ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതോടെ ഈ പ്രശ്നം ഒരു രാഷ്ട്രീയചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ന്യൂനപക്ഷ സംഘടനകളും ഇടതുപക്ഷ പാരട്ടികളും സിവില്‍ കോഡിനെതിരെ ശക്തമായി രംഗത്തുവന്നു. എങ്കിലും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇതുവരെ കൃത്യമായ നിലപാടിലേക്ക് വന്നിട്ടില്ല. അവര്‍ വിമര്‍ശനാത്മകമായ ഒരു കുറിപ്പില്‍ ഒതുങ്ങുകയാണ്. സിവില്‍ കോഡ് വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും എന്ന് പ്രഖ്യാപിച്ചതോടെ 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഏറ്റവും ഗൗരവമായ ചര്‍ച്ചാവിഷയമായി ഇത് മാറുകയാണ്.
1976 ല്‍ അടിയന്തരാവസ്ഥക്കാലത്ത് നടപ്പിലാക്കിയ ഭരണഘടനാഭേദഗതിയില്‍ യൂണിഫോം സിവില്‍ കോഡ് ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായതുകൊണ്ട് ഇത് നടപ്പിലാക്കാന്‍ ഒരു ഗവൺമെന്റും മുതിര്‍ന്നില്ല. മോദി അധികാരത്തില്‍ വന്നതിനുശേഷം ദേശീയ നിയമകമ്മിഷനും ഇത് നടപ്പിലാക്കുന്നതിനോടു വിയോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. എങ്കിലും പൗരത്വനിയമഭേദഗതിയുടെയും മുത്തലാക്ക് നിയമ ഭേദഗതിയുടെയും പശ്ചാത്തലത്തില്‍ സിവില്‍കോഡിനെ ക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതാണ് ഇപ്പോള്‍ നിയമം ആക്കുമെന്ന് ബിജെപി വക്താക്കള്‍ പറയുന്നത്.
സിവില്‍ നിയമങ്ങള്‍
ആധുനിക കാലത്ത് പൗരത്വസങ്കല്പത്തിന്റെയും പൗരാവകാശങ്ങളുടെയും വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഒരു പൊതു നിയമാവലി സംബന്ധിച്ച ആശയങ്ങളും വളര്‍ന്നു വരുന്നത്. ഇന്ത്യയില്‍ മുഗള്‍ കാലഘട്ടത്തില്‍ നടപ്പിലാക്കപ്പെട്ട കാനൂനില്‍ സിവിലും ക്രിമിനലുമായ നിയമങ്ങള്‍ ഉൾപ്പെട്ടിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിലവില്‍വന്ന നിയമസംവിധാനത്തിലും പൊതു സിവില്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. നികുതി ഭരണത്തെയും സ്വത്തിനെയും പിന്തുടര്‍ച്ചാവകാശത്തെയും സംബന്ധിച്ച വ്യവസ്ഥകള്‍ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ഇന്ത്യക്ക് ഒരു പൊതു സിവില്‍ നിയമാവലി സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും അവ വിജയിച്ചില്ല. സ്വത്തുടമസ്ഥതയിലും പിന്തുടര്‍ച്ചാവകാശങ്ങളിലും പ്രാദേശികവും ജാതീയവും മതപരവുമായ വൈജാത്യങ്ങള്‍ നിലനിന്നത് ഒരു കീറാമുട്ടിയായി. കേരളത്തിലെ മരുമക്കത്തായം ഒരുദാഹരണമാണ്. ഇതും ആധുനിക സിവില്‍ നിയമവ്യവസ്ഥകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ മറികടക്കാന്‍ മദ്രാസ് സര്‍ക്കാര്‍ ഒരു മലബാര്‍ മാര്യേജ് കമ്മിഷനെ നിയമിച്ചുവെങ്കിലും തൃപ്തികരമായ ഫലം ഉണ്ടാക്കിയില്ല.
