Thursday, September 19, 2024

ad

Homeമുഖപ്രസംഗംമോദി സർക്കാരിന് സുപ്രീംകോടതിയുടെ താക്കീത്

മോദി സർക്കാരിന് സുപ്രീംകോടതിയുടെ താക്കീത്

ൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) പ്രവർത്തനം കഴിഞ്ഞ കുറച്ചുകാലമായി ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമാണ്. മോദി സർക്കാരിനു കണ്ണിൽ പിടിക്കാത്തവർക്കും രാഷ്ട്രീയ ശത്രുതയുള്ളവർക്കും എതിരായി ഇ ഡി ഉദ്യോഗസ്ഥർ പക്ഷപാതപരമായും നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമല്ലാതെയും പ്രവർത്തിക്കുന്നതായി പല സംസ്ഥാനങ്ങളിൽനിന്നും പല വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അനവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇപ്പോഴും അങ്ങനെയുള്ള വാർത്തകൾ ദിവസേന കാണാം. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഇപ്പോഴത്തെ ഇ ഡി തലവനു രണ്ടുതവണയായി മോദി സർക്കാർ ഓരോ വർഷത്തെ കാലാവധി നീട്ടിക്കൊടുത്തതിനെ അസാധുവാക്കിയത്. മോദി സർക്കാരിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്. ജൂലെെ 31 വരെ മാത്രമേ സഞ്ജയ് കുമാർ മിശ്രക്ക് ആ പദവിയിൽ തുടരാൻ അനുമതി കോടതി നൽകിയിട്ടുള്ളൂ. ആ ദിനമാകുമ്പോഴേക്ക് കേന്ദ്ര സർക്കാർ മിശ്രക്ക് പകരം ഒരാളെ കണ്ടെത്തി നിയമിക്കണം എന്നാണ് മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി.

2018 നവംബർ 19നാണ് ഇ ഡിയുടെ പ്രിൻസിപ്പൽ സ്-പെഷ്യൽ ഡയറക്ടറായിരുന്ന സഞ്ജയ് കുമാർ മിശ്രയെ അതിന്റെ ഡയറക്ടറായി നിയമിച്ചത്. രണ്ടുവർഷത്തേക്കായിരുന്നു ആ നിയമനം. 2020 നവംബർ 13നു രണ്ടുവർഷത്തേക്കുകൂടി മിശ്രയുടെ കാലാവധി മോദി സർക്കാർ നീട്ടി; പിന്നീട് അത് ഭേദഗതി ചെയ്ത് മൂന്നുവർഷത്തേക്കാക്കി. ആ നവംബർ 27നു കോമൺകോസ് എന്ന സർക്കാർ ഇതര സംഘടന ആ ഉത്തരവിനെ ചോദ്യം ചെയ്തു. രണ്ടു വർഷത്തേക്കുള്ള നിയമനം മൂന്നുവർഷത്തേക്കാക്കി ഭേദഗതി ചെയ്ത സർക്കാർ തീരുമാനത്തിനു സുപ്രീംകോടതി അംഗീകാരം നൽകി. എന്നാൽ, മേലിൽ കാലാവധി നീട്ടിക്കൊടുത്തുകൂട എന്ന താക്കീതും നൽകി.

