Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിവേണ്ടത് തുല്യ അവകാശങ്ങൾ, 
തുല്യ നിയമങ്ങൾ

വേണ്ടത് തുല്യ അവകാശങ്ങൾ, 
തുല്യ നിയമങ്ങൾ

സുഭാഷിണി അലി

ഴിഞ്ഞ ഒരു മാസമായി, ബിജെപി യൂണിഫോം സിവിൽ കോഡിനെ തങ്ങളുടെ മുഖ്യപ്രചാരണ വിഷയമാക്കി ഉയർത്തിയിരിക്കുകയാണ്. നിശ്ചയമായും എക്കാലത്തും ബിജെപിയും സംഘപരിവാറും ഉയർത്തിവരുന്ന മുഖ്യവിഷയം തന്നെയാണ് യൂണിഫോം സിവിൽ കോഡ്. യഥാർഥത്തിൽ, ബാബ്റി മസ്ജിദ് തകർത്തശേഷം ബിജെപിയും സംഘപരിവാറും ഉയർത്തിക്കൊണ്ടിരിക്കുന്ന മൂന്ന് മുഖ്യ വിഷയങ്ങളാണ് രാമക്ഷേത്ര നിർമാണം, ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കൽ, യൂണിഫോം സിവിൽ കോഡ് എന്നിവ. ഈ മൂന്ന് വിഷയങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാനാവുന്നത് ഇവ മൂന്നും വ്യത്യസ്ത രീതികളിൽ നമ്മുടെ ഭരണഘടനയെ ലംഘിക്കുന്നവ തന്നെയാണെന്നാണ്. ഭരണഘടനയെ തങ്ങൾ അംഗീകരിക്കുന്നില്ലയെന്നും ഇന്ത്യൻ നിയമങ്ങളുടെയും സാമൂഹ്യഘടനയുടെയും അടിത്തറയായി തങ്ങൾ പരിഗണിക്കുന്നത് മനുസ്മൃതിയെയാണെന്നും 1949ലും പിന്നീട് പലവട്ടം ആവർത്തിച്ചും ആർഎസ്എസ് തറപ്പിച്ച് പറഞ്ഞിട്ടുള്ള പശ്ചാത്തലത്തിൽ ഈ മൂന്ന് ‘കാതലായ വിഷയങ്ങൾ’ക്ക് പ്രത്യേക പ്രാധാന്യം കെെവരുന്നു.

യൂണിഫോം സിവിൽ കോഡ് കൊണ്ടുവരുന്നത് ഭരണഘടനാലംഘനമാണെന്ന് പറയുന്നത് തെറ്റാണെന്ന് തോന്നിയേക്കാം. യഥാർഥത്തിൽ യൂണിഫോം സിവിൽ കോഡ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഇടംപിടിച്ചത് നിർദ്ദേശകതത്വങ്ങളിലാണ്; അതുകൊണ്ടുതന്നെ നിർബന്ധമായും നടപ്പാക്കേണ്ട ബാധ്യതയുള്ള ഒന്നല്ല അത്. ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്കാരികവുമായ അവകാശങ്ങളും വിവിധ വംശീയ വിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതാകട്ടെ നിയമപരമായി നടപ്പാക്കാൻ ബാധ്യസ്ഥവുമാണ്.