വ്യത്യസ്തമതങ്ങളുടെ നിയമാവലികള്‍ക്കും പൊതുസ്വഭാവം ഉണ്ടായിരുന്നില്ല. ഹിന്ദു നിയമസംഹിതകളായ മിതാക്ഷരവും ദായഭാഗവും പിന്തുടര്‍ച്ചാവകാശത്തിനു നല്‍കിയ നിബന്ധനകള്‍ വ്യത്യസ്തമായിരുന്നു. മുസ്ലീങ്ങളുടെ ഇടയില്‍ ഷാഫി, ഹനഫി ശരിഅത്തുകള്‍ വ്യത്യസ്തരീതികള്‍ നിര്‍ദേശിച്ചു. കാദിരികള്‍, നക്ഷ്ബന്തികള്‍, ബോഹ്റകള്‍, നാവായത്തികള്‍ തുടങ്ങിയവര്‍ അവരുടേതായ രീതികള്‍ തുടര്‍ന്നു. ക്രിസ്ത്യാനികള്‍ക്കിടയില്‍ കിഴക്കന്‍ (തദ്ദേശീയ) ക്രിസ്ത്യാനികളും മിഷണറിമാരും തമ്മിലും ഭിന്നത ഉണ്ടായിരുന്നു. ഇവ പരിഹരിക്കാന്‍ പലവിധത്തിലുള്ള ശ്രമങ്ങളും നടന്നു. മുഹമ്മദന്‍ നിയമം, ഹിന്ദുവിവാഹ ( ശാരദ) നിയമം, വിവാഹം, വിവാഹമോചനം പിന്തുടർച്ചവകാശം തുടങ്ങിയവയെ സംബന്ധിച്ച പ്രാദേശികനിയമങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍ ആണ്. ഇവയില്‍ ജാതി–മത സംബന്ധമായ നിയമങ്ങള്‍ പൊതുവില്‍ ബാധകമല്ലാത്തതുകൊണ്ട് അവ വ്യക്തിനിയമങ്ങളായി കണക്കാക്കപ്പെട്ടു.
സ്വാതന്ത്ര്യത്തിനു ശേഷം
സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടനയിലെ നിബന്ധനകളും അവയെ പിന്തുടര്‍ന്ന് നിയമസഭകളിലെ നിയമനിര്‍മാണവും പ്രാധാന്യം നേടി. കൊളോണിയല്‍ കാലത്തെ സിവില്‍ – ക്രിമിനല്‍ നിയമാവലികള്‍ അത്യാവശ്യം ഭേദഗതികളോടെ തുടര്‍ന്നു. സിവില്‍ നിയമങ്ങളും വിവിധവ്യക്തിനിയമങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളും മറനീക്കി പ്രത്യക്ഷപ്പെടുകയും അവയ്ക്ക് രാഷ്ട്രീയമുഖങ്ങള്‍ കൈവരികയും ചെയ്തു. സ്വാതന്ത്യ്രത്തിനുശേഷം ആര്‍ എസ് എസ് രൂപംനല്‍കിയ ജനസംഘം പുതിയ രാഷ്ട്രത്തിനു പരസ്യമായിത്തന്നെ ഹിന്ദുവര്‍ഗീയ മുഖം നല്‍കാന്‍ ശ്രമിക്കുകയും അതനുസരിച്ച് ഇന്ത്യന്‍ നിയമാവലികളെ ധർമസംഹിതകളുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. രാഷ്ട്രവും ഹിന്ദു ധര്‍മസംഹിതകളുമായുള്ള ബന്ധപ്പെടുത്തലിനു വേണ്ടിയാണ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ “ഏകാത്മമാനവവാദം” പോലുള്ള ആശയങ്ങള്‍ രൂപപ്പെടുന്നത്. ഗാന്ധിയന്‍ ആയ ആചാര്യ വിനോബ ഭാവേ തുടങ്ങിവയ്ക്കുകയും ആര്‍ എസ് എസ് ഏറ്റെടുക്കുകയും ചെയ്ത ഗോവധനിരോധനത്തിനു വേണ്ടിയുള്ള ആവശ്യം വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റത്തിന്റെ സൂചന ആയിരുന്നു.
