ചോദ്യോത്തരങ്ങൾ ഇ എം എസ് |
ചോദ്യം
മുസ്ലീം വ്യക്തി നിയമം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് കേരള ഇസ്ലാമിക് സെമിനാറില്‍ ഞാനൊരു പ്രബന്ധം വായിച്ചിരുന്നു. 1962-ലാണ്. അന്ന് ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന കെ പി മുഹമ്മദ് കോയ, ആ വാദഗതിയെ അനുകൂലിച്ചുകൊണ്ട് ഒരു മുഖപ്രസംഗമോ കുറിപ്പോ എഴുതി. പിറ്റേന്ന് പുലര്‍ച്ചയ്ക്ക് അദ്ദേഹത്തിന് കിട്ടിയതെന്താണെന്നോ – പാര്‍ട്ടിയുടെ താക്കീത്. മേലാല്‍ ഇത്തരം വിവാദങ്ങളില്‍ തലയിട്ടു പോകരുതെന്ന്! അന്നും ഇ എം എസ് ആ പാര്‍ട്ടിയുടെ നേതാവായിരുന്നു. ആ നമ്പൂതിരിപ്പാടും ആ ദേശാഭിമാനിയുമാണ് ഇപ്പോഴത്തെ ശരി അത്ത് പരിഷ്‌കര്‍ത്താക്കള്‍! 1962 ല്‍ ഇല്ലാത്ത എന്ത് ദൂഷ്യമാണ് ശരി അത്തിന് 1984 ല്‍ വന്നുപെട്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 1948 ല്‍ തൃശൂരില്‍ ചേര്‍ന്ന പുരോഗമന സാഹിത്യ സമ്മേളനത്തില്‍ എം പി പോള്‍ സ്റ്റാലിനെ വിമര്‍ശിച്ചപ്പോള്‍ ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ ക്ഷോഭിച്ചു. 1956 ലെ ഇരുപതാം കോണ്‍ഗ്രസ് സ്റ്റാലിനെ വിമര്‍ശിച്ചപ്പോള്‍ ഇവര്‍ അത് വേദവാക്യമായി തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്തു.
മേല്‍ പ്രസ്താവിച്ച ഉദ്ധരണി പ്രശസ്ത സാഹിത്യകാരനായ എന്‍ പി മുഹമ്മദ്, ഒരു പ്രമുഖ പത്രത്തിന് (മാതൃഭൂമി) നല്‍കിയ അഭിമുഖ സംഭാഷണത്തിലെ ചില ഭാഗങ്ങളാണ്. ഈ പ്രസ്താവന ശരിയാണോ? ശരിയാണെങ്കില്‍ ശരി അത്തിനെക്കുറിച്ചുള്ള നമ്മുടെ പാര്‍ട്ടി നിലപാട് അവസരവാദപരമല്ലേ? ഇങ്ങനെയൊരു അവസരവാദപരമായ നിലപാട് സ്വീകരിക്കാന്‍ കാരണമെന്താണ്? സഖാവില്‍ നിന്ന് വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
വേണു, മിതൃമ്മല
പാര്‍ട്ടി മുസ്ലീം യാഥാസ്ഥിതികതയെ പ്രീണിപ്പിച്ചിരുന്നു എന്നും മുഹമ്മദ് പറയുന്നു. അതിന് ഉപോല്‍ബലകമായി കമ്യൂണിസ്റ്റ് നേതാവായിരുന്ന സജ്ജാദ് സഹീറിന്റെ ‘പാകിസ്ഥാനും സ്വയം നിര്‍ണയാവകാശവും’ എന്ന പുസ്തകം ദേശാഭിമാനി ബുക്ക്സ്റ്റാള്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നതായും പറയുന്നു.
അപ്പോള്‍ അന്ന് പാര്‍ട്ടി ചെയ്തതും ഇന്ന് സഖാവ് പറയുന്നതും പരസ്പര വിരുദ്ധമല്ലേ? അന്ന് പാര്‍ട്ടി ദേശാഭിമാനി ലേഖകനെ ശാസിച്ചിരുന്നോ? മുഹമ്മദിന്റെ പ്രബന്ധത്തിന്റെ സാരാംശം പാര്‍ട്ടിയുടെ തത്ത്വസംഹിതകള്‍ക്കെതിരായിരുന്നതിനാലാണോ പാര്‍ട്ടി ദേശാഭിമാനി ലേഖകനെ ശാസിച്ചത്? അഥവാ ശാസിച്ചിട്ടില്ലേ? അതുപോലെ തന്നെ മുഹമ്മദ് സൂചിപ്പിച്ച സജ്ജാദ് സഹീറിന്റെ പുസ്തകത്തിലെ പ്രതിപാദ്യം ദേശീയവാദികളായിരുന്ന മുസ്ലീങ്ങള്‍ക്ക് എതിരായിരുന്നോ? ഒന്ന് വിശദീകരിക്കാമോ?