അതിനെതുടർന്നു കേന്ദ്ര സർക്കാർ കേന്ദ്ര വിജിലൻസ് കമ്മീഷൻ നിയമവും ഡൽഹി സ്-പെഷ്യൽ പൊലീസ് സ്ഥാപന നിയമവും ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിച്ചു. അവയെ പിന്നീട് പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കി നിയമസാധുത നൽകി. സിബിഐ, ഇ ഡി ഡയറക്ടർമാർക്കു മൂന്നുതവണ ഓരോ വർഷത്തെ കാലാവധി നീട്ടിക്കൊടുക്കാൻ കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്നതായിരുന്നു ആ നിയമഭേദഗതികൾ. 2022 നവംബറിൽ മിശ്രയുടെ കാലാവധി വീണ്ടും ഒരു വർഷത്തേക്ക് സർക്കാർ നീട്ടി. ഇങ്ങനെ 2021ലും 2022ലും മിശ്രയ്-ക്ക് കേന്ദ്ര സർക്കാർ കാലാവധി നീട്ടി നൽകിയത് നിയമപരമായി സാധുവല്ല എന്നാണ് മൂന്നംഗ ബെഞ്ച് ഇപ്പോൾ വിധിച്ചിരിക്കുന്നത്. 2021 സെപ്തംബറിലെ കോടതി വിധിയിൽ മിശ്രയുടെ കാലാവധി മേലിൽ നീട്ടിക്കൊടുക്കരുത് എന്നാണ് വിവക്ഷ. അതിനെ നിരാകരിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടിക്കൊടുത്തത്. 2021 നവംബറിലും 2022 നവംബറിലും മിശ്രയുടെ കാലാവധി നീട്ടിക്കൊടുത്ത മോദി സർക്കാരിന്റെ ഉത്തരവുകൾ നിയമവിരുദ്ധമാണെന്നു സുപ്രീംകോടതി വിധിച്ചു. എങ്കിലും, ഇപ്പോൾ ഇ ഡി ഡയറക്ടറായി തുടരുന്ന മിശ്രയ്ക്ക് ഈ മാസം 31 വരെ ആ പദവിയിൽ തുടരാൻ കോടതി അനുമതി നൽകി. അദ്ദേഹത്തിനു പകരം ഒരാളെ കണ്ടെത്തി നിയമിക്കുന്നതിനു സാവകാശം നൽകാനാണ് 18 ദിവസം കൂടി മിശ്രയെ ഇ ഡി ഡയറക്ടറായി തുടരാൻ കോടതി അനുമതി നൽകിയിരിക്കുന്നത്.

എന്നാൽ, കോടതി വിധിയെ അസാധുവാക്കാൻ പാർലമെന്റിനെ ഉപയോഗപ്പെടുത്താൻ സർക്കാരിനു കഴിയില്ല എന്നുകൂടി കോടതി വ്യക്തമാക്കിയിട്ടുണ്ട്. സേവന ഉദ്യോഗസ്ഥർക്ക് കാലാവധി നൽകുന്നത് നീട്ടി നൽകുന്നത്. അപൂർവമായേ പാടുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. എസ് കെ മിശ്രയുടെ നിയമന കാലാവധി നീട്ടിക്കൊടുത്തതിലെ നിയമപരമായ അനൗചിത്യവും കോടതി എടുത്തുപറഞ്ഞു. അദ്ദേഹത്തെ രണ്ടുവർഷത്തേക്കാണ് ആദ്യം നിയമിച്ചത്. രണ്ടു തവണ കാലാവധി സർക്കാർ നീട്ടിക്കൊടുത്തു. ഇങ്ങനെ ചെയ്യുന്നത് അത്യപൂർവ സന്ദർഭങ്ങളിൽ മാത്രമേ പാടുള്ളൂ എന്നാണ് മോദി സർക്കാരിനെ സുപ്രീംകോടതി ഓർമിപ്പിച്ചത്.