ഇത്തരം ഇടപെടലുകള്‍ ന്യൂനപക്ഷങ്ങളില്‍ അമ്പരപ്പും പ്രതിഷേധവും സൃഷ്ടിച്ചു. മതപരമായ വ്യക്തിനിയമങ്ങളുടെ സംരക്ഷണം ഒരു പ്രധാന അജൻഡയായി മാറി. എഴുപതുകളില്‍ ശക്തിപ്പെട്ട വര്‍ഗീയ കലാപങ്ങള്‍ ഇതൊരു അടിയന്തര ആവശ്യമാക്കി മാറ്റി. ഇതിന്റെ ഭാഗമായാണ്, ഏതാനും പ്രധാനപ്പെട്ട ഇസ്ലാമിക മത പണ്ഡിതന്മാര്‍ ചേര്‍ന്നു പേഴ്സണല്‍ ലോ ബോര്‍ഡ് രൂപീകരിച്ചത്. വര്‍ഗീയധ്രുവീകരണത്തിന്റെ പശ്ചാത്തലത്തില്‍ അതിനുള്ള ഒരു ലിബറല്‍ പ്രതിവിധി എന്ന നിലയിലാണ് യൂണിഫോം സിവില്‍ കോഡ് ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയതും.
പിന്നീട് വര്‍ഗീയവല്‍ക്കരണം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. വ്യക്തിനിയമങ്ങളും പൊതു നിയമാവലികളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കൂടുതല്‍ ശക്തമായി പുറത്തേക്കു വന്നു. ജീവനാംശം നല്‍കുന്നതിനെ സംബന്ധിച്ച ഷാബാനു കേസിലെ വിധി ശരിഅത്ത് നിയമങ്ങളെയും പിന്തുടര്‍ച്ചാവകാശത്തെ സംബന്ധിച്ച മേരി റോയ് കേസിലെ വിധി ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാവകാശത്തെയും ചര്‍ച്ചയില്‍ കൊണ്ടു വന്നു. ലൈംഗികബന്ധങ്ങളുടെ സ്വഭാവം, വിവാഹവും വിവാഹമോചനവും, കുടുംബബന്ധങ്ങളും അവയിലെ മുറക്രമങ്ങളും, ആചാരമര്യാദകളും സമൂഹബന്ധങ്ങളും, ജാതിസമുദായങ്ങളുടെ സ്ഥാനവും അവകാശങ്ങളും തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇവയ്ക്കെല്ലാം കൃത്യമായ പൊതുരൂപം നല്‍കാന്‍ കഴിയുന്ന നിയമാവലികള്‍ പ്രായോഗികതലത്തില്‍ അസാധ്യമാണ്. വിവാഹ രജിസ്ട്രേഷന്‍ പോലുള്ള താരതമ്യേന ലളിതമായ രൂപങ്ങള്‍ക്ക് പോലും ഒരു പൊതുസമ്മതി നേടിയെടുക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. മുത്തലാക്കിനെ സംബന്ധിച്ച നിയമനിര്‍മാണംപോലും സ്ത്രീകള്‍ക്ക് ലഭിക്കേണ്ട നീതിയുടെ വശം നിഷേധിക്കപ്പെടുന്നു എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് നിലനിന്നത്.
ഹിന്ദുത്വ അജൻഡ
യുണിഫോം സിവില്‍ കോഡിനെ അനുകൂലിക്കുന്ന വാദങ്ങള്‍ അറുപതുകളിലെ ആര്‍ എസ് എസ്സിന്റെ വാദങ്ങളുടെ ഒരു തുടര്‍ച്ച മാത്രമാണ്. ഒരു രാഷ്ട്രത്തിന് ഒരു പൊതു സിവില്‍ കോഡ് വേണമെന്നത് ഒരു സാധാരണ ലിബറല്‍ ദേശീയ മുദ്രാവാക്യം മാത്രമാണ്. ഒരു രാഷ്ട്രത്തെ ഹിന്ദു രാഷ്ട്രമായി ചിത്രീകരിക്കുന്നവരുടെ നിയമസങ്കല്പവും അതിനു അനുസരിച്ചായിരിക്കും. സ്വത്ത്, പിന്തുടര്‍ച്ചാവകാശം, ആളോഹരിഭാഗം, വിവാഹം, വിവാഹശേഷമുള്ള സ്വത്തിന്റെ വിഭജനം, സന്തതികളുടെ അവകാശങ്ങള്‍, ജീവനാംശം തുടങ്ങി നിരവധി മേഖലകളില്‍ ജാതീയവും മതപരവും പ്രാദേശികവും ആയ വഴക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പലപ്പോഴും നീതിനിര്‍വഹണത്തിനു തന്നെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവയെ പലതിനെയും മറികടക്കണമെങ്കില്‍ കാലക്രമേണ വളര്‍ന്നു വരുന്ന സമൂഹ്യസമവായങ്ങള്‍കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ. ബഹുസ്വരവും ബഹുസാംസ്കാരികവും ആയ ഇന്ത്യയില്‍ ഈ സമവായം രാഷ്ട്രീയവും സാമൂഹ്യവുമായ പരിവര്‍ത്തന പ്രക്രിയയാണ്.