ഈ പശ്ചാത്തലത്തിൽ വ്യക്തിനിയമങ്ങളുടെ പരിഷ്-കരണവുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ പരിശ്രമം ഡോ. ബി ആർ അംബേദ്ക്കർ ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചതായിരുന്നുവെന്ന കാര്യം ഓർമിക്കുന്നത് നന്നായിരിക്കും. ഇതിനെ കോൺഗ്രസിനുള്ളിലെ ഹിന്ദു യാഥാസ്ഥിതിക വിഭാഗം ഒന്നടങ്കവും ഒപ്പം ആർഎസ്എസും ഹിന്ദുമഹാസഭയും ചേർന്ന് പല്ലും നഖവുമുപയോഗിച്ച് എതിർക്കുകയായിരുന്നു. ബില്ലിലെ ചില വകുപ്പുകൾ പ്രധാനമന്ത്രി നെഹ്രുവിന്റെ ശക്തമായ പിന്തുണയോടെ, 1952ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം മാത്രമേ പാസാക്കാൻ കഴിഞ്ഞുള്ളൂ. ഹിന്ദു പെൺകുട്ടികളുടെ വിവാഹപ്രായത്തിന്റെ കാര്യം ഉന്നയിച്ചുകൊണ്ടുപോലും ഇൗ വിഷയം തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു; കമ്യൂണിസ്റ്റുകാരും പുരോഗമനശക്തികളും അണിനിരന്നതുകൊണ്ടു മാത്രമാണ് അന്ന് ഈ ബിൽ നിയമമാക്കാൻ കഴിഞ്ഞത്. അന്ന് അതിനെ എതിർത്ത അതേ പിന്തിരിപ്പൻ ശക്തികൾ തന്നെയാണ് ഇന്ന് യൂണിഫോം സിവിൽ കോഡ് കൊണ്ടുവരാൻ കാരണമായി ലിംഗനീതിയോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രഖ്യാപിക്കുന്നത്. മുസ്ലീം സമുദായം പിന്തുടരുന്ന പിന്തിരിപ്പൻ നിയമങ്ങൾ റദ്ദ് ചെയ്യേണ്ടത് ആവശ്യമാണെന്നാണ് ബിജെപി നേതാക്കളാകെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്; മുസ്ലീം സമുദായാംഗങ്ങളാണ് യൂണിഫോം സിവിൽ കോഡിന്റെ (യുസിസി) മുഖ്യ എതിരാളികൾ എന്നുമാണ് അവർ ആരോപിക്കുന്നത്. യുസിസിയെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെല്ലാം ‘മുസ്ലീം പ്രീണനം’ നടത്തുന്നവരാണെന്നും അവർ ആരോപിക്കുന്നു. അടുത്തകാലത്ത് നരേന്ദ്രമോദി ഭോപ്പാലിൽ നടത്തിയ ഒരു തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ അധികസമയവും മാറ്റിവെച്ചത് യുസിസിയെക്കുറിച്ച് പറയാനായിരുന്നു; ‘മുസ്ലീം സഹോദരിമാർ’ക്ക് നീതി ഉറപ്പാക്കാൻ അതാവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്; വർഗീയവാദികളും അവസരവാദികളുമായ രാഷ്ട്രീയക്കാർ അതിനെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദി ഗവൺമെന്റും സംഘപരിവാറും ക്രിസ്ത്യൻ – മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായ വിദേ–്വഷ പ്രസംഗമാണ് നടത്തുന്നത് എന്നതാണ് സത്യം. മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യാനും മുസ്ലീം പുരുഷന്മാരെ കൂട്ടക്കൊല ചെയ്യാനും പാവപ്പെട്ട ക്രിസ്ത്യാനികളെ ആക്രമിക്കാനും തങ്ങളുടെ ശ്രോതാക്കളെ പ്രേരിപ്പിക്കാൻപോലും അവർ മടിക്കുന്നല്ല. യുസിസി അടിച്ചേൽപിക്കാനുള്ള നീക്കത്തെ എതിർത്തുകൊണ്ടിരിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, ജനാധിപത്യ മഹിള അസോസിയേഷൻപോലെയുള്ള പ്രമുഖ സംഘടന ഉൾപ്പെടെ വലിയൊരു വിഭാഗം മഹിളാ സംഘടനകളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളാകെയും പഞ്ചാബ് മുഖ്യമന്ത്രിയും ആദിവാസി – ദളിത് സംഘടനകളും ക്രിസ്ത്യാനികളുടെയും സിഖുകാരുടെയും മുസ്ലീങ്ങളുടെയും സമുദായ സംഘടനകളുമെല്ലാം ബിജെപിയുടെ ഈ നീക്കത്തെ എതിർക്കുകയാണ്; മാത്രമല്ല, 21–ാം നിയമ കമ്മീഷൻതന്നെ കർക്കശമായി ഇതിനെ എതിർത്തതുമാണ്; ഈ നിയമ കമ്മിഷൻ അധ്യക്ഷനെയും അംഗങ്ങളെയുമെല്ലാം നാമനിർദേശം ചെയ്തതും മോദി ഗവൺമെന്റു തന്നെയാണ്.