സിബിഐ–ഇ ഡി ഡയറക്ടർമാരുടെ നിയമന കാലാവധി അവർ പെൻഷൻ പറ്റേണ്ട പ്രായത്തിലെത്തിയാലും രണ്ടുവർഷമാണ്. ഈ വ്യവസ്ഥ പണ്ടേ നിയമത്തിലുള്ളതാണ്. ഇത് ഓരോ വർഷവും നീട്ടിക്കൊടുത്ത് അഞ്ചുവർഷം വരെയാക്കാം എന്ന വ്യവസ്ഥ പിന്നീട് മോദി സർക്കാർ കൊണ്ടുവന്നതാണ്. ഓരോ വർഷവും കാലാവധി നീട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഓരോ വർഷവും കാലാവധി നീട്ടിക്കൊടുക്കുന്നത് ഈ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്നു എന്നാണ് കാലാവധി നീട്ടിക്കൊടുക്കുന്നതിന് എതിരെ സുപ്രീംകോടതിയിൽ കേസു കൊടുത്തവരും കോടതിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിയും ചൂണ്ടിക്കാട്ടിയത്. ഇത് ഒരു തരത്തിൽ ഈ പദവിയിലിരിക്കുന്ന ആളെ സർക്കാരിന്റെ ഇച്ഛക്കനുസൃതമായി പ്രവർത്തിക്കാൻ ബാധ്യസ്ഥരാക്കുകയാണ് ചെയ്യുന്നത്. കാലാവധി നീട്ടിക്കിട്ടാൻ ഏതൊരാളും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതിന് അവസരമൊരുക്കുന്ന തരത്തിൽ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതിലെ അനീതി കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം കോടതി വിധിയിലുള്ള യുക്തിരാഹിത്യം കൂടി ഇവിടെ എടുത്തു പറയേണ്ടതുണ്ട്. വർഷംതോറും കാലാവധി നീട്ടിക്കൊടുക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതിലെ അയുക്തിയും അനീതിയും പരാതിക്കാരും അമിക്കസ് ക്യൂറിയും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. സർക്കാരിനു കാലാവധി നീട്ടിക്കൊടുക്കാൻ അവകാശമുണ്ട് എന്നുപറഞ്ഞ് കോടതി അതിനെ തള്ളുകയായിരുന്നു. എന്നാൽ ഇവിടെ ഒരു വ്യത്യാസമുണ്ട്. പെൻഷൻ പറ്റി പിരിയേണ്ട പ്രായം കഴിയാത്തവരുടെ കാലാവധി നീട്ടുന്നതും പെൻഷൻ പറ്റിയവരുടെ കാലാവധി നീട്ടുന്നതും രണ്ടാണ്. രണ്ടാമത് പറഞ്ഞവർക്ക് അങ്ങനെ കാലാവധി നീട്ടിക്കൊടുക്കുന്നത് സർക്കാർ നൽകുന്ന സമ്മാനമാണ്. അത്തരക്കാർക്ക് സർക്കാരിനോട് കൂറുണ്ടാവുക സ്വാഭാവികം. അവർക്ക് വർഷംതോറും കാലാവധി നീട്ടിക്കൊടുക്കുന്ന സ്ഥിതി വന്നാൽ അവർ സർക്കാരിനോട് പ്രത്യേകം കടപ്പെട്ടവരായി മാറും. ഇത്തരമൊരു സ്ഥിതി സിബിഐ– ഇ ഡി ഡയറക്ടർമാരായി നിയമിക്കപ്പെടുന്നവരുടെ കാര്യത്തിൽ ഉണ്ടാകുന്നത് അവരുടെ നിഷ്-പക്ഷവും സത്യസന്ധവുമായ അധികാര വിനിയോഗത്തെ പ്രതികൂലമായി ബാധിക്കും.

സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര അനേ-്വഷണ ഏജൻസികളെ രാഷ്ട്രീയമായി തങ്ങളുടെ എതിർചേരിയിൽ നിൽക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കാനുള്ള ഉപകരണങ്ങളായാണ് മോദി സർക്കാർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാൻ സന്നദ്ധരാകുന്നവരെ തെരഞ്ഞുപിടിച്ച് ഇത്തരം പദവിക്കുള്ളിൽ നിയമിക്കുകയാണ് മോദി സർക്കാർ അനുവർത്തിക്കുന്ന രീതി. അത്തരത്തിൽ പറ്റിയ മറ്റൊരാളെ കിട്ടുന്നതുവരെ തൽസ്ഥാനത്ത് തുടരാൻ യാതൊരു നിയമവും മാനദണ്ഡവും കണക്കിലെടുക്കാതെ പുനർനിയമനം നൽകുന്ന മോദി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി. സംഘപരിവാർ നിയന്ത്രണത്തിലുള്ള മോദി സർക്കാർ അതിവേഗം നഗ്നമായ ഫാസിസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നതിനോടുള്ള നിയമസംവിധാനത്തിന്റെ പ്രതികരണംകൂടിയാണ് ഈ വിധി. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + eleven =

Most Popular