ചോദ്യോത്തരങ്ങൾ ഇ എം എസ് |
ചോദ്യം
മുസ്ലീം ജനതയില്‍ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രശ്‌നമാണ് പൊതു സിവില്‍ നിയമമെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. മുസ്ലീം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുത്തുന്നതുവരെ അതു നടപ്പില്‍ വരുത്തുന്നതു ബുദ്ധിപൂര്‍വമായിരിക്കില്ലെന്നു കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചതിനോട് ഞങ്ങള്‍ക്ക് യോജിപ്പാണുള്ളത്. ഇതു സംബന്ധിച്ച നിയമനിര്‍മാണം ഉടന്‍ നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടുവെന്ന് നിങ്ങളുടെ നേതാക്കളും അവരുടെ സഹായത്തോടെ അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും പറയുന്നത് പച്ചക്കള്ളമാണ്. (ദേശാഭിമാനി ലേഖനം, 12.07.1985)
ഏകീകൃത സിവില്‍ നിയമത്തിനുവേണ്ടിയുള്ള ശക്തമായ പ്രക്ഷോഭപരിപാടികളും ജൂലായ് മുതല്‍ ആഗസ്തുവരെ നടത്തുന്ന ഒപ്പുശേഖരണവും വമ്പിച്ച വിജയമാക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി ദേവി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു…… വിവാഹം, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെ രക്ഷാകര്‍ത്തൃത്വവും സൂക്ഷിപ്പും, ദത്തെടുക്കല്‍ എന്നീ കാര്യങ്ങളില്‍ എല്ലാ സമുദായങ്ങളിലെ സ്ത്രീകള്‍ക്കും ബാധകമായ ഒരു പൊതുനിയമം ഉണ്ടാക്കണം. ഇതിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ മഹിളാ സംഘടനകളോടൊപ്പം രാഷ്ട്രീയ-–സാമൂഹ്യ സംഘടനകളും സഹകരിക്കണമെന്ന് ദേവി അഭ്യര്‍ഥിച്ചു. (ദേശാഭിമാനി പ്രസ്താവന 11.7.85)
സഖാവിന്റെ കാഴ്ചപ്പാടും ടി ദേവിയുടെ കാഴ്ചപ്പാടും വ്യത്യസ്തമാണെന്നല്ലേ മനസ്സിലാക്കേണ്ടത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നടത്തിയ ആഹ്വാനത്തിനുനേരെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തു നിലപാട് സ്വീകരിക്കും?
പി എം ജോര്‍ജ്, പച്ചാളം
ഉത്തരം
മുസ്ലീം സമുദായത്തില്‍ ഉള്ളവരടക്കം എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ പ്രാതിനിധ്യം വഹിച്ചുകൊണ്ടാണ് ദേവി പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.
ഞാനാകട്ടെ, സ്ത്രീ പുരുഷ വ്യത്യാസമോ ജാതി മതാദി ബന്ധങ്ങളോ കണക്കാക്കാതെ ഇന്ത്യന്‍ ജനതക്കാകെ താല്പര്യമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവാണ്. ആ നിലയ്-ക്കാണ് വിവാഹ-കുടുംബബന്ധാദി കാര്യങ്ങളെക്കുറിച്ച് എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.
സ്ത്രീസമൂഹത്തിനു സവിശേഷമായി പ്രാധാന്യമുള്ള പ്രശ്‌നങ്ങളില്‍ ഊന്നി നിന്നുകൊണ്ടുള്ളതാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസ്താവനകളും പ്രവര്‍ത്തനവും. സ്ത്രീ സമൂഹമടക്കം ഇന്ത്യന്‍ ജനതയുടെ ആകെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗങ്ങളാണ് എന്റെ പ്രസ്താവനകളും ലക്ഷ്യങ്ങളും.
ഇവിടെ ചര്‍ച്ചാവിഷയമായിട്ടുള്ള സാമൂഹ്യപരിഷ്‌കാരത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയും മഹിളാ സംഘടനയും മൊത്തത്തില്‍ ഒരേ നിലപാടാണ് എടുക്കുന്നത്. വിവാഹവും വിവാഹമോചനവും കുടുംബബന്ധങ്ങള്‍, സ്വത്തവകാശവും പിന്തുടര്‍ച്ചയും എന്നീ കാര്യങ്ങളില്‍ ഇന്നും നിലനിന്നുപോരുന്ന പ്രാകൃത ഏര്‍പ്പാടുകള്‍ അവസാനിപ്പിച്ചു സാമൂഹ്യജീവിതത്തെ ആധുനികവല്‍ക്കരിക്കണമെന്നതാണ് യോജിപ്പുള്ള കാര്യം. ഇന്ത്യന്‍ ജനതയ്-ക്കാകെയും സ്ത്രീ സമൂഹത്തിന് വിശേഷിച്ചും ഇതില്‍ താല്‍പ്പര്യമുണ്ട്.