സ്വത്വരാഷ്ട്രീയത്തിന് ആധിപത്യമുള്ള സമൂഹങ്ങളില്‍ ഇത് സാധ്യമല്ല. ഏതെങ്കിലും ഒരു സാമുദായിക സ്വത്വം ഫാസിസ്റ്റുവല്‍ക്കരിക്കപ്പെടുകയും അവരുടേതായ നീതിമുറകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമൂഹങ്ങളില്‍ പൊതു നിയമാവലി ഫാസിസ്റ്റ് അധികാരകേന്ദ്രങ്ങള്‍ തീരുമാനിക്കുന്ന നിയമാവലി ആയിരിക്കും. മറ്റൊരു മതദേവാലയത്തിന്റെ അങ്കണത്തില്‍ സ്ഥാപിക്കപ്പെട്ട രാമവിഗ്രഹത്തിനു നിയമപരമായ പരിരക്ഷ നല്‍കി ക്ഷേത്രം പണിയാന്‍ അനുവദിക്കുകയും സെക്കുലര്‍ ഭരണഘടനയുടെ പരിരക്ഷയുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഹിന്ദുമത ചടങ്ങുകളും നാടുവാഴിത്ത സ്വഭാവമുള്ള ചെങ്കോല്‍ കൈമാറ്റവും നടത്തി വഹിക്കുകയും ചെയ്യുന്ന ഒരു ഭരണവ്യവസ്ഥകയ്ക്ക് ഇത്തരം നാടുവാഴിത്ത മതസങ്കല്പങ്ങള്‍ക്ക് അപ്പുറമുള്ള സിവില്‍ നിയമങ്ങളെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയില്ല. നാടുവാഴിത്ത ചാതുര്‍വര്‍ണ്യത്തിലോ അതിന്റെ ഏതെങ്കിലും വിധത്തിലുള്ള ശ്രേണീബദ്ധമായ ആധുനിക രൂപങ്ങളിലോ അടിയുറച്ച സിവില്‍ നിയമാവലി ആയിരിക്കും അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക. അതിനെ ന്യായീകരിക്കാനായി ജനസംഖ്യാ ഭൂരിപക്ഷത്തിന്റെ അളവുകോലുകള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്യും.
ഇവിടെയാണ് ബി ജെപിയുടെ രാഷ്ട്രീയ സ്വേഛാധിപത്യവും പ്രകടമാകുന്നത്. ബ്രിട്ടീഷ് ഭരണാധികാരികള്‍ സ്വയം സംസ്കാരസമ്പന്നരും ഇന്ത്യന്‍ ജനതയെ പ്രാകൃതരുമായി വിലയിരുത്തിയവരാണ്. അവര്‍ പ്രയോഗതലത്തില്‍ പ്രാദേശിക വൈജാത്യങ്ങളെയും സാംസ്കാരികഭിന്നതകളെയും അവഗണിച്ചില്ല. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും ഉറച്ച ഒരു ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിത്തറയായത്. ഒരു പൊതു സിവില്‍ നിയമാവലിയുടെ പ്രായോഗികപ്രശ്നങ്ങള്‍ അവരും തിരിച്ചറിഞ്ഞു. അതേ റിപ്പബ്ലിക്കിനെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ വെമ്പുന്നവര്‍ക്ക് യൂണിഫോം സിവില്‍കോഡിനെ ഹൈന്ദവ ധര്‍മസംഹിതയെന്ന രീതിയില്‍ അല്ലാതെ വ്യാഖ്യാനിക്കാന്‍ സാധ്യമല്ല.