യൂണിഫോം സിവിൽ കോഡു സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ തൽപരരായ എല്ലാ സംഘടനകളോടും വ്യക്തികളോടും ആവശ്യപ്പെട്ടുകൊണ്ട് 2016ൽ 21–ാം നിയമ കമ്മിഷൻ പൊതു അറിയിപ്പ് നൽകിയതുമാണ്. കമ്മിഷന് 75,375 പ്രതികരണങ്ങൾ ലഭിച്ചു; കമ്മിഷൻ അവയാകെ ശ്രമകരമായി പഠിച്ചു; ഒടുവിൽ 2018ൽ ഈ പ്രശ്നത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. യുസിസി കൊണ്ടുവരേണ്ട യാതൊരു ആവശ്യവുമില്ലയെന്ന് അവിതർക്കിതമായിതന്നെ കമ്മിഷൻ പ്രസ്താവിച്ചു; കമ്മിഷൻ പറഞ്ഞത് യുസിസി ‘‘അനിവാര്യമോ ആശാസ്യമോ അല്ല’’ എന്നാണ്.

ഈ വിഷയത്തെക്കുറിച്ച് 21–ാം നിയമ കമ്മിഷൻ വളരെ രസകരമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗം 1.2ൽ പറയുന്നു: ‘‘അസമത്വത്തിന്റെ അടിവേര് കിടക്കുന്നത് വ്യത്യസ്തതയിലല്ല, വിവേചനത്തിലാണ് എന്ന വീക്ഷണമാണ് കമ്മിഷനുള്ളത്. ഈ അസമത്വത്തിന് പരിഹാരം കാണാൻ കമ്മിഷൻ നിലവിലുള്ള കുടുംബ നിയമങ്ങളിൽ ഒട്ടേറെ ഭേദഗതികൾ നിർദേശിക്കുകയും, ഈ വ്യക്തി നിയമങ്ങളുടെ പ്രയോഗത്തിലും വ്യാഖ്യാനത്തിലുമുള്ള അവ്യക്തത പരിമിതപ്പെടുത്തുന്നതിന് വ്യക്തി നിയമങ്ങളുടെ ചില വശങ്ങൾ ക്രോഡീകരിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു’’.

1.4 ഭാഗത്തിൽ കമ്മിഷൻ ഇങ്ങനെയും പറയുന്നുണ്ട്: ‘‘സമുദായങ്ങൾ തമ്മിലുള്ള തുല്യതയ്ക്കുപരിയായി സമുദായങ്ങൾക്കുള്ളിലെ സ്ത്രീകളും പുരുഷന്മാരും തമ്മിൽ തുല്യത ഉറപ്പാക്കുന്ന കാര്യമാണ് നിയമനിർമാണത്തിൽ ആദ്യം പരിഗണിക്കേണ്ടത്. ഇത്തരത്തിൽ വ്യക്തിനിയമങ്ങൾക്കുള്ളിലെ അർഥവത്തായ ചില വ്യത്യസ്തതകൾ നിലനിർത്താനും കഴിയും; കേവലമായ ഏകീകരണം കൂടാതെതന്നെ സാധ്യമായേടത്തോളം വലിയൊരു പരിധിവരെ അസമത്വത്തെ പാടെ ഇല്ലാതാക്കാനും കഴിയും’’.

1980കൾ മുതൽ ഞങ്ങളുടെ സംഘടന ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് യഥാർഥത്തിൽ നിയമകമ്മിഷൻ വീണ്ടും പ്രസ്താവിക്കുന്നത് എന്ന് കാണുന്നതിൽ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകരായ ഞങ്ങൾക്ക് അതിയായ ചാരിതാർഥ്യമുണ്ട്. ആ കാലത്ത് ലിംഗനീതിയെയും വ്യക്തിനിയമങ്ങളെയും സംബന്ധിച്ച് ഞങ്ങൾ ഒരു കൺവെൻഷൻ നടത്തിയിരുന്നു. കൺവെൻഷന്റെ വിഷയം ‘‘തുല്യ അവകാശങ്ങൾ, തുല്യ നിയമങ്ങൾ’’ എന്നായിരുന്നു.