എന്നാല്‍ നിര്‍ദിഷ്ടമായ സാമൂഹ്യ പരിഷ്‌കാരം പ്രാവര്‍ത്തികമാക്കുന്നതിന്റെ രീതി, ഗതിവേഗം എന്നിവയുടെ കാര്യത്തില്‍ വിവിധ സംഘടനകളുടെ നിലപാടുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. അതാണ് ചോദ്യകര്‍ത്താവ് പരാമര്‍ശിക്കുന്നതുപോലെ എന്റെ ലേഖനവും ദേവിയുടെ പ്രസ്താവനയും തമ്മില്‍ കാണുന്നത്.
വൈവാഹികമടക്കമുള്ള കുടുംബബന്ധങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പ്രക്രിയ ലളിതമല്ല. ഇന്ത്യയെപ്പോലെ ഒട്ടേറെ ജാതികളും മതവിഭാഗങ്ങളും ഗിരിജനങ്ങളുടേതുപോലുള്ള വ്യത്യസ്ത ജനവിഭാഗങ്ങളുമുള്ള ഒരു രാജ്യത്ത് സാമൂഹ്യ പരിവര്‍ത്തന പ്രക്രിയ വിശേഷിച്ചും പ്രയാസം നിറഞ്ഞതാണ്.
വെറും നിയമനിര്‍മ്മാണംകൊണ്ടുമാത്രം ഒരു സാമൂഹ്യപരിഷ്‌കാരവും പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയില്ല. പാസ്സാക്കുന്ന നിയമങ്ങള്‍ക്കനുകൂലമായി ശക്തമായ പൊതുജനാഭിപ്രായം സംഘടിപ്പിച്ചാല്‍ മാത്രമേ അതു നടക്കുകയുള്ളു. അതേ അവസരത്തില്‍ പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതില്‍ നിയമനിര്‍മാണത്തിനും നിയമവ്യാഖ്യാനങ്ങള്‍ക്കും വലിയ പങ്കു വഹിക്കാന്‍ കഴിയുകയും ചെയ്യും.
ഉദാഹരണത്തിന് ഇന്ത്യയുടെ പല ഭാഗങ്ങളിലും വന്‍തോതില്‍ പ്രചാരത്തില്‍ ഇരുന്ന ഒരു ഏര്‍പ്പാടാണ് ശിശുവിവാഹം. അത് നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയിട്ട് അരനൂറ്റാണ്ടിലേറെയായി. എന്നാല്‍ ഇന്നും പലേടത്തും ശിശുവിവാഹങ്ങള്‍ നടക്കുന്നുണ്ട്.
ശിശുവിവാഹം തടയുന്ന നിയമം പാസാക്കുന്നതിന് ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പാണ് ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യ മരിക്കുക എന്ന ഏര്‍പ്പാട് (സതി) നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയത്. ഒന്നര നൂറ്റാണ്ടിനുശേഷം ഇന്നും അങ്ങിങ്ങ് ചിലേടങ്ങളില്‍ സതി നടന്നതായ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അടുത്തകാലത്ത് പ്രാബല്യത്തില്‍ വന്ന സ്ത്രീധനനിരോധന നിയമമാകട്ടെ മിക്കവാറും കടലാസില്‍ കിടക്കുകയാണ്. സതിയും ശിശുവിവാഹവും നിരോധിക്കുന്ന നിയമങ്ങളേക്കാള്‍ വ്യാപകമായി ലംഘിക്കപ്പെടുന്ന ഒന്നാണ് ഇന്നത്തെ സ്ത്രീധന നിരോധനനിയമം.
