ഇന്ത്യയിലെ മത–ജാതി വൈവിധ്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ബാധകമാകുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തിനിയമങ്ങള്‍ ഒഴിവാക്കി എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍ പൊതുവ്യക്തിനിയമം ഉണ്ടാവുകയാണ് ഏകീകൃത സിവില്‍ കോഡ് വഴി സംഭവിക്കുന്നത്. ഇതുവഴി വ്യക്തികളുടെ വിവാഹം, വിവാഹ മോചനം, പരമ്പരാഗത സ്വത്ത്, ദത്തെടുക്കല്‍, ജീവനാംശം തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്‍ക്കും ബാധകമാകുന്ന പൊതുനിയമം നിലവില്‍ വരുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളിലെ 44–ാം അനുച്ഛേദം അനുസരിച്ച് ഇത്തരമൊരു ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് നരേന്ദ്ര മോദിയും ബി.ജെ.പി ഭരണവും അവകാശപ്പെടുന്നത്. ഇത്തരമൊരു നിയമം കൊണ്ടുവരുന്നതില്‍ എന്ത് അപകടമാണുള്ളതെന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും കേരളത്തിലെ അവരുടെ പ്രചാരകരായ മലയാള മനോരമയും മാതൃഭൂമിയും ചോദിക്കുന്നത്.
ഇക്കാര്യത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട അപകടം ഏകീകൃത സിവില്‍കോഡ് കൊണ്ടുവരുന്നത് നരേന്ദ്രമോദിയുടെ കേന്ദ്രഭരണമാണ് എന്നുള്ളതാണ്. ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ചുവടുവയ്പുകളായി ഹിന്ദു വര്‍ഗ്ഗീയതയുടെ മേധാവിത്വം മറ്റ് മതവിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് ഒട്ടനവധി നടപടികള്‍ മോദി ഭരണം ഇതിനകം തന്നെ എടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ തത്വങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു, കടന്നാക്രമിക്കപ്പെടുന്നു. ബി.ജെ.പി നേതൃത്വത്തില്‍ അയോധ്യയില്‍ ഉണ്ടായിരുന്ന ബാബറി മസ്ജിദ് തകര്‍ത്ത് അവിടെ ഇപ്പോള്‍ രാമക്ഷേത്രം പണിതുകൊണ്ടിരിക്കുകയാണ്. അയോധ്യയിലെ ക്ഷേത്രത്തിന്റെയും കാശി വിശ്വനാഥക്ഷേത്രം, ഗംഗ ഇടവഴി എന്നിവയുടെയും നിര്‍മ്മാണത്തെപ്പറ്റിയുള്ള ടെലിവിഷന്‍ സംപ്രേഷണം ബി ജെ പി സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടികളെന്ന നിലയിലാണ് തുടര്‍ച്ചയായി എടുത്തുകാണിക്കപ്പെടുന്നത്. മതാധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭരണകൂടം അകന്നുനില്‍ക്കണമെന്നത് നരേന്ദ്ര മോദി ഭരണത്തില്‍ വീണ്ടും വീണ്ടും അവഗണിക്കപ്പെടുകയാണ്.