ആധുനിക യൂറോപ്പ്യന്‍ രാഷ്ട്രങ്ങള്‍ സൃഷ്ടിച്ചവര്‍ ഗ്രീസിലെയും റോമിലെയും നിയമാവലികളെ ആശ്രയിച്ചിരുന്നില്ലേ എന്ന് വേണമെങ്കില്‍ ചോദിക്കാം . ഗ്രീസിലും റോമിലും ഉണ്ടായിരുന്നത് രാഷ്ട്രത്തിന്റെ നിയമാവലികള്‍ ആണ്. മതധര്‍മസംഹിതകള്‍ അല്ല. ഇന്ത്യന്‍ ജനതയ്ക്ക് ഇത്തരത്തിലുള്ള ഒരു പൊതു നിയമസംഹിത ഇല്ല. ഹിന്ദുക്കള്‍ക്ക് നിരവധി ധര്‍മശാസ്ത്രങ്ങളാണ് ഉള്ളത്. ഇവയെല്ലാം ബ്രാഹ്മണ നിര്‍മിതമാണ്. ഇവരുടെ ധര്‍മവിധികളിലും നിയമാവലികളിലും ഐകരൂപ്യവുമില്ല. ഇന്ത്യന്‍ നവോത്ഥാനവും സാമൂഹ്യപ്രസ്ഥാനങ്ങളും തള്ളിക്കളഞ്ഞ എല്ലാവിധ അനാചാരങ്ങളെയും നിലനിര്‍ത്തിയത് ഇത്തരം ധര്‍മ സംഹിതകള്‍ ആണെന്നും ഓര്‍ക്കണം. അതായത് ഹിന്ദുത്വവാദികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പൊതു സിവില്‍ കോഡും ഭൂരിപക്ഷം ഇന്ത്യക്കാരുടെ പോലുമല്ല. അവരില്‍ ഒരു ചെറുന്യൂനപക്ഷം മാത്രമായിരുന്ന ബ്രാഹ്മണരില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആശയസംഹിത മാത്രമായിരിക്കുമത്. അത് ഇന്ത്യന്‍ ജനതയെ മുഴുവനും മധ്യകാലനാടുവാഴിത്ത ആശയസംഹിതകളുടെ ആധിപത്യത്തിലേക്ക് വലിച്ചിഴകയ്ക്കുകയും ചെയ്യും.
വികസിത രാഷ്ട്രങ്ങളില്‍ പോലും സിവില്‍ നിയമലംഘനങ്ങളെ സംബന്ധിച്ച പൊതുനടപടിക്രമങ്ങള്‍ അല്ലാതെ ഏകീകൃത സിവില്‍ കോഡ് ഇല്ലെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ വിവിധസംസ്ഥാനങ്ങളില്‍ വ്യത്യസ്ത നടപടിക്രമങ്ങള്‍ നിലനില്‍ക്കുന്നു. ഗര്‍ഭഛിദ്രം, വാടക ഗര്‍ഭധാരണം തുടങ്ങിയവയെപ്പറ്റി സംസ്ഥാനങ്ങളില്‍ വ്യത്യസ്തനിയമങ്ങള്‍ ആണുള്ളത്. ബ്രിട്ടനിലും ഇറ്റലിയിലും മതസ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും ശക്തമായ പൌരസ്വാധീനമുണ്ട്.വ്യത്യസ്തരാഷ്ട്രങ്ങളില്‍ ഇസ്ലാം – ക്രിസ്തു മതങ്ങളുടെ സ്വാധീനവും ഇതു പോലെ പ്രകടമാണ്. സാമ്രാജ്യത്വംതന്നെ സ്വത്വ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യങ്ങളില്‍ ചെറിയ അഭിപ്രായഭിന്നതകള്‍ പോലും വൻസംഘര്‍ഷങ്ങളിലേക്ക് നയിക്കാമെന്ന് യൂറോപ്പിലെ മുസ്ലീങ്ങളുടെയും ആഫ്രിക്കന്‍ വംശജരുടെയും അനുഭവങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യയിലും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും മേലുള്ള പീഡനങ്ങള്‍ ഇതേ അവസ്ഥയെ തന്നെയാണ് കാണിക്കുന്നത്. ഇന്ത്യയിലെ കോർപറേറ്റ് മുതലാളിത്തവും ഹിന്ദുത്വ വര്‍ഗീയതയും തമ്മിലുള്ള സഖ്യം മതനിരപേക്ഷ ജനാധിപത്യത്തിന്റെ ലഭ്യമായ സാധ്യതകള്‍ കൂടി ഇല്ലാതാക്കും.