കൺവെൻഷനിൽ നിരവധി ആക്ടിവിസ്റ്റുകൾക്കും അഭിഭാഷകർക്കുമൊപ്പം മുസ്ലീം സമുദായത്തിന്റെയും ക്രിസ്ത്യൻ സമുദായത്തിന്റെയും ഗോത്രവർഗ വിഭാഗങ്ങളുടെയും വനിതാ പ്രതിനിധികളും പങ്കെടുത്തിരുന്നു. രണ്ട് ദിവസം നീണ്ട ചർച്ചകൾക്കുശേഷം കൺവെൻഷൻ എത്തിച്ചേർന്ന നിഗമനം എല്ലാ സ്ത്രീകളുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്ന പൊതുവായ നിയമനിർമാണത്തിനുവേണ്ടിയുള്ള പ്രക്ഷോഭവും ആവശ്യമായിടത്തെല്ലാം വ്യക്തി നിയമങ്ങളിൽ ലിംഗനീതി നേടിയെടുക്കുന്നതിനുള്ള പരിഷ്കരണങ്ങൾക്കുവേണ്ടിയുള്ള പ്രചാരണവും വേണമെന്നാണ്. അതിനുശേഷം ഞങ്ങൾ പിന്തുടർന്ന ദ്വിമുഖ തന്ത്രം ഇതാണ്.

ക്രിസ്ത്യൻ സമുദായത്തെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ മാറ്റങ്ങൾക്കായി ഞങ്ങൾ പ്രചാരണം നടത്തിയിട്ടുണ്ട്; ഒപ്പം ദായക്രമം, വിവാഹമോചനത്തിനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിനും ഞങ്ങൾ കാമ്പയ്ൻ നടത്തിയിട്ടുണ്ട്. ഇതിലെല്ലാം ഞങ്ങൾക്കൊപ്പം പുരോഹിതർ ഉൾപ്പെടെ ക്രിസ്ത്യൻ സമൂഹത്തിലെ വലിയൊരു വിഭാഗവും അണിനിരന്നിരുന്നു. ദൗർഭാഗ്യവശാൽ, ഈ ആവശ്യങ്ങളോട് ഗവൺമെന്റ് അൽപംപോലും അനുഭാവം പ്രകടിപ്പിച്ചിട്ടില്ലയെന്നതാണ് ഞങ്ങളുടെ അനുഭവം. ക്രിസ്ത്യൻ സമൂഹത്തിലെയും പുരോഹിതരിലെയും യാഥാസ്ഥിതിക വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിലായിരുന്നു സർക്കാരിന് കൂടുതൽ താൽപര്യം. അതുകൊണ്ടുതന്നെ പരിഷ്കരണങ്ങൾ മന്ദഗതിയിലാണ്. തുല്യസ്വത്തവകാശമെന്ന വിഷയത്തിൽ മേരി റോയി നടത്തിയ ധീരമായ പോരാട്ടത്തെ ഇവിടെ അനുസ്മരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്; ജനാധിപത്യ മഹിള അസോസിയേഷൻ അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആദ്യാവസാനം ഒപ്പം നിന്നുവെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അതേപോലെതന്നെ, ഇന്ത്യയിൽ അനുഷ്ഠിക്കുന്നതനുസരിച്ചുള്ള മുസ്ലീം വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധമായ വശങ്ങൾക്കെതിരെയും ജനാധിപത്യ മഹിള അസോസിയേഷൻ നിരവധി കാമ്പെയ്നുകൾ നടത്തി; മുത്തലാക്കും ബഹുഭാര്യത്വവും നിരോധിക്കുന്നതു സംബന്ധിച്ച ഞങ്ങളുടെ ആവശ്യത്തിന‍് ആയിരക്കണക്കിന് മുസ്ലീം സ്ത്രീകളും പുരുഷന്മാരും പിന്തുണയും നൽകി; രക്ഷാകർതൃത്വത്തിന്റെ കാര്യത്തിൽ തുല്യാവകാശം ഉണ്ടായിരിക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങൾക്കും ഇതേപോലെതന്നെ പിന്തുണ ഉണ്ടായി.