രണ്ടാം തവണ അധികാരത്തില്‍ വന്ന് ഏറെനാള്‍ കഴിയുന്നതിനുമുമ്പ് മോദി ഭരണം ജമ്മുകാശ്മീര്‍ സംസ്ഥാനത്തെ പിരിച്ചുവിട്ടു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയിലെ 370 ഉം 35 എയും അനുച്ഛേദങ്ങള്‍ റദ്ദുചെയ്തു. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി ജമ്മുകാശ്മീരിനെ ഇപ്പോള്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ലോക്-സഭാ തിരഞ്ഞെടുപ്പ് സമയത്ത് ജമ്മുകാശ്മീര്‍ സംസ്ഥാനം പ്രസിഡന്റ് ഭരണത്തിലായിരുന്നിട്ടും അവിടെ ബോധപൂര്‍വ്വം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയില്ല. പാര്‍ലമെന്റില്‍ ബി.ജെ.പിയുടെ കപട നീക്കങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിനായിരുന്നു തിരഞ്ഞെടുപ്പ് നടത്താതിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ സമ്മതത്തിനു പകരമായി ബിജെപി ഗവണ്‍മെന്റ് നിയോഗിച്ച ഗവര്‍ണറുടെ സമ്മതമാണ് പരിഗണിക്കപ്പെട്ടത്. കാശ്മീര്‍ പ്രദേശത്തെ മുസ്ലീം ഭൂരിപക്ഷം ഇല്ലാതാക്കാനുള്ള നടപടികളും ഇതിന്റെ തുടര്‍ച്ചയായി മോദി ഭരണം എടുത്തുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ തുടര്‍ച്ചയായാണ് പൗരത്വാവകാശ ഭേദഗതി നിയമം ബി.ജെ.പി ഗവണ്‍മെന്റ് പാസാക്കുന്നത്. മതത്തെ അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതും നിഷേധിക്കുന്നതുമായ സമ്പ്രദായം നിലവില്‍ വന്നിരിക്കുകയാണ്. മുസ്ലീം മത വിശ്വാസികളോട് കടുത്ത വിവേചനം കാട്ടുന്ന നിയമമാണ് പാസാക്കിയത്. ദേശീയ ജനസംഖ്യ രജിസ്റ്ററും തുടര്‍ന്ന് ദേശീയ പൗരത്വ രജിസ്റ്ററും പ്രഖ്യാപിക്കപ്പെട്ടു. പൗരത്വാവകാശത്തെ മതവിശ്വാസവുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ മോദി ഭരണം തുടര്‍ച്ചയായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുസ്ലീം ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമാക്കി വെറുപ്പിന്റെ വിഷലിപ്തമായ പ്രചരണങ്ങളും കടന്നാക്രമണങ്ങളും ബി.ജെ.പി സര്‍ക്കാരിന്റെ രക്ഷാധികാരത്തോടെ അതിവേഗം വ്യാപിപ്പിക്കുകയാണ്. 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ അഴിച്ചുവിട്ട വര്‍ഗ്ഗീയ ആക്രമണങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവയായിരുന്നു. പ്രകോപനപരമായ വര്‍ഗ്ഗീയ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. വര്‍ഗ്ഗീയ ചേരിതിരിവ് രൂക്ഷമാക്കുന്നത് ലക്ഷ്യം വച്ചുകൊണ്ട് ബി.ജെ.പി സര്‍ക്കാരുകള്‍ തുടര്‍ച്ചയായി നിയമനിര്‍മ്മാണങ്ങള്‍ നടത്തിവരികയാണ്. പശുക്കളെയും മറ്റ് കന്നുകാലികളെയും വധിക്കുന്നതിന് നിരോധനം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തി. കന്നുകാലി കച്ചവടത്തിലും ഇറച്ചി വ്യാപാരത്തിലും ഏര്‍പ്പെട്ടിട്ടുള്ള മുസ്ലീം മത വിശ്വാസികളെ ലക്ഷ്യമാക്കിയാണ് ബി.ജെ.പി ഗവണ്‍മെന്റിന്റെ നടപടികള്‍. മതംമാറ്റത്തിനും ലൗ ജിഹാദ് എന്ന് അവർ വിളിക്കുന്ന വ്യത്യസ്ത മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തിനും എതിരായ നിയമങ്ങളും ബി.ജെ.പി സര്‍ക്കാരുകള്‍ പാസാക്കിയിട്ടുള്ളത്.
ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ബ്രാഹ്മണ പുരോഹിതന്മാരെ ഉപയോഗിച്ച് ദേവപൂജകള്‍ നടത്തി രാജാധിപത്യത്തിന്റെ പ്രതീകമായ ചെങ്കോല്‍ സ്ഥാപിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലും നേതൃത്വത്തിലുമാണ് ഇത് നടന്നത്. ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷ മതവിശ്വാസികള്‍ക്കെതിരെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടും മറ്റ് സ്ഥാപനങ്ങളും തകര്‍ക്കുക എന്നത് സര്‍വ്വസാധാരണ സംഭവങ്ങളായി മാറി. മണിപ്പൂരില്‍ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കെതിരെ ഭീകരമായ കടന്നാക്രമണങ്ങളാണ് മോദി ഭരണത്തിന്റെ അനുഗ്രഹാശിസുകളോടെ നടക്കുന്നത്.