എ വി രവി, നഗരിപ്പുറം
ഉത്തരം
ശരിഅത്ത് സംബന്ധിച്ച് കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി അംഗീകരിക്കുന്ന നിലപാട് എന്തെന്ന് ഇതിനുമുമ്പ് ഈ പംക്തികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിവിടെ ആവര്‍ത്തിക്കുന്നില്ല. ചോദ്യകര്‍ത്താക്കളുടെ സംശയങ്ങള്‍ക്കാസ്പദമായ എന്‍ പി മുഹമ്മദിന്റെ പരാമര്‍ശത്തെക്കുറിച്ച് മാത്രമാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്.
ശരി-അത്ത് അടക്കമുള്ള ഏത് സാമൂഹ്യപ്രശ്‌നത്തെയും അതാത് കാലത്തെ രാഷ്ട്രീയ പരിതഃസ്ഥിതികളും പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി പരിശോധിക്കുന്നത്. ചോദ്യങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട എന്‍ പി മുഹമ്മദ് ആകട്ടെ; ശരി-അത്ത് പ്രശ്‌നം ‘അരാഷ്ട്രീയ’മാണെന്ന അടിസ്ഥാനത്തിലാണ് പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത്.
ഹിന്ദു-മുസ്ലീമാദി വ്യത്യാസമൊന്നുമില്ലാതെ ബഹുഭൂരിപക്ഷം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സാമ്പത്തികാവശ്യം നേടിയെടുക്കാനും അവരുടെ രാഷ്ട്രീയാവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനാധിപത്യം സ്ഥാപിച്ചു നിലനിര്‍ത്താനും വേണ്ടിയുള്ള രാഷ്ട്രീയത്തിന് ശരി അത്ത് അടക്കമുള്ള എല്ലാ സാമൂഹ്യ പ്രശ്‌നങ്ങളെയും മാര്‍ക്‌സിസം-–ലെനിനിസം കീഴ്‌പ്പെടുത്തുന്നു. അപ്പോള്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള പൊതു സമരം, അധ്വാനിക്കുന്ന ബഹുജനങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സമരം എന്നിവയുമായി ബന്ധപ്പെട്ടുകൊണ്ടു മാത്രമേ സാമൂഹ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാര്‍ക്‌സിസ്റ്റ്-–ലെനിനിസ്റ്റുകാര്‍ക്ക് കഴിയുകയുള്ളു.
ഇതിനു സഹായകമാവുന്ന പശ്ചാത്തലത്തിന്റെ കാര്യത്തില്‍ എന്‍ പി മുഹമ്മദ് സൂചിപ്പിക്കുന്ന 1962 ഉം 1984 ഉം തമ്മില്‍ അജഗജാന്തരമുണ്ട്. പരിത:സ്ഥിതിയില്‍ വന്ന ഈ മാറ്റം കാണാതെ അന്നും ഇന്നും ഒരേ സമീപനം അംഗീകരിക്കണമെന്ന് വാശിപിടിക്കുന്നത് യാഥാര്‍ഥ്യവാദികള്‍ക്ക് നിരക്കുന്നതല്ല. ശൈത്യകാലത്തെ കൊടുംതണുപ്പില്‍ ധരിക്കുന്ന വസ്ത്രങ്ങളും വേനല്‍ക്കാലത്തേതും ഒന്നാവണമെന്ന് പറയുന്നതുപോലെ അസംബന്ധമാണിത്. എന്തെല്ലാമാണീ പ്രധാന വ്യത്യാസങ്ങള്‍?