അതേസമയംതന്നെ, എല്ലാ സ്ത്രീകൾക്കും പ്രയോജനപ്രദമായവിധം പൊതുനിയമനിർമാണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും ജനാധിപത്യ മഹിള അസോസിയേഷൻ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. 1978ൽ ബലാത്സംഗം, സ്ത്രീധനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ശ്രദ്ധേയമായ ഭേദഗതികൾ കൊണ്ടുവരുന്നതിൽ സുശീല ഗോപാലനെയും അഹല്യ രംഗനേക്കറെയും പോലെയുള്ള നമ്മുടെ നേതാക്കൾ വലിയ പങ്കു വഹിച്ചിട്ടുണ്ട‍്; നിർഭയ കേസിനുശേഷം ഞങ്ങൾ ആ പോരാട്ടം തുടർന്നു നടത്തി. തൊഴിലിടങ്ങളിലെ ലെെംഗികാതിക്രമങ്ങൾ തടയൽ നിയമത്തിനും ഗാർഹികപീഡനം തടയൽ നിയമത്തിനുംവേണ്ടിയും നാം കാമ്പെയ്ൻ നടത്തി. സമുദായത്തിന്റെയോ വംശത്തിന്റെയോ പരിഗണന കൂടാതെ എല്ലാ ഇന്ത്യൻ സ്ത്രീകൾക്കും ലഭ്യമാകുന്ന പ്രധാനപ്പെട്ട നിയമങ്ങളാണിവ. ദൗർഭാഗ്യകരമായ കാര്യം, കേന്ദ്ര സർക്കാരും മിക്കവാറും സംസ്ഥാന സർക്കാരുകളും ഈ നിയമങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ യാതൊരു താൽപര്യവും കാണിക്കുന്നില്ലെന്നതാണ്. ദുരഭിമാനത്തിന്റെ പേരിലുള്ള കൊലപാതകത്തിനും ലെെംഗികാതിക്രമങ്ങൾക്കുമെതിരെയുള്ള കരട് ബില്ല് തയ്യാറാക്കാനും ഞങ്ങൾ മുൻകെെയെടുത്തു. എന്നാൽ, ഈ നിയമനിർമാണത്തിന് കേന്ദ്ര സർക്കാർ ഒരു താൽപര്യവും കാണിക്കുന്നില്ല.

സ്പെഷ്യൽ മാരേ–്യജസ് ആക്ട് പോലെയുള്ള പ്രധാനപ്പെട്ട ഒരു നിയമം കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള ഭേദഗതികൾ കൊണ്ടുവരാത്തത് സംബന്ധിച്ച് 21–ാം നിയമ കമ്മിഷൻ വിമർശിച്ചിട്ടുണ്ട്. മിശ്ര വിവാഹിതരായ (വ്യത്യസ്ത ജാതിക്കാരായാലും വ്യത്യസ്ത സമുദായത്തിൽപെട്ടവരായാലും) ദമ്പതികൾക്കുനേരെ അക്രമങ്ങളും കൊലപാതകവും ജയിൽശിക്ഷയുംപോലെയുള്ള ഭീഷണികൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ സ്പെഷ്യൽ മാരേ–്യജസ് ആക്ട് ഭേദഗതി ചെയ്യണമെന്നാണ് ജനാധിപത്യ മഹിള അസോസിയേഷൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്; അത്തരമൊരു വിവാഹത്തോട് എതിർപ്പുള്ളവർക്ക് ഇടപെടാനും അത് തടയാനും അവസരം നൽകുന്നതും ബന്ധപ്പെട്ടവർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ കഴിയുന്നതുമായ കാലയളവ് ഒഴിവാക്കുന്നവിധം നിയമം ഭേദഗതി ചെയ്യണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇന്ത്യാ ഗവൺമെന്റ് ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. വാസ്തവത്തിൽ, ഇപ്പോഴത്തെ ഗവൺമെന്റ് ഇത്തരം വിവാഹങ്ങളെ എതിർക്കുന്നവരെ സജീവമായി പിന്തുണയ്ക്കുകയാണ്. പല സംസ്ഥാനങ്ങളിലെയും ബിജെപി ഗവൺമെന്റുകൾ കിരാതമായ മതപരിവർത്തനവിരുദ്ധ നിയമം പാസാക്കുകയാണ്. വ്യത്യസ്ത മതത്തിൽപ്പെട്ടവർ വിവാഹിതരായാൽ അവരെ ആക്രമിക്കുന്നതിനും ജയിലിലടയ്ക്കുന്നതിനും ബുദ്ധിമുട്ടിക്കുന്നതിനും വേണ്ടിയാണിത്. ഇങ്ങനെയെല്ലാം പല സ്ത്രീകൾക്കും തങ്ങളുടെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണ്.