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ബി ജെ പി ഭരണമാണ് ഏകീകൃത സിവില്‍ കോഡിന് വേണ്ടി നീങ്ങുന്നത്. ഈ നിയമം വഴി ബി ജെ പി ലക്ഷ്യംവയ്ക്കുന്നത് മറ്റ് മതവിശ്വാസികളുടെ മേല്‍ ഹിന്ദുമത മേധാവിത്വം അടിച്ചേല്‍പ്പിക്കുകയാണ്. മനുസ്മൃതി നിയമവ്യവസ്ഥയാക്കി മാറ്റാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലുള്ളത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ സിപിഐ എം എതിര്‍ക്കുന്നത് ഈ കാരണത്താലാണ്.
മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിച്ച് ആധുനിക വല്‍ക്കരിക്കുകയും ജനാധിപത്യ വല്‍ക്കരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അവകാശങ്ങളുടെയും അധികാരങ്ങളുടെയും കാര്യത്തില്‍ സ്ത്രീ – പുരുഷ തുല്യത ഉറപ്പുവരുത്തേണ്ടതുമാണ്. വ്യക്തി നിയമങ്ങളില്‍ വരുത്തേണ്ട ആധുനികവല്‍ക്കരണ നടപടികളും ജനാധിപത്യ വല്‍ക്കരണ നടപടികളും അടിച്ചേല്‍പ്പിക്കപ്പെടേണ്ട ഒന്നല്ല. വ്യത്യസ്ത മതവിശ്വാസികളുടെ ഇടയില്‍ ബഹുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടും പൊതുസമ്മതത്തോടെയും നടപ്പാക്കേണ്ട ഒന്നാണ്. ഇ.എം.എസിന്റെയും മറ്റ് സിപിഐ എം നേതാക്കളുടെ ലേഖനങ്ങളിലും അഭിപ്രായം പ്രകടനങ്ങളിലും ഇക്കാര്യങ്ങളാണ് വിവരിച്ചിട്ടുള്ളത്. ഇ എം എസിന്റെയും മറ്റ് സിപിഐ എം നേതാക്കളുടെയും അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാനാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും ശ്രമിക്കുന്നതും മലയാള മനോരമയും മാതൃഭൂമിയും വ്യാഖ്യാനിക്കുന്നതും. ഇ.എം.എസും, നായനാരും സുശീലാഗോപാലനും അഭിപ്രായപ്പെട്ടത് ബി.ജെ.പി ഭരണം കൊണ്ടുവരുന്ന ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ചായിരുന്നില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇ.എം.എസിനോട് ചോദിച്ച ചോദ്യവും അതിന് ഇ.എം.എസ് നല്‍കിയ ഉത്തരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളും ചുവടെ കൊടുക്കുന്നു. സിപിഐ എമ്മിന്റെയും നേതാക്കളുടെയും നിലപാടുകള്‍ ഈ ചോദ്യോത്തര ഭാഗങ്ങള്‍ വ്യക്തമാക്കുന്നു.
ഇ.എം.എസിനോടുള്ള ചോദ്യം: മുസ്ലീം ജനതയില്‍ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രശ്നമാണ് പൊതു സിവില്‍ നിയമമെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. മുസ്ലീം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുത്തുന്നതുവരെ അതു നടപ്പില്‍ വരുത്തുന്നത് ബുദ്ധിപൂര്‍വമായിരിക്കില്ലെന്നു കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചതിനോട് ഞങ്ങള്‍ക്ക് യോജിപ്പാണുള്ളത്. ഇതു സംബന്ധിച്ച നിയമനിര്‍മാണം ഉടന്‍ നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടുവെന്ന് നിങ്ങളുടെ നേതാക്കളും അവരുടെ സഹായത്തോടെ അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും പറയുന്നത് പച്ചക്കള്ളമാണ്’’. (ദേശാഭിമാനി ലേഖനം, 12.07.1985)
‘‘ഏകീകൃത സിവില്‍ നിയമത്തിനുവേണ്ടിയുള്ള ശക്തമായ പ്രക്ഷോഭപരിപാടികളും ജൂലൈ മുതല്‍ ആഗസ്തുവരെ നടത്തുന്ന ഒപ്പുശേഖരണവും വമ്പിച്ച വിജയമാക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി ദേവി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെ രക്ഷാകര്‍ത്തൃത്വവും സൂക്ഷിപ്പും, ദത്തെടുക്കല്‍ എന്നീ കാര്യങ്ങളില്‍ എല്ലാ സമുദായങ്ങളിലെ സ്ത്രീകള്‍ക്കും ബാധകമായ ഒരു പൊതുനിയമം ഉണ്ടാക്കണം. ഇതിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ മഹിളാ സംഘടനകളോ ടൊപ്പം രാഷ്ട്രീയസാമൂഹ്യ സംഘടനകളും സഹകരിക്കണമെന്ന് ദേവി അഭ്യര്‍ഥിച്ചു. (ദേശാഭിമാനി പ്രസ്താവന 11.1.85)
സഖാവിന്റെ കാഴ്ചപ്പാടും ടി. ദേവിയുടെ കാഴ്ചപ്പാടും വ്യത്യസ്തമാണന്നല്ലേ മനസ്സിലാക്കേണ്ടത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നടത്തിയ ആഹ്വാനത്തിനുനേരെ സിപിഐ എം എന്തു നിലപാട് സ്വീകരിക്കും?