സാമൂഹ്യബന്ധങ്ങളില്‍ മാറ്റം വരുത്തുന്ന നിയമങ്ങള്‍ നിര്‍മിക്കുന്നതും ചില നിയമങ്ങളെ ആ രീതിയില്‍ വ്യാഖ്യാനിക്കുന്നതും പ്രയോജനപ്രദമല്ലെന്ന് ഇതിനര്‍ഥമില്ല. നേരെമറിച്ച് സതിക്കും ശിശുവിവാഹത്തിനും സ്ത്രീധനത്തിനും മറ്റുമെതിരായി നിയമങ്ങള്‍ പാസാക്കിയതിനെത്തുടര്‍ന്ന് അവ ബലത്തില്‍ വരുത്തുന്നതിനുള്ള ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവിലുള്ള നിയമം വ്യാഖ്യാനിച്ചുകൊണ്ടുള്ള കോടതിവിധികളും ഇതേ ഫലം ചെയ്യുന്നുണ്ട്.
ഈ രണ്ടാമത്തെ ഇനത്തില്‍ പെട്ടതാണ് വിവാഹമോചിതയാകുന്ന ഭാര്യക്ക് ചെലവിനു കൊടുക്കാന്‍ അവരുടെ മുന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന നിയമത്തില്‍ നിന്ന് മുസ്ലീം സ്ത്രീപുരുഷന്മാരും ഒഴിവല്ലെന്ന സുപ്രീംകോടതിയുടെ ഈയിടത്തെ വിധി. അതിനെതിരായി ‘ശരി-അത്ത് സംരക്ഷണബോര്‍ഡ്’ രൂപീകരിച്ചു പ്രക്ഷോഭം നടത്താന്‍ മുസ്ലീം സമുദായത്തില്‍ യാഥാസ്ഥിതികവിഭാഗം ഒരുങ്ങിയപ്പോള്‍ ആ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് പതിനായിരക്കണക്കിന് മുസ്ലീം സ്ത്രീ–പുരുഷന്മാര്‍ രംഗത്ത് വന്നു. ഈ രണ്ടുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിമിത്തം സാമൂഹ്യപരിഷ്‌കാരത്തിനുവേണ്ടിയുള്ള പ്രസ്ഥാനം മുസ്ലീം സമുദായത്തില്‍ മുമ്പെന്നത്തെയുംകാള്‍ കൂടുതല്‍ ശക്തിപ്പെട്ടു വരികയാണ്. സുപ്രീംകോടതിയുടെ വിധി ഇസ്ലാമിക മതസിദ്ധാന്തങ്ങള്‍ക്കെതിരാണെന്ന യാഥാസ്ഥിതികരുടെ വാദത്തെ ശക്തിയായി എതിര്‍ക്കുന്ന ഒരുവിഭാഗം മുസ്ലീം സമുദായത്തില്‍ തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്.
ജാതി–മതാദി വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ എല്ലാ സ്ത്രീകളെയും പുരോഗമനേച്ഛുക്കളായ മുസ്ലീം പുരുഷന്മാരുടെ ചേരിയില്‍ അണിനിരത്തി സ്ത്രീ-–പുരുഷസമത്വത്തിനുള്ള പ്രസ്ഥാനം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ദേവിയുടെ പ്രസ്താവന. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ള ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച 44-ാം വകുപ്പ് അതിന് അവര്‍ക്ക് സഹായകവുമാണ്. അതുപയോഗിച്ച് മുസ്ലീം സമുദായമടക്കം പ്രാകൃതമായ ആചാരവ്യവസ്ഥകള്‍ക്ക് വിധേയമായ എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹ്യനിയമങ്ങള്‍ ഏകീകരിക്കണമെന്ന നിര്‍ദേശമാണ് അവരുടെ പ്രസ്താവനയില്‍ അടങ്ങിയിട്ടുള്ളത്.
ഇതിനോട് കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിക്ക് പൂര്‍ണമായ യോജിപ്പാണുള്ളത്. പക്ഷേ ഏകീകൃത സിവില്‍ നിയമം എപ്പോള്‍, എങ്ങനെ നടപ്പില്‍ വരുത്തണം നടപ്പില്‍ വരുന്നതിനുള്ള സമയം വന്നു കഴിഞ്ഞുവോ, എന്നീ പ്രശ്‌നങ്ങളുമുണ്ട്. നിയമം പാസാക്കിയാല്‍ അതു നടപ്പില്‍ വരുത്താന്‍ പ്രയോജനപ്പെടുന്ന ശക്തിയേറിയ പൊതുജനാഭിപ്രായം ബന്ധപ്പെട്ട ജനവിഭാഗത്തിനിടയില്‍ രൂപപ്പെട്ടു കഴിയുന്നതുവരെ നിയമം പാസാക്കുന്നത് മാറ്റിവെക്കുന്നതാണ് ബുദ്ധിപൂര്‍വമായിട്ടുള്ളത്. അതുകൊണ്ടാണ് ഭരണഘടനയില്‍ പോലും ഏകീകൃത സിവില്‍ നിയമം മൗലിക പൗരാവകാശങ്ങളില്‍ പെടുത്താതെ നിര്‍ദേശകതത്വങ്ങളില്‍ മാത്രം പെടുത്തിയിട്ടുള്ളത്. ഈ സമീപനത്തോട് പാര്‍ട്ടി യോജിക്കുന്നു.