21–ാം നിയമ കമ്മിഷൻ യുസിസിയെക്കുറിച്ച് പരിഗണിക്കവെ ദളിത് – ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ വളരെ ഗൗരവപൂർവം കെെകാര്യം ചെയ്തുവെന്നത് ശ്രദ്ധേയമാണ്. റിപ്പോർട്ടിലെ 1.7 ഭാഗത്തിൽ പറയുന്നു: ‘‘തുല്യതയ്ക്കുള്ള അവകാശത്തെ കേവലമായൊരു അവകാശമെന്ന നിലയിൽ മാത്രമായി കാണാനുമാവില്ല. സമൂഹത്തെ സാമൂഹിക അസമത്വം വിഴുങ്ങുകയും സാമ്പത്തിക അസമത്വം ഭീകരമായിരിക്കുകയും ചെയ്യുന്ന നമ്മുടേതുപോലുള്ളാരു രാജ്യത്ത് എല്ലാ പൗരർക്കും ഒരേപോലെ തുല്യതയ്ക്കുള്ള അവകാശം ലഭിക്കുമെന്ന് കരുതുന്നത് തെറ്റായിരിക്കും. ആയതിനാൽ ‘സമത്വം’ ആണ് വെറും തുല്ല്യതയല്ല പരിഗണിക്കപ്പെടേണ്ട അവകാശം. സമൂഹത്തിലെ ദുർബലരോ ചരിത്രപരമായി കീഴാളരാക്കപ്പെട്ടവരോ ആയ വിഭാഗങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. അസമന്മാരായിട്ടുള്ളവരെ സമന്മാരായി കണക്കാക്കുന്നതിൽ തുല്ല്യതയില്ലാ എന്നതാണതിനു കാരണം. ശ്രദ്ധേയമായ കാര്യങ്ങളിൽ പൊതുവായ നിലപാട് പങ്കുവയ്ക്കുന്നതിന് എല്ലാ പൗരർക്കും സൗകര്യമൊരുക്കാൻ രാജ്യത്ത് വിവിധ നിയമങ്ങളും നയങ്ങളും പദ്ധതികളുമുണ്ട്. കുടുംബനിയമത്തിന്റെ കാര്യത്തിലും വിവിധ സമുദായങ്ങളെ ഭരണഘടനാ മൂല്യങ്ങളിലേക്ക് കൊണ്ടുവരുന്നതിന് അവർക്കുവേണ്ടി കാലാകാലങ്ങളായി വ്യത്യസ്ത നിയമങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽതന്നെ ഈ കടമ നമ്മുടെ മുന്നിലുണ്ട്.’’ ഭരണഘടനാപരമായി തങ്ങൾക്കു ലഭിച്ച സംവരണത്തിനുള്ള അവകാശം യൂണിഫോം സിവിൽ കോഡ് വരുന്നതോടെ നിഷേധിക്കപ്പെടും എന്ന ഭീതിയിലാണ് പല ആദിവാസി –ദളിത് വിഭാഗങ്ങളും കഴിയുന്നത്. ഇൗ ഭയത്തെയാണ് 21–ാം നിയമകമ്മീഷൻ കെെകാര്യം ചെയ്തത്.