ഒന്നാമത് 1957 ല്‍ നിലവില്‍വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ അധികാരഭ്രഷ്ടമാക്കാനും തുടര്‍ന്ന് ഒരു തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജയിക്കാതിരിക്കാനും വേണ്ടി മുസ്ലീംലീഗുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായ കാലമാണ് 1962. അതിനു സഹായകരമാകത്തക്കവിധം ‘‘നിരീശ്വരരായ കമ്യൂണിസ്റ്റുകാരുമായി ഒരുവിധ കൂട്ടുകെട്ടുകളുമില്ലെ”ന്ന് ലീഗ് നേതാക്കളും പ്രഖ്യാപിച്ചിരുന്നു. ഇരുവിഭാഗം നേതാക്കളും അംഗീകരിച്ച ഈ സമീപനം നിമിത്തം ഉളവായ രാഷ്ട്രീയ സാഹചര്യം ഒഴിവാക്കലായിരുന്നു അന്ന് മാര്‍ക്‌സിസ്റ്റ്-–ലെനിനിസ്റ്റുകാരുടെ മുഖ്യരാഷ്ട്രീയകടമ, അതിന് ശരി അത്ത് അടക്കം പല സാമൂഹ്യപ്രശ്‌നങ്ങളിലും യാഥാസ്ഥിതികതയുടേതായ സമീപനം അംഗീകരിക്കുന്ന മുസ്ലീം ബഹുജനങ്ങളുടെ വിശ്വാസം കമ്യൂണിസ്റ്റുകാര്‍ തേടേണ്ടിയിരുന്നു.
രണ്ടാമത്, കഴിഞ്ഞ 22 വര്‍ഷത്തിനിടയ്ക്ക് മുസ്ലീം ജനവിഭാഗങ്ങളിലും അവരെ നയിക്കുന്ന ലീഗ് നേതൃത്വത്തിലും മൗലികമായ രാഷ്ട്രീയമാറ്റങ്ങള്‍ വന്നിരിക്കുന്നു. നിരീശ്വരന്മാര്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന കമ്യൂണിസ്റ്റുകാര്‍ മുഖ്യമന്ത്രിമാരായിക്കൊണ്ടുള്ള മന്ത്രിസഭകളില്‍ ലീഗ് നേതാക്കള്‍ പലതവണ പങ്കെടുത്തിരുന്നു. കമ്യൂണിസ്റ്റുകാരടക്കമുള്ള അഖിലേന്ത്യ, പ്രതിപക്ഷ മുന്നണിയില്‍ മുസ്ലീങ്ങളും പങ്കെടുക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ നേതാക്കള്‍തന്നെ പ്രഖ്യാപിച്ചിരുന്നു. കമ്യൂണിസ്റ്റുകാരും മുസ്ലീം ബഹുജനങ്ങളും തമ്മില്‍ 22 വര്‍ഷം മുമ്പുണ്ടായിരുന്ന അകല്‍ച്ച ഇന്നില്ല. മുസ്ലീം ബഹുജനങ്ങളെ നയിക്കുന്ന യാഥാസ്ഥിതിക ബോധത്തോട് സന്ധി ചെയ്യേണ്ടതില്ലെന്ന സ്ഥിതി ഉളവായിരിക്കുന്നു.
മൂന്നാമത്, മുസ്ലീം-ക്രിസ്ത്യന്‍ ബഹുജനങ്ങളെ എല്ലാവിധത്തിലും വകവരുത്താന്‍ വേണ്ടുന്ന ഒരു ഹൈന്ദവ നേതൃത്വം ജനസംഘത്തിന്റെ പേരില്‍ വിളയാടുകയായിരുന്നു, 1962-ല്‍. അതിനുശേഷം ജനസംഘത്തിന് ഏല്‍ക്കേണ്ടിവന്ന മാരകമായ തിരിച്ചടികള്‍ക്കുപുറമെ ജനസംഘത്തിന്റെ ആക്രമണത്തെ ചെറുക്കാനെന്ന പേരില്‍ മുസ്ലിം–-ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍ പ്രകടിപ്പിക്കുന്ന മതഭ്രാന്തും 22 വര്‍ഷം മുമ്പത്തേക്കാള്‍ കൂടുതല്‍ ഗൗരവാവഹമായ രൂപം പൂണ്ടിരിക്കുകയാണിന്ന്. തങ്ങള്‍ സംസാരിക്കുന്ന മലയാളമല്ല മാതൃഭാഷ, മതഗ്രന്ഥമായ ഖുറാന്‍ എഴുതാനുപയോഗിച്ച അറബിയാണ്, എന്നുപോലും പറയാന്‍ കേരളത്തിലെ ലീഗ് നേതാക്കള്‍ ഒരുമ്പെട്ടു. അഖിലേന്ത്യാതലത്തില്‍ മുസ്ലീം സംഘടനകളും പാര്‍ട്ടികളും ചേര്‍ന്ന ഒരു മുന്നണിയുണ്ടാക്കുന്നതിനുള്ള തീവ്രപ്രയത്‌നത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ നേതാക്കള്‍. അങ്ങനെ ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്രവാദവും ഇസ്ലാമിക മൗലികതയുടെ കടുംപിടുത്തവും അന്യോന്യം ഏറ്റുമുട്ടുന്നുവെന്ന നാട്യത്തില്‍ പരസ്പരം സഹായിക്കുകയും ശക്തിപ്പെടുത്തുകയുമാണ്. ഇതിലേതെങ്കിലുമൊന്നിനെ എതിര്‍ത്തുതോല്‍പ്പിക്കണമെങ്കില്‍ മറ്റേതിനോടും ഏറ്റുമുട്ടിയേ കഴിയൂ എന്നായിരിക്കുന്നു. മുസ്ലീം വര്‍ഗീയതയുടെയും മറ്റ് ന്യൂനപക്ഷവര്‍ഗീയതകളുടെയും വിവിധ രൂപങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്താതെ ഹിന്ദുരാഷ്ട്രവാദത്തെ എതിര്‍ക്കാന്‍ വയ്യെന്നായിരിക്കുന്നു.