ഇക്കാര്യത്തില്‍ ഭരണകര്‍ത്താക്കള്‍ അംഗീകരിച്ച സമീപനം മനസ്സിലാവണമെങ്കില്‍ ഇന്ത്യയിലെ സാമൂഹ്യപരിഷ്‌കാരപ്രക്രിയയുടെ ചരിത്രം പരിശോധിക്കണം. രാഷ്ട്രീയമെന്നപോലെ സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളിലും ആധുനികവല്‍ക്കരണം തുടങ്ങിവെച്ചതും കൂടുതല്‍ ശക്തിപ്പെട്ടതും ഹിന്ദുക്കളിലാണ്. മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ താരതമ്യേന പിന്നിലായിരുന്നു. പോരെങ്കില്‍ രാഷ്ട്രീയരംഗത്ത് ഹിന്ദു-മുസ്ലീം മത്സരം വളര്‍ത്തി ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ നടത്തിയ ബോധപൂര്‍വമായ ശ്രമം സാമൂഹികവും സാംസ്‌കാരികവുമായ ആധുനികവല്‍ക്കരണ പ്രസ്ഥാനത്തിന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്തു.
ഹിന്ദു-മുസ്ലീം മത്സരം മൂര്‍ച്ഛിച്ച് പാകിസ്ഥാന്‍ മുദ്രാവാക്യം ഉയര്‍ന്നുവന്നപ്പോഴാകട്ടെ, അതേവരെ ആധുനികവല്‍ക്കരണത്തിന് നിന്നിരുന്ന മുസ്ലീം വിഭാഗങ്ങള്‍ പോലും യാഥാസ്ഥിതികരുടെ ആക്രമണത്തെ വെല്ലുവിളിക്കാന്‍ കഴിയാതെ ഇസ്ലാമിക പുനരുദ്ധാരണത്തിന്റെ വക്താക്കളായി മാറി. ഒരുകാലത്ത് സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ ആധുനികവല്‍ക്കരണത്തിനുവേണ്ടി നിന്നിരുന്ന ഉല്‍പതിഷ്ണുവിഭാഗങ്ങള്‍പോലും മുസ്ലീംലീഗിന്റെ പിടിയില്‍ അമര്‍ന്ന്, ഇസ്ലാമിക പുനരുദ്ധാരണത്തിന്റെ വക്താക്കളായി മാറുകയുണ്ടായി.
വിവാഹമോചിതയായ ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് ചെലവിന് കിട്ടാന്‍ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി അടക്കം പല സമീപകാല സംഭവങ്ങളും ഇതില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ”ശരി അത്തി”ന്റെ പേരില്‍ നടക്കുന്ന ക്രൂരമായ സ്ത്രീപീഡനത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന വലിയ വിഭാഗങ്ങള്‍ – വിശേഷിച്ച് സ്ത്രീകള്‍ – രംഗത്തിറങ്ങിയിട്ടുണ്ട്.
അവരുടെ കൂടെ നില്‍ക്കുകയും അവരുടെ നീക്കങ്ങള്‍ക്ക് ശക്തികൂട്ടുകയുമാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തിയ ആഹ്വാനത്തിന്റെ അര്‍ഥം. അതിന്റെ ഉള്ളടക്കത്തോട് കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിക്ക് പൂര്‍ണമായ യോജിപ്പാണുള്ളത്.
എന്നാല്‍ യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് ഇതേവരെ ഉണ്ടായിരുന്ന ശക്തി എത്രത്തോളം കുറഞ്ഞിട്ടുണ്ട്. പുരോഗമനേച്ഛുക്കളുടേത് എത്രത്തോളം വര്‍ധിച്ചിട്ടുണ്ട് – ഇക്കാര്യം ആലോചിക്കാതെ ജനാധിപത്യ മഹിളാ അസോസിയേഷനും കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയും ഒരുപോലെ വിഭാവനം ചെയ്യുന്ന നിയമനിര്‍മാണം നടത്താന്‍ ശ്രമിക്കുന്നത് ബുദ്ധിപൂര്‍വമായിരിക്കില്ല.