ഇതേ ഗവൺമെന്റുതന്നെ നിയമിച്ച 21–ാം നിയമ കമ്മീഷൻ ഈ വിഷയങ്ങളാകെ ഇത്രയേറെ വിശദമായും ഗൗരവപൂർവവും പരിശോധിച്ചശേഷവും യുസിസി അടിച്ചേൽപ്പിക്കുന്നതിനെ സംശയാതീതമായി തിരസ്കരിച്ചിട്ടും മോദി ഗവൺമെന്റും സംഘപരിവാറും ഈ വിഷയത്തെ വീണ്ടും കൊണ്ടുവരുന്നതും ഇത്രയേറെ അക്രാമകമായവിധം പ്രോത്സാഹിപ്പിക്കുന്നതും എന്തുകൊണ്ടാണെന്നതാണ് നമുക്ക് ചോദിക്കാനുള്ളത്. ലോക്-സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടുതട്ടിയെടുക്കാൻ സമൂഹത്തിൽ ചേരിതിരിവുണ്ടാക്കേണ്ടത് ആവശ്യമാണെന്നവർ കരുതുന്നു എന്നതാണ് ഒരേയൊരു കാരണം; യുസിസി അവതരിപ്പിക്കുമെന്ന ഭീഷണി മുഴക്കുന്നതുവഴി ഈ ലക്ഷ്യം നേടാൻ കഴിയുമെന്ന് അവർ കരുതുന്നു.

എന്നാൽ കാര്യങ്ങൾ അവരുടെ വഴിക്കല്ല പോകുന്നത്. അടുത്ത കാലത്തായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗ വിഭാഗങ്ങളിൽനിന്നുള്ള പല പ്രതിനിധി സംഘങ്ങളും യുസിസിയോടുള്ള തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഗോത്രവർഗക്കാരെയും ക്രിസ്ത്യാനികളെയും യുസിസിയുടെ പരിഗണനയിൽനിന്നും ഒഴിവാക്കുമെന്ന് ഉറപ്പുനൽകിയിരിക്കുകയാണ്. അതിനുശേഷം സുശീൽ മോഡിയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ യോഗം ഈ വിഷയം ചർച്ച ചെയ്യുകയും ഗോത്ര വർഗക്കാരുടെ ഉത്കണ്ഠകൾക്ക് പരിഹാരമുണ്ടാക്കുമെന്നും യുസിസി അവരെ ഒരു വിധത്തിലും ബാധിക്കില്ലായെന്നും ഉറപ്പുനൽകുകയുമുണ്ടായി. ആ നിലയിൽ ഇപ്പോൾതന്നെ യൂണിഫോം സിവിൽ കോഡ് വെട്ടിയൊതുക്കപ്പെട്ടു കഴിഞ്ഞു. ഗവൺമെന്റിന്റെ വക്താക്കൾതന്നെ എല്ലാ പൗരരെയും ബാധിക്കുന്നതല്ല യുസിസിയെന്ന് ഉറപ്പുനൽകിയിരിക്കുകയാണ്. അങ്ങനെയാകുമ്പോൾ ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് രണ്ടുതരത്തിൽപ്പെട്ട നിയമങ്ങൾ ഉണ്ടാവില്ലായെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമാണത്.

ബിജെപിയും സംഘപരിവാറും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്; ഇത് നമ്മുടെ രാജ്യത്ത് വിഭാഗീയതയും സുരക്ഷിതത്വമില്ലായ്മയും സൃഷ്ടിക്കുന്നതിനിടയാക്കിയിരിക്കുകയാണ‍്. ശരിയായവിധം ചിന്തിക്കുന്ന ബന്ധപ്പെട്ട പൗരരെല്ലാം ഇതിനെ ശക്തമായി എതിർക്കേണ്ടതാണ്. ലിംഗനീതിയുടെ പ്രശ്നം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് വളരെയേറെ ശ്രദ്ധാപൂർവം ചിന്തിച്ചുറച്ച് കെെകാര്യം ചെയ്യേണ്ട ഒന്നാണ്. ഇതിനോട് പ്രതിബദ്ധതയുള്ള ഒരാൾക്കും ഇതിന്റെ കടുത്ത ശത്രുക്കളാണെന്ന് തെളിയിക്കപ്പെട്ടവരുടെ കെെയിലെ കളിപ്പാവയായി ഈ വിഷയത്തെ വിട്ടുകൊടുക്കാനാവില്ല; അതനുവദിക്കുകയുമില്ല. തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ഇതുപയോഗിക്കുന്നവരുടെ കെെകളിലേക്ക് ഈ വിഷയം വിട്ടുകൊടുക്കാൻ സാധ്യമല്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + 10 =

Most Popular