നാലാമത്, ന്യൂനപക്ഷ (മുസ്ലീം) വര്‍ഗീയതയുടെ രൂപങ്ങളിലൊന്നാണ് ശരി അത്ത് ദൈവനിര്‍മിതമാണെന്ന ധാരണപരത്തല്‍. ഒരുവശത്ത് സോമയാഗപ്രചാരണം, മറുവശത്ത് ശരി അത്ത് നിയമം ഗവണ്‍മെന്റിന്റെ ബലം പ്രയോഗിച്ച് മുസ്ലീം സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ലീഗുനേതാക്കളുടെ വാദം എന്നിവയിലൊന്നിനെ എതിര്‍ക്കാതെ മറ്റേതിനെ എതിര്‍ക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ് രണ്ടിന്റെയും വാദത്തെ കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി എതിര്‍ക്കുന്നത്.
രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ വന്ന ഈ മാറ്റങ്ങളൊന്നും കാണാന്‍ എന്‍ പി മുഹമ്മദ് തയ്യാറായില്ല. ഒരു ഗര്‍ഭസ്ഥശിശുവായി അമ്മയുടെ വയറ്റില്‍ കിടന്ന കാലം മുതല്‍ താന്‍ ശരി അത്ത് വിരോധിയായിരുന്നു. മാര്‍ക്‌സിസ്റ്റുകാര്‍ അങ്ങനെയല്ല, എന്നാണ് അദ്ദേഹം വാദിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ഇത്തരം അവകാശവാദങ്ങളൊന്നുമില്ല. സാധാരണ മനുഷ്യര്‍ക്കുള്ള എല്ലാ ദൗര്‍ബല്യങ്ങളോടും കൂടിയ അവര്‍ സാഹചര്യങ്ങളുടെ നിര്‍ബന്ധം നിമിത്തം യാഥാസ്ഥിതികതയുമായി സന്ധി ചെയ്യേണ്ടി വന്നപ്പോള്‍ അങ്ങനെ ചെയ്തു, അതിനു ഫലവുമുണ്ടായി; കേരളത്തില്‍ കോണ്‍ഗ്രസിനുള്ള രാഷ്ട്രീയശക്തി തകര്‍ന്നു. മുസ്ലീം പ്രമാണിമാരിലാകട്ടെ, മുമ്പുണ്ടായിരുന്ന കമ്യൂണിസ്റ്റ് വിരോധം വളരെയേറെ കുറഞ്ഞു. 22 വര്‍ഷം മുമ്പത്തേക്കാള്‍ തുറന്ന രീതിയില്‍ ശരി അത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങളെ എതിര്‍ക്കാമെന്നായിരിക്കുന്നു. അവയെ എതിര്‍ക്കാതെ ആര്‍ എസ് എസിന്റെ ഹിന്ദുരാഷ്ട്രവാദത്തെപ്പോലും എതിര്‍ക്കാന്‍ കഴിയുകയില്ലെന്ന് വന്നിരിക്കുന്നു. മുമ്പ് യാഥാസ്ഥിതികതയുമായി സന്ധി ചെയ്തിട്ടുണ്ടെങ്കില്‍ അതും ഇന്നതിനെ നേരിട്ടെതിര്‍ക്കുന്നുണ്ടെങ്കിലതും ഈ രണ്ടു കാലഘട്ടങ്ങളിലെയും രാഷ്ട്രീയ പരിതഃസ്ഥിതികള്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ ഫലമാണെന്നര്‍ഥം. (04.05.1984) ♦