പി.എം. ജോര്‍ജ്ജ്, പച്ചാളം
ഇതിന് ഇ.എം.എസ് നല്‍കിയ ഉത്തരത്തിന്റെ പ്രധാനഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
സ്ത്രീസമൂഹത്തിനു സവിശേഷമായി പ്രാധാന്യമുള്ള പ്രശ്നങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ളതാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസ്താവനകളും പ്രവര്‍ത്തനവും. സ്ത്രീ സമൂഹമടക്കം ഇന്ത്യന്‍ ജനതയുടെ ആകെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗങ്ങളാണ് എന്റെ പ്രസ്താവനകളും ലക്ഷ്യങ്ങളും.
ഇവിടെ ചര്‍ച്ചാവിഷയമായിട്ടുള്ള സാമൂഹ്യ പരിഷ്കാര ത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയും മഹിളാ സംഘടനയും മൊത്തത്തില്‍ ഒരേ നിലപാടാണ് എടുക്കുന്നത്. വിവാഹവും വിവാഹമോചനവും കുടുംബബന്ധങ്ങള്‍, സ്വത്തവകാശവും പിന്തുടര്‍ച്ചയും എന്നീ കാര്യങ്ങളില്‍ ഇന്നും നിലനിന്നുപോരുന്ന പ്രാകൃത ഏര്‍പ്പാടുകള്‍ അവസാനിപ്പിച്ചു സാമൂഹ്യജീവിതത്തെ ആധുനികവല്‍ക്കരിക്കണമെന്നതാണ് യോജിപ്പുള്ള കാര്യം ഇന്ത്യന്‍ ജനതയ്ക്കാകെയും സ്ത്രീ സമൂഹത്തിന് വിശേഷിച്ചും ഇതില്‍ താല്‍പ്പര്യമുണ്ട്.
എന്നാല്‍ നിര്‍ദിഷ്ടമായ സാമൂഹ്യ പരിഷ്കാരം പ്രാവര്‍ത്തികമാക്കുന്നതിന്റെ രീതി, ഗതിവേഗം എന്നിവയുടെ കാര്യത്തില്‍ വിവിധ സംഘടനകളുടെ നിലപാടുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. അതാണ് ചോദ്യകര്‍ത്താവ് പരാമര്‍ശിക്കുന്നതു പോലെ എന്റെ ലേഖനവും ദേവിയുടെ പ്രസ്താവനയും തമ്മില്‍ കാണുന്നത്…
ജാതി–മതാദി വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ എല്ലാ സ്ത്രീകളെയും പുരോഗമനേച്ഛുക്കളായ മുസ്ലീം പുരുഷന്മാരുടെ ചേരിയില്‍ അണിനിരത്തി സ്ത്രീ–പുരുഷ സമത്വത്തിനുള്ള പ്രസ്ഥാനം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ദേവിയുടെ പ്രസ്താവന. ഇന്ത്യന്‍ ഭരണ ഘടനയില്‍ എഴുതിവച്ചിട്ടുള്ള ഏകീകൃത സിവില്‍ നിയമത്തെ 44–ാം വകുപ്പ് അതിന് അവര്‍ക്ക് സഹായകവുമാണ്. അതുപയോഗിച്ച് മുസ്ലീം സമുദായമടക്കം പ്രാകൃതമായ ആചാര വ്യവസ്ഥകള്‍ക്ക് വിധേയമായ എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹ്യനിയമങ്ങള്‍ ഏകീകരിക്കണമെന്ന നിര്‍ദ്ദേശമാണ് അവരുടെ പ്രസ്താവനയില്‍ അടങ്ങിയിട്ടുള്ളത്.