ഇന്ത്യന്‍ ഭരണഘടന ആദ്യം മുതല്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും ഫെഡറലിസത്തിന്റെയും അവസരസമത്വത്തിന്റെയും പൗരാവകാശങ്ങളുടെയും മാനദണ്ഡങ്ങള്‍ ആണ് ഇതിലൂടെ തകരുക. ഇതിന്റെ ഫലമായി നടക്കുന്ന ആക്രമണം ന്യൂനപക്ഷങ്ങളുടെ നേരെ മാത്രമാകില്ല, ഇന്ത്യയെ ഒരു ജനാധിപത്യരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷം അടക്കമുള്ള എല്ലാവരുടെയും നേരെയുള്ള ആക്രമണം ആയിരിക്കും. ഏറ്റവും പ്രധാനമായി ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ബഹുഭാഷാ സാംസ്കാരിക രൂപങ്ങളും പ്രാദേശികതകളും തമ്മിലുള്ള കൊള്ളലിന്റെയും കൊടുക്കലിന്റെയും ബന്ധങ്ങൾ, അതായത്, ഇന്ത്യയെ സൃഷ്ടിക്കുന്ന സാമൂഹ്യബന്ധങ്ങള്‍ തകരുകയായിരിക്കും ഇതിന്റെ ഫലം .
ഫാസിസ്റ്റ് നീക്കങ്ങളെ നാം തിരിച്ചറിയേണ്ടത് ഏതെങ്കിലും ഫാസിസ്റ്റ് ശൈലികളുടെ ആവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, ഒരു പ്രത്യേക മുദ്രാവാക്യം രാഷ്ട്രീയ സന്ദര്‍ഭത്തില്‍ വഹിക്കുന്ന ധര്‍മത്തെ ആശ്രയിച്ചു കൂടിയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നത് ആദ്യത്തെ യു പി എ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ആണ്. മുസ്ലീങ്ങളെ വിദേശികളും നുഴഞ്ഞു കയറ്റക്കാരുമായി മുദ്രകുത്താന്‍ ഇതേ സങ്കല്പത്തെ ത്തന്നെയാണ് മോദി സര്‍ക്കാര്‍ ഉപയോഗിച്ചത്. എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തുണ്ടാക്കുന്ന ഒരു സിവില്‍ നിയമാവലിയും അങ്ങനെ തന്നെ ആകില്ലേ എന്ന് ചോദിക്കാം. എന്നാല്‍ ഇതുവരെ അവരുടെ അടിസ്ഥാനഹിന്ദുത്വ നിലപാടില്‍ നിന്ന് അണുവിട പോലും അയവ് വരുത്തിക്കൊണ്ടുള്ള ഒരു ചര്‍ച്ചയും ഹിന്ദുത്വവര്‍ഗീയവാദികള്‍ നടത്തിയിട്ടില്ല. സിവില്‍ കോഡ് എന്നാല്‍ ഹിന്ദു ധര്‍മം ആണെന്ന് കരുതുന്നവര്‍ അതില്‍നിന്ന് മാറാന്‍ സാധ്യതയുമില്ല . അതുകൊണ്ടു തന്നെ ഹിന്ദുത്വവാദികള്‍ക്കെതിരായ പോരാട്ടം മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്കു വേണ്ടിയുള്ള പോരാട്ടമായി മാറും. ♦