന്ത്രിസഭയിലെ പ്രമുഖർ അദ്ദേഹത്തെ അതിൽനിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. അന്നത്തെ ഗുജറാത്തും ഇന്നത്തെ മണിപ്പൂരും തമ്മിൽ സമാനതകൾ ഏറെയുണ്ട്. തന്റെതന്നെ കുഴപ്പംപിടിച്ച ഭൂതകാലംമൂലം ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക് മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കാനാവില്ല. രാജധർമം പാലിക്കണമെന്ന് മണിപ്പൂർ മുഖ്യമന്ത്രിയോടാവശ്യപ്പെടാൻപോലും പ്രധാനമന്ത്രിക്ക് കഴിയില്ല.
ഞാൻ മുൻപ് പറഞ്ഞതുപോലെ മണിപ്പൂരിലെ ഇപ്പോഴത്തെ സാഹചര്യം 1980കളിൽ പഞ്ചാബും 1990കളിൽ ജമ്മു–കാശ്മീരും 2000ത്തിനുശേഷം ഗുജറാത്തും നേരിട്ടതിനെക്കാൾ ഏറെ ഗുരുതരമാണ്. ഇപ്പോൾ പരസ്പരം എതിരിട്ടുനിൽക്കുന്ന സമുദായങ്ങൾക്കിടയിലെ മുറിവുണക്കുന്നതിന്, സാമൂഹികമായ വിശ്വാസവും ഭരണകൂടത്തിന്റെ മേധാവിത്വവും പുനഃസ്ഥാപിക്കുന്നതിന് ആദ്യംതന്നെ നിർബന്ധമായും നടപ്പാക്കേണ്ട കാര്യം ഇപ്പോഴത്തെ മുഖ്യമന്ത്രിയെ പുറത്താക്കി മറ്റൊരാളെ തൽസ്ഥാനത്ത് കൊണ്ടുവരലാണ്. ധാർമികതയും പ്രായോഗിക രാഷ്ട്രീയവും ആവശ്യപ്പെടുന്നത് ബിരേൻ സിങ്ങിനെ പുറത്താക്കണമെന്നതാണ്. ദൗർഭാഗ്യകാരമെന്നു പറയട്ടെ, ഇത് സംഭവിക്കാനിടയില്ല. കാരണം രാജ്യത്തിന്റെ അധികാരം കയ്യാളുന്ന ഏറ്റവും ശക്തരായ രണ്ടുപേരുടെ –ഇന്ത്യയുടെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും–പിന്തുണയും സംരക്ഷണവും മണിപ്പൂർ മുഖ്യമന്ത്രിക്കുണ്ടെന്നതുതന്നെ. ♦