ഇവിടെയാണ് ഹിന്ദുവര്‍ഗീയവാദികളും കമ്യൂണിസ്റ്റ് ( മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയും തമ്മില്‍ വ്യത്യാസം കിടക്കുന്നത്. ഏകീകൃത സിവില്‍ നിയമം ഏവര്‍ക്കും സ്വീകാര്യമാകേണ്ട ഒരു കാര്യമാണ്. അത് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ആ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ഉടന്‍ നിയമം ഉണ്ടാക്കണം–ഇതാണ് ഹിന്ദുവര്‍ഗീയവാദികളുടെ നിലപാട്. ഇതാണ് കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയുടെയും നിലപാടെന്ന് വരുത്താനാണ് മുസ്ലീം വര്‍ഗീയവാദികളും കേരളത്തില്‍ അവരുടെ കൂട്ടുകാരായ കോണ്‍ഗ്രസുകാരും ശ്രമിക്കുന്നത്. അത് സത്യവിരുദ്ധമാണെന്ന് ചോദ്യകര്‍ത്താവ് ഉദ്ധരിച്ച എന്റെ ലേഖനത്തില്‍ പറയുന്നു.
സതി സമ്പ്രദായനിരോധനം തൊട്ട് ഹിന്ദുക്കളില്‍ വന്ന സാമൂഹ്യപരിഷ്‌കാരങ്ങള്‍ക്കെന്നപോലെ മുസ്ലീം സമുദായത്തില്‍ സാമൂഹ്യപരിഷ്‌കാരത്തിനുവേണ്ട പൊതുജനാഭിപ്രായം രൂപപ്പെട്ട് കഴിയുമ്പോള്‍ നിയമനിര്‍മാണം എന്നതാണ് ഭരണഘടനയില്‍ എഴുതിവെച്ചിട്ടുള്ളത്. അതിനോട് കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി പൂര്‍ണമായും യോജിക്കുന്നു. പൊതുജനാഭിപ്രായത്തില്‍ വേണ്ടമാറ്റം വരുത്താന്‍ ശ്രമിക്കുന്ന (മഹിളാ അസോസിയേഷന്‍ അടക്കമുള്ള) സംഘടനകളുമായി പാര്‍ട്ടിക്ക് യോജിപ്പുണ്ട്.
കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയും ഹിന്ദു –മുസ്‌ലീം വര്‍ഗീയവാദികളും തമ്മില്‍ ഇക്കാര്യത്തിലുള്ള വ്യത്യാസം ഇങ്ങനെ സംക്ഷേപിച്ച് പറയാം.
1. ഏകീകൃത സിവില്‍നിയമം ഭരണഘടനയില്‍ എഴുതിവെച്ചിട്ടുള്ളതുകൊണ്ട് അത് ഉടന്‍ നടപ്പാക്കണമെന്ന് ഹിന്ദുവര്‍ഗീയവാദികള്‍ ആവശ്യപ്പെടുന്നു.
2. ഭരണഘടനയിലെ ആ വ്യവസ്ഥ മാത്രമല്ല വിവാഹമോചിതയ്ക്ക് ചെലവിന് കൊടുക്കാനുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമവകുപ്പ് കൂടി റദ്ദാക്കണമെന്ന് മുസ്ലീം വര്‍ഗീയവാദികളും അവരുടെ വാദം ന്യായമാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും നിര്‍ബന്ധിക്കുന്നു.
ഭരണഘടനയിലെ ഏകീകൃത സിവില്‍ നിയമ വകുപ്പും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ വിവാഹമോചിതയ്ക്ക് ചെലവിന് കൊടുക്കുന്നത് സംബന്ധിച്ച വകുപ്പും റദ്ദാക്കരുതെന്ന് ആവശ്യപ്പെടുക മാത്രമല്ല കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി ചെയ്യുന്നത്. ഏകീകൃത സിവില്‍ നിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കം ബഹുജനസംഘടനകള്‍ നടത്തുന്ന സമരം പ്രോത്സാഹനാര്‍ഹമാണെന്നുകൂടി പാര്‍ട്ടി അഭിപ്രായപ്പെടുന്നു. (06.09.1985) ♦