ഇതിനോട് സിപിഐ എമ്മിന് പൂര്‍ണമായ യോജിപ്പാണുള്ളത്. പക്ഷേ ഏകീകൃത സിവില്‍ നിയമം എപ്പോള്‍, എങ്ങനെ നടപ്പില്‍ വരുത്തണം. നടപ്പില്‍ വരുന്നതിനുള്ള സമയം വന്നു കഴിഞ്ഞുവോ, എന്ന പ്രശ്നമുണ്ട്. നിയമം പാസാക്കിയാല്‍ അതു നടപ്പില്‍ വരുത്താന്‍ പ്രയോജനപ്പെടുന്ന ശക്തിയേറിയ പൊതുജനാഭിപ്രായം ബന്ധപ്പെട്ട ജനവിഭാഗത്തിനിടയില്‍ രൂപപ്പെട്ടു കഴിയുന്നതുവരെ നിയമം പാസാക്കുന്നത് മാറ്റിവെക്കുന്നതാണ് ബുദ്ധിപൂര്‍വ്വമായിട്ടുള്ളത്. അതുകൊണ്ടാണ് ഭരണഘടനയില്‍ പോലും ഏകീകൃത സിവില്‍ നിയമം മൗലിക പൗരാവകാശങ്ങളില്‍ പെടുത്താതെ നിര്‍ദേശക തത്വങ്ങളില്‍ മാത്രം പെടുത്തിയിട്ടുള്ളത്. ഈ സമീപനത്തോട് പാര്‍ട്ടി യോജിക്കുന്നു.
എന്നാല്‍ യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് ഇതേവരെ ഉണ്ടായിരുന്ന ശക്തി എത്രത്തോളം കുറഞ്ഞിട്ടുണ്ട്. പുരോഗമനേച്ഛുക്കളുടേത് എത്രത്തോളം വര്‍ധിച്ചിട്ടുണ്ട്. þ ഇക്കാര്യം ആലോചിക്കാതെ ജനാധിപത്യ മഹിളാ അസോസിയേഷനും സിപിഐ എമ്മും ഒരുപോലെ വിഭാവനം ചെയ്യുന്ന നിയമനിര്‍മ്മാണം നടത്താന്‍ ശ്രമിക്കുന്നത് ബുദ്ധിപൂര്‍വ്വമായിരിക്കില്ല.
ഇവിടെയാണ് ഹിന്ദുവര്‍ഗ്ഗീയ വാദികളും സിപിഐ എമ്മും തമ്മില്‍ വ്യത്യാസം കിടക്കുന്നത്. ഏകീകൃത സിവില്‍ നിയമം ഏവര്‍ക്കും സ്വീകാര്യമാകേണ്ട ഒരു കാര്യമാണ്. അത് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ആ ഭരണഘടന വ്യവസ്ഥയനുസരിച്ച് ഉടന്‍ നിയമം ഉണ്ടാകണം. ‘‘ഇതാണ് ഹിന്ദു വര്‍ഗ്ഗീയവാദികളുടെ നിലപാട്. ഇതാണ് സിപിഐ എമ്മിന്റെയും നിലപാട് എന്നു വരുത്താനാണ് മുസ്ലീം വര്‍ഗ്ഗീയ വാദികളും കേരളത്തില്‍ അവരുടെ കൂട്ടുകാരായ കോണ്‍ഗ്രസ്സുകാരും ശ്രമിക്കുന്നത്. അത് സത്യവിരുദ്ധമാണെന്ന് ചോദ്യകര്‍ത്താവ് ഉദ്ധരിച്ച എന്റെ ലേഖനത്തില്‍ പറയുന്നു’’.
(തെരഞ്ഞെടുത്ത ചോദ്യോത്തരങ്ങള്‍ ഇ.എം.എസ്, ചിന്ത പബ്ലിഷേഴ്സ്, പേജ് നമ്പര്‍ 92, 93, 94, 95, 96) ♦